മോദി- അദാനി ചങ്ങാത്തക്കഥ:
നയാപൈസ മുതൽമുടക്കില്ലാത്ത ഭൂമിക്കൊള്ള,
സർക്കാർ ഒത്താശയോടെ
മോദി- അദാനി ചങ്ങാത്തക്കഥ: നയാപൈസ മുതൽമുടക്കില്ലാത്ത ഭൂമിക്കൊള്ള, സർക്കാർ ഒത്താശയോടെ
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഗൗതം അദാനി മാറിയെന്നത് സമീപകാല ചരിത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പറേറ്റ് സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാതിരിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നതും ഇലക്ടറൽ ബോണ്ടുകള്‍ ആരംഭിച്ചതും കേന്ദ്രഭരണത്തില്‍ നരേന്ദ്രമോദി ഇരിപ്പുറപ്പിച്ചതിന് ശേഷമാണെന്ന കാര്യവും ഓര്‍ക്കുക. മോദി- അദാനി ചങ്ങാത്തക്കഥയുടെ രണ്ടാം ഭാഗം.
3 Sep 2022, 10:55 AM
മുൺഡ്ര തുറമുഖ പദ്ധതിക്ക് 7350 ഏക്കര്‍ ഭൂമി ഗൗതം അദാനിക്ക് നല്‍കിയത് തുച്ഛമായ വിലയ്ക്കായിരുന്നു. ഒരു ഏക്കര്‍ ഭൂമിക്ക് 36,720 രൂപ. മൊത്തം ഭൂമിയുടെ വില 26,98,92,000 രൂപ. സര്‍ക്കാര്‍ നല്‍കിയ ഭൂമി പൊതുബാങ്കില്‍ ഈടുവെച്ച്, സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ കടം വാങ്ങി അഞ്ച് പൈസ സ്വന്തം മുതല്‍ മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാന്‍ അദാനിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി പവര്‍ പ്ലാന്റും മുൺഡ്ര തുറമുഖത്തോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ടു.
തുറമുഖ പദ്ധതിയോടുചേര്‍ന്ന് ഒരു സ്‌പെഷ്യൽ ഇക്കണോമിക് സോണ്‍ കൂടി ആവിഷ്‌കരിച്ച് അതിനായി 45,000 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ അദാനിക്ക്കൈമാറി. 56ഓളം മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ടു. ജനങ്ങളുടെ എതിര്‍പ്പ് തൃണവല്‍ഗണിച്ചായിരുന്നു ഈ ഭൂമിക്കൊള്ള. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി തനിക്കുലഭിച്ച ഭൂമി അദാനി മറ്റ് കമ്പനികള്‍ക്കായി മറിച്ചുനല്‍കിയത് ഏക്കറിന് 36,72,000 രൂപയ്ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു (Yardley & Bajaj, 2011). കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റേതടക്കമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാതെയാണ് അദാനി തന്റെ സെസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതെന്ന് പിന്നീട് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി.
അദാനിയുടെ ഭൂമിക്കൊള്ള ഗുജറാത്തില്‍ മാത്രമായി ഒതുങ്ങിയില്ലെന്നും ഏതൊരു രാഷ്ട്രീയനേതൃത്വങ്ങളെയും പാട്ടിലാക്കാന്‍ തക്ക കരുത്തും സ്വാധീനവും അയാള്‍ സ്വായത്തമാക്കിയിരുന്നെന്നും തിരിച്ചറിയുന്നതിനായി കേരളത്തിലേക്ക് വരാം. വലത്- ഇടത് ഭരണത്തില്‍ കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പൊതു- സ്വകാര്യ ഉടമസ്ഥതയെന്ന ഓമനപ്പേരിട്ട് പൊതുവിഭവങ്ങള്‍ എങ്ങനെയാണ് കോര്‍പ്പറേറ്റുകള്‍ അടിച്ചെടുക്കുന്നത് എന്നതിനെക്കുറിച്ച് കുറച്ചുകൂടി കൃത്യമായ ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും.
7525 കോടി നിര്‍മാണച്ചെലവ് കണക്കാക്കി ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ സംസ്ഥാന സര്‍ക്കാര്‍ മുടക്കുമുതല്‍ 5071 കോടി രൂപയായിരുന്നു. പദ്ധതിക്ക് ഏറ്റെടുക്കുന്ന 500 ഏക്കര്‍ ഭൂമി പൊതുബാങ്കുകളില്‍ പണയപ്പെടുത്തി കടം സ്വരൂപിക്കാനുള്ള അവകാശം അദാനിക്ക് നല്‍കിക്കൊണ്ടായിരുന്നു കരാര്‍ ഉറപ്പിച്ചത്. അതായത്, സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കിനുശേഷം വരുന്ന തുക, 2454 കോടി രൂപ കണ്ടെത്താന്‍ കയ്യില്‍ കിട്ടിയ ഈ ഭൂമി പണയപ്പെടുത്തിയാല്‍ മാത്രം മതിയാകുമായിരുന്നു അദാനിക്ക്.
പദ്ധതിയില്‍ നിന്നുള്ള ലാഭവിഹിതത്തിന്റെ മുക്കാല്‍പങ്കും അടുത്ത 40 കൊല്ലക്കാലത്തേക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ കരാറില്‍ നേരത്തെ തയ്യാറാക്കിവെച്ചിരുന്നു. പത്തുവര്‍ഷം കൊണ്ടുമാത്രം ഏതാണ്ട് 29,217 കോടി രൂപ വിഴിഞ്ഞം പദ്ധതി നടപ്പിലാകുന്നതോടെ അദാനിയുടെ കൈകളിലെത്തിപ്പെടുമെന്ന് സി.എ.ജി.യുടെ കണ്ടെത്തുകയുണ്ടായി.
പി പി പി (public- private participation) എന്ന ഓമനപ്പേരിലറിയപ്പെടുന്ന പദ്ധതികളിലെല്ലാം ആത്യന്തിക ഗുണഭോക്താവ് സ്വകാര്യ കമ്പനികള്‍ ആണെന്നും അവര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മാത്രമേ കരാറുകള്‍ തയ്യാറാക്കപ്പെടുകയുള്ളൂ എന്നും പകല്‍പോലെ വ്യക്തമാണ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ യാതൊരു ഈടും ആവശ്യപ്പെടാതെ സ്വകാര്യ കമ്പനികള്‍ക്ക് കോടികള്‍ കടമായി അനുവദിക്കുമെന്ന വസ്തുത കോര്‍പ്പറേറ്റുകള്‍ക്ക് നന്നായറിയാം. ഇന്ത്യന്‍ പൊതുമേഖലാബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയാണ് അദാനി ‘അടിച്ചുമാറ്റി’യിരിക്കുന്നത്. നോണ്‍ പെര്‍ഫോമന്‍സ് അസെറ്റെന്ന രീതിയില്‍ പൊതുമേഖലാ ബാങ്കുകളില്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഇത്തരം കിട്ടാക്കടങ്ങളുടെ ഭാരം ഇന്ത്യയിലെ സാധാരണക്കാരുടെ ചുമലിലേക്ക് സ്വാഭാവികമായും ചെന്നെത്തുന്നു.

ഗുജറാത്തില്‍ നരേന്ദ്രമോദിയും കേരളത്തിലെ ഇടത്- വലത് സര്‍ക്കാരുകളും പാര്‍ട്ടിഭേദമില്ലാതെ എങ്ങനെ അദാനിയടക്കമുള്ള കോര്‍പ്പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു എന്നത് സൂചിപ്പിക്കാനാണ് ഇപ്പോഴും പ്രതിസന്ധിയില്‍ നില്‍ക്കുന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചത്.
വീണ്ടും ഗുജറാത്തിലേക്ക് പോകാം.
മോഷണം കലയാക്കിയ കോര്‍പറേറ്റ്
സ്വകാര്യ മൂലധനമില്ലാതെ സാമ്പത്തിക വളര്‍ച്ചയും രാജ്യപുരോഗതിയും സാധ്യമല്ലെന്ന് നിരന്തരം പഠിപ്പിക്കുന്ന ഭരണകൂടങ്ങള്‍ പൊതുവിഭവങ്ങളും പൊതുഖജനാവും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നതെങ്ങിനെയെന്നും അവര്‍ സൃഷ്ടിക്കുന്ന കടങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ നട്ടെല്ലൊടിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കുന്നതിനുള്ള രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ് മുൺഡ്ര, വിഴിഞ്ഞം തുറമുഖ പദ്ധതികളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ, സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയകലാപത്തിനുശേഷവും, രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിക്കുവാനാവശ്യമായ സാമ്പത്തിക സഹായം ചെയ്തുനല്‍കിയത് അദാനിയായിരുന്നുവെന്ന് കാണാം. 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം 7,21,000 ഡോളര്‍ നരേന്ദ്രമോദിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഗൗതം അദാനി സംഭാവന ചെയ്തുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ ഉദ്ധരിച്ച് റോയിട്ടേസ് ബിസിനസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു (ഏപ്രില്‍11, 2014).
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഗൗതം അദാനി മാറിയെന്നതും സമീപകാല ചരിത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പറേറ്റ് സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാതിരിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നതും ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചതും കേന്ദ്രഭരണത്തില്‍ നരേന്ദ്രമോദി ഇരിപ്പുറപ്പിച്ചതിന് ശേഷമാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുക.
പൊതുഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ചുളുവിലയ്ക്ക് കൈവശപ്പെടുത്തുക എന്നതില്‍ മാത്രമായി ഗൗതം അദാനി തന്റെ ഇടപെടല്‍ ചുരുക്കിയിരുന്നില്ല. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തിയിരുന്ന സാമാന്യ നൈതികത പോലും പാലിക്കാതെ നേരിട്ടുള്ള മോഷണത്തിലേക്കുപോലും കടക്കാന്‍ ഈ പുത്തന്‍കൂറ്റ് കോര്‍പറേറ്റിന് മടിയുണ്ടായിരുന്നില്ല. സന്ദേഹമുള്ളവര്‍ക്ക് "ബെലക്കേരി പോര്‍ട്ട് സ്‌കാം' സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ചാല്‍ ലഭിക്കും.
നരേന്ദ്രമോദിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ച് ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും വളരെ എളുപ്പം കടന്നുകയറാന്‍ അദാനിക്ക് സാധിച്ചു. കര്‍ണ്ണാടകയിലെ അകോളയിലെ ബെലകേരി പോര്‍ട്ട് വഴി ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രണ്ട് ബില്യണ്‍ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തില്‍ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെര്‍മിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരില്‍ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയര്‍മാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി.
""അനധികൃത കയറ്റുമതിക്കായി അദാനി എന്റര്‍പ്രൈസസ് കൈക്കൂലി നല്‍കിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച പാട്ടം റദ്ദാക്കാന്‍ കമ്പനിക്കെതിരെ നടപടിയെടുക്കണം. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ഗവണ്‍മെന്റിന്റെ ഭാവി കരാറുകള്‍, ഗ്രാന്റുകള്‍ അല്ലെങ്കില്‍ പാട്ടം മുതലായവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുകയും വേണം.'' (Karnataka Lokayukya, 2011- ലോകായുക്ത റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).
അദാനിക്കെതിരായി ഇത്രയും കര്‍ശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല. തൊട്ടടുത്ത വര്‍ഷം (2011) രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള ഒരു സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെൻറ് (മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്) പദ്ധതിയുടെ 74% ഓഹരിയും അദാനിക്ക് നല്‍കിയാണ് തങ്ങളുടെ കൂറ് പ്രദര്‍ശിപ്പിച്ചത്.
രാജസ്ഥാനിലെ ബറാന്‍ ജില്ലയിലെ കവായ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1320 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കല്‍ക്കരി നിലയത്തിന് വേണ്ടിയുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഛത്തീസ്ഗഢിലെ ഹാസ്‌ദോ അരിന്ദയിലെ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി അദാനിക്ക് കൈമാറാന്‍ അക്കാലത്ത് ഛത്തീസ്ഗഢ് ഭരിച്ചിരുന്ന രമണ്‍സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി. സര്‍ക്കാരിനും ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. (ഛത്തീസ്ഗഢിലെ ഹാസ്ദിയോ, ഗുജറാത്തിലെ മുണ്ഡ്ര, ഝാര്‍ഘണ്ഡിലെ ഗോണ്ടല്‍പാര എന്നിവിടങ്ങളിലൊക്കെ അദാനിക്കെതിരായി തദ്ദേശവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.)
(തുടരും)
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read