മൈക്രോസോഫ്റ്റിന് സോയാബീന്‍ കൃഷിയിലെന്തു കാര്യം?

മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ബിഗ് ടെക് കോര്‍പറേറ്റുകളെല്ലാം ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ കാര്‍ഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളാണിവ.

ഡാറ്റ ശേഖരിക്കുന്നതിലും പ്രോസസ്​ ചെയ്യുന്നതിലും കമ്പോളത്തിനനുസൃതമായ വില്പനചരക്കാക്കി ഉപയോഗിക്കുന്നതിലുമുള്ള സാധ്യതകളിലാണ് നവമുതലാളിത്തം ഭാവി കാണുന്നത്. മനുഷ്യന്റെ സകല വിനിമയങ്ങളെയും സഞ്ചാരങ്ങളെയും വികാരങ്ങളെയും എങ്ങനെയെല്ലാം ഡാറ്റയാക്കി ചുരുക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണ് ബിഗ് ടെക് കമ്പനികൾ. കാര്‍ഷിക മേഖലയിലേക്കുള്ള ടെക് കമ്പനികളുടെ പ്രവേശനത്തിന് ഒരു ദശാബ്ദത്തിന്റെയെങ്കിലും പഴക്കമുണ്ടാകുമെങ്കിലും മഹാമാരിക്കുശേഷം കൂടുതല്‍ വേഗത്തിലും പുതിയ രൂപത്തിലുമുള്ള ഇടപെടലുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പേരില്‍ നടത്തുന്ന ഇത്തരം ഇടപെടലുകള്‍ സാധാരണക്കാരെയും ചെറുകിട കര്‍ഷകരെയും ചൂഷണം ചെയ്യാനുള്ള പുതിയ തന്ത്രമാണ്.

മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ബിഗ് ടെക് കോര്‍പറേറ്റുകളെല്ലാം ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇതുവഴി നേരിട്ടോ, മറ്റ് അഗ്രികള്‍ച്ചര്‍ പ്ലാറ്റുഫോമുകള്‍ക്ക് വേണ്ട ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സേവനങ്ങള്‍ നൽകിയോ ബിഗ് ടെക് കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്.

Photo: Screengrab / Amazon News

രണ്ട് രീതിയിലുള്ള നിക്ഷേപങ്ങളും ഇടപെടലുകളാണ് പ്രധാനമായും ബിഗ് ടെക്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒന്ന്, പുതിയ കൃഷിരീതികളില്‍ നടത്തുന്ന ഗവേഷണപരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള നിക്ഷേപങ്ങളാണ്. 2014- നുശേഷം ആമസോണ്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ ‘വെര്‍ട്ടിക്കല്‍ ഫാര്‍മിങ്’ സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി 1.8 ബില്യണ്‍ യു. എസ് ഡോളർ നിക്ഷേപം നടത്തിയത് ഇത്തരം പുതിയ കൃഷിരീതികള്‍ക്കുവേണ്ടിയുള്ള നിക്ഷേപങ്ങള്‍ക്ക് ഉദാഹരണമാണ്. പുതിയ കൃഷിരീതികള്‍ക്ക് ആഗോള കാര്‍ഷികോല്‍പാദനത്തെ എത്ര കണ്ട് സ്വാധീനിക്കാനാവുമെന്ന് വിലയിരുത്താനുള്ള സമയമാകുന്നതേയുള്ളൂ.

വലിയ അളവില്‍ കൃഷിഭൂമിയുള്ള വന്‍കിട കര്‍ഷകരാണ് ഫാംബീറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. ഇടത്തരം- ചെറുകിട കര്‍ഷകര്‍ ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ ലോകത്തിന് പുറത്താണ്.

വിത്ത്, വളം, കീടനാശിനി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും കുത്തകരായിട്ടുള്ള അഗ്രോ ബിസിനസ്​ കമ്പനികളും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാക്കുകയും ബില്യണ്‍ കണക്കിന് ഡാറ്റ പ്രോസസ്​ ചെയ്യാന്‍ ശേഷിയുള്ള അല്‍ഗോരിതങ്ങള്‍നിര്‍മിച്ചെടുക്കുകയും ചെയ്യുന്ന ബിഗ് ടെക് കമ്പനികളും തമ്മിലുള്ള സഹകരണങ്ങളിലൂടെയുള്ള നിക്ഷേപങ്ങളും ഇടപെടലുകളുമാണ് രണ്ടാമത്തേത്. പ്രത്യക്ഷത്തില്‍ കാര്‍ഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളാണിവ.

Photo: Screengrab / Amazon News

ചൂഷണത്തിന്റെ പ്ലാറ്റ്‌ഫോമുകള്‍

കാര്‍ഷിക സംബന്ധമായ ഡാറ്റ വലിയ അളവില്‍ ശേഖരിക്കുകയും ബിസിനസ് ടു ബിസിനസ് ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കുകയും ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ഫാര്‍മിങ് പ്ലാറ്റ്‌ഫോമാണ് അസുര്‍ ഫാംബീറ്റ് (Azure Farmbeat). കര്‍ഷകരില്‍ നിന്ന് കൃഷിഭൂമിയെ പറ്റിയും മണ്ണിന്റെ സ്വഭാവത്തെപ്പറ്റിയും ഉത്പാദിപ്പിക്കുന്ന വിളകളെപറ്റിയുമെല്ലാമുള്ള ഡാറ്റ ശേഖരിക്കുകയും ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അനുയോജ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കുകയുമാണ് ഫാം ബീറ്റ് ചെയ്യുന്നത്. ഇതേ മൈക്രോസോഫ്റ്റിന് ഫാം ഡ്രോണുകളും ഡ്രൈവര്‍ലെസ് ട്രാക്ടറുകളും നിര്‍മിക്കുന്ന കമ്പനികളുമായും കീടനാശിനി ഉത്പാദിപ്പിക്കുന്ന കമ്പനികളുമായും സഹകരണമുണ്ട്. സഹകരണം എന്നാല്‍ മൈക്രോസോഫ്റ്റിന്റെ കൈവശമുള്ള ഡാറ്റ ഈ കമ്പനികള്‍ക്ക് കൈമാറുന്നുണ്ട് എന്ന് ചുരുക്കം. എപ്പോള്‍ കീടനാശിനി തളിക്കണമെന്നും കൃഷി വിളവെടുക്കണമെന്നുമുള്ള നിര്‍ദേശമാണ് നിലവില്‍കര്‍ഷകര്‍ക്ക് ഇത്തരം പ്ലാറ്റഫോമുകള്‍ നല്‍കുന്നതെങ്കിലും കീടനാശിനികളുമായി ഡ്രോണുകള്‍പറന്നുവരുന്ന, അല്‍ഗോരിതത്തിന്റെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് മനുഷ്യസഹായം ആവശ്യമില്ലാത്ത ട്രാക്ടറുകള്‍ എത്തുന്ന നാളെകള്‍ അകലെയല്ല. കര്‍ഷകതൊഴിലാളികളുടെ തൊഴില്‍സാധ്യതയെ ഇല്ലാതാക്കി പൂര്‍ണമായും ഓട്ടോമേറ്റഡായ കൃഷി അഥവാ ഓട്ടോമേറ്റഡ് അഗ്രിക്കള്‍ച്ചറാണ് കോര്‍പ്പറേറ്റ് ഭീമന്മാര്‍ ലക്ഷ്യം വെക്കുന്നത്.

ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ ആഗോള കാര്‍ഷിക മാര്‍ക്കറ്റിനെ ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കീഴിലേക്ക് കുത്തകവല്‍ക്കരിക്കുന്നതിനും അതുവഴി ഭക്ഷ്യശൃംഖലയില്‍ ഇടപെടുന്നതിനുമുള്ള കളമൊരുക്കുകയാണ്.

വലിയ അളവില്‍ കൃഷിഭൂമിയുള്ള വന്‍കിട കര്‍ഷകരാണ് മുകളില്‍ പറഞ്ഞ ഫാംബീറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. ഇടത്തരം- ചെറുകിട കര്‍ഷകര്‍ ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ ലോകത്തിന് പുറത്താണ്. എന്നാല്‍ ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും നിലവിലുണ്ട്. മൈക്രോസോഫ്റ്റിനെ തന്നെ ഉദാഹരണമായി എടുക്കുകയാണെങ്കില്‍ ആഫ്രിക്കയില്‍ 'Alliance for a Green Revolution in Africa' എന്ന പ്രൊജക്റ്റുമായി മൈക്രോസോഫ്റ്റിന് സഹകരണമുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള മൈക്രോസോഫ്റ്റിന്റെ ചാറ്റ്‌ബോട്ടായ കുസബോട്ട് (Kuzabot) ആഫ്രിക്കയില്‍ വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കൃഷിസംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചാറ്റ്‌ബോട്ട് പക്ഷേ മൈക്രോസോഫ്റ്റുമായി സഹകരണമുള്ള കീടനാശിനി കമ്പനികളുടെയും കാര്‍ഷികോല്‍പ്പന്ന കമ്പനികളുടെയും പരസ്യം നല്‍കുകയെന്ന കോര്‍പ്പറേറ്റ് ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്.

Photo: Screengrab / Azure Farmbeat

ലോകത്തിലെ ഏറ്റവും വലിയ കീടനാശിനി വിത്തുല്‍പാദന കമ്പനിയായ ബയറിന് (Bayer) സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷനുണ്ട്. യു.എസ്, കാനഡ, ബ്രസീല്‍, യൂറോപ്പ്, അര്‍ജന്റീന എന്നിവിടങ്ങളിലായി 24 മില്യണ്‍ ഹെക്ടര്‍ ഭൂമിയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ബയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ബയറിന് ആവശ്യമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാക്കുന്നത് ആമസോണിന്റെ ആമസോണ്‍ വെബ് സര്‍വീസസാണ്. ബയറിന്റെ ആപ്ലിക്കേഷനായ ഫീല്‍ഡ് വ്യൂ (Field View) മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കര്‍ഷകര്‍ അവരുടെ കൃഷിഭൂമിയുടെ ചിത്രങ്ങളും സോയില്‍ സാമ്പിള്‍ ടെസ്റ്റ് റിസള്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റുവിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യണം. ഒപ്പം ട്രാക്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കാബ് ആപ്പ് (Cab App) എന്ന മറ്റൊരു ആപ്ലിക്കേഷനുമുണ്ട്. ട്രാക്ടറുകള്‍ കൃഷിയിടത്തില്‍ നടത്തുന്ന ഓരോ ചലനത്തെയും ഈ ആപ്പുകള്‍ ഒപ്പിയെടുക്കുകയും ഡാറ്റയായി സൂക്ഷിക്കുകയും ചെയ്യും. ഈ ഡാറ്റ രണ്ട് രീതിയിലാണ് ഉപയോഗിക്കുന്നത്.
ഒന്ന്, ഡ്രൈവര്‍ലെസ് ട്രാക്ടറുകളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ഗവേഷണങ്ങള്‍ക്ക്​. രണ്ട്, ഓരോ കൃഷിഭൂമിയിലെയും ഡാറ്റ വിശകലനം ചെയ്ത് ബയറിന്റെ തന്നെ വിത്തുകളും കീടനാശിനിയും കര്‍ഷകരിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗമായി.
ഈ ആപ്ലിക്കേഷനുകളില്‍ തന്നെ ബയര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വില്പന സജ്ജീകരിക്കുന്നതിലൂടെ കര്‍ഷകരെ എളുപ്പം തങ്ങളുടെ കണ്‍സ്യൂമറാക്കി മാറ്റുവാനും കോര്‍പറേറ്റുകള്‍ക്ക് സാധിക്കും.

Photo: Screengrab / Bayer global

ചുരുക്കത്തില്‍, ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ ആഗോള കാര്‍ഷിക മാര്‍ക്കറ്റിനെ ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കീഴിലേക്ക് കുത്തകവല്‍ക്കരിക്കുന്നതിനും അതുവഴി ഭക്ഷ്യശൃംഖലയില്‍ ഇടപെടുന്നതിനുമുള്ള കളമൊരുക്കുകയാണ്.

ലോണ്‍ 'കെണി'

കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും സംശയനിവാരണം നടത്തുകയും മാത്രമല്ല ഇത്തരം ആപ്ലിക്കേഷനുകള്‍ ചെയ്യുന്നത്. കൃഷിക്കാവശ്യമായ ലോണുകളും ആപ്ലിക്കേഷനുകളിലൂടെ പെട്ടെന്ന് ലഭ്യമാകും. ഡിജിറ്റല്‍ പേമെന്റിനായി ബിഗ് ടെക് കമ്പനികളുടെ തന്നെ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളാണ് നിര്‍ദേശിക്കുന്നത്. മറ്റ് നൂലാമാലകള്‍ ഇല്ലാതെ ലോണ്‍ ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ വലിയ രീതിയില്‍ ഈ സൗകര്യങ്ങളെ ആശ്രയിക്കുന്നുണ്ട്. പക്ഷേ, ലോണ്‍ ലഭിക്കുന്നതിന് കമ്പനി പറയുന്ന ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കമ്പനി പറയുന്ന വിളകള്‍, വിത്തുകള്‍ മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂ, ഏത് വളവും കീടനാശിനിയുമാണ് ഉപയോഗിക്കേണ്ടതെന്ന് കമ്പനി മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ നിര്‍ദേശിക്കും. ലോണ്‍ എടുക്കുന്നവര്‍ അവരുടെ കൃഷിരീതിയെയും കൃഷിയിടത്തേയും സംബന്ധിച്ച ഡാറ്റ കൃത്യമായി ആപ്ലിക്കേഷനുകളില്‍ അപ്​ലോഡ്​ ചെയ്യണം.

കെനിയയില്‍ കര്‍ഷകര്‍ക്കുവേണ്ടി ഡിജിഫാം (DigiFarm) എന്ന ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ പദ്ധതിയില്‍ ചാറ്റ്‌ബോട്ട് സേവനം നല്‍കുന്നവയില്‍ പ്രധാന സ്ഥാനം അരിഫു (Arifu) എന്ന കമ്പനിയ്ക്കാണ്. അരിഫുവിന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാക്കുന്നതും ഡാറ്റ പ്രോസസ്സിങ് സേവനങ്ങള്‍ നല്‍കുന്നതും വോഡാഫോണിന്റെ ആഫ്രിക്കന്‍ ശാഖയായ സഫാരികോം (Safaricom ) എന്ന കമ്പനിയാണ്. സഫാരിക്കോമിന്റെ തന്നെ മണി ട്രാന്‍സ്ഫര്‍ പ്ലാറ്റ്‌ഫോമായ എം. പെസ (M. PESA) വഴിയാണ് കര്‍ഷകര്‍ക്ക് ലോണ്‍ നല്‍കുന്നത്. അഗ്രോ ബിസിനസ് രംഗത്തെ ഭീമന്മാരായ സിന്‍ജെന്റയാണ് (Syngenta) അരിഫുവിന്റെ മുഖ്യ നിക്ഷേപകര്‍. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ സംരംഭങ്ങളില്‍ സിന്‍ജെന്റക്ക് നിക്ഷേപമുണ്ട്. അവരുടെ തന്നെ കണക്ക് പ്രകാരം 40 മില്യണ്‍ ഹെക്ടര്‍ കൃഷിഭൂമികളില്‍ സിന്‍ജെന്റക്ക് പങ്കാളിത്തമോ നിയന്ത്രണമോ ഉള്ള ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. സിന്‍ജെന്റയുടെ ഉത്പന്നങ്ങള്‍ പരസ്യങ്ങളുടെയോ ഫീല്‍ഡ് ഓഫീസര്‍മാരുടെയോ സഹായമില്ലാതെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.കര്‍ഷകരാവട്ടെ, ലോണ്‍ ലഭിക്കുന്നതിന് സിന്‍ജെന്റയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരുമാകുന്നു.

അഗ്രോ ബിസിനസ് കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കിയുള്ള സഹകരണത്തിലൂടെ ലഭ്യമാകുന്ന വലിയ അളവിലുള്ള ഡാറ്റ, ബിഗ് ടെക് കമ്പനികള്‍ കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്ന കുത്തകകള്‍ക്ക് മറിച്ചുവില്‍ക്കുകയാണ്.

സംഭരണത്തിലേക്ക് കൈകടത്താനും കോര്‍പ്പറേറ്റ് ഭീമന്മാര്‍ ശ്രമിക്കുന്നുണ്ട്. 2021ല്‍ ഗ്രെയിന്‍ (GRAIN) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് കര്‍ഷകരുടെ വിളകള്‍ സംഭരിക്കുന്നതിനുള്ള പൂര്‍ണമായ അവകാശവും കമ്പനിക്കാണെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ലോണുകള്‍ ലഭ്യമാക്കുന്നതെന്നാണ്. ആഗോള കാര്‍ഷികമാര്‍ക്കറ്റിനെ ഏകീകൃതവും കേന്ദ്രീകൃതവുമാക്കി നിയന്ത്രിക്കുന്നതിലൂടെ ഭക്ഷ്യമാര്‍ക്കറ്റും കുത്തകകളുടെ പൂര്‍ണ നിയന്ത്രണത്തിലാകും. അഗ്രോബിസിനസ് കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കിയുള്ള സഹകരണത്തിലൂടെ ലഭ്യമാകുന്ന വലിയ അളവിലുള്ള ഡാറ്റ ബിഗ് ടെക് കമ്പനികള്‍ കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്ന കുത്തകകള്‍ക്ക് മറിച്ചുവില്‍ക്കുകയാണ്. ടെക്‌നോളജിക്കല്‍ ഭീമന്മാരായ ആമസോണും മെറ്റയുമെല്ലാം കണ്‍സ്യൂമര്‍ മാര്‍ക്കറ്റുകളിലേക്ക് കൂടി ബിസിനസ് വിപുലീകരിക്കുന്നത് ഈ അവസരത്തില്‍ ചേര്‍ത്തുവായിക്കണം.

Photo: Screengrab / VICE news

കൃഷിയില്‍ കര്‍ഷകര്‍ക്കുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തി കൃത്യമായി കമ്പോളത്തിനനുസരിച്ച് കൃഷിയെ ചിട്ടപ്പെടുത്തി കോര്‍പ്പറേറ്റ് വരുതിയിലാക്കുകയാണ് നിലവില്‍ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ എന്ന സംവിധാനം ചെയ്​തുകൊണ്ടിരിക്കുന്നത്​. പരമ്പരാഗത കൃഷിരീതികളില്‍ ഏര്‍പ്പെടുന്ന ചെറുകിട കര്‍ഷകരുടെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചറിന്റെ ഭാഗമായി കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍. കമ്പനി പറയുന്ന കൃഷിരീതി മാത്രമേ പിന്തുടരാന്‍ കഴിയൂ എന്ന് വരുന്നത്തോടെ തങ്ങള്‍ക്ക് ആവശ്യമായത് ഉത്പാദിപ്പിക്കാനല്ല മറിച്ച് കമ്പോളത്തില്‍ ആവശ്യമുള്ളത് ഉത്പാദിപ്പിച്ചെടുക്കാനുള്ള തൊഴില്‍സേന മാത്രമായി കര്‍ഷകര്‍ ചുരുങ്ങുകയാണ്. കാലങ്ങളായി തങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന രീതികളും കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. ഈ കമ്പനികളില്‍ നിന്ന് ലോണ്‍ എടുത്ത ചോളം കര്‍ഷകനോട് ഇടവിളയായി സോയാബീന്‍ കൃഷിചെയ്യരുതെന്ന് വിലക്കുന്നു. ഡാറ്റ അനലൈസ് ചെയ്ത് അല്‍ഗോരിതങ്ങള്‍ നല്‍കുന്ന ഈ നിര്‍ദേശങ്ങള്‍ ആരുടെ ഗുണത്തിനും താല്പര്യത്തിനും വേണ്ടിയുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലോ.

2020 മുതല്‍ കര്‍ഷകര്‍ക്കായുള്ള റിലയന്‍സിന്റെ ജിയോ കൃഷി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ വര്‍ഷം തന്നെ മെറ്റ 5.7 ബില്യണ്‍ യു. എസ് ഡോളര്‍ റിലയന്‍സില്‍ നിക്ഷേപിച്ചിരുന്നു. തൊട്ടുപിന്നാലെ പുതിയ കാര്‍ഷികനിയമവും നിലവില്‍ വന്നുവെന്നത് യാദൃച്​ഛികതയാണെന്ന് വെറുതെ വിശ്വസിക്കാം.

ഇന്ത്യന്‍ കാര്‍ഷിക രംഗവും
കര്‍ഷക സമരവും

ഇന്ത്യയിലെ കര്‍ഷകര്‍ ഐതിഹാസികമായ സമരത്തിലൂടെ ചെറുത്തുതോല്‍പിച്ച കാര്‍ഷികനിയമവും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിപണിയെ നിയന്ത്രിക്കാന്‍ കളമൊരുക്കുന്നതായിരുന്നു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന്​ നിയമഭേദഗതികൾ ഇവയായിരുന്നു:

1) ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) ആക്ട്- 2020.
2) ഫാർമേഴ്‌സ് ( എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ആക്ട്.
3) എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്‌മെന്റ്) ആക്ട്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്) നിയമം- 2020 സര്‍ക്കാര്‍ നിയന്ത്രിതവിപണികളെയും അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികളെയും (APMC) ഒഴിവാക്കി കര്‍ഷകരും കമ്പനികളും തമ്മില്‍ നേരിട്ട് വ്യാപാരശൃംഖല തുടങ്ങുന്നതിന് അനുവാദം നല്‍കുന്നതായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ വരുന്നതിനുമുമ്പ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത മണ്ഡികളില്‍നിന്നുമാത്രമേ വ്യാപാരികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. സര്‍ക്കാര്‍ മണ്ഡികളില്‍ മാത്രമായി കാര്‍ഷിക വിളകളുടെ വില്‍പന നിയന്ത്രിച്ചത്, കര്‍ഷകരെ ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കാനായിരുന്നു.

ആദ്യഘട്ടത്തില്‍ എ.പി.എം.സികള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച വിലയില്‍ ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന കമ്പനികള്‍ എ.പി.എം.സികളെ തകര്‍ക്കുകയും തകര്‍ന്നുവെന്ന് ബോധ്യപ്പെടുന്നതോടെ യഥാര്‍ത്ഥ മുഖം പുറത്തെടുത്ത് കര്‍ഷകവിരുദ്ധമാവുകയും ചെയ്യും. വിപണിയുടെ വികസനസാധ്യതകള്‍ക്ക് സഹായകരമാകുമെന്ന ന്യായവാദമാണ് കര്‍ഷകബില്ലിനെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തിയിരുന്നത്. ഈ വിപണിവികസനം എന്നത് മുന്‍പ് സൂചിപ്പിച്ച സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയുമെല്ലാം പുതുമോടിയും പുറംമോടിയുമാണ്.

ഇന്ത്യയിലെ കാര്‍ഷികരംഗത്തും ടെക്നോളജിക്കല്‍ കമ്പനികളുടെ നിക്ഷേപമുണ്ട്. ഇന്റര്‍നാഷണല്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി അരിഡ് ട്രോപിക്‌സുമായി (ICRISAT) മൈക്രോസോഫ്റ്റിന് സഹകരണം ഉണ്ടായിരുന്നു. മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ കൃഷിവകുപ്പ് കര്‍ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. 2020 മുതല്‍ കര്‍ഷകര്‍ക്കായുള്ള റിലയന്‍സിന്റെ ജിയോ കൃഷി (Jio Krishi) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ വര്‍ഷം തന്നെ മെറ്റ 5.7 ബില്യണ്‍ യു. എസ് ഡോളര്‍ റിലയന്‍സില്‍ നിക്ഷേപിച്ചിരുന്നു. തൊട്ടുപിന്നാലെ പുതിയ കാര്‍ഷികനിയമവും നിലവില്‍ വന്നുവെന്നത് യാദൃച്​ഛികതയാണെന്ന് വെറുതെ വിശ്വസിക്കാം.

പുതിയ പരീക്ഷണങ്ങള്‍, പ്രതീക്ഷകള്‍

അതിനൂതനമായ സാങ്കേതികവിദ്യയുടെ ഉപയോഗം കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തിയുള്ളതാണ്. ഉദാഹരണത്തിന് അഗ്രോ ബിസിനസ്​ കോര്‍പ്പറേറ്റായ യാരയുടെ (Yara) യാരല്‍ റിക്‌സ് (Yaralrix) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മണ്ണിലെ നൈട്രജന്റെ അളവ് അറിയാന്‍സാധിക്കും. മൊബൈല്‍ ഫോണുകള്‍ക്ക് നൈട്രജന്‍ അനലൈസറുകളായി മാറാന്‍ കഴിയുന്ന സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകും. അതുവഴി പ്രധാനമായും ഭക്ഷ്യ വിളകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും ആഗോളതലത്തില്‍ തന്നെ ദാരിദ്ര്യത്തെ തുടച്ചുമാറ്റുവാനും നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക ഉച്ചനീചത്വങ്ങളെ ലഘൂകരിക്കുവാനുമാകും. ബില്യണ്‍ കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഒഴുകുന്നത്.

പക്ഷേ, സാങ്കേതികവിദ്യയുടെ സാധ്യതകളെ ആരുടെ വളര്‍ച്ചക്കും നേട്ടത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നിടത്താണ് പ്രശ്‌നം. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റ കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ബിഗ് ടെക്കുകളുടെയും ധനമൂലധനം പെരുപ്പിക്കുന്നതിനുള്ള ഉപാധിയായി മാറുന്നത് ചെറുക്കണം.

കോര്‍പ്പറേറ്റുകളുടെ ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ പ്ലാറ്റഫോമുകള്‍ക്ക് ബദലായി കര്‍ഷകരുടെ കോപ്പറേറ്റീവ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വളര്‍ത്തിയെടുക്കുന്ന ഫാം ഹാക്ക് (FarmHack) പോലുള്ള ശ്രമങ്ങളും ബ്രസീലിലെ ചെറുകിട കര്‍ഷകരുടെ ഡിജിറ്റല്‍ കൂട്ടായ്മകളും പരിമിതികള്‍ക്കിടയിലും പ്രതീക്ഷ പകരുന്നവയാണ്.

References:
1. Digital control How Big Tech moves into food and farming (and what it means).GRAIN Report, January 2021.
https://grain.org/en/article/6595-digital-control-how-big-tech-moves-into-food-and-farming-and-what-it-means
2. BIG TECH AND THE CURRENT  CHALLENGES FACING THE  CLASS STRUGGLE, Dossier no 46 Tricontinental: Institute for Social Research November 2021, https://thetricontinental.org/dossier-46-big-tech/
3. https://www.syngenta.com/en

Comments