അദാനി എന്ന സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗ്​ വെളിപ്പെടുത്തലുകളുടെ പാശ്​ചാത്തലത്തിൽ മോദി സർക്കാറിന്റെ കോർപറേറ്റ്​ ചങ്ങാത്തം അപകടകരമായ നിലയിലേക്ക്​ വ്യാപിക്കുന്നതിന്റെ സൂചനകൾ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയിൽ പ്രകടമായിക്ക​ഴിഞ്ഞു. ഇന്ത്യൻ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാൽ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാർക്കിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച്​ ഒരന്വേഷണം.

“The credit market in India is prone to perilious setbacks, with the extant prolonged non-performing asset shock being the latest one. At the heart of the subject is the increasing risk, in effect, due to the failure, over decades, to arrest a creeping banking sector-financialization; ownership of banks as a means for day-to-day macroeconomic management rather than primarily for efficient intermediation between savers and borrowers”1.

പ്രമുഖ സാമ്പത്തിക വിദഗ്​ധൻ ഊർജിത് പട്ടേൽ എഴുതി, 2020 ആഗസ്തിൽ പ്രസിദ്ധീകരിച്ച ഓവർഡ്രാഫ്​റ്റ്​എന്ന പുസ്തകത്തിലെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യൻ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് മറ്റൊരു പുസ്തകം കൂടി ഇതേ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ രണ്ട് പുസ്തകങ്ങളുടെയും കർത്താക്കൾ ഇന്ത്യയുടെ റിസർവ്വ് ബാങ്കിന്റെ മുൻ തലവന്മാരാണ്. ഒന്നാമത്തെയാൾ റിസർവ് ബാങ്ക് ഗവർണറും, രണ്ടാമത്തെ വ്യക്തി ഡോ. വിരൾ ആചാര്യ, ഡെപ്യൂട്ടി ഗവർണറും ആയിരുന്നു. രണ്ടുപേരും മോദി സർക്കാരുമായി കലഹിച്ച്​ രാജിവെച്ചവരാണ്. രണ്ട് പുസ്തകങ്ങളിലെയും പ്രധാന പ്രമേയം ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിന്മേലുള്ള രാഷ്ട്രീയ ഇടപെടലുകൾ എങ്ങനെയാണ് അതിന്റെ തകർച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നതെന്നാണ്.
ഊർജിത് പട്ടേലിന്റെ ഓവർഡ്രാഫ്​റ്റ്​എന്ന പുസ്തകത്തിൽ പ്രധാനമായും ഇന്ത്യയുടെ ഇൻസോൾവെൻസി ആൻറ്​ ബാങ്കറപ്റ്റ്‌സി കോഡിൽ വെള്ളം ചേർത്തതിലൂടെ ലോൺ റിക്കവറി സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെങ്ങിനെയെന്ന് വിശദമാക്കുന്നു: ‘‘(മറ്റ് രാജ്യങ്ങളിലെ സമാന പദവിയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ) ഇന്ത്യൻ ധനമന്ത്രിമാർ, വാർഷിക ധനകാര്യ പ്രസംഗത്തിൽ ബാങ്കുകൾക്ക് വേണ്ടി ക്രെഡിറ്റ് ബജറ്റുകൾ പ്രഖ്യാപിക്കുന്നു; സംസ്ഥാന മുഖ്യമന്ത്രിമാർ, അവരുടെ ഭാഗത്തുനിന്ന്, ഓരോ വർഷവും എഴുതിത്തള്ളൽ പ്രഖ്യാപിക്കുന്നു; 2008-ൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഗവൺമെൻറ്​രണ്ടും ഒരേസമയം ചെയ്തു.’’

ഊർജിത്ത് പട്ടേൽ, വിരൽ ആചാര്യ

ഡോ.വിരൽ ആചാര്യയുടെ Quest for Restoring Financial Stability in India2 എന്ന പുസ്തകത്തിൽ, റിസർവ്വ് ബാങ്കിന്റെ സ്വയംഭരണപദവി ഇല്ലാതാക്കാനുള്ള മോദി ഗവൺമെന്റിന്റെ ശ്രമം എങ്ങനെയാണ് ഗവർണർ ഊർജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്ന് വിശദീകരിക്കുന്നു.

മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ തൊട്ട് അരവിന്ദ് സുബ്രണ്യം, അരവിന്ദ് പനഗാരിയ തുടങ്ങിയ അഞ്ചോളം സാമ്പത്തിക വിദഗ്ദ്ധർ മോദി സർക്കാരുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച് പുറത്തുപോവുകയായിരുന്നു. സാമ്പത്തിക മേഖലയെക്കുറിച്ച് അൽപമെങ്കിലും ധാരണയുള്ള, ചോദ്യം ചെയ്യാൻ കെല്പുള്ള ആരെയും അധികാര സ്ഥാനത്ത് ഇരുത്തില്ലെന്നതിന്റെ തെളിവുകളാണ് മേൽപ്പറഞ്ഞവരുടെയെല്ലാം രാജി. രസകരമായ സംഗതി, മുകളിൽ സൂചിപ്പിച്ച ഒരാളും തന്നെ ലിബറൽ സാമ്പത്തിക നയങ്ങളോട് വിപ്രതിപത്തിയുള്ളവരോ, നിലവിലുള്ള സാമ്പത്തിക-വികസന നയങ്ങളോട് എതിർപ്പുള്ളവരോ അല്ല എന്നതാണ്.

രഘുറാം രാജൻ

ഇന്ത്യൻ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാൽ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാർക്കിയുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ ബാങ്കിംഗ് മേഖലയെയും സമ്പദ്​വ്യവസ്​ഥയെയും കടുത്ത പ്രതിസന്ധികളിലേക്ക് ആഴ്ത്തുമെന്ന് ഉറപ്പുള്ള സാമ്പത്തിക വിദഗ്ദ്ധർ അതിന്റെ പാപഭാരം സ്വയം ഏറ്റെടുക്കാൻ വിസമ്മതിച്ചതിന്റെ പ്രതിഫലനം കൂടിയാണ് മേൽപ്പറഞ്ഞ രാജികൾ എന്ന് പറയാം.

ചങ്ങാത്ത മുതലാളിത്തത്തിന്റെ വികാസം

ചങ്ങാത്ത മുതലാളിത്തം എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുതായി കടന്നുവന്ന ഒന്നല്ല. ഒരുവേള വർത്തമാനകാല രൂപത്തിൽ പൂർണ വളർച്ചയെത്തിയ ഒന്നായിട്ടല്ലെങ്കിൽ കൂടിയും അതത് കാലത്തെ ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളുമായുള്ള ബിസിനസ് ഗ്രൂപ്പുകളുടെ സഹവർത്തിത്തം കൂടി ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ രാഷ്ട്രീയം. ടാറ്റ, ബിർള, ഗോയങ്ക, ബജാജ് തുടങ്ങിയ ഏതാനും വിരലിലെണ്ണാവുന്ന വൻകിട ബിസിനസ് സാമ്രാജ്യങ്ങൾക്ക് ദേശീയ പ്രക്ഷോഭവുമായുള്ള ബന്ധവും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുമായുള്ള അടുപ്പവും സ്വതന്ത്ര ഇന്ത്യയിൽ അവരുടെ വ്യവസായ താൽപ്പര്യങ്ങൾക്ക് അനുകൂലമായി മാറിയിരുന്നു. പൂർണമായ തോതിൽ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടിയും സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക വളർച്ച ഏത് രീതിയിലായിരിക്കണം എന്ന് നിശ്ചയിക്കുന്ന ‘ബോംബെ പ്ലാൻ'3 എന്ന പേരിൽ അറിയപ്പെട്ടിരുന്ന, മാർഗരേഖ രേഖ തയ്യാറാക്കിയിരുന്നത് അക്കാലത്തെ എട്ടോളം വ്യവസായ പ്രമുഖരായിരുന്നുവെന്ന് ഓർക്കേണ്ടതുണ്ട്.

രത്തൻ ടാറ്റ, ആദിത്യ വിക്രം ബിർല, രാഹുൽ ബജാജ്

‘റിലേഷണൽ ക്രോണിയിസം' എന്നോ സ്വജനപക്ഷപാതമെന്നോ വിശേഷിപ്പിക്കാവുന്ന ചങ്ങാത്ത മുതലാളിത്തം അതിന്റെ മൂർത്തരൂപം കൈക്കൊള്ളുന്നത് നവ സാമ്പത്തിക ഉദാരവത്കരണ നടപടികളോടെയാണെന്ന് കാണാം. സാമൂഹ്യനീതി അടിസ്ഥാന ദർശനമായി പരിഗണിക്കാത്ത ഒരു സമ്പദ്​വ്യവസ്​ഥയിൽ എങ്ങനെയാണോ ചങ്ങാത്ത മുതലാളിത്തം വേരുകൾ പടർത്തുന്നത് അതിന്റെ ഏറ്റവും വൃത്തികെട്ട രൂപമെന്ന നിലയിൽ ഇന്ത്യയിൽ പിന്നീടത് വളർന്നുവികസിച്ചു.

രാഷ്ട്രീയ ഭരണസംവിധാനങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിന്യായ- നിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും അതാര്യവും കേന്ദ്രീകൃതവുമായ ഭരണ നിർവ്വഹണ സാഹചര്യങ്ങളും ഒത്തുചേർന്നതോടെ ചങ്ങാത്ത മുതലാളിത്തം പൂർണവളർച്ച നേടിയെടുത്തു. നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും നമായ ലംഘനങ്ങൾ, ഗുരുതരമായ സാമ്പത്തിക അഴിമതികൾ എന്നിവകളിലൂടെ അത് കരുത്താർജ്ജിച്ചുകൊണ്ടിരുന്നു.

ബോഫോർസ് ആയുധ ഇടപാട്

എൺപതുകളുടെ ആദ്യത്തിൽ ഉയർന്നുവന്ന ബോഫോർസ് ആയുധ ഇടപാട് വിവാദം പ്രതിരോധ മേഖലയിലേക്ക് കൂടി പടർന്നുകയറിക്കഴിഞ്ഞ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തെളിവുകളായിരുന്നു. രാഷ്ട്രീയ ഭരണനേതൃത്വവും, ഉദ്യോഗസ്ഥവൃന്ദവും സ്വകാര്യ ഇടനിലക്കാരും ചേർന്ന് നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു ബോഫോർസ് ആയുധ ഇടപാടിലെ അഴിമതി.

ബോഫോർസ് തോക്ക്

ഇന്ത്യൻ സൈന്യത്തിനായി ഓർഡർ ചെയ്യപ്പെട്ട 1437 കോടി രൂപയുടെ തോക്ക് ഇടപാടിൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും അഴിമതി നടത്തിയിട്ടുണ്ടെന്ന സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തലോടെയായിരുന്നു കഥകൾ പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. രാജീവ് ഗാന്ധി ഗവൺമെന്റിന്റെ കാലത്ത് നടന്ന ഈ പ്രതിരോധ ഇടപാടിൽ 64 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. 1986 തൊട്ട് 2011 വരെ, ഏതാണ്ട് കാൽനൂറ്റാണ്ട് കാലത്തെ നിയമയുദ്ധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ബോഫോർസ് ആയുധ അഴിമതിയിൽ ഉൾപ്പെട്ട ഒരാളും തന്നെ ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ഈ കാലയളവിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള നാലോളം ഗവൺമെന്റുകൾ കേന്ദ്ര ഭരണം കൈകാര്യം ചെയ്തിരുന്നുവെന്നും ബോഫോർസ് അഴിമതി ആയുധമാക്കി അധികാരത്തിലെത്തിയവർ പോലും പ്രസ്തുത കമ്പനിയെ പ്രതിരോധ ഇടപാടുകളിൽ നിന്ന് മാറ്റി നിർത്താൻ സന്നദ്ധരായില്ലെന്നും അറിയുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയം അഴിമതിയെ ഏത് രീതിയിലാണ് സ്വാംശീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാകുക.

സാമ്പത്തിക മേഖലയിലെ ഉദാര- സ്വകാര്യവത്കരണ പ്രക്രിയകളുടെ ആക്കം കൂടുന്നതിനനുസരിച്ച് സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതിയുടെയും എണ്ണത്തിലും തോതിലും ഭീമാകാരമായ വളർച്ചയും നമുക്ക് ദർശിക്കാവുന്നതാണ്. തൊണ്ണൂറുകൾക്ക് മുന്നും പിന്നുമുള്ള വൻകിട സാമ്പത്തിക അഴിമതികളുടെ എണ്ണത്തിൽ നിന്നുതന്നെ ഇക്കാര്യം എളുപ്പത്തിൽ ബോധ്യപ്പെടും.

ചങ്ങാത്ത മുതലാളിത്തം വ്യവസായ സംരംഭങ്ങൾക്കിടയിലെ മത്സരങ്ങളെ ഇല്ലായ്മ ചെയ്യുന്നുവെന്ന കേവല വാദത്തിനപ്പുറത്ത്, സമ്പത്ത് വിതരണത്തിലും അവസര നിഷേധത്തിലും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തിലെടുക്കാൻ സാമ്പത്തിക ശാസ്​ത്രജ്ഞന്മാർ പോലും തയ്യാറാകുന്നില്ലെന്നത് വസ്തുതയാണ്. ചങ്ങാത്ത മുതലാളിത്തം ഉത്പാദനക്ഷമമോ കാര്യക്ഷമമോ അല്ലാത്ത സംരംഭങ്ങളിലേക്ക് രാഷ്ട്രത്തിന്റെ പൊതുസമ്പത്തും വിഭവങ്ങളും ഒഴുക്കി വിടുന്ന പ്രവണതകളെ ചോദ്യം ചെയ്യാൻ വിസമ്മതിക്കുന്നതിലൂടെ സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെ പരിഗണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. പരാജിതരുടെ നഷ്ടം വിജയികളുടെ നേട്ടങ്ങളേക്കാൾ പതിന്മടങ്ങായിരിക്കും എന്നതിനോടൊപ്പംതന്നെ അവ സമൂഹത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമായിരിക്കും. പൊതുസമ്പത്ത് വിരലിലെണ്ണാവുന്ന ഏതാനും പേരിലേക്ക് മാത്രമായി ചുരുക്കുന്ന പ്രക്രിയയായി അത് മാറുകയും വിഭവങ്ങൾക്ക് വേണ്ടിയുള്ള സംഘർഷങ്ങൾ സമൂഹത്തിൽ അസ്വസ്ഥത പടർത്തുകയും ചെയ്യും.

