ഭക്ഷണം കഴിക്കുന്നവരേ, നിങ്ങൾ ആരുടെ പക്ഷം?

അമേരിക്കയിൽ ആരംഭിച്ച് തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ജൈത്രയാത്ര നടത്തിയ നവ മുതലാളിത്തത്തിന്റെ ഭക്ഷ്യ വിതരണ ശൃംഖലകൾ ഇന്ത്യൻ മണ്ണിനെയും കർഷകരെയും 135 കോടി ജനതയെയും ആമൂലാഗ്രം വിഴുങ്ങാൻ പോകുന്നതിന്റെ ഗർജ്ജനമാണ് കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ. അത് റദ്ദാക്കേണ്ടത് അതിനാൽ ഭക്ഷണം കഴിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ആവശ്യമാണ്

രുവശത്ത് ഗ്രാമങ്ങളിൽനിന്ന് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കർഷക ലക്ഷങ്ങൾ. മറുവശത്ത് ഈ സമരം നേരിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന കേന്ദ്ര ഗവൺമെന്റ്. എങ്കിൽ ഈ കൃഷിക്കാർ ഉണ്ടാക്കിയ കാർഷിക വിഭവങ്ങൾ കഴിക്കുന്നവരെല്ലാം ഏതുപക്ഷത്താണ്? അതോ, ആര് ജയിച്ചാലും നമുക്കൊന്നുമില്ലല്ലോ എന്ന നിസ്സംഗതയോടെ എന്നാൽ, ഗാലറിയിലിരുന്ന് കളി കാണുന്ന ആകാംക്ഷ മാത്രമോ നമുക്ക്? അതല്ലെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷം പിടിച്ച് സർക്കാരിനെ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്ന പതിവു ഭരണ-പ്രതിപക്ഷരീതി തന്നെ മതിയോ?

കാർഗിലും വാൾമാർട്ടും ഐ.ടി.സിയും അമ്മാനമാടുന്ന ഭക്ഷ്യസമ്പദ്ഘടന

കഴിഞ്ഞ സെപ്റ്റംബർ 27ന് കേന്ദ്ര ഗവൺമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ വായിച്ചാൽ ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്നത് ഇത് കാർഷിക മേഖലയിലെ സമ്പൂർണമായ കോർപറേറ്റ്‌വൽക്കരണമല്ലാതെ മറ്റൊന്നുമല്ല എന്നാണ്. 30 വർഷമായി നമ്മുടെ രാജ്യത്ത് വ്യവസായത്തിലും വാണിജ്യത്തിലും ബാങ്കിംഗിലും ഇൻഷുറൻസിലും ഈയിടെ റെയിൽവേയിലും എന്തിന് പ്രതിരോധ മേഖലയിൽ പോലും അതിശീഘ്രം നടത്തിവരുന്ന കോർപറേറ്റ് ആധിപത്യത്തിനു കീഴടങ്ങി ശീലിച്ച നമുക്ക് ആ മേഖലകളിൽ എന്ന പോലെ കാർഷികരംഗവും കമ്പനികളുടെ പിടിയിലേക്ക് വിട്ടുകൊടുക്കുന്നതിൽ വലിയ അപാകതയൊന്നും തോന്നാനിടയില്ല. മാത്രമല്ല, ഇനി ഇത്തരം വമ്പൻ കമ്പനികളുടെ കടന്നുകയറ്റം വഴി മാത്രമേ ഇന്ത്യൻ കാർഷിക മേഖലയും സദ്ഗതി പ്രാപിക്കൂ എന്നും പലരും ഉറച്ചു പോയിട്ടുണ്ട്.

എന്നാൽ റിലയൻസിന്റെ പമ്പിൽ നിന്ന് പെട്രോൾ അടിക്കുന്നത് പോലെയോ ന്യൂജനറേഷൻ ബാങ്കിൽ ഇടപാട് തുടങ്ങുന്നത് പോലെയോ ഒരു തുറമുഖം ഒന്നാകെ അദാനി ഗ്രൂപ്പിന് കൊടുക്കുന്ന പോലെയോ പ്രതിരോധ മേഖലയിൽ അമേരിക്കൻ കമ്പനികളുമായി ആയുധക്കരാർ ഉണ്ടാക്കുന്നതുപോലെയോ അത്ര ലളിതമല്ല കാർഗിലും വാൾമാർട്ടും ഐ.ടി.സിയും മക്ഡണൾഡ്‌സും കൈയിലെടുത്ത് അമ്മാനമാടുന്ന നാളത്തെ ഭാരതത്തിലെ ഭക്ഷ്യസമ്പദ്ഘടന. എന്തുകൊണ്ടെന്നാൽ കറൻസിയും ആയുധവും തുറമുഖവും പെട്രോളും മനുഷ്യചരിത്രത്തിലെ വളരെ പുതിയ ആവശ്യങ്ങൾ മാത്രമാണ്.

എന്നാൽ കൃഷിയും അതിൽ നിന്നുണ്ടാക്കുന്ന ഭക്ഷണവും ആകട്ടെ മനുഷ്യജീവന് വായു, വെള്ളം എന്നതിനൊപ്പമാണ്. അതുകൊണ്ട് കാർഷികമേഖലയിൽ വരുത്തുന്ന പരിഷ്‌കാരങ്ങൾ ആത്യന്തികമായി ബാധിക്കുന്നത് സംസ്‌കാരത്തെയോ രാഷ്ട്രീയ പക്ഷങ്ങളെയോ ഒന്നുമല്ല, പകരം നമ്മുടെ നിലനിൽപിനെയാണ്, ശരീരത്തെയാണ്, ജീവനെ തന്നെയാണ്.

കൃഷിക്കാരേ, ‘ഗെറ്റ് ഔട്ട്'

കോർപറേറ്റുകൾക്ക് ഭക്ഷ്യരംഗത്തേക്ക് പരവതാനി വിരിക്കുന്നതിനായി 2017 നവംബറിൽ ഡൽഹിയിൽ ‘വേൾഡ് ഫുഡ് ഇന്ത്യ' എന്നു പേരിട്ട ആഗോള സമ്മേളനത്തിൽ കോർപറേറ്റ് പ്രതിനിധികളെ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ഇങ്ങനെ അഭിസംബോധന ചെയ്തു: ‘കാർഷിക ഉൽപ്പാദനം കൂടുന്നതിനും ഉപഭോക്താക്കളുടെ അഭിരുചികൾ മാറുന്നതിനുമൊത്ത് കൃഷിയിടത്തിൽനിന്ന് അടുക്കള വരെ എത്തുന്ന ഒരു ചങ്ങല ഇന്ത്യയെ മാറ്റിത്തീർക്കാൻ പോകുകയാണ്.' അതേ യോഗത്തിൽ വെച്ച് ‘കരാർ കൃഷിയിൽ സ്വകാര്യസംരംഭകർ നിക്ഷേപം നടത്താൻ പോകുന്ന'തായി പ്രധാനമന്ത്രിയും പറഞ്ഞു ( പെപ്‌സികോ എന്ന കമ്പനി മാത്രം 68,000 കോടി രൂപയുടെ നിക്ഷേപം ഭക്ഷ്യ മേഖലയിൽ ഇന്ത്യയിൽ നടത്തുമെന്ന് അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു).

ഇതു രണ്ടും കൂട്ടിവായിച്ചാൽ ഇന്ത്യയുടെ ഭക്ഷ്യഭാവി എന്താകുമെന്ന് വ്യക്തമാകും. കൃഷിക്കളത്തിനും അടുക്കളക്കുമിടയിൽ ലാഭത്തിന്റെ ആർത്തിക്കണ്ണുകളുമായി കോർപറേറ്റുകൾ പറന്നെത്തി കഴിഞ്ഞിരിക്കുന്നു.
ഒന്നാമതായി, കൃഷിയിലേക്ക് കോർപറേറ്റുകൾ എത്തുന്നതോടെ കോർപറേറ്റുകൾ നൽകുന്ന വിത്ത് അവർ പറയുന്ന വിലയ്ക്ക് കർഷകർ വാങ്ങണം. കോർപറേറ്റുകൾ ഭരിക്കുന്ന അമേരിക്കയിലെ കാർഷികമേഖലയിൽ വിത്ത് വിപണിയുടെ 70% വും കയ്യടക്കി വെച്ചിരിക്കുന്നത് ഡ്യുപോണ്ട്, മൊൺസാന്റോ എന്നീ രണ്ടു കമ്പനികളാണ്. ബി.ടി പരുത്തിയുമായി വന്ന് മൊൺസാന്റോ ഇന്ത്യൻ പരുത്തിവിത്തുകളെ തുടച്ചു നീക്കിയതുപോലെ കമ്പനിവിത്തുകൾക്ക് നമ്മുടെ ഭക്ഷ്യവിളകളും കീഴ്‌പ്പെടുകയാവും സംഭവിക്കുക. വിത്തിൽ തുടങ്ങുന്ന ഈ കുത്തകവൽക്കരണം കൃഷിയിടം മുതൽ അടുക്കളവരെ മാത്രമല്ല, അവിടെ നിന്നും നമ്മുടെ ആമാശയം വഴി മനോവ്യാപരങ്ങളിൽ വരെ എത്തുന്നതാണ്.

അമേരിക്കയിൽ സോയ ഉൽപാദനത്തിന്റെ 71% വും വെറും മൂന്ന് കമ്പനികളാണ് (കാർഗിൽ, ബഞ്ച്, എ.ഡി.എം.) നിയന്ത്രിക്കുന്നത്. ഇതേവിധം കരാർ കൃഷിയിൽ ഏർപ്പെട്ട ബ്രസീലിലെ കൃഷിക്കാർ ബഞ്ച് കമ്പനിയുടെ കാൽക്കീഴിലാണിന്ന്. പണം വായ്പ കൊടുത്ത് ബഞ്ച് ബ്രസീൽ കർഷകരെ മുഴുവൻ കടക്കെണിയിലാക്കിയിരിക്കുന്നു എന്ന് 2012 ൽ റിപ്പോർട്ട് ചെയ്തത് ഒലിവർ ഡി ഷട്‌ലർ എന്നാൽ യു എൻ. പ്രതിനിധിയാണ്.

1960 മുതൽ അമേരിക്കയിലും, കൃഷി കോർപറേറ്റ് പിടിയിലായതോടെ അവിടെയും കർഷകരുടെ വരുമാനം കുറയുകയാണുണ്ടായത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2014നും 2020 നുമിടയിൽ അമേരിക്കൻ കർഷകരുടെ വരുമാനം 30 % കണ്ടു താഴ്ന്നുപോയിരിക്കുന്നു. കമ്പനികൾ കൊടുക്കുന്ന വിത്ത് മുതലായ കാർഷിക സാമഗ്രികളുടെ വില കുതിച്ചുയരുമ്പോൾ അതിനൊത്ത് അവിടെയും കാർഷികോൽപ്പന്നങ്ങൾക്ക് വില ഉയരുന്നില്ല. കൂറ്റൻ ഫാമുകൾക്കുമാത്രമേ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റുന്നുള്ളൂ. 'ഗെറ്റ് ബിഗ് ഓർ ഗെറ്റ് ഔട്ട്' എന്നാണ് അമേരിക്കൻ കർഷകരോട് 1970 ൽ അന്നത്തെ അഗ്രികൾച്ചർ സെക്രട്ടറിയായിരുന്ന ഏൾ ബട്‌സ് പറഞ്ഞത്. നമ്മുടെ ഭരണകേന്ദ്രവും കോർപറേറ്റുകളെ വരവേറ്റുകൊണ്ട് ചെറുകൃഷിക്കാരോട് പറയുന്നത് ‘ഗെറ്റ് ഔട്ട്’ എന്നു തന്നെയാണ്.

ചെറുകിട കർഷകർ അധനികൃത കുടിയേറ്റക്കാരാകുന്നു

ആഫ്രിക്കയിൽ സ്ട്രക്ചറൽ അഡ്ജസ്റ്റ്‌മെന്റ് പ്രോഗ്രാം എന്ന പേരിൽ 1980-1990 ൽ നടപ്പിലാക്കിയ കോർപറേറ്റ് കാർഷിക പരിഷ്‌കരണം ആ വൻകരയെ ദാരിദ്രത്തിലേക്കാണ് വീണ്ടും തള്ളിവിട്ടത്. അവിടുത്തെ വളക്കൂറുള്ള മണ്ണു മുഴുവൻ ചോളം എന്ന ഏകവിളയെ കൊണ്ട് കമ്പനികൾ നിറച്ച്, അതു കൊയ്‌തെടുത്ത് കാലിത്തീറ്റക്കായി വികസിത രാഷ്ട്രങ്ങളിലേക്ക് കപ്പൽ കടത്തിയപ്പോൾ ചെറുധാന്യങ്ങളും കിഴങ്ങുവർഗങ്ങളും കൊണ്ട് സമ്പന്നമായ ആഫ്രിക്കയുടെ പരമ്പരാഗത ഭക്ഷ്യവൈവിധ്യവും വടിച്ചുമാറ്റപ്പെട്ടു. ആ ജനത മൂന്നുനേരവും ചോളം മാത്രം കഴിക്കുന്നവരായി പോഷക ദരിദ്രരും രോഗികളുമായി മാറി.

നമ്മുടെ രാജ്യത്തും കൃഷിയിലെ കോർപറേറ്റ് അധിനിവേശം വൈവിധ്യ സമ്പൂർണമായ ഭക്ഷ്യസംസ്‌കാരത്തിന്റെ കടക്കലാണ് കത്തിവെയ്ക്കാൻ പോകുന്നത്. കടുകെണ്ണക്കും നല്ലെണ്ണക്കും കടലയെണ്ണക്കും വെളിച്ചെണ്ണക്കും പകരം, കാർഗിൽ എന്ന കമ്പനി ഇന്തോനേഷ്യയിലെ മഴക്കാടുകൾ വെട്ടിവീഴ്ത്തി കൃഷിചെയ്ത എണ്ണപ്പനയുടെ ഏകവിളത്തോട്ടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പാമോയിൽ മാത്രമായിരിക്കും ഭാരതം ആസകലം അപ്പോൾ ഇവിടുത്തെ പാചകയെണ്ണ.

‘അഗ്രികൾച്ചറൽ ട്രേഡ് എഗ്രിമെന്റ് ' അനുസരിച്ച് ആഗോള ഭക്ഷ്യ കമ്പനികൾക്ക് മെക്‌സിക്കോ വാതിൽ തുറന്നിട്ടു കൊടുത്തപ്പോൾ അവിടെ ചെറുകിട കർഷകർക്ക് ഭൂരഹിതരായി, അധനികൃത കുടിയേറ്റക്കാരായി കൂലിപ്പണിക്കുവേണ്ടി അമേരിക്കയിലെ ഫാക്ടറി ഫാമുകളെ അഭയം പ്രാപിക്കേണ്ടി വന്നു. (ഇന്ന് ലോകത്ത് ഓരോ വർഷവും ഫ്രാൻസ് എന്ന രാജ്യത്തിന്റെ വലിപ്പത്തിൽ, കൃഷിഭൂമി കോർപ്പറേറ്റുകൾ വാങ്ങി കൂട്ടുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുന്നുണ്ട്. കൃഷിയിലെ വിദേശനിക്ഷേപം എന്നാൽ ഭൂമി പിടിച്ചെടുക്കലും പെടുമെന്നു സാരം).

മെക്‌സിക്കോയിൽ ചെറുകൃഷിക്കാർ നാമാവശേഷമാവുകയും അതോടെ അവരുടെ പരമ്പരാഗത ഭക്ഷ്യവൈവിധ്യം നഷ്ടപ്പെടുകയും പകരം, അരുൺ ജയ്റ്റ്‌ലി പ്രസംഗിച്ചതു പോലെ, കൃഷിക്കളം മുതൽ അടുക്കള വരെ കോർപ്പറേറ്റുകളുടെ ഫുഡ് സപ്ലൈ ചെയിൻ കർമ്മനിരതമാകുകയും ചെയ്തപ്പോൾ, വികല ഭക്ഷണം കഴിച്ച് 1988 - 2012 കാലയളവിൽ 39% മെക്‌സിക്കൻ സ്ത്രീകളും പൊണ്ണത്തടിക്കാരായി തീർന്നു; കുട്ടികളിൽ പത്തിലൊരാൾ വിളർച്ച ബാധിച്ചവരായി ; മരണകാരണത്തിൽ മൂന്നാമതായി പ്രമേഹം മുന്നോട്ടുവന്നു.

മനുഷ്യത്തീറ്റ

ലാഭാസക്ത മാത്രമായ കോർപറേറ്റ് അധിനിവേശം ഭക്ഷണത്തിൽ നങ്കൂരമിടുമ്പോൾ ഭക്ഷണത്തെക്കുറിച്ചുള്ള മാനുഷികമായ എല്ലാ ധാരണകളും പൊളിച്ചെഴുതപ്പെടുന്നുണ്ട്. രുചിയുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവും വർണ്ണശബളമായ പരസ്യങ്ങളും അത്യന്താധുനിക ഫുഡ് ടെക്‌നോളജിയും ഒത്തുചേരുമ്പോൾ കോഴിത്തീറ്റയും കാലിത്തീറ്റയും പോലെ മനുഷ്യത്തീറ്റയും പിറവിയെടുക്കുന്നു.

പോഷക ദരിദ്രമായ അന്നജവും വിഷലിപ്തമായ മാംസ്യവും കൃത്രിമ എണ്ണ -മധുരങ്ങളും ചേർത്ത് മക് ഡണാൾഡ്‌സും നെസ്ലെയും പെപ്‌സികോയും ഒക്കെ, നവവധുവിനെ പോലെ അണിയിച്ചൊരുക്കി വിടുന്ന ഫാസ്റ്റ്ഫുഡ് എല്ലാ പൗരന്മാർക്കും ആളോഹരി കലോറി ഊർജ്ജം വിതരണം ചെയ്‌തേക്കാം. എന്നാൽ ഈ കലോറി ഊർജ്ജത്താൽ, ഐ.ടി പാർക്കിലെ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുന്നവരും തൊട്ടടുത്ത് പുതിയ കെട്ടിട സമുച്ചയത്തിനായി കല്ലെടുക്കുന്നവരും രാപകലെന്യേ പ്രവർത്തനനിരതരായാലും, കോർപറേറ്റുകൾ വെച്ച് വിളമ്പുന്ന ഈ മനുഷ്യത്തീറ്റ അവരെ യൗവനത്തിൽ തന്നെ നിത്യരോഗികളാക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. പോഷകശൂന്യവും വിഷലിപ്തവുമായ ഈ ഭക്ഷണാധിപത്യത്തെ ‘ഭക്ഷ്യ മരുഭൂമി ' എന്നാണ് വിളിക്കേണ്ടത്.

മൂലധന സമാഹരണമാണ് ആത്യന്തികമായ ജീവിതദർശനം എന്നു കരുതുന്ന കോർപറേറ്റ് മുതലാളിത്തത്തിന് മനുഷ്യാധ്വാനവും, മറ്റേതൊരു യാന്ത്രികാധ്വാനവും പോലെ മൂലധനം പെരുപ്പിക്കുന്നതിനുള്ള ഉപാധികളിൽ ഒന്നു മാത്രമായതിനാൽ കലോറി ഊർജ്ജം കിട്ടുന്ന ഭക്ഷണം കൊടുത്ത് മനുഷ്യനെ യന്ത്രതുല്യം പണിയെടുപ്പിക്കുക എന്നതേ ഭക്ഷണത്തിലൂടെ അത് ലക്ഷ്യമാക്കുന്നുള്ളൂ.

മനുഷ്യ പരിണാമം, പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ തമ്മിൽ ഭക്ഷണത്തിനുള്ള എല്ലാ ബന്ധങ്ങളെയും ഈ യാന്ത്രിക വീക്ഷണം തട്ടി തെറിപ്പിച്ച് ആ സ്ഥാനത്ത് ഫുഡ് കെമിസ്ട്രിയാൽ നിർമ്മിക്കപ്പെട്ട ആഗോളരുചിയുടെ കൃത്രിമ സ്വർഗ്ഗം നമുക്കായി നൽകുകയും ചെയ്യുന്നു. അത് ഒരു വശത്ത് മണ്ണിനെയും മണ്ണിൽ പണിയെടുക്കുന്നവരെയും ഊറ്റി യെടുക്കുമ്പോൾ മറുവശത്ത് നമ്മുടെ രസനകളെയും കമ്പോളസ്വാദിന്റെ താവളമാക്കി മാറ്റുന്നു.

അമേരിക്കയിൽ ആരംഭിച്ച് തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ജൈത്രയാത്ര നടത്തിയ നവ മുതലാളിത്തത്തിന്റെ ഭക്ഷ്യ വിതരണ ശൃംഖലകൾ ഇന്ത്യൻ മണ്ണിനെയും കർഷകരെയും 135 കോടി ജനതയെയും ആമൂലാഗ്രം വിഴുങ്ങാൻ പോകുന്നതിന്റെ ഗർജ്ജനമാണ് കേന്ദ്ര സർക്കാർ പാസാക്കിയ 3 കാർഷിക നിയമങ്ങൾ . അത് റദ്ദാക്കേണ്ടത് അതിനാൽ ഭക്ഷണം കഴിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ആവശ്യമത്രെ.


Summary: അമേരിക്കയിൽ ആരംഭിച്ച് തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ജൈത്രയാത്ര നടത്തിയ നവ മുതലാളിത്തത്തിന്റെ ഭക്ഷ്യ വിതരണ ശൃംഖലകൾ ഇന്ത്യൻ മണ്ണിനെയും കർഷകരെയും 135 കോടി ജനതയെയും ആമൂലാഗ്രം വിഴുങ്ങാൻ പോകുന്നതിന്റെ ഗർജ്ജനമാണ് കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ. അത് റദ്ദാക്കേണ്ടത് അതിനാൽ ഭക്ഷണം കഴിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ആവശ്യമാണ്


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments