രാജ്യത്തെ കാർഷിക നയരൂപീകരണത്തിൽ (Agriculture Policy) സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ. ഓൾ ഇന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റിയാണ് (A.I.K.C.C) ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും വിളവെടുപ്പ് രീതിയും മറ്റും വ്യത്യസ്തമാണ്. അതിനാൽ സംസ്ഥാനങ്ങൾ കാർഷികനയം രൂപീകരിച്ചാൽ അത് പൊതുവിൽ കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് സംഘടനകളുടടെ നിലപാട്. കാർഷിക നയത്തിൻെറ കാര്യത്തിൽ ഒരു നിശ്ചിത പരിധിക്കുള്ള കാലത്തേക്കെങ്കിലും കേന്ദ്രവും സംസ്ഥാനങ്ങളും സ്ഥിരത നിലനിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു. കൃഷി കൺകറൻറ് ലിസ്റ്റിൽ (Cuncurrent List) വരുന്ന വിഷയമായതിനാൽ നയരൂപീകരണത്തിനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്ക് നൽകണമെന്ന് കാലങ്ങളായി രാജ്യത്തെ വിവിധ കർഷക സംഘടകൾ മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. നയപരമായ സ്ഥിരതയില്ലാത്ത അവസ്ഥ കാർഷിക പ്രതിസന്ധയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. വിത്ത്, മണ്ണ് എന്നിവയെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ കാർഷിക നയരൂപീകരണം അതാത് സംസ്ഥാനങ്ങൾക്ക് നൽകുന്നത് വഴി രാജ്യത്തെ കാർഷികനയം കർഷക സൗഹാർദമാകുമെന്നാണ് സംഘടനകളുടെ നിലപാട്.
കാർഷിക നയങ്ങളുടെ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ പല തർക്കങ്ങളും നിലനിൽക്കുന്നുവെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറുകൾ നയരൂപീകരണം നടത്തണമെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ എ.ഐ.കെ.സി.സി ചെയർമാൻ ഭൂപീന്ദർ സിംഗ് മൻ പറഞ്ഞു.
“നമ്മുടെ ജനസംഖ്യയുടെ 60%-ത്തിലധികം പേരും കൃഷിയെ ഉപജീവനത്തിനായി ആശ്രയിക്കുന്നു. കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. മിക്ക സംസ്ഥാനങ്ങൾക്കും സ്വന്തമായി ഒരു കാർഷിക നയം ഇല്ല. സംസ്ഥാന സർക്കാരുകൾ സ്വയം നയം രൂപീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ കാർഷിക നയങ്ങളുടെ കാര്യത്തിൽ സ്ഥിരതയുണ്ടാവും. അത് ഈ കാലഘട്ടത്തിൻെറ ആവശ്യമാണ്. കാർഷിക കയറ്റുമതി വർധിപ്പിക്കാനും ഇത് സഹായിക്കും,” ഭൂപീന്ദർ സിംഗ് മൻ വ്യക്തമാക്കി.
ബി.ജെ.പി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് കാർഷിക നയം രൂപീകരിക്കുന്നതെന്നാണ് രാജ്യത്തെ കർഷക സംഘടനകൾ മുന്നോട്ടുവെക്കുന്ന പ്രധാന ആരോപണം. കാർഷിക മേഖലയിലെ സ്വകാര്യവൽക്കരണം രാജ്യത്തെ കൃഷിയേയും ഇവിടുത്തെ കർഷകരെയും എത്തരത്തിലാണ് ബാധിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച സൗത്ത് ഇന്ത്യൻ കോഡിനേറ്ററും ആക്ടിവിസ്റ്റുമായ പി.ടി. ജോൺ ട്രൂകോപ്പി തിങ്കിനോട് വിശദീകരിച്ചു.
“കൃഷിയെന്നത് ഒരു സംസ്ഥാന വിഷയമായി ഭരണഘടനയിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും നയവും ഉണ്ടാക്കേണ്ടത് സംസ്ഥാന തലങ്ങളിലാവണം. കാർഷിക മേഖലയിൽ കോർപറേറ്റ് ആധിപത്യം വരികയും വിത്തിന്റെ നിയന്ത്രണം കമ്പനികളുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്യുന്നത് സീഡ് ബില്ല് നിലവിൽ വന്നതോടെയാണ്. അതിന് അനുബന്ധമായിട്ടാണ് മൾട്ടി ലാട്രൽ, ബൈ ലാട്രൽ പോലെയുള്ള വിത്ത് വിൽപന കരാറുകൾ നിലവിൽ വരുന്നത്. ഇത്തരം കരാറുകൾ മുഴുവൻ ഒന്നോ അതിൽ കൂടുതലോ രാജ്യങ്ങളുമായുള്ള കരാറുകളാണ്. ഇതെല്ലാം വ്യാപാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, കൃഷിയുമായി ബന്ധപ്പെട്ടതല്ല. അതിനെ മറികടക്കണമെങ്കിൽ സംസ്ഥാനതലത്തിലുള്ള നിയമങ്ങൾ മാത്രം പോരാ. അവിടെ നിന്നും താഴേക്ക് വരേണ്ടതുണ്ട്. വയനാട്ടിലെ ജീരകശാല അരി വേറെ എവിടെയും കൃഷി ചെയ്ത് ഉണ്ടാക്കുന്നില്ലല്ലോ. വിത്തുകൾ പ്രാദേശികമായുണ്ടായിരുന്നതാണ്. കോർപറേറ്റ് താൽപര്യങ്ങൾക്കനുസരിച്ചുള്ള നിയമനിർമാണങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ കാലമാണല്ലോ? ഈ സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് പരിസ്ഥിതിക്കാണ്. അശാസ്ത്രീയമായ കൃഷിരീതികൾ വെള്ളത്തിനെയും മണ്ണിനേയും വായുവിനേയുമൊക്കെ വിഷമയമാക്കിയിട്ടുണ്ട്. മോഡിഫൈഡ് വിത്തുകളുടെ കാര്യത്തിൽ ഒരു കേസ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. ഇരുപത് വർഷം കഴിഞ്ഞാണ് അതിന്മേൽ വിധി വന്നത്. ആ ജഡ്ജ്‌മെന്റിൽ ജി.എം വിത്തുകളുടെ കാര്യത്തിൽ ഒരു ദേശീയനയം ഉണ്ടാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആ ദേശീയ നയത്തിന്റെ അടിസ്ഥാനത്തിൽ ജനിതക വിത്തുകൾ ഇറക്കുമതി ചെയ്യണോ കൃഷി വ്യാപിപ്പിക്കണോ എന്ന് നാല് മാസത്തിനുള്ളിൽ തീരുമാനിക്കണമെന്നും കോടതി പറഞ്ഞിരുന്നു. കർഷകരുമായും സംസ്ഥാന സർക്കാറുകളുമായും കൂടിയാലോചിച്ച് വേണം നയം രൂപീകരിക്കാനെന്നും പറഞ്ഞിരുന്നു.” പി.ടി ജോൺ വ്യക്തമാക്കി.
ഉദ്യോഗസ്ഥവൃന്ദമാണ് കോർപറേറ്റുകൾക്കു വേണ്ടി നിയമനിർമാണം നടത്തുന്നതെന്നും, രാജ്യത്തെ ഭരണനേതൃത്വം അതിന് വഴങ്ങികൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത്തരം നിയമങ്ങൾ ബ്യൂറോക്രാറ്റ്‌സ് രൂപപ്പെടുത്തുന്നത് കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ്. ഉദ്യോഗസ്ഥർ രൂപപ്പെടുത്തുന്ന പദ്ധതികൾക്ക് വഴങ്ങികൊടുക്കുന്ന രാഷ്ട്രീയ-ഭരണ നേതൃത്വമാണ് നമുക്കുള്ളത്. അതിനെ ചോദ്യം ചെയ്യുന്ന, ഇതല്ല വേണ്ടതെന്ന് പറയാൻ കഴിയുന്ന നേതൃത്വമില്ല. ചെറുവയൽ രാമന് നിങ്ങൾ പത്മശ്രീ കൊടുത്ത് ആദരിക്കുന്നതിലൂടെ അദ്ദേഹം പിന്തുടരുന്ന കൃഷിരീതിയേയും നിങ്ങൾ ആദരിക്കുകയല്ലേ? അങ്ങനെയാണെങ്കിൽ പ്രാദേശിക തലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്താൻ ഗ്രാമസഭകളെ അനുവദിക്കേണ്ടതാണ്. കേന്ദ്ര - സംസ്ഥാന ബന്ധം പലപ്പോഴും കാർഷിക നയരൂപീകരണത്തിൽ പ്രശ്നം സൃഷ്ടിക്കാറുണ്ട്. എല്ലാ നയങ്ങളും കേന്ദ്രത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് നിലവിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. അതിനെതിരായ വിശാലമായ ജനകീയ ഐക്യനിര കൈട്ടിപ്പടുക്കപ്പെടുകയും തിരുത്തലുകൾ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്.
കർഷകർ വിപണിയിൽ വിൽപനയ്ക്ക് വേണ്ടിയാണല്ലോ കൃഷിചെയ്യുന്നത്. എന്നാൽ മാർക്കറ്റിനും വ്യാപാരത്തിനും കർഷകനുമായി ബന്ധമില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. വ്യാപാരമെന്നത് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ഉണ്ടാക്കുന്ന ചില കരാറുകളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ്, അന്താരാഷ്ട്ര വിപണിയിലൂടെയായാലും ദേശീയ വിപണിയിലൂടെയായാലും വ്യാപാരം നടത്തുമ്പോൾ കർഷകർക്ക് പ്രയോജനം കിട്ടുന്നില്ലെന്നും, ഉൽപാദന ചെലവ് കണക്കാക്കി മിനിമം താങ്ങുവില നൽകണമെന്നും നിരന്തരം ഞങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തെ കാർഷികമേഖലയിൽ കോടികണക്കിന് രൂപയുടെ വ്യാപാരം നടക്കുന്നുണ്ടാവാം, എന്നാൽ അതിന്റെ യഥാർഥ പ്രയോജനം കർഷകർക്ക് ലഭിക്കാറില്ലെന്നതാണ് അവസ്ഥ,” പി.ടി.ജോൺ പറഞ്ഞു.