ഒരർത്ഥത്തിൽ, ചങ്ങാത്ത മുതലാളിത്തം എന്നത് വ്യക്തമായ മുൻഗണനാ നടപടികളുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതത്തിന്റെ സംയോജനമായി മനസ്സിലാക്കാം. ചങ്ങാത്തവാദത്തിന്റെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട നിർവചനം, ‘സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, പ്രത്യേകിച്ച് രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാർക്ക് പിന്തുണയുള്ള സംഘടനകൾക്കും ഇടയിൽ കരാറുകൾ, ജോലികൾ, മറ്റ് സൗജന്യങ്ങൾ എന്നിവ നൽകുന്നതിൽ പക്ഷപാതം കാണിക്കുന്ന രീതി' എന്നാണ്. വ്യവസായികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ശകതമാകുമ്പോൾ പരസ്പര സഹകരണത്തിന്റെ തലങ്ങളും ദൃഢമാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ബിസിനസ്​ പുരോഗതിയെന്നത്, ബ്യൂറോക്രാറ്റുകളുമായും രാഷ്ട്രീയക്കാരുമായും ശകതമായ ബന്ധം നിലനിർത്താനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്ന ഒരു സംവിധാനമായി ചങ്ങാത്ത മുതലാളിത്തത്തെ മനസ്സിലാക്കാൻ കഴിയും.

മാധ്യമങ്ങളും ബിസിനസ്​ ഗ്രൂപ്പുകളും

രാഷ്ട്രീയ ഭരണകൂടങ്ങളും പാർട്ടികളും തമ്മിലുള്ള വ്യവസായ ഗ്രൂപ്പുകളുടെ ബന്ധത്തെപ്പോലെ പ്രധാനമാണ് ജനാധിപത്യത്തിലെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളും ബിസിനസ്​ ഗ്രൂപ്പുകൾ തമ്മിലുള്ള ബന്ധവും. ഇന്ത്യയിലെ ഏതെങ്കിലും മാധ്യമങ്ങളുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ, മിക്ക സ്ഥാപനങ്ങളുടെയും ഉടമസ്ഥത വിവിധ വൻകിട വ്യവസായ ലോബികളുടെ കയ്യിലാണെന്ന് കാണാൻ കഴിയും. ഏറ്റവും ഒടുവിൽ എൻ.ഡി.ടി.വിയുടെ ഉടമസ്ഥാവകാശം കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ഈയവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലെ ഏതാണ്ടെല്ലാ ദൃശ്യമാധ്യമങ്ങളും വർത്തമാന പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള കൂറ് കാണിക്കുന്നവയാണെന്ന് കാണാം. ഓരോ മാധ്യമസ്ഥാപനങ്ങളും ഏതെങ്കിലും പക്ഷത്തോടുള്ള ചായ്​വ്​ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന അവസ്ഥയിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ പത്രപ്രവർത്തന ശൈലിയെക്കുറിച്ചുള്ള സങ്കല്പം തന്നെ ഒരു സ്വപ്നമായി അവശേഷിക്കും. ‘ക്രോണി ജേണലിസ'ത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ഈ മാധ്യമ സ്ഥാപനങ്ങൾ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതോടൊപ്പം മാധ്യമ വസ്തുനിഷ്ഠത എന്നതിനെത്തന്നെ സന്ദേഹത്തിൽ നിർത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ ഭരണകൂടങ്ങൾ, ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങൾ എന്നിവയോടൊപ്പം തന്നെ നീതിന്യായ സംവിധാനങ്ങളും ചങ്ങാത്ത മുതലാളിത്തത്തിന്റെ വലക്കെണികളിലേക്ക് സ്വാഭാവികമെന്നോണം നടന്നുനീങ്ങുന്നു.

സ്വതന്ത്ര വിപണിയെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന തൊണ്ണൂറുകളുടെ ആദ്യത്തോടെ ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ട സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ പൊതുസമ്പത്ത് വൻകിട കുത്തകകൾക്കായി തുറന്നിട്ടുകൊടുത്തു. രാഷ്ട്രീയ ഭരണകൂടങ്ങളുമായുള്ള ബന്ധം ഒന്നുമാത്രം പരിഗണനാ വിഷയമായിത്തീർന്നു. അർഹതയില്ലാത്തവർക്കായി കരാറുകൾ കൈമാറുന്നതും ലേലത്തിൽ കൃത്രിമം കാണിക്കുന്നതും സാധാരണ സംഭവങ്ങളായി മാറി. സവിശേഷമേഖലകളിൽ വളരെ കുറഞ്ഞ പരിജ്ഞാനം മാത്രമുള്ള വ്യവസായ ഗ്രൂപ്പുകൾ കരാറുകളും പൊതുവിഭവങ്ങളും സൗജന്യവിലയ്ക്ക് നേടിയെടുത്തു. റഫേൽ വിമാനക്കരാറിലെ അഴിമതിയെ ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം.

മോദി ഭരണകാലത്ത് ഉടലെടുത്ത റഫേൽ വിമാനക്കരാർ സംബന്ധിച്ച വിവാദം മറവിയിലേക്ക് തള്ളിമാറ്റാൻ മാധ്യമങ്ങൾക്ക് സാധിച്ചുവെങ്കിലും ഉന്നയിക്കപ്പെട്ട ഒരാരോപണങ്ങളും വസ്തുനിഷ്ഠമല്ലെന്ന് തെളിയിക്കാൻ സർക്കാരുകൾക്ക് സാധിച്ചില്ല. ഒരു വിമാനത്തിന് 563 കോടി രൂപ എന്ന നിരക്കിൽ 126 പോർ വിമാനങ്ങൾ വാങ്ങാനുള്ള മുൻ സർക്കാരിന്റെ ധാരണയെ അട്ടിമറിച്ച്​വിമാനമൊന്നിന് 1660 കോടി രൂപ നിരക്കിൽ 36 വിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ‘ദുസ്സോ’ (Dassault Aviation)യിൽ നിന്ന് വാങ്ങാൻ തീരുമാനിക്കുമ്പോൾ അത് കേവലമായ സാമ്പത്തിക അഴിമതി മാത്രമായി ചുരുങ്ങുന്നില്ലെന്ന് മാത്രമല്ല, രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യത്തെ നിരാകരിക്കുന്നതോടൊപ്പം ഈ മേഖലയിൽ ഒട്ടും പരിചയമില്ലാത്ത ഒരു തട്ടിക്കൂട്ട് സ്ഥാപനത്തെ കരാറിൽ പങ്കാളിയാകാൻ അനുവദിക്കുകയും ചെയ്യുന്ന ഇരട്ട പ്രശ്‌നമായി മാറുന്നു. പ്രതിരോധ ഇടപാടുകളിലെ പുറംപണി (offset) ബാദ്ധ്യതകളുടെ മറവിൽ അനിൽ അംബാനിയുടെ ‘റിലയൻസ് ഡിഫൻസ് ലിമിറ്റഡ്' എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 21,000 കോടി രൂപയുടെ നിർമ്മാണ ജോലികളാണ് ലഭ്യമാക്കിയത്. ഈ കാലയളവിൽ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ടിരുന്ന അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഗ്രൂപ്പിനെ സഹായിക്കാനുള്ള വഴി വിട്ട നീക്കങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറിയത്.

ഇത്തരം വഴിവിട്ട രീതികൾ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ ഏൽപ്പിക്കാൻ പോകുന്ന പരിക്കുകളെ സംബന്ധിച്ച എല്ലാ ചർച്ചകളെയും വഴിതിരിച്ചുവിടുന്നതിൽ വൻകിട വ്യവസായ ഗ്രൂപ്പുകളാൽ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങൾ അശ്രാന്ത പരിശ്രമം നടത്തി. അഴിമതി സംബന്ധിച്ച വിഷയങ്ങളെ സംവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയും പുതിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടും മാധ്യമങ്ങൾ തങ്ങളുടെ യജമാനന്മാരുടെ ബിസിനസ് താൽപ്പര്യങ്ങളെ അതത് സമയങ്ങളിൽ സംരക്ഷിച്ചുകൊണ്ടേയിരുന്നു.

ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക; റഫേൽ വിമാനക്കരാറുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പൊതുസംവാദ മണ്ഡലങ്ങളിലേക്ക് ഉയർന്നുവരികയും ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ‘ദുസ്സോ’ തന്നെ ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ‘പത്മാവത്' എന്ന സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയർത്തിക്കൊണ്ടായിരുന്നു മാധ്യമങ്ങൾ അതിനെ നേരിട്ടത്. റഫേൽ അഴിമതിയിൽ അനിൽ അംബാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള അവിഹിത ബന്ധം പുറംലോകത്തേക്ക് കൂടുതൽ വ്യാപകമാകുമെന്ന അവസ്ഥ സംജാതമായപ്പോൾ അംബാനി കുടുംബത്തിന്റെ തന്നെ മറ്റൊരു സംരംഭമായ viacom18 എന്ന കമ്പനി നിർമ്മിച്ച ‘പത്മാവത്​’എന്ന സിനിമയെ മുൻനിർത്തി മതവികാരങ്ങൾ കത്തിച്ചുവിടുകയും ടെലിവിഷൻ ചാനലുകളുടെ പ്രൈം ടൈം ചർച്ചകൾ അതിലേക്ക് ചുരുക്കുകയും ചെയ്തത് ഓർക്കുന്നത് നന്ന്.

രാഷ്ട്രീയ ഭരണനേതൃത്വങ്ങളുമായി ചങ്ങാത്തത്തിലേർപ്പെട്ട കമ്പനികൾ സുപ്രധാന പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഏറ്റെടുക്കുകയും അതുവഴി അർഹതയുള്ളവർക്ക് നിയമാനുസൃതമായി ലഭ്യമാകേണ്ട അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. സർക്കാർ നടപടി ക്രമങ്ങളിലെ അവ്യക്തതയും അതാര്യതയും ഇത്തരം ഇടപാടുകൾക്ക് സഹായകമായി വർത്തിക്കുന്നു.

രാജ്യത്തിന്റെ പൊതുതാൽപ്പര്യങ്ങളെയും സമ്പദ്​വ്യവസ്​ഥയെ സവിശേഷമായും പ്രതിസന്ധിയിലാഴ്ത്തുന്നതാണെന്ന ഉത്തമബോധ്യങ്ങൾ ഉണ്ടെങ്കിൽ കൂടിയും തങ്ങൾക്ക് അനുകൂലമായ നയങ്ങളോ, നയഭേദഗതികളോ അംഗീകരിക്കാൻ വിസമ്മതിക്കുന്ന മന്ത്രിമാരെ, ഉയർന്നതലത്തിലുള്ള ഉദ്യോഗസ്ഥരെ, തന്നെ മാറ്റാൻ തക്ക ശക്തി ചില വ്യവസായ സ്ഥാപനങ്ങൾ നേടിയെടുത്തിണ്ടെന്ന്, റിലയൻസ് ഇൻഡസ്ട്രീസിന്റെ ചില പ്രവർത്തനങ്ങളെ ഉദാഹരിച്ച്​ പരഞ്‌ജോയ് ഗുഹാ താകുർത (2014) ചൂണ്ടിക്കാട്ടുന്നുണ്ട്.

(തുടരും... അടുത്ത ഭാഗം: ചങ്ങാത്ത മുതലാളിത്തം മോദി ഭരണത്തിൻ കീഴിലെത്തുമ്പോൾ.)

References:
1. Urjit Patel; (2020), Overdraft: Saving the Indian Saver, Harper Collins Publishers India.
2. Acharya V, (2020), Quest for Restoring Financial Stability in India, Sage Publications, N.Delhi.
3. In January 1944, a group of businessmen and technocrats launched the Bombay Plan as an economic plan for India. This Economic Development Plan was published by a group of Indian entrepreneurs, and it strongly endorsed state economic involvement and planning.

(റെഡ് ഇങ്ക്​ പബ്ലിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകത്തിൽ നിന്ന്)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments