1980കളുടെ മധ്യം വരെ മുംബൈയില്‍ വജ്രം തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസില്‍ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന, രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയിലെവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ, കാവിവല്‍ക്കരണവും വര്‍ഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലത്തിന്റെ കഥ കൂടിയാണ്
1 Sep 2022, 04:00 PM
2003 ഫെബ്രുവരി 6.
ഗുജറാത്ത് കലാപത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ച ബാക്കിയുള്ളപ്പോള്‍ ഡൽഹിയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ (CII) ഇന്ത്യയിലെ വ്യവസായ പ്രമുഖർ ഒത്തുചേര്‍ന്നിരിക്കുകയാണ്. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി വ്യവസായികളെ അഭിസംബോധന ചെയ്യുന്നതിനുമുന്നെ "Gujarat: The Sunshine State' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗുജറാത്ത് ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് മോദിയുടെ മുന്‍കൈയ്യില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിച്ചത്.
തന്റെ സ്വതസിദ്ധമായ വാക്ചാതുര്യത്തിലൂടെ, ഗുജറാത്തില്‍ പണം നിക്ഷേപിക്കാന്‍ വ്യവസായ പ്രമുഖരെ ക്ഷണിച്ച്, മോദി കത്തിക്കയറി. എന്നാല്‍ രാഹുല്‍ ബജാജ്, ഗോദ്‌റെജ് എന്നിവരുടെ നേതൃത്വത്തിലുള്ള വ്യവസായികളുടെ കല്ലിച്ച മുഖത്തെയായിരുന്നു മോദിക്ക് നേരിടേണ്ടി വന്നതെന്ന് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ നടന്ന രീതിയിലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ എന്തുതരം വ്യവസായ സൗഹൃദാന്തരീക്ഷമാണ് സൃഷ്ടിക്കുകയെന്ന് വ്യവസായികള്‍ ആവര്‍ത്തിച്ചുചോദിച്ചു. മോദിയുടെ ഉത്തരം അവരെ തൃപ്തരാക്കിയില്ലെന്നത് വസ്തുത. വളരെ കുപിതനായാണ് നരേന്ദ്രമോദി ഡൽഹി വിട്ടതെന്നും തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

മോദിയുടെ സി.ഐ.ഐ അഭിസംബോധന പ്രസംഗത്തിനുശേഷം ഗൗതം അദാനിയുടെയും നിര്‍മ്മ ചെയര്‍മാന്‍ കര്‍സന്‍ ഭായ് പട്ടേലിന്റെയും നേതൃത്വത്തില്‍ ഗുജറാത്തി വ്യവസായികളുടെ നേതൃത്വത്തില്‍, " Resurgent Group of Gujarat' എന്ന പേരില്‍ ഒരു ഇന്‍സ്റ്റൻറ് ഗ്രൂപ്പ് ഉടലെടുക്കുകയും മോദിക്കേറ്റ അപമാനത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ തങ്ങള്‍ സി.ഐ.ഐ വിട്ടുപോകുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗുജറാത്ത് വ്യവസായികളുടെ ശക്തി തിരിച്ചറിഞ്ഞ അക്കാലത്തെ സി.ഐ.ഐ ഡയറക്ടര്‍ ജനറല്‍ തപന്‍ ദാസ് 2003 മാര്‍ച്ച് 6ന് ഗാന്ധിനഗറിലേക്ക് പറക്കുകയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായ അനുഭവത്തിന് ക്ഷമചോദിക്കുകയും ചെയ്തു (TNN, March 7, 2003). സി.ഐ.ഐ.യുടെ ഡൽഹി കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദിയോട് കടുത്ത സ്വരത്തില്‍ സംസാരിച്ച വ്യവസായികളില്‍ പലരും ഇന്ന് ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ എവിടെയെന്ന് കണ്ടുപിടിക്കാന്‍ സൂക്ഷ്മപരിശോധന നടത്തേണ്ടിവരും.

എന്നാല്‍ ഈയൊരു സംഭവം മറ്റൊരു വ്യവസായ സാമ്രാജ്യത്തിന്റെ യുഗത്തിന് തുടക്കം കുറിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. 1980കളുടെ മധ്യം വരെ മുംബൈയില്‍ വജ്രം തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസില്‍ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന, രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയിലെവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ കൂടിയാണത്. രാജ്യത്തി- കാവിവല്‍ക്കരണവും വര്‍ഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലം കൂടിയായിരുന്നു ഇത്.
ആപ്‌കോവേള്‍ഡ്‌വൈഡ് - അദാനി - ഗുജറാത്ത് മോഡൽ
ഗുജറാത്ത് കലാപം ദേശീയ- അന്തര്‍ദ്ദേശീയ തലങ്ങളിൽ മോദിയുടെ ഇമേജിന് പരിക്കേല്‍പ്പിക്കുമെന്ന് ഉറപ്പായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മോദിക്ക് വിസവിലക്കേര്‍പ്പെടുത്തുകയും "രാജധര്‍മം' പാലിച്ചില്ലെന്ന് അടല്‍ ബിഹാരി വാജ്‌പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികള്‍ മോദിനേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്തുവന്ന ഘട്ടത്തില്‍ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഗൗതം അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വര്‍ഗീയ വിഭജനത്തിന്റെ രക്തക്കറകളില്‍ നിന്ന് പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് എന്ന വിശേഷണം ഒരുപക്ഷേ അദാനിക്ക് മാത്രമായിരിക്കും.

90 കളുടെ ആദ്യത്തില്‍ സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസ് ഗുജറാത്തിലേക്ക് കൂടി വ്യാപിപ്പിച്ച് സ്വന്തം ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച, കോളേജ് ഡ്രോപ്ഔട്ട് ആയ, ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന (Megha Bahree, Forbes) ഗൗതം അദാനിക്ക്, പക്ഷേ രാഷ്ട്രീയനേതൃത്വങ്ങളുമായുള്ള (പ്രത്യേകിച്ചും സംഘപരിവാര്‍) കൂട്ടുകെട്ട് അനായാസമായിരുന്നു. കേശുഭായ് പട്ടേല്‍ മുതല്‍ ശങ്കര്‍സിംഗ് വഗേല വരെയുള്ളവരെ ആവശ്യത്തിനൊത്ത് കൂട്ടുപിടിച്ചും കയ്യൊഴിഞ്ഞും തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദാനിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73ദശലക്ഷം ഡോളറില്‍ (2002) നിന്ന് 7.8 ബില്യണ്‍ ഡോളറിലേക്ക് (2014) കുതിച്ചുയര്‍ന്നു. അദാനി ബിസിനസിലെ ഏറ്റവും ശക്തമായ വളര്‍ച്ചയുടെ കാലം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി വന്ന ആദ്യത്തെ എട്ട് മാസക്കാലയളവായിരുന്നുവെന്നും ഈ കാലയളവില്‍ അദാനി സമ്പാദ്യത്തിന്റെ മൊത്തം മൂല്യം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചുവെന്നും ലൈവ്മിൻറ് റിപ്പോര്‍ട്ട് ചെയ്യുന്നു (Live mint, March,2, 2018).
ആപ്‌കോ വേള്‍ഡ്‌വൈഡ് എന്ന പിആര്‍ കമ്പനിയെ ഉപയോഗപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ "വൈബ്രൻറ് ഗുജറാത്ത്' , "ഗുജറാത്ത് മോഡല്‍' പ്രചരണ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് അദാനിയായിരുന്നുവെന്ന് പിന്നീട് കാണാം. (APCO WORLDWIDE എന്ന അന്താരാഷ്ട്ര പി.ആര്‍. ഏജന്‍സിയെയും അവയുടെ തീവ്ര വലതുപക്ഷ ബന്ധങ്ങളെയും ഗുജറാത്തിലെ ഇടപെടലിനെയും കുറിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം മുന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഴുതിയിരുന്നുവെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു).

മോദി മുന്നോട്ടുവെച്ച "ഗുജറാത്ത് മോഡല്‍' പ്രധാനമായും പൊതുവിഭവങ്ങള്‍ തുച്ഛമായ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റൊഴിക്കുക, സംസ്ഥാനത്തിന്റെ പാരിസ്ഥിതിക നിയമങ്ങള്‍ വ്യവസായികള്‍ക്കുവേണ്ടി അട്ടിമറിക്കുക എന്നിവയായിരുന്നു. മേച്ചില്‍പ്പുറങ്ങള്‍പോലുള്ള പൊതുഭൂമി സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള നിയമ നിര്‍മാണം നടത്തിയതും മോദിയുടെ ഗുജറാത്ത് മോഡലിലായിരുന്നു. ഈയൊരു ഭൂമിക്കൊള്ളയുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിച്ചത് അദാനി ഗ്രൂപ്പിനായിരുന്നു. ഗുജറാത്തിലെ മുണ്ഡ്രയില്‍ 7350 ഏക്കര്‍ ഭൂമി അദാനിക്കായി പതിച്ചുനല്‍കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖയ്ക്കായി 56 മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ കുടിയൊഴിപ്പിച്ച് 45,000 ഏക്കര്‍ ഭൂമിയും അദാനിക്കായി സമ്മാനിക്കപ്പെട്ടു.
ഡൽഹിയിലെ സി.ഐ.ഐ കോണ്‍ഫറന്‍സില്‍ തന്റെ കൂടെ നിന്ന ഗൗതം അദാനിയെന്ന ആപത്ബാന്ധവനെ പിന്നീടൊരിക്കലും നരേന്ദ്രമോദി കയ്യൊഴിയുകയുണ്ടായില്ല.
തുടരും
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read