പ്രതിസന്ധികൾ മനുഷ്യനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നു. നാളിതുവരെ കൊണ്ടുനടന്ന ശീലങ്ങൾ അതേപടി തുടരാൻ സാധിക്കുകയില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ പഴയ ശീലങ്ങൾ പുതുക്കിപ്പണിയാൻ അവർ തയ്യാറാകുന്നു. അതുവരെ പ്രതിസന്ധികളോട് നിഷേധാത്മക സമീപനം നിലനിർത്തുക തന്നെ ചെയ്യും. ലോകം ഇന്നെത്തിനിൽക്കുന്ന സുപ്രധാന പ്രതിസന്ധി വിതരണ ശൃംഖലകളുടെ (supply chain) ദൈർഘ്യം വർദ്ധിച്ചതാണെന്ന് നാം മനസ്സിലാക്കുന്നു.
ഉത്പാദനവും ഉപഭോഗവും സംഭവിക്കുന്നത് രണ്ട് ധ്രുവങ്ങളിലാണ് എന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായിട്ടാണ് സാമാന്യ സാമ്പത്തിക മാതൃകകളിൽ മനസ്സിലാക്കിയിരിക്കുന്നത്. അല്ലെങ്കിൽ അനുഭവിച്ച് വരുന്നത്. വിതരണ ശൃംഖലകളുടെ ദൈർഘ്യം കൂടുമ്പോൾ ആഭ്യന്തര മൊത്തോൽപാദനത്തിൽ വർദ്ധനവ് സംഭവിക്കുന്ന ഈയൊരു കൃത്രിമ വളർച്ചയ്ക്ക് താണ്ടാവുന്ന ദൂരം പരിമിതമാണെന്ന് പ്രതിസന്ധികൾ നമുക്ക് തെളിയിച്ച് തരുന്നു. ആഗോളതലത്തിൽ സഞ്ചാരങ്ങളും വ്യാപാരങ്ങളും നിശ്ചലാവസ്ഥയിലാകുന്ന ഘട്ടത്തിൽ അതിന്റെ കെടുതികൾ അനുഭവിക്കാൻ നാം ബാദ്ധ്യസ്ഥരാകുന്നു.
തീർച്ചയായും അതിന്റെ ഇരകൾ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരായിരിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഒരു ജനതയുടെ നിലനിൽപിന് ആധാരമായ വിഭവങ്ങളിന്മേൽ സ്വാശ്രയത്വം കൈവരിക്കാൻ കഴിയാതെ വരുമ്പോൾ പ്രതിസന്ധി ഘട്ടത്തിൽ ഒന്നുകിൽ പിടിച്ചുപറിക്കാരന്റെ റോളിലേക്കോ അല്ലെങ്കിൽ പ്രതിസന്ധിയുടെ ഇരകളായി മാറാനോ ആ ജനത വിധിക്കപ്പെടുന്നു. അതിനുള്ള നിരവധി ഉദാഹരണങ്ങൾ വർത്തമാന ലോകം നമുക്ക് കാണിച്ചുതരുന്നുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമെന്ന് പേരുകേട്ട അമേരിക്കയ്ക്ക് അവർക്കാവശ്യമായ ഔഷധങ്ങളോ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളോ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്ന വസ്തുത കൊറോണ പശ്ചാത്തലത്തിൽ ലോകമറിയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ യുദ്ധോപകരണങ്ങൾ കയറ്റി അയക്കുന്ന അമേരിക്കയ്ക്കാണ് കൊറോണാ വ്യാപനത്തിൽ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വന്നത്! ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മാസ്‌കുകൾ അമേരിക്കയിലേക്ക് വഴി തിരിച്ചുവിടുന്നതായി ജർമ്മനിയും സ്‌പെയിനും പരാതി പറയുന്നു. ജീവൻ രക്ഷാ ഔഷധങ്ങൾ നൽകാൻ ട്രംപിന് ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടിവരുന്നു. സർവ്വശക്തനെന്ന് അഭിമാനിക്കുന്ന അമേരിക്കൻ ഭരണകൂടം സഹായങ്ങൾക്കായി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നു.
അടിസ്ഥാന ഉപഭോഗ വസ്തുക്കളുടെ വിതരണ ശൃംഖലകളുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനെയാണ് നാമിതുവരെ ആഗോളവൽക്കരണം എന്ന് വിശേഷിപ്പിച്ചത്. ഈയൊരു തെറ്റായ ഉത്പാദന-ഉപഭോഗ മാതൃകകൾ വൈകാതെ വലിയ തിരിച്ചടികൾ നൽകുമെന്നുള്ള മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നു. ലോകത്തെ 40 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആഗോള സാഹചര്യങ്ങളെ മാറ്റിനിർത്തി കേരളത്തിലേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്തമല്ലെന്ന് കാണാം. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ അടിസ്ഥാന വിഭവങ്ങൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സംസ്ഥാനമാണ് നമ്മുടേത്. നിലനിൽക്കുന്ന 'ഇരപിടിയനെന്നോ' (predatory) 'പരാന്ന'(parasitic) മെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ് നാം.
എന്നാൽ ഇത്തരമൊരു സമ്പദ്‌വ്യവസ്ഥയുമായി ഏറെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന യാഥാർത്ഥ്യത്തെ ഏറെ വൈകാതെ അതിന്റെ എല്ലാ തീവ്രതയോടും കൂടി നാം അനുഭവിക്കാൻ പോകുകയാണ്. പ്രതിസന്ധി നമ്മെ വിഴുങ്ങാൻ പോകുന്നതിന് മുമ്പ് ബദൽ സാധ്യതകളെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നാം ആരംഭിക്കുമോ? എവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്? എന്താണ് നമുക്ക് മുന്നിലുള്ള മാതൃകകൾ? സ്ഥായിയായതും സ്വാശ്രയത്വത്തിലൂന്നിയതും ആയ ഉത്പാദന-വിനിയോഗ മാതൃകകൾ ലോകത്തെവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ?
ഈയൊരന്വേഷണം ഒരു പരിധിവരെയെങ്കിലും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് കരീബിയൻ ദ്വീപുസമൂഹങ്ങളിലെ ഒരു കൊച്ചു രാജ്യത്തേക്കാണ്. കൊറോണ വ്യാപനത്തിന് മുന്നിൽ ലോകം പകച്ച് നിന്നപ്പോൾ ഇറ്റലിയിലേക്ക് തങ്ങളുടെ ഡോക്ടർമാരുടെ സംഘത്തെ അയച്ചുകൊണ്ട് വിശ്വ മാനവികതയെ ഉയർത്തിപ്പിടിച്ച അതേ ക്യൂബയിലേക്ക്.
ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ആരോഗ്യ-ഗതാഗത മേഖലകളെയൊക്കെത്തന്നെ പുതുക്കിപ്പണിയാനും ക്യൂബ നിർബ്ബന്ധിതയായ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളെക്കൂടി മനസ്സിലാക്കിയാൽ മാത്രമേ പ്രതിസന്ധികളെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് മറികടക്കാനുള്ള അവരുടെ പ്രവർത്തനങ്ങളുടെ ആഴം ബോധ്യപ്പെടൂ.
ഒരു കോടിക്ക് മുകളിൽ ജനസംഖ്യയും കേരളത്തിന്റെ മൂന്നിരട്ടിയോളം വലിപ്പവുമുള്ള (വിവിധ ദ്വീപുകളിലായി) കരീബിയൻ ദ്വീപസമൂഹങ്ങളിലെ സുപ്രധാന രാജ്യമായ ക്യൂബ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിന് താഴെ അവർക്ക് പലവിധത്തിലുള്ള വെല്ലുവിളി ഉയർത്തിക്കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചത് 1959 ജനുവരി ഒന്നിന് ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സ്ഥാപനത്തോടെയാണ്.
ലോകം രണ്ട് ശാക്തിക ചേരികളിലായി വേർതിരിഞ്ഞ് നിന്നിരുന്ന ഈ കാലയളവിൽ സോവിയറ്റ് ബ്ലോക്കിലേക്കുള്ള ക്യൂബയുടെ ചായ്‌വ് വളരെ സ്വാഭാവികമായിരുന്നു. സോവിയറ്റ് സോഷ്യലിസ്റ്റ് റഷ്യയുടെ പിന്തുണയോടെ ക്യൂബൻ സമ്പദ്‌വ്യവസ്ഥ പുതുക്കിപ്പണിയാൻ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള അതോറിറ്റേറിയൻ ഭരണകൂടം പ്രവർത്തനങ്ങളാരംഭിച്ചു. ഉയർന്ന ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള കാർഷിക പരീക്ഷണങ്ങളും വ്യാവസായിക വികസനവും വളരെ ചെറിയൊരു കാലയളവുകൊണ്ടുതന്നെ രാജ്യത്തെ മാനവ വികസന സൂചിക ഉയർത്തി എന്നത് വസ്തുതയാണ്. ഉയർന്ന വിദ്യാഭ്യാസം, ആരോഗ്യമുള്ള പൗരന്മാർ, ഉയർന്ന ജീവിത നിലവാരം ഇവയൊക്കെയും ക്യൂബയുടെ സവിശേഷതകളായി മാറി.
ഈയൊരു വികസന മാതൃകകയിൽ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന് വ്യാവസായിക വളർച്ച സ്വാശ്രയത്വത്തെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടുള്ളതും സമ്പദ്‌വ്യവസ്ഥ കയറ്റുമതി-ഇറക്കുമതിയെ അടിസ്ഥാനമാക്കിയുള്ളതും ആയിരുന്നു എന്നതായിരുന്നു അത്. ക്യൂബയുടെ എണ്ണ ഇറക്കുമതിയുടെ 80ശതമാനവും സോവിയറ്റ് യൂണിയനിൽ നിന്നുള്ളതായിരുന്നു. ലോകത്തിന്റെ പഞ്ചസാരപ്പാത്രം എന്നറിയപ്പെട്ടിരുന്ന ക്യൂബ തങ്ങളുടെ പഞ്ചസാര കയറ്റിയയച്ചത് സോവിയറ്റ് യൂണിയനിലേക്കായിരുന്നു.
രാസവളങ്ങൾ, രാസകീടനാശിനികൾ, വൻകിട കാർഷിക യന്ത്രങ്ങൾ എന്നിവയെ പൂർണ്ണമായും ആശ്രയിച്ച് നിലനിന്നിരുന്ന ക്യൂബൻ സമ്പദ്‌വ്യവസ്ഥ യഥാർത്ഥത്തിൽ സമ്പൂർണ്ണ പരാശ്രിതത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ലോകരാഷ്ട്രീയം വലിയ മാറ്റങ്ങളില്ലാതെ തുടർന്നുപോയിരുന്നുവെങ്കിൽ ക്യൂബയ്ക്ക് തങ്ങളുടെ വികസന മാതൃക കുറച്ചുകാലം കൂടി തുടരാമായിരുന്നു. പക്ഷേ തൊണ്ണൂറുകളിൽ ആഗോള ശാക്തിക ചേരികളിൽ സംഭവിച്ച മാറ്റങ്ങൾ ക്യൂബൻ സമൃദ്ധിയെ ഒരു കടങ്കഥയാക്കി മാറ്റി.
സോവിയറ്റ് യൂണിയന്റെ തകർച്ച ക്യൂബയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സമ്പൂർണ്ണമായി ഇല്ലാതാക്കി. ഹൈഡ്രോ കാർബൺ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ക്യൂബൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പുകുത്താൻ ആറുമാസം തികച്ചുവേണ്ടിവന്നില്ല. വ്യവസായ ശാലകൾ, ഗതാഗത സംവിധാനങ്ങൾ, കാർഷിക ഉത്പാദനം എന്നിവ ചെറിയ കാലം കൊണ്ടുതന്നെ വൻ പ്രതിസന്ധിയിലകപ്പെട്ടു. 1992ൽ ക്യൂബയിലെ റോഡുകളിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ സമ്പൂർണ്ണമായി പിൻവലിക്കപ്പെട്ടു. ഭക്ഷ്യോത്പാദനത്തിൽ സംഭവിച്ച വൻതോതിലുള്ള ഇടിവ് കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് വർദ്ധിപ്പിച്ചു. ചരിത്രത്തിൽ നാളതുവരെ അനുഭവിച്ചിട്ടില്ലാത്ത തോതിലുള്ള ഭക്ഷ്യക്ഷാമം ക്യൂബയെ വേട്ടയാടാൻ തുടങ്ങി. ജീവൻരക്ഷാ ഔഷധങ്ങൾക്കടക്കം ക്ഷാമം നേരിട്ട ക്യൂബയ്ക്ക് തങ്ങളുടെ വികസന രീതികൾക്ക് ബദലുകൾ കണ്ടെത്തിയേ മതിയാകുമായിരുന്നുള്ളൂ. അതിന് അവർ കണ്ടെത്തിയ വഴികൾ ലോകജനതയ്ക്ക് തന്നെ മാതൃകയാകുന്നതാണ്.
ക്യൂബ നേരിട്ട എണ്ണ പ്രതിസന്ധി യഥാർത്ഥത്തിൽ വരാനിരിക്കുന്ന നാളുകളിലെ സൂചനകൾ തന്നെയാണ്. ലോകമെങ്ങും സംഭവിക്കാനിരിക്കുന്ന പീക്ഓയിൽ പ്രതിസന്ധി ദൈർഘ്യമേറിയ ഉത്പാദന-വിതരണ ശൃംഖലകളെ അടിസ്ഥാനപ്പെടുത്തി നിൽക്കുന്ന സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ക്യൂബൻ അനുഭവം നമുക്ക് കാണിച്ചുതരുന്നു. അതിൽ നിന്ന് കരകയറാൻ അവർ നടത്തിയ പരിശ്രമങ്ങളും നമുക്ക് പാഠമാകേണ്ടതാണ്.
രാജ്യത്തെ ഭക്ഷ്യക്ഷാമത്തിൽ നിന്നും കരകയറ്റാൻ, കാർഷിക മേഖലയിൽ സജീവമാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ക്യൂബൻ ഭരണകൂടം ചെയ്തത്. ജൈവ കാർഷിക രീതികളും, പരമ്പരാഗത കാർഷിക അറിവുകളും ഉപയോഗപ്പെടുത്താൻ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങൾ പോലും മുന്നോട്ടുവന്നു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ, ഉപഭോഗ കേന്ദ്രങ്ങൾ ഉത്പാദന ഉറവിടങ്ങളാക്കിക്കൊണ്ട് ഫുഡ് മൈലുകൾ കുറച്ചുകൊണ്ടുവരിക, നഗര കേന്ദ്രീകൃത പഴം-പച്ചക്കറി തോട്ടങ്ങൾ, മാലിന്യങ്ങളെ ജൈവവളങ്ങളായി പരിവർത്തിക്കൽ, പൊതു ഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കൽ, പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളിലേക്കുള്ള മാറ്റം, ആരോഗ്യ രക്ഷാ സംവിധാനങ്ങൾക്കായി പരമ്പരാഗത അറിവുകളെ ആശ്രയിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ക്യൂബ നടപ്പിലാക്കി. റഷ്യയിലെ എണ്ണ വരവിലുള്ള ഇടിച്ചിലും അമേരിക്കൻ ഉപരോധവും തകർത്ത ക്യൂബയെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചത് മേൽപ്പറഞ്ഞ വികസന നയവ്യതിയാനം തന്നെയായിരുന്നു.
വികേന്ദ്രീകൃതങ്ങളായ പദ്ധതിപ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്. നഗരങ്ങളുടെ മുക്കിലും മൂലയിലും പച്ചക്കറി-ഫലവർഗ്ഗ തോട്ടങ്ങൾ നിർമ്മിക്കുക എന്ന ആശയം വളരെ പെട്ടെന്നുതന്നെ പ്രയോഗത്തിൽ വരുത്തി, 1994 ആകുമ്പോഴേക്കും ഹവാനാ നഗരത്തിൽ മാത്രം 8000 കൃഷിയിടങ്ങൾ തയ്യാറാക്കപ്പെട്ടു. മുനിസിപ്പൽ മന്ദിരത്തിന്റെ മുൻഭാഗത്തുള്ള പൂന്തോട്ടം പച്ചക്കറിത്തോട്ടമായി പരിവർത്തിപ്പിക്കപ്പെട്ടു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും തങ്ങൾക്കാവശ്യമുള്ള പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാൻ തുടങ്ങി. 35,000 ഹെക്ടർ ഭൂമിയായിരുന്നു ഹവാന നഗരത്തിൽ മാത്രമായി കൃഷിത്തോട്ടമായി ഈ കാലയളവിൽ മാറ്റപ്പെട്ടപ്പെട്ടത്. പല തോട്ടങ്ങളുടെയും പ്രധാന നടത്തിപ്പുകാർ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന 55-60 വയസ്സിന് മുകളിലുള്ളവരായിരുന്നു. നഗര കൃഷിയിടങ്ങളിലെ വനിതാ സാന്നിദ്ധ്യം ഉയർന്നതായിരുന്നു. 1998ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് 5,41,000 ടൺ ഭക്ഷ്യവസ്തുക്കൾ ഹവാനയിലെ മാത്രം ഉപയോഗത്തിനായി അവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെടുകയുണ്ടായെന്നാണ്. നഗരങ്ങളിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിനാൽ വളരെ ശുദ്ധമായ പച്ചക്കറികളും ഫലവർഗ്ഗങ്ങളും നഗരവാസികൾക്ക് ലഭിച്ചുതുടങ്ങി. ശീതീകരണസംവിധാനങ്ങളുടെയും വൻതോതിലുള്ള ഗതാഗത സംവിധാനങ്ങളുടെയും ആവശ്യമില്ലാതായി. നഗരകേന്ദ്രീകൃതങ്ങളായ കൃഷിത്തോട്ടങ്ങൾ വർദ്ധിച്ചതോടൊപ്പം തന്നെ സമീപ പ്രദേശങ്ങളിലെ ഉത്പാദനവും ഗണ്യമായ തോതിൽ വർദ്ധിക്കുകയുണ്ടായി. ഉപയോഗിക്കപ്പെടാതെ കിടന്ന സ്ഥലങ്ങളും തരിശുഭൂമിയെന്ന് കരുതി തള്ളിക്കളഞ്ഞ പ്രദേശങ്ങളും ഒക്കെത്തന്നെ കൃഷിക്ക് ഉപയുക്തമാക്കാനാരംഭിച്ചു. ഭൂവിനിയോഗത്തിൽ ഭക്ഷ്യോത്പാദനത്തിന് മുന്തിയ പരിഗണന നൽകപ്പെട്ടു. കാർഷിക മേഖലയിലെ ഉത്പാദന വിജയത്തിന് കാരണമായ മറ്റൊരു ഘടകം കർഷക സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടതും ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ മധ്യസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള വില്പന സമ്പ്രദായം ആരംഭിച്ചതുമായിരുന്നു. ഭക്ഷ്യ ഉത്പാദന-വിനിയോഗ ശൃംഖലകളുടെ ദൈർഘ്യം കുറച്ചതോടുകൂടി രാജ്യത്തിന്റെ എണ്ണ ഉപഭോഗത്തിൽ വലിയൊരു ശതമാനം കുറവുവരുത്താൻ സാധിച്ചു.
കാർഷിക മേഖലയിൽ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ഇടപെടലും ഉപദേശങ്ങളും ഏതു സമയത്തും ലഭ്യമായിരുന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മുഴുവൻ ജനതയുടെയും പ്രശ്‌നമായി സ്വയം തിരിച്ചറിഞ്ഞത് പ്രതിസന്ധിയെ മറികടക്കാൻ സഹായകമായി. നഗരങ്ങളിലെമ്പാടുമായി ആരംഭിച്ച വിത്ത് വിതരണകേന്ദ്രങ്ങളിലൂടെ വിത്തുകൾ കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, കമ്പോസ്റ്റുകൾ, ജൈവ കീടനിയന്ത്രണണങ്ങൾ എന്നിവ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയത് ജനങ്ങൾക്ക് പ്രോത്സാഹജനകമായി അനുഭവപ്പെട്ടു. രാസവള-രാസ കീടനാശിനികൾക്ക് പകരം ജൈവ സംവിധാനങ്ങൾ ക്യൂബൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുക്കാൻ കൃഷിവകുപ്പ് തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു. പരമ്പരാഗത കാർഷിക അറിവുകൾ കണ്ടെത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും പ്രചരണം നൽകുകയും ചെയ്തു. ഇത് നഗരകേന്ദ്രീകൃത കൃഷിത്തോട്ടങ്ങൾ പൂർണ്ണമായും ജൈവരീതിയിലേക്ക് തിരിക്കുന്നതിന് സഹായിച്ചു. മാത്രമല്ല നഗരപരിധിയിൽ രാസ കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളും സർക്കാർ പാസാക്കി.
കാർഷിക മേഖലയിലെ ക്യൂബയുടെ നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കൃഷി സംഘടനയുടെ കണക്കനുസരിച്ച് 1994 നും 1998നും ഇടയിൽ കിഴങ്ങുവർഗ്ഗങ്ങളുടെയും വാഴപ്പഴങ്ങളുടെയും ഉത്പാദനത്തിൽ മൂന്നിരട്ടിയും പച്ചക്കറികളുടെ ഉത്പാദനത്തിൽ രണ്ടിരട്ടിയും വർദ്ധനവുണ്ടായി. 1999ൽ ഇത് വീണ്ടും ഇരട്ടിയായി മാറി. ഉരുളക്കിഴങ്ങിന്റെ ഉത്പാദനം 1994ൽ 1,88,000 ടണ്ണായി ഉയർന്നത് 1998ലെത്തിയപ്പോഴേക്കും 3,30,000 ടണ്ണായി മാറി. ബീൻസിന്റെ ഉത്പാദനത്തിൽ 60% വർദ്ധനവുണ്ടായപ്പോൾ നാരങ്ങകളുടെ ഉത്പാദനം 110% ആയി ഉയർന്നു. കാർഷിക മേഖലയിലെ ഈയൊരു കുതിച്ചു ചാട്ടം നഗരങ്ങളിലെ കുടിയേറ്റത്തിന് തടയിടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചുപോവുകയും തങ്ങളുടെ ഭൂമിയിൽ കാർഷിക വൃത്തികൾ ആരംഭിക്കുകയും ചെയ്തു.
കൃഷി ഭൂമിയിലെ പരീക്ഷണങ്ങൾക്ക് സഹായകമാകുന്ന മറ്റ് പ്രവർത്തനങ്ങളും ഒരേ സമയം നടക്കുകയുണ്ടായി. കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളും സർക്കാർ ഭാഗത്തു നിന്നുണ്ടായി. രാസവളങ്ങൾ ലഭ്യമല്ലാതായതോടെ ജൈവവളങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്തേണ്ട അവസ്ഥ സംജാതമായി. നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ ഏതാണ്ട് പൂർണ്ണമായും തന്നെ കമ്പോസ്റ്റായി മാറ്റാനുള്ളനീക്കങ്ങൾ നടത്തിയത് മറ്റൊരു ഗുരുതരമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി മാറി. പ്രശ്‌നങ്ങളെ അതിന്റെ സമഗ്രതയിൽ വീക്ഷിക്കുമ്പോൾ പല പ്രശ്‌നങ്ങളും സ്വയം പരിഹാരങ്ങളായി അവതരിക്കപ്പെടുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറി നഗരകേന്ദ്രീകൃത ജൈവവള നിർമ്മാണ ശാലകൾ. ജൈവമാലിന്യങ്ങൾ വേർതിരിച്ച് ജീർണ്ണിച്ചു പോകുന്ന വസ്തുക്കൾ മുഴുവൻ വളമായി മാറ്റാനുള്ള പരിശീലനം ജനങ്ങൾക്ക് നൽകപ്പെട്ടു. മണ്ണിര കമ്പോസ്റ്റിംഗ് പോലുള്ള വിഷയങ്ങളിൽ വ്യാപകമായി പരിശീലനം നൽകുകയും ഉറവിടത്തിൽ വെച്ചുതന്നെ മാലിന്യ നിർമ്മാർജ്ജനം നടത്താൻ തീരുമാനിക്കുകയും ചെയ്തത് ജൈവവളത്തിന്റെ ദൗർലഭ്യം പരിഹരിച്ചതോടൊപ്പം നഗര ശുചിത്വത്തിനും വഴിയൊരുക്കി. ക്യൂബൻ നഗരങ്ങളിൽ ആയിരക്കണക്കിന് കമ്പോസ്റ്റ്-മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശാലകൾ വ്യക്തിതലത്തിലും സഹകരണാടിസ്ഥാനത്തിലും സ്ഥാപിക്കപ്പെട്ടു.
വിഭവങ്ങളുടെ ലഭ്യതക്കുറവ് നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം വിഭവങ്ങൾ പാഴാക്കിക്കളയുന്നത് കുറക്കുക എന്നതാണെന്ന് തിരിച്ചറിയാൻ ഏറെക്കാലം വേണ്ടിവന്നില്ല. പുനരുപയോഗിക്കുവാൻ സാധ്യമാകുന്നവ ആ രീതിയിൽ ഉപയോഗപ്പെടുത്തിയും പുനഃചംക്രമണം സാധ്യമായവ അങ്ങിനെയും റിപ്പയർ ചെയ്‌തെടുക്കാൻ കഴിയുന്നവ അങ്ങിനെയും ഉപയോഗപ്പെടുത്തപ്പെട്ടപ്പോൾ മാലിന്യരഹിത സമൂഹം എന്നത് ക്യൂബയെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ പ്രയോഗതലത്തിൽ തന്നെ സാധ്യമായ കാര്യമാണെന്ന് തെളിയിക്കപ്പെട്ടു.
നഗര മാലിന്യങ്ങൾ ഉപയോഗയോഗ്യമായ കമ്പോസ്റ്റാക്കി മാറ്റിയതോടെ അത്ഭുതകരമായ മറ്റൊരു കാര്യം കൂടി സംഭവിച്ചു. രോഗവ്യാപനത്തിന് കാരണമാകുന്ന ഈച്ച, കൊതുക് മറ്റ് ജീവികൾ എന്നിവയുടെ വളർച്ചയിൽ വൻ ഇടിവ് സംഭവിച്ചു. പല തരത്തിലുള്ള സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ഇത് സഹായിച്ചു. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും ജനങ്ങളുടെ ആരോഗ്യാവസ്ഥകളിൽ മാറ്റം സൃഷ്ടിച്ചു. ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കപ്പെടുന്ന തുകകളിൽ വൻതോതിലുള്ള വെട്ടിക്കുറവ് സംഭവിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വരവ് നിലച്ചത് ക്യൂബയുടെ ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുത്താൻ ഭരണകൂടത്തെ പ്രേരിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും പൊതുഗതാഗത സംവിധാനം ശക്തമാക്കാനും തീരുമാനമായി. സൈക്കിളുകൾ പോലുള്ള വാഹനങ്ങൾക്ക് പ്രിയമേറി. 1992 കാലയളവിൽ മാത്രം 2 ലക്ഷം സൈക്കിളുകളാണ് ക്യൂബൻ സർക്കാർ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തത്. പൊതുഗതാഗതങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പുതിയ രീതിയിൽ പരിഷ്‌കരിച്ചു. 200 പേർക്ക് വരെ ഇരുന്ന് പോകാവുന്ന ക്യൂബയുടെ 'കാമെല്ലോൺ' ആഗോള ശ്രദ്ധനേടി. ഹ്രസ്വദൂര യാത്രകൾക്ക് സൈക്കിളുകളും റിക്ഷകളും മാത്രം മതിയെന്ന് നിഷ്‌കർഷിക്കപ്പെട്ടു. കഴുതകളും കോവർ കഴുതകളും വലിക്കുന്ന റിക്ഷകളും ക്യൂബയിലെ ചെറുനഗരങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
പ്രതിസന്ധി പരിഹരിക്കാൻ ക്യൂബ കണ്ടെത്തിയ ജൈവവഴികൾ ആഗോള സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണ്. വികേന്ദ്രീകൃത ഉത്പാദനവും ജൈവരീതികളും സഹകരണ സംഘങ്ങളും ഉൾപ്പെടുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച അന്വേഷണങ്ങളാണ് പൊതുവിൽ ജനസാമാന്യത്തിന്റെ പുരോഗതിക്ക് സഹായകമാകുകയുള്ളൂ എന്ന് ക്യൂബൻ പരീക്ഷണം തെളിയിക്കുന്നു. സ്വാശ്രയത്വം, നിർമ്മാണാത്മക പ്രവർത്തനങ്ങൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നീ ആശയങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പെ തന്നെ ഇന്ത്യൻ സാഹചര്യത്തിൽ ഉയർന്നുവന്നവയായിരുന്നു. ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വികസന രീതികളാണ് അവലംബിക്കേണ്ടതെന്ന് ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നതും ഓർമ്മിക്കപ്പെടേണ്ട സംഗതിയാണ്.
ഭക്ഷ്യ പ്രശ്‌നമടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ക്യൂബ സ്വീകരിച്ച വഴികളെ പ്രശംസിക്കുമ്പോഴും ക്യൂബയെ ഒരു മാതൃകയായി സ്വീകരിക്കാൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ ഉയർന്നുവന്ന പരീക്ഷണങ്ങളെ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലങ്ങളുള്ള പ്രദേശങ്ങളിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്നത് ഔചിത്യമായിരിക്കില്ല എന്നത് കൂടി ഓർമ്മിക്കേണ്ടതുണ്ട്. ജനാധിപത്യത്തോടുള്ള ഭരണകൂട സമീപനം തൊട്ട് നിരവധി വിഷയങ്ങൾ അവിടെ സംവാദ വിഷയമാകേണ്ടതുണ്ട്.
'A model which is not sustainable is a tragedy', കേരള മോഡലിനെ സംബന്ധിച്ച ഒരു ചർച്ചയിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ ഡോ.എം.എ.ഉമ്മൻ നടത്തിയ ഈ പ്രസ്താവന വളരെ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ട അവസരമാണിത്. ഉത്പാദന മേഖലയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞുകൊണ്ട് സാമൂഹ്യ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസന മാതൃകകൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെന്തായിരിക്കും എന്ന് കാട്ടിത്തരുന്നതാണ് ക്യൂബൻ പ്രതിസന്ധി. അവയെ നേരിടാൻ അവർ സ്വീകരിച്ച വഴികൾ ഒരു പരിധിവരെ വിജയിച്ചുവെന്ന് പറയാമെങ്കിലും സ്ഥായിത്വത്തെയും നീതിയെയും സംബന്ധിച്ച പൂർണ്ണ ബോദ്ധ്യത്തിൽ നിന്നുകൊണ്ടുള്ളതായിരുന്നില്ല ക്യൂബൻ പരീക്ഷണമെന്ന വിമർശനത്തെയും ഉൾക്കൊള്ളാൻ നമുക്ക് സാധിക്കേണ്ടതാണ്.
ഭക്ഷ്യോത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക മുന്നേറ്റങ്ങൾ കേരളത്തിലും സാധ്യമാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധിയെ നേരിടാൻ ജനങ്ങൾ കൃഷി ചെയ്യേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായൊരു മുന്നേറ്റമായി വളർത്തിയെടുക്കേണ്ടതുണ്ട്. സമീപഭാവിയിൽ തന്നെ ഇതൊരു ജനകീയ മുന്നേറ്റമായി മാറുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ സ്വാശ്രയത്വത്തെയും സ്ഥായിത്വത്തെയും സംബന്ധിച്ച ആശയങ്ങൾ സമഗ്രമാകുന്നത് നീതിയിലധിഷ്ഠിതമാകുമ്പോൾ മാത്രമാണ്. ഭൂമിക്ക് മേലുള്ള അടിസ്ഥാന വിഭാഗങ്ങളുടെ അധികാരം അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ കാർഷിക മേഖലയിലെയും ഭക്ഷ്യമേഖലയിലെയും സ്വാശ്രയത്വം സാധ്യമാകുകയുള്ളൂ. ഭൂപരിഷ്‌കരണ നടപടികളിൽ നിന്ന് പുറത്താക്കപ്പെട്ട ആദിവാസി-ദളിത് വിഭാഗങ്ങളുടെ ഭൂമിക്ക് മേലുള്ള അധികാരം പുനഃസ്ഥാപിച്ചുകൊണ്ടു മാത്രമേ സുസ്ഥിരതയിലൂന്നിയ പുരോഗതി സാധ്യമാക്കാൻ കഴിയുകയുള്ളൂ. മറിച്ചുള്ളതെല്ലാം തൊലിപ്പുറത്തെ ചികിത്സകൾ മാത്രമായിരിക്കും.