Photo: Wikimedia Commons

ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്

ദേശീയ മുതലാളിത്തം ദുർബലമാവുകയും , ആഗോള മുതലാളിത്തം, ഡിജിറ്റൽ കാപ്പിറ്റലിസത്തിന്റെ ആധിപത്യത്തിലേക്കു വരികയും ചെയ്ത സാഹചര്യത്തിൽ പുതിയൊരു വർഗ ധ്രുവീകരണം ലോകത്ത്‌ സംഭവിച്ചിരിക്കുന്നു- കർഷക സമരം ഭാവി രാഷ്​ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിശകലനം.

ഴുപതിറ്റാണ്ട് നീണ്ട സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവായിത്തന്നെ കർഷക സമരത്തെയും അതിന്റെ വിജയത്തെയും കണക്കാക്കാം. ഈ സമരത്തിന്റെ ആഘാതം എത്രയായിരിക്കുമെന്ന് ഇപ്പോൾ നിർവചിക്കാൻ കഴിയാത്തത്ര ആഴത്തിലുള്ള ഒരു സംഭവ (Event) മാണിത്​. ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച മഹാമാരിയെയും സമരത്തെ തോൽപ്പിക്കാൻ ഭരണകൂടം പ്രയോഗിച്ച നിന്ദ്യമായ കുതന്ത്രങ്ങളെയും അതിജീവിച്ച്, കൊടും മഞ്ഞിനെയും ചൂടിനെയും വകവെക്കാതെ ഭരണകേന്ദ്രത്തിനുചുറ്റും പൊതുനിരത്തുകളിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള കർഷകർ ഒരു വർഷത്തോളം നടത്തിയ ഈ മഹാസമരത്തിന്റെ പുതിയ രാഷ്ട്രീയ മാനങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ എതിർപ്പും അവഗണിച്ച്, പാർലമെന്റിലെ ഭൂരിപക്ഷം മാത്രം പരിഗണിച്ച് നരേന്ദ്രമോദി സർക്കാർ പാസാക്കിയെടുത്ത മൂന്ന് കർഷക നിയമങ്ങളെയും പിൻവലിപ്പിക്കാൻ ഇന്ത്യൻ കർഷക ജനതയുടെ സംഘടിത സമരമുന്നേറ്റത്തിന് കഴിഞ്ഞിരിക്കുന്നു. ഇത് ഭരണകൂടത്തിനെതിരായ ഒരു സാധാരണ സമരത്തിന്റെ വിജയമല്ല. ഈ സമരത്തിന്റെ പുതിയ രാഷ്ട്രീയ മാനങ്ങൾ കണ്ടെത്താൻ കർഷക ജനത എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിനുശേഷം വീണ്ടും ഇന്ത്യൻ ജനതയുടെ വിമോചകശക്തിയായി ഉയർന്നുവന്നിരിക്കുന്നത് എന്ന് ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്. ഗാന്ധിയുടെ നേതൃത്വത്തിൽ ചമ്പാരനിൽ തുടങ്ങിയ കൊളോണിയൽ വിരുദ്ധ സമരവും കോർപറേറ്റുകൾക്കുവേണ്ടി നരേന്ദ്രമോദി പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് കർഷകർ നയിക്കുന്ന സമരവും തമ്മിലുള്ള സമാനതകളും അന്തരവും പരിശോധിക്കുന്നതിലൂടെ ഈ പുതിയ കർഷക ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയ മാനങ്ങളിലേക്ക് കടക്കാം.

ഗാന്ധി കണ്ടെത്തിയ കർഷക മഹാശക്തി

സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ ആദ്യകാല ശ്രമങ്ങളെല്ലാം പരാജയപ്പെട്ടശേഷമാണല്ലോ ഗാന്ധി രംഗപ്രവേശം ചെയ്യുന്നത്. ഗാന്ധി തന്നെയും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ചമ്പാരനിലെ കർഷകസമൂഹത്തെ കണ്ടുമുട്ടുന്നത്. കർഷകസമൂഹം അനുഭവിച്ചിരുന്നത് വർണനാതീതമായ കഷ്ടതകളാണ്. നരേന്ദ്രമോദിയുടെ കാർഷിക നിയമങ്ങളിലുള്ളതിന് സമാനമായ വ്യവസ്ഥകൾ ഉപയോഗിച്ചാണ് കർഷകരെ അന്ന് ബ്രിട്ടീഷുകാർ അടിച്ചമർത്തിക്കൊണ്ടിരുന്നത്. കർഷകർ എന്ത് കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, എങ്ങനെ വിപണനം ചെയ്യണം എന്നുതുടങ്ങി കർഷകരുടെ സ്വാതന്ത്ര്യത്തെ മുഴുവൻ നിഷേധിച്ച്, തോട്ടമുടമകൾ പറയുന്ന സാധനങ്ങൾ മാത്രം കൃഷി ചെയ്യാൻ കർഷകരെ നിർബന്ധിക്കുകയായിരുന്നു. ഇതിനെതിരെ സ്വയം ഒരു ശക്തിയായി ഉയരാൻ കഴിയാതിരുന്ന കർഷകർ ഗാന്ധിയിൽ അവരുടെ രക്ഷകനേയും നേതാവിനേയും കണ്ടെത്തുകയാണ് ചെയ്തത്.

ചമ്പാരനിലെ കർഷകരുടെ പ്രയാസങ്ങൾ നേരിട്ടു കാണാൻ ഗാന്ധിയെ ക്ഷണിച്ച മാധ്യമപ്രവർത്തകനും കുടിയാൻ നേതാവുമായ രാജ് കുമാർ ശുക്‌ളയുടെ ഡയറി. 1916-ൽ ലക്‌നൗവിൽ വെച്ച് നടന്ന കോൺഗ്രസിന്റെ 31-ാം സെഷനിൽ വെച്ചാണ് ഗാന്ധി ശുക്‌ളയെ കണ്ടുമുട്ടിയത്. / Photo: Sanchit Khanna
ചമ്പാരനിലെ കർഷകരുടെ പ്രയാസങ്ങൾ നേരിട്ടു കാണാൻ ഗാന്ധിയെ ക്ഷണിച്ച മാധ്യമപ്രവർത്തകനും കുടിയാൻ നേതാവുമായ രാജ് കുമാർ ശുക്‌ളയുടെ ഡയറി. 1916-ൽ ലക്‌നൗവിൽ വെച്ച് നടന്ന കോൺഗ്രസിന്റെ 31-ാം സെഷനിൽ വെച്ചാണ് ഗാന്ധി ശുക്‌ളയെ കണ്ടുമുട്ടിയത്. / Photo: Sanchit Khanna

ഗാന്ധി അവരെ കണ്ടുമുട്ടുന്നതുമുതൽക്കാണ് യഥാർഥത്തിൽ അദ്ദേഹത്തിനുതന്നെ ഒരു തിരിച്ചറിവുണ്ടാകുന്നത്. കർഷകരുടെ അടുത്തേക്കു പോകാൻ ഗാന്ധിക്ക് ആദ്യം മടിയായിരുന്നു, നിർബന്ധങ്ങൾക്കുവഴങ്ങിയാണ് അദ്ദേഹം അവരെ കാണാൻ പോകുന്നത്. കർഷക സമൂഹവുമായി ബന്ധപ്പെട്ടശേഷമാണ് ഇവർ ഒരു ദുർബ്ബല വിഭാഗമല്ലെന്നും ഇവരിൽ ഒരു മഹാ രാഷ്ട്രീയശക്തി ഉറങ്ങിക്കിടക്കുന്നുണ്ടെന്നും ഗാന്ധിക്ക് ബോധ്യം വന്നത്. കർഷക സമൂഹത്തിന് അന്ന് സ്വയം, സാമ്രാജ്യത്വത്തിന്റെ ചൂഷണങ്ങളിൽനിന്ന് മോചിതരാകാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഗാന്ധി അവരെ ഇന്ത്യയുടെ ദേശീയ വിമോചന സമരവുമായി ബന്ധിപ്പിച്ചു. അന്ന്, ബ്രിട്ടീഷുകാർ കർഷകർക്കുമേൽ പ്രയോഗിച്ച ചൂഷണതന്ത്രങ്ങൾക്കു സമാനമാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാർ പാസാക്കിയെടുത്ത മൂന്ന് നിയമങ്ങളിലെയും വ്യവസ്ഥകൾ. വിത്തുമുതൽ വിപണി വരെയുള്ള, കർഷകരുടെ എല്ലാ സ്വാതന്ത്ര്യങ്ങളെയുമാണ് ഈ നിയമങ്ങൾ പിടിച്ചെടുക്കുന്നത്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കർഷകർ സമരരംഗത്ത് വന്നുവെങ്കിൽ ഇന്ന് കോർപറേറ്റുകൾക്ക് എതിരെയാണ് കർഷകർ രംഗത്തുവരുന്നത് . ഇന്ത്യൻ ഭരണവർഗം ഈ കോർപറേറ്റുകളുടെ രാഷ്ട്രീയ ഏജന്റുമാരായാണ് പ്രവർത്തിക്കുന്നത്, ഇന്ത്യയെ ആഗോള മൂലധനശക്തികൾക്ക് അടിമപ്പെടുത്താനാണ് ഇന്ത്യൻ ഭരണവർഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ അടിമത്തത്തിലേക്ക് പതിക്കുന്ന ഭയാനകമായ ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ വിമോചകരായി ഒരിക്കൽക്കൂടി കർഷക സമൂഹം ഉയർന്നുവന്നിരിക്കുന്നത്.

പുതിയ വർഗ ശക്തി വരുന്നു

എന്നാൽ, ഗാന്ധിക്കുപുറകേ തലകുനിച്ചുനടന്ന ചമ്പാരനിലെ ദുർബലരായ കർഷകരല്ല ഇന്നത്തെ കർഷകർ. ഇന്ന് അവർ പുതിയൊരു വർഗശക്തിയായി ഉയർന്നുവന്നിരിക്കുകയാണ്. ദേശീയ വിമോചന സമരക്കാലത്തുള്ള കർഷക സമൂഹമല്ല ഇന്നത്തെ കർഷക സമൂഹം. ആഗോള മൂലധനം ലോകത്തെ മുഴുവൻ വിഴുങ്ങിയിരിക്കുന്ന കാലത്ത് രൂപപ്പെട്ട പുതിയൊരു വർഗസമരത്തിന്റെ മുന്നണിപ്പടയായിട്ടാണ് ഇന്ന് കർഷകർ ഉയർന്നു വന്നിരിക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ഒരു സ്വതന്ത്രശക്തിയായി പ്രവർത്തിക്കുവാൻ കഴിയുന്നത്. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ്​ അടക്കം എല്ലാ രാഷ്ട്രീയപാർട്ടികളെയും കാഴ്ചക്കാരാക്കി മാറ്റിനിർത്തിക്കൊണ്ടാണ് അവർ ഒരു സ്വതന്ത്രശക്തിയായി ഉയർന്നുവന്നിരിക്കുന്നത്. ഇന്നത്തെ ഈ കർഷക സമൂഹം പഴയ കോളനി വാഴ്ചയ്‌ക്കെതിരേയോ അതിനു ശേഷം വന്ന ദേശീയ ഭരണവർഗ്ഗങ്ങൾക്കെതിരെയോ സമരം ചെയ്യുന്ന ഒരു വർഗ്ഗമല്ല എന്നർത്ഥം. അപ്പോൾ, കർഷക സമരത്തിന്റെ വർഗസ്വഭാവം എന്താണ് എന്ന ചോദ്യമുയരുന്നു. ആഗോളവത്ക്കരിക്കപ്പെട്ട മൂലധന വ്യവസ്ഥയ്ക്കും അതിന്റെ സാമന്ത ഭരണക്കാർക്കുമെതിരെ ഉയരുന്ന പുതിയൊരു വർഗ്ഗ ശക്തിയാണത്. ഈ പുതിയ വർഗശക്തിയുടെ ഉള്ളടക്കം എന്താണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

യഥാർഥത്തിൽ ചൂഷിത വർഗങ്ങളെക്കുറിച്ചുള്ള പഴയ സങ്കൽപ്പം മാറുകയാണ്. ലോകജനതയോടൊപ്പം ഇന്ത്യൻ ജനതയെയും ചൂഷണം ചെയ്യുന്ന ശക്തികളെയും അതിന്റെ ഏജന്റുമാരെയും നേരിടുന്ന വിപ്ലവശക്തിയായി കർഷകസമൂഹം മാറിയിരിക്കുകയാണ്.

ഈ പുതിയ വർഗശക്തി യഥാർഥത്തിൽ നേരിടുന്നത് പഴയ തരത്തിലുള്ള കീഴാള, തൊഴിലാളി വർഗങ്ങൾ നേരിട്ടിരുന്ന ഒരു ദേശീയ മേലാള വർഗത്തെ മാത്രമല്ല. കർഷക- തൊഴിലാളി ജീവിതത്തിന്റെ സകല മേഖലകളെയും ഇന്ന് പിടിമുറുക്കിയിരിക്കുന്നത് കോർപറേറ്റ് മുതലാളിത്തമാണ്. കർഷക ബില്ലുകൾ വരുന്നതിനുമുമ്പുതന്നെ, കാർഷിക വിഭവങ്ങൾ സംഭരിക്കുന്നതിന് അംബാനിയും മറ്റും ഗോഡൗണുകൾ പണിതുകഴിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഈ കാർഷിക ബില്ലുകൾ തയാറാക്കിയതുതന്നെ കോർപറേറ്റ് ശക്തികളുടെ മാനേജുമെൻറ്​ വിദഗ്ധരാണ്. ഇതിനെല്ലാമെതിരായി, ഒരു പുതിയ വർഗമായാണ് കർഷകർ വന്നിരിക്കുന്നത്. പഴയ തരത്തിൽ, ദേശീയ മുതലാളിത്തത്തിനെതിരെ ഉയർന്നുവന്ന തൊഴിലാളി വർഗമല്ല, മറിച്ച്​, ആഗോള മൂലധനശക്തികൾക്കെതിരെ ഉയർന്നുവന്ന പുതിയ രാഷ്ട്രീയ പ്രതിഭാസമാണിത്. നമ്മുടെ നാട്ടിലെ ഭരണവർഗങ്ങളൊക്കെ ആഗോള മുതലാളിത്തത്തിന്റെ സാമന്തന്മാരാണ്. രാജ്യത്തെ തീറെഴുതുന്നതിന്റെ ഇടനിലക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. പഴയ ദേശീയ മുതലാളിത്തത്തിന്റെ പാർട്ടിയായ കോൺഗ്രസ്സ് തകർന്നുപോകുന്നത് അതുകൊണ്ടാണ്. പഴയ തരത്തിലുള്ള, ഫാക്ടറി തൊഴിലാളികളെ മുഖ്യ വിപ്ലവശക്തിയായി കാണുന്ന ഇടതുപക്ഷ പാർട്ടികളുടെ സങ്കൽപ്പങ്ങളും പരാജയപ്പെടുന്നത് അതുകൊണ്ടാണ്.

നരേന്ദ്ര മോദി രാജ്യത്തെ പ്രബലരായ ബിസ്സിനസുകാർക്കൊപ്പം നടത്തിയ ചർച്ചയ്ക്കിടെ (2020)
നരേന്ദ്ര മോദി രാജ്യത്തെ പ്രബലരായ ബിസ്സിനസുകാർക്കൊപ്പം നടത്തിയ ചർച്ചയ്ക്കിടെ (2020)

യഥാർഥത്തിൽ ചൂഷിത വർഗങ്ങളെക്കുറിച്ചുള്ള പഴയ സങ്കൽപ്പം മാറുകയാണ്. ലോകജനതയോടൊപ്പം ഇന്ത്യൻ ജനതയെയും ചൂഷണം ചെയ്യുന്ന ശക്തികളെയും അതിന്റെ ഏജന്റുമാരെയും നേരിടുന്ന വിപ്ലവശക്തിയായി കർഷകസമൂഹം മാറിയിരിക്കുകയാണ്. കാരണം, ദേശീയ മുതലാളിത്തം ദുർബലമാവുകയും ആഗോള മുതലാളിത്തം, ഡിജിറ്റൽ കാപ്പിറ്റലിസത്തിന്റെ ആധിപത്യത്തിലേക്കു വരികയും ചെയ്ത സാഹചര്യത്തിൽ പുതിയൊരു വർഗ ധ്രുവീകരണം ലോകത്ത്‌ സംഭവിച്ചിരിക്കുന്നു. വാൾസ്ട്രീറ്റ് പ്രതിഷേധത്തിലും മറ്റും ഉയർന്ന ഒരു ശതമാനം നിങ്ങളും 99 ശതമാനം ഞങ്ങളും എന്ന മുദ്രാവാക്യം ഈ ധ്രുവീകരണത്തിന്റെ സൂചനയാണ്. ഇവിടെ സമ്പത്ത് മുഴുവൻ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയിൽ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിൽ തന്നെ, 80 ശതമാനം സമ്പത്തും പത്തുശതമാനം പേരുടെ കൈയിലാണ്. ഇങ്ങനെയാരു സാഹചര്യത്തിലാണ് പൊരുതുന്ന ശക്തികൾ പുതിയൊരു വർഗധ്രുവീകരണത്തിലേക്കുവരുന്നത്. ഏതെങ്കിലും ഒരു തൊഴിൽ വിഭാഗം എന്ന നിലയ്ക്കല്ല ഇതിനെ മനസ്സിലാക്കേണ്ടത്​. അതിൽ എല്ലാ ചൂഷിത മനുഷ്യ വിഭാഗങ്ങളും ഉൾച്ചേരുന്നു. കർഷകരും തൊഴിലാളികളും ആദിവാസികളും ദലിതരും പിന്നാക്കക്കാരും വീട്ടമ്മമാരുംമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതാണ് പുതിയ വർഗധ്രുവീകരണത്തിൽ നടക്കുന്നത്.

പുറത്താക്കപ്പെടുന്ന പരമ്പരാഗത രാഷ്​ട്രീയം

ഈ പുതിയ വർഗധ്രുവീകരണത്തിലൂടെയാണ്, യഥാർഥത്തിൽ കർഷക സമൂഹം ഒരു പുതിയ സമരശക്തിയായി ഉയർന്നുവരുന്നത്. ഇത്തരത്തിൽ പുതിയ വർഗധ്രുവീകരണംസംഭവിക്കുമ്പോൾ, പഴയ രാഷ്ട്രീയ സങ്കൽപ്പങ്ങൾക്ക് പാടെ മാറ്റം വരികയാണ്. ഇത് മനസ്സിലാക്കുമ്പോഴാണ് ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാകെ പുറത്തുനിർത്തിക്കൊണ്ട് വിവിധ ജനവിഭാഗങ്ങൾ- കർഷകരും തൊഴിലാളികളും വിദ്യാർഥികളും സ്ത്രീകളും പിന്നാക്കവിഭാഗങ്ങളും ഒത്തുചേർന്ന് ഒരു വർഗമായി സമരരംഗത്തേക്കുവരുന്നതിന്റെ പ്രാധാന്യം വ്യക്തമാവുക.

പഴയ മാതൃകയിൽ നോക്കുമ്പോൾ, ഇത്തരം ‘ലീഡർലെസ് സ്ട്രഗ്ൾസ്' എങ്ങനെ വിജയിക്കും എന്ന് സംശയം തോന്നാം. യഥാർഥത്തിൽ, ഇത് ലീഡറെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പത്തിൽനിന്നുള്ള മാറ്റമാണ്. ചമ്പാരനിൽ എത്രയോ കാലം കർഷകർ ഒരു നേതാവില്ലാതെ മുന്നോട്ടുപോകാനാകാതെ ഗതിമുട്ടിനിന്നു. പഴയ ദേശീയ രാഷ്ട്രീയത്തിൽ ഒരു നേതാവ് ആവശ്യമായിരുന്നു. ഇന്നത്തെ ആഗോള മൂലധന സാമ്രാജ്യത്തിനെതിരായ സമരത്തിൽ , പുതിയ വർഗധ്രുവീകരണത്തിൽ അങ്ങനെയൊരു നേതൃബിംബത്തിന്റെ ആവശ്യമില്ല, പകരം വേണ്ടത്, ഫംഗ്ഷണലായിട്ടുള്ള, ഒരു ഉപകരണം പോലെയുള്ള നേതൃത്വ ധർമമാണ്.

യൂറോപ്പിലും അമേരിക്കയിലും പല വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും 2011മുതൽ ജനങ്ങൾ സകുടുംബം കൂട്ടമായെത്തി പൊതുസ്ഥലത്ത് തമ്പടിക്കുന്ന കുടിപാർപ്പു സമരങ്ങളുടെ (Occupy Struggles) രൂപത്തിൽ ഈ പുതിയ വർഗസമരം നാം കണ്ടതാണ്. ആരാണ് ഇതിനുപിന്നിൽ, എന്താണ് ഇതിന്റെ സ്ട്രാറ്റജി എന്ന് ആർക്കും പിടികൊടുക്കാത്ത തരത്തിൽ കൂട്ടമായാണ് അവർ സ്വാതന്ത്ര്യസമരരംഗത്തേക്കുവന്നത്. ടുണീഷ്യയിൽ, ഏതാനും ദിവസങ്ങൾ കൊണ്ടാണ് സ്വേച്ഛാധിപതിയായ ബെൻ അലിയെ ജനസഞ്ചയം താഴെയിറക്കിയത്. 28 ദിവസം കൊണ്ടാണ് മൈതാനത്ത് തമ്പടിച്ച ജനസഞ്ചയം ഈജിപ്തിൽ ഹുസ്നി മുബാറക്കിനെ താഴെയിറക്കിയത്. ഡൽഹിയിലും അതാണ് കാണുന്നത്. പുതിയ വർഗധ്രുവീകരണത്തിന്റെ ഫലമാണിത്. ഈ പുതിയ വർഗ്ഗത്തിന്റെ, ജനസഞ്ചയത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗമായിട്ടാണ് നാം ഇതിനെ കാണേണ്ടത്. അതുകൊണ്ടാണ്, കീഴടക്കപ്പെട്ട കീഴാള വിഭാഗങ്ങളുടെയെല്ലാം പിന്തുണ കർഷക സമരത്തിന് ലഭിച്ചത്. അത് ഭരണവർഗങ്ങൾ തിരിച്ചറിഞ്ഞു. അല്ലാതെ അവർ ഇത്ര പെട്ടെന്ന് കീഴടങ്ങുകയില്ലായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അവർ ഭയപ്പെടുന്നു എന്നതിനർഥം, ഇന്ത്യൻ ജനതയെ അവർ ഭയപ്പെടുന്നു എന്നാണർഥം. ബഹുഭൂരിപക്ഷം വരുന്ന അടിച്ചമർത്തപ്പെടുന്നവർ ഈ പുതിയ വർഗധ്രുവീകരണത്തിന്റെ ഭാഗമാകുകയാണ്, അതിന്റെ പ്രതിഫലനമാണ് കർഷക സമരത്തിൽ കാണുന്നത്.

യൂറോപ്പിലും അമേരിക്കയിലും പല വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും 2011മുതൽ ജനങ്ങൾ സകുടുംബം കൂട്ടമായെത്തി പൊതുസ്ഥലത്ത് തമ്പടിക്കുന്ന കുടിപാർപ്പു സമരങ്ങളുടെ (Occupy Struggles) രൂപത്തിൽ പുതിയ വർഗസമരം നാം കണ്ടതാണ്. ഡൽഹിയിലും അതാണ് കാണുന്നത്. പുതിയ വർഗധ്രുവീകരണത്തിന്റെ ഫലമാണിത്. / Photo: Wikimedia Commons
യൂറോപ്പിലും അമേരിക്കയിലും പല വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും 2011മുതൽ ജനങ്ങൾ സകുടുംബം കൂട്ടമായെത്തി പൊതുസ്ഥലത്ത് തമ്പടിക്കുന്ന കുടിപാർപ്പു സമരങ്ങളുടെ (Occupy Struggles) രൂപത്തിൽ പുതിയ വർഗസമരം നാം കണ്ടതാണ്. ഡൽഹിയിലും അതാണ് കാണുന്നത്. പുതിയ വർഗധ്രുവീകരണത്തിന്റെ ഫലമാണിത്. / Photo: Wikimedia Commons

ഏഴു പതിറ്റാണ്ടിനിടെ, ലക്ഷക്കണക്കിന് കർഷകരാണ്​ ആത്മഹത്യ ചെയ്തത്​. അവർ തൊഴിലിനുവേണ്ടി അലഞ്ഞുഴന്ന്​ ചേരികളിലേക്ക് കുടിയേറുന്നു. ഇത്രയും കാലവും വലിയ ദുരിതങ്ങളാണ് ഈ വിഭാഗങ്ങൾ അനുഭവിച്ചുവന്നത്. അവരുടെ ആത്മഹത്യകൾ ഒരു കലഹമായിരുന്നുവെങ്കിൽ, ആ കലഹം ഒരു വലിയ സമരശക്തിയായി, പ്രതിഷേധമായി ഉയരുകയാണിന്ന്. ഇങ്ങനെയൊരു പരിവർത്തനം വർഗധ്രുവീകരണത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുന്നു. അതിന്റെ വിജയവുമാണ് കർഷക സമരത്തിലൂടെ കാണുന്നത്.
കർഷക സമരത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. കാരണം, പരമ്പരാഗത രാഷ്ട്രീയക്കാർ എന്നു പറയുന്ന വിഭാഗം യഥാർഥത്തിൽ ഭരണകൂടത്തിനും ജനങ്ങൾക്കും ഇടയിൽ നിൽക്കുന്ന ഇടനിലക്കാരാണ്. രാഷ്ട്രീയക്കാരെ മാറ്റിനിർത്തിക്കൊണ്ടുള്ള ഇത്തരം സമരങ്ങളുടെ വിജയത്തെ മേലാളവർഗങ്ങൾ മാത്രമല്ല ഭയപ്പെടേണ്ടത്, രാഷ്ട്രീയവർഗങ്ങളും ഭയപ്പെടേണ്ടിയിരിക്കുന്നു. കാരണം, അവർ ഇത്രയും കാലം എന്താണ് തങ്ങൾക്കുവേണ്ടി ചെയ്തത് എന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സന്ദർഭത്തിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നുവരാം.
ഇവ അരാജക സമരങ്ങളല്ലേ? രാഷ്ട്രീയ നേതൃത്വമില്ലാത്ത സമരങ്ങൾ എത്ര മുന്നോട്ടുപോകും? തുടങ്ങിയ ചോദ്യങ്ങൾ. ഭരണകൂടത്തിന്റെ അനിവാര്യതയിൽ വിശ്വസിക്കുന്ന പഴഞ്ചൻ രാഷ്ട്രീയ സിദ്ധാന്തങ്ങളാണ് ഈ ചോദ്യങ്ങൾക്കു പിന്നിൽ. ഭരണകൂടം ഇല്ലെങ്കിൽ ജീവിതമില്ല എന്നു പറയുന്നതു പോലെയാണിത്, യഥാർഥ രാഷ്ട്രീയശക്തി ഭരണകൂടങ്ങളിലല്ല, ജനങ്ങളിലാണ്. യഥാർഥ രാഷ്ട്രീശക്തി മുകളിൽനിന്ന് താഴേക്കുള്ളതല്ല. ഭരണകൂടത്തിൽനിന്ന് ജനങ്ങളിലേക്ക് പ്രവർത്തിക്കുന്നതല്ല. മറിച്ച്, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ് ആ ശക്തി രൂപപ്പെടുന്നത്. ലംബമാനമായ, മുകളിൽനിന്നുള്ള അധികാര ബന്ധം മാറി, തിരശ്ചീനമായ സമത്വത്തിന്റെ ബന്ധത്തിലേക്കാണ് ഈ രാഷ്ട്രീയഘടന മാറിവന്നിരിക്കുന്നത്.

പഴയ മാതൃകയിൽ നോക്കുമ്പോൾ, ഇത്തരം ‘ലീഡർലെസ് സ്ട്രഗ്ൾസ്' എങ്ങനെ വിജയിക്കും എന്ന് സംശയം തോന്നാം. യഥാർഥത്തിൽ, ഇത് ലീഡറെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പത്തിൽനിന്നുള്ള മാറ്റമാണ്. ചമ്പാരനിൽ എത്രയോ കാലം കർഷകർ ഒരു നേതാവില്ലാതെ മുന്നോട്ടുപോകാനാകാതെ ഗതിമുട്ടിനിന്നു. പഴയ ദേശീയ രാഷ്ട്രീയത്തിൽ ഒരു നേതാവ് ആവശ്യമായിരുന്നു. ഇന്നത്തെ ആഗോള മൂലധന സാമ്രാജ്യത്തിനെതിരായ സമരത്തിൽ , പുതിയ വർഗധ്രുവീകരണത്തിൽ അങ്ങനെയൊരു നേതൃബിംബത്തിന്റെ ആവശ്യമില്ല, പകരം വേണ്ടത്, ഫംഗ്ഷണലായിട്ടുള്ള, ഒരു ഉപകരണം പോലെയുള്ള നേതൃത്വ ധർമമാണ്. പുതിയ ജനസഞ്ചയ ജനാധിപത്യ സമരങ്ങളിൽ നേതൃത്വം ഒരധികാരമല്ലാതാവുകയും പകരം ഒരു സമരോപകാരണമായി മാറുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ്, ഇത്തരം സമരങ്ങളിൽനിന്ന് രാഷ്ട്രീയപാർട്ടികൾക്കൊക്കെ മാറിനിൽക്കേണ്ടിവരുന്നത്. കാരണം, ഈ രാഷ്ട്രീയത്തിന്റെ ധർമം നിർവഹിക്കാൻ, ഈ രാഷ്ട്രീയം ഉൾക്കൊള്ളാൻ പരമ്പരാഗത രാഷ്ട്രീയത്തിന് കഴിയാതെ വരുന്നു. പുതിയ സമരങ്ങളിൽ നേതൃത്വത്തെ ജനങ്ങൾ താഴെ നിന്ന് സൃഷ്ടിക്കുകയാണ്. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരാണ്, നയിക്കപ്പെടേണ്ടവരാണ് എന്ന പഴയ സങ്കൽപ്പം മാറിയിരിക്കുന്നു. ഇന്ന് ജനങ്ങൾ സ്വയം ഭരിക്കാൻ മാത്രം രാഷ്ട്രീയ പ്രബുദ്ധത ആർജിച്ചിരിക്കുന്നു. ഈ മാറ്റം പഴയ രാഷ്ട്രീയത്തെ മാറ്റി മറിച്ചിരിക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഒന്നാമത്, പഴയ ലിബറൽ രാഷ്ട്രീയത്തിന്റെ പ്രതിനിധാന സങ്കൽപമുണ്ടല്ലോ, അതായത്, നമ്മൾ അയ്യഞ്ചുവർഷം കൂടുമ്പോൾ വോട്ടുചെയ്ത് നമ്മുടെ പ്രതിനിധികളെ നമ്മെ ഭരിക്കാൻ പാർലമെന്റിലെത്തിക്കുന്നു, അവർ ഭരണം തുടരുന്നു. നമ്മൾ പഴയപടി വീടുകളിലേക്ക് പോകുന്നു. അങ്ങനെ ജനങ്ങൾക്ക് ഭരണത്തിൽ ജനങ്ങൾക്ക് യാതൊരു പങ്കുമില്ലാതാവുന്നു. ഇതാണ് ലിബറൽ ജനാധിപത്യത്തിന്റെ ഒരു മൗലിക പ്രതിസന്ധി. (‘ക്രൈസിസ് ഓഫ് റെപ്രസന്റേഷൻ'). ലിബറൽ ജനാധിപത്യം വിഭാവനം ചെയ്ത റൂസോ തന്നെ ആദ്യകാലത്ത് പറഞ്ഞിട്ടുള്ളതാണിത്. അതുകൊണ്ടാണ്, ‘ജനറൽ വിൽ' എന്നൊരു സങ്കൽപം റൂസോ കൊണ്ടുവന്നത്. ഭരണകൂട പരമാധികാരം എന്ന സങ്കൽപത്തെ ഭദ്രമാക്കി നിലനിർത്താനാണ് പ്രാതിനിധ്യം വരുന്നത്. ജനങ്ങൾക്ക് അതിൽ പങ്കില്ല. അതിനെയാണ്, ദലേസിനെപ്പോലുള്ള തത്വചിന്തകർ, വിയുക്ത സംയോഗം (Disjunctive synthesis ) എന്നു പറയുന്നത്. ജനങ്ങളും ഭരണകൂടവും തമ്മിൽ ഒരു ബന്ധരാഹിത്യം വരുന്നു. ഈ ബന്ധരാഹിത്യമുള്ളപ്പോൾ തന്നെ ജനാധിപത്യം ജനങ്ങളുടെ ഭരണമാണ് എന്നും പറയും. ഇത്, യഥാർഥത്തിൽ ലിബറൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും അതിന്റെ കാപട്യവുമാണ്.
ഡൽഹിയിൽ നടന്ന കർഷക സമരം ഈ പ്രതിസന്ധിയെ മറികടക്കുന്നത് നോക്കുക. പാർലമെൻറിൽ ഭൂരിപക്ഷത്തോടെ പാസാക്കിയ നിയമങ്ങളെയാണ്, കർഷക സമൂഹം നഗരം വളഞ്ഞ് സമരം ചെയ്ത് പിൻവലിപ്പിച്ചിരിക്കുന്നത്. ജനം പഴയ ലിബറൽ രാഷ്ട്രീയത്തിന്റെ പ്രതിനിധാനത്തെ കൈവെടിഞ്ഞ് സ്വയം പ്രതിനിധാനം ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതിലൂടെ ജനാധിപത്യത്തിന് പുതിയൊരു മാനം കൈവരികയാണ് ചെയ്യുന്നത്.
സോവിയറ്റ് മാർക്സിസത്തിന്റെ രാഷ്ട്രീയ സങ്കൽപമനുസരിച്ച് നോക്കിയാൽ, കർഷകരും മറ്റും ഒരു പിന്നണി വർഗമാണ്. വർഗബോധമുള്ള തൊഴിലാളിവർഗത്താൽ നയിക്കപ്പെടേണ്ട വർഗ്ഗബോധമില്ലാത്ത ഒരു വിഭാഗമാണ് കർഷകർ. അവരെ യഥാർഥത്തിൽ വിപ്ലവശക്തികൾ നയിക്കുകയാണ്‌ ചെയ്യേണ്ടത്. കർഷകർ മാത്രമല്ല, ആദിവാസികളും ദലിതരും പിന്നാക്കക്കാരുമെല്ലാം നയിക്കപ്പെടേണ്ടവരാണ്. പഴയ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വർഗസമരത്തിന്റേതായ തന്ത്രം ഇതാണ്. നേതൃത്വ ഘടകങ്ങളിൽ മാത്രമാണ് ഈ തന്ത്രം നിലനിൽക്കുന്നത്. ഈ സ്ട്രാറ്റജി, ആ വിപ്ലവരാഷ്ട്രീയം ജനങ്ങളിലൂടെ നടപ്പാക്കാനാണ് പാർട്ടികൾ ശ്രമിക്കുന്നത്. അതിനുവേണ്ടി പല അടവുകളും (Tactics) കൈക്കൊള്ളുകയാണ് ചെയ്യുന്നത്. സ്ട്രാറ്റജി പാർട്ടികളുടെ നേതൃത്വം സൂക്ഷിക്കുന്ന ഒരു പദ്ധതിയാണ്. അത് ജനങ്ങളിലേക്ക് പ്രായോഗിക്കാനുള്ള മാർഗങ്ങളാണ് അടവുകൾ. എന്നാൽ പുതിയ വർഗധ്രുവീകരണം പാർട്ടികളെ മാറ്റിനിർത്തുന്നതോടൊപ്പം സ്ട്രാറ്റജി ജനങ്ങൾ ഏറ്റെടുക്കുകയും ചെയുന്നു. അപ്പോൾ സ്ട്രാറ്റജിയും ടാക്റ്റിസും തമ്മിലുള്ള പഴയ മേൽകീഴ് ബന്ധം തലതിരിയുന്നു. വിപ്ലവത്തിന്റെ, സമരത്തിന്റെ സ്ട്രാറ്റജി നേതൃത്വത്തിൽനിന്ന് ജനം ഏറ്റെടുക്കുകയാണ്. നേതൃത്വത്തെ ജനങ്ങൾ ടാക്ടിക്കലായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. പണ്ട് പാർട്ടി നേതാക്കന്മാരുടെ കൈയിലായിരുന്നു സ്ട്രാറ്റജി, ജനങ്ങളെ ടാക്റ്റിസിന്റെ ഇരകളാക്കുകയായിരുന്നു. പുതിയ വർഗധ്രുവീകരണത്തിലും പുതിയ ജനസഞ്ചയരാഷ്ട്രീയത്തിലും സംഭവിക്കുന്നത് നേരെ മറിച്ചാണ് എന്നർഥം.

രാഷ്​ട്രീയ മൈത്രിയുടെ വാതിൽ

ഇതെല്ലാം ഒരു സങ്കൽപ്പത്തിൽനിന്ന് പറയുന്നതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്ത് നടന്നുവരുന്ന സമരങ്ങളിലെല്ലാം ഇത് കാണാൻ കഴിയും. അതിന്റെ ഒരു ഉയർന്ന രൂപം കർഷക സമരത്തിലും കാണാം. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ഷഹീൻബാഗ് മാതൃകയിൽ നടന്ന നിരവധി ജനകീയ സമരങ്ങളിലെല്ലാം പരമ്പരാഗത പാർട്ടികളെ മാറ്റി നിർത്തുന്ന പുതിയ വർഗ്ഗ ശക്തികളുടെ ഈ പ്രവർത്തന രീതി കാണാം. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഘടനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റത്തിന്റെ പ്രത്യാഘാതം പഴയ രാഷ്ട്രീയപാർട്ടികൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. അവരുടെ രാഷ്ട്രീയ ധാരണകൾക്ക് പുറത്താണത്. ഇപ്പോൾ ഭരിക്കുന്നവർക്കുപോലും അത് സങ്കൽപ്പിക്കാൻ കഴിയില്ല. അത്ര ദൂരവ്യാപകമാണ് അതിന്റെ ഫലങ്ങൾ.

ഇങ്ങനെ, ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, ഈ കർഷക സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി തീരുന്നത് അത് ഫലത്തിൽ നരേന്ദ്രമോദിയും കൂട്ടരും പ്രയോഗിക്കുന്ന മത രാഷ്ട്രീയത്തിന്റെ നെറുകയിൽ പതിച്ച മാരകമായ ഒരു പ്രഹരം എന്ന നിലക്കാണ്. മത -ജാതി വിഭാഗീയതകൾക്കതീതമായി ഈ സമരം ജനങ്ങൾക്ക് ‘രാഷ്ട്രീയ മൈത്രി' യുടെ ഒരു പുതിയ വാതിൽ തുറക്കുകയാണ് ചെയ്യുന്നത്. ആഗോള മൂലധന സാമ്രാജ്യത്തിന്റെ ശക്തികൾ ലോകമെങ്ങും ജനസഞ്ചയങ്ങൾ നയിച്ച കുടിപാർപ്പു സമരങ്ങളെ പരാജയപ്പെടുത്തിപ്പോന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന മത- വംശീയ യാഥാസ്ഥിതിക ശക്തികളെ ഭരണത്തിലേറ്റിക്കൊണ്ടാണ്. എന്നാൽ ഇന്ത്യൻ കർഷകർ ഭരണകേന്ദ്രം ഉപരോധിച്ച്​ നടത്തിയ ദീർഘമായ കുടിപാർപ്പു സമരമാകട്ടെ ആ യാഥാസ്ഥിതിക ശക്തികളെ ത്തന്നെ മുട്ടുകുത്തിച്ചിരിക്കുന്നു. അങ്ങനെ ഇന്ത്യൻ കർഷകരുടെ ഈ സമര വിജയം ലോക കീഴാള വർഗങ്ങളുടെ പുതിയ സമര ചരിത്രത്തിൽ ഒരു പുതിയ വഴി തുറന്നിരിക്കുന്നു. അതിനാൽ ആഗോള മൂലധന സാമ്രാജ്യത്തിനും അതിന്റെ സാമന്തന്മാർക്കുമെതിരെ പൊരുതുന്ന ലോകജനതയുടെ സമരങ്ങൾക്ക് ഒരു പുതിയ പാഠവും മാതൃകയുമായി തീർന്നിരിക്കുകയാണ് ഇന്ത്യൻ കർഷകരുടെ ഈ സമര വിജയം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments