കേരളത്തിലാണ് ഏറ്റവും കുറവ് കർഷക ആത്മഹത്യ, അതൊരു ആശ്വാസമല്ല

നെല്ലുവില പൂർണമായി ലഭ്യമാകാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ അമ്പലപ്പുഴ സ്വദേശിയായ കെ. ആർ രാജപ്പൻ എന്ന കർഷകൻ ആത്മഹത്യ ചെയതു. കർഷക ആത്മഹത്യകൾ ഇന്ത്യയിൽ തുടർക്കഥയാകുമ്പോഴും കേരളത്തിന്റെ അവസ്ഥ അത്രകണ്ട് ചർച്ചയ്ക്ക് വിധേയമാകുന്നില്ല. കേരളത്തിൽ വർദ്ധിച്ച് വരുന്ന കർഷക ആത്മഹത്യകളും അതിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളും കൃത്യമായ പഠനത്തിന് വിധേയമാക്കുകയും ചർച്ചചെയ്യുകയും വേണം.

സിവിൽ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില സമയത്തിന് കിട്ടാതായതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് രാജപ്പൻ എന്ന 83 കാരൻ സ്വയം മരണം വരിക്കാൻ കാരണമായത്. പുഞ്ചകൃഷി വെളവെടുപ്പിനുശേഷം രാജപ്പന്റെ പേരിൽ 3261 കിലോഗ്രാം നെല്ലും അദ്ദേഹത്തിന്റെ മകന്റെ പേരിൽ 1944 കിലോഗ്രാം നെല്ലും സിവിൽ സപ്ലൈസ് വകുപ്പിന് നൽകി. ഇരുവർക്കും കൂടി ലഭ്യമാകേണ്ട 157601 രൂപയിൽ രാജപ്പന് 28043 രൂപയും മകന് 1…

നെല്ലിന്റെ വിലയായി ബാങ്കുകൾ കർഷകർക്ക് നൽകുന്ന തുക സപ്ലൈക്കേ തിരിച്ച് നൽകിയില്ലെങ്കിൽ പലിശയടക്കം കർഷകർ തന്നെ തുക മുഴുവനായി തിരിച്ചടക്കേണ്ടതുണ്ട എന്നതാണ് ക്ലോസ്. ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടക്കാൻ സാധ്യമായില്ലെങ്കിൽ നിയമപരമായ നടപടി ക്രമങ്ങൾക്ക് കർഷകർ വിധേയരാകേണ്ടിയും വരും. സപ്ലൈക്കോയിൽ നിന്നും ലഭ്യമാകുന്ന രസീതുമായി ബാങ്കുകളിലെത്തിയാലും പണം നൽകാൻ ബാങ്കുകൾ തയ്യാറാകുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കർഷകർക്ക് പണം നൽകിയ കണക്കിൽ 140കോടിക്കടുത്ത് വരുന്ന തുക വിവിധബാങ്കുകളിലായി സർക്കാർ നൽകാനുണ്ടെന്നതാണ് ഇതിന്റെ കാരണമായി ബാങ്കുകൾ ഉന്നയിക്കുന്ന വാദം.

എന്നാൽ കേന്ദ്രസർക്കാർ വിഹിതം ലഭ്യമാക്കാത്തതാണ് സപ്ലൈക്കോയുടെ സാമ്പത്തിക പ്രതിന്ധിക്ക് കാരണമെന്ന സാങ്കതികമായ പ്രതിസന്ധിയാണ് ഈ വിഷയത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ നെല്ല് സംഭരണത്തിനുള്ള 72ശതമാനവും നൽകുന്നത് കേന്ദ്രസർക്കാണെന്ന് വ്യക്തമാകും. 2022-2023 വർഷത്തെ കണക്കുകൾ പ്രകാരം 28.20 രൂപക്കാണ് സപ്ലേക്കോ നെല്ല് സംഭരണം നടത്തിയത്. അതിൽ കേന്ദ്രവിഹിതം 24.40 രൂപയും സംസ്ഥാന വിഹിതം 7.80 രൂപയുമാണ്്.

എന്നാൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ രേഖകളിലെ സാങ്കേതിക പിഴവുകൾ മുൻനിർത്തി ജൂണിൽ സപ്ലൈക്കോക്ക് നൽകാനുള്ള 220 കോടി കേന്ദ്രം തടഞ്ഞുവെച്ചതാണ് ഈ പ്രതിസന്ധിയുടെ കാരണമെന്നും സർക്കാർ വിശദീകരണം നടത്തിയിരുന്നു. ഈ പിഴവുകൾ പരിശോധിച്ച് അനിവാര്യമായ തിരുത്തലുകൾ വരുത്തി രേഖകൾ വീണ്ടും കേന്ദ്രത്തിൽ സമർപ്പിക്കുകയും ചെയ്തു. ഓണത്തിന് ശേഷം 220 കോടി രൂപ വായ്പയായി നൽകുമെന്നും ബാങ്കുകളുടെ കൺസോഷ്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കർഷകർ കടത്തിലാണ് ആത്മഹത്യ ഭീക്ഷണിയിലാണ്.

താങ്ങുവില 35 രൂപയായി ഉയർത്തുക, ഒന്നാം വിളവെടുപ്പിന്റെ എങ്കിലും പണം കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി നിരവധി കർഷകർ ഇപ്പോഴും സമരത്തിലാണ്. സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ ഇപ്പോഴും കേവല സാങ്കേതികതയുടെ പേരിൽ മുട്ടാപ്പോക്കുകൾ നിരത്തുകയാണ്. ഇത് നെൽ കർഷകരുടെ മാത്രം പ്രശ്‌നമല്ല. വിവിധങ്ങളായ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്നവരാണ് എല്ലാ കർഷകരും.

വന്യമൃഗങ്ങളുടെ തുടർച്ചയായുള്ള ആക്രമണങ്ങളാണ് ഇടുക്കി, വയനാട് പോലെയുള്ള മലയോര മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. കാട്ടുപന്നി, ആന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ ഫലമായി കർഷകർക്ക് നഷ്ടം ലക്ഷകണക്കിന് രൂപയാണ്. കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം പോലും മുടങ്ങുന്ന സാഹചര്യവും അവിടെ നിലനിൽക്കുന്നുണ്ട്. ഏതെങ്കിലും സവിശേഷ സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകിയാൽ തന്നെ നഷ്ടപ്പെട്ടതിന്റെ പത്തിലൊന്ന് പോലും ഉറപ്പ് വരുത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ വരുന്നു. 2020ൽ 120 സെന്റ് ഭൂമിയിലെ കൃഷി വന്യജീവികൾ നശിപ്പിച്ചപ്പോൾ തനിക്ക് വെറും 480 രൂപ മാത്രമാണ് ലഭ്യമായതെന്നാണ് കടമ്പൂർ സ്വദേശി രമേഷ് ചന്ദ്ര പറയുന്നത്

കാലാവസ്ഥ വ്യഥിയാനത്തിന്റെയും സാമൂഹ്യ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് കർഷകർ തന്നെയാണ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയാണ് കേരളത്തിലടക്കം നമ്മുടെ രാജ്യത്ത് എമ്പാടും നിലനിൽക്കുന്നത്. ഇന്ത്യൻ കർഷകർ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നവരാണെന്നും ഇതിനോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട ഒന്നാണ്. കടക്കെണിയിൽ പെട്ടുഴലുന്ന ഇന്ത്യൻ കർഷകർക്ക് കാലാവസ്ഥ വ്യഥിയാനം നൽകുന്ന ആഘാതം തീരെ ചെറുതല്ല. കേരളത്തിന്റെ അവസ്ഥയും ഇതിൽ നിന്നും വ്യത്യസ്തമല്ല.

കാലാവസ്ഥയിലുണ്ടാകുന്ന സ്ഥിരതയില്ലാത്ത മാറ്റങ്ങൾ കാർഷികാദായത്തിന്റെ ഇടിവിന് കാരണമാകുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. താപനിലയിലെ വ്യഥിയാനം കാലം തെറ്റിപ്പെയുന്ന മഴ തുടങ്ങിയ സാഹചര്യങ്ങൾ കുട്ടാനാട്ടിലെ നെൽകർഷകരെ ബാധിക്കുമ്പോൾ വേനൽ മഴയിൽ വന്നിരിക്കുന്ന ഗണ്യമായ കുറവും താപനിലയിലെ വ്യഥിയാനവും വയനാടൻ തോട്ടവിള കർഷകരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന ഉൽപാദനനഷ്ടം, പരിപാലനത്തിലുണ്ടാകുന്ന അധികചെലവുകൾ കാലാവസ്ഥയിലെ ദീർഘകാല ഹ്രസ്വകാല വ്യഥിയാനങ്ങൾ എന്നിവയെല്ലാം കർഷകരുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് നിലനിൽക്ക തന്നെയാണ് രണ്ട് വർഷം കൊണ്ട് പതിനായിരത്തിന് മുകളിൽ കർഷക ആത്മകഹത്യകൾ ഈ രാജ്യത്ത് നടന്നത്. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5207 പേരാണ് കടക്കെണയിൽപ്പെട്ട്് മഹാരാഷ്ട്രയിൽ മാത്രമായി ആത്മഹത്യ ചെയ്തത്. കർണാടക(2241), ആന്ധ്ര(1045), തെലങ്കാന(818), മധ്യപ്രദേശ്(352), പഞ്ചാബ്(345), ചത്തീസ്ഗഡ്(298),അസം(163), തമിഴ്‌നാട്(140), ഉത്തർപ്രദേശ്(100) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ആത്മഹത്യ കണക്കുകൾ. ഏറ്റവും കുറവ് ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്, എങ്കിൽ പോലും അതൊരു ആശ്വാസ കണക്കാണെന്ന് പറയാൻ സാധിക്കില്ല.

Comments