Photo: Kisan Ekta Morcha, Facebook page

കർഷകർ രൂപപ്പെടുത്തിയത് പുതിയൊരു
‘സ്ട്രഗ്ൾ ഇക്കോസിസ്റ്റം' കൂടിയാണ്

ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുരുതരമാണ്. തൊലിപ്പുറ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒന്നല്ല അത്. രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി മാത്രമായി പാർലമെൻറ്​ പ്രത്യേക സമ്മേളനം ചേരേണ്ടതുണ്ടെന്ന് കർഷകർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്- കർഷക സമരം അവശേഷിപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച്​

കാർഷിക നിയമ ഭേഗഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവന്ന സമരങ്ങൾ പുത്തൻ ജൈവരാഷ്ട്രീയമായി മുളച്ചുപൊന്തുന്നത് ഇന്ത്യൻ ജനത അത്ഭുതത്തോടെയാണ് വീക്ഷിച്ചുപോന്നത്. സാമ്പ്രദായിക പ്രക്ഷോഭ രീതികളെ മാറ്റിനിർത്തി, സമരമുഖത്ത് ജീവിതം ജീവിച്ചുതീർക്കുകയാണ് കർഷകർ ചെയ്തത്. ജീവിതവും മരണവും സമരമുഖത്തെ സാമാന്യ സംഭവങ്ങളായി മാറി. എല്ലാ അസമത്വങ്ങളെയും അതിലംഘിച്ച്​, അസാമാന്യ ധീരതയോടെയും സഹനത്തോടെയും ഒരു വർഷക്കാലം തുടർച്ചയായി അവർ സമരം ചെയ്തു. ജനാധിപത്യത്തിന്റെ അടഞ്ഞുപോയ നീരുറവകളെ, കർഷകർക്ക് മാത്രം സാധ്യമായ ക്ഷമയോടെ, അവർ തട്ടിയുണർത്തി. തോറ്റുപോയ സമരക്കാർക്ക് ആശ്വാസവും, ഇപ്പോഴും സമരമുഖത്ത് അണിചേർന്നുനിൽക്കുന്ന അനേകലക്ഷം പേർക്ക് ആത്മവിശ്വാസവും, ഭാവി സമരങ്ങൾക്ക് ദിശാബോധവും പകർന്നുനൽകാൻ കർഷക പ്രക്ഷോഭത്തിന് സാധിച്ചുവെന്നത് തർക്കമില്ലാത്ത സംഗതിയാണ്.

എല്ലാ ജനാധിപത്യ സ്വരങ്ങളെയും അടിച്ചമർത്തിയും ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും വെല്ലുവിളിച്ചും പണവും മാധ്യമ സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്ത തെരഞ്ഞെടുപ്പ് ഭൂരിപക്ഷം ഉപയോഗിച്ചും ഇന്ത്യയുടെ ബഹുസ്വരതയെ വെല്ലുവിളിച്ച് മുന്നേറിക്കൊണ്ടിരുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് തിരിച്ചടി കൊടുക്കാൻ ഇന്ത്യൻ കർഷകർക്ക് സാധിച്ചു. നാളിതുവരെയായി ഒരിക്കൽപ്പോലും സമരം ചെയ്യുന്ന കർഷകരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുവാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.

Photo: Kisan Ekta Morcha

ഡൽഹി അതിർത്തികളിൽ നടന്നുവരുന്ന കർഷക പ്രക്ഷോഭം ഒരു വർഷം പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അവസരത്തിലാണ് മൂന്ന് കാർഷിക നിയമങ്ങളും നിരുപാധികം പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത പാർലമെൻറ്​ സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും പിൻവലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പ്രസ്താവിച്ചു.

കർഷക പ്രക്ഷോഭം ആരംഭിച്ചശേഷം 11ഓളം ചർച്ചകളാണ് സർക്കാർ കർഷക സംഘടനകളുമായി ബന്ധപ്പെട്ട് നടത്തിയത്. ഈ ചർച്ചകളിൽ ഒന്നിൽപ്പോലും നിയമങ്ങൾ കർഷകർക്ക് ഗുണകരമാകുന്നതെങ്ങിനെയെന്ന് കർഷക സംഘടനകളെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചില്ല. എന്നുമാത്രമല്ല, ഓരോ തവണ യോഗം ചേർന്നപ്പോഴും പഴയ പല്ലവികളിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തത്. കർഷകരുടെ വേദന തിരിച്ചറിയുന്നുവെന്ന് പൊള്ളയായ വാക്കുകൾ ഇപ്പോൾ ഉരുവിടുന്ന പ്രധാനമന്ത്രി യഥാർത്ഥത്തിൽ കർഷക പ്രക്ഷോഭം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് തിരിച്ചറിയുന്നുവെന്നാണ് ഈ പ്രഖ്യാപനത്തിലൂടെ മനസ്സിലാക്കേണ്ടത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബി.ജെ.പിയുടെ ഭാവിയും
കർഷക ശക്തിയെ ഏറ്റവും കൂടുതൽ വിലകുറച്ചുകണ്ട സർക്കാരായിരുന്നു ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. ഏതാനും ദിവസങ്ങൾ പ്രക്ഷോഭം നടത്തി പിരിഞ്ഞുപോകുമെന്ന ധാരണയിൽ സമരത്തെ അവഗണിച്ച കേന്ദ്ര ഗവൺമെന്റിന് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന പ്രക്ഷോഭവീര്യം കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. മാധ്യമ തമസ്‌കരണത്തിന്റെയും, ഭീഷണിയുടെയും തലങ്ങൾ കടന്ന്, നേരിട്ടുള്ള ശാരീരികാക്രമണങ്ങളിലേക്ക് പോലും കടന്നെത്തിയ സംഘപരിവാർ ഇടപെടലുകളെ വളരെ സ്ഥിതപ്രജ്ഞയോടെ നേരിടാൻ കർഷകർക്ക് സാധിക്കുന്നത് അത്ഭുതത്തോടെ നോക്കിക്കാണാനേ അവർക്ക് സാധിച്ചുള്ളൂ. അതിനുമപ്പുറം സ്വന്തം കൂടാരങ്ങളിൽ നിന്നുതന്നെ അപശബ്ദങ്ങൾ ഉയരുന്നത് മോദിക്ക് കേൾക്കാമായിരുന്നു.

ലഖീംപുരിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ.

ലഖീംപുരിലെ കർഷക കൂട്ടക്കൊല ബി.ജെ.പിയുടെ അധികാര ഗർവ്വിന്റെ അങ്ങേയറ്റമായിരുന്നു. എന്നാൽ ലഖീംപുർ ഖേരിയിൽ ചിന്തിയ കർഷക രക്തം ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ അടിത്തറയിളക്കാൻ പോന്നതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് യോഗി ആദിത്യനാഥ് തന്നെയായിരുന്നു. ലഖീംപുർ ഖേരിയിൽ കേന്ദ്ര മന്ത്രിയുടെ മകനും മറ്റ് ബി.ജെ.പി ഗുണ്ടകളും കാർ കയറ്റിക്കൊന്ന 18 വയസ്സ് മാത്രം പ്രായമുള്ള ഗുർവിന്ദർ സിംഗും 23 വയസുകാരനായ രമൺ കശ്യപും അടക്കം 675ഓളം കർഷർക്കാണ് ഈ ഒരു വർഷക്കാലയളവിൽ തങ്ങളുടെ ജീവൻ നൽകേണ്ടിവന്നത്. ഈ രക്തസാക്ഷിത്വങ്ങളൊന്നും പാഴായിപ്പോകാൻ അനുവദിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത് പ്രക്ഷോഭത്തിൽ അടിയുറച്ച് നിൽക്കുന്ന കർഷകർ തങ്ങളുടെ അധികാരമോഹത്തിന് വിലങ്ങുതടിയായിത്തീരുമെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

മോദി- യോഗി സംഘർഷങ്ങൾ

ഭാവി പ്രധാനമന്ത്രിയായി സ്വയം സങ്കൽപിച്ച്, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കർഷക പ്രക്ഷോഭങ്ങൾ ഈ രീതിയിൽ പടർന്നുകൊണ്ടിരിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടായിരുന്നു. യോഗിയും മോദിയും തമ്മിലുള്ള ശീതസമരങ്ങളും ഇടക്കിടെ മറനീക്കിപുറത്തുവന്നുകൊണ്ടിരുന്നു. യോഗിയുടെ ജന്മദിനത്തിൽ ഒരു ആശംസപോലും അർപ്പിക്കാൻ തയ്യാറാകാതിരുന്ന മോദിയുടെ നടപടി ഇതിന്റെ പ്രകടമായ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു.

നവമ്പർ 22 ന് ലഖ്നൗവിൽ നടക്കാനിരിക്കുന്ന കർഷക മഹാപഞ്ചായത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രം മതിയാകുമായിരുന്നു ഉത്തർപ്രദേശ് രാഷ്ട്രീയം ചലിക്കുന്നതെങ്ങോട്ടാണെന്ന് തിരിച്ചറിയാൻ.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, ലഖീംപുരിൽ കർഷക പ്രകടനത്തിനുനേരെ കേന്ദ്ര മന്ത്രിയുടെ മകനും സംഘപരിവാർ ഗുണ്ടകളും ചേർന്ന് കാർ പായിച്ചതും വെടിവെപ്പ് നടത്തിയതും നാലു കർഷകർ കൊല്ലപ്പെട്ടതും വലിയ പ്രതിഷേധം ഉയർത്തി. ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞ യോഗി കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറുകയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുമായിരുന്നു. എല്ലാ ജനകീയ പ്രക്ഷോഭങ്ങളോടും മുഖംതിരിഞ്ഞു മാത്രം ശീലമുള്ള യോഗി ആദിത്യനാഥിന് ആദ്യമായാണ് ഒരു ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ നിർബന്ധിതനായത്.

കർഷക പ്രക്ഷോഭം ഉത്തർപ്രദേശിൽ വ്യാപിക്കുന്നത്, തന്റെ ഭാവി സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കാൻ യോഗിക്ക് സാധിക്കുമായിരുന്നു. കർഷക പ്രക്ഷോഭങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബി.ജെ.പിയുടെ തന്നെ നേതാക്കളെക്കൊണ്ട് പരസ്യമായി ആവശ്യപ്പെടുന്നതിലേക്ക് നയിക്കാൻ യോഗിക്ക് സാധിച്ചു. മേഘാലയ ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മാലികിനെപ്പോലുള്ളവർ കർഷക ശക്തിയെ വിലകുറച്ച് കാണുന്നതിനെതിരെ കേന്ദ്ര നേതാക്കളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
പശ്ചിമബംഗാളിലും, ഹിമാചൽ പ്രദേശിലും അടക്കം തെരഞ്ഞെടുപ്പിൽ കർഷകരോഷത്തിന്റെ നേരിട്ടുള്ള ഫലം അനുഭവിക്കേണ്ടി വന്ന ബി.ജെ.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ലെന്ന് ബോദ്ധ്യമുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനം മാത്രമാണ് പ്രധാനമന്ത്രിയുടേത്.

വിഭജന രാഷ്ട്രീയത്തിനെതിരെ ഒരുമയുടെ രാഷ്​ട്രീയം

വർഗീയ വിഷം ചീറ്റി സംഘപരിവാറുകൾ സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത വിള്ളലുകൾ ഒന്നൊന്നായി അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ കർഷകർ ആരംഭിച്ചുകഴിഞ്ഞിരുന്നു. മുസാഫർ നഗർ മഹാപഞ്ചായത്തിന്റെ ഐതിഹാസിക വിജയം ശരിക്കും ആർ.എസ്​.എസ്​ -സംഘപരിവാർ കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2013ൽ വർഗീയ കലാപം നടത്തി ഭരണത്തിലേക്ക് തിരിച്ചുവരാൻ സംഘപരിവാർ തിരഞ്ഞെടുത്ത മുസാഫർനഗറിൽ ‘ഹർ ഹർ മഹാദേവ്' നൊപ്പം ‘അല്ലാഹു അക്ബർ', ‘സത്ശ്രീ അകാൽ' എന്നീ മുദ്രാവാക്യങ്ങൾ കൂടി ഒരുമിച്ചുയർന്നത് അവർക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. നവമ്പർ 22 ന് ലഖ്നൗവിൽ നടക്കാനിരിക്കുന്ന കർഷക മഹാപഞ്ചായത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രം മതിയാകുമായിരുന്നു ഉത്തർപ്രദേശ് രാഷ്ട്രീയം ചലിക്കുന്നതെങ്ങോട്ടാണെന്ന് തിരിച്ചറിയാൻ.

മുസഫർനഗറിൽ നടന്ന മഹാപഞ്ചായത്ത്

കർഷക പ്രക്ഷോഭത്തിന്റെ ഓരോ ഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ സാമൂഹിക വിഭാഗങ്ങളെ സമരത്തിന്റെ ഭാഗമാക്കി മാറ്റാൻ കർഷക സംഘടനകൾ ആത്മാർത്ഥമായി ശ്രമിച്ചുപോന്നിരുന്നു. തൊഴിലാളി സംഘടനകൾ, ആദിവാസി-ദലിത് പ്രസ്ഥാനങ്ങൾ, സ്ത്രീ സംഘടനകൾ, ജനകീയ സമര സംഘടനകൾ എന്നിവയൊക്കെ പ്രക്ഷോഭത്തിന്റെ ഭാഗമായി നിൽക്കുകയും കർഷക പ്രക്ഷോഭത്തിന് ഊർജ്ജം പകരുകയും ചെയ്തു. ഛത്തീസ്ഗഢിലെ സിൽഗേറിൽ ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികളും, മഹാരാഷ്ട്രയിൽ മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ഭൂമിസേന-ആദിവാസി ഏകതാ പരിഷത്ത് ആയാലും പരസ്പര സഹകരണത്തിന്റേതായ പുതിയൊരു വഴി തുറന്നിടാൻ തയ്യാറായത് ആശാവഹമാണ്. ഭൂമി അന്യാധീനപ്പെടുന്നതിനെതിരായ സമരത്തെ പൊതു വിഷയമായി കണ്ട് അത്തരം സമരങ്ങളോട് ചേർന്ന് നിൽക്കാൻ കർഷക സംഘടനകൾ തയ്യാറായതും പ്രതീക്ഷയുണർത്തുന്ന സംഗതിയാണ്.

ആരും പിന്തിരിയുന്നില്ല, പ്രക്ഷോഭം പിൻവലിക്കുന്നുമില്ല

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ച് പ്രക്ഷോഭ ഭൂമിയിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറല്ലെന്നും പാർലമെൻറിൽ നിയമങ്ങൾ പിൻവലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം മിനിമം സഹായവില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഉറപ്പുലഭിക്കാതെ പ്രക്ഷോഭം പിൻവലിക്കുന്നതിനെക്കുറിച്ച് തൽക്കാലം ചിന്തിക്കുന്നില്ലെന്നുമാണ് കർഷക നേതാക്കൾ പ്രസ്താവിച്ചത്.
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തോടൊപ്പം ഇന്ത്യൻ കർഷകർ എക്കാലവും ശക്തമായി ഉയർത്തിക്കൊണ്ടിരുന്ന ആവശ്യമായിരുന്നു വിളകൾക്ക് താങ്ങുവില ഉറപ്പുവരുത്തുക എന്നത്. ഒരു വർഷക്കാലത്തെ കർഷക പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് പറയാവുന്നത് താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ സാധിച്ചുവെന്നതാണ്. കാർഷിക വിളകൾക്ക് വില ഉറപ്പുനൽകുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാർ മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യം കേട്ടില്ലെന്ന് നടിക്കാനായിരുന്നു ആദ്യം തൊട്ട് ശ്രദ്ധിച്ചത്. എന്നാൽ മോദി സർക്കാരിന്റെ കള്ളത്തരം തിരിച്ചറിഞ്ഞ കർഷക സംഘടനകൾ ഈ ആവശ്യത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ മുന്നോട്ടുനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം മിനിമം സഹായവില, വിള സംഭരണം, മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുന്നതിലൂടെ കർഷകർക്ക് ലഭിക്കുന്ന നേട്ടം , ഓരോ വർഷവും കർഷകരിൽ നിന്ന് കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സഹസ്ര കോടികളുടെ കണക്കുകൾ എന്നിവ ചർച്ച ചെയ്യാപ്പെടാൻ സമരം കാരണമായി. പുതിയ നിയമങ്ങൾ പിൻവലിച്ചാൽ തന്നെയും മിനിമം സഹായ വില അടക്കമുള്ള വിഷയങ്ങളിൽ കർഷകർക്ക് പ്രക്ഷോഭം നടത്തിയേ തീരൂ എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുരുതരമാണ്. തൊലിപ്പുറ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒന്നല്ല അത്. രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി മാത്രമായി പാർലമെൻറ്​ പ്രത്യേക സമ്മേളനം ചേരേണ്ടതുണ്ടെന്ന് കർഷകർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ആ ഒരു ആവശ്യത്തെ പിന്തുണയ്ക്കാനും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകേണ്ടതുണ്ട്.

കർഷകർ മുളപ്പിച്ചെടുത്ത ജൈവരാഷ്ട്രീയം

സ്വതന്ത്ര ഇന്ത്യ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒരു വർഷമായി, എല്ലാ ആവേശത്തോടും കൂട,ി തുടരുന്ന കർഷക പ്രക്ഷോഭം രാജ്യത്തിന്റെ ജനാധിപത്യത്തിന് നിരവധി പ്രതീക്ഷകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഒരൊറ്റ നേതൃത്വത്തിൻ കീഴിലല്ലാത്ത, പ്രത്യയശാസ്ത്ര വൈവിധ്യങ്ങളെ മുഴുവൻ ഒരൊറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിച്ച്, അഞ്ഞൂറിലധികം സംഘടനകൾ ചേർന്ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ നായകത്വം അക്ഷരാർത്ഥത്തിൽ കർഷകരുടേതാണ്. ‘സഹനം, ‘ക്ഷമ', ‘അക്രമരാഹിത്യം', ‘പരസ്പര വിശ്വാസം', ‘പങ്കാളിത്തം, ‘സഹകരണം', ‘സഹജീവനം' തുടങ്ങിയ നിരവധി കണ്ണികളെ വിളക്കിച്ചേർത്ത് കർഷകർ വളർത്തിയെടുത്ത തികച്ചും നൂതനമായൊരു ‘സ്ട്രഗ്​ൾ ഇക്കോസിസ്റ്റം' ഭാവി ജനാധിപത്യ മുന്നേറ്റങ്ങൾക്ക് ദിശാബോധവും ആത്മവിശ്വാസവും പകർന്നുനൽകുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments