അംബാനിയെയും അദാനിയെയും എന്തുകൊണ്ട് കർഷകർ ബഹിഷ്‌കരിക്കുന്നു?

സർക്കാരിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ പിടിപാടുള്ള, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും കോർപ്പറേറ്റുകൾക്കെതിരായ പ്രക്ഷോഭത്തിൽ കർഷകരുടെ വിജയം എളുപ്പമായിരിക്കുകയില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാലും, തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനും അതിന്റെ മർമ സ്ഥാനത്തുതന്നെ ആക്രമിക്കാനും തീരുമാനിച്ചതിലൂടെ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങൾക്ക് വലിയ ദിശാബോധമാണ് ഇന്ത്യൻ കർഷകർ നൽകിയിരിക്കുന്നത്

ർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ നടപ്പാക്കിയ നിയമ ഭേദഗതികളിൽ നിന്ന് പിന്തിരിയാൻ തയ്യാറല്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ചർച്ച കൊണ്ട് കൂടുതലൊന്നും നേടാനില്ലെന്ന് തിരിച്ചറിഞ്ഞ കർഷകർ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങുകയാണ്.

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ഡൽഹിയിലേക്കുളള പ്രധാന പാതകൾ ഉപരോധിക്കാനും നിശ്ചയിച്ചതോടൊപ്പം മർമ പ്രധാനമായ മറ്റൊരു സമരാഹ്വാനവും കർഷക സംഘടനകൾ കൂട്ടായി നടത്തിയിരിക്കുന്നു- ഇന്ത്യയിലെ രണ്ട് പ്രധാന വ്യവസായ ഗ്രൂപ്പുകളായ അംബാനി- അദാനി ദ്വയങ്ങളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കും. റിലയൻസിന്റെ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ നിറയ്ക്കരുതെന്നും, അവരുടെ ഇന്റർനെറ്റ് - മൊബൈൽ സേവനങ്ങൾ ഉപയോഗിക്കരുതെന്നും അദാനി- അംബാനി മാളുകൾ, കാർഷിക വിപണന കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിക്കരുതെന്നും ആഹ്വാനം ചെയ്യുന്നതോടൊപ്പം രണ്ട് കോർപ്പറേറ്റുകളുടെയും സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണസംഘടിപ്പിക്കുവാനും അവർ നിശ്ചയിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ബഹിഷ്‌കരണാഹ്വാനത്തിന് വിപുല അർത്ഥതലങ്ങളുണ്ട്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കർഷക സംഘടനകളുടെ ഈ ബഹിഷ്‌കരണാഹ്വാനത്തെ പിന്തുണയ്ക്കാൻ എത്രകണ്ട് സാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.

എന്തുകൊണ്ട് അംബാനി-അദാനി?

ബി.ജെ.പിയുടെ അധികാര പ്രവേശനത്തെയും തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് വിജയത്തെയും സൂക്ഷ്മമായി വിലയിരുത്തുന്ന ആർക്കും ഇതിന് ഉത്തരം എളുപ്പം കണ്ടെത്താം. 2014ൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര അദാനിയെന്ന വ്യവസായിയുടെ സ്വകാര്യ വിമാനത്തിലായിരുന്നു എന്നത് പരസ്യമായ സംഗതിയാണ്. തുടർന്നുള്ള ആറ് വർഷക്കാലത്തിനകത്ത് ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ അദാനി- അംബാനി ദ്വയങ്ങൾ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ വഹിച്ച പങ്ക് ചില്ലറയല്ല.

ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ നൽകുന്നതിനിടയിൽ ഒരു രാജ്യത്തെയും പ്രധാനമന്ത്രി ചെയ്യാത്ത കാര്യം കൂടി നരേന്ദ്രമോദി ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ‘പോസ്റ്റർ ബോയ്' എന്ന നിലയിലേക്ക് സ്വയം തരംതാഴ്ത്തുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറത്തേക്ക് ആരാണ് രാഷ്ട്രീയക്കാരൻ, ആരാണ് വ്യവസായി എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറിമറിയുന്നത് ഇന്ത്യൻ ജനത ഈ കാലയളവിൽ നോക്കിക്കാണുകയായിരുന്നു.

രാജ്യത്തിന് മൈനസ് വളർച്ച, കുത്തകകൾക്ക് ഭീമമായ വളർച്ച

80കളുടെ അവസാനം വരെ അഹമ്മദാബാദ് നഗരത്തിൽ ബജാജ് സ്‌കൂട്ടർ ഓടിച്ചു നടന്ന ഗൗതം അദാനിയെന്ന ഒരു ചെറുകിട വ്യവസായി, ഇന്ത്യയിലെ ഏറ്റവും ശക്തനായ ബിസിനസ് ഗ്രൂപ്പിന്റെ ഉടമയായി മാറുന്നത് വളരെ ചെറിയ കാലയളവുകൊണ്ടാണ്. ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന്റെ സഹായത്തോടെ തന്റെ വ്യവസായം വിപുലമാക്കിയ ഗൗതം അദാനിക്ക് 2013ൽ ഇന്ത്യയൊട്ടാകെയായി ഉണ്ടായിരുന്നത് 44 പദ്ധതികൾ മാത്രമായിരുന്നു. എന്നാൽ 2018 ആകുമ്പോഴേക്കും അത് 99 ആയി ഉയർന്നു.

കൽക്കരി, ഷിപ്പിംഗ്, എയർപോർട്ട്, വൈദ്യുതി-ഗ്യാസ് വിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലേക്ക്, ഉറ്റ ചങ്ങാതിമാരായ നരേന്ദ്ര മോദി-അമിത് ഷ ദ്വയങ്ങളുടെ ആശീർവ്വാദത്തോടെ, ബിസിനസ് സാമ്രാജ്യം വിപുലമാക്കാൻ അദാനിക്ക് സാധിച്ചു. ഇന്ത്യയിലെ വിവിധ തുറമുഖ, വിമാനത്താവള പദ്ധതികൾ ഏറ്റവും എളുപ്പത്തിൽ കൈവശപ്പെടുത്താൻ അദാനിക്ക് സാധിച്ചു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മേൽസൂചിപ്പിച്ച രണ്ട് വ്യവസായ പ്രമുഖരുടെയും സമ്പത്തിന്റെ വളർച്ച അതിഭീമമായ തോതിലാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ -23%ത്തിലേക്ക് താഴ്ന്ന അവസ്ഥ ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തകർച്ചയിലായ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപ്പാദനം രണ്ടാം പാദത്തിലും -7.5% ആയി തുടരുകയാണ്.

എന്നാൽ രാജ്യം അതിഗുരുതരമായ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തിൽ റെക്കോർഡ് വർദ്ധനവാണ്. രാജ്യം ലോക്ക്ഡൗൺ ദുരിതങ്ങളിലൂടെ കടന്നുപോയ 2020 ജൂൺ തൊട്ടുള്ള കാലയളവിൽ അദാനിയുടെ സമ്പത്തിൽ 3.5 മടങ്ങും, അംബാനിയുടെ സമ്പത്തിൽ 1.3 മടങ്ങുമാണ് വർദ്ധനവ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട 2014 മുതൽ ഇതുവരെ അദാനി-അംബാനിമാരുടെ സമ്പത്തിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായത്. സർക്കാർ നയരൂപീകരണങ്ങളിൽ സ്വാധീനം ചെലുത്തി തങ്ങളുടെ ബിസിനസ് താൽപര്യം സംരക്ഷിക്കുവാൻ ഇരു വ്യവസായ ഭീമന്മാർക്കും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ബന്ധത്തിലൂടെ സാധിക്കുന്നുവെന്നത് വസ്തുതയാണ്.

പ്രമുഖ പത്രപ്രവർത്തകനും ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി പത്രാധിപരും ആയിരുന്ന പരഞ്‌ജോയ് ഗുഹാ ഠാകുർദ, നരേന്ദ്ര മോദി ഭരണത്തിൽ അദാനി ഗ്രൂപ്പിന് നൽകിയ നികുതിയിളവുകൾ തൊട്ട്, ഇക്കാലയളവിലെ അദാനി ഗ്രൂപ്പിന്റെ അമിത വളർച്ച വരെയുള്ള കാര്യങ്ങൾ സ്ഥിതിവിവര കണക്കുകൾ സഹിതം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പത്രാധിപ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത് ഓർമിക്കുന്നത് നന്നായിരിക്കും.

കുത്തകകളുടെ നയം, സർക്കാരിന്റെ നിയമനിർമ്മാണം

കാർഷിക മേഖലയിൽ വൻ പരിവർത്തനം ഉദ്ദേശിച്ചുകൊണ്ടുള്ള നിയമ ഭേദഗതികൾ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന അതേ കാലയളവിൽ തങ്ങളുടെ വ്യവസായ സാമ്രാജ്യം കാർഷിക മേഖലയിൽ വിപുലമാക്കാനുള്ള നടപടി അദാനി- അബാനി ഗ്രൂപ്പുകൾ നടത്തുകയുണ്ടായി. 2007ൽ ആരംഭിച്ച, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (Adani Agri Logistics Limited- AALL), വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കമ്പനികളാണ് അടുത്ത കാലങ്ങളിൽ റജിസ്റ്റർ ചെയ്തത്.

ഭക്ഷ്യ ധാന്യ സംഭരണത്തിനും വിതരണത്തിനും രാജ്യത്താകമാനം വൻതോതിൽ സംഭരണ കേന്ദ്രങ്ങളുടെ നിർമാണം നേരത്തെ ഈ കമ്പനികൾ ആരംഭിച്ചിരുന്നു. അവശ്യ സാധന നിയമം (എസ്സൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്) ഭേദഗതി ചെയ്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിലെ സർക്കാർ കുത്തക അവസാനിപ്പിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയപരമായ തീരുമാനം നേരത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വ്യവസായ വിപുലീകരണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്. 1999ൽ സംയുക്ത സംരംഭം എന്ന നിലയിൽ ആരംഭിച്ച അദാനി വിൽമാർ ലിമിറ്റഡ് (Adani Wilmar Limited) കാർഷിക ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം നടത്താൻ ആരംഭിച്ചത് 2015നുശേഷമായിരുന്നു. ഇന്ത്യയിലെമ്പാടും 40ഓളം യൂനിറ്റുകൾ അദാനി വിൽമാറിന്റേതായി ഇന്നുണ്ട്. ഇതിന്റെ പ്രതിദിന സംസ്‌കരണ ശേഷി 16000 ടണ്ണോളം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കാർഷിക മേഖലയിൽ വൻതോതിലുള്ള പശ്ചാത്തല സൗകര്യ നിർമ്മാണം അദാനി ആഗ്രോലോജിസ്റ്റിക്‌സിന്റെയും അദാനി വിൽമാറിന്റെയും ഉടമസ്ഥതയിൽ നടന്നുവരുന്നുണ്ട്. ഹരിയാനയിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി ആധുനിക സംഭരണ കേന്ദ്രങ്ങൾ (Silos) നിർമിക്കുവാനുള്ള കരാർ നേടിയെടുക്കാനും അതിന് ഭൂവിനിയോഗ നിയമം മറികടന്ന് അനുമതി നേടിയെടുക്കാനും അദാനിക്ക് സാധിച്ചു. ബി.ജെ.പി സർക്കാരിന്റെ സഹായത്തോടെ കാർഷിക മേഖലയിൽ വരുത്താനിരിക്കുന്ന നയപരിഷ്‌കരങ്ങൾ ലക്ഷ്യമിട്ട് ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി ഒരുങ്ങുകയാണെന്ന് ലൈവ്മിന്റ് 2015ൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ സർവശക്തരായ രണ്ട് വ്യക്തികളുമായുള്ള അടുത്ത സൗഹൃദം തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയുക്തമാക്കാൻ കഴിഞ്ഞ മറ്റൊരു വ്യവസായ ഭീമനാണ് അംബാനി. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡിന്റെ ആറ് വർഷത്തെ സമ്പത്തിലെ വർദ്ധനവ് ശ്രദ്ധിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകും. 2014ൽ 1,986 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് 2020 ആകുമ്പോഴേക്കും 3757 കോടിയായി വർദ്ധിച്ചതിന് പിന്നിൽ പെട്രോളിയം, ഗ്യാസ്, വാർത്താവിനിമയം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ നയവ്യതിയാനങ്ങൾക്ക് കൂടി പങ്കുണ്ടെന്നുള്ളത് തർക്കമറ്റ സംഗതിയാണ്. നിരവധി അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്ന റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് എന്ന കടലാസ് കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ പ്രതിരോധ ഇടപാടിൽ പങ്കെടുക്കാൻ അവസരം നൽകിയതടക്കം അംബാനി കുടുംബത്തോടുള്ള ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ കൂറ് വ്യക്തമാക്കുന്നതാണ്.

ഇന്ത്യയിലെ റീട്ടെയ്ൽ വിപണി ലക്ഷ്യമിട്ട് 2006ൽ ആരംഭിച്ച റിലയൻസ് റീട്ടെയ്ൽ അതിന്റെ സബ്‌സിഡിയറിയായ റിലയൻസ് ഫ്രഷ് കാർഷിക ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം ചെയ്യാൻ ആരംഭിച്ച ഒന്നായിരുന്നു. ഇന്ത്യയിലെമ്പാടും 625ഓളം റിലയൻസ് ഫ്രഷ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് 500 ടണ്ണിലധികം പഴം-പച്ചക്കറി സാധനങ്ങളാണ് പ്രതിദിനം ഈ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നത്. ഈ മേഖലയിൽ വിപുലമായ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സ്വകാര്യ വിപണിയെ ഇപ്പോൾത്തന്നെ ആശ്രയിക്കേണ്ടിവരുന്ന കർഷകർക്ക് അവരുടെ വിളകൾക്ക് റിലയൻസ് ഫ്രഷ് നൽകുന്ന വിലയെന്താണെന്നും അതേ ഉൽപന്നം റിലയൻസ് മാളുകളിൽ വിൽക്കുന്നത് എത്ര ഇരട്ടി വിലകൂട്ടിയാണെന്നും വെറുതെയൊന്ന് അന്വേഷിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിന്റെ യഥാർത്ഥ ചിത്രം ലഭിക്കും.

കാർഷിക മേഖലയിലെ പുതിയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കുന്നതോടെ കരാർ കൃഷി, വിപണി എന്നിവ ലക്ഷ്യമിട്ട് തങ്ങളുടെ മൊബൈൽ നെറ്റ്‌വർക് സംവിധാനത്തിലൂടെ വിശാലമായ വിപണി പിടിച്ചടക്കാമെന്ന് അംബാനി സ്വപ്നം കാണുന്നുണ്ട്. 2020 ഏപ്രിലിൽ തന്നെ തന്റെ പദ്ധതികളെക്കുറിച്ച് അംബാനി വിശദീകരിക്കുന്നു. (2020 ജൂൺ 5നാണ് കാർഷിക നിയമ ഭേദഗതി ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭയുടെ മേശപ്പുറത്ത് എത്തുന്നതെന്ന് ഓർക്കുക) ജിയോ മാർട്ട് എന്ന നെറ്റ്‌വർക് സംവിധാനത്തിലൂടെ 12 കോടി കർഷകരെയും 6 കോടി ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും 3 കോടി ചെറുകിട വ്യാപാരികളെയും ലക്ഷ്യമിട്ട് പദ്ധതികൾ ആരംഭിക്കുകയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതേ വിപണി ലക്ഷ്യമിട്ട് ജിയോ മാർട്ടിന്റെ പുതിയ സംരംഭത്തിൽ 43000 കോടിയിലധികം രൂപ നിക്ഷേപിക്കാൻ ഏപ്രിലിൽ തന്നെ ഫേസ്ബുക് ഉടമ സുക്കർബെർഗും തയ്യാറായതും നാം കണ്ടു.

ചങ്ങാത്ത മുതലാളിത്തത്തിനുമേൽ കർഷക പ്രഹരം

കാർഷിക മേഖലയിലെ നിയമ ഭേദഗതികൾക്ക് പിന്നിൽ ഇന്ത്യയിലെ ഏതാനും വിരലിലെണ്ണാവുന്ന കോർപ്പറേറ്റ് കമ്പനികളുടെ കരങ്ങളാണെന്നും അതിൽ സുപ്രധാന ശക്തികളായി ഇന്ന് നിലകൊള്ളുന്നത് അദാനി-അംബാനി ഗ്രൂപ്പുകളാണെന്നും തിരിച്ചറിയാൻ കർഷകർക്ക് സാധിക്കുന്നുവെന്നതാണ് ഈ ബഹിഷ്‌കരണ പ്രഖ്യാപനത്തിലൂടെ മനസ്സിലാകുന്നത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൊന്നും കാണാത്ത വിധത്തിലുള്ള കർഷക രോഷം പുതിയ നിയമനിർമ്മാണത്തിനെതിരായി ഉയർന്നു കഴിഞ്ഞിട്ടും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അകാലിദൾ സംഖ്യം ഉപേക്ഷിച്ചിട്ടും ജെ.ജെ.പിയെപ്പോലുള്ള പാർട്ടികൾ ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ കാർഷിക മേഖലയിലെ വരാനിരിക്കുന്ന പരിഷ്‌കരണങ്ങൾ ലക്ഷ്യമിട്ട് അംബാനി- അദാനിമാരുടെ വൻനിക്ഷേപങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നതുതന്നെയാണ്.

അതുകൊണ്ടുതന്നെ, അഴിമതി കൂടുതൽ സ്ഥാപനവൽക്കരിക്കുകയും, നിരന്തര ചൂഷണത്തിന് കർഷകരെയും ജനങ്ങളെയും കോർപ്പറേറ്റുകൾക്ക് മുന്നിലെറിഞ്ഞുകൊടുക്കുകയും ചെയ്യുന്ന തരത്തിൽ നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ-കോർപ്പറേറ്റ് കൂട്ടുകെട്ടിനെ നേരിട്ട് ആക്രമിക്കുന്ന സമരമുറയ്ക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാരിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ പിടിപാടുള്ള, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും കോർപ്പറേറ്റുകൾക്കെതിരായ ഈ പ്രക്ഷോഭത്തിൽ കർഷകരുടെ വിജയം എളുപ്പമായിരിക്കുകയില്ല എന്നത് യാഥാർത്ഥ്യമാണ്.

എന്നാലും തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനും അതിന്റെ മർമ സ്ഥാനത്തുതന്നെ ആക്രമിക്കാനും തീരുമാനിച്ചതിലൂടെ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങൾക്ക് വലയ ദിശാബോധമാണ് ഇന്ത്യൻ കർഷകർ നൽകിയിരിക്കുന്നത്.


Summary: സർക്കാരിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ പിടിപാടുള്ള, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും കോർപ്പറേറ്റുകൾക്കെതിരായ പ്രക്ഷോഭത്തിൽ കർഷകരുടെ വിജയം എളുപ്പമായിരിക്കുകയില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാലും, തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനും അതിന്റെ മർമ സ്ഥാനത്തുതന്നെ ആക്രമിക്കാനും തീരുമാനിച്ചതിലൂടെ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങൾക്ക് വലിയ ദിശാബോധമാണ് ഇന്ത്യൻ കർഷകർ നൽകിയിരിക്കുന്നത്


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments