""ഞങ്ങൾ സംസാരിക്കാൻ പഠിച്ചിരിക്കുന്നു''. 2018 ജൂൺ 1 മുതൽ 10വരെ ഇന്ത്യയിലെ ഏഴോളം സംസ്ഥാനങ്ങളിൽ നടന്ന കർഷക ബന്ദിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോൾ രാഷ്ട്രീയ കിസാൻ സമന്വയ് സമിതിയുടെ വിവേകാനന്ദ് മാഥ്‌നേയുടെ പ്രതികരണമായിരുന്നു ഇത്. നെടുങ്കൻ റാലികളും, പാർലമെന്റ്-നിയമസഭ എന്നിവയ്ക്ക് മുന്നിലുള്ള കുത്തിയിരിപ്പുകളും, പട്ടിണി സമരവും, വഴിതടയലും അടക്കമുള്ള നിരവധി സമരമാർഗ്ഗങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെമ്പാടും നടന്നിട്ടും, ദശലക്ഷക്കണക്കിന് കർഷകർ സമരരംഗത്ത് ഉറച്ചുനിന്നിട്ടും അവയോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാതെ, ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയോടും, മഹാഭാരത യുദ്ധകാലത്തെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന മന്ത്രിമാരോടും ഏതുഭാഷയിലാണ് സംസാരിക്കേണ്ടതെന്ന ആലോചനകൾക്കൊടുവിലാണ് കാർഷിക ഉത്പന്നങ്ങളുടെ നഗരങ്ങളിലേക്കുള്ള ഒഴുക്കിന് തടയിട്ടുകൊണ്ട് ഗ്രാമീണ കർഷക ബന്ദിന് ആഹ്വാനം ചെയ്യാൻ രാഷ്ട്രീയ കിസാൻ മഞ്ച് തീരുമാനിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ ഏഴോളം സംസ്ഥാനങ്ങളിലെ 170ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഞ്ചിന്റെ മുൻകൈയ്യിൽ നടന്ന കർഷക ബന്ദ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെയെങ്കിലും കാര്യമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാൽ, പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ കൂടാതെ മുട്ട, മാംസം എന്നിവയുടെ വില്പനയും നിർത്തിവെച്ചുകൊണ്ടായിരുന്നു കർഷകർ പ്രതികരിച്ചത്. ഗ്രാമീണ ബന്ദ് ആരംഭിച്ച് മൂന്ന് നാൾക്കകം തന്നെ കാർഷിക ഉത്പന്നങ്ങളുടെ വില വിപണിയിൽ വാണം പോലെ കുതിച്ചുയരാൻ തുടങ്ങി. പാൽ-പച്ചക്കറികളുടെ അഭാവം വിപണിയിൽ കാര്യമായി അനുഭവപ്പെടാൻ കർഷക സമരം കാരണമായി. മുമ്പ് പ്രഖ്യാപിച്ചതനുസരിച്ച് പത്ത് ദിവസത്തെ സമരത്തിന് ശേഷം കർഷകർ സ്വമേധയാ സമരം പിൻവലിക്കുകയായിരുന്നു.
വിപണി ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരം, തങ്ങളുടെ സമരശേഷി സ്വയം തിരിച്ചറിയാനുള്ള നടപടിയായിട്ടാണ് കർഷകർ വിലയിരുത്തുന്നത്. കർഷകർക്കിടയിലെ ഐക്യത്തിന്റെ ദൃഢത അളക്കാനും ദേശീയതലത്തിൽ ഉയർന്നുവരേണ്ട പ്രതിഷേധത്തെ സംഘടിതരൂപത്തിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത സ്വയം കർഷകരെ ബോദ്ധ്യപ്പെടുത്താനും ഈ ഗ്രാമീണ ബന്ദ് കൊണ്ട് സാധിച്ചുവെന്ന് കർഷക നേതാക്കൾ ഉറപ്പിച്ചുപറയുന്നു. ഒരു സമൂഹത്തിന് ഒന്നാകെ അന്നം നൽകാനുള്ള മഹത്തായജ്ഞത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ മാത്രം മൂന്ന് ലക്ഷത്തോളം കർഷകരെയാണ് കർഷക സമൂഹത്തിന് ബലിയർപ്പിക്കേണ്ടി വന്നത്. കടത്തിൽ മുങ്ങി ജീവിതം തള്ളി നീക്കുന്ന കർഷകരുടെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ, മുഖംതിരിച്ചുനിൽക്കുന്ന അധികാരികളോട് ഭാവിയിൽ ഏത് ഭാഷയിലാണ് കർഷകർ സംസാരിക്കാൻ പോകുന്നതെന്നതിന്റെ സൂചനകൂടിയാണ് പത്ത് ദിവസത്തെ ഗ്രാമീണ കർഷക ബന്ദ്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറുകിട കർഷകരുടെ കൊച്ചുകൊച്ചു സംഘടനകൾ ചേർന്നുള്ള വിശാല സഖ്യങ്ങളാണ് ഇപ്പോൾ പ്രക്ഷോഭരംഗത്ത് സജീവമായി നിൽക്കുന്നതെന്ന് കർഷക സമരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും. മഹാരാഷ്ട്രയിൽ നടന്ന ലോംഗ് മാർച്ചിലും കിസാൻ സഭയെക്കൂടാതെ 135ഓളം ചെറുകർഷക സംഘടനകൾ ആവേശകരമായി രീതിയിൽ തന്നെ പങ്കാളിത്തം വഹിച്ചിരുന്നു. കാർഷിക കടം എഴുതിത്തള്ളുന്നതുപോലുള്ള വിഷയങ്ങളും രാസവള-കീടനാശിനി സബ്‌സിഡികൾ സംബന്ധിച്ച വിഷയങ്ങളും പ്രായോഗികതലത്തിൽ വൻ കർഷകർക്ക് ഗുണം ലഭിക്കുന്ന കാര്യമാണ്. കാരണം കാർഷിക കടങ്ങളിൽ ഏതാണ്ട് പാതിയോള(42%)വും അനൗദ്യോഗിക സ്ഥാപനങ്ങളിൽ നിന്നോ, വട്ടിപ്പലിശക്കാരിൽ നിന്നോ ആണ് ചെറുകിട കർഷകർ സ്വീകരിക്കാറ്. ബാങ്കുകൾ ആവശ്യപ്പെടുന്ന കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ സാധിക്കാത്ത വിധത്തിൽ 82-83% വും 0.4മുതൽ 2 ഹെക്ടർ വരെ മാത്രം ഭൂമിയുള്ള ചെറുകിട കർഷകരാണ് അവരിൽ പലരും. അതുകൊണ്ടുതന്നെ കാർഷികാവശ്യത്തിന് പണം ആവശ്യംവരുമ്പോൾ ആയാസരഹിതമായി കടം ലഭിക്കുന്ന സ്വകാര്യ ഇടപാടുകാരെ സമീപിക്കുവാൻ അവർ നിർബ്ബന്ധിതരാകുന്നു. സർക്കാർ എഴുതിത്തള്ളുന്ന കടങ്ങൾ പൂർണ്ണമായും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവയാണ് എന്നതുകൊണ്ടുതന്നെ കടം എഴുതിത്തള്ളുന്നതിന്റെ ഗുണഫലം പകുതിയോളം വരുന്ന കർഷകർക്ക് ലഭിക്കാറില്ല. അതുകൂടാതെ, ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത ചെറുകിട കർഷകരിൽ വലിയൊരു ഭാഗം മുതലിന്റെ വലിയൊരു ഭാഗം തിരിച്ചടച്ച് കഴിഞ്ഞിട്ടുണ്ടാകും. കടം എഴുതിത്തള്ളൽ പ്രഖ്യാപനം വരുമ്പോഴും ചെറിയ തുകമാത്രമേ അവരുടെ കടമായി അവശേഷിക്കുന്നുണ്ടാകൂ. ഈ തുകയാണ് എഴുതിത്തള്ളിയതായി സർക്കാർ പ്രഖ്യാപിക്കുന്നത്. (ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്ത ഉടൻതന്നെ നടത്തിയ കടം എഴുതിത്തള്ളൽ പരിപാടിയിൽ വെച്ച് ഒരു രൂപയടക്കമുള്ള ചെറുതുകകളുടെ ചെക്ക് നൽകിയ വാർത്തക്ക് പിന്നിലെ വസ്തുത ഇതാണ്). ഫലത്തിൽ ചെറുകിട കർഷകർക്ക് കടം എഴുതിത്തള്ളുന്നതിലൂടെ വലിയ സഹായമൊന്നും ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. രാസവള-കീടനാശിനികൾക്ക് മേലുള്ള സബ്‌സിഡികളുടെ കാര്യത്തിലും ഇതേരീതിയിൽ ഗുണഫലം ലഭ്യമാകുന്നത് വൻകിട കർഷകർക്കും രാസകമ്പനികൾക്കും ആണ് എന്ന കാര്യം വലിയ രീതിയിൽ ചർച്ച ചെയ്യാത്ത സംഗതിയാണ്.
എന്തുകൊണ്ടാണ് കർഷകർ വിപണി ബഹിഷ്‌കരണത്തിലേക്ക് തിരിഞ്ഞത് എന്ന കാര്യത്തെ കുറച്ചുകൂടി സൂക്ഷ്മതയോടെ വിലയിരുത്തിയാൽ, നമ്മുടെ കാർഷിക വിദഗ്ദ്ധന്മാർ പൊതുവിൽ ശ്രദ്ധിക്കാതെ വിട്ട ചില "ചന്തപ്രശ്‌നങ്ങൾ' ഇതിൽ അടങ്ങിയിട്ടുള്ളതായി കാണാം. കാർഷിക സബ്‌സിഡികളെക്കുറിച്ചും, ജലസേചനം, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കാര്യമായ ആലോചനകൾ നടത്തുന്ന വിദഗ്ദ്ധർക്ക് ചെറുകിട കർഷകർ അനുഭവിക്കുന്ന വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
സ്വാമിനാഥൻ കാണാത്ത "ചന്ത' പ്രശ്‌നങ്ങൾ
കാർഷിക വിപണികളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമം ഇന്ത്യയിൽ ആരംഭിക്കുന്നത് 1928ലാണ്. റോയൽ കമ്മീഷൻ ഓൺ അഗ്രികൾച്ചർ 1928, കാർഷിക വിപണിയിലെ മത്സരങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതേസമയം ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിനും അളവുകളിലെ കൃത്രിമം നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ നിയമം പ്രധാനമായും മൊത്ത വിപണിയെ (wholesale market) ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സ്വകാര്യസംഭരണം, കടത്ത്, കയറ്റുമതി, ഇറക്കുമതി, കടം, വിപണി, പശ്ചാത്തലസൗകര്യ വികസനം എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് അവശ്യ സാധന നിയമം (Essential Commodities Act-1955) എന്ന പേരിൽ ഒരു നിയമം 1955ൽ രൂപീകരിക്കുകയുണ്ടായി.
ഈ നിയമമനുസരിച്ച് സ്വകാര്യ സംഭരണത്തിന് പരിധി നിശ്ചയിക്കുകയും കാർഷികോത്പന്നങ്ങൾ വൻതോതിൽ സംഭരിക്കാനുള്ള കുത്തകാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. കാർഷിക മേഖല സംസ്ഥാന വിഷയമായതുകൊണ്ടുതന്നെ മൊത്ത വിപണിയെ നിയന്ത്രിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിൽ കാർഷികോൽപന്ന വിപണന സമിതി (Agriculture Produce Marketing Committee-APMC) രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്ട് 1960ൽ പാസാക്കുകയും ചെയ്തു. താലൂക്ക് അടിസ്ഥാനത്തിൽ കാർഷികോൽപ്പന്ന വിപണന കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. വിപണന മേഖലയിൽ ഇത്തരത്തിലുള്ള സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടും കാർഷിക മേഖലയിലെ ചെറുകിട കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതിരിക്കുകയും അതേസമയം ഉപഭോക്താക്കൾക്ക് വൻവിലകൊടുത്ത് ഉത്പന്നങ്ങൾ വാങ്ങേണ്ടി വരികയും ചെയ്യുന്നതിന് പിന്നിലെ വസ്തുതകളെ ശരിയായ രീതിയിൽ മനസിലാക്കാനോ അവ പരിഹരിക്കാനോ ഉള്ള ശ്രമങ്ങൾ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധന്മാരോ എന്തിന്, വൻകിട കർഷക സംഘടനകൾ തന്നെയോ നടത്തിയിട്ടില്ലെന്നതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത്. വിപണി ബഹിഷ്‌കരണത്തിലൂടെ ചെറുകിട കർഷർ പറയാൻ ശ്രമിക്കുന്ന കാർഷിക പ്രതിസന്ധിയും ഇതുതന്നെയാണ്.
900 ദശലക്ഷം മൊബൈൽ ഫോണുകളുള്ള, പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു ദശകക്കാലത്തിൽ 3,32,835 കിലോമീറ്റർ റോഡ് നിർമ്മിച്ച, ഈ കാലയളവിൽ മാത്രം ഇതിലേക്കായി ഒരുലക്ഷം കോടി രൂപ ചെലവഴിച്ച ഒരു രാജ്യത്ത്, കാർഷിക മൊത്ത വിപണിയിലെ വില വ്യതിയാനങ്ങൾ (Price Variations) കാർഷിക വിപണി ഗവേഷകരെ സംബന്ധിച്ചിടത്തോളം പിടികൊടുക്കാത്ത ഒന്നാണ്. ഇന്ത്യയിലെ മൊത്ത വിപണിയിലെ വിലവ്യതിയാനത്തിലെ ശരാശരി 0.81 ആണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഗതാഗത സൗകര്യങ്ങളും വാർത്താവിനിമയ സൗകര്യങ്ങളും വിപണിവിലയിലെ വ്യതിയാനങ്ങളെ ഫലപ്രദമായി തടഞ്ഞുനിർത്തും എന്ന സിദ്ധാന്തം പ്രതിക്കൂട്ടിലാകുന്നത് ഇവിടെയാണ്. അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളുടെ കാര്യത്തിലായാലും ഫിലിപ്പെൻസ് പോലുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ കുറഞ്ഞ വികസ്വര രാജ്യങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയെക്കാളും വളരെ കുറവാണ് കാർഷികോത്പന്നങ്ങളുടെ വില വ്യതിയാനം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നയവിദഗ്ധന്മാർ അവഗണിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സമസ്യ ചെറുകിട കർഷകരെ എങ്ങിനെ ബാധിക്കുന്നുവെന്ന് മനസിലാക്കേണ്ടത് കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കടം എഴുതിത്തള്ളൽ പോലുള്ള നടപടികൾ താൽക്കാലിക പ്രശ്‌നപരിഹാരങ്ങളിൽ മാത്രം ഊന്നി നിൽക്കുന്നതാണെന്നും അതുതന്നെയും കർഷകരിലെ ഒരു ചെറുന്യൂനപക്ഷത്തിന് മാത്രം ഗുണം ചെയ്യുന്ന ഒന്നാണെന്നും, കടം എഴുതിത്തള്ളൽ പദ്ധതികൾ നടപ്പിലാക്കിയിട്ടും കർഷക ആത്മഹത്യകൾ കുറയാതിരിക്കുന്നതിന്റെ കാരണമെന്താണ് തിരിച്ചറിയുന്നതിനും നമ്മെ സഹായിക്കും.
കാർഷിക വിപണികളുടെ പശ്ചാത്തല വികസനത്തിൽ കാണിക്കുന്ന അലംഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുകിട കർഷകരെയാണ് എന്ന് പല പഠനങ്ങളും കാണുന്നു. സർക്കാർ ചന്തകൾ പലപ്പോഴും ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ ഒന്നായി മാറുന്നു. ദൂരക്കൂടുതലും അധികാരികളുടെ കെടുകാര്യസ്ഥതയും ചെറുകർഷരെ സ്വകാര്യ ഏജന്റുകൾക്ക് ഉത്പന്നങ്ങൾ വിൽക്കാൻ നിർബ്ബന്ധിക്കുകയാണ് എന്ന് കർഷകർ പരാതി പറയുന്നു. ധാന്യങ്ങളും പച്ചക്കറികളും മറ്റും കർഷകരിൽ നിന്നും ശേഖരിക്കുന്നതിനായി സർക്കാർ നിശ്ചയിച്ച വിപണന കമ്മറ്റികളുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ആസൂത്രണ കമ്മീഷന്റെ തന്നെ പലകാലങ്ങളിലെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. ""വിലവർദ്ധനവും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ സംവിധാനങ്ങൾ പലപ്പോഴും കാര്യക്ഷമതയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ക്ഷാമകാലങ്ങളിലൊന്നും ഈ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചതായി കാണാറില്ല. മാത്രമല്ല, താഴെത്തട്ടിലുള്ള ഭരണസംവിധാനങ്ങൾ ഇതിനെ വ്യാപകമായി ദുരുപയോഗപ്പെടുത്തുകയും കർഷക ദ്രോഹത്തിനും അഴിമതിക്കും ഉള്ള ഉപകരണമായി ഈ സ്ഥാപനങ്ങളെ മാറ്റുകയും ചെയ്യുന്ന''തായി പ്ലാനിംഗ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
ധാന്യങ്ങൾ സംഭരിക്കുന്നതിനായി എഫ്.സി.ഐ, സംസ്ഥാന വേർഹൗസുകൾ എന്നിങ്ങനെ വലിയൊരു ശൃംഖലതന്നെ ഇന്ത്യയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. രാജ്യമൊട്ടാകെയായി നെല്ലിന് വേണ്ടി 22,000വും ഗോതമ്പിന് വേണ്ടി 44,000വും സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിൽ കൂടിയും വിപണി വിലയിലെ വ്യതിയാനം പിടിച്ചുനിർത്താൻ സർക്കാരിന് സാധിക്കുന്നില്ല എന്നത് ഗൗരവപൂർവ്വം പരിഗണിക്കേണ്ടുന്ന വിഷയമാണ്.
രാജ്യത്തെ സംഭരണ കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളുമായെത്തുന്ന കർഷകരുടെ കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടത് ഈ പ്രശ്‌നത്തെ മനസിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കർണ്ണാടക സംസ്ഥാന കാർഷിക വില കമ്മീഷൻ (Karnataka State Agriculture Price Commission) നടത്തിയ ഒരു പഠനം ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് നടത്തിയ ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി ഈ മേഖലയിൽ എന്തെങ്കിലും നടപടികളെടുക്കാൻ ഒരു സർക്കാരും നാളിതുവരെ തയ്യാറായിട്ടില്ല എന്ന കാര്യവും കൂട്ടത്തിൽ അറിഞ്ഞിരിക്കേണ്ടതുണ്ട്. കർണ്ണാടകയിലെ നെൽകർഷകരിൽ കേവലം 29%പേർ മാത്രമാണ് നിയന്ത്രിത വിപണികളിലൂടെ ഉത്പന്നങ്ങൾ വിറ്റഴിച്ചത് എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ബാക്കിയുള്ള 71%പേർ അവരുടെ നെല്ല് എന്തുചെയ്തു? തീർച്ചയായും അത് സ്വകാര്യ ഏജൻസികളുടെ കൈകൾ വഴി വിറ്റഴിക്കപ്പെട്ടു. ഈ 71% പേരും നിയന്ത്രിത വിപണിയിലേക്ക് എത്തിപ്പെടാതിരുന്നതിനുള്ള കാരണവും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യ വിപണിയെ ആശ്രയിച്ച 71%ത്തിൽ 31%ത്തിനും നിയന്ത്രിത വിപണിയിൽ എത്തിപ്പെടാൻ സാധിക്കാത്തത് ദൂരക്കൂടുതൽ കാരണമാണെന്നും, സർക്കാർ സംഭരണ/വിപണന സംവിധാനത്തെ സംബന്ധിച്ച ധാരണയില്ലാത്തവർ 8%വും, ഉത്പന്നങ്ങളുടെ വില ലഭിക്കുന്നതിലുള്ള കാലതാമസം കാരണം സർക്കാർ സംവിധാനത്തെ ആശ്രയിക്കാത്തവരുടെ എണ്ണം 8%വരുമെന്നും, സർക്കാർ കേന്ദ്രങ്ങളിൽ നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം കാരണം വിൽക്കാൻ കഴിയാതെ പോയവരുടെ എണ്ണം 5% വരുമെന്നും, മറ്റ് തടസ്സങ്ങൾ (3%), പ്രാദേശിക വിപണിയിൽ നല്ല വില ലഭിക്കുന്നതു കാരണം (18%), ഉൽപ്പന്നത്തിലെ അളവിലെ കുറവ് (13%), വട്ടിപ്പലിശക്കാരിൽ നിന്ന് കടം വാങ്ങിയതിന്റെ പേരിൽ സ്വകാര്യ ഏജൻസികൾക്ക് വിൽക്കേണ്ടിവന്നവരുടെ സംഖ്യ 9%വും ആണെന്ന് കർണ്ണാടക പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്, സർക്കാർ സംഭരണ/വിപണന കേന്ദ്രങ്ങളുടെ കാര്യക്ഷമതയില്ലായ്മയും, എണ്ണങ്ങളിലെ ഭീമമായ കുറവും വലിയൊരു വിഭാഗം കർഷകരെയും സ്വകാര്യ ഏജന്റുകളുടെയും വട്ടിപ്പലിശക്കാരുടെയും നീരാളിക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നു എന്നതിന്റെ കൃത്യമായ തെളിവുകളാണ് ഈ പഠനം നൽകുന്നതെന്ന് കാണാം.
പഞ്ചാബിൽ നടത്തിയ മറ്റൊരു പഠനം കമ്മീഷൻ ഏജന്റുകളുടെ നിറസാന്നിദ്ധ്യം ഇത്തരം സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശക്തമായി പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. വൻകിട കർഷകരിൽ ഭൂരിഭാഗവും സർക്കാർ സംഭരണ കേന്ദ്രങ്ങളെയും സർക്കാർ ചന്തകളെയും ആശ്രയിക്കുമ്പോൾ വൻകിട ഏജന്റുകൾക്ക് മാത്രം മുൻകൈ സ്വാധീനമുള്ള വിപണികളിൽ കിട്ടുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ചെറുകിട കർഷകർ നിർബ്ബന്ധിതരാകുന്നു. കടത്തുകൂലിയിലെ ഭീമമായ വർദ്ധനവ് ദൂരെസ്ഥലങ്ങളിലുള്ള സർക്കാർ സംഭരണ കേന്ദ്രങ്ങളിലേക്കും വിപണികളിലേക്കും ഉത്പന്നങ്ങൾ എത്തിക്കുന്നതിന് കർഷകർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. നാഷണൽ സാമ്പിൾ സർവ്വേ റിപ്പോർട്ട് ഇതുസംബന്ധിച്ച കണക്കുകൾ നൽകുന്നത് നോക്കുക. 2 ഹെക്ടറിൽ താഴെ കൃഷി ഭൂമിയുള്ള നെൽകൃഷി കർഷകരിൽ 54%പേരും സ്വകാര്യ ഏജന്റുകൾക്ക് തങ്ങളുടെ ധാന്യങ്ങൾ വിൽക്കുമ്പോൾ 10 ഹെക്ടറിന് മുകളിലുള്ള വൻകിട കർഷകരിൽ 50%ത്തിന് മുകളിൽ പേർ കാർഷിക ഉത്പന്ന വിപണന കേന്ദ്രങ്ങളിൽ (Agriculture Produce Marketing Centres-APMC) നെല്ല് വിൽക്കുന്നു. ഗോതമ്പു കർഷകരിൽ ചെറുകിട കർഷകരിൽ 41.40% പേർ സ്വകാര്യ ഇടപാടുകാരെ വിൽപ്പനയ്ക്കായി സമീപിക്കുമ്പോൾ വൻകിട കർഷകരിൽ 40.45%പേർ എ.പി.എം.സികളിൽ വിൽപ്പന നടത്തുന്നു. സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ (എഫ്.സി.ഐ, സ്റ്റേറ്റ് വേർഹൗസുകൾ എന്നിവ) എത്തുന്നവരുടെ എണ്ണം തുലോ കുറവാണെന്നും ദേശീയ സാമ്പിൾ സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
കാർഷിക ഉത്പന്ന വിപണന കേന്ദ്രങ്ങൾ കർഷകർക്ക് ന്യായമായ വിലയും പ്രവർത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി രൂപീകരിക്കപ്പെട്ടവയാണെങ്കിലും ഇത്തരം കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന അധികാരികൾ പ്രാദേശിക ഏജന്റുമായി കൂട്ടുചേർന്ന് ചെറുകിട കർഷകരെ സ്വതന്ത്രവ്യാപാരത്തിൽ നിന്നും അകറ്റിനിർത്തുന്നതായി കർഷകർ പരാതിപ്പെടുന്നു. ഒരു എ.പി.എം.സിയുടെ സമീപ പ്രദേശങ്ങളിലെങ്ങും തന്നെ മൊത്തവ്യാപാരത്തിനുള്ള മറ്റ് മത്സരാധിഷ്ഠിത ഏജൻസികളെ പ്രവർത്തിക്കാൻ അനുവദിക്കാത്തതുകൊണ്ടുതന്നെ ചെറുകിട കർഷകർ ക്രേതാവിന് മാത്രം മേൽക്കൈയ്യുള്ള ഒരു വിപണിയിൽ കച്ചവടം ചെയ്യാൻ നിർബ്ബന്ധിതരാക്കപ്പെടുകയാണ്. (മൊത്തവിപണിയിലെ ക്രേതാവ് സ്വാഭാവികമായും വൻകിട കച്ചവടക്കാർ മാത്രമായിരിക്കും). ഫലത്തിൽ ചെറുകിട കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ചന്തയിലെ നിക്ഷിപ്ത താൽപര്യക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കേണ്ടിവരുന്നു. മധ്യസ്ഥന്മാരെയും ഏജന്റുകളെയും ഇടപെടൽ ഒഴിവാക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംവിധാനം വിവിധതരം ഏജൻസികളെ പ്രതിഷ്ഠിക്കുവാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മ, ബഹുമുഖങ്ങളായ വിപണി ചാർജ്ജുകൾ, നേരിട്ട് വിപണനത്തിലേർപ്പെടുന്നതിനുള്ള വിവിധങ്ങളായ വിലക്കുകൾ എന്നിവയൊക്കെയും ചെറുകിട കർഷകരെ ഔദ്യോഗിക വിപണന കേന്ദ്രങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാൻ പ്രേരിപ്പിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുകയും ഉപഭോക്താക്കൾക്ക് വളരെക്കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന ഇടപാടിന് രാജ്യമൊട്ടാകെ ഔദ്യോഗിക സംവിധാനങ്ങളുടെ ചെലവിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന അവസ്ഥയാണ് ഇന്ന് കാണാൻ കഴിയുന്നത്.
സർക്കാർ ചന്തകളുടെ നിർമ്മാണത്തിൽ കഴിഞ്ഞ രണ്ട് ദശകക്കാലത്തിനുള്ളിൽ സംഭവിച്ച സ്തംഭനം വലിയ പ്രതിസന്ധികളാണ് ഈ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ ചന്ത (മണ്ഡി)കളുടെ എണ്ണത്തിൽ വർദ്ധനവ് കാണാൻ കഴിയുമെങ്കിലും രാജസ്ഥാൻ, മധ്യപ്രദേശ്. ഛത്തീസ്ഗഢ്, ഒഡീഷ, ഝാർഘണ്ട് എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ ചന്തകളുടെ എണ്ണത്തിൽ വൻകുറവ് അനുഭവപ്പെടുന്നുണ്ട്. സർക്കാർ ചന്തകളിലേക്കുള്ള ദൂരക്കൂടലും അവിടങ്ങളിലെ അധികാര ദുർവ്വിനിയോഗവും സ്വകാര്യ ഏജന്റുകളുമായി ചേർന്നുള്ള ഒത്തുകളികളും ഒക്കെത്തന്നെ ചെറുകിട കർഷകരെ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതായി കാണാം. ഇതിന്റെ പരിണതഫലമെന്നത് കുറഞ്ഞവിലയ്ക്ക് സ്വകാര്യ കച്ചവടക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ ബാദ്ധ്യസ്ഥരാകുന്നു എന്നതാണ്.
കാർഷിക വിപണിയിലെ ഗവൺമെന്റിന്റെ ഇടപെടൽ കാര്യമായി നടക്കുന്ന മേഖലകൾ ഒന്ന്, മിനിമം സഹായവില (Minimum Support Price-MSP) ഏർപ്പാടാക്കലും മറ്റൊന്ന്, വിളകളുടെ സംഭരണവുമാണ് (Procurement). 23ഓളം വിളകൾക്ക് മിനിമം സഹായ വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കൂടിയും പ്രധാനമായും ഗോതമ്പ്, നെല്ല്, പരുത്തി, കരിമ്പ്, റബ്ബർ എന്നീ വിളകളാണ് മിനിമം സഹായവിലയ്ക്ക് സർക്കാർ സംഭരിക്കാറുള്ളത്. സർക്കാർ സംഭരണ സംവിധാനത്തിലൂടെ വിളകൾ വില്ക്കുന്ന കർഷകരുടെ എണ്ണം 6% മാത്രമേ വരൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിലെ വലിയൊരു ശതമാനം കർഷകർക്കും ഇതുസംബന്ധിച്ച ധാരണയില്ലായ്മ സഹായവില ലഭ്യമാകുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ കർഷകരെ മാറ്റിനിർത്തിയാൽ ബാക്കിയുള്ള ഒട്ടുമിക്കവാറും സംസ്ഥാനങ്ങളിലെയും വലിയൊരു വിഭാഗം കർഷകർക്കും ഇതുസംബന്ധിച്ച ധാരണയില്ലെന്ന് ദേശീയ സാമ്പ്ൾ സർവ്വേ (2012) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത് കർഷകർക്ക് ലഭിക്കേണ്ടുന്ന ന്യായമായ അവകാശങ്ങൾ ലഭ്യമാകാതിരിക്കുന്നതിന് കാരണമാകുന്നു.
സ്വാമിനാഥൻ കമ്മിറ്റി ശുപാർശകളും യാഥാർത്ഥ്യവും
കർഷകരുടെ വരുമാനത്തെ സംബന്ധിച്ച പഠനങ്ങൾ നടത്തി ശുപാർശകൾ സമർപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട എം.എസ് സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യങ്ങൾ പല കർഷക സംഘടനകളും ഏതാണ്ട് ഒരു ദശാബ്ദക്കാലമായി ആവശ്യപ്പെടുന്നതാണ്. രണ്ടാം യുപിഎ സർക്കാരിലെ കൃഷിമന്ത്രി അക്കാലത്ത് പ്രസ്താവിച്ചത്, സ്വാമിനാഥൻ കമ്മിറ്റി ശുപാർശകളിൽ 17ൽ 16ഉം ഗവൺമെന്റ് നടപ്പിലാക്കി എന്നായിരുന്നു. കമ്മീഷൻ ശുപാർശകളിൽ 90%വും തങ്ങൾ നടപ്പിലാക്കിയെന്ന് എൻഡിഎ സർക്കാരും അവകാശപ്പെടുന്നുണ്ട്. 2018-19ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചത് സ്വാമിനാഥൻ കമ്മിറ്റി നിർദ്ദേശമനുസരിച്ച് ഒന്നരമടങ്ങ് വില കർഷകർക്ക് നൽകുന്നുണ്ടെന്നായിരുന്നു. ഇപ്പോൾ കാർഷിക ഉൽപ്പാദന ചെലവിനോടൊപ്പം അമ്പത് ശതമാനം കൂട്ടിച്ചേർത്ത് കർഷകർക്ക് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. എൻ.ഡി.എ സർക്കാർ കർഷകരുടെ കാര്യത്തിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നുവെന്ന് സ്വാമിനാഥൻ സ്വയം തന്നെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നുണ്ട്. സ്വാമിനാഥൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പലതും നടപ്പിലാക്കിയിട്ടും കർഷകരുടെ പ്രശ്‌നങ്ങൾ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയും നാളുകൾ കഴിയുന്തോറും അവർ പ്രക്ഷോഭരംഗത്ത് ഇറങ്ങാൻ നിർബ്ബന്ധിതരാകുകയും ചെയ്യുന്നുണ്ടെങ്കിൽ സ്വാമിനാഥൻ കമ്മിറ്റി ശുപാർശകൾ ഫലത്തിൽ കർഷകർക്ക് യാതൊരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്ന് വേണം അനുമാനിക്കാൻ.
മിനിമം സഹായ വില എന്നത് വിളകളുടെ ഉത്പാദന വിലയല്ലെന്ന് മറ്റാരെക്കാളും നന്നായറിയുന്നയാളാണ് എം.എസ്. സ്വാമിനാഥൻ. എന്നിട്ടുപോലും മിനിമം സഹായ വിലയെ ഉത്പാദനച്ചെലവായി കണക്കാക്കി, അതിനോടൊപ്പം അമ്പത് ശതമാനം വർദ്ധനവ് നിശ്ചയിച്ച് ഉൽപ്പന്നങ്ങൾക്ക് വിലയായി നൽകാനുള്ള ശുപാർയാണ് സ്വാമിനാഥൻ കമ്മിറ്റി നിർദ്ദേശിച്ചത്. സ്വാമിനാഥൻ ശുപാർശയനുസരിച്ച്, സി2 (C2 = മൂലധനച്ചെലവായി കണക്കാപ്പെടുന്ന തുക+ഭൂമിയ്ക്കുള്ള പാട്ടം)വിനോടൊപ്പം 50% കൂടി ചേർക്കുമ്പോൾ നിലവിലുള്ള മിനിമം സഹായ വിലയിൽ നിന്നും 200 മുതൽ 300 രൂപയുടെ അധിക വരുമാനം മാത്രമേ കർഷകർക്ക് ലഭിക്കുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇതുതന്നെ സാധ്യമാകുന്നത് കർഷകരുടെ മൊത്തം ഉത്പന്നവും മിനിമം സഹായവില നൽകി സർക്കാർ വാങ്ങുമ്പോൾ മാത്രവും. നിലവിലുള്ള സാഹചര്യത്തിൽ ഈ രീതിയിൽ മൊത്തം കാർഷിക വിളകളും കർഷകരിൽ നിന്ന് വാങ്ങുവാനുള്ള ഒരു സംവിധാനവും സർക്കാരിനില്ലെന്ന് മാത്രമല്ല, അതിന് വേണ്ടി ബജറ്റിൽ തുക വിലയിരുത്തുകയും ചെയ്തിട്ടില്ല. എം.എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ ഇനി പൂർണ്ണമായി നടപ്പിലാക്കിയാൽ തന്നെയും കർഷകരുടെ മാസവരുമാനത്തിൽ 1000 രൂപയിൽ കൂടുതലുള്ള വർദ്ധനവൊന്നും സൃഷ്ടിക്കാൻ പോകുന്നില്ല എന്നതും കാര്യങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്തുന്നവർക്ക് മനസിലാകും.
2017ൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നടത്തിയ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അനുസരിച്ച് കർഷകരുടെ കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം 20000 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 1666രൂപ. കൊട്ടിഘോഷിക്കപ്പെടുന്ന സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇത് 2666 രൂപയായി വർദ്ധിക്കും! കാർഷികേതര വരുമാനം കൂടിച്ചേർത്താൽ ഒരു ശരാശരി ഇന്ത്യൻ കർഷകന്റെ പ്രതിമാസ വരുമാനം 5666രൂപ വരുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ദേശീയ വേതന കമ്മീഷൻ അഭിപ്രായപ്പെടുന്നത്, ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ ജീവിതം മുന്നോട്ടുനീക്കുവാൻ കുറഞ്ഞത് പ്രതിമാസം 21,000രൂപയെങ്കിലും വരുമാനമുണ്ടായിരിക്കണമെന്നാണ്. മിനിമം സഹായ വിലയിൽ അമ്പത് ശതമാനം വർദ്ധനവ് വരുത്തി കർഷകരെ സഹായിക്കാനെന്ന പേരിൽ ശുപാർശ നൽകിയ സ്വാമിനാഥൻ റിപ്പോർട്ട് കർഷകരുടെ ജീവിതത്തെ ഏതുരീതിയിലാണ് സഹായിക്കാൻ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഏഴാം ശമ്പള കമ്മീഷൻ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത് കലോറിയെ അടിസ്ഥാനപ്പെടുത്തിയാണ്. അതനുസരിച്ച് ഏറ്റവും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളം എൻട്രിലെവലിൽ പ്രതിമാസം 18,000 രൂപയാണ്. അയാളുടെ ഔദ്യോഗിക കാലാവധിക്കിടയിൽ ഇത് 24,000 രൂപയായി വർദ്ധിക്കും. അതായത് പ്രതിദിനം 800 രൂപ. ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഇത് പ്രതിമാസം 2.50 ലക്ഷം രൂപയും, പ്രതിദിനം 8300രൂപയും ആയിരിക്കും. കർഷകരുടെ കണ്ണീരൊപ്പാൻ ശുപാർശ നടത്തിയ സ്വാമിനാഥൻ കമ്മറ്റി അംഗങ്ങൾ വാങ്ങുന്നത് രണ്ടാമത് സൂചിപ്പിച്ച തുകയായിരിക്കും. അതായത്, ഇന്ത്യൻ കർഷകന്റെ പ്രതിമാസ വരുമാനത്തേക്കാളും ഉയർന്ന തുക ഉന്നതശ്രേണിയിലുള്ള ഒരു ഉദ്യോഗസ്ഥൻ പ്രതിദിനം വാങ്ങുന്നുവെന്നർത്ഥം. 2400 കലോറിയാണ് ഒരു ശരാശരി വ്യക്തിയുടെ പ്രതിദിന ആവശ്യമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ സംബന്ധിച്ചിടത്തോളം ഇത് 2700 കലോറിവരെ ആകേണ്ടതുണ്ട്. ഇന്ത്യൻ കർഷകനേക്കാൾ 44 മടങ്ങ് വേതനം വാങ്ങിക്കുന്ന "സ്വാമിനാഥന്മാർ' കർഷകരുടെ വേതനം നിശ്ചയിച്ചിരിക്കുന്നതിനായി ഉപയോഗിച്ച മാനദ്ണ്ഡങ്ങളെന്തായിരിക്കും?
(2018 ജൂലൈയിൽ എഴുതിയത്- Transition Studies)