ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ
ഉടമയായി അദാനിയെ വളർത്തിയ
മോദി സൂത്രം
ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ ഉടമയായി അദാനിയെ വളർത്തിയ മോദി സൂത്രം
ഇന്ത്യയിലെ 38ഓളം കല്‍ക്കരി ഖനികളാണ് സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കല്‍ക്കരി ഖനികളില്‍ 12എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങള്‍ക്ക് കല്‍ക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ അഞ്ചാം ഭാഗം.
10 Sep 2022, 10:39 AM
അദാനി അടക്കമുള്ള കോര്‍പറേറ്റുകളുടെ മടിശ്ശീലക്കനവും, ആഗോളതലത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച, സയണിസ്റ്റ് പ്രൊപഗാണ്ടയുടെ ആസൂത്രകരായ ആര്‍നോള്‍ഡ് പോര്‍ട്ടറിന്റെ സബ്‌സിഡിയറിയായ ആപ്‌കോ വേള്‍ഡ് വൈഡിന്റെ പ്രചരണതന്ത്രങ്ങളും, രാജ്യം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ അഴിമതിയും കൊള്ളരുതായ്മയും ഒത്തുചേര്‍ന്നപ്പോള്‍ നരേന്ദ്ര മോദിയെന്ന വംശീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവ് പ്രധാനമന്ത്രി പദത്തിലെത്തിപ്പെട്ടു.
മോദിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വര്‍ത്തമാനകാല മാതൃക 1981 മുതല്‍ 89 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റീഗനാണെന്ന് കാണാം. തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാള്‍ഡ് റീഗന്‍ അവതരിപ്പിച്ച ‘റീഗണോമിക്‌സി'ന് ‘മോദിനോമിക്‌സു'മായി പല സാമ്യങ്ങളും കാണാം.
റൊണാള്‍ഡ് റീഗനും മെറില്‍ ലിഞ്ച് സി.ഇ.ഒ ആയിരുന്ന, പിന്നീട് സ്റ്റേറ്റ് സെക്രട്ടറി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട, ഡൊണാള്‍ഡ് റീഗനും തമ്മിലുള്ള ബന്ധത്തിന്റെ തനിപ്പകര്‍പ്പ് മോദിയിലും അദാനിയിലും കാണാം. റൊണാള്‍ഡ് റീഗന്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ അയാളെ തിരുത്തി ‘speed it up' എന്ന് പറയുന്ന മെറില്‍ ലിഞ്ച് സി.ഇ.ഒയുടെ വീഡിയോ അക്കാലത്ത് വന്‍ പ്രചാരം നേടിയുരുന്നു. വൈറ്റ് ഹൗസിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന വന്‍ അധികാരശക്തിയായി ഡൊണാള്‍ഡ് റീഗന്‍ മാറിയെന്നും, ‘റീഗണോമിക്‌സ്’ എങ്ങിനെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നും, 2008ലെ അമേരിക്കന്‍ സബ്‌പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൈക്ക്ള്‍ മൂര്‍ തയ്യാറാക്കിയ ‘കാപിറ്റലിസം: എ ലവ് സ്റ്റോറി' എന്ന ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി രാജ്യത്തെമ്പാടുമായി 150ലധികം റാലികളെ അഭിസംബോധന ചെയ്തു. ഈ റാലികളില്‍ പങ്കെടുക്കാൻ 2.4 ലക്ഷം കിലോമീറ്ററിലധികം ദൂരം മോദി സഞ്ചരിച്ചു. പ്രതിദിനം ഏതാണ്ട് 1,100 കിലോമീറ്റര്‍ എന്ന കണക്കില്‍. ഓരോ തവണയും മോദി പറന്നത് അഹമ്മദാബാദില്‍ നിന്നുതന്നെയായിരുന്നുവെന്ന് അക്കാലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിക്കായി മൂന്ന് എയര്‍ക്രാഫ്റ്റുകള്‍ സദാ തയ്യാറായി നിന്നു. EMB-135 BJ എന്ന എമ്പ്രയര്‍ എയര്‍ക്രാഫ്റ്റ് അദാനിയുടെ ഉടമസ്ഥതയിലുള്ള കര്‍ണ്ണാവടി ഏവിയേഷന്റേതായിരുന്നു. മണിക്കൂറില്‍ ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ ചെലവ് വരുന്ന എയര്‍ക്രാഫ്റ്റുകളായിരുന്നു അദാനി മോദിക്കായി സമ്മാനിച്ചത്.
കോര്‍പറേറ്റുകള്‍ക്ക് സൗജന്യം വാരിവിതറിക്കൊണ്ടുള്ള ‘ഗുജറാത്ത് മോഡല്‍' ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെ പരസ്യപ്രഖ്യാപനത്തിന്റെയും സൂചനയായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയുടെ കോര്‍പറേറ്റ് സൗജന്യയാത്ര. ഇന്ത്യയിലെ വന്‍കിട ബിസിനസ് സാമ്രാജ്യങ്ങള്‍ ഇതിനോട് പ്രതികരിക്കാന്‍ മടിച്ചുനിന്നതും അക്കാലത്തെ കാഴ്ചയായിരുന്നു.

മോദി ഗുജറാത്ത് ഭരിച്ച ഒരു ദശാബ്ദക്കാലയളവില്‍ അദാനിയുടെ സമ്പത്ത് 35,000 കോടി രൂപയോളം ഉയര്‍ത്തപ്പെട്ടു. അദാനിയുടെ ദേശീയ- അന്തര്‍ദ്ദേശീയ വാണിജ്യ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്നതിനുള്ള ഉറപ്പുമായാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കല്‍ക്കരി, ഊര്‍ജ്ജം, തുറമുഖം, വിമാനത്താവളം, കൃഷി, റീട്ടൈല്‍ വ്യാപാരം, ആരോഗ്യം, ലോജിസ്റ്റിക്‌സ്, റോഡ്, മെട്രോ, റെയില്‍, വ്യോമയാനം, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പ് അസാധാരണമായ തോതിലുള്ള വളര്‍ച്ച നേടിയതിനുപിന്നില്‍ നേരത്തെ നല്‍കിയ ചെറിയ സമ്മാനങ്ങളുടെ ഉപകാര സ്മരണ കാണാം.
കല്‍ക്കരിപ്പാടങ്ങളും സ്വകാര്യ മേഖലയ്ക്ക്
രാജ്യത്തിന്റെ പൊതുസമ്പത്തായി നിലനിന്നിരുന്ന കല്‍ക്കരി ഖനന മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്നത് നരേന്ദ്ര മോദിയായിരുന്നു. 1991 മുതല്‍ ആരംഭിച്ച ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കിടയില്‍ കല്‍ക്കരി മേഖലയിലേക്ക് സ്വകാര്യമൂലധനത്തെ ക്ഷണിച്ചുകൊണ്ടുവരാനുള്ള ശ്രമം നടന്നുവെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല. എന്നാല്‍ മോദിഭരണത്തില്‍ അക്കാര്യം സുഗമമായി നടന്നു. അത് പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിനെ (CIL) ഏത് നിലയിലേക്കെത്തിച്ചുവെന്ന് അറിയാന്‍ ഇന്ത്യാ ഗവണ്‍മെൻറിനുകീഴില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന അനില്‍ സ്വരൂപ് പറയുന്നത് ശ്രദ്ധിച്ചാല്‍ മതി.
2015ല്‍ 40,000 കോടി രൂപ കരുതല്‍ ധനമായുണ്ടായിരുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും 2016ല്‍ കമ്പനിയുടെ ഈക്വിറ്റി ഷെയറുകള്‍ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയില്‍ നിന്ന് 2021ലെത്തുമ്പോഴേക്കും 200രൂപയിലും താഴെയായി തീര്‍ന്നിരിക്കുന്നുവെന്നും അനില്‍ സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ക്കുള്ള ഒരു വര്‍ഷത്തിൽ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ സിഎംഡി (ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സി.ഐ.എല്ലിന്റെ സബ്‌സിഡിയറികളായ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഉന്നത പദവികള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അനില്‍ സ്വരൂപ് ആരോപിക്കുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിര്‍ബന്ധമായി നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതും സി.ഐ.എല്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ‘സ്വച്ഛ് ഭാരത് അഭിയാനി’ന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും അടക്കം സി.ഐ.എല്ലിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ബോധപൂര്‍വ്വമുള്ള നിരവധി ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനില്‍ സ്വരൂപിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കൃത്രിമ കല്‍ക്കരിക്ഷാമവും വൈദ്യുതി മേഖലയില്‍ അനിശ്ചിതത്വവും സൃഷ്ടിച്ച് കല്‍ക്കരി മേഖലയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അന്തര്‍നാടകങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഫലം അനുഭവിച്ചത് മോദിയുടെ സ്വന്തം അദാനിയായിരുന്നുവെന്നത് കല്‍ക്കരി മേഖലയിലെ അദാനി എന്റര്‍പ്രൈസസിന്റെ വളര്‍ച്ചയുടെ തോത് നോക്കിയാല്‍ മനസ്സിലാകും. (വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 47ല്‍ എഴുതിയ ‘കല്‍ക്കരിക്ഷാമം ഒരു നുണക്കഥയാണ്' എന്ന ലേഖനം വായിക്കാം).
2020 മാര്‍ച്ചിൽ തന്നെ ഖനനമേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനായുള്ള നിയമ നിര്‍മ്മാണങ്ങള്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ 38ഓളം കല്‍ക്കരി ഖനികളാണ് സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കല്‍ക്കരി ഖനികളില്‍ 12എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. കല്‍ക്കരി ബ്ലോക്കുകളുടെ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ സാമ്പത്തിക ശേഷിയെ സംബന്ധിച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന ഇ.എ.എസ്. ശര്‍മ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനും കല്‍ക്കരി മന്ത്രാലയത്തിനും നിരവധി കത്തുകള്‍ മുന്നെതന്നെ എഴുതിയിട്ടുണ്ടായിരുന്നു. അദാനി പവര്‍ സൃഷ്ടിച്ച കടബാദ്ധ്യതകള്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളായി പെരുകിക്കിടക്കുന്നത് സംബന്ധിച്ച തെളിവുകളും ശര്‍മ നല്‍കുകയുണ്ടായി.

അദാനിയുടേതടക്കം പുതുതായി സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത കല്‍ക്കരി ഖനികളെല്ലാം വനാവകാശ നിയമം (Forest Right Act), പെസ നിയമം (Panchayat Extention of Scheduled Areas Act) എന്നിവ പരിപൂര്‍ണമായും ലംഘിച്ചുകൊണ്ടാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഛത്തീസ്ഗഢിലെ സര്‍ഗുജ ഡിവിഷനില്‍ ഹാസ്‌ദേവ് അരിന്ദില്‍ അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റെക്കെട്ടായി നിന്ന് പോരാടുകയാണ്.
കല്‍ക്കരിമേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ അവയില്‍ വലിയൊരു ഭാഗം കയ്യടക്കാന്‍ അദാനിക്ക് സാധിച്ചു. അതോടൊപ്പം, സ്വകാര്യ താപ വൈദ്യുതോത്പാദകരില്‍ ഒന്നാം സ്ഥാനത്തെത്താനും അദാനി പവര്‍ കമ്പനിക്ക് സാധിച്ചു. നിലവില്‍ പ്രവര്‍ത്തനത്തിലുള്ള നാല് പ്ലാന്റുകള്‍ക്ക് പുറമെ മൂന്ന് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ അദാനിയുടെ അധീശത്വം പൂര്‍ത്തിയാകും.
തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങള്‍ക്ക് കല്‍ക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും. മര്‍മഗോവയില്‍ കല്‍ക്കരി കയറ്റിറക്കുമതി തുറമുഖം ഇന്ത്യയുടെ കല്‍ക്കരി ഭൂപടത്തെ മാറ്റിവരക്കാന്‍ പോന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗോവന്‍ പശ്ചിമഘട്ട പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ത്തുകൊണ്ടായിരിക്കും മര്‍മുഗോവ കല്‍ക്കരി തുറമുഖ പദ്ധതി നടപ്പിലാക്കപ്പെടുക. പ്രതിവര്‍ഷം 52 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടും. അദാനിയെക്കൂടാതെ വേദാന്ത, ജിന്‍ഡാല്‍ എന്നീ കമ്പനികളും ഗോവന്‍ തുറമുഖം വഴിയായിരിക്കും തങ്ങളുടെ നിലയങ്ങളിലേക്കുള്ള കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read