കേന്ദ്രസർക്കാരിന്റെ കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന ദേശീയസമരത്തിൻറെ ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ / ഫോട്ടോകൾ : അയാൻ മൃണാൾ

വ്യക്തികളല്ല, വർഗം തന്നെയാണ്​ നേതാവ്​

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ്, സമരത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും കുറിച്ച് സമരഭൂമിയിൽനിന്ന് സംസാരിക്കുന്നു

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കർഷക സമരത്തിന് ഇതിനേക്കാൾ ഊർജ്ജത്തോടെ, കൂടുതൽ കാലം മുന്നോട്ടുപോകാൻ കഴിയും. കാരണം, ഈ സമരം കർഷകരുടെയും തൊഴിലാളികളുടെയും വർഗപരമായ ഐക്യം അടിവരയിടുന്ന ഒന്നാണ്. ചില ഇഷ്യുകളുടെ അടിസ്ഥാനമുള്ളതുകൊണ്ടാണ് ഇത്തരമൊരു ഐക്യം സാധ്യമായത്. ഇത് ഏതെങ്കിലും പാർട്ടി നടത്തുന്ന പ്രോഗ്രാമല്ല. എങ്ങനെയാണ് ഇത്ര ശക്തമായ സമരത്തിലേക്ക് കർഷകരെ സംയോജിപ്പിക്കാൻ കഴിഞ്ഞത് എന്ന് പലരും ചോദിക്കുന്നുണ്ട്.

കിസാൻ സഭ നേതാക്കളായ ഹനൻ മൊല്ല, അശോക് ധവാളെ എന്നിവർക്കൊപ്പം കൃഷ്ണപ്രസാദ് ദില്ലി-ഹരിയാന അതിർത്തിയായ സിൻഘുവിൽ / ഫോട്ടോ : കിസാൻസഭാ ഫേസ്ബുക്ക് പേജ്
കിസാൻ സഭ നേതാക്കളായ ഹനൻ മൊല്ല, അശോക് ധവാളെ എന്നിവർക്കൊപ്പം കൃഷ്ണപ്രസാദ് ദില്ലി-ഹരിയാന അതിർത്തിയായ സിൻഘുവിൽ / ഫോട്ടോ : കിസാൻസഭാ ഫേസ്ബുക്ക് പേജ്

കോർപറേറ്റുകൾക്കെതിരായ നിലപാട് രൂപപ്പെടുത്തിയതിലൂടെ എന്നാണ് ഉത്തരം. ഇതിൽ പ്രധാന പങ്കുവഹിച്ചത് പഞ്ചാബിലെ ഇടതുപക്ഷ കർഷക സംഘടനകളാണ്. ബി.കെ.യു ഉഗ്രഹാൻ, ബി.കെ.യു ഡാകോണ്ട തുടങ്ങി ഒരുപാട് സംഘടനകൾ പരമ്പരാഗത കർഷക സംഘടനകളേക്കാളും ശക്തമായ പ്രവർത്തനങ്ങളുമായി സംഘടിതമായി മുന്നോട്ടുവന്നു. ഈ കർഷക സംഘടനകൾക്ക് കിസാൻ സഭയുടെ പൊളിറ്റിക്കൽ അഫിലിയേഷൻ കൂടി ലഭിക്കുകയും ചെയ്തു.

ആ റാലി വലിയ കാൽവെപ്പായിരുന്നു

2018 സെപ്റ്റംബർ അഞ്ചിന് അഖിലേന്ത്യാടിസ്ഥാനത്തിൽ ഡൽഹിയിൽ കിസാൻ സഭയുടെയും സി.ഐ.ടി.യുവിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിലാളി- കർഷക റാലി ഈ ദിശയിലെ വലിയ കാൽവെപ്പായിരുന്നു. അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. ഞങ്ങളുടെ കണക്കനുസരിച്ച് രണ്ടുലക്ഷം ആളുകൾ പങ്കെടുത്തിട്ടുണ്ട്. അതിനുശേഷം തൊഴിലാളി- കർഷക ഐക്യം, കോർപ്പറേറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്നീ ആശയങ്ങൾ ജനങ്ങൾ കൂടുതൽ സ്വീകരിച്ചുതുടങ്ങി. അതിന്റെ ഭാഗമായി, നേരത്തെ ഇടതുപക്ഷത്തിനുണ്ടായിരുന്ന ഒരു ഒറ്റപ്പെടൽ, പ്രത്യേകിച്ച് സി.പി.എം (എം.എൽ) ഗ്രൂപ്പുകൾക്ക്, മാറുകയും ഇടതുപക്ഷം സ്വീകരിക്കപ്പെടേണ്ട ഒരു പക്ഷമാണെന്നും ഇടതുപക്ഷ ഐക്യം നിർണായകമായ ഒന്നാണെന്നും അതിലൂടെ മാത്രമേ കോർപറേറ്റുകൾക്കെതിരായ വിശാലമുന്നണി രൂപപ്പെടൂ എന്നുമുള്ള ബോധം പ്രബലമായി, അത് വളരെ പ്രധാനമാണ്.

തൊഴിലാളി യൂണിയന്റെ പിന്തുണയോടെ നവംബർ 26ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായിട്ടാണ് അന്നുതന്നെ ഡൽഹിയിലേക്ക് മാർച്ചുചെയ്യാൻ കർഷകർക്ക് കഴിഞ്ഞത്. ആ അഖിലേന്ത്യ പണിമുടക്ക് ഇല്ലായിരുന്നെങ്കിൽ പഞ്ചാബ് കേന്ദ്രീകരിച്ച സമരമാകുമായിരുന്നു ഇത്.

ഇടതുപക്ഷത്തിന് ലഭിച്ച ആ ഒരു രാഷ്ട്രീയ മേൽക്കൈ പിന്നീട് തൊഴിലാളി- കർഷക ഐക്യം എന്ന കാഴ്ചപ്പാടിലേക്ക് കൂടുതൽ വികസിപ്പിക്കാൻ കഴിഞ്ഞു. സി.പി.എമ്മിന്റെ 1964 ലെ പരിപാടി തന്നെ അതാണ്. അതിൽ പറയുന്നത്, തൊഴിലാളി- കർഷക ഐക്യവും ജനകീയ ജനാധിപത്യ ഐക്യവുമാണ്. തൊഴിലാളി- കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ വൻകിട മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ, വിശാലമുന്നണിയെന്ന കാഴ്ചപ്പാട്- 1964 ലെ പാർട്ടി പരിപാടിയിൽ പറയുന്ന ഈ ആശയമാണ്, സമരതന്ത്രമാണ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്.

2018 ൽ ഡൽഹിയിൽ കിസാൻ സഭയുടെയും സി.ഐ.ടി.യുവിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിലാളി- കർഷക റാലിയിൽ നിന്ന് / ഫോട്ടോ : കിസാൻ സഭ
2018 ൽ ഡൽഹിയിൽ കിസാൻ സഭയുടെയും സി.ഐ.ടി.യുവിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിലാളി- കർഷക റാലിയിൽ നിന്ന് / ഫോട്ടോ : കിസാൻ സഭ

ചെറുത്തുതോൽപ്പിക്കാൻ മൂന്ന് കർഷക നിയമങ്ങൾ മാത്രമല്ല, നാല് ലേബർ കോഡുമുണ്ട് എന്നുകൂടി ഓർക്കുക.
തൊഴിലാളി യൂണിയന്റെ പിന്തുണയോടെ നവംബർ 26ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായിട്ടാണ് അന്നുതന്നെ ഡൽഹിയിലേക്ക് മാർച്ചുചെയ്യാൻ കർഷകർക്ക് കഴിഞ്ഞത്. ആ അഖിലേന്ത്യ പണിമുടക്ക് ഇല്ലായിരുന്നെങ്കിൽ പഞ്ചാബ് കേന്ദ്രീകരിച്ച സമരമാകുമായിരുന്നു ഇത്. ഇപ്പോൾ, ഡൽഹിയിലുള്ള കർഷകർ വണ്ടിയുമായി തിരിച്ചുപോകുകയാണ്, പകരം വേറെയാളുകൾ വരികയാണ്. അവർ അഞ്ചാറുമാസം ഇവിടെ കൂടുമെന്നാണ് തോന്നുന്നത്.

കൃഷിക്കാരല്ലേ നമ്മുടെ നേതാക്കൾ !

ജനങ്ങളുടെ നേതൃത്വം തന്നെ കർഷകരും തൊഴിലാളികളുമായി മാറിയിരിക്കുകയാണ്. ഒരു സമരം പ്രഖ്യാപിക്കുക, അവിടെ സീതാറാം യെച്ചൂരി വന്ന് സംസാരിക്കുക- അങ്ങനെയല്ല ഇത്തരമൊരു സമരം നടത്തേണ്ടത്. അതായത്, സീതാറാം യെച്ചൂരി, ഡി. രാജ, ദീപാങ്കുർ ഭട്ടാചാര്യ തുടങ്ങിയവരെപ്പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളല്ല സമരം നടത്തേണ്ടത്, സമരം നടത്തേണ്ടത് യഥാർത്ഥ കൃഷിക്കാരും തൊഴിലാളികളുമാണ്. അവരല്ലേ നേതാക്കൾ. സീതാറാം യെച്ചൂരി ഒരു പാർട്ടിയുടെ നേതൃത്വത്തിലിരിക്കുന്ന ആളാണ്, അല്ലെങ്കിൽ ദീപാങ്കർ, രാജ. അവർക്കപ്പുറത്ത് എത്രയോ ഇടതുപക്ഷ ഗ്രൂപ്പുകളുണ്ട്. വളരെ സൂക്ഷ്മമായി രാഷ്ട്രീയ മുന്നേറ്റം നടത്തി നിലപാടെടുത്ത് ആളുകളെ ബോധവത്കരിക്കുന്നവർ. ഇവരെല്ലാം കൂടുന്നതാണ് ഇടതുപക്ഷം. ഒരു പാർട്ടിയുണ്ടാക്കുന്നതല്ലല്ലോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം. വർഗരാഷ്ട്രീയമല്ലേ അത്. ആ വർഗമല്ലേ നേതാവ്, തൊഴിലാളിയാണ് നേതാവ്.
ഡൽഹിയിലേക്കുനോക്കൂ; സാധാരണ കർഷകനും തൊഴിലാളിയും തികഞ്ഞ ബോധ്യത്തോടെ മറുപടി പറയുകയാണ്. കർഷകൻ തന്റെ മുന്നിലുള്ള മാധ്യമപ്രവർത്തകനേട് ചോദിക്കുന്നു: ""നീയാരാണ്, ഏത് ചാനലിൽ നിന്നാണ്, എന്താണ് അറിയേണ്ടത്, ഇവിടെ ഇരിക്ക്, ഞാൻ പഠിപ്പിച്ചുതരാം''.

കർഷകർ മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുകയാണ്, പ്രശ്നങ്ങൾ പറയുകയാണ്. ഇത്രയും കാലം ഇത്തരം പ്രശ്നങ്ങളെ കണ്ട ഭാവം നടിക്കാതെ നടന്നിരുന്ന പത്രക്കാരോടാണ്, നഗരത്തിലെ വലിയ സിനിമാ താരങ്ങളുടെയൊക്കെ ഷോകളിൽ പോയി, അവരെക്കുറിച്ചുള്ള പത്രക്കുറിപ്പുകൾ വലിയ വാർത്തകളാക്കി കൊടുത്തുകൊണ്ടിരുന്ന പത്രക്കാരോടാണ്, അത്തരം പരസ്യങ്ങളിലുടെ നിലനിന്നുപോകുന്ന മാധ്യമങ്ങളോടാണ് കർഷകൻ സംസാരിച്ചുതുടങ്ങുന്നത്. അതുകൊണ്ട്, ഇപ്പോൾ ദിവസങ്ങളോളം ലൈവായി ചർച്ച ചെയ്യുകയല്ലേ. അങ്ങനെ ചോദിക്കുന്ന കൃഷിക്കാർ ഉണ്ടായിവന്നു, ആ കൃഷിക്കാരല്ലേ നമ്മുടെ നേതാവ്.

പാർട്ടി ദുർബലമാണെങ്കിലും അവിടെ വർഗമുണ്ട്

മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ എങ്ങനെ ഇടതുപക്ഷത്തിന് ഇത്തരമൊരു സംഘാടനം സാധ്യമാകുന്നു എന്ന് സംശയിക്കുന്നവരോട് പറയാനുള്ളത് ഇതാണ്: ലെഫ്റ്റ് ഐഡിയോളജി പാർട്ടിയുമായി ബന്ധപ്പെട്ടുള്ളതല്ല, വർഗവുമായി ബന്ധപ്പെട്ടതാണ്. പാർട്ടി അവിടെ ദുർബലമാണെങ്കിലും അവിടെ ആ വർഗമുണ്ട്- തൊഴിലാളി വർഗം, കർഷക വർഗം. തൊഴിലാളികളെയും കർഷകരെയും അവരുടെ ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ കാണുകയാണ് വേണ്ടത്. പാർട്ടിക്കാരാണോ എന്നതല്ല വിഷയം. ആർ.എസ്.എസുകാരോ ബി.ജെ.പിയെ വോട്ടു ചെയ്ത് വിജയിപ്പിച്ചവരോ ആയിരിക്കാം, പക്ഷേ അവർക്കും ബസുമതിക്ക് 20 രൂപയേ കിട്ടുന്നുള്ളൂ. ബസുമതി നെല്ല് 20 രൂപക്ക് വിൽക്കേണ്ടി വരുന്ന കർഷകർ, തിരിച്ച് അത് അരിയായി വാങ്ങുമ്പോൾ 140 രൂപ കൊടുക്കണം. 70% യീൽഡ് കിട്ടുന്നതാണ് നെല്ല്. ഒരുകിലോ നെല്ല് അരിയാക്കിയാൽ 700 ഗ്രാം അരിയുണ്ടാവും. 20 രൂപക്ക് ഒരു കിലോ നെല്ല് വാങ്ങി അത് അരിയാക്കി ഒരു കിലോക്ക് 140 രൂപ വാങ്ങുകയാണ്. വലിയ കൊളളയാണ് കോർപറേറ്റുകൾ നടത്തുന്നത്. വയനാട്ടിലെ കാപ്പി കർഷകരുടെ സ്ഥിതി ഇതാണ്. കാപ്പി കർഷകരിൽനിന്ന് 107 രൂപക്ക് കാപ്പി വാങ്ങുന്ന നെസ്ലെ ഇന്ത്യ വിൽക്കുന്നത് 3000 രൂപക്കാണ്. രണ്ടര കിലോ കാപ്പി പരിപ്പേ ഒരു കിലോ ഇൻസ്റ്റന്റ് കാപ്പിക്ക് വേണ്ടൂ. 325 രൂപക്ക് രണ്ടര കിലോ കാപ്പി പരിപ്പ് വാങ്ങി 3000 രൂപക്ക് കാപ്പി പ്പൊടി വിൽക്കുകയാണ് നെസ്ലെ ഇന്ത്യയും ബ്രൂക്ക്ബോണ്ടും. ഇതൊന്നുമറിയാതെ നാം ആ കാപ്പി വാങ്ങി കുടിക്കുന്നു. അതിലെ 90%വും അവരുടെ കയ്യിലേക്കാണ് പോകുന്നത്. പത്തുശതമാനമേ കർഷകർക്ക് കിട്ടുന്നുള്ളൂ. അതിൽ നിന്നുവേണം കർഷക തൊഴിലാളിക്ക് കൂലി കൊടുക്കാൻ.

അതുപോലെ ബസുമതി അരി കൃഷി ചെയ്യുന്ന കർഷകർ മനസിലാക്കുന്നുണ്ട്, അവരുടെഅരി ഇന്ത്യാഗേറ്റ് എന്ന ബ്രാന്റ് വിൽക്കുന്നത് 700- 2500 രൂപ റെയ്ഞ്ചിലാണ്. 20 രൂപക്ക് നെല്ലുവാങ്ങി 2500 രൂപക്ക് അരി വിൽക്കുകയാണ് കോർപ്പറേറ്റ് കമ്പനികൾ. ഇതിനെയൊക്കെ മറച്ചുവെക്കുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാറിന്റേത്. അവരുടെ കാഴ്ചപ്പാടിൽ, ഈ കർഷകരെല്ലാം ബുദ്ധിയില്ലാത്തവരാണ്, തെറ്റിദ്ധരിക്കപ്പെട്ടവരാണ്, തെറ്റിദ്ധരിച്ചിട്ടാണ് ഇവർ പ്രതിഷേധവുമായി വരുന്നത്. ഒരു വലിയ ദുരഭിമാനത്തിന്റെ ഭാഗമായി സ്വയം വ്യക്തിയെന്ന രൂപത്തിൽ മറ്റുള്ളവരുടെ പ്രയാസം മനസിലാക്കാൻ കഴിയാത്തതുപോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്.

ഡൽഹിയിലെ സമരത്തിന്റെ ഭംഗിയെന്നു പറയുന്നത് സമാധാനമാണ്. കാരണം അവരെ തടയാൻ നിൽക്കുന്ന പൊലീസുകാർ അവരുടെ കുട്ടികളാണ്. അവർക്ക് ഭൂമികൊണ്ട് ജീവിക്കാൻ കഴിയാത്തതുകൊണ്ട് അവർ പൊലീസുകാരായി കൂലിക്ക് പണിയെടുക്കുകയാണ്. കൂലിക്ക് പണിയെടുക്കുന്ന മക്കൾ അച്ഛനെ വെടിവെക്കുമോ?. അങ്ങനെ വെടിവെച്ചാൽ തിരിച്ചുപോകുന്നവരാണോ ഈ കൃഷിക്കാരായിട്ടുള്ള അച്ഛന്മാർ?

കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുംവിധം അടിസ്ഥാന തിരുത്തലുകൾ ഈ ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കുന്നില്ല, കാരണം, ഭരണകൂടം അതിന് തയ്യാറാവില്ല. ഇപ്പോൾ നടത്തുന്നത് ഈയൊരു വിഷയത്തിനുവേണ്ടിയുള്ള സമരമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതൊരു പോളിസിക്ക് എതിരായ സമരമാണ്. ഇതേ ഇന്റൻസിറ്റി എത്രകാലം തുടരാൻ പറ്റുമെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഇതേ ഇന്റൻസിറ്റിയിൽ തുടർന്നാൽ ഈ സമരം പൊളിഞ്ഞുപോകും. ഇന്റൻസിറ്റി കൂട്ടണം. ഇതേ ഇന്റൻസിറ്റിയിൽ പോയാൽ പോരാ എന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. ഇതോടൊപ്പം, കർഷക സമരത്തിനെതിരെ ആർ.എസ്.എസ് നടത്തുന്ന കാമ്പയിനുകളെ കൂടി നേരിടേണ്ടതുണ്ട്. പഞ്ചാബിൽ മാത്രമേ സമരം നടക്കുന്നുള്ളൂ, അവിടെയാകെ രണ്ടു കോടി ആളുകളേയുള്ളൂ എന്നാണ് അവർ പറയുന്നത്. രണ്ട് കോടികളേ ഉള്ളൂ എന്നുവെക്കുക, അവരുടെ പ്രശ്‌നത്തിന് പരിഹാരം വേണ്ടേ?. 130 കോടി ജനസംഖ്യയുള്ള രാജ്യത്തെ രണ്ടു കോടി പേരുടെ പ്രശ്‌നത്തിന് പരിഹാരം വേണ്ട എന്നാണോ ആർ.എസ്.എസ് പറയുന്നത്. ആർ.എസ്.എസിന്റെ പ്രചാരണം രാജ്യദ്രോഹപരം കൂടിയാണ്. അവർ പഞ്ചാബിനെതിരെ ജനവികാരം ഇളക്കിവിടുകയാണ്, പഞ്ചാബികൾ മോദിയുടെ കോലം കത്തിക്കുന്നുവെന്നും കർഷകർ ഖാലിസ്ഥാനികളാണ് എന്നുമൊക്കെ പറഞ്ഞ്.

ഫ്യൂഡൽ കാലഘട്ടത്തിലെ ഭൂ വിതരണം കോർപറേറ്റ് കാലഘട്ടത്തിൽ കമ്പനികളിലൂടെ തിരിച്ചുവരികയാണ്. ഭൂമി കർഷകന് കൊടുക്കുക എന്നതിനു പകരം ചെറുകിട കർഷകന്റെ ഭൂമിപോലും വൻകിട കോൺട്രാക്ട് കൃഷിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.

എന്തിനാണ് അങ്ങനെയൊരു കാമ്പെയിൻ? അത് എന്തൊരു ലളിതവൽക്കരണമാണ്. ഉന്നയിച്ച പ്രശ്‌നം പരിഹരിക്കുകയല്ലേ ആദ്യം വേണ്ടത്.
80കളിലും ഇന്ത്യയിൽ കർഷക സമരങ്ങളുണ്ടായിരുന്നു. എന്നാൽ, അന്ന് സമരനേതൃത്വം ധനിക മുതലാളിത്ത കർഷകരുടെ സംഘടനകൾക്കായിരുന്നു. അങ്ങനെയുള്ളവരുടെ പ്രതിനിധിയാണ് ചരൺ സിങ്ങും ടിക്കായത്തും ശരത്ജോഷിയുമൊക്കെ. നൂറുകണക്കിന് ഏക്കർ ഭൂമിയുള്ള വൻകിട ഭൂ ഉടമകളുടെയും ധനിക കർഷകരുടെയും നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നു അവ. ഇപ്പോഴത്തെ സമരങ്ങൾ അന്നത്തേതിൽനിന്ന് വ്യത്യസ്തമാണ്. സി.പി.എമ്മും സി.പി.ഐയും നയിക്കുന്ന ഇടതുപക്ഷ സംഘടനകൾ മാത്രമല്ല, ഇവയ്ക്ക് അപ്പുറത്തുനിൽക്കുന്ന മുഖ്യധാരയിലില്ലാത്ത ഇടതുപക്ഷത്തിനുകൂടി പങ്കാളിത്തമുള്ളതാണ് ഈ പ്രക്ഷോഭം. അത്തരം സംഘടനകളെ മിലിറ്റന്റ് എന്നു പറഞ്ഞ് ഇനി അകറ്റിനിർത്താനാകില്ല. മിലിറ്റന്റ് എന്നു പറഞ്ഞാൽ എത്ര തോക്കുണ്ട്, വെടിവെക്കാൻ ധൈര്യമുണ്ടോ എന്നതൊന്നുമല്ല, എത്ര പ്രതിസന്ധിയുണ്ടായാലും മറ്റുള്ളവരുടെ കൂടെ നിൽക്കാൻ ധൈര്യമുണ്ടോയെന്നുള്ളതാണ്, അതിനുള്ള ബഹുജന പിന്തുണയുണ്ടോ എന്നുള്ളതാണ്. അതാണിപ്പോൾ ഡൽഹിയിൽ കണ്ടുകൊണ്ടിരിക്കുന്നത്.

ഡൽഹിയിൽ കർഷകർ ധൈര്യപൂർവം മുന്നോട്ടുവന്നല്ലോ. അവർ ആരെയെങ്കിലും വെടിവെച്ചോ, അവർ ഏതെങ്കിലും പൊലീസുകാരനെ കല്ലെറിഞ്ഞോ, ഒന്നുമുണ്ടായില്ലല്ലോ, എത്ര സമാധാനപരമായിട്ടാണ് സമരം. ഡൽഹിയിലെ സമരത്തിന്റെ ഭംഗിയെന്നു പറയുന്നത് സമാധാനമാണ്. കാരണം അവരെ തടയാൻ നിൽക്കുന്ന പൊലീസുകാർ അവരുടെ കുട്ടികളാണ്. അവർക്ക് ഭൂമികൊണ്ട് ജീവിക്കാൻ കഴിയാത്തതുകൊണ്ട് അവർ പൊലീസുകാരായി കൂലിക്ക് പണിയെടുക്കുകയാണ്. കൂലിക്ക് പണിയെടുക്കുന്ന മക്കൾ അച്ഛനെ വെടിവെക്കുമോ?. അങ്ങനെ വെടിവെച്ചാൽ തിരിച്ചുപോകുന്നവരാണോ ഈ കൃഷിക്കാരായിട്ടുള്ള അച്ഛന്മാർ?

എന്തുകൊണ്ട് പഞ്ചാബും ഹരിയാനയും?

സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിനകം രാജ്യത്ത് കാപ്പിറ്റലിസ്റ്റ് വികസനം പല രൂപത്തിൽ നടന്നിട്ടുണ്ട്. അത് എല്ലായിടത്തും ഒരേപോലെയല്ല നടന്നത്. ഇന്ത്യയിൽ, കാർഷികമേഖലയിൽ ഏറ്റവും കൂടുതൽ മുതലാളിത്ത വളർച്ചയുണ്ടായ സംസ്ഥാനമാണ് പഞ്ചാബും ഹരിയാനയും. അതിനുകാരണം ഹരിത വിപ്ലവമാണ്. ഈ മേഖലയിലെ പാറ്റേൺ ഓഫ് ക്രോപ്പിംഗ് എന്നു പറയുന്നത് ഭക്ഷ്യ ഉൽപന്നങ്ങൾ തന്നെയാണ്; പ്രധാനമായും നെല്ലും ഗോതമ്പും. ആറുമാസം നെല്ല്, ആറുമാസം ഗോതമ്പ്. അതിനാവശ്യമായ ഭക്ര കനാൽ ഉൾപ്പെടെയുള്ള ജലസേചന സൗകര്യം. ഉൽപ്പന്നങ്ങൾ മിനിമം താങ്ങുവിലയുടെ അടിസ്ഥാനത്തിൽ സംഭരിക്കാൻ മണ്ടി (കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള പ്രത്യേക ചന്ത) സംവിധാനം. അതിനുവേണ്ടി പ്രത്യേക എഫ്.സി.ഐ ഗോഡൗണുകൾ.

ഇന്ത്യയിൽ മിനിമം താങ്ങുവില പ്രഖ്യാപിക്കുമ്പോൾ അതനുസരിച്ച് സംഭരണം നടക്കുന്ന സംസ്ഥാനങ്ങൾ പഞ്ചാബും ഹരിയാനയും മാത്രമായിരുന്നു. 1950 രൂപയാണ് ഇപ്പോൾ നെല്ലിന്റെ താങ്ങുവില. അതുപ്രകാരം 1950 രൂപക്കുതന്നെ സംഭരിക്കുന്ന രീതിയാണ്. എന്നാൽ അത് ബിഹാറിലാകുമ്പോൾ 1200 രൂപയേ കിട്ടൂ, ഝാർഖണ്ഡിലാകുമ്പോൾ 1000- 900 രൂപയായി കുറയും. 900- 1200 രൂപവരെ കിട്ടുന്ന നെല്ലിന് 1950 രൂപ വരെ കൊടുക്കുന്നുണ്ട്. കേരളത്തിൽ ആ നെല്ലിന് 2750 രൂപ കൊടുക്കുന്നുണ്ട്. അതിനുകാരണം കേരളത്തിൽ സർക്കാർ നേരിട്ടു നടപ്പിലാക്കുന്ന സംഭരണ സംവിധാനമാണ് എന്നതാണ്. മാത്രമല്ല അഖിലേന്ത്യാടിസ്ഥാനത്തിലുള്ളതിനേക്കാൾ 900 രൂപയുടെ വ്യത്യാസം കേരളത്തിലെ കർഷകർക്ക് കിട്ടുന്നു. ഇടതുപക്ഷ നിലപാടെടുക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക്, കർഷകതാൽപര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള നടപടി കൂടിയാണിത്.

റിവേഴ്സ് ലാൻഡ് റിഫോം

പുതിയ കാർഷിക നിയമങ്ങൾ നടപ്പാകുമ്പോൾ പ്രധാനമായും മൂന്ന് പ്രത്യാഘാതങ്ങളാണുണ്ടാകുക:
ഒന്ന്, മണ്ടികൾക്ക് പുറത്ത് ഉൽപ്പന്നം വാങ്ങാനുള്ള സൗകര്യം കോർപ്പറേറ്റുകൾക്ക് ലഭ്യമാകും.
രണ്ട്, അവശ്യവസ്തു നിയമഭേദഗതി അനുസരിച്ച്, ഈ നിയമപ്രകാരം റഗുലേറ്റ് ചെയ്യപ്പെട്ടിരുന്ന ധാന്യങ്ങൾ റീ റഗുലേറ്റ് ചെയ്ത് വാങ്ങിക്കാനുള്ള അവകാശവും കമ്പനികൾക്ക് ലഭിക്കും.
മൂന്ന്, എഫ്.സി.ഐ അടക്കമുള്ള സംവിധാനങ്ങൾ താൽക്കാലികമാണെന്ന് പ്രഖ്യാപിക്കുന്നു. എഫ്.സി.ഐ സ്വകാര്യവത്കരിക്കപ്പെടും.
ഫുഡ് കോർപ്പറേഷന്റെ ഗോഡൗണുകൾ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കുന്നതോടെ സർക്കാർ മേഖലയിൽ രൂപപ്പെടുത്തിയിരിക്കുന്ന അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികളുടെ (എ.പി.എം.സി) നിയന്ത്രണത്തിലുള്ള മണ്ടികൾ ദുർബലപ്പെടും. മണ്ടികളുടെ നിയന്ത്രണം കോർപ്പറേറ്റുകളിലേക്ക് പോകും. ഇതാണ് ഈ നിയമങ്ങളിലൂടെ നിയമപരമായി കോർപറേറ്റുകൾക്ക് സർക്കാർ ദാനമായി നൽകുന്ന സൗജന്യങ്ങൾ.
മറ്റൊന്നാണ് കരാർ കൃഷി. കോർപറേറ്റുകൾക്ക് നേരിട്ടോ അവർ മുഖേന വൻകിട ഭൂപ്രമാണിമാർക്കോ ചെറുകിട കൃഷിക്കാരുടെ ഭൂമിയുൾപ്പെടെ കോർപറേറ്റ് കോൺട്രാക്ടിലേക്ക് കൊണ്ടുവരാൻ കഴിയും.
ഫ്യൂഡൽ കാലഘട്ടത്തിലെ ഭൂ വിതരണം കോർപറേറ്റ് കാലഘട്ടത്തിൽ കമ്പനികളിലൂടെ തിരിച്ചുവരികയാണ്. ഭൂമി കർഷകന് കൊടുക്കുക എന്നതിനു പകരം ചെറുകിട കർഷകന്റെ ഭൂമിപോലും വൻകിട കോൺട്രാക്ട് കൃഷിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. "റിവേഴ്സ് ലാൻഡ് റിഫോം'. ഇതിന്റെ ഭാഗമായി കർഷകർക്ക് അവരുടെ ഭൂമിയും കന്നുകാലികളെയും ഉപയോഗിക്കാനാകാതെ വരും. അവർക്ക് അത് നഷ്ടപ്പെടുകയോ വിൽക്കേണ്ടി വരികയോ ചെയ്യും. അല്ലാതെ പിടിച്ചുനിൽക്കാനാകില്ല.

അങ്ങനെ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നതുപോലെ, പ്രോലിറ്റേറിയനൈസേഷൻ ഓഫ് ദ പെസന്റ്- തൊഴിലാളിവൽകരിക്കപ്പെടുന്ന കൃഷിക്കാരൻ- എന്ന ചരിത്രപ്രക്രിയയാണ് സംഭവിക്കുക. മാനിഫെസ്റ്റോ കൃത്യമായി പറയുന്നുണ്ട്, എന്താണ് മുതലാളിത്തം കൃഷിയോട് ചെയ്യുന്നത് എന്ന്. അത് സമൂഹത്തെയാകെ രണ്ടായി പിളർക്കും. ഒരുഭാഗത്ത്, ഉൽപാദന ഉപാധികളുടെ ഉടമസ്ഥതയുള്ള ചെറു ന്യൂനപക്ഷം, മറുഭാഗത്ത് തങ്ങളുടെ അദ്ധ്വാനശേഷി വിറ്റാൽ മാത്രം ജീവിക്കാൻ കഴിയുന്ന തൊഴിലാളികളുടെ ബഹുഭൂരിപക്ഷം. അന്നന്നത്തെ കൂലി കിട്ടിയാലേ അവർക്ക് ജീവിക്കാൻ പറ്റൂ. ഇന്നത്തെ കുടിയേറ്റ തൊഴിലാളികൾ തൊഴിലാളിവൽകരിക്കപ്പെട്ട കർഷകരാണ്. അവരുടെ എണ്ണം 24 കോടിയാണ്, 130 കോടിയോളം ജനങ്ങളിൽ 24 കോടിയോളം കുടിയേറ്റ തൊഴിലാളികളായി മാറിക്കഴിഞ്ഞു. ഒരുദിവസം ഏതാണ്ട് 2680 കർഷകരാണ് ഭൂമി നഷ്ടപ്പെട്ട് രാജ്യത്ത് തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുന്നത്. അവരാണ് ഝാർഖണ്ഡിൽ നിന്നും മണിപ്പൂരിൽ നിന്നുമൊക്കെ വന്ന് നമ്മുടെ ഹോട്ടലുകളിൽ പണിയെടുക്കുന്നത്. തൊഴിലാളിവൽകരിക്കപ്പെട്ട കർഷകനെയാണ് നിങ്ങളുടെ വീടുകളിൽ വീട്ടുജോലി ചെയ്യിപ്പിക്കുന്നത്. ഇത് വലിയൊരു സാമൂഹ്യ പ്രക്രിയയാണ്. ഇത്തരം മൂർത്ത സാഹചര്യങ്ങളിൽനിന്നാണ് ഈ സമരം രൂപപ്പെട്ടുവന്നത്.

കൃഷിഭൂമി നഷ്ടപ്പെടുമെന്ന് തിരിച്ചറിയുന്ന കർഷകരുടെ എണ്ണം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് മേഖലകളിൽ ശക്തിപ്പെട്ടുവരികയാണ്. ഇതേ മെറ്റീരിയൽ കണ്ടീഷൻ കേരളത്തിലും തമിഴ്‌നാട്ടിലും ബിഹാറിലും ജാർഖണ്ഡിലും ഇല്ല. എന്തുകൊണ്ടാണ് പഞ്ചാബിലെ കൃഷിക്കാർ മാത്രം സമരം ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്: പഞ്ചാബിലെയും ഹരിയാനയിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും ഭൂഘടനയും കാർഷികോത്പാദന ബന്ധങ്ങളും സവിശേഷമായ രീതിയിലുള്ളതാണ്, അത്തരം ഉൽപാദനബന്ധമല്ല 82% വും നാണ്യവിള കൃഷി ചെയ്യുന്ന കേരളത്തിൽ.

ലോക മുതലാളിത്തം സിസ്റ്റമിക് ക്രൈസിസിൽ

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു ആഗോള പരിപ്രേക്ഷ്യം കൂടിയുണ്ട്. ലോകവ്യാപകമായി 2008 മുതൽ ലോക സാമ്പത്തിക തകർച്ചയുണ്ട്. ഇത് ഒരു സൈക്ലിക് ക്രൈസിസ് അല്ല, സിസ്റ്റമിക് ക്രൈസിസ് ആണ്. എല്ലാ പത്തുകൊല്ലം കൂടുമ്പോഴും വിപണിയിൽ ഏറ്റക്കുറച്ചിലുണ്ടാകും. മാന്ദ്യം വരും. പിന്നീട് വീണ്ടെടുക്കും. അത് ആവർത്തന പ്രക്രിയയാണ്. എന്നാൽ, ഇപ്പോൾ, 1930കളിലേതു പോലെ ഒരു സിസ്റ്റമിക് ക്രൈസിസിലേക്ക് പോകുകയാണ്. 30ലെ തകർച്ചയുണ്ടായ സമയത്ത് 1917ൽ സോവിയറ്റ് യൂണിയൻ മുതലാളിത്തം അവസാനിപ്പിച്ച് സോഷ്യലിസത്തിന്റേതായ തലത്തിലേക്ക് വരുന്നു. ലോകവ്യാപകമായി മുതലാളിത്തവും സോഷ്യലിസവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നു, അതിനെതുടർന്നുണ്ടായ മുതലാളിത്ത ക്രൈസിസിലാണ് ലോകത്താകെ സോഷ്യലിസ്റ്റ് ശക്തികൾ മുന്നേറിയത്. ആ സമയത്ത് ചൈനയിൽ വിപ്ലവകരമായ മാറ്റമുണ്ടായി, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ രൂപത്തിൽ സോഷ്യലിസ്റ്റ് മുന്നേറ്റമുണ്ടായി. 90കളായപ്പോഴേക്കും സോവിയറ്റ് യൂണിയനിൽ പ്രതിസന്ധിയുണ്ടായി, സോഷ്യലിസ്റ്റ് സിസ്റ്റം പൊളിഞ്ഞുപോയി.

1950-55 ആകുമ്പോഴേക്കും നമ്മൾ പഞ്ചവത്സര പദ്ധതികളിലൂടെ, പൊതുമേഖലയെ ആശ്രയിച്ച് സോവിയറ്റ് യൂണിയന്റെ മാതൃക സ്വീകരിച്ചുകൊണ്ടുള്ള സാമ്പത്തിക ആസൂത്രണ പദ്ധതിയാണ് നടപ്പിലാക്കിയത്. സ്റ്റേറ്റിന്റെ നേതൃത്വത്തിലുള്ള പൊതുമേഖല, അല്ലെങ്കിൽ സർക്കാർ മുതലാളിത്തം. ആ സർക്കാർ മുതലാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നുകാണുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടുവന്നത്. അതിനുദാഹരണമാണ് എൽ.ഐ.സി. 1955ൽ അഞ്ചുകോടി രൂപ മുടക്കി തുടങ്ങിയതാണ്. ഇപ്പോൾ 32 ലക്ഷം കോടിയാണ് അതിന്റെ മൊത്തം ആസ്തി. എഴുപത് വർഷമാകുമ്പോഴേക്കും ഏതാണ്ട് 2300 കോടി രൂപ അവർ നികുതി കൊടുത്തിട്ടുണ്ട്, കഴിഞ്ഞവർഷം. ഇതാണ് പൊതുമേഖല വ്യവസായത്തിന്റെ പ്രാധാന്യം.

എൺപതുകളിൽ മറ്റൊരു പ്രതിസന്ധിയുണ്ടായി. കൃഷിഭൂമി കർഷകർക്ക് കൊടുത്ത് വികസനം നടപ്പാക്കിയില്ല. അതിനെ തുടർന്ന് ഉൽപാദന ശക്തികളുടെ വളർച്ചയും ഉൽപാദനബന്ധങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിനുള്ളിൽ വൈരുധ്യം ശക്തിപ്പെട്ടു. കാർഷിക മേഖലയിലെ ഉൽപാദന ശക്തികളെ കെട്ടഴിച്ചുവിടാൻ മുതലാളിത്തം- കുത്തക മുതലാളിത്തമായതുകൊണ്ട്- തയ്യാറാവാതിരുന്നത് ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടി. ആ പ്രതിസന്ധിയിൽ നിന്നാണ് ശരത് ജോഷിയുടെയൊക്കെ മൂവ്‌മെന്റുകൾ വരുന്നത്. അത് റിസോൾവ് ചെയ്യാനാണ് 91 മുതൽ നവ ഉദാരവത്കരണ നയം കൊണ്ടുവരുന്നത്. അപ്പോഴേക്കും സോവിയറ്റ് യൂണിയൻ പൊളിഞ്ഞിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് ഒറിജിനേറ്റ് ചെയ്ത പഞ്ചവത്സര പദ്ധതികൾ ഇന്ത്യയിൽ തുടരേണ്ടതില്ല എന്ന രൂപത്തിൽ ആഗോളവത്കരണ ശക്തികളെത്തി. ഈ സമയത്തുതന്നെയാണ് നരസിംഹറാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയുമൊക്കെ നേതൃത്വത്തിൽ നീണ്ട കാലത്തേക്ക് വീണ്ടും കോൺഗ്രസ് ഭരണം ശക്തിപ്പെടുന്നത്. ശക്തിപ്പെട്ടുവന്ന 90 കളുടെ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ പൊതുമേഖലാ മേൽക്കൈയിലുള്ള സാമ്പത്തികാസൂത്രണ പദ്ധതി മാറ്റി ഉദാരവത്കരണ നയത്തിലേക്ക് മാറി.

ഉദാരവത്കരണ നയം നടപ്പിലാക്കിയിട്ട് 30 വർഷമായി. അതിനിടക്ക് പൊതുമേഖലയെ ആകെ കോർപ്പറേറ്റുകൾക്ക് വിറ്റു, വൻതോതിൽ മുതലാളിത്ത ഉൽപാദന ശക്തികളെ കെട്ടഴിച്ചുവിട്ടു. അതിന്റെ ഭാഗമായി കാർഷിക മേഖലയിലും വൻതോതിൽ വൻകിട മുതലാളിത്ത മൂലധന നിക്ഷേപമുണ്ടായി. ആ മൂലധന നിക്ഷേപത്തിന്റെ ഉടമകൾക്ക് ഭൂമിയും ഉൽപ്പന്നങ്ങളും മുഴുവൻ വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. അവർക്ക് നേരിട്ട് കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങാനും, അവരെ ചൂഷണം ചെയ്ത് വില കൊടുക്കാതെ ലാഭമുണ്ടാക്കാനുമുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്.

ആർ.എസ്.എസ് സ്വദേശി സാമ്പത്തിക നയം ഉപേക്ഷിച്ചിട്ടുണ്ടോ? അവർ ഇപ്പോൾ പറയുന്നത് ദേശീയവാദമാണോ? ആ ദേശീയത ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് ഇന്ത്യയിലെ സമ്പത്തും കൃഷിഭൂമിയും വിട്ടുകൊടുക്കാൻ വേണ്ടിയുള്ളതാണോ? ഇതിനാണ് അവർ മറുപടി പറയേണ്ടത്.

ഇപ്പോൾ വീണ്ടും സിസ്റ്റമിക് ക്രൈസിസിലേക്ക് ലോക മുതലാളിത്തം വരുന്നു. അതിന്റെ ഫലമായി കോർപ്പറേറ്റുകൾക്കുണ്ടായ പ്രതിസന്ധിയിൽ നിന്നാണ് എല്ലാം പിടിച്ചെടുക്കുകയെന്ന നയം വരുന്നത്. 2008 മുതലാരംഭിച്ച, അമേരിക്കയിലെ സാമ്പത്തിക തകർച്ചയെ തുടർന്ന് ലോകത്തിൽ രൂപപ്പെട്ട പ്രതിസന്ധി തുടരുകയാണ്. ആ സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത രാജ്യങ്ങളുടെയാകെ തകർച്ചയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും അതിന്റെ ഭാഗമാണ്, ഇവിടെയും തകർച്ച സംഭവിക്കുന്നുണ്ട്. കൂടുതൽ ആളുകൾ തൊഴിലില്ലാത്തവരായി മാറുന്നു, മറുഭാഗത്ത് അംബാനി, അദാനി തുടങ്ങിയവരുടെ ആസ്തി വർധിച്ചുവരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലാളിയായി അംബാനി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ദരിദ്രനും ഏറ്റവും വലിയ പണക്കാരനും ഇന്ത്യക്കാരാണെന്ന് അഭിമാനിക്കാം.

ഈ രൂപത്തിലേക്ക് സാമൂഹ്യ അസമത്വം വർധിക്കുകയാണ്. ഈ സാമൂഹിക അസമത്വം കാണിക്കുന്നത് മുതലാളിത്തത്തിന്റെ തകർച്ചയാണ്. എന്തുകൊണ്ടാണ് മുതലാളിത്തം നിലനിൽക്കുന്നത്, മുതലാളിത്തത്തിന് എവിടെനിന്നാണ് ലാഭം കിട്ടുന്നത്? മുതലാളിത്തത്തിന് ലാഭം കിട്ടുന്നത് തൊഴിലാളിക്ക് മിനിമം കൂലി കൊടുക്കാതിരിക്കുമ്പോഴാണ്. ആ കൂലി കുറഞ്ഞാൽ തൊഴിലാളിക്ക് നിലനിൽക്കാൻ കഴിയില്ല. അതുപോലെ കർഷകരെ സംബന്ധിച്ച്, പ്രശ്‌നം മിനിമം വിലയാണ്. നെല്ലിന് 20 രൂപക്കുപകരം മിനിമം 35 രൂപയെങ്കിലും കിട്ടണം. എങ്കിലേ അയാളുടെ കുടുംബത്തിനെ രക്ഷിക്കാൻ കഴിയൂ. കൃഷി സംരക്ഷിക്കാൻ കഴിയൂ, അത് കൊടുക്കാതിരിക്കാൻ കർഷകരെ ചൂഷണം ചെയ്യുന്നു.

ആർ.എസ്.എസ് എന്താണ് മിണ്ടാത്തത്?

ഈ മൂന്ന് കർഷക നിയമങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് ആർ.എസ്.എസ് ഒന്നും മിണ്ടാത്തത്. അവർ ഇതിനോട് യോജിക്കുന്നുണ്ടോ? അവർ സ്വദേശി സാമ്പത്തിക നയം ഉപേക്ഷിക്കുകയാണോ? മാർക്‌സ് പറഞ്ഞതുപോലെ മതത്തെ മയക്കുമരുന്നുപോലെ ഉപയോഗിച്ച് ജനങ്ങളെ അതിന്റെ മുകളിൽ മയക്കികിടത്തിയിട്ട്, പിൻവാതിലിലൂടെ അംബാനിയെയും അദാനിയെയും ആമസോണിനെയും വാൾമാൾട്ടിനെയും പോലുള്ള വൻകിട കമ്പനികളെ കൊണ്ടുവരികയല്ലേ ചെയ്യുന്നത്? ഇതിന്റെ ഭാഗമായാണ് ഇപ്പോൾ അവശ്യ വസ്തുനിയമം റീ റഗുലേറ്റ് ചെയ്തിരിക്കുന്നത്. കാർഷിക നിയമങ്ങളിലെ ഏറ്റവും അപകടകരമായ ഒന്ന് ഇതാണ്. 1955ലാണ് ഈ നിയമം വരുന്നത്, അത് 1990ൽ മാറ്റിയിട്ടില്ല. 2020 ൽ അത് മാറ്റുന്നത്, അങ്ങേയറ്റം ദേശീയത പറയുന്ന ആർ.എസ്.എസിന് നിയന്ത്രണമുള്ള ഒരു സർക്കാറാണ്.

​ഇന്ത്യയിലെ മൊത്തം സമ്പത്തിനെ വിദേശ ബഹുരാഷ്ട്ര കുത്തകകമ്പനികൾക്കും വിദേശ മൂലധനത്തിനും അടിയറവെയ്ക്കുന്ന പണി ചെയ്യുന്ന ഈ സർക്കാറിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന് എങ്ങനെയാണ് സ്വദേശി സാമ്പത്തിക നയത്തെക്കുറിച്ച് പറയാൻ കഴിയുക. ഏറ്റവും വലിയ ഡിബേറ്റ് ഇതായിരിക്കണം: ആർ.എസ്.എസ് സ്വദേശി സാമ്പത്തിക നയം ഉപേക്ഷിച്ചിട്ടുണ്ടോ? അവർ ഇപ്പോൾ പറയുന്നത് ദേശീയവാദമാണോ? ആ ദേശീയത ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് ഇന്ത്യയിലെ സമ്പത്തും കൃഷിഭൂമിയും വിട്ടുകൊടുക്കാൻ വേണ്ടിയുള്ളതാണോ? ഇതിനാണ് അവർ മറുപടി പറയേണ്ടത്.

ഇതാണ് ബദൽ

ഭൂമി കൃഷിക്കാരുടേതായില്ലേ, കേരളത്തിലെങ്കിലും. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കിയത്. ഇ.എം.എസിന്റെ സർക്കാറുണ്ടാക്കിയത് കൃഷിഭൂമി കർഷകനെന്ന മുദ്രാവാക്യം വിളിച്ച കയ്യൂരിലെയും പുന്നപ്രയിലെയും വയലാറിലെയും കാവുമ്പായിയിലെയും കരിവെള്ളൂരിലെയും സഖാക്കളാണ്. പുതിയ കാലഘട്ടമാണിത്, പുതിയ മുദ്രാവാക്യം വരണം. കാർഷിക വ്യവസായങ്ങളാണ് 20 രൂപക്ക് നെല്ല് വാങ്ങി അരിയാക്കി 140 രൂപക്ക് വിൽക്കാൻ മുതലാളിയെ പ്രാപ്തമാക്കുന്നത്. ആ വ്യവസായം കർഷകരുടെയും തൊഴിലാളി വർഗങ്ങളുടെയും ആകണം. കൃഷിഭൂമി കർഷകരുടേതായതുപോലെ കാർഷിക വ്യവസായങ്ങളും വിപണിയും തൊഴിലാളികളുടെയും കർഷകരുടേതുമാക്കി മാറ്റാൻ കഴിയണം. അങ്ങനെ മാറ്റിയാൽ ജന്മിയില്ലാതെ കൃഷി നടത്തുന്നതുപോലെ അനിൽ അംബാനിയും ഗൗതം അദാനിയുമില്ലാതെ കാർഷിക വ്യവസായം നമുക്ക് നടത്താൻ കഴിയും. കോർപറേറ്റുകൾക്ക് പകരം കോർപറേറ്റീവുകളുടെ നേതൃത്വത്തിലേക്കുള്ള മാറ്റം. ആ രൂപത്തിലുള്ള സാമൂഹ്യ സഹകരണ കൃഷിയിലേക്കുള്ള മാറ്റം. ബ്യൂറോക്രസിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുവെക്കുന്ന സഹകരണസംവിധാനമല്ല, യഥാർത്ഥ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള സഹകരണ സംവിധാനം വേണം. ▮


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments