മണ്ണിന്റെ പോഷകങ്ങൾ സന്തുലിതമായി നിലനിർത്തുന്നത് വിളകളുടെയും മണ്ണിന്റെയും ഉൽപാദനക്ഷമത മെച്ചപ്പെടുത്താൻ വളരെ പ്രധാനമാണ്. എന്നാൽ, ഇന്ത്യയിലെ മണ്ണിന് അനുയോജ്യമായ പോഷകാനുപാതവും യഥാർത്ഥത്തിലുള്ള അനുപാതവും എത്രയാണ്, സർക്കാർ നയങ്ങളിലുള്ള വ്യതിയാനം ഈ അനുപാതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നീ ചോദ്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
പ്രധാനമായും രണ്ട് പോഷക അനുപാതങ്ങളാണ് ഇന്ത്യയിലുള്ളത്.
1950-കളിൽ രണ്ട് വിളകളിലായി നടത്തിയ പഠനത്തിൽ നിന്നാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (Nitrogen -N, phosphorus- P, potassium- K) എന്നിവയ്ക്കുള്ള 4:2:1 അനുപാതം പ്രചാരത്തിലാകുന്നത്. കൂടുതൽ സ്വീകാര്യത ലഭിച്ചതും ഈ ഒരു അനുപാതത്തിനാണ്. എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട്, രമേഷ് ചന്ദ്, പവിത്ര എസ് എന്നിവർ 2015-ൽ പ്രസിദ്ധീകരിച്ച ‘Fertiliser use and Imbalance in India’ എന്ന EPW ലേഖനത്തിൽ, അപ്പോഴത്തെ വിളകളുടെ തരവും സംസ്ഥാന കാർഷിക സർവകലാശാലയുടെയും ഇന്ത്യൻ കാർഷിക ഗവേഷണ സമിതികളുടെയും കണക്കുകളെ അടിസ്ഥാനമാക്കി 2.6:1.4:1 എന്ന NPK അനുപാതമാണ് മണ്ണിനനുയോജ്യമായത് എന്ന അനുമാനത്തിലെത്തിച്ചേർന്നു.
യഥാർത്ഥത്തിൽ ഇപ്പോൾ ഇന്ത്യയിലെ NPK അനുപാതം മേൽപറഞ്ഞ രണ്ട് അനുപാതങ്ങളുമായി ഒത്തുചേർന്ന് പോകുന്നതാണോ? ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഫെർട്ടിലൈസർ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, ഇന്ത്യയിലെ NPK അനുപാതം 1991-92-ൽ 5.9:2.4:1 എന്ന നിലയിൽ നിന്ന് 2021-22 -ൽ 7.7:3.1:1 എന്ന നിലയിലേക്ക് താഴ്ന്നു. ഇത് മുകളിലുള്ള രണ്ട് അനുപാതങ്ങളെ അപേക്ഷിച്ച് ഏറെ മോശവുമാണ്. കൂടുതൽ നൈട്രജൻ പോഷകങ്ങൾ മണ്ണിലേക്ക് ചേരുകയും അതിനനുസരിച്ച് മറ്റു പോഷകങ്ങളുടെ കുറവും പ്രകടമാക്കുന്നതുമാണ്. വിവിധ പ്രദേശങ്ങളിലെ ഈ ഒരു അനുപാതത്തിന്റെ വ്യത്യാസം വളരെ ഭീകരവുമാണ് – കിഴക്കൻ മേഖലയിൽ 5.2:2.1:1, ഉത്തര മേഖലയിൽ 20.6:6:1, തെക്കൻ മേഖലയിൽ 4.9:2.3:1, പടിഞ്ഞാറൻ മേഖലയിൽ 7:3.4:1 എന്നിങ്ങനെ.

NPK അനുപാതത്തിലെ അസന്തുലിതാവസ്ഥ തെറ്റായ സർക്കാർ നയങ്ങളുടെ ഫലമാണ്. രാസവള മേഖലയിൽ നടപ്പിലാക്കപ്പെട്ട ക്രമീകരണപരിഷ്‌കരണങ്ങളും, ഗവൺമെന്റ് - രാസവള വ്യവസായം - വള ഉപഭോക്താക്കൾ എന്നിവർക്കിടയിലെ പരസ്പരവിരുദ്ധ നയങ്ങളും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാര കാലഘട്ടത്തിലെ NPK അനുപാതത്തെ പ്രതികൂലമായി ബാധിച്ചു. 1976–77 മുതൽ രാസവള ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും രാസവള ഉൽപ്പാദകർക്ക് കുറഞ്ഞ വരുമാനനിരക്ക് ഉറപ്പു നൽകുന്നതിലൂടെ ഒരു ആഭ്യന്തര രാസവള വ്യവസായം വികസിപ്പിക്കുന്നതിനും ഇന്ത്യ രാസവള സബ്‌സിഡി നടപ്പിലാക്കി. ഈ രണ്ട് ലക്ഷ്യങ്ങളും ഒരു പരിധി വരെ ഇന്ത്യക്ക് കൈവരിക്കാൻ കഴിഞ്ഞെങ്കിലും, 1990-കളുടെ തുടക്കത്തിൽ ഉയർന്ന രാസവള സബ്സിഡി സർക്കാരിന് വൻ ചെലവായി മാറി.
1990-കളിലെ പരിഷ്‌കരണങ്ങളോടെ, കേന്ദ്ര സർക്കാർ രാസവള സബ്സിഡി നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി, രാസവള മേഖലയിൽ ഭാഗികമായി നിയന്ത്രണ ഇളവുകൾ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി യൂറിയ ഉത്പന്നത്തെ സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തുകയും യൂറിയയല്ലാത്ത ഉത്പന്നങ്ങളുടെ മേഖലയെ നിയന്ത്രണമുക്തമാക്കുകയും ചെയ്തു. ഇതോടെ ഫോസ്ഫറസ്, പൊട്ടാസ്യം പോഷകങ്ങളുടെ പ്രധാന ഉറവിടമായ നിയന്ത്രണമുക്ത വള ഉൽപ്പന്നങ്ങളുടെ വില വൻ തോതിൽ ഉയർന്നു. ഇന്ത്യൻ കർഷകർ സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലായിരുന്നതിനാൽ, പരിഷ്‌കരണാനന്തര കാലഘട്ടത്തിൽ വില കുറഞ്ഞ യൂറിയ ഉത്പന്നം കൂടുതൽ വാങ്ങാൻ അവർ നിർബന്ധിതരായി. യൂറിയ എന്നത് ഉയർന്ന സബ്സിഡി ലഭിക്കുന്ന ഉൽപ്പന്നവും നൈട്രജൻ പോഷകങ്ങളുടെ പ്രധാന ഉറവിടവുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കർഷകർ ഉയർന്ന വിലയുള്ള നിയന്ത്രണമുക്ത ഉൽപ്പന്നങ്ങൾ യൂറിയയായി മാറ്റി ഉപയോഗിച്ചു തുടങ്ങി. ഇത് പോഷകാനുപാതം കൂടുതൽ വഷളാക്കി.
പോഷകാനുപാതം സന്തുലിതമാക്കാനും രാസവളങ്ങളുടെ സമതുലിത ഉപയോഗം ഉറപ്പാക്കുന്നതിനും സർക്കാർ നടപ്പിലാക്കിയ ഒരു പ്രധാന നയമായിരുന്നു 2010-ലെ പോഷകാധിഷ്ഠിത സബ്സിഡി (Nutrient Based Subsidy) പദ്ധതി. യൂറിയ ഒഴികെയുള്ള എല്ലാ രാസവള ഉൽപ്പന്നങ്ങൾക്കും ഇത് പ്രാബല്യത്തിലായിരുന്നു. ഇതിലൂടെ, വിവിധ പോഷകങ്ങളിലടങ്ങിയിരിക്കുന്ന വള ഉൽപ്പന്നങ്ങൾക്ക് കിലോഗ്രാമിന് ഒരു നിശ്ചിത സബ്സിഡി നിരക്ക് സർക്കാർ നിശ്ചയിച്ചു. ഉൽപ്പന്നങ്ങളുടെ ചില്ലറ വില വിപണിയിലൂടെ തീരുമാനിക്കപ്പെട്ടു. വ്യക്തിഗത കമ്പനികൾ ആ വില പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, NBS പദ്ധതി, പരിഹരിക്കാൻ ലക്ഷ്യമിട്ട കാര്യത്തെ തന്നെ ദോഷകരമായി ബാധിച്ചു. 2009–10-ൽ 4.3:2:1 ആയിരുന്ന NPK അനുപാതം ഇപ്പോഴത്തെ നിലയിലേക്ക് താഴ്ന്നു.
പരിഷ്‌കരണാനന്തരകാലത്തെ നയങ്ങളിലെ മാറ്റം രാസവള ഉൽപ്പന്നങ്ങളുടെ പരമാവധി ചില്ലറ വിലയിൽ (MRP) പ്രതിഫലിക്കുന്നത് കാണാം. 1991-ൽ, ഒരു ടൺ യൂറിയയുടെ MRP 3,060 രൂപയായിരുന്നപ്പോൾ, ഡയാമോണിയം ഫോസ്ഫേറ്റ് (DAP) 4,680 രൂപയായിരുന്നു, NPK (10-26-26) കോംപ്ലക്സിന് 3,840 രൂപയും. 2010-ൽ ഈ നിരക്കുകൾ യഥാക്രമം യൂറിയയ്ക്ക് 5,310 രൂപ, DAP-ക്ക് 9,350 രൂപ, NPK കോംപ്ലക്സിന് 7,197 രൂപ വീതമായി ഉയർന്നു.
2023 ഒക്ടോബർ വരെ, ഈ ഉൽപ്പന്നങ്ങളിലെ വില യൂറിയയ്ക്ക് 5,360, DAP-ക്ക് 26,998, NPK കോംപ്ലക്സിന് 29,400 രൂപ വീതമായി ഉയർന്നു. 2010-നോടു ബന്ധപ്പെടുത്തി നോക്കുമ്പോൾ, യൂറിയയ്ക്ക് 0.96%, DAP-ക്ക് 188.7%, NPK കോംപ്ലക്സിന് 308.5% എന്ന നിരക്കിൽ MRP- യിൽ വളർച്ച രേഖപ്പെടുത്തി.

NPK അനുപാതത്തിലെ അസന്തുലിതാവസ്ഥ സംബന്ധിച്ച് കാര്യമായ നയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നത് വിസ്മരിക്കാനാവാത്ത ഒന്നാണ്. NBS പദ്ധതി നടപ്പിലാക്കിയശേഷം, രാസവള മേഖലയിൽ പ്രധാനപ്പെട്ട നയമാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിൻ്റെ ഫലമായി, രാസവള ഉപഭോഗം യൂറിയ ഉൽപ്പന്നങ്ങളുടേയും നൈട്രജൻ പോഷകങ്ങളുടേയും ദിശയിലേക്ക് ഒതുങ്ങിപ്പോയി. യൂറിയയും മറ്റ് നിയന്ത്രണമുക്ത ഉൽപ്പന്നങ്ങളും തമ്മിലുള്ള ഉയർന്ന വിലവ്യത്യാസം ഉപഭോക്താക്കളെ യൂറിയയെ കൂടുതൽ ആശ്രയിക്കാനും വില കൂടിയ മറ്റ് രാസവള ഉൽപ്പന്നങ്ങൾക്കുപകരം യൂറിയ ഉപയോഗിക്കാനും നിർബന്ധിതരാക്കുന്നു. അത് വീണ്ടും NPK അനുപാതം മോശമാവുന്നതിനു കാരണമാവുന്നു.