നരേന്ദ്രമോദിയും ബി.ജെ.പി സർക്കാറും ഇന്ത്യയോട് മാപ്പ് പറയണം

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഐക്യകർഷക സമരത്തിന്റെ ഐതിഹാസികവിജയമാണ്. നരേന്ദ്രമോദിയും ബി.ജെ.പി സർക്കാറും കർഷകസമരത്തെ അടിച്ചമർത്താനും കോർപറേറ്റ് മീഡിയയെ കൂട്ടുപിടിച്ചു സമരത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തി അതെല്ലാം അതിജീവിച്ചാണ് കർഷകരുടെ ഈ സമരവിജയം.

കർഷക സമരത്തിനിടെ 700 ഓളം കർഷകർ രക്തസാക്ഷികളായി, അതിന് ഉത്തരവാദികളായ നരേന്ദ്രമോദിയും ബിജെപി സർക്കാറും ഇന്ത്യയോട് മാപ്പ് പറയേണ്ടതുണ്ട്. എം.എസ്.പിക്ക് വേണ്ടി ഒരു നിയമം കൊണ്ട് വരണമെന്നും ഇലക്ട്രിസിറ്റി നിയമത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ പിൻവലിക്കണം എന്നുമുള്ള ആവശ്യങ്ങൾ കൂടി ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഈ സമരം ഇവിടെ അവസാനിക്കുന്നില്ല.

മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ കർഷകരും തൊഴിലാളികളും ഒരുവർഷത്തോളം ഒരുമിച്ച് ചേർന്ന് നടത്തിയ ഒരു സമരം കൂടിയാണിത്. തൊഴിലാളി വർഗത്തെ ദ്രോഹിക്കുന്ന നിയമങ്ങൾ കൂടി പിൻവലിക്കണം എന്നത് ഈ സമരത്തിന്റെ ഒരാവശ്യം കൂടിയാണ്. ഈ സമരം തീർച്ചയായും മുന്നോട്ട് പോകും. ഇന്ത്യയിൽ മാറി മാറി വരുന്ന സർക്കാറുകൾ നവലിബറൽ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് കർഷകരെ ഇത്രയും വലിയ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ആ നയങ്ങൾ മാറ്റി കർഷകർക്ക് അനുകൂലമായ നയങ്ങൾ നടപ്പിലാക്കുന്നത് വരെ സമരം തുടരും.

അസമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി രാജസ്ഥാനിൽ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി തകർന്ന് അടിഞ്ഞിരുന്നു. ഒരിടത്ത് മൂന്നാമതും മറ്റൊരുടത്ത് നാലാമതുമായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥികളുടെ സ്ഥാനം. വരുംദിവസങ്ങളിൽ സംയുക്ത കിസാൻ മോർച്ച മിഷൻ യുപി, മിഷൻ ഉത്തരാഖണ്ഡ്, മിഷൻ പഞ്ചാബ് എന്ന തീരുമാനം എടുത്ത്‌കൊണ്ട് വലിയ ക്യാംപയിൻ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ബിജെപി സർക്കാർ കർഷകർക്കു മുന്നിൽ മുട്ടുമടക്കിയത്, നിയമം പിൻവലിക്കാൻ നിർബന്ധിതമായത്.

Comments