650 കർഷകരുടെ രക്തസാക്ഷിത്വത്തിനൊടുവിൽ, രാജ്യത്തെ കർഷകരുടെ വിട്ടുവീഴ്ചയില്ലാത്ത സമരവീര്യത്തിനൊടുവിൽ നരേന്ദ്രമോദി സർക്കാർ മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും പിൻവലിക്കാൻ നിർബന്ധിതമായി. "രാജ്യത്തെ കർഷകരോട് ക്ഷമ ചോദിക്കുന്നു' എന്നുപറഞ്ഞാണ്, ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി ഈ തീരുമാനം പ്രഖ്യാപിച്ചത്. ഡൽഹി അതിർത്തിയിൽ കർഷകർ തമ്പടിച്ച് നടത്തിവരുന്ന സമരം നവംബർ 26ന് ഒരു വർഷം തികയാനിരിക്കേയാണ് കേന്ദ്ര സർക്കാറിന്റെ കീഴടങ്ങൽ.
ഇന്ത്യൻ കാർഷിക മേഖലയെയും കാർഷിക വിപണിയെയും കോർപറേറ്റുകൾക്കും കുത്തകകൾക്കും തീറെഴുതിക്കൊടുക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കാനുള്ള ഭരണപരമായ നടപടികൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കും.
2020 സപ്തംബറിലാണ് മൂന്ന് നിയമങ്ങൾ അവതരിപ്പിച്ചത്. അന്നുമുതൽ രാജ്യത്തെ കർഷകർ പ്രക്ഷോഭത്തിലാണ്. ഡൽഹി അതിർത്തിയിലെ കുത്തിയിരിപ്പുസമരമാണ്, കർഷക പ്രക്ഷോഭത്തെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും ശക്തമായ സമരങ്ങളിലൊന്നായി ഒരു വർഷത്തിനകം കർഷക സമരം മാറി.
സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ 40ലേറെ കർഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകിയത്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെ സമരവേദിയിൽനിന്ന് അകറ്റിനിർത്തിയിരുന്നു. കഠിനമായ കോവിഡ് കാലവും ശൈത്യവും കർഷകർ, ഒത്തൊരുമയോടെ മറികടന്നുവെന്നുമാത്രമല്ല, തികച്ച ചിട്ടയോടെ അവയെ അതിജീവിക്കുകയും ചെയ്തു. എങ്കിലും, 650ലേറെ കർഷകരാണ് കോവിഡ് മൂലവും കൊടും തണുപ്പിലും ചൂടിലും ഒരു വർഷത്തിനിടെ, മരിച്ചത്.
മന്ത്രി തലത്തിൽ നിരവധി ചർച്ചകൾ കർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിൽ നടന്നുവെങ്കിലും, മൂന്നു നിയമങ്ങളും പിൻവലിക്കുക എന്ന ഒരൊറ്റ ആവശ്യത്തിൽ വിട്ടുവീഴ്ചക്ക് കർഷകർ തയാറായില്ല. തികച്ചും സമാധാനപരമായി നടന്ന സമരത്തെ പലവിധത്തിലും ആക്രമിച്ചൊതുക്കാനും അടിച്ചമർത്താനും വിദ്വേഷ കാമ്പയിനുകളിലൂടെ താറടിച്ചുകാണിക്കാനും സംഘ്പരിവാറും ബി.ജെ.പിയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. നീതിന്യായ സംവിധാനങ്ങൾ പോലും പല സന്ദർഭങ്ങളിലും കർഷക സമരത്തെ പ്രതിക്കൂട്ടിലാക്കുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി. ഇതിനെയെല്ലാം അതിജീവിച്ച്, സമരം ഡൽഹി അതിർത്തിയിൽനിന്ന് യു.പി, ബീഹാർ, ഹരിയാന, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിലേക്ക് പടരുകയായിരുന്നു. ആസന്നമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുമാണ് പിൻവാങ്ങാൻ മോദിയെ പ്രേരിപ്പിച്ചതെങ്കിലും, അത് രാജ്യത്തെ അടിസ്ഥാനവർഗ പോരാട്ടങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല.