കാര്‍മൈക്ക്ള്‍ കല്‍ക്കരി:
വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക്
ഇടിത്തീ
കാര്‍മൈക്ക്ള്‍ കല്‍ക്കരി: വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് ഇടിത്തീ
അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കല്‍ക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ ആറാം ഭാഗം.
15 Sep 2022, 11:20 AM
2021 നവംബറില്‍ ഗ്ലാസ്‌ഗോവില്‍ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഒരുപക്ഷേ നിങ്ങളുടെ ഓര്‍മയില്‍ കാണും. കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വിവരിച്ച് ഇന്ത്യയുടെ ‘നെറ്റ് സീറോ’ ലക്ഷ്യം 2070ഓടെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി നാടകീയമായി ഗ്ലാസ്‌ഗോവില്‍ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.
കൂടാതെ, 2030ഓടെ 500 ഗിഗാവാട്ട് വൈദ്യുതി ഫോസിലേതര ഇന്ധനങ്ങളിലൂടെ ഉത്പാദിപ്പിക്കുമെന്നും പ്രധാനമന്ത്രി ലോകത്തെ അറിയിച്ചു. അടുത്ത മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ‘നെറ്റ് സീറോ’ ലക്ഷ്യത്തിലെത്തുക എന്ന പൊതുസമ്മതിക്ക് വിരുദ്ധമായി അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് വികസിത രാഷ്ട്രങ്ങളെ അമ്പരപ്പിക്കുകയുണ്ടായി.

രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 45%ആയി (2005ല്‍ നിലവാരത്തിലേക്ക്) കുറയ്ക്കാമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന കാര്യത്തില്‍ യാതൊരുവിധ വ്യക്തതയും ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അത്തരമൊരു നടപടിക്കാവശ്യമായ സ്ഥാപനപരമായ സംവിധാനങ്ങള്‍ (Institutional Mechanism) സംബന്ധിച്ച യാതൊരു ആലോചനയും ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതും വസ്തുതയാണ്. 2030ഓടെ ഇന്ത്യയുടെ ഫോസിലേതര ഊര്‍ജ്ജോത്പാദനത്തില്‍ 50% വര്‍ദ്ധനവ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് അടുത്ത ഒമ്പതുവര്‍ഷത്തിനുള്ളില്‍ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍. (ഹരിതോര്‍ജ്ജ ഉത്പാദന മേഖലയിലെ അദാനി റിന്യൂവബ്ള്‍സിന്റെ വന്‍തോതിലുള്ള നിക്ഷേപ ഇടപെടല്‍ കൂടി ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നത് വഴിയേ മനസ്സിലാകും).
രാജ്യത്തിന്റെ ‘നെറ്റ് സീറോ’ ലക്ഷ്യം 2070ഓടെ പൂര്‍ത്തീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നില്‍ തന്റെ ആത്മസുഹൃത്തിനോടുള്ള കൂറ് പ്രകടമായിരുന്നു. കല്‍ക്കരി മേഖലയില്‍ വലിയ നിക്ഷേപസാധ്യത തിരിച്ചറിഞ്ഞിരുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയിലും ഇന്തോനേഷ്യയിലും ആസ്‌ത്രേലിയയിലും കല്‍ക്കരി പാടങ്ങള്‍ ഖനനം ചെയ്യാനുള്ള കരാറുകള്‍ നേടിക്കഴിഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നായ ആസ്‌ത്രേലിയയിലെ ഗലീലിയിലെ കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം ഖനനം ചെയ്യുന്നതിന് ഇന്ത്യയിലെയും ആസ്‌ത്രേലിയയിലെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ വിലക്കെടുക്കാന്‍ അദാനിക്ക് സാധിച്ചു.
അദാനിയുടെ കല്‍ക്കരി യുദ്ധത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ, പത്രപ്രവര്‍ത്തകന്‍ കൂടിയായ, ക്വെന്റിന്‍ ബെറെസ്‌ഫോര്‍ഡ് (Quentin Beresford) എഴുതിയ "Adani and the war over coal' എന്ന പുസ്തകം കാര്‍മൈക്ക്ള്‍ കല്‍ക്കരി കരാര്‍ അദാനി നേടിയെടുത്തതിനുപിന്നിലെ ചതിക്കഥകള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പാരിസ്ഥിതിക നൈതികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഒരു ‘തെമ്മാടി കോര്‍പറേറ്റ്’, ആസ്‌ത്രേലിയന്‍ ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് കരാര്‍ നേടിയെടുത്തതെങ്ങിനെയെന്നും ചങ്ങാത്ത മുതലാളിത്തം ഓസ്ട്രേലിയയിലും ഇന്ത്യയിലും എത്രയധികം സാമ്യമുള്ളതാണെന്നും ബെറെസ്‌ഫോര്‍ഡ് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

ഫോസില്‍ ഇന്ധന ലോബികളും ലിബറല്‍/നാഷണല്‍ പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ പരിസ്ഥിതി വിരുദ്ധതയും തദ്ദേശീയ ഗോത്ര ജനതയുടെ അവകാശ നിഷേധവും ഉള്‍ച്ചേര്‍ന്ന അധികാര പ്രയോഗമാണെന്ന് കാണാന്‍ കഴിയും. അത് ആസ്‌ത്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ് ലാന്റിലെ തദ്ദേശീയ ജനവിഭാഗങ്ങളായ വാന്‍ഗന്‍, ജഗലിന്‍ഗ്വൗ എന്നിവരായാലും ഝാര്‍ഘണ്ടിലെ ഗോണ്ടല്‍പൂരിലെ സാന്താളികളായാലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദിലെ ഗോണ്ട്, ഒറോണ്‍ ആദിവാസികളായാലും കോര്‍പ്പറേറ്റ് ആര്‍ത്തിക്ക് കീഴടങ്ങിയ ഭരണകൂടങ്ങളാല്‍ വേട്ടയാടപ്പെടുന്ന ജനതയായ് അവര്‍ക്ക് മാറേണ്ടിവരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ആസ്‌ത്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, ക്വീന്‍സ് ഐലന്റിലെ ഗോത്രവര്‍ഗക്കാരെ അവരുടെ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞ്, ആഗോള കാലാവസ്ഥാ സംവാദങ്ങളെ തരിമ്പും പരിഗണിക്കാതെ അദാനിയുടെ കാര്‍മൈക്ക്ള്‍ കല്‍ക്കരി പദ്ധതിയില്‍ നിന്നുള്ള ആദ്യ കല്‍ക്കരി കയറ്റുമതി 2021 ഡിസംബര്‍ മാസത്തോടെ ആരംഭിച്ചു. പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം ചെയ്യാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ സിംഹഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പരിപാടി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് 6.25 ദശലക്ഷം ടണ്‍ കല്‍ക്കരി നല്‍കാനുള്ള കരാറുകള്‍ അദാനിക്ക് ലഭിച്ചു. 8,308 കോടി രൂപയുടെ കല്‍ക്കരിയാണ് ഈയിനത്തില്‍ എന്‍ ടി പി സി അദാനിയില്‍ നിന്നും വാങ്ങുക. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ (പ്രതി യൂണിറ്റ് 2 രൂപ) കൂടിയ വിലയ്ക്കായിരിക്കും അദാനിയുടെ ഇറക്കുമതി ചെയ്ത കല്‍ക്കരിക്ക് എന്‍ ടി പി സി നല്‍കേണ്ടി വരിക (പ്രതി യൂണിറ്റ് 7-8 രൂപ). ഇത് ആത്യന്തികമായി വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് യൂണിറ്റിന് 50-70 പൈസ വരെയായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കോള്‍ കോറിഡോറിനെതിരെ ഗോവന്‍ ജനത
ഫാസിസത്തിനെതിരായ സമരം അവയുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കെതിരായ സമരം കൂടിയാണെന്ന് തിരിച്ചറിയുന്നത് രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളോ അല്ലെന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശക്തികളായ കോര്‍പറേറ്റുകള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭം നടത്തുന്നത് ഇന്ത്യയിലെ കര്‍ഷക വിഭാഗങ്ങളും ആദിവാസി- ദലിത് വിഭാഗങ്ങളുമാണെന്ന് വര്‍ത്തമാന ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക മരണ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ കുന്തമുന അദാനി-അംബാനിമാരിലേക്ക് കൂടി തിരിഞ്ഞത് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ കാടകങ്ങളിലും ഗ്രാമീണ മേഖലയിലും തീരപ്രദേശങ്ങളിലും ഒക്കെയായി നടന്നുകൊണ്ടിരിക്കുന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ കോര്‍പ്പറേറ്റ് നിയന്ത്രിത വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളാണ്. വേദാന്ത, പോസ്‌കോ, അംബാനി, ജിന്‍ഡാല്‍, എസ്സാര്‍, ടാറ്റ എന്നിവയോടൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുന്ന കോര്‍പറേറ്റുകളില്‍ മുമ്പനാണ് അദാനി എന്റര്‍പ്രൈസസ്, അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കല്‍ക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം.
ഗോവ: ഇന്ത്യയുടെ കോള്‍ കോറിഡോര്‍
ഇന്ത്യ ഗവണ്‍മെൻറ് വിഭാവനം ചെയ്യുന്ന, 8.5 ട്രില്യണ്‍ രൂപ നിക്ഷേപ സാധ്യത കണക്കാക്കുന്ന, സാഗര്‍മാല പദ്ധതിയുടെ ഭാഗമായി മര്‍മുഗോവ തുറമുഖത്തെ രാജ്യത്തിന്റെ കല്‍ക്കരി ഇടനാഴിയായി വികസിപ്പിക്കാനുള്ള പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഗൗതം അദാനിയായിരിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നും അദാനി ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്ന കല്‍ക്കരി ഇന്ത്യയിലെ വിവിധ താപനിലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രധാന തുറമുഖമായിട്ടാണ് മര്‍മുഗോവയെ പരിഗണിക്കുന്നത്. 2020ല്‍ ലോകസഭയില്‍ ബില്‍ രൂപത്തില്‍ അവതരിപ്പിക്കുകയും 2021 ഫെബ്രുവരി 17ന് രാഷ്ട്രപതി ഒപ്പിട്ടതോടു കൂടി നിലവില്‍ വരികയും ചെയ്ത ‘The Major Port Authorities Act-2021' രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ കൂടുതല്‍ സുഗമമാക്കുകയുണ്ടായി.
പ്രതിവര്‍ഷം 137 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള കോള്‍ ഹബ്ബ് ആയി ഗോവയിലെ മര്‍മു ഗോവ തീരത്തെ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരായി അതിശക്തമായ ചെറുത്തുനില്‍പ്പിനാണ് ഗോവന്‍ ജനത മുന്നിട്ടിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2030ഓടെ അദാനി ഗ്രൂപ്പ്, ജെ എസ് ഡ ബ്ല്യൂ, വേദാന്ത എന്നീ കമ്പനികള്‍ ഏകദേശം 51 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യുമെന്നാണ് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ പറയുന്നത്. ഗോവ വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാനാവശ്യമായ റെയില്‍, റോഡ് നെറ്റ് വര്‍ക്കുകള്‍ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍, പുതിയ ഫ്ലൈ ഓവറുകള്‍, മന്‍ഡോവി, സുവാരി എന്നീ നദികളില്‍ പുതിയ ജെട്ടി നിര്‍മ്മാണം, ദേശീയപാത 4എയില്‍ നാലുവരി പാതകളുടെ നിര്‍മാണം എന്നിവ തകൃതിയായി നടക്കുകയാണ്.

ഈ വിപുലീകരണ പദ്ധതികളില്‍ പ്രതിഷേധിച്ച് പ്രദേശത്തെ 60-ലധികം ഗ്രാമങ്ങള്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു പബ്ലിക് ഹിയറിംഗ് പോലുമില്ലാതെ വിവിധ പദ്ധതികള്‍ ഗോവയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് അവര്‍ മറന്നിട്ടില്ല. നിര്‍ദ്ദിഷ്ട തുറമുഖ മേഖലയില്‍ ഡ്രഡ്ജിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. പബ്ലിക് ഹിയറിംഗ് പ്രക്രിയ മറികടന്നുകൊണ്ട് പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കുകയുണ്ടായി. വളരെ ചെറിയ സംസ്ഥാനമായ ഗോവയില്‍ ഇത്രയും വിപുലമായ കല്‍ക്കരി ഹബ്ബ് സ്ഥാപിക്കുന്നത് മോളം നാഷണല്‍ പാര്‍ക്ക്, മഹാവീര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (CEC) യും 50ഓളം ശാസ്ത്രജ്ഞരും അക്കാദമിക്കുകളും അടങ്ങുന്ന സംഘവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗോയന്ത് കോള്‍സോ നാകാ എന്ന ബാനറിന് കീഴില്‍ ആയിരക്കണക്കായ ജനങ്ങള്‍ കോള്‍ ഹബ്ബിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്. ഗോവയില്‍ ജയിക്കുന്നത് അദാനിയോ ഗോവന്‍ ജനതയോ എന്നതിനെ ആശ്രയിച്ചിരിക്കും ഗോവന്‍ പരിസ്ഥിതിയുടെ ഭാവി.
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read
കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch