കർഷക പ്രക്ഷോഭങ്ങൾക്ക്
ഒരൊറ്റ പ്ലാറ്റ് ഫോം;
നിർണായകം, 18-ലെ ചർച്ച

ഇപ്പോൾ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങളെയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനായി 18-ന് നടക്കുന്ന ചർച്ച കർഷക പ്രക്ഷോഭങ്ങളുടെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്. 101 കർഷകരുടെ നേതൃത്വത്തിൽ ജനുവരി 21ന് ശംഭു അതിർത്തിയിൽനിന്ന് ദൽഹിയിലേക്ക് മാർച്ച് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചു.

National Desk

ർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാരം 52 ദിവസം പിന്നിടുമ്പോൾ, ഐക്യദാർഢ്യവുമായി പഞ്ചാബിൽനിന്നുള്ള 111 കർഷകർ കൂടി നിരാഹാരം തുടങ്ങി.

101 കർഷകരുടെ നേതൃത്വത്തിൽ ജനുവരി 21ന് ശംഭു അതിർത്തിയിൽനിന്ന് ദൽഹിയിലേക്ക് മാർച്ച് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ ആറ്, എട്ട്, 14 തീയതികളിൽ കർഷകർ ദൽഹി മാർച്ചിന് ശ്രമിച്ചിരുന്നുവെങ്കിലും തടയുകയായിരുന്നു. എന്നാൽ, ദല്ലേവാളിന് പിന്തുണയുമായി 111 കർഷകർ നിരാഹാരം തുടങ്ങിയ സാഹചര്യത്തിലാണ് എസ്.കെ.എം- നോൺ പൊളിറ്റിക്കൽ, KMM എന്നീ സംഘടനകളുടെ പുതിയ നീക്കം.

ജനുവരി 26ന് സംയുക്ത കിസാൻ മോർച്ച (SKM) രാജ്യവ്യാപക ട്രാക്റ്റർ മാർച്ചും നടത്തുന്നുണ്ട്.

പഞ്ചാബിലെ ഖനൗരിയിലാണ് 111 കർഷകരുടെ നിരാഹാരം. കറുത്ത വസ്ത്രമണിഞ്ഞ്, ‘ദല്ലേവാളിനുമുമ്പ് ഞങ്ങൾ രക്തസാക്ഷിത്വം വരിക്കും' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകരുടെ സമരം. 25 മുതൽ 85 വരെ വയസ്സുള്ളവരാണ് പ്രക്ഷോഭകർ. കേന്ദ്ര സർക്കാർ ഇനിയും മുഖം തിരിച്ചുനിന്നാൽ, പ്രക്ഷോഭം ശക്തമാക്കുമെന്ന് കിസാൻ മസ്ദുർ മോർച്ച (KMM) കോ ഓർഡിനേറ്റർ സർവാൻ സിങ് പാന്ഥർ അറിയിച്ചു.

ജനുവരി 18-ന് കർഷക സംഘടനകൾ തമ്മിൽ നടക്കുന്ന ചർച്ചയുടെ തീരുമാനം കർഷക പ്രക്ഷോഭങ്ങളുടെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്.
ജനുവരി 18-ന് കർഷക സംഘടനകൾ തമ്മിൽ നടക്കുന്ന ചർച്ചയുടെ തീരുമാനം കർഷക പ്രക്ഷോഭങ്ങളുടെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്.

വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് നവംബർ 26ന് പഞ്ചാബ്- ഹരിയാന അതിർത്തിയായ ഖനൗരിയിൽ സംയുക്ത കിസാൻ മോർച്ച- രാഷ്ട്രീയതേരം (SKM- Non Political), KMM എന്നിവയുടെ ആഭിമുഖ്യത്തിൽ സമരം തുടങ്ങിയത്. 2020- 21 കാലത്ത് കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉറപ്പുനൽകിയ വാഗ്ദാനങ്ങളാണിവ.

70 വയസ്സുള്ള ദല്ലേവാളിന്റെ ആരോഗ്യനില ദിനംപ്രതി വഷളായി വരികയാണ്. അദ്ദേഹം കാൻസർ സർവൈവർ കൂടിയാണ്. വെള്ളം മാത്രം കുടിച്ചാണ് നിരാഹാരം.

ദല്ലേവാളിന്റെ നിരാഹാരത്തോട് പൂർണമായും മുഖം തിരിഞ്ഞുനിൽക്കുകയാണ് മോദി സർക്കാർ. പഞ്ചാബ് ബി.ജെ.പി ഘടകം അകാൽ തഖ്തിനോട്, നിരാഹാരം അവസാനിപ്പിക്കാൻ ദല്ലേവാളിനോട് അഭ്യർഥിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്, അകാൽതഖ്തിനെയല്ല സമീപിക്കേണ്ടത് എന്നായിരുന്നു ദല്ലേവാളിന്റെ മറുപടി. ദല്ലേവാളിന്റെ നിരാഹാരം പറയത്തക്ക ചലനമുണ്ടാക്കാതെ അവസാനിക്കുമെന്ന 'പ്രതീക്ഷ'യിലാണ് കേന്ദ്രം മുഖം തിരിച്ചുനിൽക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരമേ ഇടപെടാനാകൂ എന്ന നിലപാടിലാണ് കേന്ദ്ര കൃഷി വകുപ്പ്.

70 വയസ്സുള്ള ദല്ലേവാളിന്റെ ആരോഗ്യനില ദിനംപ്രതി വഷളായി വരികയാണ്. അദ്ദേഹം കാൻസർ സർവൈവർ കൂടിയാണ്. വെള്ളം മാത്രം കുടിച്ചാണ് നിരാഹാരം. ആരോഗ്യനില 'സ്‌റ്റേബിൾ' ആണെന്ന റിപ്പോർട്ട് പഞ്ചാബ് സർക്കാർ നൽകിയെങ്കിലും, രക്തപരിശോധനാ റിപ്പോർട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുകയാണെന്നും വെള്ളം ശരീരം സ്വീകരിക്കുന്നില്ലെന്നും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണെന്നും കർഷക നേതാക്കൾ പറയുന്നു. അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതിനെതുടർന്നാണ് സുപ്രീംകോടതി റിപ്പോർട്ട് തേടിയത്.

സമരം നടത്തുന്ന SKM- Non Political വിഭാഗത്തിന്റെയും SKM- ന്റെയും നേതാക്കൾ തമ്മിൽ ചർച്ച നടത്തി യോജിച്ച സമരത്തിന് നീക്കം നടത്തുന്നുണ്ട്.
സമരം നടത്തുന്ന SKM- Non Political വിഭാഗത്തിന്റെയും SKM- ന്റെയും നേതാക്കൾ തമ്മിൽ ചർച്ച നടത്തി യോജിച്ച സമരത്തിന് നീക്കം നടത്തുന്നുണ്ട്.

നിരാഹാരം നടക്കുന്ന അതിർത്തി മേഖലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം, അഞ്ചു പേരിൽ കൂടുതൽ സംഘം ചേരുന്നത് നിരോധിച്ച് ഹരിയാന പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രക്ഷോഭസ്ഥലത്തേക്ക് മറ്റു കർഷകർ എത്താതിരിക്കാൻ സകല തയാറെടുപ്പും പൊലീസ് നടത്തിയിട്ടുണ്ട്. നിരാഹാരം നടക്കുന്നയിടത്തേക്കുള്ള റോഡുകൾ ബാരിക്കേഡ് കെട്ടി തടഞ്ഞിരിക്കുകയാണ്. ഇവിടേക്കുള്ള ഓരോ വാഹനവും കർശന പരിശോധനയ്ക്കു വിധേയമാക്കുന്നു.

പഞ്ചാബിലെ കർഷകരുടെ നേതൃത്വത്തിൽ ഖനൗരിയിൽ നടക്കുന്ന സമരത്തിൽ ഹരിയാനയിലെ ചില കർഷക വിഭാഗങ്ങളുടെയും സാന്നിധ്യമില്ല. ഹരിയാനയിലെ നയബ് സിങ് സൈനി സർക്കാറിന്റെ ചില തീരുമാനങ്ങൾ, സംസ്ഥാനത്തെ കർഷകരെ പുറകോട്ടുവലിക്കുന്നുണ്ട്

ഇപ്പോൾ രണ്ട് കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പഞ്ചാബിലെ കർഷകർ നടത്തുന്ന സമരത്തിൽ, 2020-21ലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പങ്കെടുക്കുന്നില്ല. സമരം നടത്തുന്ന SKM- Non Political വിഭാഗത്തിന്റെയും SKM- ന്റെയും നേതാക്കൾ തമ്മിൽ ചർച്ച നടത്തി യോജിച്ച സമരത്തിന് നീക്കം നടത്തുന്നുണ്ട്. 18-ന് വീണ്ടും ചർച്ച നടക്കും. ഈ ചർച്ചയുടെ തീരുമാനം കർഷക പ്രക്ഷോഭങ്ങളുടെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്. ജനുവരി 13ന് ആദ്യ കൂടിയാലോചനായോഗം നടന്നിരുന്നു. ആദ്യ കർഷക പ്രക്ഷോഭത്തിന്റെ മാതൃകയിൽ സംയുക്ത സമിതിയുണ്ടാക്കാനുള്ള ആലോചനയാണ് അന്നുണ്ടായത്.

പഞ്ചാബിലെ മോഗയിൽ ജനുവരി പത്തിന് നടന്ന മഹാപഞ്ചായത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകി. ഖനൗരിയിലും ശംഭുവിലും സമരം ചെയ്യുന്ന കർഷക നേതാക്കളുമായി ചർച്ച നടത്താൻആറംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി അംഗങ്ങളായ ജഗ്ബീർ സിങ് ചൗഹാൻ, പി. കൃഷ്ണപ്രസാദ്, ബൽബീർ സീങ് രാജേവാൾ, രമീന്ദർ സിങ് പാട്യാല, ദർശൻ പാൽ, ജോഗീന്ദർ സിങ് ഉഗ്രഹാൻ, ബൽദേവ് സിങ് നിഹാൽഗാർഗ് എന്നിവർ എസ്.കെ.എം- നോൺ പൊളിറ്റിക്കൽ വിഭാഗം നേതാക്കളുമായി ചർച്ചയും നടത്തി. ഹരിയാനയിലെ തൊഹാനയിൽ ജനുവരി നാലിന് നടന്ന മഹാപഞ്ചായത്തിലും അഗ്രിക്കൾചറൽ മാർക്കറ്റിങ് പോളിസി കരടുരേഖക്കെതിരെ പ്രമേയം പാസാക്കുകയും യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനമുണ്ടാകുകയും ചെയ്തിരുന്നു.

പഞ്ചാബിലെ മോഗയിൽ ജനുവരി പത്തിന് നടന്ന മഹാപഞ്ചായത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകിയിരുന്നു.
പഞ്ചാബിലെ മോഗയിൽ ജനുവരി പത്തിന് നടന്ന മഹാപഞ്ചായത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകിയിരുന്നു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന National Policy Framework on Agricultural Marketing-നെതിരെ എസ്.കെ.എമ്മിന്റെ നേതൃത്വത്തിലും ഇപ്പോൾ പ്രക്ഷോഭം നടക്കുന്നുണ്ട്. ഈ സമരങ്ങളെയെല്ലാം യോജിച്ച പ്രക്ഷോഭമാക്കി വികസിപ്പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്.

പഞ്ചാബിലെ കർഷകരുടെ നേതൃത്വത്തിൽ ഖനൗരിയിൽ നടക്കുന്ന സമരത്തിൽ ഹരിയാനയിലെ ചില കർഷക വിഭാഗങ്ങളുടെയും സാന്നിധ്യമില്ല. ഹരിയാനയിലെ നയബ് സിങ് സൈനി സർക്കാറിന്റെ ചില തീരുമാനങ്ങൾ, സംസ്ഥാനത്തെ കർഷകരെ പുറകോട്ടുവലിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ, മിനിമം താങ്ങുവിലയ്ക്ക് 24 വിളകൾ സംഭരിക്കാനെടുത്ത തീരുമാനവും ഭാവന്തർ ഭർപായേ യോജനയെപ്പോലുള്ള പദ്ധതികളും കർഷകരെ സ്വാധീനിച്ചിട്ടുണ്ട്. 24 വിളകൾക്ക് താങ്ങുവില ഏർപ്പെടുത്താനുള്ള തീരുമാനം, മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകണമെന്ന ആവശ്യത്തിന് സമ്മർദം ചെലുത്തുമെന്ന അഭിപ്രായമുള്ള കർഷകനേതാക്കൾ ഹരിയാനയിലുണ്ട്. എന്നാൽ, ഇത്തരം താൽക്കാലിക പരിപാടികൾ, കർഷകർ ഉന്നയിക്കുന്ന ഗുരുതരമായ വിഷയങ്ങൾക്ക് സ്ഥായിയായ പരിഹാരമാകില്ല എന്ന് എല്ലാ കർഷക വിഭാഗങ്ങളെയും ബോധ്യപ്പെടുത്തി അവരെ പ്രക്ഷോഭപാതയിലേക്ക് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്.

സംയുക്ത കിസാൻ മോർച്ച (SKM) നേതാക്കളുടെ വാർത്താസമ്മേളനം.
സംയുക്ത കിസാൻ മോർച്ച (SKM) നേതാക്കളുടെ വാർത്താസമ്മേളനം.

എല്ലാ കർഷക സംഘടനകളും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ച് അണിനിരന്നാലേ സമരത്തിന് പിന്തുണ നൽകൂ എന്ന് ഹരിയാന ഖാപ് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. 2020-21ലെ പ്രക്ഷോഭത്തിൽ ഹരിയാന ഖാപ് പഞ്ചായത്തുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. സംയുക്ത കിസാൻ മോർച്ച (SKM), സംയുക്ത കിസാൻ മോർച്ച- രാഷ്ട്രീയതേരം (SKM- Non Political), കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി എന്നീ സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനുള്ള കൂടിയാലോചനകൾക്കായി ഖാപ് പഞ്ചായത്ത് യോഗം 11 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദല്ലേവാൾ ഉന്നയിക്കുന്ന വിഷയം എല്ലാ കർഷകരെയും ബാധിക്കുന്ന ഒന്നായതിനാൽ ഇപ്പോൾ നടക്കുന്ന സമരത്തിൽ എല്ലാ സംഘടനകളുടെയും പങ്കാളിത്തം വേണമെന്ന നിലപാടിലാണ് ഖാപ് പഞ്ചായത്തുകൾ.

Comments