പ്രതിസന്ധിയിലായ പലതരം ജീവിതങ്ങളുടെ കാലിഡോസ്‌കോപ്പായിരിക്കുകയാണ് ലോക്ക്ഡൗണ്‍ കാലം. ആര്‍ക്കും ആരുടെയും രക്ഷക്കെത്താന്‍ കഴിയാത്ത സ്ഥിതി. ദാരിദ്ര്യത്തിന്റെയും തൊഴില്‍ നഷ്ങ്ങളുടെയും തീവ്രമായ അനുഭവങ്ങള്‍ ഏറെയും അത് അനുഭവിക്കുന്നവര്‍ക്കൊപ്പം സഹിച്ചില്ലാതാകും. കൊല്‍ക്കത്ത നഗരത്തില്‍ ഗാംഗ്ചില്‍ എന്ന ബംഗാളി പ്രസാധകശാലയുടെ എഡിറ്ററായ ആധിര്‍ ബിസ്വാസ്, ചീരയും വള്ളികളും ചേമ്പിന്‍ തണ്ടും കഴിക്കേണ്ടിവരുന്ന ഒരു ദരിദ്രകാലത്തെ തീവ്രമായി രേഖപ്പെടുത്തുന്നു
21 Jul 2020, 04:38 PM
ലോക്ക്ഡൗണ്‍ കാരണം മൂന്നേകാല്‍ മാസമായി മുനിസിപ്പല്‍ തൊഴിലാളികള്‍ വന്നിട്ട്. അവര്‍ വരാത്തതു കൊണ്ടാണ് ചേമ്പിന്‍ കൂട്ടം ഇത്ര വളര്‍ന്നതും. പാവപ്പെട്ടവര്‍ ചേമ്പിന്‍ തണ്ട് മുറിച്ചെടുത്ത് കൊണ്ടുപോകും. ഇന്ന് ഞാനും ഒരു ലുങ്കിയെടുത്തുടുത്ത് ചേമ്പിന്‍ തണ്ട് മുറിക്കാന്‍ കുന്തിച്ചിരിക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല.
ഞങ്ങള്‍ കോളേജ് സ്റ്റ്രീറ്റില്‍ ഒരു പുസ്തകക്കട നടത്തുകയാണെന്ന് അയല്‍ക്കാര്‍ക്കറിയാം. പട്ടിണിപ്പാവങ്ങളെ പോലെ ഞാനും ഇതിനിറങ്ങുമെന്നവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല! എന്നെ കണ്ടയുടനെ ഒരു വല്ലാത്ത ഭാവത്തോടെ അവര്‍ അകത്തേക്ക് പോകുന്നത് കണ്ടാലറിയാം, ഇന്ന് വൈകുന്നേരത്തോടെ ഞങ്ങള്‍ ബഹിഷ്‌കൃതരാവുമെന്ന്. ആരും ഞങ്ങളെ വിളിക്കില്ല. ഞങ്ങളോട് സംസാരിക്കില്ല. ചേമ്പിന്‍ തണ്ട് മുറിക്കുന്നത് ഈ അയല്‍പക്കത്തിനു തന്നെ നാണക്കേടായിരിക്കും. അവര്‍ എന്നെ വളരെ വിചിത്രമായാണ് നോക്കിയത്. എന്തായാലും, ഞാനെന്റെ പണി തുടങ്ങി!
ചിലയാളുകള്‍ സൈക്കിളുകളിലും ചിലര്‍ ഓട്ടോറിക്ഷകളിലും ജോലിക്ക് പോയിക്കൊണ്ടിരുന്നു. കുറേയാളുകള്‍. അവര്‍ക്ക് ജോലി നഷ്ടപ്പെടുകയോ ജോലിക്ക് പോകാന്‍ കഴിയാതെയാവുകയോ ചെയ്തിരിക്കുന്നു. അവരുടെ കുടുംബജീവിതം സ്തംഭിച്ചിരിക്കുന്നു. പച്ചക്കറിയോ മീനോ ലോക്ക്ഡൗണില്‍ ഇളവ് നല്‍കപ്പെട്ടിട്ടുള്ള മറ്റെന്തിങ്കിലുമോ വില്‍ക്കാനിറിങ്ങിയിരിക്കുകയാണവര്‍. അവരുടെ മുഖത്ത് മാസ്‌ക്കുണ്ട്. വശമില്ലാതെ ത്രാസ് പിടിയ്ക്കുന്നു അവര്‍. എന്നും ഞാനവരുടെ വിളി കേള്‍ക്കാറുണ്ട്. പല തരം വിളികള്‍. ഒന്നിനു പിറകെ ഒന്ന്. ഞാന്‍ ചേമ്പിന്‍ തണ്ട് മുറിയ്ക്കുന്നത് കണ്ട് അവര്‍ നിശബ്ദരായി എന്നെ നോക്കിനിന്നു. എന്നെ കടന്നു പോയി. അവര്‍ക്കും ഞാന്‍ ഒരു അപരിചിതനാണെന്ന പോലെ.
പുസ്തകങ്ങളെ ചിതലുകള്‍ ആക്രമിക്കുന്നു
മൂന്നു മാസമായി പ്രസാധകശാല അടച്ചിട്ട്. ലോക്ക്ഡൗണ്‍ തുടര്‍ന്നുകോണ്ടേയിരിക്കുന്നു. ഇങ്ങനെയൊന്ന് ഞാന്‍ സങ്കല്‍പ്പിച്ചിട്ടേ ഇല്ലായിരുന്നു. കൂടാതെ കര്‍ഫ്യൂവും. ഭീകരമായതെന്തോ ആണെന്ന് എനിക്ക് മനസ്സിലായി സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതു പോലും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഭീകരമായ അപകടം തന്നെ.
ഞാന്‍ വിചാരിച്ചു, ഓ, എന്തായാലും കുറച്ചു ദിവസത്തേക്കല്ലേ! അതു കഴിഞ്ഞാല്‍ കട തുറക്കാം. മനസ്സില്‍ അശുഭപ്രതീക്ഷയോടെ ഞാന്‍ വീട്ടിലിരുന്നു. പക്ഷെ കൊറോണ വൈറസ് പടരാന്‍ തുടങ്ങി. ലോക്ക്ഡൗണ്‍ തുടര്‍ന്നു. തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെ മൂന്നു മാസങ്ങള്‍ കടന്നുപോയി. ഉപജീവനത്തിനുമേലും വീണു ഒരു ലോക്ക്ഡൗണ്‍. വില്‍പ്പന തീര്‍ത്തും നിലച്ചു. നീക്കിയിരുപ്പൊക്കെ തീര്‍ന്നു. കാര്യങ്ങള്‍ വളരെ പരുങ്ങലിലായി. ഞാന്‍ കൂട്ടുകാരില്‍ നിന്ന് കടം വാങ്ങി. ചിന്ത ഉല്‍കണ്ഠയായി മാറി. മുന്‍പില്‍ ഭയം നിഴലിച്ചു. കടങ്ങള്‍. പുസ്തകങ്ങളെ ചിതലുകള്‍ ആക്രമിക്കുന്നു. എന്റെ തലച്ചോറ് പണിമുടക്കി. ഇതെന്റെ അറുപത്തിയഞ്ചാം വര്‍ഷമാണ്, സര്‍ക്കാറിന്റെ നിര്‍ദ്ദേശം പാലിക്കാതെ പുറത്തിറങ്ങാനാവില്ല. കുറേ ദിവസത്തിനു ശേഷം, അവസാനം എനിക്ക് കട തുറക്കാന്‍ അനുമതി ലഭിച്ചു. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്തേക്ക്. ഷോപ്പിംഗ് മാളുകളില്‍ പോലും നാലു മണിയ്ക്ക് വിളക്കുകളണഞ്ഞു. രോഗബാധ ഭയന്ന് ഞങ്ങള്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രം കട തുറന്നു. എന്റെ മകനാണ് കടയില്‍ പോയിരുന്നത്. പക്ഷെ പുസ്തകം വാങ്ങാനുള്ളവരോ? ബസ്സുകളോ ട്രാമുകളോ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ട്രെയിനുകളും. മെട്രോയും ഓടുന്നില്ലായിരുന്നു. അതേസമയം വൈറസ് മുന്നേറുകയായിരുന്നു, ഓരോ ദിവസവും കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് ഭേദിച്ച്. ബോയിപാര, കൊല്‍ക്കത്ത കോളേജ് സ്റ്റ്രീറ്റിലെ പുസ്തകകേന്ദ്രം, കൊറോണ വൈറസിന്റെ പരിധിയില്‍ പെട്ടുകഴിഞ്ഞു. താഴത്തെ നിലയിലെ കടക്കാരന്‍ മരിച്ചു. ഒരു ജീവനക്കാരന്‍ ഐ.സി.യുവിലാണ്. ഞാന്‍ കൂടുതല്‍ ഭയന്നു. എന്നിട്ടും ഞാനെന്റെ മകനെ കടയിലേക്കയച്ചു. ഒരു ആയിരം രൂപയുടെ വില്‍പ്പനയൊത്താലോ! ഈ കഠിനമായ സമയത്ത് എത്രയാണെന്നു വച്ചാ കടം വാങ്ങുക!

ആ കാലം വീണ്ടും വരികയാണോ?
പക്ഷെ എന്റെ മകനും ഭാര്യക്കും ഏഴുമാസം പ്രായമുള്ള ഒരു മോളുണ്ട്! അവന്‍ പുസ്തകം വില്‍ക്കാന്‍ പോയി വൈറസുമായി മടങ്ങിയാലോ! സ്വയം സുരക്ഷിതനായിരുന്നുകൊണ്ട് മകനെ അപകടത്തിലേക്കയച്ച് ഒരച്ഛന് സമാധാനമായി ഇരിക്കാനാവുമോ? ഞാന്‍ ഉല്‍കണ്ഠയോടെ ദിവസങ്ങള്‍ തള്ളിനീക്കി. എത്ര നാളിങ്ങനെ തുടരാനാവും?
ഒരു കാലത്ത് വളരെ കഷ്ടപ്പാടായിരുന്നു; അന്‍പതുവര്‍ഷം മുന്‍പ്, എന്റെ കുട്ടിക്കാലത്ത്. അമ്മ എന്നെയും കൂട്ടി കാട്ടുപൊന്തയിലേക്ക് പോകും. ഒരു കൊട്ടയും കൈകോട്ടും അരിവാളും കൊണ്ട്. ഞങ്ങള്‍ ചേറുപിടിച്ച കാട്ടുകിഴങ്ങുകള്‍ പറിച്ചെടുക്കും. വിറക് പെറുക്കും. ചേമ്പിന്‍ തണ്ടും ചീരയും പറിക്കും. വൈകുന്നേരമാണ് മടങ്ങുക, അമ്മയുടെ കൈയ്യില്‍ കാട്ടുചീരയും, വള്ളികളും ഉണ്ടാവും. അടുത്തദിവസം ചോറിന്റെ കൂടെ അതാണ് കഴിക്കുക. ചീരയും വള്ളികളും ചേമ്പിന്‍ തണ്ടും ചേര്‍ത്തൊരു കൂട്ടാന്‍. ചേമ്പിന്‍ തണ്ട് ചതച്ചു ചേര്‍ത്ത ചോറ്. മുഴുത്ത അരിയുടെ ചോറില്‍ അരച്ച ഇലകളും ചേമ്പിന്‍ തണ്ടിന്റെ കൂട്ടാനും കൂട്ടിയിളക്കുമ്പോള്‍ വിരലുകള്‍ പച്ചയാവും. ചേമ്പിന്‍ തണ്ട് മുറിക്കാനിരുന്നപ്പോള്‍ ഞാനതോര്‍ത്തു. അമ്മ വച്ചിരുന്നത് പോലെ കൂട്ടാന്‍ വച്ചാല്‍ എന്റെ വിരലുകള്‍ വീണ്ടും പച്ചയാവും. പട്ടിണിപ്പാവങ്ങള്‍ ജീവിതം മുഴുവന്‍ ഒരേ ഭക്ഷണം കഴിക്കുന്നതു പോലെ. ആ കാലം വീണ്ടും വരികയാണോ? സത്യം പറഞ്ഞാല്‍, എന്റെ കുടുംബം ഇപ്പോള്‍ ആ സ്ഥിതിയിലാണ്. എന്റെ വീട്ടിനു മുന്‍പിലുള്ള ചേമ്പിന്‍കൂട്ടം, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മുറിച്ചെടുക്കാം. അതാണ് ഞാനിവിടെ കുന്തിച്ചിരിക്കുന്നത്. ഇതില്‍ എന്തു നാണക്കേടിരിക്കുന്നു? മുറിയ്ക്കുക തന്നെ. ഞാന്‍ തണ്ട് മുറിച്ച് മാറ്റിവെച്ചു, റോട്ടില്‍. അയല്‍ക്കാര്‍ തുറിച്ച് നോക്കി അകത്തേക്ക് പോയി. ഇലകളും മുറിച്ചെടുത്ത് ഞാന്‍ തണ്ട് താഴെ വച്ച് ചെമ്മീനിനെ പറ്റി ചിന്തിച്ചു. രാവിലെ തൊട്ട് ചെമ്മീനും കൊണ്ടാരും കടന്നു പോയിട്ടില്ല. ചെറുമീനുകളും കൊണ്ട് പോയവരെ മാത്രമെ കണ്ടുള്ളു.
‘‘അമ്മാവാ, എന്താ കണ്ണിന്റെ അടിയൊക്കെ വീങ്ങിയിരിക്കുന്നത്? താടിയൊക്കെയായി വല്ലാത്ത കോലം. അസുഖമൊന്നുമില്ലല്ലൊ?'' പുരോണോപാരയില്‍ നിന്നുള്ള സുബോല്‍-ദായുടെ മകന്‍ അതിലെ വന്നു. എന്നെ കണ്ടപ്പോള്‍ സുഖവിവരം ചോദിച്ചു.
‘‘വല്ലാതെ വീങ്ങിയിട്ടുണ്ടോ?''
‘‘ഉം, നീരു വച്ച പോലെയുണ്ട്. കണ്ടിട്ടത്ര സുഖമല്ല. ചുമയുണ്ടോ?''
‘‘ഇല്ല.'' ഞാന്‍ ഓടയുടെ അടുത്ത് പുല്ലിലിരുന്നുകൊണ്ട് അവനോട് സംസാരിച്ചു. ‘‘ലോക്ക് ഡൗണ്‍ മാറുമ്പോള്‍ ഒരു നല്ല ഡോക്ടറെ കാണൂ!''
പയ്യന്‍ കടന്നു പോയി. ഞാനെന്നെത്തന്നെ നന്നായൊന്ന് നോക്കിയിട്ട് കുറേ കാലമായി. കുളി കഴിഞ്ഞ്, ഞാന്‍ ധൃതിയില്‍ മുടിയിലൂടെ ചീര്‍പ്പോടിച്ചു, ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. എന്തായാലും, എവിടെയും പോകുന്നൊന്നുമില്ലല്ലോ! ഇന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടു, കണ്‍തടം വീങ്ങിയിരിക്കുന്നത്. അവന്‍ പറഞ്ഞതു ശരിയാ. നന്നായി വീങ്ങിയിട്ടുണ്ട്! രക്തദൂഷ്യം വല്ലതുമാണോ? അതോ വൃക്കത്തകരാറോ? നമുക്ക് നമ്മുടെ രൂപം ശരിയ്ക്കും കാണാന്‍ കഴിയില്ലല്ലോ. അതിനു മറ്റൊരാളുടെ കണ്ണു തന്നെ വേണം. എനിക്ക് ആധി പിടിയ്ക്കാന്‍ ഒരു കാര്യവും കൂടി തന്നു, സുബോലിന്റെ മകന്‍.
പകുതി ശമ്പളം, അതും എത്രനാൾ?
പ്രസാധകശാലയിലെ എല്ലാവരും ട്രെയിനിലാണ് ജോലിയ്ക്ക് പോയിരുന്നത്. കമ്പോസിറ്റര്‍ അമല്‍-ദാ, നാല്‍പ്പത്തിയഞ്ചു മിനിട്ടകലെ, ഹൗറയിലാണ് താമസം. സിംഗൂരില്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഫാക്ടറി നീക്കം ചെയ്ത അതേ സിംഗൂരില്‍. അമിത് ആണ് പുസ്തകങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നത്. മെല്ലിച്ച, ദരിദ്രനായ യുവാവാണവന്‍. അവനും ഇരുപതു മിനിട്ടകലെ നിന്നാണ് വരുന്നത്. അവനെ പറ്റിയാണ് എനിക്കേറ്റവും ആശങ്ക. അസുഖം വന്നാല്‍, ഒട്ടും രോഗപ്രതിരോധശേഷിയില്ലാത്തവനാണ്. ബസ്സില്‍ വരാമെന്നാണെങ്കില്‍ ഇപ്പോഴത്തെ ബസ്സു കൂലി നോക്കിയാല്‍ അവന്റെ ശമ്പളത്തോളം ചെലവു വരും. മറ്റുള്ള രണ്ടു മൂന്നാളുകളുടെയും അവസ്ഥ ഇതു തന്നെ. അവരും ദൂരെ നിന്നാണ് വരുന്നത്. അവരുടെ കുടുംബങ്ങളുടെ സുരക്ഷയെ കരുതി ഞാനവരോട് ജോലിയ്ക്ക് വരണ്ട എന്നു പറഞ്ഞു. ചെറിയ ശമ്പളത്തിനു ജോലി ചെയ്യുന്നവരാണ്. ഞാനവരുടെ കുടുംബങ്ങളെ സങ്കല്‍പ്പിച്ചു നോക്കി. സ്ഥിതിഗതികള്‍ സാധാരണ പോലെയാവുന്നതു വരെ വീട്ടില്‍ ഇരിക്കാന്‍ ഞാനവരോട് പറഞ്ഞു. എനിക്കാവുന്നത്രയും കാലം, ഞാന്‍ നിങ്ങള്‍ക്ക് പകുതി ശമ്പളം തരാം...
ദിവസങ്ങള്‍ കടന്നുപോകെ, ടി.വിയിലെ വാര്‍ത്തകള്‍ ഭീതി നിറച്ചു. ഞാന്‍ ടി.വിയുടെ മുന്‍പില്‍ നിന്ന് മാറിയിരുന്നു. മൂന്നാളുകളുടെ അടുത്ത് പുസ്തകങ്ങളുടെ പ്രൂഫുണ്ടായിരുന്നു. ആറു പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അമല്‍-ദാ ഇല്ലാതെ മുന്‍പോട്ട് പോകാനാവില്ല.
അദ്ദേഹം വന്നാലും എന്തു ചെയ്യാനാവും? പുസ്തകമിറക്കി കൈയ്യിലുള്ള പണം അനിശ്ചിതമായി കുരുക്കിയിടാന്‍ എനിക്ക് കഴിയുമോ? എന്തു ചെയ്യണമെന്നറിയില്ല. എന്നാലും, ഇങ്ങനെ സ്തംഭിച്ചിരിക്കുന്നതും യുക്തിയാണോ? മിക്ക സമയവും ഇതാണ് എന്റെ ചിന്തയില്‍. ഞാന്‍ സുഹൃത്തുക്കളോടും ഇക്കാര്യം ചര്‍ച്ച ചെയ്തു. പക്ഷെ? ഒരു ദിവസം ഈ കഷ്ടകാലം തീരുമെന്നെനിക്കുറപ്പുണ്ട്! ആ വിശ്വാസത്തില്‍ കാത്തിരുന്നാലോ! ഞാനെന്റെ എഴുത്തുകാരോട് പറയും, ലോക്ക്ഡൗണൊന്നു കഴിഞ്ഞോട്ടെ. ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും, എത്രത്തോളം ഉള്‍ക്കൊള്ളുന്നുണ്ടെന്നറിയില്ല. പലര്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ കാണണം.
കൈയ്യെഴുത്തുപ്രതി ലഭിച്ചതിനുശേഷം പുസ്തകം കടയിലെത്തുന്നതു വരെ നടക്കുന്നത്, കമ്പോസിംഗ്, പ്രൂഫ് നോക്കല്‍, അച്ചടിക്കാന്‍ കൊടുക്കല്‍ ഒക്കെയാണ്. ഞങ്ങളുടെ ബംഗാളി പ്രസാധകശാലയില്‍ എഡിറ്റിംഗ് ഇല്ലെന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. അതു കഴിഞ്ഞാല്‍ അച്ചടിശാലയിലെ ജീവനക്കാര്‍, പിന്നെ ബൈന്‍ഡിംഗ് ചെയ്യുന്നവര്‍. പുസ്തകങ്ങള്‍ റിക്ഷാവാനിലാണ് പ്രസാധകരുടെ അടുത്തെത്തുന്നത്.
ബില്ല് തരും, അതടയ്‌ക്കേണ്ടി വരും, പക്ഷെ എങ്ങനെ?
യൂണിക്കോഡ് വന്നതോടെ, കുറച്ച് രചനകളൊക്കെ ഈ-മെയിലിലാണ് ഇപ്പോള്‍ വരുന്നത്, എന്നാലും കമ്പോസിറ്ററില്ലാതെ ഇപ്പോഴും പറ്റില്ല. ബൊയിപാരയില്‍ കുറേ പേരുണ്ട് കമ്പോസിറ്റര്‍മാര്‍. അവരാണ് പലപ്പോഴും പ്രൂഫ് നോക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും ലോക്ക് ഡൗണ്‍ സമയത്ത് തൊഴിലില്ലാതിരിക്കുകയാണ്. എന്തു പറഞ്ഞാലും കോളേജ് സ്ട്രീറ്റ് കൊല്‍ക്കത്തയിലാണല്ലോ. ഈ ജോലിക്കാരില്‍ പലരും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമാണ് വരുന്നത്. ട്രെയിനില്‍, അല്ലെങ്കില്‍ ബസ്സില്‍. പക്ഷെ അവയൊന്നും ഇപ്പോള്‍ ഓടുന്നില്ലല്ലൊ. വളരെ കുറച്ച് ബസ്സുകളേ ഓടുന്നുള്ളു. മറുഭാഗത്ത്, വാങ്ങുന്നവരും ഇല്ലല്ലോ. പരിസരപ്രദേശങ്ങളില്‍ നിന്നാര്‍ക്കും വരാനാവുന്നില്ല. നിത്യജീവിതമാകെ നിലച്ചതു പോലെയാണ്. ലോക്ക്ഡൗണ്‍ കാരണം ഈ വ്യവസായവൃത്തമാകെ അഴികള്‍ക്കുള്ളിലാണെന്ന് തോന്നുന്നു.
ചില പ്രസാധകര്‍ തുറന്നിട്ടുണ്ട്. ഞങ്ങളെ പോലെ. അതേസമയം, ബൈന്‍ഡ് ചെയ്യുന്നവര്‍ പണിതീര്‍ന്ന പുസ്തകങ്ങള്‍ കൊണ്ടുപോകാന്‍ എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. ഞാനവരോട് പറഞ്ഞു, കുറച്ചു ദിവസത്തേക്ക് ക്ഷമിക്കൂ. ഞാനവ എടുത്താല്‍ ഉടനെ അവര്‍ ബില്ല് തരും. അതടയ്‌ക്കേണ്ടി വരും. പക്ഷെ എങ്ങനെ? വില്‍പ്പനചരക്കുകളുമായി തെരുവിലിറങ്ങിയ പ്രതീതി. റിക്ഷയുടെ ചക്രങ്ങള്‍ മുട്ടറ്റം ചെളിയില്‍ കുടുങ്ങിയിരിക്കുന്നു. പീളകെട്ടിയ കണ്ണുകളോടെ ഞാന്‍ വിഷണ്ണനായി മുന്നോട്ട് നോക്കിനില്‍ക്കുന്നു. ചുറ്റും മ്ലാനതയാര്‍ന്നിരിക്കുന്നു.
ഇതിനെല്ലാം ഇടയ്ക്കതാ അംഫാന്‍. ഒരാഴ്ചയോളമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു, ബംഗാളിന്റെ കടലോരമേഖലയില്‍ സര്‍വ്വശക്തിയോടെ ആഞ്ഞടിക്കാന്‍ പോകുന്നു ആ ചുഴലിക്കാറ്റിനെക്കുറിച്ച്. വടക്ക്, തെക്ക് 24-പര്‍ഗാനാസിലും കടലോരപ്രദേശങ്ങളിലും കൊല്‍ക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷാ അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കപ്പെട്ടു. വരാന്‍ പോകുന്ന ചുഴലിക്കാറ്റിനെ കുറിച്ചുള്ള ആധി കാരണം ജനങ്ങള്‍ ലോക്ക് ഡൗണ്‍ മറന്നു. കൊറോണവൈറസില്‍ നിന്ന് ശ്രദ്ധ മണ്‍കുടിലുകളിലും വഴിയോരത്ത് മറച്ചുകെട്ടിയും താമസിക്കുന്ന പാവപ്പെട്ടവരെ മാറ്റുന്നതിലേക്ക് തിരിഞ്ഞു. ബോയിപാരയിലെ വഴിയോര പുസ്തകവില്‍പ്പനക്കാര്‍ കടകള്‍ സംരക്ഷിക്കുമെന്നാണ് കരുതപ്പെട്ടത്. പലരും അതു ചെയ്യുകയും ചെയ്തു. ഒരുപാട് സ്റ്റോക്ക് ഇല്ലാതിരുന്നവര്‍. മറിച്ച്, ലോക്ക് ഡൗണ്‍ മറികടന്ന് സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ പുറകെ പോണോ! അവരും കഷ്ടപ്പെട്ടു.
ബോയിപാര അപകടത്തിലാണ്. അതെ, ശരിയ്ക്കും അപകടത്തില്‍. അംഫാന്‍ കാരണമല്ല, ലോക്ക് ഡൗണ്‍ കാരണം. രോഗബാധ, മരണം, മുട്ടോളം വെള്ളം... എന്തായാലും ബോയിപാരയുടെ വിധിയാണ്. അതെല്ലാ കൊല്ലവും മഴക്കാലത്ത് ഉണ്ടാവാറുള്ളതാണ്. ഇത്തവണ, അംഫാന്‍ കാരണം കനത്ത മഴയുണ്ടായി. അതു കാരണം നാശനഷ്ടങ്ങളുമുണ്ടായി, പക്ഷെ കരയാന്‍ മാത്രമൊന്നുമില്ല.
എത്ര നാളാണ് വയറ് സമ്മതിക്കുക
ബോയിപാരയില്‍ സഹായമെത്തി. വിതരണവും നടക്കുന്നു. പലരും തങ്ങളുടെ നഷ്ടത്തിന്റെ കണക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കുതിര്‍ന്നു പോയ പുസ്തകങ്ങള്‍. ഒഴുകിപ്പോയ പുസ്തകങ്ങള്‍. പക്ഷെ ബോയിപാര നശിച്ചു കഴിഞ്ഞുവോ? ചരക്കുകള്‍ പറന്നു പോയതിന്റെയൊ ചിതറിക്കിടക്കുന്നതിന്റെയൊ ഹൃദയഭേദകമായ ചിത്രങ്ങളൊന്നും കണ്ടതായി ഞാനോര്‍ക്കുന്നില്ല. ഞാന്‍ എന്തായാലും കണ്ടിട്ടില്ല.
ജനതാ കര്‍ഫ്യുവിന് ശേഷം, ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയുകയും, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ പ്രദേശങ്ങള്‍ തരം തിരിക്കുകയും ചെയ്തതിനു ശേഷം - അവസാനം പുസ്തകവില്‍പ്പനക്കാര്‍ക്ക് ഇളവ് നല്‍കി. ചിലരെങ്കിലും രക്ഷപ്പെടട്ടെ. അത് ന്യായം, കാരണം എത്ര നാളാണ് വയറ് സമ്മതിക്കുക! ഏതാണ്ട് അന്‍പതു ശതമാനത്തോളം പുസ്തകവില്‍പ്പനക്കാരും പ്രസാധകരുമാണ് ഇപ്പോള്‍ സ്ഥിരമായി തുറക്കുന്നത്. ഏതാണ്ട് മുപ്പതു ശതമാനത്തോളം പേര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തുറക്കുന്നു. മറ്റുള്ളവര്‍ ഇടയ്ക്ക് വന്ന് ചിതലോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടോ എന്ന് നോക്കി പോകുന്നു.
പ്രസാധകര്‍ മാത്രമാണോ ഈയവസ്ഥയില്‍? കലാസാംസ്‌കാരിക രംഗത്തെ പല തുറകളിലും ഇപ്പോള്‍ സ്ഥിതി മോശമാണ്. ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നു, ഒന്നും തന്നെ നമ്മുടെ കൈയ്യിലല്ല.
പലയാളുകളും ദുരിതാശ്വാസം നല്‍കാന്‍ തയ്യാറാണ്. ചില സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോളേജ് സ്റ്റ്രീറ്റിലെ ബോയിപാരയിലേക്ക് വ്യക്തികളുടെ സംഭാവനകളും വന്നിട്ടുണ്ട്. ഞാന്‍ കേട്ടതില്‍ നിന്ന്, നല്ലൊരു തുകയാണ് വന്നിട്ടുള്ളത്. വിദേശത്തു നിന്നും പണം വന്നിട്ടുണ്ടെന്ന് കേട്ടു. ഒരു സംഘടനയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ എന്റെ അടുത്തുള്ള രണ്ട് പുസ്തകക്കച്ചവടക്കാരുടെ പേരു കണ്ടു. അംഫാനില്‍ എന്റെ സ്ഥാപനത്തിന് കേടുപാടുകളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ അതെ കെട്ടിടത്തിലുള്ള മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെയാവില്ലേ? എന്നിട്ടും ദുരിതാശ്വാസത്തിനുള്ള അപേക്ഷ? ഒരു അന്വേഷണവുമുണ്ടായില്ലേ? അവര്‍ നാശനഷ്ടങ്ങള്‍ക്കുള്ള തെളിവും കൊടുത്തുവെന്ന് കേട്ടു! ഞാന്‍ അന്തം വിട്ടു! മറ്റു പല പേരുകളും ഞാന്‍ കാണുന്നുണ്ട്. സംശയം തോന്നിപ്പിക്കുന്നവ.
പണം വന്നു, അത് വിതരണം ചെയ്യുകയും വേണം. പക്ഷെ ആര്‍ക്ക്? ഏതു പുസ്തകവില്‍പ്പനക്കാര്‍ക്ക്? അവരുടെ കൈയ്യിലുള്ള മിക്ക പുസ്തകങ്ങളും വേറെ ആളുകളുടേതാണ്. പ്രസാധകരാണ് ദുരുതാശ്വാസപദ്ധതിയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. എന്നു വച്ചാല്‍, വ്യാപാരികള്‍. കെടുതിയുടെ കാലത്ത് ദുരിതാശ്വാസത്തിന്റെ പേരില്‍, ആരുമറിയാതെ, എന്നാല്‍ സത്യത്തില്‍, ലാഭക്കളി നടക്കുന്നുണ്ടോ?
എനിക്കും കൈ നീട്ടേണ്ടി വരും
ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണിയുടെ എണ്ണമറ്റ കഥകളാണ് ആളുകള്‍ പറയുന്നത്. ജോലിക്ക് വരാന്‍ കഴിയാത്ത, ബോയിപാരയിലെ തൊഴിലാളികളുടെ കഥകളായിരിക്കാം അവ. ജോലി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് കൂലിയില്ല. എത്ര പ്രസാധകര്‍ കൂലിയുടെ ഒരു പങ്കെങ്കിലും അവര്‍ക്ക് കൊടുക്കുന്നുണ്ടെന്ന് എനിക്കറിയില്ല. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന പുസ്തകതൊഴിലാളികള്‍, പ്രിന്റിംഗ് തൊഴിലാളികള്‍, ബൈന്‍ഡിംഗ് തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, റിക്ഷാഡ്രൈവര്‍മാര്‍ എന്നിവരുടെയൊക്കെ പേരുകള്‍ പട്ടികയില്‍ ചേര്‍ക്കേണ്ടേ? അവര്‍ക്കും സാമ്പത്തികസഹായം വേണ്ടതല്ലേ? അറിഞ്ഞിടത്തോളം അവരൊക്കെ കണക്കുകൂട്ടലിനു പുറത്താണ്. അരികുവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരില്‍ ദരിദ്രരുമായവര്‍.

എന്തൊക്കെയായാലും - എന്റെ കഷ്ടതകള്‍ എന്റേതു മാത്രമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഈ അവസ്ഥ തുടര്‍ന്നാല്‍ - എനിക്കും കഷ്ടപ്പാടിന്റെ കഥകള്‍ നിരത്തി സഹായത്തിനായി കൈ നീട്ടേണ്ടി വരും. പ്രസാധകശാല കുറച്ച് പ്രസിദ്ധിയുള്ളതായതു കൊണ്ട് കുറച്ച് വൈമനസ്യമുണ്ട് എനിക്ക്. പക്ഷെ പതിയെ അതു മാറ്റി വയ്ക്കാനാവും! എന്നെ സഹായിക്കണേ, എന്നു പറഞ്ഞു കൊണ്ട്, അരിയും പരിപ്പും കിഴങ്ങും വാങ്ങാനായി ഞാനും വരി നില്‍ക്കും!
ചേമ്പിന്‍ തണ്ട് മുറിച്ചതു കൊണ്ട് അയല്‍വക്കത്ത് മോശക്കാരനായതു പോലെ അരിയ്ക്കും പരിപ്പിനും പോകേണ്ട സമയമായോ? അല്ലെങ്കില്‍ ദുരിതാശ്വാസത്തിനുള്ള അപേക്ഷയുമായി ബോയിപാരയിലേക്ക് സംഭാവനകളയക്കുന്ന സംഘടനകളുടെയോ അത് വിതരണം ചെയ്യുന്ന ആളുകളുടെയോ അടുത്തേയ്ക്ക്?
പക്ഷെ ഞാന്‍ അപേക്ഷയുമായി വരിയില്‍ നിന്നാല്‍, എന്റെ ചുറ്റുമുള്ള പ്രസാധകര്‍ എന്നെ വിചിത്രമായി നോക്കില്ലേ? പിറുപിറുക്കില്ലേ? എന്നെ കണ്ടാല്‍ മിണ്ടുമോ? അതോ ദൂരെ നിന്ന് തന്നെ പറയുമോ, അതാ പോകുന്നു, ലോക്ക് ഡൗണ്‍ കള്ളന്‍!
ആധിര്‍ ബിസ്വാസ്
ജനനം 1955ല്‍. 1967ല്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി എത്തുകയും കൊല്‍ക്കത്തയില്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും ബിരുദപഠനവും പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാലു ഭാഗങ്ങളായുള്ള ദേശ്ഭാഗേര്‍ സ്മൃതി (വിഭജനത്തിന്റെ ഓര്‍മകള്‍) 2005ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അല്ലാഹേര്‍ ജൊമിത്തെ പാ (അല്ലാഹുവിന്റെ മണ്ണില്‍ കാലു കുത്തുന്നു), ബിസ്വാസിന്റെ നാലു ഭാഗങ്ങളുള്ള ഓര്‍മക്കുറിപ്പുകളുടെ ആദ്യ ഭാഗം 2014ല്‍ ബംഗ്‌ള അക്കാദമിയുടെ സുപ്രഭ മജൂംദാര്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹമായി. തുടര്‍ന്ന് ഉദ്ബസ്തു പോഞ്ചിക (ഒരു അഭയാര്‍ത്ഥിയുടെ പഞ്ചാംഗം), ചലോ ഇന്ത്യ! (ഇന്ത്യയിലേക്ക്!), ഗോര്‍ചുമുക്ക് (ഒരിറക്ക് മൈതാനം) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു. യുവവായനക്കാര്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കഥകള്‍, നൊവെല്ലകള്‍, നോവലുകള്‍ എന്നിവയുടെ നാലു ഭാഗങ്ങളുള്ള സമാഹാരം 2017ല്‍ ബംഗ്‌ള അക്കാദമിയുടെ വിദ്യാസാഗര്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹമായി. ഗാംഗ്ചില്‍ എന്ന ബംഗാളി പ്രസാധകശാലയുടെ എഡിറ്ററാണ്.
ബംഗാളിയില്‍ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വി. രാമസ്വാമി, ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം അനുരാധ സാരംഗ്.
സുബാബു
22 Jul 2020, 04:10 PM
വളരെ നന്നായിരിക്കുന്നു. വിവർത്തനം മികച്ചത്.. അനുരാധ തുടരൂ... ❤️
സി ഗണേഷ്
22 Jul 2020, 01:03 PM
സ്പർശിക്കുന്നത്....
K A Antony
22 Jul 2020, 11:30 AM
Very touching. Good translation.
Vasudevan kuppat, kozhikode
21 Jul 2020, 08:45 PM
Very good
രവി പ്രകാശ്
21 Jul 2020, 07:54 PM
മനുഷ്യൻ്റെ പ്രശ്നങ്ങൾക്ക് അതിരുകൾ ഇല്ല
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
അനുരാധ സാരംഗ്
Nov 27, 2020
7 Minutes Read
അരവിന്ദൻ കൂടാളി
26 Jul 2020, 06:46 PM
ജീവിതം ലോക്ക് ഡൗണാക്കുന്നു.