സംഭരണത്തിലെ അനീതികൾ,
നെൽകർഷകർ എന്ന പണയപ്പണ്ടം

നെൽകർഷകരെ ബാങ്കുകളുടെ വായ്പക്കാരായി ‘പണയം’ വക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ, സമയത്ത് കർഷകർക്ക് പണം നൽകാൻ കഴിയുംവിധമുള്ള ഏജൻസിയാക്കി സപ്ലൈകോയെ മാറ്റേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷക്കുവേണ്ടിയുള്ള ഒരു നടപടിയുടെ കൂടി ഭാഗമായി ഈ ഫണ്ടിംഗിനെ കാണുകയും വേണം.

കേരളത്തിൽ അതിവേഗം ലാഭകരമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന കൃഷിയാണ്, മുഖ്യ ഭക്ഷ്യവിള കൂടിയായ നെല്ല്. നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും അരി ഉൽപാദനവും അതിവേഗം കുറഞ്ഞുവരികയാണ്. ഒരു കൃഷിയുടെ തകർച്ച എന്ന നിലയ്ക്കുമാത്രമല്ല, നമ്മുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ട ഗൗരവകരമായ ചോദ്യങ്ങൾ നെൽകൃഷിയുടെ തകർച്ച മുന്നോട്ടുവക്കുന്നുണ്ട്.

താൽക്കാലിക ഭരണനടപടിയെന്ന നിലയ്ക്കുമാത്രമാണ് കേരളത്തിൽ ഇപ്പോൾ നെൽകർഷകർ നേരിടുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യപ്പെടുന്നത്. നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സ്ഥായിയായ പരിഹാരമില്ലാതെ തുടരുന്നത് അതുകൊണ്ടാണ്.

നെൽകൃഷിയുടെ തകർച്ച, കേരളത്തിൽ ഏറ്റവും നഷ്ടം സഹിച്ച് കൃഷി ചെയ്യുന്ന ഒരു വിഭാഗം കർഷകരുടെ കൂടി ജീവിതത്തകർച്ചയാണ്. നാണ്യവിളകളുടേതുപോലുള്ള വിലപേശൽശേഷി നെല്ലിനില്ലാത്തതിനാൽ നെൽകർഷകരുടെ ജീവിതനഷ്ടം വിപണിയുടെയോ അതിനെ നിയന്ത്രിക്കുന്ന അധികാര സംവിധാനങ്ങളുടെയോ വിഷയമായി മാറിയിട്ടില്ല. താൽക്കാലിക ഭരണനടപടിയെന്ന നിലയ്ക്കുമാത്രമാണ് കേരളത്തിൽ ഇപ്പോൾ നെൽകർഷകർ നേരിടുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യപ്പെടുന്നത്. നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സ്ഥായിയായ പരിഹാരമില്ലാതെ തുടരുന്നത് അതുകൊണ്ടാണ്.

1959-ൽ കേരളത്തിൽ 19.54 ലക്ഷം ഏക്കറിലാണ് നെൽകൃഷിയുണ്ടായിരുന്നത്, 2021-22 ആയപ്പോൾ ഇത് 1,95,734 ഹെക്ടറിലേക്ക് ചുരുങ്ങി. 1980-കൾ തൊട്ട് നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറയുകയാണ്. 1974-75 ൽ 8.82 ലക്ഷം ഹെക്ടറായിരുന്ന നെൽവയലുകളുടെ വിസ്തീർണ്ണം 2015-16 ആയപ്പോൾ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1972-73 ൽ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്ലുൽപാദനം 2015-16 ആയപ്പോൾ 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 2001-02ൽ കേരളത്തിൽ 3,22,368 ഹെക്ടറിൽ നെൽവയലുണ്ടായിരുന്നു. 2021-22ൽ 1,95,734 ഹെക്ടറിൽനിന്ന് 5,62,097 ടൺ അരിയാണ് ഉൽപാദിപ്പിക്കുന്നത്. 2021-22ൽ നെൽകൃഷി വിസ്തൃതിയിൽ 9300 ഹെക്ടറിന്റെ കുറവാണുണ്ടായത്, അരി ഉൽപാദനത്തിൽ 65,000 ടണ്ണിന്റെയും.

Data: keralaagriculture.gov.in
Data: keralaagriculture.gov.in

ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാലക്കാട്ട് 412 ഹെക്ടർ, രണ്ടാമത്തെ ജില്ലയായ ആലപ്പുഴയിൽ 3815 ഹെക്ടർ, മൂന്നാം സ്ഥാനത്തുള്ള തൃശൂരിൽ 287 ഹെക്ടറിൽ വീതം നെൽകൃഷിയിൽ കുറവുണ്ടായി. രണ്ട് ദശാബ്ദത്തിനിടെ 1,26,634 ഹെക്ടറിൽ നെൽകൃഷി ഇല്ലാതായി. അരി ഉൽപാദനം 1,41,407 ടണ്ണായി കുറഞ്ഞു. നെൽകൃഷി വിസ്തൃതിയിൽ 39 ശതമാനവും അരി ഉൽപാദനത്തിൽ 20 ശതമാനവും ഇടിഞ്ഞു. സംസ്ഥാനത്തെ നെല്ലിന്റെ ഉൽപാദനക്ഷമതയും വളരെ കുറവാണ്. നാലു പതിറ്റാണ്ടിനിടയിൽ നെല്ലിന്റെ ഉല്പാദനക്ഷമതയിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. കാലാവസ്ഥാവ്യതിയാനമാണ് നെൽകൃഷിയെ പ്രതികൂലമായി ബാധിച്ച പ്രധാന പാരിസ്ഥിതിക ഘടകം. തൃശൂരിലും എറണാകുളത്തും മഴയുടെ ലഭ്യതക്കുറവ് നെൽകൃഷിയെ ഉണക്കുകയാണ്. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മൺസൂൺ വരൾച്ചയാണ് സമീപവർഷങ്ങളിലുണ്ടായത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അരിയുൽപാദനം കുറയുന്നതായി 2023-24 ലെ ഖാരിഫ് വിളവെടുപ്പ് അടിസ്ഥാനമാക്കി കേന്ദ്ര കൃഷിവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മൺസൂണിന്റെ ഏറ്റക്കുറച്ചിലാണ് നെൽകൃഷിയെ ഏറെ ബാധിക്കുന്നത്. 2023-24 ൽ അരിയുൽപാദനം 1,063 മെട്രിക് ടൺ മാത്രമായിരുന്നു. മുൻവർഷം 1,105 ആയിരുന്നു. രാജ്യത്ത് 411 ലക്ഷം ഹെക്ടറിലാണ് നെൽകൃഷി. സംസ്ഥാനത്തിന്റെ മൊത്തം അരി ആവശ്യത്തിന്റെ 15% മാത്രമാണ് ഇവിടുത്തെ ഉത്പാദനം.

Data: keralaagriculture.gov.in
Data: keralaagriculture.gov.in

പാരിസ്ഥിതിക ഘടകങ്ങൾക്കൊപ്പം ഭരണകൂട നടപടികളും കൂടിയാകുമ്പോൾ, കേരളത്തിൽ നെൽകൃഷിയുടെ തകർച്ച പൂർണമാകുകയാണ്. ഉൽപ്പാദനച്ചെലവും നെല്ലുസംഭരണത്തിലെ പ്രശ്നങ്ങളും, അവശേഷിക്കുന്ന മണ്ണിലെ നെൽകൃഷി അസാധ്യമാക്കുകയാണ്.

1997-98 കാലത്താണ് കേരളത്തിൽ നെല്ല് സംഭരണത്തിന് തുടക്കമായത്. ഫുഡ് കോർപറേഷൻഓഫ് ഇന്ത്യയുടെ ധാന്യ സംഭരണ പ്രക്രിയ പരിഷ്ക്കരിച്ചാണ് കേന്ദ്ര ഭക്ഷ്യ പൊതു മന്ത്രാലയം വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ടത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില നൽകുക, വിപണിയിൽ അരിയുടെ ലഭ്യതയും വിലനിയന്ത്രണവും ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
കേരളത്തിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ- സപ്ലൈകോ- ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് കരാറിലേർപ്പെട്ട മില്ലുകൾ വഴി സംഭരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സപ്ലൈകോ പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന അരി സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യത്തിന്റെ വിഹിതമായി കണക്കാക്കും.

സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാറാണ് നിശ്ചയിക്കുന്നത്. അതിൽ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന മിനിമം താങ്ങുവില.
രണ്ട്, സംസ്ഥാന സർക്കാർ നൽകുന്ന ഇൻസെന്റീവ് ബോണസ്. ഇപ്പോൾ കേരളത്തിൽ ഒരു കിലോ നെല്ലിന്റെ താങ്ങുവില 20.40 രൂപയാണ്, ഇൻസെന്റീവ് ബോണസ് 7.80 രൂപയും. 2022- 23 സീസണിൽ സർക്കാർ നിശ്ചയിച്ച തുക ഒരു കിലോ നെല്ലിന് 28.20 രൂപയാണ്.

Photo: Wikimedia Commons
Photo: Wikimedia Commons

സപ്തംബറിലാണ് നെല്ല് സംഭരണം തുടങ്ങിയത്. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണസംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞ് അതിന്റെ വിവരം പോർട്ടൽ വഴി അറിയിക്കുമ്പോൾ മാത്രമേ കേന്ദ്ര സർക്കാർ താങ്ങുവില അനുവദിക്കുകയുള്ളൂ. ഇതിന് ആറുമാസം വരെയെടുക്കും. കേന്ദ്രവിഹിതം ലഭിക്കുന്നതിലുള്ള താമസം മൂലം കർഷകർക്ക് നെല്ലിന്റെ വില യഥാസമയം നൽകാൻ കഴിയില്ല. അതുകൊണ്ട് സപ്ലൈകോ കർഷകർക്കായി ബാങ്ക് വായ്പ സൗകര്യപ്പെടുത്തിക്കൊടുക്കുന്നു. നെല്ല് നൽകിയ കർഷകർക്ക് അതിന്റെ രശീതി ബാങ്കിൽ ഹാജരാക്കിയാൽ അതിന്മേൽ ബാങ്ക് നെല്ലിന്റെ തുക വായ്പയായി നൽകും. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ കർഷകരുടെ പേരിലുള്ള ഈ വായ്പ അടച്ചുതീർക്കും.

കനറാബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയടങ്ങുന്ന ബാങ്ക് കൺസോർഷ്യമാകട്ടെ, സംസ്ഥാനത്തിനും കർഷകർക്കും അനുകൂലമായ നിലപാടെടുക്കുന്നതിൽ വിമുഖരാണ്.

എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം താങ്ങുവില നൽകുന്നത് താമസിപ്പിക്കുകയാണ്. 2018-19 മുതൽ 2022- 23 വരെ അഞ്ച് സാമ്പത്തികവർഷങ്ങളിൽ നെല്ലു സംഭരിച്ചതിന്റെ വിഹിതമായി കേന്ദ്രം 637 കോടി രൂപയാണ് നൽകാനുള്ളത്. 2018 മുതൽ നൽകാനുള്ള തുകയുടെ ഒരു ഭാഗം പിടിച്ചുവച്ചശേഷമാണ് കേന്ദ്രം തുക നൽകുന്നത്. നെല്ല് സംഭരണത്തിന്റെ ഓഡിറ്റ് ചെയ്ത കണക്ക് സംസ്ഥാനം കേന്ദ്രത്തിന് നൽകിയില്ല എന്ന കാരണം പറഞ്ഞാണ് നെല്ലുവിലയുടെ ഏഴു ശതമാനം കേന്ദ്രം തുക തടഞ്ഞുവച്ചത്. റേഷനരി വിതരണക്കണക്കിലെ വൈരുധ്യങ്ങളും മറ്റൊരു കാരണം. സപ്ലൈകോ സംഭരിക്കുന്ന നെല്ല് മില്ലുകൾ അരിയാക്കി റേഷൻകട വഴി വിതരണത്തിനെത്തിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക അനുവദിക്കുക. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തശേഷം അതിന്റെ കണക്കുകൾ ശരിപ്പെടുത്തുകയെന്നത് സാങ്കേതികപ്രക്രിയയാണെന്നും ഇതിലുണ്ടാകുന്ന സ്വഭാവികമായ കാലതാമസം കേന്ദ്രം തങ്ങളുടെ വിഹിതം നിഷേധിക്കാനുള്ള കാരണമാക്കി മാറ്റുകയുമാണ് എന്നാണ് കേരളം വിശദീകരിക്കുന്നത്.
ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ഡിപ്പോകളിൽ ഭക്ഷ്യവകുപ്പ് ഓഡിറ്റ് തുടങ്ങിയിട്ടുണ്ട്. 2018-നുശേഷമുള്ള ഓഡിറ്റ് പെട്ടെന്ന് പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

Photo: IRRI Photos
Photo: IRRI Photos

എന്നാൽ, സംസ്ഥാനത്തും പ്രതിസന്ധിയുണ്ട്. 2022 മെയ് മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോക്ക് നൽകിയിട്ടില്ല. 2022-23 സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയും മുഴുവനായി കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ കേന്ദ്ര കുടിശ്ശിക വന്നതോടെയാണ് സംഭരണം താളം തെറ്റിയത് എന്നാണ് സംസ്ഥാനം പറയുന്നത്. സംസ്ഥാനത്തിന് നീക്കിവക്കാൻ ഫണ്ടില്ലാത്തതുമൂലം സപ്ലൈകോക്ക് കർഷകരുടെ വായ്പ തിരിച്ചടക്കാൻ കഴിയുന്നില്ല. ഇതേതുടർന്ന് ബാങ്കുകൾ കർഷകർക്ക് വായ്പ കൊടുക്കാനും മടിക്കുന്നു. സപ്ലൈകോക്ക് ഫണ്ട് അനുവദിച്ച് താൽക്കാലികമായി ഈ പ്രശ്നം സംസ്ഥാന സർക്കാറിന് മറികടക്കാനാകുമെങ്കിലും, സാമ്പത്തിക പ്രതിസന്ധി മൂലം അതിനും കഴിയുന്നില്ല. കനറാബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയടങ്ങുന്ന ബാങ്ക് കൺസോർഷ്യമാകട്ടെ, സംസ്ഥാനത്തിനും കർഷകർക്കും അനുകൂലമായ നിലപാടെടുക്കുന്നതിൽ വിമുഖരുമാണ്. ബാങ്ക് കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്താണ് കർഷകർക്ക് സപ്ലൈകോ നെല്ലിന്റെ പണം നൽകുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടി രൂപയാണ്. ഇത് തിരിച്ചടക്കാതെ ഇനി വായ്പ നൽകാനാകില്ലെന്ന് ബാങ്ക് കൺസോർഷ്യം പറയുന്നു. കേന്ദ്രവിഹിതം കിട്ടാൻ വൈകിയതിനെതുടർന്നാണ് സപ്ലൈകോക്ക് ബാങ്കുകളിലെ കാർഷിക വായ്പ സമയത്തിന് അടച്ചുതീർക്കാൻ കഴിയാതായത്. സർക്കാറുമായുള്ള ചർച്ചയിലും കർഷകരുമായുള്ള ഇടപാടുകളിലും ബാങ്കുകളുടേത് നിഷേധാത്മക നിലപാടാണ്. നെല്ല് സംഭരിക്കുന്ന സമയത്ത് കർഷകർക്ക് നൽകുന്ന രശീതിന്മേൽ ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുമായിരുന്നു. ഇതിന്റെ പലിശ സർക്കാറാണ് നൽകുക. എന്നാൽ, നെല്ല് സംഭരിച്ചതിന്റെ രശീതി ഹാജരാക്കിയിട്ടും കർഷകർക്ക് ബാങ്കുകൾ വായ്പ നിഷേധിച്ചു.

നെല്ലിന്റെ വില സർക്കാർ കർഷകർക്ക് നേരിട്ടുനൽകാതെ ബാങ്ക് വായ്പയായി നൽകുന്നത് കർഷകരെ വട്ടം കറക്കുന്നുണ്ട്. സർക്കാർ പണം തിരിച്ചടച്ചില്ലെങ്കിൽ കുടിശ്ശിക തങ്ങളുടെ പേരിലാകുമെന്ന് കർഷകർ ഭയക്കുന്നു. കാരണം, നിശ്ചിത സമയത്തിനകം വായ്പ സർക്കാർ തിരിച്ചടച്ചില്ലെങ്കിൽ പലിശയടക്കം കർഷകർ തുക തിരിച്ചടക്കണമെന്ന ബാധ്യതാപത്രം ബാങ്കുകൾ ഒപ്പിട്ടുവാങ്ങുന്നുണ്ട്.

2022 മെയ് മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോക്ക് നൽകിയിട്ടില്ല.  / Photo: supplycokerala.com
2022 മെയ് മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോക്ക് നൽകിയിട്ടില്ല. / Photo: supplycokerala.com

സപ്ലൈകോക്ക് നൽകിയ 534.72 കോടി രൂപ കേരള ബാങ്കിന് കിട്ടാക്കടമാണ്. കടം തീർത്താൽ നെല്ലുവില വിതരണത്തിന് 1500 കോടി രൂപ നൽകാമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരള ബാങ്കുമായി ധാരണയിലെത്തണമെങ്കിൽ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ അനുമതി വേണം എന്നത് മറ്റൊരു പ്രതിസന്ധിയാണ്.

കർഷകർക്ക് യഥാസമയം പണം നൽകാനുള്ള സാമ്പത്തിക സംവിധാനം സപ്ലൈകോക്കുവേണ്ടി സജ്ജമാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് സ്ഥായിയായ പരിഹാരം അസാധ്യമാക്കുന്നു. ​കർഷകർക്ക് യഥാസമയം നെല്ലിന്റെ വില നൽകുക എന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമായി ഇനിയും മാറിയിട്ടില്ല.

2022- 23ൽ 2,76,615 കർഷകരാണ് സ​പ്ലൈകോയിൽരജിസ്റ്റർ ചെയ്തത്. 2,50,373 പേർക്ക് നെല്ല് സംഭരണ രശീതി നൽകി. ഈ സീസണിൽ ജൂലൈ 31 വരെ സപ്ലൈകോ 2.50 ലക്ഷം കർഷകരിൽനിന്ന് 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. 2,070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ ഇതുവരെ 1,820 കോടി രൂപ നൽകിയിട്ടുണ്ട്. 23,000 കർഷകർക്കാണ് പണം കിട്ടാനുള്ളത്.

സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കർഷകർ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

11 വർഷമായി സംസ്ഥാന വിഹിതമായി നൽകേണ്ട 1055 കോടി സപ്ലൈകോക്ക് നൽകിയിട്ടില്ല. ഇതിൽ 330 കോടി രൂപ ടേൺ റേഷ്യോ ഇനത്തിലുള്ളതാണ്. ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി എന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. 68 കിലോ അരി എന്നത് മില്ലുടമകൾ അംഗീകരിക്കുന്നില്ല. ഇതേതുടർന്ന് സപ്ലൈകോയുമായി പല മില്ലുകളും കരാർ ഒപ്പിടാൻ വിസമ്മതിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ, കേരളത്തിന്റെ കാലാവസ്ഥ കൂടി പരിഗണിച്ച് 64.5 കിലോ ആയി സംസ്ഥാന സർക്കാർ തിരുമാനിച്ചു. 3.5 കിലോയുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകുന്ന ധനവിഹിതമാണ് ഔട്ട് ടേൺ റേഷ്യോ. അനുപാതം താഴ്ത്തി നിശ്ചയിച്ച സംസ്ഥാന സർക്കാർ തീരുമാനം ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ഇതേതുടർന്ന് ഇ അനുപാതത്തിൽഅരി നൽകാൻ മില്ലുടമകളുമായി കരാറിലേർപ്പെടാൻ നിയമപരമായി കഴിയാതെ വന്നുവെന്നുമാണ് മന്ത്രി ജി.ആർ. അനിൽ പറയുന്നത്. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോക്ക് പണം നൽകാത്തതിനെതിരെ മന്ത്രിസഭായോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിലും കെ. കൃഷ്ണൻകുട്ടിയും ധനവകുപ്പിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേതുടർന്ന് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോക്ക് നൽകാനുള്ള 1055 കോടി രൂപയിൽ 200 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

Photo:PixHive
Photo:PixHive

സപ്ലൈകോ സംഭരണത്തിൽ പ്രതിസന്ധി പരിഹരിക്കാനാകാത്തതിനെതുടർന്ന് സപ്ലൈകോക്ക് ഒപ്പം സഹകരണസംഘങ്ങളിലൂടെയും നെല്ല് സംഭരിക്കാൻസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സഹകരണസംഘങ്ങൾ സംഭരിക്കുന്ന നെല്ല് മില്ലിൽ കൊണ്ടുപോയി അരിയാക്കി സപ്ലൈകോക്ക് കൈമാറും. നെല്ലിന്റെ വില ഉടൻ കർഷകർക്ക് നൽകുമെന്നാണ് സർക്കാർ പറയുന്നത്. മില്ലുകൾ വാടകക്കെടുത്താണ് സഹകരണസംഘങ്ങൾ നെല്ല് അരിയാക്കുക. ഇവയുടെ വില പിന്നീട് സപ്ലൈകോ സംഘങ്ങൾക്ക് കൈമാറും.

സ്വകാര്യ ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന സർക്കാർ തന്നെ നെല്ല് സംഭരിക്കുന്നതിലൂടെ കർഷകർക്ക്, അവരുൽപാദിപ്പിക്കുന്ന വിളവിന് ന്യായയുക്തമായ വില കിട്ടുക എന്നത് അവരുടെ അവകാശം കൂടിയാണ്.

എന്നാൽ, സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കർഷകർ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൻ തുക മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തികശേഷിയുള്ള സംഘങ്ങൾ കുറവാണ്. മാത്രമല്ല, സംഭരണത്തിനുള്ള തുക പ്രാഥമിക സഹകരണസംഘങ്ങൾക്ക് നൽകാൻ കേരള ബാങ്കിന് റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി ആവശ്യമാണ്. സംഭരിച്ചാൽ തന്നെ, നെല്ല് കേടുകൂടാതെ സൂക്ഷിക്കാനുള്ള ഗോഡൗണുകൾ അധികം സംഘങ്ങളിലുമില്ല.

സഹകരണ സംഘങ്ങൾ സജീവമായ പാലക്കാട് മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ തീരുമാനം നടപ്പാക്കാനിരിക്കേ, ഇവിടുത്തെ കർഷകർ തന്നെ ആശങ്കയുമായി രംഗത്തുണ്ട്. സഹകരണ ബാങ്ക് റീ പെയ്‌മെന്റ് സംവിധാനം എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കർഷകർ പറയുന്നത്. സഹകരണ സംഘങ്ങൾക്ക് നെല്ല് സംഭരിക്കാൻ ക്വാളിറ്റി കൺട്രോൾ അടക്കമുള്ള കാര്യങ്ങൾ ആവശ്യമാണ്. പാലക്കാടും വെച്ചൂരുമായി രണ്ട് മില്ലുകളാണുള്ളത്. സംഭരിക്കുന്ന നെല്ലിന്റെ നാലിലൊന്നുപോലും ഇവിടെ സംഭരിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും നെല്ല് സംഭരണം വൈകുമെന്ന ഭീതി കർഷകരിലുണ്ടാക്കിയിട്ടുണ്ട്. നെല്ല് സൂക്ഷിക്കാൻ ചെറുകിട കർഷകർക്ക് സംവിധാനമില്ലാത്തതിനാൽ ഇടനിലക്കാർ വന്ന് 18- 20 രൂപക്ക് വാങ്ങുകയാണ് ചെയ്യുന്നത്. കിട്ടിയ വിലയ്ക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരുമാകുന്നു.

പി. പ്രസാദ്, കാര്‍ഷിക വകുപ്പ് മന്ത്രി
പി. പ്രസാദ്, കാര്‍ഷിക വകുപ്പ് മന്ത്രി

സ്വകാര്യ ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന സർക്കാർ തന്നെ നെല്ല് സംഭരിക്കുന്നതിലൂടെ കർഷകർക്ക്, അവരുൽപാദിപ്പിക്കുന്ന വിളവിന് ന്യായയുക്തമായ വില കിട്ടുക എന്നത് അവരുടെ അവകാശം കൂടിയാണ്. എന്നാൽ, ഇപ്പോൾ നെല്ലിന്റെ വില വായ്പയായാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിൽ അടിസ്ഥാനപരമായ ഒരനീതിയുണ്ട്. സർക്കാറും ബാങ്കുകളും തമ്മിലുള്ള ഇടപാടുകളിലെ പ്രശ്‌നങ്ങൾ നേരിട്ട് ബാധിക്കുന്നത് കർഷകരെയാണ്. കേരളത്തിലെ നെൽകർഷകരിലേറെയും ചെറുകിട- നാമമാത്ര കർഷകരാണ്. അവർക്ക് തങ്ങളുടെ നെല്ലിന്റെ വില ആറുമാസം വരെ കുടിശ്ശികയാകുന്നത് ആലോചിക്കാൻ പോലുമാകാത്ത കാര്യമാണ്. കാരണം, നെൽകൃഷി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മഴ അടക്കമുള്ള കാലാവസ്ഥാ ഘടകങ്ങൾ എപ്പോൾ വേണമെങ്കിലും കനത്ത നഷ്ടമായി കർഷകരെ തുറിച്ചുനോക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങൾ കൂടി, സംഭരണക്കാര്യത്തിലെ പ്രതിസന്ധിക്കൊപ്പം ചർച്ച ചെയ്യപ്പെടണം. നെൽകർഷകരെ ബാങ്കുകളുടെ വായ്പക്കാരായി ‘പണയം’ വക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ, സമയത്ത് കർഷകർക്ക് പണം നൽകാൻ കഴിയുംവിധമുള്ള ഏജൻസിയാക്കി സപ്ലൈകോയെ മാറ്റേണ്ടതുണ്ട്. അതിന്, കുടിശ്ശിക വരാത്തവിധമുള്ള പ്രത്യേക ബഡ്ജറ്ററി നീക്കിയിരുപ്പുതന്നെയുണ്ടാകേണ്ടതുണ്ട്. മന്ത്രിസഭായോഗത്തിൽ ഭക്ഷ്യ- കൃഷി വകുപ്പുമന്ത്രിമാരും ധനമന്ത്രി​യും തമ്മിലുള്ള തർക്കത്തിനിരയാകാത്തതും ഉറപ്പുള്ളതുമായ ഒരു വകയിരുത്തൽ. ഭക്ഷ്യസുരക്ഷക്കുവേണ്ടിയുള്ള ഒരു നടപടിയുടെ കൂടി ഭാഗമായി ഈ ഫണ്ടിംഗിനെ കാണുകയും വേണം.


Summary: നെൽകർഷകരെ ബാങ്കുകളുടെ വായ്പക്കാരായി ‘പണയം’ വക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ, സമയത്ത് കർഷകർക്ക് പണം നൽകാൻ കഴിയുംവിധമുള്ള ഏജൻസിയാക്കി സപ്ലൈകോയെ മാറ്റേണ്ടതുണ്ട്.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments