ഇനിയും നിശ്ശബ്​ദമാക്കാനാകില്ല, പെൺ കർഷക പ്രാതിനിധ്യം

കർഷക പ്രക്ഷോഭങ്ങളിലെ അഭൂതപൂർവ്വമായ സ്ത്രീ പങ്കാളിത്തത്തെ, അത് മുന്നോട്ടുവെക്കുന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളാൻ പ്രക്ഷോഭ നേതൃത്വത്തിന് സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. പ്രക്ഷോഭത്തിന്റെ ഉയർന്ന നയരൂപീകരണ നേതൃത്വത്തിലടക്കം ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തക്കുറവ് ഈ ചോദ്യം പ്രസക്തമാക്കുന്നുണ്ട്

ന്ത്യൻ സമര ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത വിധം, ആരംഭം മുതൽ സജീവമായി നിലനിന്നതും, പല തലത്തിൽ പല ഇടങ്ങളിൽ വ്യാപിച്ച്​പരിണമിച്ചുകൊണ്ടിരുന്നതുമായ സമരമാണ് കർഷക പ്രക്ഷോഭം. പൊതുവിൽ ഈ സമരം കർഷക ദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമായി ആരംഭിച്ചുവെങ്കിലും, സവിശേഷമായി സമരം മുന്നോട്ടുവെച്ച വെച്ച മുദ്രാവാക്യങ്ങൾ കോർപറേറ്റ് മൂലധന ശക്തികൾക്കും, അവർക്കു കുട പിടിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിനും എതിരായിട്ടായിരുന്നു.

വൈജാത്യങ്ങളെ നിരാകരിച്ച്​, ഏകാത്മകമായ സാമൂഹിക ചട്ടക്കൂടുകൾ നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ ഭരണകൂട ലക്ഷ്യങ്ങൾക്കെതിരായി ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും വെളിപ്പെടുത്തുന്ന ഒരു സാമൂഹിക മുന്നേറ്റമായി കർഷക സമരം മാറുന്നത് നാം കണ്ടു. സ്​ഥൂല തലത്തിൽ കർഷക സമരം വർഗ -ജാതി -ലിംഗ വേർതിരിവുകളെ അദൃശ്യമാക്കിക്കൊണ്ട് സംഘടിത വ്യവഹാരത്തിന്റെ (collective behaviour) പുതിയ സഹവർത്തിത്വ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്തു. സാമൂഹിക മുന്നേറ്റ സംഘാടനത്തിൽ അഹിംസാത്മകമായ ബദൽ സമര തന്ത്രങ്ങളാണ് കർഷകർ പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്തത്.

തുടക്കം മുതലേ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അകലം പാലിച്ച്​, സമരത്തിന്റെ ഒരു ഘട്ടത്തിലും കക്ഷിരാഷ്ട്രീയക്കാരുടെ സമവായ ശ്രമങ്ങൾക്ക് വഴങ്ങാതെ സമര സമിതിയുടെ പൊതുലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒരുമിച്ചു നിന്നതിന്റെ വിജയകഥ കൂടിയാവുന്നു കർഷക സമരം. സഹനം കൊണ്ടും ജീവത്യാഗം കൊണ്ടും കർഷകർ ഉറപ്പുവരുത്തിയത് സമൂഹത്തിന്റെയൊന്നാകെ, പ്രത്യേകിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ, ഭക്ഷ്യ സുരക്ഷിതത്വവും, കർഷകന് മണ്ണിന്റെ മേലുള്ള അവകാശവും ആണ്.

സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധങ്ങൾ പുകഞ്ഞു തുടങ്ങിയതും, പല നേതാക്കളും വിയോജിപ്പുകൾ രേഖപ്പെടുത്തിയതും പാർട്ടിയുടെ അടിത്തറയിൽ ഉലച്ചിൽ തട്ടാൻ തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയ വിവേകം മാത്രമാണ് മോദി കാണിച്ചത്.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ തീരുമാനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുൻപിൽ കണ്ടുള്ള ഒരു നീക്കം മാത്രമാണെന്നും, രാഷ്ട്രീയാധികാരം നിലനിർത്തുന്നതിനുവേണ്ടിയുള്ള കപടമായ മാപ്പിരക്കൽ നാടകം ആണ് ഇപ്പോൾ അരങ്ങേറിയത് എന്നും വ്യക്തമാണ്. കർഷക സമരം തുടങ്ങിയതിൽ പിന്നെ ബി.ജെ.പിക്ക്​ മേൽക്കൈയുള്ള പല സംസ്ഥാനങ്ങളിലും സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധങ്ങൾ പുകഞ്ഞു തുടങ്ങിയതും, പല നേതാക്കളും പരസ്യമായി തന്നെ കേന്ദ്രസർക്കാർ തീരുമാനങ്ങളോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തി അകന്നു നില്ക്കാൻ തീരുമാനിക്കുന്നതും പാർട്ടിയുടെ അടിത്തറയിൽ ഉലച്ചിൽ തട്ടാൻ തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയ വിവേകം മാത്രമാണ് മോദി കാണിച്ചത്. അതിനാൽ തന്നെ പാർലമെന്ററി തീരുമാനം വരുന്നതു വരെ തങ്ങൾ പിൻവാങ്ങില്ല എന്നും, കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കൽ മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും കർഷകർ വീണ്ടും ഉറപ്പിച്ചു പറയുന്നു. മിനിമം സഹായവില നിയമ പരമായി ഉറപ്പു നൽകുകയും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇലക്​ട്രിസിറ്റി നിയമം പോലുള്ള മറ്റു നിയമവ്യവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യണം എന്ന്​ സംയുക്ത സമര സമിതി തുടക്കം മുതൽ മുൻപോട്ടു വെച്ച ആവശ്യങ്ങളെ പുതുക്കി പ്രഖ്യാപിക്കുക കൂടി ചെയ്തുകൊണ്ടാണ് കർഷകർ സമരഭൂമിയിൽ തുടരുന്നത്. രാഷ്ട്രീയ ഗിമ്മിക്കുകൾക്കു മുൻപിൽ പിന്മാറാതെ നിശ്ചയ ദാർഢ്യത്തോടെ, ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിൽ ആരുടെ പരമാധികാരമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ബോധവൽക്കരിക്കുന്ന പോരാട്ടമായി കർഷക സമരം മാറുന്നത് അതുകൊണ്ടുന്നെയാണ്.

സമരജീവിതം വിതച്ച സകലലോക ഐക്യം

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കി, ജനാധിപത്യ വിരുദ്ധ നടപടിക്രമങ്ങളിലൂടെ മോദി ഭരണകൂടം കൊണ്ടുവന്ന കാർഷിക നിയമങ്ങൾ തീർത്തും കർഷക വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കാനും, അതിനെതിരെ പ്രതിഷേധിക്കേണ്ടത് അടിയന്തിര പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിയാനും കർഷക സംസ്ഥാനങ്ങളിലെ കർഷക സമൂഹത്തിനു ഏറെയൊന്നും ആലോചിക്കേണ്ട കാര്യമല്ലായിരുന്നു. കാർഷിക മേഖലയോടുള്ള കാലങ്ങളായുള്ള വിവിധ സർക്കാരുകളുടെ അവഗണനകൾ കാർഷിക സമ്പദ്​വ്യവസ്​ഥയെ മുൻപേ തന്നെ വലിയ തകർച്ചയിലേക്കെത്തിച്ചിരുന്നു. ഹരിത വിപ്ലവാനന്തരം സംഭവിച്ച കൃഷിയുടെ അമിത വാണിജ്യ വൽക്കരണം, നവ ലിബറൽ നയങ്ങൾ, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നുള്ള സ്റ്റേറ്റിന്റെ പിൻവാങ്ങൽ, വർധിച്ച ഉല്പാദന ചെലവ്, കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ അസ്വസ്ഥമായിരുന്നു ഗ്രാമീണ ഇന്ത്യയിലെ കർഷകർ.

ജീവനോപാധികളുമായി ബന്ധപ്പെട്ടും, പണിയെടുക്കുന്ന മണ്ണിന്റെ മേലുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ടും ഭാവിയിലെ തൊഴിൽ സുരക്ഷയും, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടും കർഷക സമൂഹത്തിനുണ്ടായ ആശങ്കകളെ, അസ്വസ്ഥതകളെ യാഥാർഥ്യമാക്കിയേക്കാവുന്ന അല്ലെങ്കിൽ അവയെ മൂർത്തവൽക്കരിക്കുന്ന ആസൂത്രണമാണ് മോദി സർക്കാർ മുൻപോട്ടു വച്ച കാർഷിക നിയമങ്ങൾ എന്ന് തിരിച്ചറിയാൻ കർഷകർക്ക് അധികം സമയം വേണ്ടി വന്നില്ല. വയലുകളിൽ നിന്ന് തെരുവുകളിലേക്കു അവർ ഒഴുകി നിറഞ്ഞപ്പോൾ, നാളിതു വരെ നാം കാണാത്ത പുത്തൻ ജൈവരാഷ്ട്രീയത്തിന്റെ സമരസ്ഥലികളാണ് രൂപപ്പെട്ടത്. അത് സ്ഥല -കാലങ്ങളെയും വർഗ -ജാതി -ലിംഗ ഭേദങ്ങളെയും അതിലംഘിച്ചു കൊണ്ടോ അപ്രസക്തമാക്കി കൊണ്ടോ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ പുതിയ പാഠങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

‘ദില്ലി ചലോ’ മാർച്ചിനിടെ റോഡരികിൽ റൊട്ടി ചുടുന്ന സമരക്കാർ

ഭരണകൂട വേട്ടയാടൽ, അവഗണനകൾ, ആരോപണങ്ങൾ, പ്രലോഭനങ്ങൾ, കൊലപാതക ശ്രമങ്ങൾ എന്നിവയെല്ലാം അതിജീവിച്ച്​ നിശ്ചയ ദാർഢ്യത്തിന്റെ കരുത്തുറ്റ ഒരു സമര മാതൃകയോ സമരതന്ത്രമോ മാത്രമല്ല കർഷകർ നമുക്ക് മുൻപിൽ വെച്ചത്; ഒപ്പം ഒരു ജൈവ സമര ആവാസവ്യവസ്ഥയാണ് അവർ സൃഷ്ടിച്ചെടുത്തത്. കൃഷിഭൂമിയിലെ സഹജീവന മാതൃകകൾ കണ്ടു ശീലിച്ച കർഷകന് അത്തരമൊരു ജൈവപരിസരത്തെയല്ലാതെ സമര ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ സാധിക്കുകയില്ല. സമരവും ജീവിതവും തമ്മിൽ വേർതിരിവില്ലാത്ത വിധം, ജീവിതവും മരണവും ഒരു ലക്ഷ്യത്തിലേക്കു പരിണമിപ്പിക്കുന്ന വിധം കർഷക സമരം ഉദാത്തമായ ഒരു തലത്തിലേക്ക് ഉയർന്നു. അവിടെ സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരും ഒരുമിച്ച്​ സമര ജീവിതം നയിച്ചു. സമരഭൂമിയെ അവർ കൃഷി ഭൂമിയാക്കി . സമര ഭൂമിയിൽ വരുന്നവർക്കെല്ലാം അന്നമൂട്ടുന്ന ഭക്ഷണ ശാലകൾ, ചികിത്സാവശ്യങ്ങൾക്കായി മെഡിക്കൽ സംവിധാനങ്ങൾ , സമരത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളുടെ പഠനം തുടരുന്നതിനായി പാഠശാലകൾ, ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായുള്ള വേദികൾ, സ്ത്രീ പാർലിമെന്റുകൾ എന്നിങ്ങനെ തുടങ്ങി സമരോർജ്ജത്തെ കെടാതെ നിലനിർത്താൻ നിരന്തരമായി സാംസ്‌കാരിക പരിപാടികൾ ഒരുക്കി ഒരു സമരനഗരി /സമര ടൗൺഷിപ്പ് തന്നെ കർഷകർ പടുത്തുയർത്തി.

ജനസഞ്ചയങ്ങൾ മറ്റുപല സമര മുഖത്തും കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഐഡന്റിഫിക്കേഷൻ അത്രമേൽ യോജിച്ചു പോവുകയും ഇൻക്ലൂസിവ്‌നസ്​ കൂടിയതുമായ ഒരു ജനസഞ്ചയമാണ് വിവിധ സംസ്ഥാനങ്ങളിലെ കർഷക സമര ഭൂമികളിലും കർഷക മഹാപഞ്ചായത്തു നടന്ന സ്ഥലങ്ങളിലും സമരം പ്രവഹിച്ച തെരുവുവേദികളിലും നാം കണ്ടത്. അവ ലോകത്തോട് തന്നെ സംവദിച്ചത് ഐക്യത്തിന്റെ, ബദൽ ജനാധിപത്യത്തിന്റെ , കരുത്തുറ്റ പുത്തൻ സമര തന്ത്രങ്ങളുടെ സഹനങ്ങളിലും ഉയിർപ്പേകുന്ന പ്രതീക്ഷകളുടെ സമാനതകൾ ഇല്ലാത്ത സമരാനുഭവങ്ങളായിരുന്നു.

സമൂഹത്തിന്റെ പൊതു ബോധ്യങ്ങളിലോ ചർച്ചകളിലോ മാത്രമല്ല പോളിസി തലത്തിലുള്ള ആസൂത്രണങ്ങളിലും കാർഷിക മേഖലയിലെ സ്ത്രീകളുടെ അധ്വാനശക്തിയെ അർഹമായ രീതിയിൽ നാളിതുവരെ പരിഗണിച്ചിട്ടില്ലെന്നു പറയാം.

സമരഭൂമിയിലെ സ്ത്രീ കർഷകർ

സ്ത്രീ സാന്നിദ്ധ്യം കൊണ്ട് തുടക്കം മുതൽ ശ്രദ്ധ ആകർഷിച്ച ഒന്നാണ് കർഷക പ്രക്ഷോഭം. ഒരു വർഷം നീണ്ട പ്രക്ഷോഭ നിരകളിൽ എല്ലായിടങ്ങളിലും തുല്യ അളവിൽ സ്ത്രീകളുടെ പങ്കാളിത്തം വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. മറ്റ് അധ്വാനമേഖലയിലെന്ന പോലെ സ്ത്രീകളുടെ അധ്വാനത്തെയും സംഭാവനകളെയും അദൃശ്യവൽക്കരിച്ചിരുന്ന കാർഷിക മേഖലയിലെ അഭൂതപൂർവ്വമായ ഈ സ്ത്രീ സാന്നിദ്ധ്യം പ്രക്ഷോഭത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ചില സൂചനകൾ കൂടി സമൂഹത്തിന് നൽകുന്നുണ്ട് എന്നുവേണം കരുതാൻ.

സ്ത്രീകളുടെ അധ്വാനശക്തിയിൽ നിലനിൽക്കുന്ന ഒന്നാണ് ഇന്ത്യൻ കാർഷിക മേഖല എന്നത് നിസ്സംശയം പറയാവുന്ന യാഥാർഥ്യമാണ്. കാർഷിക മേഖലയുടെ പുരോഗതിക്കും അനുബന്ധ വികാസത്തിനും സ്ത്രീകൾ വഹിക്കുന്ന പങ്ക് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലുള്ള അവരുടെ പങ്കാളിത്തം തന്നെ വെളിപ്പെടുത്തുന്നതാണ്. വിത്തിറക്കലിൽ തുടങ്ങി ഭക്ഷ്യ സംസ്‌ക്കരണം വരെ നീളുന്ന നൈര്യന്തര്യമുള്ളതും, ചാക്രികവുമെന്നു പറയാവുന്നതുമായ കാർഷികപ്പണികളിൽ സ്ത്രീകൾ സജീവ പങ്കാളികളാണ് എന്നു കാണാം. കർഷകരായും, സഹ കർഷകരായും സ്വന്തം കൃഷിയിടങ്ങളിൽ കൃഷിയിറക്കൽ തുടങ്ങി വിളവെടുപ്പാനന്തര ജോലികൾ നിർവഹിക്കുകയും, ഒപ്പം മറ്റു കൃഷിയിടങ്ങളിൽ കൂലിപ്പണി ചെയ്യുന്നവരുമായ അനവധി സ്ത്രീകളുടെ അധ്വാനശക്തിയാണ് കാർഷിക മേഖലയെ താങ്ങി നിർത്തുന്നത്. എന്നാൽ ഗാർഹിക ജോലികളിലെന്ന പോലെ കാർഷിക ജോലികളിലും സ്ത്രീകളുടെ അധ്വാനം മിക്കപ്പോഴും അദൃശ്യമായി പോകുന്നു. സമൂഹത്തിന്റെ പൊതു ബോധ്യങ്ങളിലോ ചർച്ചകളിലോ മാത്രമല്ല പോളിസി തലത്തിലുള്ള ആസൂത്രണങ്ങളിലും കാർഷിക മേഖലയിലെ സ്ത്രീകളുടെ അധ്വാനശക്തിയെ അർഹമായ രീതിയിൽ നാളിതുവരെ പരിഗണിച്ചിട്ടില്ലെന്നു പറയാം.
സ്ഥിതിവിവരക്കണക്കുകളിലൂടെ കടന്നുപോകുകയാണെങ്കിൽ, തൊഴിലൂടെ സാമ്പത്തിക വരുമാനം നേടുന്ന ഇന്ത്യൻ സ്ത്രീകളിൽ 80% ഉള്ളത് കാർഷിക മേഖലയിലാണ്. കാർഷിക അധ്വാനശക്തിയുടെ ഏതാണ്ട് 33% വരും അവരുടെ പങ്കാളിത്തം. ഗ്രാമീണ മേഖലയിലെ 85% വരുന്ന സ്ത്രീകളും കാർഷിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഇവരിൽ ആകെ 13% പേർക്കുമാത്രമേ സ്വന്തമായി കൃഷി ഭൂമിയുള്ളൂ എന്നതാണ് വിരോധാഭാസം. കാർഷിക ഉത്പാദന മേഖലയിൽ നിർണായക പങ്ക് വഹിക്കുന്ന സ്ത്രീകളെ സ്വത്തധികാര പരിധിക്ക് വെളിയിൽ നിർത്തുന്നതിലൂടെ അവരുടെ സാമൂഹ്യ പദവിയെ താഴ്ത്തിനിർത്താൻ സാധിക്കുന്നുവെന്നത് വസ്തുതയാണ്.

2017 -18 ലെ സാമ്പത്തിക സർവ്വേ കണക്കുകൾ സൂചിപ്പിക്കുന്നത്, ഗ്രാമീണ ഇന്ത്യയുടെ കാർഷിക മേഖല കൂടുതലായി സ്ത്രൈണവൽക്കരിക്കപ്പെടുന്നു എന്നാണ്. കാർഷികവൃത്തിയുടെ സ്ത്രൈണവൽക്കരണത്തെ കുറിച്ച് കുറെയേറെ പഠനങ്ങൾ ലഭ്യമാണ്. സാമ്പത്തികവും, സാംസ്‌കാരികവുമായ വിവിധ കാരണങ്ങൾ ആ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. കാർഷിക മേഖല പൊതുവിൽ നേരിടുന്ന പ്രതിസന്ധികൾ രൂക്ഷമായതോടെ കൃഷി ഉപേക്ഷിച്ചു ഗ്രാമങ്ങളിൽ നിന്ന് നഗര പ്രദേശങ്ങളിലേക്ക്​ തൊഴിൽ തേടി ആണുങ്ങൾ നീങ്ങാൻ തുടങ്ങിയത് ഈ സ്ത്രൈണവൽക്കരണത്തിനുള്ള പ്രധാന കാരണമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തത്ഫലമായി പുരുഷന്മാർ കൂടുതലായും കൈയ്യാളിയിരുന്ന പല കൃഷിപ്പണികളും സ്ത്രീകൾ ഏറ്റെടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. കൃഷിയിറക്കുന്ന സ്ത്രീകളിൽ 70%വും ഈ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് പുറത്തിറക്കിയ 2014ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2017-2018 ലെ സാമ്പത്തിക സർവേയും കാർഷിക മേഖലയിലെ വർധിച്ചു വരുന്ന സ്ത്രൈണവൽക്കരണത്തെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബീഹാറിൽ ആകെയുള്ള കർഷക അധ്വാനശേഷിയുടെ 50% ലധികം സ്ത്രീകൾ തന്നെയാണ്. ആ അർത്ഥത്തിൽ ഏതാണ്ട് 60- 80 ശതമാനം വരെ ഭക്ഷണം ഉല്പാദിപ്പിക്കുന്നത് സ്ത്രീകളാണെന്ന് കാണാം. ആഗോളതലത്തിൽ 400 മില്യൺ സ്ത്രീകളാണ് കാർഷിക മേഖലയിൽ അധ്വാനിക്കുന്നതെന്ന്​ കണക്കുകൾ പറയുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പുരുഷ കർഷകരുടെ അതേ സാമൂഹിക പരിവേഷമോ ഭൂവാധികാരങ്ങളോ അവകാശങ്ങളോ സ്ത്രീ കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീ കർഷകരെ ‘കർഷകർ' എന്ന ലേബലിൽ പോലും അഭിസംബോധന ചെയ്യാനുള്ള തുല്യതാബോധത്തിലേക്ക് ഇനിയും സമൂഹം എത്തിച്ചേർന്നിട്ടില്ലെന്നു കാണാം. ഇതേ മനോഭാവം തന്നെയാണ് ഭരണകൂട നിയമ നിർമാണങ്ങളിലും പ്രതിഫലിക്കുന്നത്. ഇതിൽ തന്നെ സ്ത്രീ കർഷക തൊഴിലാളികൾ, കർഷക വിധവകൾ, പാട്ട കൃഷിക്കാരായ സ്ത്രീകൾ എന്നിവർ പൂർണമായും ഭൂസ്വത്തുക്കൾ ഇല്ലാത്തവരായി തന്നെ കാർഷികവൃത്തി തുടർന്നുപോരുന്നവരാണ്. വിഭവാധികാരങ്ങളിലുള്ള വിവേചനം മനുഷ്യാവകാശങ്ങളുടെ ലംഘനം തന്നെയാണെന്ന തിരിച്ചറിവിലൂടെയല്ലാതെ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട തുല്യ നീതി ഉറപ്പു വരുത്താൻ സാധിക്കില്ല.

സമരം ചെയ്യുന്ന പുരുഷന്മാർക്ക് ഭക്ഷണം ഉണ്ടാക്കുന്നവരായിട്ടല്ല അവർ സമര ഭൂമിയിൽ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചത്; മറിച്ച്​, ഒന്നിച്ചുനിന്ന് സമരം നയിക്കുന്ന, അവകാശങ്ങളെ കുറിച്ച് ബോധ്യങ്ങൾ ഉറപ്പിച്ച പോരാളികൾ എന്ന നിലക്കാണ്​.​

കർഷക സമരത്തിലെ സ്ത്രീ കർഷക സാന്നിധ്യത്തെ കോടതി വരെ അവഗണിക്കുന്നത്​ നാം കണ്ടു. സ്ത്രീകളോടും കുട്ടികളോടും മുതിർന്നവരോടും തിരികെ ഗ്രാമങ്ങളിലേക്കു മടങ്ങണം എന്ന് കോടതി ആഹ്വാനം ചെയ്യുന്നത് സ്ത്രീകളുടെ കർതൃത്വത്തെ പരിഗണിക്കാതിരിക്കുന്ന ഒന്നായി മാത്രമല്ല വിലയിരുത്തേണ്ടത്. ഇക്കാലമത്രയും മണ്ണിൽ ഒപ്പത്തിനൊപ്പം നിന്ന് കൃഷിയെ കൂടുതൽ കരുതലോടെ പരിഗണിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ അധ്വാന മൂല്യത്തെ പൂർണമായും അവഗണിക്കുന്ന പ്രവണതയായിത്തന്നെ കാണേണ്ടതുണ്ട്. സമരം ചെയ്യുന്ന പുരുഷന്മാർക്ക് ഭക്ഷണം ഉണ്ടാക്കുന്നവരായിട്ടല്ല അവർ സമര ഭൂമിയിൽ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചത്; മറിച്ച്​, ഒന്നിച്ചുനിന്ന് സമരം നയിക്കുന്ന, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധ്യങ്ങൾ ഉറപ്പിക്കുവാനും, വരും തലമുറയുടെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാനും സന്നദ്ധരായ പോരാളികൾ എന്ന നിലക്കാണ്​.​ സ്വന്തം ഉത്തരവാദിത്വങ്ങളെ സാമൂഹിക കർതൃത്വത്തിലേക്കുയർത്തുന്ന സ്ത്രീ കർഷകരുടെ കരുത്തുറ്റ പ്രകടനത്തിന് കർഷക സമര ഭൂമികൾ വേദിയായി.

കുണ്ട്​ലി ഇൻഡസ്ട്രിയൽ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ അറസ്റ്റിലാകുകയും ജയിലിൽ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത നൗദീപ് കൗർ മുതൽ, പ്രക്ഷോഭ ഭൂമിയിലൊന്നായ തിക്രി ബോർഡറിനടുത്തുവെച്ച് വാഹനമിടിച്ച് കൊല്ലപ്പെട്ട ഗുർമാലി കൗർ, അമർജീത് കൗർ, സുഖ് വിന്ദർ കൗർ വരെയുള്ളവരുടെ സഹനവും രക്തസാക്ഷിത്വവും ഉൾച്ചേർന്നതാണ് കർഷക പ്രക്ഷോഭം.

കർഷക പ്രക്ഷോഭങ്ങളിലെ അഭൂതപൂർവ്വമായ സ്ത്രീ പങ്കാളിത്തത്തെ, അത് മുന്നോട്ടുവെക്കുന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളാൻ പ്രക്ഷോഭ നേതൃത്വത്തിന് സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. പ്രക്ഷോഭത്തിന്റെ ഉയർന്ന നയരൂപീകരണ നേതൃത്വത്തിലടക്കം ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തക്കുറവ് ഈ ചോദ്യം പ്രസക്തമാക്കുന്നുണ്ട്. കർഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും, അവ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിലും, ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കുന്നതിലും, പ്രസംഗവേദികൾ പങ്കിടുന്നതിലും റാലികളിലെ മുൻനിരകളിലും സ്ത്രീകളുടെ സാന്നിദ്ധ്യം പരിമിതമാണ് എന്നത് തുറന്നുപറയേണ്ടതുണ്ട്.

കർഷക പ്രക്ഷോഭം സവിശേഷമായ നിരവധി അനുഭവങ്ങളും കാഴ്ചകളും ഇന്ത്യൻ ജനാധിപത്യത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നു എന്നത് തീർച്ചയാണ്. ഒപ്പം സമരലക്ഷ്യങ്ങൾ പൂർത്തിയാക്കി സമര ഭൂമികളിൽ നിന്ന് കൃഷിഭൂമികളിലേക്കു മടങ്ങുമ്പോൾ മണ്ണിനോടും മനുഷ്യനോടും ഉള്ള ജൈവബന്ധങ്ങളിൽ വിഭവാധികാരങ്ങളിൽ തുല്യനീതിയുടെ തുല്യ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രതിരോധ ശേഷിയുള്ള വിത്തുകൾ കൂടി വിതയ്ക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കാം. ▮


ഡോ. സ്​മിത പി. കുമാർ

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻറർ പ്രിൻസിപ്പൽ. കാർഷിക പ്രശ്​നങ്ങൾ, ജെൻഡർ പൊളിറ്റിക്​സ്​ എന്നീ ​വിഷയങ്ങളെക്കുറിച്ച്​ എഴുതുന്നു.

Comments