കാർഷിക അധിനിവേശത്തിന്റെ ഇന്ത്യാചരിത്രം

ഹരിതവിപ്ലവവും സർക്കാർ കൈത്താങ്ങും ഒരുപരിധിവരെ ധനിക- ഇടത്തരം കർഷകരെ പരിപാലിച്ചു പോന്നെങ്കിൽ കോർപ്പറേറ്റ് അധിനിവേശത്തിൽ അവർക്കും കൂടി രക്ഷയില്ല എന്ന സ്ഥിതി എത്തിയിരിക്കുന്നു. അങ്ങനെ ഹരിതവിപ്ലവം മറച്ചുവെച്ച ദരിദ്ര കർഷക വിലാപങ്ങൾ ഇന്ന് വർഗ്ഗഭേദമില്ലാതെ എല്ലാ കർഷകരുടേതുമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ അംബാനിയോടും അദാനി യോടും നേരിട്ട് സംസാരിച്ചു കൊള്ളാം എന്ന് വർഗ വൈരുദ്ധ്യം തുറന്നുകാട്ടി കൊണ്ട് മധ്യവർത്തിയും പക്ഷപാതിയുമായ ഭരണകൂടത്തോട് കൃഷിക്കാർ ഒന്നടങ്കം പറയുന്നത്- ഇപ്പോഴത്തെ കർഷക പ്രക്ഷോഭത്തിലേക്കെത്തിച്ച, കാർഷിക മേഖലയുടെ ആധുനിക ചരിത്രത്തിലെ സുപ്രധാനമായ നാലുഘട്ടങ്ങൾ പരിശോധിക്കുകയാണ് ലേഖകൻ

ന്ത്യൻ കാർഷിക മേഖലയുടെ ആധുനിക ചരിത്രത്തിന് സുപ്രധാനമായ നാല് ഘട്ടങ്ങൾ ഉണ്ട്. ഇവ നാലു വിധത്തിലുള്ള രാഷ്ട്രീയ ആധിപത്യങ്ങളുടെ കാലങ്ങളാണ്. അതാതു കാലങ്ങളിൽ മേൽക്കൈ നേടിയ രാഷ്ട്രീയ ശക്തികൾ ഇന്ത്യൻ കാർഷിക മേഖലയെ എങ്ങനെ സ്വാധീനിച്ചു എന്ന് ഈ ചരിത്രഘട്ടങ്ങൾ ബോധ്യപ്പെടുത്തുന്നു.

1793 ൽ സെമീന്ദാരി സമ്പ്രദായം വന്നതു മുതൽ 1947 ൽ അവസാനിക്കുന്ന കോളനി കാലഘട്ടത്തിൽ കാർഷികമേഖലയിൽ വരുത്തിയ മാറ്റങ്ങളാണ് ഒന്നാംഘട്ടം. 1947 മുതൽ 1966 വരെ മൂന്നു പഞ്ചവത്സര പദ്ധതി കളിലൂടെ കടന്നു പോകുന്ന സ്വാതന്ത്ര്യപ്രാപ്തിയുടെ കാലമാണ് രണ്ടാംഘട്ടം. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷം, 1967 മുതൽ 1992 വരെയുള്ള അത്യുൽപാദനത്തിന്റെ ഹരിതവിപ്ലവ കാലമാണ് മൂന്നാംഘട്ടം. തുടർന്ന് ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്ന കാർഷിക പരിഷ്‌കരണങ്ങൾ ഉൾപ്പെടെയുള്ള ഈ കാലമാണ് നാലാംഘട്ടം.

ബ്ലൂബെറി വിളവെടുപ്പ്

ഇതിൽ, ഇന്ത്യയിലെ കർഷകരുടെയും ജനങ്ങളുടെയും അതോടൊപ്പം പരിസ്ഥിതിയുടെയും ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ട് കാർഷിക പരിഷ്‌കാരങ്ങൾ നടന്നിട്ടുള്ളത് രണ്ടാംഘട്ടത്തിൽ മാത്രമാണ്. തന്നെയുമല്ല കോളനിവാഴ്ച, ഹരിതവിപ്ലവ കാലം, ഘടനാപരമായ പരിഷ്‌കാരങ്ങളുടെ സമകാലിക ഘട്ടം ഇവ മൂന്നും പരിശോധിച്ചാൽ കോളനിവാഴ്ചയോടെ ഇന്ത്യൻ കാർഷിക രംഗത്ത് തുടക്കമിട്ട പൊളിച്ചെഴുത്തുകൾ ഹരിതവിപ്ലവ കാലത്തും തുടർന്ന് 92 ന് ശേഷമുള്ളതും ഇന്നത്തെ കാർഷിക നിയമങ്ങളിൽ എത്തി നിൽക്കുന്നതുമായ നാലാംഘട്ടത്തിലും കാലാനുസൃതമായ മാറ്റങ്ങളോടെ അനുവർത്തിക്കുന്നതായി കാണാനാകും. സ്വാതന്ത്ര്യസമരകാലത്തെ പുതിയ ഇന്ത്യയെ പറ്റിയുള്ള സാമൂഹ്യനീതിയുടെ സ്വപ്നങ്ങളും അക്കാലത്ത് കോൺഗ്രസ് മുതലായ പാർട്ടികളുടെ സോഷ്യലിസ്റ്റ് ആദർശങ്ങളും കൈകോർത്ത് ഉണ്ടായ ആദ്യ പഞ്ചവത്സര പദ്ധതികളുടെ പരിഷ്‌കാരങ്ങളാണ് ഇന്നും, ഇന്ത്യൻ കർഷകവർഗ്ഗം പ്രതിസന്ധിയുടെ ഘട്ടങ്ങളെ അതിജീവിച്ച് നെഞ്ചുവിരിച്ച് നിൽക്കുന്നതിന് ഊർജ്ജമായിട്ടുള്ളത്.

കൊളോണിയൽ കാർഷിക പരിഷ്‌ക്കാരങ്ങൾ

പ്രകൃതിയുടെയും അതിൽ പണിയെടുക്കുന്നവരുടെയും കൂലിയില്ലാ വേലയെ നിഷ്‌കരുണം ഊറ്റിയെടുത്തുകൊണ്ടാണ് യൂറോപ്യൻ വ്യവസായാധിഷ്ഠിത ആധുനികത്വം (Industrial Modernity) ജന്മമെടുക്കുന്നത്. രണ്ടുവിധത്തിൽ വ്യവസായാധുനികത്വം അതിന്റെ വളർച്ചക്കു വേണ്ട മൂലധന സമാഹരണം സാധ്യമാക്കുന്നുണ്ട്. ഒന്നാമത് അധിനിവേശ വൻകരകളിലെ ഭൂമിയിലും ഭൂബന്ധങ്ങളിലും വരുത്തിയ മാറ്റമാണ്. രണ്ടാമത്, ഇതിനു സമാനമായി യൂറോപ്പിലും പൊതുഭൂമികൾ പിടിച്ചെടുക്കുകയും അവ വളച്ചുകെട്ടുകയും (Enclosure) സ്വകാര്യവൽക്കരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് കാർഷിക പരിഷ്‌കാരങ്ങൾ അവിടെയും നടപ്പിലാക്കി. യൂറോപ്പിൽ ആയാലും പുറംലോകത്ത് ആയാലും, അവിടുത്തെ പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയിൽ കേന്ദ്രീകൃതമായ കാർഷികോൽപാദനത്തെ ആഗോള മാർക്കറ്റിനു വേണ്ടിയുള്ള ചരക്കു ഉൽപാദനം ആക്കി, അതിന്റെ വാണിജ്യവും വ്യവസായവുമായി പരിവർത്തിപ്പിക്കുകയാണ് കോളനിവാഴ്ച ചെയ്തത്. അമേരിക്കകളിലെ മണ്ണ്, ആഫ്രിക്കയിൽ നിന്നുള്ള അടിമകളുടെ അധ്വാനം ഇതു രണ്ടും ചേർത്ത് നിർമ്മിച്ച പ്ലാന്റേഷനുകൾ - കരിമ്പ് /പുകയില തോട്ടങ്ങളാണ് അധിനിവേശത്തിന്റെ ആദ്യകാല ആഗോള വിഭവ സമാഹരണ പ്രഭവങ്ങൾ . പ്ലാന്റേഷൻ കോളനി എന്ന ഈ പുതിയ കാർഷികോൽപാദന സമ്പ്രദായമാണ് കോളനൈസേഷൻ എന്ന രാഷ്ട്രീയാധികാര വ്യവസ്ഥക്കും അതിന്റെ നീതീകരണ യുക്തിയായ യൂറോപ്യൻ ആധുനികത്വത്തിനും കാരണമായിത്തീർന്നത്.

അധിനിവേശ നാടുകളിലെ മണ്ണ് അവിടുത്തെ "നിഷ്‌ക്രിയരും ബുദ്ധി ഹീനരുമായ ' മനുഷ്യരാൽ മാർക്കറ്റിനു വേണ്ടിയുള്ള വിഭവങ്ങൾ ഉൽപാദിപ്പിക്കപ്പെടാതെ ഉപയോഗശൂന്യമായി പോകുന്നു എന്ന സാമ്പത്തിക മാത്രവാദം ഉന്നയിച്ചു കൊണ്ട് കോളനി ഭരണകൂടം യൂറോപ്യൻ വ്യവസായ-വാണിജ്യ പ്രഭുക്കളുടെ സ്വകാര്യ സംരംഭ മേഖലയായി നാട്ടുമണ്ണ് അവർക്ക് തീറെഴുതി കൊടുത്തു. ലാഭമാത്രാസക്തമായ ഈ ആഗോള കപ്പലോട്ടം ഒരുവശത്ത് നാം ഇന്നു കാണുന്ന ഉൽപാദന-ഉപഭോഗ പ്രളയത്തിന്റെ പുതുലോകവും അതിന്റെ മനുഷ്യാവകാശ പ്രഖ്യാപനവും നിർമ്മിച്ചെങ്കിൽ മറുവശത്ത്, അത് നാലുതരം ഭീകരവും അപരിഹാര്യവുമായ ദ്രോഹങ്ങൾ പ്രകൃതിയിലും മനുഷ്യനിലും വരുത്തിക്കൂട്ടി. ഒന്ന്, മണ്ണിനെയും സസ്യ-ജന്തു വൈവിധ്യത്തെയും, അവയുടെ പാരസ്പര്യം വകവെക്കാതെ വാണിജ്യ വിളകൾക്കു വേണ്ടിയുള്ള ഏകവിള തോട്ടങ്ങളാക്കി പരിസ്ഥിതി വിനാശത്തിന് തിരികൊളുത്തി. രണ്ട്, ഏകവിളത്തോട്ടങ്ങളുടെ കാർഷികോൽപാദന വ്യവസ്ഥ തദ്ദേശീയ സമൂഹത്തിന്റെ ഭക്ഷ്യ പരമാധികാരത്തെ ശിഥിലമാക്കി. മൂന്ന്, അവിടങ്ങളിലെ സാമൂഹികമായ ആന്തരിക വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിപ്പിക്കുകയും കുറേക്കൂടി ദൃഢമായ അധികാര വാഴ്ച സ്ഥാപിക്കുകയും ചെയ്തു. നാലാമത്, കൂലിയില്ലാ വേലയുടെ മൂല്യം ഉൾക്കൊണ്ട എല്ലാ സമൂഹങ്ങളെയും പ്രാകൃതമെന്ന് ഇക ഴ്ത്തി കാണിച്ചുകൊണ്ട് കൂലിവേലയ്ക്കും അതിനു കാരണഭൂതമായ മൂലധനത്തിനും അപ്രമാദിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അതു തന്നെയാണ്, ഭൂമി പിടിച്ചെടുക്കലിന്റെ ന്യായമായി ധാരാളം കൂലിത്തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന്, ഇന്ത്യയിലും സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾക്ക് വേണ്ടിയോ അതല്ല കോർപ്പറേറ്റ് കൃഷിക്കു വേണ്ടിയോ മണ്ണ് പിടിച്ചെടുക്കുമ്പോൾ ഭരണകൂടം ഇന്നും പറയുന്ന വാദം.

ഒരു കൈയിൽ പ്രകൃതി - മനുഷ്യശക്തിയുടെ കൂലിയില്ലാ വേലയെ ഊറ്റിയെടുത്തുണ്ടാക്കിയ മൂലധനവും മറുകയ്യിൽ ഈ മൂലധനം ഉപയോഗിച്ച് നിർമ്മിച്ചെടുത്ത സാങ്കേതികവിദ്യകളും ഒന്നിച്ചു പ്രയോഗിച്ചാണ് ലോകത്തിന്റെ മറ്റ് പ്രദേശങ്ങളും അധിനിവേശം അതിന്റെ വരുതിയിലാക്കി മാറ്റുന്നത്. അധിനിവേശം മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ച് മൂലധന ശക്തികൾക്ക് സർവ്വവ്യാപിയായി പടർന്നുപന്തലിക്കണമെങ്കിൽ, അഥവാ കൂടുതൽ ഉയർന്ന ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ, അതിന് മനുഷ്യന്റെ അടിസ്ഥാന ഉൽപാദനപ്രവർത്തനമായ കാർഷികവൃത്തിയിലും, അതിന്റെ ഇടമായ മണ്ണിലും പുതിയ വിധത്തിലുള്ള അഴിച്ചുപണികൾ നടത്താതെ മാർഗ്ഗമില്ല. ചുരുക്കത്തിൽ മണ്ണിനെയും മണ്ണിൽ പണിയെടുക്കുന്നു മനുഷ്യരെയും നവീനമായ രീതിയിൽ പിഴിഞ്ഞെടുക്കാതെ മൂലധനത്തിന് അതിന്റെ മഹാമാളികയുടെ ഉയരം കൂട്ടാൻ കഴിയില്ല.

കോളനി വാഴ്ചക്കാലത്ത് ഭൂമിയെ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അടർത്തി മാറ്റി അതിനെ , ക്ലാസിക്കൽ എക്കണോമിക്‌സിന്റെ ഭാഷയിൽ, മൂലധനത്തിനും തൊഴിലിനും സംരംഭകനും ഒപ്പം നിർത്തി (ലാന്റ്, ലേബർ, ക്യാപിറ്റൽ, ഓർഗനൈസേഷൻ ), ഭൂമിയോടുള്ള തദ്ദേശ സാമൂഹങ്ങളുടെ കൂട്ടായ ജൈവബന്ധം കോളനിവാഴ്ച നിർത്തലാക്കുകയും പകരം, മണ്ണ് സ്വകാര്യ സെമീന്ദാർമാരുടേത് മാത്രമാക്കി കേന്ദ്രീകരിച്ച് അവിടെ, എന്ത്, എങ്ങനെ കൃഷി ചെയ്യണം എന്നുള്ളത് വിദേശ ഭരണത്തിന്റെ കമ്പനി താൽപര്യങ്ങൾക്ക് അനുസൃതമാക്കി മാറ്റുകയും ചെയ്തു. മറുവശത്ത് ഈ കമ്പനി താൽപര്യങ്ങൾ മാനവസമൂഹത്തിൽ പഞ്ചസാര, പുകയില എന്നിങ്ങനെ ആരോഗ്യ വിരുദ്ധമായ പുതിയ ഉപഭോഗ ശീലങ്ങൾ നിർമ്മിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ ഒരു തലയ്ക്കൽ മണ്ണിലെ ഉത്പാദനത്തിലും മറ്റേ തലയ്ക്കൽ മനുഷ്യ ഉപഭോഗത്തിലും പ്രകൃതിവിരുദ്ധമായ അസന്തുലിതത്വം കോളനിവാഴ്ചയിലെ കാർഷിക ഇടപെടൽ വരുത്തിവെയ്ക്കുകയുണ്ടായി.

ഹരിതവിപ്ലവ കാലം

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കാർഷിക മേഖലയിലെ ഭൂവുടമാരീതിയിലും ഉൽപാദനപ്രക്രിയയിലും കൊളോണിയൽ വിധേയത്വം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി മുന്നേറുന്നുണ്ട്. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കൃഷിയെ പ്രഥമസ്ഥാനത്ത് നിർത്തിയത്. കയറ്റുമതി വിളകളേക്കാൾ രാജ്യത്തിന്റെ ഭക്ഷ്യ സ്വാശ്രയത്വത്തിന് അന്ന് ഊന്നൽ നൽകിയിട്ടുണ്ട്. പല വിധ ഒത്തുതീർപ്പുകളുടെയെങ്കിലും സെമീന്ദാരി സമ്പ്രദായം നിർത്തലാക്കുകയും കൃഷിഭൂമി കുറേ കർഷകരിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. പക്ഷേ മൂന്നുതരം ദൗർബല്യങ്ങൾ സ്വാതന്ത്ര്യാനന്തര നെഹ്‌റുവിയൻ സുവർണ്ണ കാലത്തിലും നമുക്ക് കയ്യൊഴിയാൻ ആയില്ല . അതിലൊന്ന് ജന്മി കേന്ദ്രീകൃത ഭൂവുടമസ്ഥതയെ ഇല്ലായ്മ ചെയ്തു ചെറുകിട കർഷകർ, ഭൂരഹിത കൃഷിക്കാർ , മണ്ണിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾ എന്നിവരിലേക്ക് നീതിയുക്തമായി ഭൂമി വിതരണം ചെയ്യാൻ സാധിച്ചില്ല എന്നതാണ്. അതോടൊപ്പം ഏകവിളത്തോട്ടങ്ങൾ ആയ കയറ്റുമതി വാണിജ്യ വിളകളുടെ

ഡോ.ആർ.എച്ച്. റിച്ചാരിയ

എസ്റ്റേറ്റുകളെ ഉത്തമ കാർഷിക മാതൃകകളായി അവരോധിക്കുന്ന കൊളോണിയൽ ദുശ്ശീലം പിന്തുടരുകയും ചെയ്തു. അവസാനമായി അധിനിവേശ യൂറോപ്യൻ കേന്ദ്രീകൃത മാതൃകകൾ അതേപടി അനുകരിച്ചും വികേന്ദ്രീകൃത നാട്ടു സാങ്കേതികവിദ്യകളെ അവഗണിച്ചും വലിയ ജലസേചന പദ്ധതികളും മറ്റും സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതേ കാലത്ത് തന്നെയാണ് നമ്മുടെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിച്ച് ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർഷിക ഗവേഷകരെ സംഭാവന ചെയ്തത്. ഇന്ത്യയിലെ കാർഷിക ജൈവവൈവിധ്യം സമാഹരിച്ച് തദ്ദേശീയമായി മുന്തിയ വിത്തുകൾ സൃഷ്ടിച്ച ഡോ.ആർ.എച്ച്. റിച്ചാരിയ (Dr. R.H. Richharia) ആ കാലഘട്ടത്തിന്റെ സംഭാവനയാണ് (19000 നാടൻ നെല്ലിനങ്ങളാണ് റിച്ചാരിയ സമാഹരിച്ച് രേഖപ്പെടുത്തിയത് ) .

ഹാരി എം. ക്ലീവർ

ഹാരി എം. ക്ലീവറിനെ (Harry M. Cleaver. The Contradictions of the Green Revolution) പോലുള്ള ഇടതുപക്ഷ ചിന്തകരും വന്ദന ശിവയെയും (The Violence of the Green Revolution) ക്ലോഡ് അൽവാരിസിനെയും (The Great Gene Robbery) പോലുള്ള കൃഷി - പരിസ്ഥിതിവാദികളും ഹരിത വിപ്ലവത്തെ, അമേരിക്കയുടെ നേതൃത്വത്തിൽ, കോളനിവാഴ്ചയുടെ അനന്തരകാലത്ത് ആവിഷ്‌ക്കരിക്കപ്പെട്ട നൂതനവും പ്രച്ഛന്നവുമായ അധിനിവേശമായിട്ടാണ് വിലയിരുത്തുന്നത്. രാഷ്ട്രീയമായ തീരുമാനങ്ങളിലൂടെ നടപ്പിലാക്കേണ്ട ഭൂപരിഷ്‌കരണം, ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവ ശാസ്ത്ര സാങ്കേതികവിദ്യകൾ കൊണ്ട് പരിഹരിക്കാം എന്ന മിഥ്യാ ബോധത്തിലേക്ക് ഇന്ത്യൻ ജനതയെ മാറ്റിത്തീർക്കാൻ ഹരിതവിപ്ലവസാങ്കേതികവിദ്യകൾ സംഭാവന ചെയ്തുകൊണ്ട്

അമേരിക്കയ്ക്കും ഫോർഡ് ഫൗണ്ടേഷനെ പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്കും സാധിച്ചു. അങ്ങനെ, ഇന്ത്യയിൽ നടക്കേണ്ട, ഭൂമിയെ സംബന്ധിച്ച സുപ്രധാനമായ സാമൂഹ്യവിപ്ലവത്തിന് പകരമായി ഹരിതവിപ്ലവം നിലയുറപ്പിച്ചു. രാസവളം, കീടനാശിനികൾ തുടങ്ങിയ മാർക്കറ്റ് വിഭവങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ കൃഷിച്ചെലവ് വർദ്ധിക്കുകയും അതിന് കർഷകർക്ക് വായ്പകൾ വാങ്ങേണ്ട സ്ഥിതിയും വന്നുചേർന്നു. ഹരിതവിപ്ലവം കൃഷിച്ചെലവ് വർധിപ്പിച്ച് ചെറു കർഷകരെ ആലംബഹീനരാക്കി അവരുടെ ഭൂമി വലിയ കൃഷിക്കാരിലേക്ക് കൂട്ടിച്ചേർക്കാൻ ഇടയാക്കി അസമത്വത്തിന് ആക്കം കൂട്ടി. ഈ അത്യുൽപാദന കാലം, 1992 കൾ വരെയെങ്കിലും സമ്പന്ന ഇടത്തരം കർഷകർക്ക് വരുമാനം നേടിക്കൊടുത്തിട്ടുണ്ട്. കാർഷിക സംരക്ഷണത്തിനായി നെഹ്‌റു കാലഘട്ടത്തിൽ ഏർപ്പാടാക്കിയ, ഇന്ന് പാടേ ഇല്ലാതാക്കുന്ന തറവില , അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റികൾ, അവശ്യ ഭക്ഷ്യവസ്തു നിയമം, സർക്കാർ ഭക്ഷ്യവസ്തു സംഭരണം, കാർഷിക സബ്‌സിഡികൾ, സൗജന്യങ്ങൾ, പൊതുവിതരണ സമ്പ്രദായം എന്നിവ വഴി കൃഷിക്കാർക്കും ഒരു പരിധിവരെ സമൂഹത്തിനും ഹരിതവിപ്ലവം ഗുണം ചെയ്തിട്ടുണ്ട്. അതായത് പുത്തൻ സാങ്കേതികവിദ്യകളുടെ ഇടപെടലല്ല സ്വകാര്യമേഖലയെ കയറൂരി വിടാത്ത ഗവൺമെന്റ് സംരക്ഷണ സംവിധാനങ്ങളാണ് ഹരിത വിപ്ലവത്തെ ഒരു "വിപ്ലവ'മാക്കി മാറ്റിയത്. എവിടെയെല്ലാം ഈ സർക്കാർ സംരക്ഷണം എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടോ അവിടെയെല്ലാം ഹരിതവിപ്ലവ നേട്ടങ്ങളും ഉപയോഗശൂന്യമാകുന്നതായി കാണാം. ഇന്നും എഫ്.സി.ഐ. ഗോഡൗണുകളിൽ ഭക്ഷ്യധാന്യം നിറഞ്ഞുകവിഞ്ഞു നിഷ്ഫലമായി തീരുമ്പോൾ രാജ്യത്ത് 28 ശതമാനം ജനങ്ങളും പട്ടിണിക്കാരായി കഴിയുന്നുണ്ട്. മാത്രമല്ല 1990കൾ മുതൽ നമ്മുടെ സർക്കാരുകൾ എല്ലാം സോഷ്യലിസ്റ്റ് നയങ്ങൾ കൈയൊഴിയുകയും പകരം നഗ്‌നമായ സ്വകാര്യവൽക്കരണത്തിന്റെയും ആഗോള മൂലധനത്തിന്റെയും ഇച്ഛകൾക്കൊത്ത് നിയമങ്ങൾ പൊളിച്ചെഴുതുകയും കരാറുകൾ ഒപ്പു വെയ്ക്കുകയും ചെയ്തതോടെ, സർക്കാർ കൈത്താങ്ങ് കൃഷിക്കാർക്ക് നഷ്ടപ്പെട്ടതനുസരിച്ച് ഹരിതവിപ്ലവം അതിന്റെ തനിനിറം പുറത്തു കാണിക്കുന്നുണ്ട്. ആദ്യം ചെറുകിട കർഷകരും തുടർന്ന് ഇടത്തരക്കാരും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിവന്നുചേർന്നു.

സൂക്ഷ്മപരിശോധനയിൽ ഹരിത വിപ്ലവ മൂന്നാംഘട്ടത്തിനും തുടർന്ന് ഈ നാലാംഘട്ട കാർഷിക പരിഷ്‌കാരങ്ങൾക്കും തമ്മിൽ ആന്തരികമായ ദൃഢബന്ധം ഉണ്ടെന്നു കാണാം. ഒന്നാമതായി കാർഷികമേഖലയിലെ ഉത്പാദനക്കുതിപ്പിനൊത്ത് കർഷകർക്ക് വരുമാനം ലഭ്യമാക്കാതെ, മിച്ചം മുഴുവനും വ്യവസായ-വാണിജ്യ ശക്തികൾക്ക് കവർന്നെടുത്ത് പ്രബല ശക്തികളായി വളരാൻ സാധിച്ചു. ഇന്നത്തെ പുതിയ ഉപരിവർഗം മാത്രമല്ല 35 കോടി വരുന്ന ഇന്ത്യൻ മധ്യവർഗവും മണ്ണിൽ പണിയെടുക്കുന്നവരുടെ അധ്വാനഫലം കൊണ്ട് തടിച്ചു കൊഴുത്തവരാണ്. രണ്ടാമതായി, മനുഷ്യാധ്യാനത്തെ ഏറ്റവും കുറഞ്ഞ കൂലിക്ക് എല്ലാ മേഖലകൾക്കും കിട്ടാൻ പാകത്തിൽ ഭക്ഷ്യധാന്യങ്ങൾ അത്യുല്പാദനം നടത്തി അവയുടെ കാർഷിക വില കുറച്ചു നിർത്തിയിരിക്കുന്നു. അതായത് ഹരിതവിപ്ലവ സമൃദ്ധിയാണ് ഇന്ത്യയിലെ ഇന്നത്തെ ശതകോടീശ്വരന്മാരെയും അവരുടെ പ്രത്യയ ശാസ്ത്രത്തെ അനുസരിക്കുന്ന വമ്പൻ മധ്യവർഗ സമൂഹത്തെയും ഇവരുടെ അടിസ്ഥാന സൗകര്യ വികസനവും സൃഷ്ടിച്ചത്.

കോളനി കാലഘട്ടത്തിൽ തേയില, പരുത്തി, റബ്ബർ എന്നീ വാണിജ്യവിളകൾ പോലെ ഹരിതവിപ്ലവ ഘട്ടം നെല്ല്, ഗോതമ്പ് എന്നീ ധാന്യങ്ങളെ മാത്രം അത്യുല്പാദന നടത്തി അവയെ വാണിജ്യവിളകളാക്കി മാറ്റുകയുണ്ടായി. റബർ എങ്ങനെയാണോ കേരളത്തിൽ കൃഷിക്കാർക്ക് വരുമാനം കൊടുത്തത് സമാനമായ സാമ്പത്തിക നേട്ടം പഞ്ചാബിലെ കർഷകർക്ക് ഈ ധാന്യങ്ങൾ വഴി നേടിക്കൊടുത്തു. കാർഷിക-ഭക്ഷ്യ വൈവിധ്യത്തെയും അതിൽ ഊന്നിയ പ്രാദേശിക ഭക്ഷ്യസ്വാശ്രയത്വത്തെയും പാടെ തകർക്കുന്നതാണ് പഞ്ചാബ് പോലെ ഏതാനും സംസ്ഥാനങ്ങളിൽ മാത്രം കേന്ദ്രീകരിച്ച നെല്ല് ,ഗോതമ്പ് ഉത്പാദന വിപ്ലവം . അതായത് കേരളത്തിലെ നെൽകൃഷി തകർത്ത് പകരം
ഇന്ത്യക്കാരെയെല്ലാം അന്നമൂട്ടേണ്ട ബാധ്യതയാണ് പഞ്ചാബിനെ പോലുള്ള ചുരുക്കം സംസ്ഥാനങ്ങൾക്ക് ഹരിതവിപ്ലവ കാർഷിക നയം ഏർപ്പാടാക്കിയത്. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഈ അത്യുൽപ്പാദനം പരിസ്ഥിതി -ആരോഗ്യ ആഘാതങ്ങൾ കൂടി വരുത്തി തീർത്തു എന്നതും മറക്കാൻ പാടില്ല.

ഇങ്ങനെ കർഷകർ , ദരിദ്ര ജനവിഭാഗങ്ങൾ, അസംഘടിത തൊഴിലാളികൾ എന്നിവരുടെ അധ്വാനത്തിന് തക്ക പ്രതിഫലം നൽകാതെയും പരിസ്ഥിതി, കാർഷിക- ഭക്ഷ്യവൈവിധ്യം, ജനതയുടെ ആരോഗ്യം എന്നിവയെ പരിഗണിക്കാതെയുമാണ് കാർഷിക സമ്പൽസമൃദ്ധമായ സമകാലിക ഇന്ത്യൻ ഭൂപടം നിർമ്മിച്ചിരിക്കുന്നത്. ഗോതമ്പ് ,അരി, അരി,പഴം,പാൽ ,പച്ചക്കറി എന്നിവയുടെ ഉത്പാദനത്തിൽ ലോകത്ത് തന്നെ രണ്ടാംസ്ഥാനത്തുണ്ട് ഇന്ത്യ. മുട്ടയുൽപ്പാദനത്തിൽ അഞ്ചാം സ്ഥാനം, മത്സ്യമേഖലയിൽ ആറാം സ്ഥാനം, ഇനിയും നശിക്കാത്ത കാർഷിക വൈവിധ്യം, ഭൂപ്രകൃതി - കാലാവസ്ഥാ ഭേദത്താൽ എന്നും ഉല്പന്ന സമൃദ്ധി അങ്ങനെ, ഇനിയും കാത്തിരിക്കാൻ ക്ഷമയില്ലാത്ത വിധം കൊതിപ്പിക്കുന്ന ഈ ഭൂമികയിലേക്കാണ് ഘടനാപരമായ പരിഷ്‌കാരങ്ങളുമായി കോർപറേറ്റ് സ്വകാര്യവൽക്കരണം എത്തിയിരിക്കുന്നത്.

കോർപ്പറേറ്റ് കൃഷിയുടെ ഘട്ടം

1990 കളിൽ തുടക്കമിട്ട പുത്തൻ സാമ്പത്തിക നയങ്ങൾ കാർഷികമേഖലയിലെ സർക്കാർ പിന്തുണകൾ പലതും നിർത്തലാക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോൾ കൃഷിഭൂമി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായിത്തീർന്നു. ഈ പ്രതിസന്ധി സൃഷ്ടിച്ചതാകട്ടെ കോർപ്പറേറ്റു വികസനത്തിനു പൊതു പണം നീക്കിവെയ്ക്കുന്നതിനും കാർഷിക രംഗത്തേക്ക് കോർപ്പറേറ്റുകളെ കുടിയിരുത്തുന്നതിനും വേണ്ടിയാണ്. അതായത് കാർഷികാധ്വാനത്തെ കവർന്നെടുത്ത് സാമ്പത്തികോന്നതി നേടി ശതകോടീശ്വരൻമാരായി ഉയർന്ന കോർപ്പറേറ്റുകൾക്ക് ഇനിയും ധനസമാഹരണം സാധ്യമാകണമെങ്കിൽ വിത്ത് മുതൽ ഭക്ഷണ വിൽപ്പന വരെ അവരുടെ കൈകളിലൂടെ തന്നെ നിർവഹിക്കപ്പെടേണ്ടതുണ്ട്. അതോടെ ധനിക ദരിദ്ര ഭേദമില്ലാതെ ഇന്ത്യൻ കർഷക വർഗം ഒന്നാകെ നിലംപരിശാകും എന്ന യാഥാർഥ്യമാണ് ഇന്നത്തെ കർഷക പ്രക്ഷോഭത്തിന്റെ അടിത്തറ. ഹരിതവിപ്ലവവും സർക്കാർ കൈത്താങ്ങും ഒരുപരിധിവരെ ധനിക- ഇടത്തരം കർഷകരെ പരിപാലിച്ചു പോന്നെങ്കിൽ കോർപ്പറേറ്റ് അധിനിവേശത്തിൽ അവർക്കും കൂടി രക്ഷയില്ല എന്ന സ്ഥിതി എത്തിയിരിക്കുന്നു. അങ്ങനെ ഹരിതവിപ്ലവം മറച്ചുവെച്ച ദരിദ്ര കർഷക വിലാപങ്ങൾ ഇന്ന് വർഗ്ഗഭേദമില്ലാതെ എല്ലാ കർഷകരുടേതുമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ അംബാനിയോടും അദാനി യോടും നേരിട്ട് സംസാരിച്ചു കൊള്ളാം എന്ന് വർഗ വൈരുദ്ധ്യം തുറന്നുകാട്ടി കൊണ്ട് മധ്യവർത്തിയും പക്ഷപാതിയുമായ ഭരണകൂടത്തോട് കൃഷിക്കാർ ഒന്നടങ്കം പറയുന്നത്.

കോളനി യുഗവും അത്യുൽപാദന കാലവും ചെയ്തതിനേക്കാൾ കടുത്ത വിധത്തിൽ ഭൂമിയുടെ കേന്ദ്രീകരണവും കർഷക ദ്രോഹവും പരിസ്ഥിതി നാശവും ഇന്നത്തെ നാലാംഘട്ടത്തിൽ സംഭവിക്കുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 20 വർഷത്തെ ഇടവേള ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ കാർഷിക മേഖലയെ ഭരിക്കുന്നത് വ്യവസായ-വാണിജ്യ താൽപര്യങ്ങൾ ആണെന്ന് കാണാം. കോളനി യുഗത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ അനുഭാവികളായി മൃദു സ്വാഭാവികളായ ദേശീയ വ്യവസായ വർഗം ഉയർന്നു വന്നെങ്കിൽ ഇന്ന് ആഗോളീകരണകാല നയങ്ങൾക്കൊത്ത് രാജ്യത്ത് പുതിയതും കൂടിലവും അക്രമാസക്തവുമായ ആഗോള -ദേശീയ വ്യവസായ ശക്തികൾ ഉയർന്നു വന്നിരിക്കുന്നു. മണ്ണും കൃഷിയും മാത്രമല്ല ഭക്ഷണവും അടുക്കളയും ഇവരുടെ പിടിയിലാകുന്നതാണ് ഈ നാലാം കാലം. എന്നാൽ മറുവശത്ത് ആന്തരികമായ എല്ലാ ഭേദങ്ങളും വിസ്മരിച്ചുകൊണ്ട് കർഷക വർഗവും അതോടൊപ്പം പൊതുസമൂഹവും കോർപ്പറേറ്റ് അധിനിവേശത്തിനു നേരെ സഹികെട്ട് ശബ്ദം ഉയർത്തുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ പ്രക്ഷോഭം . കോളനി വാഴ്ചക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് നമ്മുടെ കൃഷി ഭൂമിയിൽ നിന്ന് ആയിരുന്നെങ്കിൽ അതിന്റെ സമകാലിക രൂപമായ കോർപ്പറേറ്റ് വാഴ്ചക്കെതിരെ ആദ്യചലനങ്ങൾ ഉണ്ടാകുന്നതും ഇതേ മണ്ണിൽ നിന്നാണ്. കാരണം മണ്ണും അതിന്റെ അനുബന്ധമായിട്ടുള്ള കൂലിയില്ലാ മനുഷ്യാധ്വാനവുമാണ് മാനവ സമൂഹത്തിന്റെ തന്നെ നിലനില്പിന്റെയും ബാക്കിയെല്ലാ എടുപ്പുകളുടെയും അടിത്തറ.

Comments