നുണക്കഥകളെയും കെണികളെയും അതിജീവിച്ച സമരം

2017 ജൂൺ ആറിനായിരുന്നു തങ്ങളുടെ വിളകൾക്ക് ന്യായവില ലഭിക്കണമൊവശ്യപ്പെട്ട് കർഷക സംഘടനകൾ ചേർന്ന് മധ്യപ്രദേശിലെ മാൻഡ്സോർ ജില്ലയിൽ പ്രക്ഷോഭം ആരംഭിച്ചത്. സമാധാനപൂർവ്വം സമരം ചെയ്ത കർഷകർക്കുനേരെ പൊലീസ് വെടിവെപ്പ് നടത്തുകയും ഏഴോളം കർഷകർ കൊല്ലപ്പെടുകയും ചെയ്തു. കർഷകർക്കെതിരെ വെടിവെപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുന്ന നടപടികളായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാൻ സ്വീകരിച്ചത്. മാൻഡ്സോറിൽ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിച്ചുവെങ്കിലും അവർ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിര സ്വഭാവമുള്ളതും കർഷകരെ സംബന്ധിച്ചിടത്തോളം മാറ്റിവെക്കാൻ സാധിക്കാത്തതുമായിരുന്നു. എന്നാൽ ഇന്ത്യൻ കാർഷിക പ്രശ്നത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പകരം കാർഷികമേഖല പൂർണമായും വൻകിട, സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിന് കീഴിലാക്കുന്ന നടപടികളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സ്വീകരിച്ചത്.

കാർഷികവിളകൾക്ക് ന്യായവില ലഭ്യമാക്കുമെന്നും അഞ്ച് വർഷങ്ങൾക്കകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള മിനിമം സഹായ വില നൽകുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദിയുടെ കാലത്ത് കർഷക ആത്മഹത്യകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. പ്രതിവർഷ കർഷക ആത്മഹത്യകളുടെ എണ്ണം 17,000ത്തിൽ നിന്ന് 22,000 വരെയായി ഉയർന്നതോടെ സ്ഥിതിവിവരക്കണക്കുകൾ പൂഴ്ത്തിവെക്കുക എന്നതായി കേന്ദ്ര സർക്കാരിന്റെ നയം. നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് 2017-ൽ കേന്ദ്ര സർക്കാർ വൈകിപ്പിക്കുക, ആത്മഹത്യകൾക്ക് പിന്നിലുള്ള കാരണങ്ങളെ വർഗീകരിച്ച് പട്ടിക തിരിക്കുന്ന രീതികൾ മാറ്റിമറിക്കുക തുടങ്ങിയവയായിരുന്നു മോദി തന്ത്രങ്ങൾ. വിവിധ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് 2018 ജനുവരി 30-ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ഡയറക്ടറായിരുന്ന പി.സി.മോഹനനും അംഗമായ ജെ.വി.മീനാക്ഷിയും അവരുടെ പദവികൾ രാജിവെക്കുന്നതിലേക്ക് വരെ കാര്യങ്ങൾ ചൈന്നത്തി.

ഇന്ത്യയിലെ ഒരൊറ്റ കർഷക സംഘടനകളുമായും ചർച്ച ചെയ്യാതെ, കേന്ദ്ര സർക്കാർ, 2020 സെപ്തംബർ മാസത്തിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും ഇന്ത്യയുടെ ഓരോ കർഷകനുമുള്ള മരണവാറണ്ടാണെന്ന് തിരിച്ചറിഞ്ഞ കർഷകർ ആരംഭിച്ച പ്രക്ഷോഭങ്ങളെ പല രീതിയിൽ സ്വാധീനിക്കാനും അവഹേളിക്കാനും കായികമായി ആക്രമിക്കാനും തമസ്‌കരിക്കാനും അവഗണിക്കാനും കേന്ദ്ര സർക്കാരും ബി.ജെ.പി.യും നടത്തിയ ശ്രമങ്ങൾ ലോകം കാണുകയുണ്ടായി.

സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച സെപ്തംബർ 27-ന്റെ ഭാരതബന്ദിന് അഭൂതപൂർവമായ പിന്തുണയാണ് രാജ്യമെങ്ങും ലഭിച്ചത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ട്രേഡ് യൂണിയനുകളും കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തെ 84ഓളം വരുന്ന ദേശീയപാതകളും റെയിൽ ഗതാഗതവും സമ്പൂർണമായും നിലച്ചു. അഞ്ഞൂറോളം വരുന്ന നഗരങ്ങൾ പൂർണമായും നിശ്ചലമായി. ഗവൺമെന്റിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ഗ്രാമീണ മേഖലകൾ പോലും കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് ബന്ദിൽ ഭാഗഭാക്കായി.
കർഷകബന്ദിന്റെ വിജയം സർക്കാരിനെ വിറളിപിടിപ്പിച്ചുവെന്ന സത്യം പിന്നീടുള്ള ദിനങ്ങളിൽ കൂടുതൽ പ്രകടമാകാൻ തുടങ്ങി. ഒക്ടോബർ ഒന്നിന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ഔദ്യോഗിക വസതി ഉപരോധിച്ച കർഷകർക്ക് നേരെ ബി.ജെ.പി. ഭരണകൂടം പ്രയോഗിച്ചത് മലിനജലം നിറച്ച ജലപീരങ്കിയായിരുന്നു. സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി. ഭരണകൂടവുമാണ് ചരിത്രത്തിലാദ്യമായി പ്രക്ഷോഭകാരികൾക്കു നേരെ മലിനജല പ്രയോഗം നടത്തിയത്.

നുണക്കഥകളും ചതിക്കെണികളും

കർഷക സമരത്തിന് ദേശീയതലത്തിൽ നാൾക്കുനാൾ പിന്തുണയേറി വരുന്നത് തിരിച്ചറിഞ്ഞ സർക്കാർ വിവിധ പ്രചരണ തന്ത്രങ്ങളുമായി വീണ്ടും രംഗത്തിറങ്ങി. ഏതാനും കാർഷികവിളകൾക്ക് 2022-23 കാലയളവിലേക്കുള്ള മിനിമം സഹായ വില പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യനീക്കം. ഗോതമ്പ്, ബാർളി, കടല, മസൂർ ദാൽ, കടുക് തുടങ്ങിയ വിളകൾക്കുള്ള എം.എസ്.പി. പ്രഖ്യാപിച്ചുകൊണ്ട് മുൻവിലയിൽ നിന്ന് 1.5% മുതൽ 5% വരെ വർധനവ് തങ്ങൾ നൽകിയിരിക്കുകയാണെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഈ കാലയളവിലെ പണപ്പെരുപ്പത്തോത് ആറ് ശതമാനമാണെന്ന യാഥാർഥ്യത്തെ കണക്കുകളിൽ നിന്നു മറച്ചുപിടിക്കാൻ സർക്കാരിന് കഴിയുമെങ്കിലും പണപ്പെരുപ്പത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിലും പൊറുതിമുട്ടിയ കർഷകരെയും സാധാരണ ജനങ്ങളെയും കബളിപ്പിക്കാൻ സാധ്യമല്ലെന്ന് വൈകാതെ തന്നെ അവർ തിരിച്ചറിഞ്ഞു. അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും കർഷകർ ഓരോന്നായി ചൂണ്ടിക്കാണിക്കാൻ തുടങ്ങി. സർക്കാർ മണ്ഡികൾ പോലും കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച മിനിമം സഹായവിലയ്ക്ക് വിളവുകൾ സംഭരിക്കാൻ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവുകളുമായി കർഷകർ രംഗത്തെത്തി. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയിൽ ബനാപൂർ മണ്ഡിയിൽ ഒരു ക്വിന്റൽ ചോളത്തിന് കർഷകർക്ക് ലഭിച്ചത് കേവലം 1096 രൂപമാത്രമായിരുന്നു. എന്നാൽ ചോളത്തിന് കേന്ദ്ര ഗവൺമെന്റ്?പ്രഖ്യാപിച്ച മിനിമം സഹായ വില ക്വിന്റലിന് 1870 രൂപയായിരുന്നു. ഒരു ക്വിന്റലിൽ മാത്രം കർഷകന് നഷ്ടമായത് 774 രൂപ! സർക്കാർ മണ്ഡികളിന്മേലുള്ള കർഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ സംഘപരിവാർ ഭരണകൂടങ്ങൾ ആരംഭിച്ചതിന്റെ തെളിവുകൂടിയാണിത്. അതോടൊപ്പം തന്നെ മിനിമം സഹായവില എന്നത് നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകളുടെ ആവശ്യത്തിന് പിന്നിലുള്ള കാരണമെന്താണെന്നും ഇത് കാണിച്ചുതരുന്നു.
മാൻഡ്സോറിൽ നിന്ന് ഖേരിയിലെത്തുമ്പോൾ മുന്നൂറിലധികം ദിവസങ്ങളായി ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടയിൽ 609 കർഷകർക്ക് ജീവൻ വെടിയേണ്ടിവന്നു. ഈ കാലയളവിലെല്ലാം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. നേതാക്കൾക്കും മന്ത്രിമാർക്കും പൊതുയോഗങ്ങളിലടക്കം പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. കർഷക പ്രക്ഷോഭകരെ ഭയന്ന മനോഹർലാൽ ഖട്ടറിനും ദുഷ്യന്ത് ചൗട്ടാലയ്ക്കും പലതവണ തങ്ങളുടെ ഹെലികോപ്റ്റർ താഴെയിറക്കാൻ കഴിയാതെ വന്നു. ബി.ജെ.പി. സംസ്ഥാന - ജില്ലാ നേതാക്കൾക്ക് ഗ്രാമങ്ങളിൽ വിലക്കുകൾ നേരിടേണ്ടി വന്നു.

ഏറ്റവും ഒടുവിൽ ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ തികുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരു മന്ത്രിപുത്രന്റെ കാർ ഓടിച്ചുകയറ്റിയതും 10 പേർ കൊല്ലപ്പെട്ടതുവരെയുള്ള സംഭവങ്ങൾ ബി.ജെ.പിയുടെ കർഷക വിദ്വേഷത്തിന്റെ തെളിവുകളാണ്.

അധികാരത്തിന്റെയും മാധ്യമ പിന്തുണയുടെയും ബലത്തിൽ എന്തുമാകാമെന്ന സംഘപരിവാർ ധാർഷ്ട്യത്തിന് കർഷകർ കനത്ത തിരിച്ചടി നൽകി. തികുനിയയിൽ നടന്ന അതിദാരുണമായ കൊലപാതകത്തിന് ഉത്തരം പറയാതെ വിടില്ലെന്ന കർഷകരുടെ പ്രഖ്യാപനത്തിനു മുന്നിൽ ആദ്യമായി യോഗി ആദിത്യനാഥിന് മുട്ടുമടക്കേണ്ടി വന്നു. മാധ്യമങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സംഭവം സന്ദർശിക്കുന്നതിൽ നിന്ന്? തടയാൻ സർക്കാരിന് സാധിച്ചുവെങ്കിലും രാജ്യം ഒന്നാകെ ബി.ജെ.പി മന്ത്രിമാരുടെ ഈ ക്രൂരപ്രവൃത്തിയെ അപലപിച്ച് മുന്നോട്ടുവന്നതോടെ തികുനിയ സംഭവത്തിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഉത്തർപ്രദേശ് ഭരണകൂടത്തിന് തയ്യാറാകേണ്ടി വന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപയും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകാൻ സർക്കാർ സമ്മതിച്ചു. അതോടൊപ്പം, ആരോപണ വിധേയരുടെ മേൽ എ.ഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യാനും സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും തയ്യാറായതോടെ മാത്രമാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും അന്ത്യകർമ്മങ്ങൾക്കുമായി വിട്ടുനൽകാൻ കർഷകർ തയ്യാറായത്.

കർഷക പ്രക്ഷോഭത്തിനു മുന്നിൽ സംഘപരിവാരങ്ങളുടെ എല്ലാ കുതന്ത്രങ്ങളും തകർന്നടിയുന്ന കാഴ്ചകളാണ് പത്ത് മാസമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പശ്ചിമബംഗാളിലും ബി.ജെ.പി.യുടെ അധികാരമോഹത്തിന് തടയിടാൻ കർഷകർക്ക് സാധിച്ചു. 'ഗോദി മീഡിയ'യുടെയും ബി.ജെ.പി. ഐ.ടി. സെല്ലിന്റെയും വാട്സ്ആപ് ആർമിയുടെയും കള്ളപ്രചാരണങ്ങളെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു.

2022-ൽ നടക്കാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പിൽ ആദിത്യനാഥിന്റെ രണ്ടാംവരവിനെ അനിശ്ചിതത്വത്തിലാക്കാൻ മാത്രം കർഷകരോഷം വ്യാപകമായിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനമെങ്ങും. കർഷക സംഘടനകളുടെ 'മിഷൻ യു.പി.' പ്രഖ്യാപനത്തെ ഭീഷണിയായിത്തെയാണ് ബി.ജെ.പി കണക്കാക്കുത്. ഒരുതരത്തിലും കർഷക ശക്തിയെ അവഗണിക്കാൻ കഴിയില്ലെന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ കൂടുതൽ തെളിമയോടെ മനസ്സിലാക്കിയപ്പോഴാണ് മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.

2021 ഒക്ടോബർ 5 ന് കെ.സഹദേവൻ തിങ്കിൽ എഴുതിയ ലേഖനത്തിൻറെ എഡിറ്റഡ് വേർഷൻ


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments