പുതിയ കാർഷിക നിയമങ്ങൾ കേരളത്തിന്റെ അന്നവും മുട്ടിക്കും

കേന്ദ്ര സർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങൾ ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മാത്രമാണ് ബാധിക്കുക എന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. എന്നാൽ, കേരളത്തെപോലെ കാർഷികോൽപാദന നിരക്ക് കുറഞ്ഞ, പൊതുവിതരണ സമ്പ്രദായം ശക്തമായ ഒരു സംസ്ഥാനത്തെ ഈ കോർപറേറ്റ് അനുകൂല നയങ്ങൾ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്ന് വിശലകനം ചെയ്യപ്പെടുന്നു

കൃഷിയുടെ സംഭാവന കാലങ്ങളായി താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെങ്കിലും (1990ൽ 29% ആണ് ജി.ഡി.പി സംഭാവനയെങ്കിൽ 2016 ൽ 17% ആയി കുറഞ്ഞു), പ്രത്യേകിച്ച് ഇന്ത്യൻ ഗ്രാമങ്ങളിൽ ജനങ്ങൾക്ക് തൊഴിൽ നൽകുന്ന പ്രധാന മേഖലയായി കൃഷി നിലനിൽക്കുന്നുണ്ട്. ദേശീയ തൊഴിൽ ശക്തിയുടെ 47%വും കേന്ദ്രീകരിച്ചിരിക്കുന്നത് കാർഷിക മേഖലയിലാണ് (Ministry of Labour and Employment, 2016). വർധിച്ചു വരുന്ന ഉൽപാദന ചെലവ്, വിപണിയുടെ അസ്ഥിരത, സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ, പെരുകുന്ന കാർഷിക കടങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളോട് എതിരിട്ടും, അതിനെ അതിജീവിച്ചും ആണ് കർഷകർ കാർഷിക മേഖലയിൽ ഇന്നും പിടിച്ചുനിൽക്കുന്നത്. വർഷങ്ങളായി സജീവമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങളെല്ലാം ഈ വിഷയങ്ങളാണ് സർക്കാരിന് മുൻപിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്നതും.

കാർഷിക മേഖലയുടെ തകർച്ചയ്ക്ക് പാരിസ്ഥിതികമായ കാരണങ്ങൾ കൂടി ഉണ്ടെങ്കിലും, കൃഷിയിടങ്ങൾക്കു പുറത്ത് സർക്കാറുകളുടെ നയരൂപീകരണ പാളിച്ചകളുടെ പരിണിത ഫലങ്ങളാണ് കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയതും, നഗരങ്ങളിലേക്കു തൊഴിൽ അന്വേഷിച്ചുപോകേണ്ട അവസ്ഥ സംജാതമാക്കിയതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കർഷകരെ കൃഷിയിടങ്ങളിൽ നിന്ന് പുറത്തു ചാടിച്ച്, നഗരങ്ങളിൽ കുറഞ്ഞ കൂലി നിരക്കിൽ അവരെ വ്യാവസായിക തൊഴിലാളികളാക്കി മാറ്റാൻ ആവശ്യമായ സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കാനാണ് സർക്കാരുകൾ നയരൂപീകരണങ്ങളിൽ ശ്രദ്ധിച്ചത്. തൊഴിൽ ശക്തിയുടെ നല്ലൊരു ഭാഗവും കാർഷിക മേഖലയിലുണ്ടെങ്കിലും, ജി.ഡി.പിയിലേക്കുള്ള സംഭാവനയുമായി തട്ടിച്ചുനോക്കുമ്പോൾ അത് പൂരകമല്ല എന്നുകാണാം. ഇത് കാർഷിക മേഖലയിലെ ഘടനാപരമായ മാറ്റങ്ങളുടെ കുറഞ്ഞ ഗതിവേഗത്തെയും, താരതമ്യേന കുറഞ്ഞ തൊഴിൽ ഉൽപാദനക്ഷമതയെയും ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിതി ആയോഗിന്റെ പഠനം കണ്ടെത്തിയിട്ടുണ്ട്. 2020 ജനുവരിയിൽ പുറത്തുവന്ന, സർക്കാരിന്റെ തന്നെ, സാമ്പത്തിക സർവേയിൽ തൊഴിൽശക്തിയെ മറ്റു തൊഴിൽ മേഖലകളിലേക്ക് പ്രത്യേകിച്ച്, സേവന മേഖലകളിലെ വർധിച്ചു വരുന്ന തൊഴിൽ വിപണികളിലേക്കു പുനർവിന്യസിക്കേണ്ടത് ആവശ്യമാണെന്ന കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. കർഷകരെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥകളും, കൃഷിക്ക് നൽകിക്കൊണ്ടിരിക്കുന്ന സർക്കാർ സഹായങ്ങളും ‘സ്വതന്ത്യ വ്യാപാരത്തിന്' ഭംഗം വരുത്തുന്നതാണ് എന്നതുകൊണ്ടുതന്നെ അവയെല്ലാം അവസാനിപ്പിക്കാൻ WTO യും ലോകബാങ്കും വികസ്വര രാജ്യങ്ങളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഈ ആവശ്യങ്ങളെയെല്ലാം പരിഗണിച്ചാണ് ‘കർഷകരുടെ പുരോഗതിക്ക്' സഹായകമാകുമെന്ന വാഗ്ദാനത്തോടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച് നരേന്ദ്രമോദി സർക്കാർ കാർഷിക ബില്ലുകൾ 2020 സെപ്റ്റംബർ 14ന് പാർലമെന്റിൽ അവതരിപ്പിക്കുകയും 17, 20 തിയ്യതികളിൽ ചർച്ച അനുവദി ക്കാതെ പാർലമെന്ററി സഭകളിൽ പാസ്സാക്കിയെടുക്കുകയും ചെയ്തത്. സെപ്റ്റംബർ 24ന് പ്രസിഡന്റ് ബില്ലുകളിൽ ഒപ്പുവെക്കുകയും, അംഗീകാരം നൽകുകയും ചെയ്തതോടെ കാർഷിക നിയമം 2020 പ്രാബല്യത്തിൽ വന്നു.

ലോകമാകെ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഒരു കാലയളവിൽ കൃഷിക്കാരെ സഹായിക്കാനെന്ന വ്യാജേന പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് പോലും വിടാതെ ഓർഡിനൻസിലൂടെ മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക ഭേദഗതി നിയമങ്ങൾ കർഷക ജനതയെ കോർപ്പറേറ്റ് കുത്തകകൾക്ക് അടിയറ വെക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണെന്ന് അത് സംബന്ധിച്ച വിശകലനത്തിലൂടെ ബോധ്യപ്പെടും.

മൂന്നു നിയമ ഭേദഗതികൾ ഇവയാണ്:
1) ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) ആക്ട് 2020.
2) ഫാർമേഴ്‌സ് ( എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ആക്ട്.
3) എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്‌മെന്റ് )ആക്ട്.

കാർഷിക മേഖലയിലെ നയരൂപീകരണങ്ങളും പരിഷ്‌കാരങ്ങളും പുതിയതല്ല. അതുപക്ഷേ അതാതു സംസ്ഥാനങ്ങളിൽ, അവിടുത്തെ കാർഷിക സാഹചര്യങ്ങളെ കൂടിക്കണക്കിലെടുത്തുകൊണ്ടുവേണം എന്നതുകൊണ്ടുതന്നെയാണ് സംസ്ഥാനങ്ങൾക്ക് നിയമ നിർമാണം നടത്തുവാൻ അധികാരമുള്ള സംസ്ഥാന പട്ടികയിലെ 14ാം ഇനം ആയി കൃഷി എന്ന വിഷയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു ബില്ലും പ്രാഥമികമായി സംസ്ഥാന സർക്കാരിന്റെ നിയമ നിർമാണ പരിധിയിൽ വരുന്നതാണ്. കേന്ദ്ര സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കുവേണ്ടിയുള്ള ഇച്ഛയും, അധികാര കേന്ദ്രീകരണത്തിനുവേണ്ടിയുള്ള വഴികളും ആണ് ഈ നിയമ നിർമാണത്തിന്റെ പിന്നിലുള്ള മറ്റൊരു ലക്ഷ്യം. പുതിയ നിയമങ്ങൾ ഓരോ സംസ്ഥാനത്തിനകത്തും തനതായി പ്രവർത്തിക്കുന്ന കാർഷികോൽപാദനത്തെയും കാർഷികോത്പന്ന വിപണത്തെയും നേരിട്ട് ബാധിക്കും എന്നതിലപ്പുറം പൊതുവിതരണ സംവിധാനത്തെ തകർക്കുന്നതുകൊണ്ടുകൂടിയാണ് സംസ്ഥാനങ്ങളിലെ കർഷകരും കർഷക തൊഴിലാളികളും ജനാധിപത്യ വിശ്വാസികളും ആറ് മാസങ്ങളായി പ്രതിഷേധങ്ങളുമായി സമര രംഗത്ത് തുടരുന്നത്.

കേരളത്തെക്കുറിച്ച്​ ആശങ്കയുണ്ട്​

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഈ നിയമങ്ങൾ ഉണ്ടാക്കാൻ പോവുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ കാർഷിക മേഖലയുടെ പശ്ചാത്തല ധാരണയെ മുൻ നിർത്തിക്കൊണ്ടായിരിക്കണം അത്തരം വിശകലനങ്ങൾ.
മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിന്റെ കാർഷികോൽപാദന നിരക്കും, രാജ്യത്തിന്റെ ജി.ഡി.പി യിലേക്കുള്ള അതിന്റെ സംഭാവനയും (6.8%) വളരെ കുറവാണ് എന്നുകാണാം. പ്രത്യേകിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന കാര്യത്തിൽ കേരളം കാലങ്ങളായി ന്യൂനോല്പാദനം മാത്രം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക്, കാർഷിക നിയമങ്ങൾ നടപ്പിലാവുക വഴി, ഭാവിയിൽ നേരിടാൻ പോവുന്ന പ്രശ്‌നങ്ങളെ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനം നാം ഏറ്റെടുക്കേണ്ടതുണ്ട്.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ച്, കാർഷിക മേഖലയെ കുറിച്ച്, പുതിയ കാർഷിക നിയമത്തിന്റെ പശ്ചാത്തലത്തിലും അല്ലാതെയും വിശകലന വിധേയമാക്കുമ്പോൾ ആശങ്കപ്പെടേണ്ട നിരവധി ഘടകങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് പറയേണ്ടി വരും. പൊതുവിൽ കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ച ഒട്ടും ആശാവഹമല്ല എന്നതുകൊണ്ടുതന്നെ പുതിയ കാർഷിക നിയമങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥകൾ അതിനെ കൂടുതൽ അസ്ഥിരപ്പെടുത്തും. 2018-2019ലെ ഇക്കോണമിക് സർവേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തോൽപാദന വളർച്ച ഉയർന്ന നിരക്ക് പ്രകടമാക്കിയിട്ടുണ്ട് (7.5%) ‘A higher growth rate with the state’s Gross Domestic Product at 7.5 per cent during the period as against 7.3 per cent in 201718'.

പക്ഷെ കൃഷി അനുബന്ധ മേഖലകളിൽ വളർച്ചാനിരക്ക് കുറയുകയാണുണ്ടായത്. 0.5 ശതമാനം കുറവാണ് മുൻവർഷത്തേതിൽ നിന്ന് സംഭവിച്ചിരിക്കുന്നത് (2017-18 ൽ 1.7%). സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തോൽപാദനത്തിലേക്കുള്ള കാർഷിക മേഖലയുടെ സംഭാവന 1960-61 ൽ 55%, 1980-81ൽ 36.8%, 2013-14ൽ 8.95% എന്ന തോതിൽ കുറഞ്ഞു കുറഞ്ഞുവരികയായിരുന്നു. ഈവിധം പ്രകടമായി തന്നെ കാർഷിക മേഖലയുടെ സംഭാവനകൾ കുറഞ്ഞു വരുന്ന പ്രവണത മാത്രം ദൃശ്യമാവുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ച്, മറ്റ് സംസ്ഥാനങ്ങൾക്കുമേൽ ഭക്ഷ്യ ആശ്രിതത്വം നിലനിൽക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ച് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

1. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) നിയമം 2020:സർക്കാർ നിയന്ത്രിത കാർഷിക വിപണികൾക്കും/മണ്ഡികൾക്കും (അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി APMC) പുറത്ത് കർഷകന് ഉൽപന്നങ്ങൾ നേരിട്ട് വ്യാപാരികൾക്ക് വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്ന നിയമമാണിത്. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര തടസം നീക്കംചെയ്യാനും, ഇ-ട്രേഡിങ്ങ് പ്രോത്സാഹിപ്പിക്കാനും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്. എ.പി.എം.സികൾ സംസ്ഥാനങ്ങൾ അവയുടെ സംസ്ഥാന നിയമനിർമാണ അധികാരങ്ങളുപയോഗിച്ചു രൂപപ്പെടുത്തിയതാണ്. കർഷകർ ചൂഷണം ചെയ്യപ്പെടാതിരിക്കാനും, അവർക്കു ഭേദപ്പെട്ട വില തങ്ങളുടെ കാർഷികോത്പന്നങ്ങൾക്കു ലഭ്യമാക്കുന്നതിനും വേണ്ടിയാണ് എ.പി.എം.സികൾ വഴി മാത്രം വ്യാപാരം നടത്താനുള്ള നിയമം സംസ്ഥാനങ്ങൾ നടപ്പിലാക്കിയത്.

വിൽക്കുന്നവനും, വാങ്ങുന്നവനും (ഉൽപാദകരും/ഉപഭോക്താക്കളും) തമ്മിൽ ന്യായമായ വ്യാപാര ഇടപെടൽ ഉറപ്പു വരുത്താനാണ് എ.പി.എം.സികൾ രൂപീകരിച്ചിട്ടുള്ളത്. പുതിയ നിയമം ഇത്തരം നിയന്ത്രണങ്ങളെ മുഴുവൻ എടുത്തു കളയുന്നതിനാണ് ലക്ഷ്യമിടുന്നത്. ‘എ.പി.എം.സി റെഗുലേറ്ററി ലോ' ‘ചോയ്‌സ് ബേസ്ഡ് മാർക്കറ്റിങ്'നുള്ള (വിപണി തിരഞ്ഞെടുപ്പിനുള്ള സാധ്യത) കർഷകരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്നും, ബദൽ കാർഷിക വിപണികൾ രൂപീകരിക്കുന്നതിനും, വിപണികളുടെ പശ്ചാത്തല വികസനത്തിനും ഈ നിയമത്തിലെ നിയന്ത്രണങ്ങൾ തടസ്സം ആകുന്നു എന്ന കാരണങ്ങളാണ് എ.പി.എം.സി ആക്ട് നവീകരിക്കുന്നതിന് സർക്കാർ പറയുന്ന വാദം. ട്രേഡ് ഏരിയ എന്ന പേരിൽ പുതിയൊരു വിപണി സംവിധാനത്തെ പറ്റിയുള്ള നിയമ നിർമ്മാണം നടത്തുകയാണ് കേന്ദ്രം ഇപ്പോൾ ചെയ്തിരിക്കുന്നത് (Clause 2(m)). യഥാർത്ഥത്തിൽ ഭരണഘടന പ്രകാരം വിപണികൾ എന്താണെന്നു നിർവചിക്കാനും, എ.പി.എം.സികളെ ആവശ്യമെങ്കിൽ പുനർനിർവചിക്കാനും, പുതിയ വിപണി വിഭാഗങ്ങളെ രൂപീകരിക്കാനും ഉള്ള അധികാരം പൂർണമായും സംസ്ഥാന സർക്കാരുകൾക്കാണ്.

ഇങ്ങനെ കമ്പോളപരിധിക്ക് പുറത്ത് വിൽപ്പനസ്ഥലം അനുവദിക്കുന്നത് വൻകിട കോർപ്പറേറ്റുകൾക്ക് റീട്ടെയിൽ ശൃംഖല തുടങ്ങാൻ സഹായിക്കാനാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഈ റീട്ടെയിൽ ശൃംഖലകൾ തുടക്കസമയത്ത് കർഷകർക്ക് ഉത്പന്നങ്ങൾക്ക് വൻവില നൽകുകയും മണ്ഡികളെ തകർക്കുകയും ചെയ്യും. മണ്ഡികൾ തകർന്നു കഴിഞ്ഞാൽ ഉത്പന്നസംഭരണവില ക്രമേണ കുറയ്ക്കുമെന്ന് കാർഷിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിപണി മേഖലകളിലൂടെ (ട്രേഡ് ഏരിയ), നിശ്ചയിക്കപ്പെട്ട ചില കാർഷികോല്പന്നങ്ങൾ ഇ-ട്രേഡിങ്ങ് നടത്താനുള്ള സൗകര്യങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്കും, പങ്കാളിത്ത സംരംഭകൾക്കും, പാൻകാർഡുള്ള രജിസ്‌ട്രേഡ് സൊസൈറ്റികൾക്കും, കാർഷിക സഹകരണ സൊസൈറ്റികൾക്കും ഇ-ട്രേഡിങ്ങ് പ്ലാറ്റ്ഫോം​ വേണമെങ്കിൽ തുടങ്ങാം എന്ന് നിഷ്‌കർഷിക്കുന്നു. ഈ നിയമത്തിലെ 3 & 4 ക്ലോസുകൾ പ്രകാരം, എ.പി.എം.സി മണ്ഡികൾക്ക് പുറത്ത്, അന്തർ സംസ്ഥാന വ്യാപാരത്തിലും, സംസ്ഥാനങ്ങൾക്കകത്തുള്ള വ്യാപാരത്തിലും ഇനി കർഷകർക്ക് സ്വതന്ത്രമായി ഇടപെടാം. എ.പി.എം.സി മാർക്കറ്റുകൾക്കു പുറത്തു നടക്കുന്ന വിപണനത്തിന് (ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിന്) എ.പി.എം.സി ആക്ട് പ്രകാരമുള്ള മാർക്കറ്റ് ഫീസോ, സെസ്, ലെവി ഇവയൊന്നും ബാധകമല്ല (clause 6).

കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ റാലി സാപ്ലയിൽ

കൂടാതെ, കമ്പനികൾക്ക് രാജ്യത്തെവിടെയും വിപണികൾ തുറക്കാൻ അനുവാദം നൽകുകയും ചെയ്യുന്നുണ്ട് പുതിയ നിയമം. ഈ നിയമത്തിലെ മറ്റൊരു പ്രധാനപ്പെട്ട ക്ലോസ് 14 ആണ്. ഇതുപ്രകാരം സംസ്ഥാന കാർഷിക വിപണികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഇനി കേന്ദ്രത്തിനായിരിക്കും. കാർഷിക വിപണന വിഷയത്തിൽ കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിക്കാനും, സംസ്ഥാന നിയന്ത്രണാധികാരങ്ങൾ എടുത്തു കളഞ്ഞു വിപണി നിയമങ്ങളെ ഏകീകരിക്കാനും ആണ് കേന്ദ്രം ശ്രമിക്കുന്നത്.
APMCകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചു ഈ നിയമം വളരെ ഏറെ പ്രയാസങ്ങൾ കർഷകർക്കുണ്ടാക്കും എന്നതിന് വ്യക്തമായ തെളിവാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെ വൻ പങ്കാളിത്തം.

പ്രശ്​നങ്ങളുണ്ട്​, പരിഹരിക്കുകയാണ്​ വേണ്ടത്​

1960-70 കളിലാണ് രാജ്യത്തു നിയന്ത്രിത അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികൾ (കാർഷികോത്പന്ന കമ്പോള സമിതി) വരുന്നത്. ഹരിത വിപ്ലവം നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളിൽ വൻ തോതിലുണ്ടായ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം കൈകാര്യം ചെയ്യുന്നതിൽ ഈ മണ്ഡികൾ പ്രയോജനകരമായിരുന്നു. കർഷകരെ സംബന്ധിച്ച് ഉത്പന്നങ്ങൾ സംഭരിക്കപ്പെടുമെന്ന ഉറപ്പും, ഭേദപ്പെട്ട വില ലഭിക്കുമെന്ന സാഹചര്യവും നിലനിർത്തുന്നതിന് ഇത്തരം മണ്ഡി സംവിധാനത്തിന് കഴിഞ്ഞു. മണ്ഡികളുടെ നടത്തിപ്പിൽ ധാരാളം പാകപ്പിഴകൾ നിലനിൽക്കുന്നുണ്ട്. വെറും ആറ് ശതമാനം കർഷകർ ആണ് മണ്ഡികൾ വഴി തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുന്നുള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപാരികളും , ഇടനിലക്കാരായി പ്രവർത്തിക്കുന്ന കമ്മീഷൻ ഏജന്റുകളും വലിയ തോതിൽ കർഷകരെ ചൂഷണ വിധേയമാക്കുന്നുണ്ട്. കാർഷിക വിപണിയുടെ പശ്ചാത്തല വികസനത്തിൽ പലപ്പോഴും സർക്കാർ കാണിക്കുന്ന അലംഭാവം കൂടുതൽ ബാധിക്കുന്നത് ​ചെറുകിട കർഷകരെയാണ്. ധാന്യങ്ങളും, പച്ചക്കറികളും മറ്റും കർഷകരിൽ നിന്ന് ശേഖരിക്കുന്നതിന്​ സർക്കാർ നിശ്ചയിച്ച വിപണന കമ്മിറ്റികളുടെ കെടുകാര്യസ്ഥതയെ കുറിച്ച് ആസൂത്രണ കമ്മീഷണറെ തന്നെ പല കാലങ്ങളിൽ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

കാർഷിക ഉൽപന്ന വിപണന കേന്ദ്രങ്ങൾ കർഷകർക്ക് ന്യായമായ വിലയും പ്രവർത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി രൂപവൽക്കരിക്കപ്പെട്ടവയാണെങ്കിലും, ഇത്തരം കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന അധികാരികൾ പ്രാദേശിക ഏജന്റുകളുമായി കൂട്ട് ചേർന്ന് ചെറുകിട കർഷകരെ സ്വാതന്ത്ര്യ വ്യാപാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതായി കർഷകർ പരാതിപ്പെടുന്നു. പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മ, വിപണി ചാർജുകൾ, നേരിട്ട് വിപണനത്തിൽ ഏർപ്പെടുന്നതിനുള്ള വിലക്കുകൾ എന്നിവയൊക്കെയും ചെറുകിട കർഷകരെ സർക്കാർ നിയന്ത്രിത വിപണന കേന്ദ്രങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ പറഞ്ഞ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു APMCകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കേണ്ടതിനു പകരം അവയെ തീർത്തും അപ്രസക്തമാക്കാനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ ഈ ഈ നിയമത്തിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ എന്തുകൊണ്ട്​ എ.പി.എം.സി ആക്ട് ഇല്ല?

2003ൽ എ.പി.എം.സി ആക്ട് നിലവിൽ വന്ന സമയത്തു സംസ്ഥാനങ്ങൾക്കു അവരവരുടെ ആവശ്യങ്ങൾക്കു അനുസരിച്ചു സംസ്ഥാനതലത്തിൽ എ.പി.എം.സി ആക്ട് രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. കേരളം, ലക്ഷദ്വീപ്, ദാമൻ ദിയു, ആൻഡമാൻ നിക്കോബാർ തുടങ്ങിയ പ്രദേശങ്ങളിൽ എ.പി.എം.സി ആക്ട് നടപ്പിലാക്കുകയോ എ.പി.എം.സികൾ രൂപീകരിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിൽ എ.പി.എം.സി ആക്ടിന് പകരം സംസ്ഥാനം രൂപീകരിച്ച കാർഷിക നയങ്ങൾ ആണ് നിലനിൽക്കുന്നത്. ഇതിനു പ്രധാന കാരണം വലിയ തോതിലുള്ള ഉത്പാദനം നമുക്കില്ല എന്നതും, നാണ്യവിളകൾക്കാണ് കേരളത്തിന്റെ കാർഷികോൽപ്പാദനത്തിൽ പ്രമുഖ സ്ഥാനം എന്നതുമാണ്.

ഭക്ഷ്യധാന്യ ഉൽപാദനത്തിൽ പ്രത്യേകിച്ചും സംസ്ഥാന രൂപീകരണത്തിന് മുൻപ് തന്നെ ന്യൂനോൽപാദനം നടക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് വിശദീകരിച്ചുകഴിഞ്ഞു. കേരളത്തിൽ എ.പി.എം.സികൾക്ക് പകരം സർക്കാർ നേരിട്ട് കാർഷികോൽപന്നങ്ങൾ സംഭരിക്കുകയും, അന്തർ സംസ്ഥാന വ്യാപാരം നടത്തുകയോ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയോ ആണ് ചെയ്യുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ മൊത്ത വ്യാപാര വിപണികളും (Whole Sale Market) സംസ്ഥാന ഹോർട്ടികൾച്ചർ പ്രോഡക്റ്റ് ഡവലപ്‌മെന്റ് കോർപറേഷൻ (ഹോർട്ടികോർപ്), ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള, നാണ്യ വിളകൾക്കായി വിവിധ ബോർഡുകൾ നാളികേര വികസന ബോർഡ്, റബർ ബോർഡ് കോഫീ ബോർഡ്, സ്‌പൈസസ് ബോർഡ് എന്നിവയും ഉണ്ട്. ഇത് കൂടാതെ സർക്കാർ വിപണിക്ക് പുറത്തും കൃഷിക്കാർ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.

അരിയാണ് പ്രധാനമായും കേരളത്തിലെ ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നതെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം അരി ആവശ്യത്തിന്റെ 15% മാത്രമാണ് ഇവിടുത്തെ ഉത്പാദനം. കേരളത്തിൽ നെല്ലിന്റെ സംഭരണത്തിനും സംസ്‌കരണത്തിനും വിപണനത്തിനും ആയി സപ്ലെകോയുടെ നേതൃത്വത്തിൽ ഉള്ള സംവിധാനം നിലനിൽക്കുന്നുണ്ട്. രാജ്യത്തെ മുഖ്യ ധാന്യസംഭരണ ഏജൻസിയായി പ്രവർത്തിച്ചു വരുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ധാന്യ സംഭരണ പ്രക്രിയ പരിഷ്‌ക്കരിച്ചു ഒരു വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി കേന്ദ്ര ഭക്ഷ്യ പൊതു മന്ത്രാലയം 1997-98 മുതൽ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ സപ്ലൈകോ ആണ് നമ്മുടെ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നിർവഹണ ഏജൻസി ആയി പ്രവർത്തിക്കുന്നത്. സപ്ലൈകോ നെൽ കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഏറ്റെടുത്തു സംസ്‌കരിച്ചു പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്നു. പക്ഷെ ആഭ്യന്തര ഉപഭോഗത്തിനുള്ളത് ഉല്പാദിപ്പിക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ സംസ്ഥാനത്തിന് പുറത്തു നിന്ന് ഒരു വർഷത്തിൽ 25 ലക്ഷം ടൺ അരിയും, 4 ലക്ഷം ടൺ ഗോതമ്പും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇതിൽ FCI ആണ് വർഷത്തിൽ 1.3 ലക്ഷം ടൺ അരിയും, 1.8 ലക്ഷം ടൺ ഗോതമ്പും കേരളത്തിന് നൽകികൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പൊതു സംഭരണ സംവിധാനങ്ങൾ പുതിയ കാർഷിക നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിർജ്ജീവമാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

കണ്ണൂരിൽനിന്ന്‌ പുറപ്പടുന്ന കർഷകസംഘം നേതൃത്വത്തിലുള്ള കർഷകമാർച്ച്‌ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തപ്പോൾ

കർഷകർക്ക് സർക്കാർ നിയന്ത്രിത കമ്പോളങ്ങൾക്കു പുറത്തും ഉത്പന്നങ്ങൾ വിൽക്കാൻ നിയന്ത്രണങ്ങൾ ഇല്ലാതെ വിപണികൾ ഒരുക്കപ്പെടുമ്പോൾ പൊതു വിതരണ സംവിധാനത്തിനാവശ്യമുള്ള സംഭരണം സർക്കാരിന് കഴിയാതെ പോവും. ഇത് രാജ്യത്തെ പൊതുവിലും സംസ്ഥാനങ്ങളെ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ചും സാധാരണ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. കൂടുതൽ വിപണന സംവിധാനങ്ങൾ, കൂടുതൽ വിപണി സ്വാതന്ത്ര്യം എന്നൊക്കെയാണ് കേന്ദ്ര സർക്കാർ ഈ നിയമത്തെ കുറിച്ച് അവകാശ വാദങ്ങൾ ഉയർത്തികൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഉദാഹരണം എടുത്താൽ, ഇവിടെ എ.പി.എം.സി മണ്ഡികൾ ഇല്ലാതിരുന്നിട്ടും വലിയ തോതിൽ സ്വകാര്യ നിക്ഷേപം വ്യാപാര മേഖലയിൽ സംഭവിച്ചിട്ടില്ല എന്നുകാണാം.

സ്വതന്ത്ര വിപണികൾ അനുവദിച്ചിട്ടും...

കൂടാതെ മറ്റു പല സംസ്ഥാനങ്ങളും അവരുടെ എ.പി.എം.സി ആക്ടുകളിൽ പല കാലങ്ങളിലായി ഭേദഗതികൾ കൊണ്ടുവന്നിട്ടുമുണ്ട്. 2018ൽ മഹാരാഷ്ട്ര എ.പി.എം.സി ആക്ട് 1963 ഭേദഗതി ചെയ്തു. ഫലത്തിൽ നിയന്ത്രണമാണ് എടുത്തു കളഞ്ഞത്. സ്വതന്ത്ര വിപണികൾ അതുവഴി അനുവദിച്ചിട്ടും, കർഷകർ വലിയ തോതിൽ അവയെ ആശ്രയിക്കുന്നതായി കണക്കുകൾ കാണിക്കുന്നില്ല. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്കുള്ള വില സമയബന്ധിതമായി നല്കാൻ പലപ്പോഴും സ്വകാര്യ ക്രേതാക്കൾ (ബയേഴ്‌സ്) തയ്യാറാവുന്നില്ല എന്ന പ്രശ്‌നം മഹാരാഷ്ട്രയിലെ കർഷകർക്കു നേരിടേണ്ടി വരുന്നുണ്ട്. നെല്ലിന്റെയും, ഗോതമ്പിന്റെയും സംഭരണത്തിന് രാജ്യത്തിൽ നിലവിലുള്ള സർക്കാർ നിയന്ത്രിത വിപണന സൗകര്യങ്ങൾ അപര്യാപ്തമാണ്. എ.പി.എം.സി മണ്ഡികൾക്ക് പകരം ഇന്ത്യയിൽ മതിയായ സ്വകാര്യ മാർക്കറ്റുകൾ തുറക്കപ്പെടും എന്നത് യാതൊരു ഉറപ്പുമില്ലാത്ത സംഗതിയാണ്. ഇനി അങ്ങിനെ സംഭവിച്ചാൽ തന്നെയും അതൊരിക്കലും കർഷകർക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യാനും സാധ്യതയില്ല.

കേരളത്തിൽ കാപ്പിക്ക്​ സംഭവിച്ചത്​

കേരളത്തിലെ കാപ്പിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം അത് വ്യക്തമാക്കുന്നതാണ്. സ്വകാര്യ കമ്പനികൾക്ക്/വ്യാപാരികൾക്ക് നേരിട്ട് കാർഷികോൽപ്പന്നങ്ങൾ വിൽക്കാം എന്ന പുതിയ നിയമം എങ്ങനെ കർഷകരുടെ ഭാവിയെ അനിശ്ചിതത്തിലാക്കും എന്നതിന് വയനാട്ടിലെ കാപ്പി കർഷകരുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താൽ മതി. സംസ്ഥാനത്തിന്റെ കാപ്പി ഉൽപാദനത്തിന്റെ എൺപതു ശതമാനത്തിലധികം ഉൽപാദനവും വയനാട്ടിലാണ്. 1992 വരെ കാപ്പിയുടെ വില്പന പൂർണമായും കോഫീ ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു. കർഷകർ ഉത്പാദിപ്പിച്ച കാപ്പി മുഴുവൻ ബോർഡിന് മാത്രമായി വിൽക്കേണ്ടി വന്നു. പക്ഷെ അന്തർദ്ദേശീയ കാപ്പി വിൽപനയിലൂടെ നേടിയ ലാഭത്തിന്റെ വിഹിതം കർഷകർക്ക് ബോർഡ് നൽകിയില്ല.

കോഫീ ബോർഡിന് പൂൾ ചെയ്യുന്ന സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യം ഉയർന്നു. 1995-96 വർഷത്തിൽ പത്ത് ഹെക്ടറിൽ താഴെയുള്ള കാപ്പി കർഷകരെ ഈ ബാധ്യതയിൽ നിന്ന് ഒഴിവാക്കി. തുടർന്ന് ഇന്ത്യാ ഗവൺമെന്റ് മുഴുവൻ കാപ്പി കർഷകർക്കും തങ്ങളുടെ ഉൽപ്പന്നം പ്രാദേശികമായോ വിദേശത്തോ വിൽക്കാൻ സ്വാതന്ത്ര്യം നൽകി. തുടർന്നുള്ള ഏതാനും വർഷങ്ങളിൽ കാപ്പി വില കുത്തനെ ഉയർന്നു. പക്ഷെ പിന്നീട് സ്വകാര്യ കക്ഷികൾ കാപ്പി വ്യാപാരത്തിന്റെ കുത്തക കയ്യടക്കി, അതോടെ 2002-03 വർഷത്തോടെ വിലയിടിഞ്ഞു. ഒരു കിലോ പരിപ്പിന് 23 രൂപ നിരക്കിൽ താഴ്ന്നു. ഇതിന്റെ ഫലമായി കാപ്പി വ്യാപാരം പൊതുമേഖലയുടെ ആധിപത്യത്തിൽ നിന്ന് സ്വകാര്യ മേഖലയുടെ കൈപ്പിടിയിലായി. അസംസ്‌കൃത കാപ്പിയുടെയും കാപ്പി പരിപ്പിന്റെയും വില കുറഞ്ഞുതന്നെ തുടരുമ്പോഴും, നെസ്‌ലെ, ബ്രൂക്ക് ബോണ്ട് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ കാപ്പി ഉത്പന്നങ്ങൾ വലിയ വിലയിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നുണ്ട് എന്നുകാണാം.

കാർഷികോല്പന്നങ്ങളുടെ ഇറക്കുമതിയിലുള്ള അളവ് സംബന്ധമായ നിയന്ത്രണങ്ങൾ 2000 ത്തിൽ എടുത്തു കളയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ആഭ്യന്തര കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിനെ നേരിട്ട് ബാധിച്ച ഘടകമായിരുന്നു. കുരുമുളകിന്റെയും, ചായയുടെയും കാര്യത്തിൽ ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. 2004ൽ 130 ഓളം കർഷകരും കർഷക തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. സർക്കാർ നിയന്ത്രണത്തിലുള്ള പൊതു സംഭരണ സംവിധാനങ്ങൾ വിപുലമാക്കുകയും, കുറ്റമറ്റതാക്കുകയും കാര്യക്ഷമതയുള്ളതാക്കുകയും ചെയ്യുക തന്നെയാണ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടി. അതല്ലാതെ അതിനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഏതു മാറ്റവും കർഷകരെ കൂടുതൽ ദുരിതങ്ങളിൽ കൊണ്ടെത്തിക്കുകയേയുള്ളു.

കേരളത്തിൽ സർക്കാർ ഏജൻസിയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനത്തൊട്ടാകെ 283 സ്വാശ്രയ കർഷക സമിതികൾ രൂപീകരിച്ചു വിപണന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഹോർട്ടികോർപ് സ്ഥാപനത്തിന്റെ സംഭരണ കേന്ദ്രങ്ങളിലൂടെ കർഷകരിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും കാർഷിക മൊത്ത വ്യാപാര വിപണികളിൽ നിന്നും കാർഷികോത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നുണ്ട്. പഴവർഗങ്ങളിൽ പൈനാപ്പിൾ, മാങ്ങ എന്നിവയാണ് കൂടിയ തോതിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. സർക്കാർ നിയന്ത്രിത വിപണികൾ ആണ് വിപണി സുരക്ഷിതത്വം ഉറപ്പു നൽകുന്നതെന്നാണ് മാങ്ങായുത്പാദന കർഷകരിൽ പലരുടെയും പക്ഷം.

ഇ-വ്യാപാരവുമായി ബന്ധപ്പെട്ടും കേരളത്തിൽ ചില പരീക്ഷണങ്ങൾ നടന്നിട്ടുള്ളതാണ്. ഇലക്ട്രോണിക് ലേലം നടത്താനുള്ള നടപടികളിലേക്ക് കേരളത്തിലെ റബ്ബർ ബോർഡ് നീങ്ങുന്നതായി ഈയടുത്തു വാർത്തകൾ ഉണ്ടായിരുന്നു. സമയബന്ധിതമായി വില ലഭിക്കുന്നത് ഇല്ലാതാവുമോ എന്ന കർഷകരുടെ ആശങ്കകൾ ഇ-പ്ലാറ്റ്‌ഫോം വ്യവസ്ഥയിൽ നിലനിൽക്കുന്നുണ്ട്. 2016ൽ ടീ ബോർഡിന്റെ (Indian Tea Board) നിർദേശപ്രകാരം ടീ ഓക്ഷൻ കൊച്ചിയിൽ നടപ്പിലാക്കിയിരുന്നു. പക്ഷെ ഈ സൗകര്യം സ്വകാര്യ കമ്പനികളുടെ വിലപേശലിനു കർഷകരെ വിധേയമാകുന്നു എന്നും വിലയിൽ കാര്യമായ വർധനവ് ഇത്തരം വ്യാപാരത്തിലൂടെ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉത്പന്നങ്ങളുടെ വില സ്വകാര്യ കമ്പനികൾ തീരുമാനിക്കട്ടെ എന്ന് വെയ്ക്കുന്നത് കർഷകരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമാക്കാനേ സഹായിക്കൂ.

2) ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ആക്ട്

ഈ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത്, ഒരു ദേശീയ തല കാർഷിക കരാർ ചട്ടക്കൂട് ഈ നിയമത്തിലൂടെ സാധ്യമാവുമെന്നും, അതുവഴി കർഷകർക്ക് കാർഷിക ബിസിനസ് (അഗ്രി ബിസിനസ്സ്) കമ്പനികളുമായും സംഭരണ കമ്പനികളുമായും മൊത്ത വ്യാപ്യാരികളുമായും കയറ്റുമതി ചെയ്യുന്നവരുമായും കാർഷിക സേവനങ്ങൾ നൽകുന്ന വലിയ ചില്ലറ വ്യാപാരികളുമായും, ലാഭകരമായ ഉൽപ്പന്ന വില പരസ്പര കരാറിന്റെ പുറത്തു ഉറപ്പിച്ച്, അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ഉണ്ടാകും എന്നാണ്. ചുരുക്കത്തിൽ കരാർ കൃഷിക്ക് നിയമ സാധുത നൽകാനുള്ളതാണ് ഈ നിയമം. ഈ നിയമത്തിലെ ക്ലോസ്-3 പ്രകാരം കർഷകന് വ്യാപാരിയുമായി എഴുതി തയ്യാറാക്കിയ കരാർ വഴി കൃഷി ചെയുകയും, ഉത്പന്നങ്ങൾ വിൽക്കുകയും ചെയ്യാം. കരാറിന്റെ കാലാവധിയെ സംബന്ധിച്ചെല്ലാം നിയമത്തിൽ നിർദേശങ്ങൾ വെക്കുന്നുണ്ട്. 1 തൊട്ട് 5 വർഷങ്ങൾ വരെ നീണ്ടു നിൽക്കുന്ന കരാർ ഉണ്ടാക്കാം. വിലയെക്കുറിച്ച് കൃത്യമായി കരാറിൽ സൂചിപ്പിച്ചിരിക്കണമെന്നും, വിലയിൽ വന്നേക്കാവുന്ന വ്യതിയാനങ്ങൾ, മറ്റെന്തെങ്കിലും അധിക തുകകൾ, പ്രത്യേകിച്ച് ബോണസ്, പ്രീമിയം എന്നിവയും കരാറിൽ സൂചിപ്പിക്കേണ്ടതുണ്ട്. കാർഷിക കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഒരു രജിസ്‌ട്രേഷൻ അതോറിറ്റി സ്ഥാപിക്കുമെന്നും പറയുന്നു. 2018ൽ യൂണിയൻ മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ കരാർ കൃഷിക്ക് വേണ്ടി ഒരു മാതൃകാ നിയമം തയ്യാറാക്കിയിരുന്നു (The State /UT Agricultural Produce Contract Farming (Promotion and Facilitation) Act, 2018). ഇതിൽ നിന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. 2003ൽ NDA സർക്കാർ രൂപം കൊടുത്ത മാതൃക നിയമത്തിലും (model act 2003) കരാർ കൃഷിയെ സംബന്ധിച്ചു വിശദമാക്കിയിരുന്നു. APMCയുടെ നേതൃത്വത്തിലായിരിക്കണം കരാർ തയ്യാറാക്കേണ്ടത് എന്നും, എ.പി.എം.സി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കേണ്ടതെന്നും അതിൽ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.

എ.പി.എം.സി ആക്ടിൽ ഭേദഗതി വരുത്താനും, കോൺട്രാക്ട് ഫാർമിംഗ് ഉൾപ്പെടുത്താനും ഉള്ള സർക്കാർ നിർദേശങ്ങൾ അനുസരിച്ചു പതിനാലോളം സംസ്ഥാനങ്ങൾ കരാർ കൃഷി നിയമങ്ങൾ രൂപപ്പെടുത്തി. തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കരാർ കൃഷി നടപ്പിലാക്കിയിട്ടുമുണ്ട്. പുതിയ കാർഷിക നിയമം എ.പി.എം.സിയുടെ ഈ അധികാരം ഇല്ലാതാക്കുന്നു. തർക്ക പരിഹാരം നടത്താൻ ഒരു അനുരഞ്ജന ബോർഡ്/ തർക്കപരിഹാര ബോർഡിന് ആണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് തലത്തിൽ ആണ് പരാതികൾ ഒത്തുതീർപ്പാക്കേണ്ടത്. ആയതുകൊണ്ടുതന്നെ ഈ വ്യവസ്ഥകൾ ഒരിക്കലും കർഷകർക്ക് അനുകൂലമായിരിക്കില്ലെന്നും, പരാതികൾ ഉണ്ടായാൽ വലിയ കമ്പനികളുമായി കേസിനു പോയാൽ അത്തരം കമ്പനികൾ പരിഹാര അതോററ്റിയെ സ്വാധീനിക്കാനും സാധ്യതയുണ്ട് എന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കരാർ കൃഷി എന്നത് വിത്ത് മുതൽ വിപണി വരെ കർഷകർ കോർപ്പറേറ്റുകളാൽ കൊള്ളയടിക്കപ്പെടാനുള്ള അവസരം ഉണ്ടാക്കുന്ന ഒന്നാണ്.

കരാർ കൃഷി, കരാർ കമ്പനിയുടെ വിത്ത്​

കരാർ കൃഷിയിൽ കരാർ കമ്പനികൾ നൽകുന്ന വിത്താണ് കൃഷി ചെയ്യേണ്ടത്. കാർഷിക മേഖലയിൽ വിത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയെയും ആ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെയും അട്ടിമറിക്കുന്നതിന് പോലും വിത്തിന് കഴിവുണ്ട്. ലോകത്ത് വിത്തുകളുടെ കുത്തകയുള്ളത് മൊൺസാന്റോ എന്ന ബഹുരാഷ്ട കമ്പനിക്കാണ്. അതേ മൊൺസാന്റോയാണ് ഇന്ത്യയിലെ വിത്തുകളുടെ വിപണിയിൽ 80% നിയന്ത്രിക്കുന്നത്. പ്രതിവർഷം 150 ബില്യൻ കോടിയിലധികം രൂപയുടെ വിത്തുകളാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. കോൺട്രാക്ട് ഫാമിംഗിൽ കോർപ്പറേറ്റുകൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങുടെ കൃഷിയാണ് പ്രോത്സാഹിപ്പിക്കപ്പെടുക എന്നതുകൊണ്ടുതന്നെ സ്വാഭാവികമായും കാർഷിക മേഖലയെ അതിന്റെ പ്രാഥമിക കർത്തവ്യമായ ഭക്ഷ്യോൽപ്പാദനത്തിൽ നിന്ന് വ്യതിചലിപ്പിച്ച് വിപണി സാധ്യതകൾക്ക് അനുസരിച്ചുള്ള അഗ്രി ബിസ്സിനസ്സിലേക്കു പൂർണ്ണമായും മാറ്റപ്പെടാൻ വഴിയൊരുക്കും. ഭക്ഷ്യധാന്യ കമ്മിയിലേക്ക് രാജ്യം എളുപ്പം എത്തുകയും ചെയ്യും.

‘പ്രൈസ് അഷുറൻസ്' എന്ന നിയമത്തിലെ വാഗ്ദാനം എത്ര യാഥാർഥ്യമാകും എന്ന ആശങ്കകളാണ് കർഷകർ പങ്കു വെയ്ക്കുന്ന മറ്റൊരു പ്രധാന വിഷയം. പുതിയ നിയമത്തിൽ എവിടെയും കർഷകർക്ക് മിനിമം താങ്ങു വില ഉറപ്പു വരുത്തുന്ന നിർദ്ദേശങ്ങൾ ഇല്ല എന്ന് കാണാം. കാലാകാലങ്ങളായി കർഷകർ ആവശ്യപ്പെടുന്ന ഒരു കാര്യം കൂടിയാണ് മിനിമം സഹായ വിലയ്ക്ക് നിയമ സാധുത നൽകുക എന്നത്.

കർഷക സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് ആലപ്പുഴയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയിൽ നിന്ന്‌

കാർഷിക വിപണിയുമായി ബന്ധപെട്ടു സർക്കാർ സംവിധാനങ്ങൾ പ്രധാനമായും ഇടപെടുന്നത്​ ഉൽപ്പന്നങ്ങൾക്ക് താങ്ങു വില പ്രഖ്യാപിക്കുന്നതിലും, ഉൽപ്പന്നങ്ങൾ താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിലും ആണ്. 23 വിളകൾക്ക് കേന്ദ്ര സർക്കാർ മിനിമം സഹായവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെല്ല്, ഗോതമ്പ്, റബ്ബർ, പരുത്തി, കരിമ്പ് എന്നിവയാണ് സർക്കാർ പ്രധാനമായും സംഭരിക്കുന്നത്. എ.പി.എം.സികൾ നിരവധി പാകപ്പിഴകൾ ഉള്ളതാണെങ്കിലും കർഷകർക്ക് ഈ സഹകരണ സംവിധാനങ്ങളിൽ ഉൽപ്പന്നങ്ങൾ എത്തിച്ചാൽ മിനിമം സഹായ വില ഉറപ്പായും ലഭിക്കും. സർക്കാർ പ്രഖ്യാപിക്കുന്ന മിനിമം സഹായ വില കർഷകരുടെ അധ്വാനത്തിനുള്ള ന്യായമായ വില പലപ്പോഴും ആകാറില്ലെങ്കിലും, സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ സംവിധാനങ്ങൾ സഹായകമാണ്. സർക്കാർ ചന്തകൾ കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രേഡ് കാർട്ടലുകളെ നിയന്ത്രിക്കണം എന്നും, കർഷകർക്ക് അർഹമായ മിനിമം സഹായ വില ലഭ്യമാക്കണം എന്നും കാലങ്ങളായി പല കാർഷിക വിദഗ്ധരും ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ പഠന ഫലം വെച്ചുകൊണ്ട് എ.പി.എം.സികൾ ഫലപ്രദമല്ല എന്നും, മിനിമം താങ്ങു വിലയിലൂടെ ഉത്പന്നങ്ങൾ വിൽക്കുന്ന കർഷകരുടെ എണ്ണം തുലോം കുറവാണ് എന്നും ഉയർത്തിക്കാട്ടി ഇവയിൽ നിന്നെല്ലാം പിൻവലിയാനുള്ള അവസരം കൂടി സർക്കാർ സൃഷ്ടിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.

സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്​ എന്ന കെണി

സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് ആണ് കർഷകരുടെ വരുമാനത്തെ സംബന്ധിച്ച ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ റിപ്പോർട്ട് നിർദേശങ്ങൾ ഭൂരിഭാഗവും തങ്ങൾ നടപ്പാക്കി എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. പക്ഷെ സഹായ വിലയെ സംബന്ധിച്ച സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു കാണിച്ചു 2015ൽ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിരുന്നു. മിനിമം സഹായ വിലയെ ഉത്പാദനച്ചെലവായി കണക്കാക്കി, അതിനോടൊപ്പം അമ്പത് ശതമാനം വർധനവ് നിശ്ചയിച്ച് ഉത്പന്നങ്ങൾക്ക് വിലയായി നല്കാനുള്ള ശുപാർശയാണ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.

ഇതനുസരിച്ച് സി2 (സി2 = മൂലധനച്ചെലവായി കണക്കാപ്പെടുന്ന തുക + ഭൂമിക്കുള്ള പാട്ടം) വിനോടൊപ്പം 50% കൂടി ചേർക്കുമ്പോൾ നിലവിലുള്ള മിനിമം സഹായ വിലയിൽ നിന്നും 200 മുതൽ 300 രൂപയുടെ അധിക വരുമാനം മാത്രമേ കർഷകർക്ക് ലഭിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം . ഇതുതന്നെ ലഭിക്കുക കർഷകരുടെ മൊത്തം ഉൽപ്പന്നവും മിനിമം സഹായവില നല്കി സർക്കാർ വാങ്ങുമ്പോൾ മാത്രമാണ്. അതായത്​, ഈ ശുപാർശകൾ പൂർണമായി നടപ്പിലാക്കിയാൽ തന്നെയും കർഷകരുടെ മാസവരുമാനത്തിൽ 1000 രൂപയിൽ കൂടുതലുള്ള വർധനവൊന്നും ഉണ്ടാവാൻ പോകുന്നില്ല. കേന്ദ്ര സർക്കാർ പക്ഷെ MSP കണക്കാക്കുന്നതിനു ഉപയോഗിച്ച ഫോർമുല A2 + FL ആണ്. കർഷകർ വിത്തിനും , കൂലിക്കും, കീടനാശിനികൾക്കും, വളങ്ങൾക്കും വേണ്ടി നടത്തിയ പണമിടപാടുകളാണ് A2. അതോടൊപ്പം കുടുംബാംഗങ്ങളുടെ കൂലിയില്ലാ അധ്വാനവും (FL) ചേർത്താണ് MSP കണക്കാക്കിയിരിക്കുന്നത്.

ഭൂമിക്കു കർഷകൻ മുടക്കേണ്ട വാടക, കടം വാങ്ങിയ മൂലധനത്തിനുമേൽ വരുന്ന പലിശ ഇതെല്ലം പൂർണമായും ഒഴിവാക്കിയിരിക്കുന്നു.
2017ൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നടത്തിയ സാമ്പത്തിക സർവേ റിപ്പോർട്ട്​ അനുസരിച്ച് കർഷകരുടെ കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം 20000 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 1666രൂപ. കൊട്ടിഘോഷിക്കപ്പെടുന്ന സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇത് 2666 രൂപയായി വർധിക്കും! കാർഷികേതര വരുമാനം കൂടി കൂട്ടി ചേർത്താൽ ഒരു ശരാശരി ഇന്ത്യൻ കർഷകന്റെ പ്രതിമാസ വരുമാനം 5666 രൂപ വരുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ദേശീയ വേതന കമ്മീഷൻ അഭിപ്രായപ്പെടുന്നത്, ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ ജീവിതം മുന്നോട്ടുനീക്കുവാൻ കുറഞ്ഞത് പ്രതിമാസം 21,000 രൂപയെങ്കിലും വരുമാനമുണ്ടായിരിക്കണമെന്നാണ്. കാർഷികേതര കുടുംബങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, മൂന്നിലൊന്നു വരുമാനം മാത്രമാണ് കാർഷിക കുടുംബങ്ങൾക്ക് ലഭ്യമാവുന്നതെന്നും പഠനം ചൂണ്ടി കാണിക്കുന്നു (NITI Aayog, 2017). ഈ സാഹചര്യങ്ങളെ എല്ലാം സമഗ്രമായി പരിശോധിക്കുമ്പോൾ പുതിയ നിയമം പ്രൈസ് അഷുറൻസും എംപവർമെന്റും വാഗ്ദാനം ചെയ്യുന്നത് മൾട്ടി നാഷണൽ കുത്തകൾക്കു വേണ്ടിയാണെന്ന് മനസ്സിലാവും.

കേരളത്തിൽ ബാക്കിയുള്ള നെൽവയലുകൾ കൂടി അപ്രത്യക്ഷമാകും

കരാർ കൃഷിയുടെ മോഹനവാഗ്ദാനങ്ങളിലേക്കു തെറ്റിദ്ധരിക്കപ്പെട്ട് കേരളത്തിലെ കർഷകർ വേഗത്തിൽ എത്തിച്ചേരാനുള്ള സാധ്യതകൾ ഉണ്ട് എന്നുതന്നെ പറയാം. കേരളത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥ വിപണി ആവശ്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. കേരളത്തിന്റെ കാർഷിക സമ്പദ് മേഖലയുടെ ആദ്യഘട്ടം എന്നത് പാശ്ചാത്യരുടെ കച്ചവടമുതലാളിത്തത്തിൽ ഊന്നിയുള്ളതായിരുന്നു. സാമ്രാജ്യത്വ വ്യാപനം ശക്തമായതോടെ വ്യവസായാധിഷ്ഠിത മുതലാളിത്തം കാർഷിക മേഖലയെ മാറ്റിമറിച്ചു. വാണിജ്യ പ്രാധാന്യമുള്ള വിളകൾ നമ്മുടെ ഭക്ഷ്യ വിളകളുടെ സ്ഥലം അപഹരിച്ചു കൊണ്ട് വിപുലമായി. ഉപജീവന കാർഷിക വൃത്തിയിൽ നിന്ന് കാർഷിക മുതലാളിത്തത്തിലേക്കു പര്യാപ്തമാവും വിധം കേരളത്തിന്റെ മണ്ണും, വിള ക്രമങ്ങളും മാറ്റി പരീക്ഷിക്കാൻ ഇവിടുത്തെ കർഷകർ തയ്യാറായി.

പാശ്ചാത്യർ മാറ്റി മറിച്ച കേരളത്തിലെ കാർഷിക ഭൂപടം ഐക്യ കേരളം രൂപീകരണത്തിന് ശേഷം വന്ന ഭരണാധികാരികളും മാറ്റങ്ങൾ ഒന്നും വരുത്താതെ തുടരാനനുവദിക്കുകയാണുണ്ടായത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണങ്ങളും അതിന്റെ ചുവടു പിടിച്ചു തന്നെയാണ് നടപ്പിലാക്കിയതെന്നു കാണാം. എൺപതുകളിൽ കേരള സർക്കാരിന് സമർപ്പിക്കപ്പെട്ട ഒരു വിദഗ്ധ റിപ്പോർട്ടിൽ നെല്ലുൽപാദനം ലാഭകരമല്ലെന്നും വിദേശ നാണ്യം നേടിത്തരുന്ന നാണ്യ വിളകളെയാണ് നാം പ്രോത്സാഹിപ്പിക്കേ ണ്ടതെന്നും ശുപാർശ ചെയ്തിരുന്നു. ഈ നിർദേശത്തിലേക്ക് ഒരു എതിർപ്പും കൂടാതെ ഭരണകൂടവും കർഷകരും ചുവടുമാറിയതിന്റെ ഫലമാണ് നമ്മുടെ ഭക്ഷ്യ ധാന്യ ഉൽപാദനത്തിൽ ഭീമമായ കുറവ് സംഭവിക്കാൻ ഇടയാക്കിയത്. പുതിയ നിയമങ്ങളിലെ കരാർ കൃഷിയും ആവിധം കർഷകരെ ആകർഷിക്കാൻ കെൽപ്പുള്ളതാണ്. കരാർ കൃഷി പ്രധാനമായും വിപണിയിലെ ഡിമാന്റുകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഉൽപന്നങ്ങളെ ആശ്രയിച്ചായിരിക്കും. കേന്ദ്ര കാർഷിക നിയമങ്ങളുടെ പ്രത്യാഘാതമെന്ന നിലയിൽ കേരളത്തിൽ സംഭവിക്കാൻ ഇടയുള്ള ഒരു കാര്യം കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകൾ കൂടി അപ്രത്യക്ഷമാവാനുള്ള സാധ്യതയാണ്.

1.0 ഹെക്ടറിൽ കുറവുള്ള കാർഷിക ഭൂമി ലീസിനു ഏറ്റെടുത്ത് അത്തരം വിവിധ പ്ലോട്ടുകൾ ഒന്ന് ചേർത്ത് കൊണ്ട് ആധുനിക ഉപകരണങ്ങളും കൃഷിരീതികളും ഉപയോഗിച്ച് കൊണ്ട് വലിയ കൃഷി ഫാം നടത്താം എന്ന സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് കരാർ കൃഷിക്കാർ വലിയ തോതിൽ ഒന്നിച്ചു കൃഷി ഭൂമി ഏറ്റെടുക്കുകയും അവർക്കു താല്പര്യമുള്ള വിളകൾ കൃഷി ചെയ്യാൻ കർഷകനോട് ആവശ്യപ്പെടുകയും ചെയ്യാം. നാണ്യവിളകളുടെ വിലയിൽ അടുത്ത കാലത്തായി ഉണ്ടാവുന്ന അസ്ഥിരതയും, ദീർഘകാല കൃഷി നിമിത്തം തോട്ടങ്ങളുടെ ഉല്പാദന ക്ഷമത നഷ്ടപ്പെട്ടതും നാണ്യവിളകളിൽ നിന്ന് കർഷകനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി നിലവിൽ നിലനിൽക്കുന്നുണ്ട്. ലാഭ സാധ്യത മുൻനിർത്തി മാത്രം കൃഷി ചെയ്തു ശീലമുള്ള കർഷകരെ എളുപ്പം പ്രലോഭിപ്പിക്കാൻ കരാർ കമ്പനികൾക്ക് സാധിക്കുകയും ചെയ്യും.

പുതിയ കേന്ദ്ര നിയമത്തിന് കീഴിൽ കരാർ കൃഷി വ്യാപകമാക്കപ്പെടുമ്പോൾ, ഉല്പാദന ചെലവ് കൂടുതലും ലാഭം കുറവുമായ നെൽകൃഷിയിൽ നിന്നും മറ്റേതെങ്കിലും വിളകളിലേക്കു മാറാൻ കർഷകർ തയ്യാറായാൽ, അതിനു പിന്തുണ ലഭിക്കുന്ന വിധത്തിലാണ് കേന്ദ്ര നിയമം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര നിയമത്തിനെതിരായി കേരളത്തിലെ നെൽവയൽ തണ്ണീർത്തട നിയമം 2008 നിലനിൽക്കുമോ എന്ന വിഷയം നിയമ വിദഗ്ധർ പരിശോധിക്കേണ്ടതാണ്. ഓരോ സംസ്ഥാനവും അവരുടെ സവിശേഷ സാഹചര്യങ്ങൾക്ക് അനുസൃതമായി നടപ്പിലാക്കുന്ന നിയമങ്ങളെ അപ്രസക്തമാക്കുന്ന നിയമങ്ങൾ കേന്ദ്രം നടപ്പിലാക്കുന്നത് തന്നെ ഫെഡറൽ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നിയമ നിർമ്മാണം നടത്തുന്നതിന്റെ പ്രശ്‌നം കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

കരാർ കൃഷി കേരളത്തിൽ നിലനിൽക്കുന്ന വിള വൈവിധ്യങ്ങളെ ഇല്ലാതാക്കാനും കാരണമാവും. കൃഷി വിളകളും, രീതികളും മാറ്റങ്ങൾക്കു വിധേയമാക്കുമ്പോൾ, നാളിതുവരെ സംരക്ഷിച്ചു പോന്നിരുന്ന വിത്തുകളുടെ ഉടമസ്ഥാവകാശവും, നിയന്ത്രണവും കർഷകർക്ക് നഷ്ടമാവും. ഹരിത വിപ്ലവം മൂലം ഉണ്ടായതും അത് തന്നെയാണ്. രണ്ടാം ഹരിത വിപ്ലവം എന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ ലഭ്യമായ നടൻ വിത്തുകളെയും, വിളകളെയും തുടച്ചുനീക്കും. രാജ്യത്തു നെൽ വിത്തുകളിൽ മാത്രം നാല്പതിനായിരത്തോളം വൈവിധ്യങ്ങൾ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

കേരളത്തിൽ 3000 ലധികമുണ്ടായിരുന്ന നെൽവിത്തിനങ്ങളിൽ നൂറോളം എണ്ണമാണ് അവശേഷിക്കുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് ചെറു ധാന്യങ്ങൾ, കിഴങ്ങ്​- പയറു വർഗങ്ങൾ എന്നിവയിലെല്ലാം വൈവിധ്യം ഇല്ലാതായിട്ടുണ്ട്. ഇവ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയിൽ വന്ന മാറ്റങ്ങളിൽ നിന്ന് അത് മനസ്സിലാക്കാം. കയറ്റുമതി ലക്ഷ്യ വെച്ചും നഗരാവശ്യങ്ങളെ തൃപ്തിപ്പെടുത്താനും പുതിയ വിളകൾ കരാർ കൃഷിയിലൂടെ, ഏക വിള തോട്ടങ്ങളായി കടന്നു വരുകയാണെങ്കിൽ അത് കേരളത്തിന്റെ കാർഷിക മേഖലയെ തകർക്കുക മാത്രമല്ല പാരിസ്ഥിതിക പ്രശ്‌നങ്ങൾ വഷളാക്കുന്നതിനും കാരണമാകും.

കർഷകരുടെ ഭൂമി കോർപറേറ്റുകളുടേതാകും

ചെറു കൃഷിയിടങ്ങളാണ് കേരളത്തിൽ വ്യാപകം. രാജ്യത്തെ പത്താം കാർഷിക സെൻസസ് കണക്കുകൾ പ്രകാരം കേരളത്തിലെ കർഷകരാണ് ഏറ്റവും കുറഞ്ഞ (0.18 ഹെക്ടർ) കൃഷിഭൂമി കൈവശമുള്ളവർ (average size of operational holding). 80 ശതമാനത്തിലധികം കർഷകരും 0.15 ഹെക്ടറിനും 0.35 ഹെക്ടറിനും ഇടയിൽ കൈവശ ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകരാണ്. 2013ൽ National Sample Survey Organization (NSSO) ഒരു Situation Assessment Survey നടത്തിയിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ (27.3%) ഗ്രാമീണ കാർഷിക കുടുംബങ്ങൾ (rural agriculture households) ഉള്ള സംസ്ഥാനം കേരളമാണ്. ഇതിൽ മൂന്നിൽ രണ്ടു ഭാഗം കുടുംബങ്ങളും കാർഷികേതര ജോലികളിൽ നിന്ന് വരുമാനം ഉള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കരാർ കൃഷി കർഷകരുടെ ഭൂമി കോർപറേറ്റുകൾ കൈക്കലാക്കുന്നതിലേക്കു വഴി വെക്കും എന്ന് മാത്രമല്ല, കൃഷി ഭൂമി ഇല്ലാത്ത കർഷക തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും ഇടയാക്കും.

കർഷക തൊഴിലാളികളുടെ പ്രശ്​നങ്ങൾ

നിയമം പ്രാബല്യത്തിൽ വരുന്നതോടെ കർഷകർക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ പലപ്പോഴായി നാം എല്ലാവരും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുമുണ്ടാവും. അതോടൊപ്പം, ഗൗരകരമായി ഈ നിയമം നേരിട്ട് ബാധിക്കുന്ന വിഭാഗമാണ് സ്വന്തമായി കൃഷി ഭൂമി ഇല്ലാത്ത കർഷക തൊഴിലാളികൾ. കേരളത്തിൽ നിലവിൽ അവരുടെ എണ്ണം കുറവാണെങ്കിൽ പോലും അത് പരിഗണനാർഹമായ വിഷയമാണ്.
കാർഷികോത്പന്നങ്ങളുടെ സംഭരണ കാര്യത്തിൽ സർക്കാർ ഏജൻസിയുടെ ഇടപെടൽ സജീവമായിട്ടുണ്ട് എന്നതിന് പുറമെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു കർഷകർക്ക് മെച്ചപ്പെട്ട മിനിമം സഹായ വില നൽകുന്ന സാഹചര്യവും കേരളത്തിലുണ്ട്. നെല്ലിന്റെ സംഭരണ വിലയിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന മിനിമം സഹായ വിലയ്ക്ക് പുറമെ സ്‌റ്റേറ്റ് ഇൻസെന്റീവ് ബോണസ് (SIB ) സംസ്ഥാന സർക്കാർ ബഡ്ജറ്റ് വിഹിതമായി നൽകി വരുന്നുണ്ട്. രാജ്യത്തു നെല്ലിന് ഉയർന്ന മിനിമം താങ്ങു വില ഉള്ള സംസ്ഥാനവും കേരളമാണ് (ക്വിന്റലിന് 2630 രൂപ). അതേസമയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില 1886 ആണ് (2021).

സർക്കാർ പ്രഖ്യാപിക്കുന്ന ബോണസ് തുകയുടെ മെച്ചം പലപ്പോഴും കർഷകന് ലഭിക്കാതെ പോവുന്നതിന്റെ കാരണം കേരളത്തിലെ ഉയർന്ന ഉൽപാദന ചെലവാണ്. ഉൽപാദന ചിലവിന്റെ കാര്യത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. നെല്ലുൽപ്പാദനത്തിൽ ദേശീയ ശരാശരി ക്വിന്റലിന് 1133 രൂപയാണെങ്കിൽ കേരളത്തിൽ ക്വിന്റലിന് 1511 രൂപയാണ് ഉൽപ്പാദന ചെലവ്. സംസ്ഥാന സർക്കാർ ഉയർന്ന വില നൽകരുത് എന്ന് ആവശ്യപ്പെട്ടാൽ കേരളത്തിലെ നെൽകൃഷിയുടെ ഭാവി അവതാളത്തിലാകും. കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്നതിനുള്ള ഫണ്ട് അനുവദിച്ചില്ലെങ്കിലും പൊതു സംഭരണം തകരാറിലാകും. ഇതിനുള്ള വഴി കൂടിയാണ് പുതിയ നിയമങ്ങൾ എന്ന് ശാന്തകുമാർ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വായിച്ചെടുക്കാവുന്നതാണ്.

സംസ്ഥാനത്തിന്റെ കാർഷിക വികസന നയം 2013ന്റെ കരട് രേഖയിൽ ഭക്ഷ്യ ധാന്യ ഉൽപ്പാദനം വർധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒപ്പം നെൽ വയലുകൾ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനും നിർദേശമുണ്ട്. നെല്ല് കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ പതിനാറോളം മറ്റു വിളകൾക്ക് കൂടി മിനിമം സഹായ വില ഏർപ്പെടുത്തുകയുണ്ടായി. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ അവസരത്തിൽ ,കർഷകർക്ക് മിനിമം സഹായ വില നിയമ സാധുതയോടെ ഉറപ്പു വരുത്താനുള്ള ശ്രമം നടത്തും എന്ന് സൂചിപ്പിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം പ്രകടമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ വിളകൾക്കുള്ള ഇൻഷുറസ് പരിരക്ഷകൾ വിപുലമാക്കേണ്ടതുണ്ട്. കൂടുതൽ സർക്കാർ സഹായങ്ങൾ കാർഷിക മേഖലയ്ക്ക് അനുവദിക്കുകയും, അതിനനുസരിച്ചു ബഡ്ജറ്റ് വിഹിതത്തിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷ്യ വിളകൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള കാർഷിക നയം സ്വീകരിച്ചാൽ മാത്രമേ ഭാവിയിൽ പുതിയ നിയമം മൂലം ഉണ്ടാവാൻ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധിയെ അതിജീവിക്കാൻ കേരളത്തിന് സാധിക്കു.

3) എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്‌മെന്റ് ) ആക്ട്

സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വകാര്യ സംഭരണം, കടത്ത്, കയറ്റുമതി ഇറക്കുമതി, വിപണി പശ്ചാത്തല സൗകര്യങ്ങൾ എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് ഇന്ത്യ ഗവണ്മെന്റ് അവശ്യ സാധന നിയമം 1955 രൂപീകരിക്കുന്നത്. ഇതനുസരിച്ച്​, സ്വകാര്യ സംഭരണത്തിന് പരിധി നിശ്ചയിക്കുകയും, കാർഷികോല്പന്നങ്ങൾ വൻതോതിൽ സംഭരിക്കാനുള്ള കുത്തക അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിച്ചു നിർത്തുന്നതിനായി 1955ൽ കൊണ്ട് വന്ന നിയമങ്ങളെ പുതിയ കേന്ദ്ര നിയമങ്ങൾ ഇല്ലാതാക്കും.

യുദ്ധം, കടുത്തക്ഷാമം എന്നീ അസാധാരണ സന്ദർഭങ്ങളിൽ അല്ലാതെ ധാന്യങ്ങൾ പയറുവർഗ്ഗങ്ങൾ ഉരുള കിഴങ്ങു ഉള്ളി ഭക്ഷ്യ എണ്ണക്കുരുക്കൾ ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് സംഭരണ നിയന്ത്രണങ്ങൾ ഉണ്ടാവില്ല എന്നാണ് പുതിയ ഭേദഗതി. ഈ ഭക്ഷ്യ ഉത്പന്നങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോർപറേറ്റുകളും, വൻകിട ഫാമിംഗ് കമ്പനികളും ഭക്ഷ്യ വസ്തുക്കളുടെ സംഭരണം പരിധിയില്ലാത്ത ചെയ്യാം എന്ന സാഹചര്യം നിലവിൽ വരുമ്പോൾ, അത് വലിയ ചൂഷണങ്ങൾക്ക് ഇട നൽകും. ഭക്ഷ്യ വസ്തുക്കളുടെ സംഭരണ തോത്, അവ എവിടെയൊക്കെയാണ് സംഭരിക്കപ്പെട്ടിട്ടുള്ളത് തുടങ്ങിയ അടിസ്ഥാന ധാരണകൾ ഒരു സർക്കാരിന് നഷ്ടമാകുന്നതോടെ സ്വകാര്യ കമ്പനികൾക്കു വലിയ പ്രതിസന്ധികൾ ഈ മേഖലയിൽ സൃഷ്ടിക്കാൻ സാധിക്കും.

2002ൽ കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയി സർക്കാരും 1955ലെ ആവശ്യ സാധന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. 1955ലെ നിയമത്തിൽ വാങ്ങലും വിൽപ്പനയും സംഭരണവും നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ പരിധിയില്ലാതെ വാങ്ങുന്നതിനും വിൽക്കുന്നതിനും സംഭരിക്കുന്നതിനും ചരക്ക് കടത്തിനും ഉപയോഗത്തിനും ഉപഭോഗത്തിനും വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമല്ലെന്നും ആയതിലേക്ക് 1955ലെ നിയമം നിഷ്‌കർഷിക്കുന്ന പെർമിറ്റോ ലൈസൻസോ ആവശ്യമില്ലാത്തതാ ണന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്തു. അതിന്റെ ഫലം എന്നത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാവുകയും, ഭക്ഷ്യ വസ്തുക്കളുടെ വിലവർദ്ധനവും ആയിരുന്നു. ഭേദഗതി നടപ്പിലാക്കിയ വർഷം തന്നെ 47% വിലക്കയറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. വിലക്കയറ്റം രൂക്ഷമായി വർധിച്ച സാഹചര്യത്തിൽ 2007ൽ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. ജനദ്രോഹപരമായ ഈ നടപടികളിൽ വാജ്‌പേയ് സർക്കാരിന് അധികാരം ഒഴിയേണ്ടതായും വന്നിട്ടുണ്ട്.

ഇന്ത്യയുടെ ഭക്ഷ്യ നയത്തിന്റെ ഭാഗമായാണ് FCI നിലവിൽ വന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക, പൊതുവിതരണ ശൃംഖല യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക, ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യധാന്യ സംഭരണം സാധ്യമാക്കുക, ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന്​ വിപണിയിൽ വില നിയന്ത്രണം ഏർപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് FCI സ്ഥാപിക്കപ്പെട്ടത്. ദേശീയ ഭക്ഷ്യ നയത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട FCI കർഷകരിൽ നിന്ന്​ ഭക്ഷ്യ ധാന്യങ്ങൾ ശേഖരിച്ചു. അരി, ഗോതമ്പ്, ചോളം, പയറുവർഗ്ഗങ്ങൾ, കടല, ഭക്ഷ്യ എണ്ണ തുടങ്ങിയ വസ്തുക്കളാണ് FCI കളിൽ സംഭരിക്കപ്പെട്ടത്.

കർഷകർ പട്ടിണിയും, ദാരിദ്ര്യവും മൂലം ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. അതിന്റെ ഭാഗമായാണ് ന്യായ വിലക്ക് വേണ്ടിയുള്ള കർഷക പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. കർഷക പ്രതിഷേധങ്ങൾ കണക്കിലെടുത്തു താങ്ങുവില ഏർപ്പെടുത്തുകയും പിന്നീട് കാർഷികോത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി എ.പി.എം.സി ആക്ട് കൊണ്ടുവരുകയും അതിന്റെ കീഴിൽ മണ്ഡികൾ രൂപീകരിക്കുകയും ചെയ്തത്. മിനിമം താങ്ങു വില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന ഘടകങ്ങളാണ്. ഇവയില്ലാതാകുന്നതിലൂടെ ഉപഭോക്തൃ സംസ്ഥാനങ്ങളുടെയും, പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയർത്തുമെന്നതിൽ സംശയമില്ല.

പൊതു സംഭരണ സംവിധാനത്തിൽ, നിശ്ചിത സംഭരണ കാലയളവിനുള്ളിൽ മിനിമം താങ്ങു വിലയിൽ സർക്കാർ ഏജൻസികളാണ്; പ്രധാനമായും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കാർഷികോത്പന്നങ്ങൾ കർഷകരുടെ കയ്യിൽ നിന്ന് വാങ്ങി സംഭരിക്കുന്നത്. FCI ശേഖരിക്കുന്നത് മൊത്തം ഉൽപ്പാദനത്തിന്റെ 12% മാത്രമാണ് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് പൊതുവിതരണത്തിനായാണ് ഈ സംഭരണം കൂടുതലായും ഉപയോഗിക്കുന്നത്. ഈ വിധം ആവശ്യ സമയത്തേക്ക് ഉപയോഗിക്കുവാനായി നടത്തുന്ന ഈ സംഭരണ പ്രവർത്തനങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഇല്ലാതെയാകുമ്പോൾ, സ്വകാര്യ വ്യാപാരികൾ താരതമ്യേന ഉത്പന്നങ്ങൾക്ക് വില കുറഞ്ഞിരിക്കുന്ന വിളവെടുപ്പ് കാലങ്ങളിൽ കൂടുതലായി സംഭരണം നടത്തുന്നതിന് ഇടയാക്കും. ഈവിധം അവർ ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഡിമാൻഡ് കൂടിയിരിക്കുന്ന സമയങ്ങളിൽ കൂടുതൽ വിലയ്ക്ക് വിപണിയിലേക്ക് എത്തിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭാവിയിൽ പൊതു വിതരണത്തിനായി ആവശ്യമായ സ്‌റ്റോക്ക് ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടു നേരിടുകയും, ഭരണകൂടങ്ങൾക്ക് സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. രാജ്യത്തെവിടെയും വ്യക്തികൾക്കോ കമ്പനികൾക്കോ സംഭരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് വളരെ ലളിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് മൂന്നാമത്തെ നിയമം തയ്യാറാക്കിയിട്ടുള്ളത്.

കമ്പനികൾക്ക്​ ഒരു നിയന്ത്രണവുമില്ല

സംഭരണ പരിധിയുടെ കാര്യത്തിൽ കമ്പനികൾക്ക് പുതിയ നിയമ പ്രകാരം നിയന്ത്രണങ്ങളും ഇല്ല. നിലവിൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയതുകൊണ്ട് തന്നെ ഏതെല്ലാം സംഭരണ ശാലകൾ, എവിടെയെല്ലാം, എന്തെല്ലാം, എത്ര അളവിൽ സംഭരിക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ സർക്കാരിനുണ്ട്. പക്ഷെ സ്വകാര്യ സംഭരണ കേന്ദ്രങ്ങൾ കൂടുതലായി നിലവിൽ വരുമ്പോൾ ഈ കാര്യങ്ങളിൽ യാതൊരു വ്യക്തതയും സർക്കാരുകൾക്ക് ഉണ്ടാവില്ല. വിപണികളിൽ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും നിയന്ത്രണ വിധേയമാക്കാനും ഭരണകൂടങ്ങൾക്ക് സാധിക്കാതെ വരും.

പൊതുവിതരണ സംവിധാനവും കേരളവും

പുതിയ നിയമം നടപ്പിലായി വരുന്നതോടെ വലിയ തോതിൽ ഉൽപാദനം നടത്തുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രിത പൊതു സംഭരണ കേന്ദ്രങ്ങൾ അപ്രസക്തമാവാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ, അത് സ്വാഭാവികമായും ഇന്ത്യയിലെ പൊതു വിതരണ സംവിധാനം ഇല്ലാതാക്കും.

മറ്റെല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നം ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് വലിയ ആഘാതങ്ങൾ ഏൽപ്പിക്കുന്നതായിരിക്കും. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്പാദനം പോലും ഇല്ല എന്നതുകൊണ്ട് തന്നെ നെല്ലുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ആവശ്യത്തിലേക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം ജനങ്ങളും പൊതുവിതരണ സംവിധാനങ്ങൾ വഴി ലഭ്യമാവുന്ന സബ്ബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തെ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കളാണ്. മൂന്നിൽ രണ്ടു ഭാഗം ആളുകളും അരിക്കായി പൊതുവിതരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന് ആവശ്യമുള്ള മുഴുവൻ പയറുവർഗ്ഗങ്ങളും ഇറക്കുമതി ചെയ്യുകയാണ്. സംസ്ഥാനത്തിനുപുറത്തു നിന്ന് ഒരു വർഷത്തിൽ 2.5 മില്യൺ ടൺ അരിയും, 4 ലക്ഷം ടൺ ഗോതമ്പും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇതിൽ FCI ആണ് വർഷത്തിൽ 1.3 മില്യൺ ടൺ അരിയും, 1.8 ലക്ഷം ടൺ ഗോതമ്പും കേരളത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത്​ ഗ്രാമ നഗര വ്യത്യാസമില്ലാതെ റേഷൻ കാർഡ് ഉള്ളവർക്ക് (പല സംസ്ഥാനങ്ങളിലും കാർഡ് ഇല്ലാത്തവർക്കും നിശ്ചിത അളവ് സാധനങ്ങൾ നൽകിയിരുന്നു) സൗജന്യമായ ഭക്ഷ്യ ധാന്യ വിതരണം സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ കഴിഞ്ഞത് സർക്കാർ നിയന്ത്രണത്തിലുള്ള സംഭരണ കേന്ദ്രങ്ങൾ വഴി സംഭരണം സാധ്യമായത് കൊണ്ടാണ്.

കേരളത്തിൽ ലോക്ക്ഡൗൺ കാലയളവിൽ 92% റേഷൻ കാർഡ് ഉടമകളും പൊതു വിതരണ സംവിധാനത്തെ ആശ്രയിച്ചു എന്നൊരു പഠന റിപ്പോർട് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Centre for Socio Economic and Environmental Studies കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങളെ ആവശ്യ വസ്തുക്കളുടെ പരിധിയിൽ നിന്ന് എടുത്തു കളഞ്ഞ് സ്വകാര്യ കുത്തകകൾക്ക് നിർബാധം സംഭരണം നടത്താനുള്ള സൗകര്യങ്ങൾ ആണ് അവശ്യ സാധന നിയമം വഴി (Essential Commodities Act) കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണം അവശ്യ വസ്തുക്കളുടെ പരിധിയിൽ നിന്ന് എടുത്തു മാറ്റിയത് കൊണ്ട് തന്നെ സർക്കാർ സംഭരണ സംവിധാനങ്ങൾ അവയുടെ സംഭരണ കാര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പൊതുവിതരണ ശൃംഖല തകരുമെന്നതിൽ സംശയമില്ല.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര സൂചികകൾ ഉയർന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ട് ഭക്ഷ്യ ഉപഭോഗത്തിന്റെ കാര്യത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സർക്കാരുകൾ നടപ്പിലാക്കിയ പല ക്ഷേമ പ്രവർത്തനങ്ങളും ,പ്രതേകിച്ചു പൊതുവിതരണ സമ്പ്രദായം, ഇന്ദിരാ ആവാസ് യോജന, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയൊക്കെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപഭോഗ നിരക്ക് വർധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. പക്ഷെ ഉപഭോഗത്തിനനുസരിച്ചു ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കാതെ വന്നത് കൂടുതൽ കൂടുതൽ ഭക്ഷ്യ ആശ്രിതത്വത്തിലേക്കു നമ്മെ തള്ളിവിടുകയും ചെയ്തു.

പൊതുവിതരണ സ​മ്പ്രദായം ഇല്ലാതായാൽ...

Universal Rationing സിസ്റ്റം മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2016 ലെ കണക്കുകൾ പ്രകാരം 83.19 ലക്ഷം റേഷൻ കാർഡ് ഉടമകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ടാർഗെറ്റെഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം നടപ്പിലാക്കുക വഴി വിവിധ തട്ടിലായി ഈ ഉപഭോക്താക്കളെ തരം തിരിച്ചിട്ടുമുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കാർഡ് ഉടമകൾ ഏതാണ്ട് 14.80 ലക്ഷവും, അന്ത്യോദയ അന്നയോജനയ്ക്ക് കീഴിൽ 5.85 ലക്ഷം ആളുകളും വരും. പോഷക സുരക്ഷയുടെ കാര്യത്തിൽ മതിയായ നിലവാരത്തിൽ എത്താത്ത ജന വിഭാഗങ്ങൾ കേരളത്തിലുണ്ട്. പൊതു വിതരണ സംവിധാനത്തിനു പുറമെ മിഡ് ഡേ മീൽ, സംയോജിത ശിശു വികസന പരിപാടികൾ എന്നീ സംവിധാനങ്ങൾ ഈ പരിമിതികളെ മറികടക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ്. ഇത് കൂടാതെ സപ്ലൈകോ വഴി ഏതാണ്ട് പതിമൂന്നോളം അവശ്യ സാധനങ്ങൾ ന്യായ വിലയ്ക്ക് അവരുടെ ഔട്ട് ലെറ്റുകൾ വഴി വിൽക്കുന്നുമുണ്ട്. ഇതെല്ലം വഴി ദാരിദ്ര്യം കുറയ്ക്കാനും, ഗ്രാമീണ ഗാർഹിക ഉപഭോഗ നിരക്ക് വർധി

പ്പിക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

പൊതു വിതരണ സംവിധാനം ഇല്ലാതാകുന്നതിലൂടെ സാധാരണ ജനങ്ങളും അരികുവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളും ഭക്ഷണ ലഭ്യതയിൽ കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടി വരും. കമ്പനികൾ വിപണിയിൽ, അവരുടെ താല്പര്യാനുസരണം എത്തിക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻ ഉള്ള പർച്ചേസിംഗ് പവർ ഇല്ലാതാവുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭക്ഷണ വിഷയം നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നായി മാറും. ന്യായ വില ഷോപ്പുകൾ, സപ്ലൈകോ ഔട്ട്‌ലെറ്റുകൾ എന്നിവയെ വലിയതോതിൽ ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന മധ്യവർഗ്ഗ ജനവിഭാഗങ്ങൾക്കും ഭാവിയിൽ വലിയ വില കൊടുത്തു സാധനങ്ങൾ ഹൈപ്പർ മാർക്കറ്റുകളിൽ നിന്ന് മാത്രം വാങ്ങിക്കേണ്ട അവസ്ഥ സംജാതമാകും. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും മൂലം പട്ടിണി മരണങ്ങൾ രാജ്യത്തുണ്ടാകാതെ സംരക്ഷിച്ച ഒരു നിയമം ഭേദഗതി ചെയ്യുന്നതിലൂടെ Reliance, More (Aditya Birla), Walmart, Big Bazar, LuLu ഗ്രൂപ്പ് മുതലായ വൻകിട കമ്പനികൾ പൂർണമായും ഭക്ഷ്യ വിപണിയെ നിയന്ത്രിക്കുന്ന കാലം ആഗതമാവും. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയും ചെയ്യും.

2021 ജനുവരിയിൽ പുറത്തിറങ്ങിയ സാമ്പത്തിക സർവേയിൽ റേഷൻ കടകൾ വഴി സബ്‌സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നത് മൂലം രാജ്യത്തിന്റെ ഭക്ഷ്യ സബ്‌സിഡി ബില്ലിലെ വർദ്ധനവ് പുനഃപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ യു.പി.എ ഗവണ്മെന്റ് അവസാന കാലയളവിൽ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് 2013 (National Food Security Act, 2013) ന്റെ പരിധിയിൽ രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി അഞ്ചു ലക്ഷത്തോളം റേഷൻ കടകൾ വഴി 81 കോടി ജനങ്ങൾക്കാണ് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.

ഭക്ഷ്യ ധാന്യങ്ങൾക്കു 2013ൽ നിശ്ചയിച്ച വില നിലവാരം ഇതുവരെ പുതുക്കിയില്ലെന്നും, അതോടൊപ്പം റേഷൻ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കണം എന്നുമാണ് സാമ്പത്തിക സർവേയിൽ നിർദേശിച്ചിട്ടുള്ളത്. ജനസംഖ്യയുടെ 20% ആളുകൾക്കായി (ഏതാണ്ട് 26കോടി ജനങ്ങൾക്ക് മാത്രം) പൊതു വിതരണ സംവിധാനം ചുരുക്കണം എന്നാണ് സർവ്വേ മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശം. ഇതിനോടൊപ്പം വിശകലനം ചെയ്യേണ്ട ഒരു റിപ്പോർട്ട് ആണ് ശാന്തകുമാർ ചെയർമാൻ ആയി ഫുഡ് കോപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുനഃസംഘാടനത്തിനു രൂപം കൊടുത്ത ‘ഹൈ ലെവൽ കമ്മിറ്റി 2015' നരേന്ദ്ര മോദിക്കു സമർപ്പിച്ച റിപ്പോർട്ട്.

ഈ റിപ്പോട്ടിൽ നിലവിലുള്ള FCI യുടെ സംഭരണ പ്രവർത്തനം (നെല്ല്, അരി, ഗോതമ്പ്) പൂർണ്ണമായും അതാതു സംസ്ഥാനങ്ങൾക്കു (ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, മധ്യപ്രദേശ്) നൽകണമെന്നും, സംസ്ഥാനങ്ങളുടെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന ധാന്യങ്ങൾ മാത്രം എഇക സംഭരിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നുണ്ട്. നിലവിലുള്ള PDS കവറേജ് 67 ശതമാനത്തിൽ നിന്ന് കുറച്ചു 40 ശതമാനമാക്കി മാറ്റണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. End to End കംപ്യൂട്ടറൈസേഷൻ നടത്താത്ത, ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്ത സംസ്ഥാനങ്ങളെ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം, FCI യ്ക്ക് വേണമെങ്കിൽ അവരുടെ സ്‌റ്റോക്കിങ് പ്രവർത്തനം ഔട്ട് സോഴ്‌സ് ചെയ്യാം, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ളതോ, സ്വകാര്യ കമ്പനികളുടെ സംഭരണ ശാലകളോ ഇതിനു വേണ്ടി ഉപയോഗ പ്പെടുത്താം, എന്നിവയൊക്കെ ഈ റിപ്പോർട്ടിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

കുത്തകകൾ സജ്ജരായിക്കഴിഞ്ഞു

ഹരിയാനയിലടക്കം രാജ്യത്തെ 14ഓളം കേന്ദ്രങ്ങളിൽ Adani Agri Logistics Ltd വൻതോതിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണത്തിനായി ആധുനിക സംഭരണ സംവിധാനങ്ങളും (സിലോസ്) അവിടേക്കുള്ള സ്വകാര്യ റെയിൽ സംവിധാനങ്ങളും നിർമ്മിച്ചു കഴിഞ്ഞിരിക്കുന്നു. 2022-ഓടു കൂടി 20 ലക്ഷം ടൺ ആയി സംഭരണ ശേഷി വർധിപ്പിക്കാനാണ് അദാനി അഗ്രി ലോജിസ്റ്റിക് ലിമിറ്റഡ് ഉദ്ദേശിക്കുന്നത്. അദാനി ഗ്രൂപ്പിനു പുറമെ LT Foods, National Collateral Management Ltd, Shree Kartikeyan Industries and Total Shipping and Logistics Corporation എന്നീ കമ്പനികളുടെയും സിലോസുകൾ നിർമ്മാണത്തിലുണ്ട്.

ഇതുകൂടാതെ താങ്ങു വിലയ്ക്ക് മുകളിൽ ബോണസ് പ്രഖ്യാപിച്ചു സംഭരണം നടത്തുന്ന സംസ്ഥാനങ്ങളുടെ നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന നിർദേശവും ഈ റിപ്പോട്ടിൽ ഉണ്ട്. ഒരു ക്വിന്റൽ നെല്ലിന് വിവിധ സംസ്ഥാനങ്ങളിലെ കർഷകന്റെ മൊത്ത ഉൽപാദന ചെലവ് അതാതു പ്രദേശങ്ങളിലെ കൂലി, ഭൂമിയുടെ നികുതി എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങു വിലയും, മൊത്ത ഉല്പാദന ചെലവും തമ്മിലുള്ള അന്തരം പരിഹരിച്ചു കർഷകന് ഭേദപ്പെട്ട വില ഉറപ്പു വരുത്തുന്നത് സംസ്ഥാനങ്ങൾ നല്കുന്ന ഇൻസെന്റീവ് ബോണസ് ആണ്. ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇത് തന്നെയാണ് ചെയ്യുന്നത് .

ത്തരം ബോണസുകൾ സ്വകാര്യ ഏജൻസികൾക്കു മാർക്കെറ്റിൽ ഇടപെടാനുള്ള അവസരം കുറയ്ക്കും എന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. അതു​കൊണ്ടുതന്നെ ബോണസുകൾ നൽകുന്ന സംസ്ഥാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്താനും ശാന്ത കുമാർ കമ്മിറ്റി നിർദേശിക്കുന്നുണ്ട്. ദേശീയ തലത്തിലുള്ള ഈ അഗ്രി ബിസിനസ് പ്ലേയേഴ്‌സ് മാത്രമല്ല ഇന്ത്യയുടെ കാർഷിക മേഖലയിൽ കണ്ണും നട്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നോർതേൺ ഇൻഡസ്ട്രിയൽ രാജ്യങ്ങളായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ധാന്യങ്ങളും, ഡയറി ഉത്പന്നങ്ങളും വൻതോതിൽ മിച്ചം വരുന്നുണ്ട്. അവിടുത്തെ പ്രത്യേക കാലാവസ്ഥ കാരണം ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ വിളകൾ കൃഷി ചെയ്യാൻ സാധിക്കുന്നുമില്ല.

അവരുല്പാദിപ്പിക്കുന്നവയ്ക്കു കയറ്റുമതി വിപണി കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി വികസ്വര രാജ്യങ്ങളോട് അവരുടെ പൊതു സംഭരണ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട് ഈ വ്യാവസായിക രാജ്യങ്ങൾ. മേല്പറഞ്ഞ വിളകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉള്ള ഇന്ത്യ പോലുള്ള പ്രദേശങ്ങൾ കരാർ കൃഷിക്ക് തയ്യാറാകണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. 1990കളുടെ തുടക്കത്തിൽ തന്നെ ഫിലിപ്പീൻസും, പിന്നീട് ബോട്‌സ്വാന തുടങ്ങി ഏതാണ്ട് ഒരു ഡസനോളം മൂന്നാംലോക രാജ്യങ്ങൾ ഈ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടുകയും,വലിയ വില കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

Organisation for Economic Cooperation and Development (OECD), Indian Council for Research on International Economic Relations (ICRIER) എന്നീ അന്താരാഷ്ട്ര ഏജൻസികളും കാർഷിക മേഖലയിൽ ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന സബ്‌സിഡികൾ എടുത്തു കളയാനും, ആഭ്യന്തര വിപണികളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. ‘കർഷകരുടെ താല്പര്യം' മുൻ നിർത്തി നടപ്പിലാക്കിയതെന്നു പറയപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ യഥാർത്ഥത്തിൽ ആരുടെ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

കാർഷിക മേഖലയെ പൂർണ്ണമായും കൈയൊഴിയാനും, കർഷകരെ കോപ്പറേറ്റുകളെ കാൽച്ചുവട്ടിൽ എത്തിച്ചു അവരുടെ കൃഷി ഭൂമിയും ഉപജീവന മാർഗങ്ങളും അവർക്കു അന്യവൽക്കരിക്കാനുള്ള പരസ്പര ബന്ധിതമായ ആസൂത്രണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നയത്തിലൂടെ നടപ്പിലാക്കുന്നത്. അതുകൊണ്ടാണ്​, ഏതു വിധേനയും ഈ നിയമങ്ങളെ എതിർക്കേണ്ടതും, ഒപ്പം കോർപറേറ്റുകളെ കാർഷിക മേഖലയിൽ നിന്നുതന്നെ ബഹിഷ്‌ക്കരിക്കേണ്ടതും അന്നം ഉണ്ടാക്കുന്നവന്റെയും, അന്നം ഉണ്ണുന്നവന്റെയും ഉത്തരവാദിത്വമായി തീരുന്നത് .

റേഷൻ കടകൾ വഴി ലഭിക്കുന്ന അരി ഗ്രാമീണ ജനതയുടെ ഗാർഹിക ഭക്ഷണത്തിൽ കലോറിയുടെയും പ്രൊട്ടീന്റെയും അളവ് കുറയാതെ നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട് (കുമാർ എസ്.കെ, 1979). റേഷൻ വഴി ലഭിക്കുന്ന സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗവും പോഷക നിലവാരവും തമ്മിൽ ബന്ധമുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആളോഹരി ഭക്ഷ്യ ധാന്യ ഉപഭോഗം കേരളത്തിൽ വർധിച്ചത് പൊതുവിതരണ സംവിധാനത്തിലൂടെയാണ്. പൊതുവിതരണ സംവിധാനത്തി ലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിൽ കഴിഞ്ഞ മൂന്നു ദശകങ്ങളിലും വർദ്ധനവ് ദൃശ്യമാണ്. 1965ൽ അത് 906 ടൺ ആയിരുന്നെങ്കിൽ, 1990 കളിലെത്തുമ്പോൾ 1649 ടൺ ആയി വർധിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ഉദാരവത്കരണ നയങ്ങളുടെയും, ബാങ്കിങ് പരിഷ്‌ക്കരണങ്ങളുടെയും ഭാഗമായി ഭക്ഷ്യ സബ്‌സിഡിയിൽ കേന്ദ്രം കുറവ് വരുത്തി. ടാർജെറ്റ്ഡ് പബ്ലിക് ഡിസ്ട്രിബൂഷൻ വ്യവസ്ഥ നടപ്പിലാക്കിയതോടെ നല്ലൊരു ശതമാനം ഉപഭോക്താക്കളും എ.പി.എൽ കാർഡ് കാറ്റഗറിയിലേക്കു മാറാൻ ഇടയായി. ഇത്തരം എ.പി.എൽ കുടുംബങ്ങൾ പിന്നീട് സ്വകാര്യ വിപണികളെ ആശ്രയിക്കാൻ തുടങ്ങിയത് കേരളത്തിലെ പൊതു വിതരണ സംവിധാനത്തിൽ സാരമായ കുറവ് വരുത്തി. ദേശീയ തലത്തിലുള്ള നയവ്യതിയാനങ്ങൾ എപ്രകാരമാണ് പൊതുവിതരണത്തെയും അതുവഴി ഭക്ഷ്യ ലഭ്യതയെയും ബാധിക്കുക എന്നറിയാൻ ഈ കാലയളവിലെ ഭക്ഷ്യധാന്യ വിതരണത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 1992ൽ മൊത്തം അരി ആവശ്യകതയുടെ 52% അരി പൊതുവിതരണ സംവിധാനത്തിലൂടെ നൽകാൻ സാധിച്ചിരുന്നു. അക്കാലത്തെ ആഭ്യന്തര അരി ഉൽപാദനം 28%മാത്രമായിരുന്നു. അരി ആവശ്യത്തിന്റെ 20%ത്തിന് മാത്രമേ നമുക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നുള്ളൂ.

2000 ത്തോടെ പൊതുവിതരണ സംവിധാനത്തിന്റെ പങ്ക് 17% ആയി കുറഞ്ഞു. അതോടുകൂടി ഇതര സംസ്ഥാനങ്ങളുടെ മേലുള്ള നമ്മുടെ ആശ്രിതത്വവും വർധിച്ചു. 2002ൽ ഏതാണ്ട് 7% അരിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങേണ്ടി വന്നു. കൂടുതൽ ആളുകളെ ബി.പി.എല്ലിലേക്ക് മാറ്റാനും, എ.പി.എൽ കാർഡ് ഉള്ളവർക്കും സബ്‌സിഡി അനുവദിച്ച്​ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാനും, എ.പി.എൽ ആയി നിലനിന്നിരുന്ന ദളിത്-ആദിവാസി-മൽസ്യ തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരെ കൂടി ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റി പരിഗണിച്ചും സർക്കാർ നടപ്പിലാക്കിയ പല പദ്ധതികളും പൊതു വിതരണ സംവിധാനം കൂടുതൽ വിപുലമാക്കി ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നതിന് സഹായിച്ചു. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികളെ കൂടി പൊതു വിതരണ സംവിധാനത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതും പൊതുവിതരണത്തിന്റെ അളവ് കൂട്ടാൻ സഹായകമായി.

ഇതിന്റെയെല്ലാം ഫലമായി മൊത്തം വീടുകളിൽ 42% വീടുകളും പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാക്കി മാറ്റി. ഇതിനു പുറമെ അന്ത്യോദയ പദ്ധതിയും, അന്നപൂർണ പദ്ധതിയും നടപ്പിലാക്കി. ഇതിന്റെയൊക്കെ ഫലമായി 2010ആയപ്പോഴേക്കും ഇതര സംസ്ഥാനങ്ങൾക്കു മേലുള്ള ആശ്രിതത്വം 75%ൽ നിന്ന് 60% ആയി കുറയ്ക്കാൻ സാധിച്ചു. മാനവ വികസന സൂചികകളിൽ കേരളം പ്രകടമാക്കുന്ന പുരോഗമനാ ത്മകമായ മുന്നേറ്റം കൊണ്ട് തന്നെ ജനങ്ങളുടെ ജീവിത നിലവാരവും, വാങ്ങൽ ശേഷിയും, ഉപഭോഗ നിരക്കും ഒരേപോലെ വർധിച്ചിട്ടുണ്ട് എന്ന് കാണാം. എങ്കിൽ കൂടിയും നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും പൊതുവിതരണ സംവിധാനത്തെയും, ന്യായവില ഷോപ്പുകളെയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന ഏതൊരു നിയമവും ആത്യന്തികമായി ബാധിക്കുക സമൂഹത്തിലെ സാമ്പത്തിക-സാമൂഹിക ശ്രേണിയിൽ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന ജനങ്ങളെയായിരിക്കും.

പബ്ലിക് പോളിസികളിലും സാമൂഹ്യ-പാരിസ്ഥിതിക-സാമ്പത്തിക വിഷയങ്ങളിലും പഠനങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ‘ട്രാൻസിഷൻ സ്റ്റഡീസ്' തയാറാക്കിയ ‘കേരളവും ഭക്ഷ്യസുരക്ഷയും: പുത്തൻ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഒരന്വേഷണം' എന്ന കൈപ്പുസ്തകത്തിൽ നിന്നാണ് ഈ ലേഖനം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ, കാർഷിക പിന്നോക്കാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്ന കൈപ്പുസ്തകം (ഡോ.സ്മിത പി. കുമാർ, നീതു ദാസ്; ജനറൽ എഡിറ്റർ: കെ. സഹദേവൻ) -ഇവിടെ വായിക്കാം


Comments