യു.പി-ഡൽഹി ഗാസിപൂർ അതിർത്തിയിലെ കർഷക പ്രതിഷേധത്തിൽ നിന്ന്/ ഫോട്ടോ: കിസാൻസഭ

മോദിയുടെ
കോർപറേറ്റ്​ താങ്ങുവില

'യെസ് ഓർ നോ' എന്ന വിട്ടുവീഴ്ചയില്ലാത്ത ആവശ്യവുമായി തുടരുന്ന കർഷക സമരം കോർപറേറ്റുകൾക്കെതിരായ പ്രതിഷേധമായി പടരുമ്പോൾ, കേന്ദ്രം നടപ്പാക്കിയ മൂന്ന് നിയമങ്ങൾ എങ്ങനെയാണ് കർഷകവിരുദ്ധവും കോർപറേറ്റ്​ അനുകൂലവും ആകുന്നത്​ എന്ന്​ പരിശോധിക്കപ്പെടുന്നു

രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായ മൂന്ന് കാർഷിക ഓർഡിനൻസുകളും കോടിക്കണക്കിന് ഇന്ത്യൻ കർഷകരുടെ നിലനിൽപും ഭാവിയുമായും നേരിട്ട് ബന്ധപ്പെട്ടതാണ്. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചക്രം കഠിനമായ കാർഷിക ജോലിയുടെ അടിസ്ഥാനത്തിലാണ് കറങ്ങുന്നതെന്ന് സർക്കാരും സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നു, എന്നാൽ, ഇതിന് വിരുദ്ധമായി, ഈ നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത് കൊടിയ കർഷക വഞ്ചനയും ചൂഷണവുമാണ്. മിനിമം താങ്ങുവില (എം.എസ്.പി) യിൽ കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തി കോർപറേറ്റുകൾക്ക് ഒത്താശ ചെയ്യുന്നതാണ് മൂന്ന് നിയമങ്ങളും. സ്വാമിനാഥൻ കമീഷന്റെ (ഇ 2+50%) ഫോർമുല അനുസരിച്ചുള്ള വില ഇന്നും കർഷകർക്ക് ലഭിക്കുന്നില്ല. എം.എസ്.പി സംഭരണം സർക്കാർ നിർത്തിവച്ചാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും കാർഷിക മേഖലയും വൻ പ്രതിസന്ധിയിലാകും.

എം.എസ്.പിയുടെ അടിസ്ഥാനത്തിൽ സംഭരണം അവസാനിപ്പിക്കാനും കർഷകർക്ക് ലഭിക്കുന്ന സബ്സിഡികൾ നിർത്താനും ഡബ്ല്യു.ടി.ഒ കേന്ദ്രസർക്കാരിൽ നടത്തുന്ന സമ്മർദ്ദം പകൽ പോലെ വ്യക്തമാണ്

കേന്ദ്ര സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശ്യം എം.എസ്.പിയിൽ കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തലാക്കുകയാണ്. നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തിൽ, വൻകിട കമ്പനികൾക്കാണ് പ്രയോജനം. എം.എസ്.പിയുടെ അടിസ്ഥാനത്തിൽ സംഭരണം അവസാനിപ്പിക്കാനും കർഷകർക്ക് ലഭിക്കുന്ന സബ്സിഡികൾ നിർത്താനും ഡബ്ല്യു.ടി.ഒ കേന്ദ്രസർക്കാരിൽ നടത്തുന്ന സമ്മർദ്ദം പകൽപോലെ വ്യക്തമാണ്.

പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയ കർഷകരുടെ വാഹനങ്ങൾ.

ഇതിനുമുമ്പുതന്നെ, എം.എസ്.പി അടിസ്ഥാനത്തിലുള്ള സംഭരണം നിർത്തലാക്കാൻ കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു, കർഷകരുടെയും കർഷക സംഘടനകളുടെയും സമ്മർദ്ദത്തെത്തുടർന്ന് അവർക്ക് പിന്നോട്ട് പോകേണ്ടിവന്നു. എന്നാൽ, ഇപ്പോൾ ലോക്ക്ഡൗൺ മുതലെടുത്ത് ജനാധിപത്യവിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ മൂന്ന് ഓർഡിനൻസുകൾ പുറപ്പെടുവിക്കുകയായിരുന്നു. ഈ വർഷം എം.എസ്.പിയിൽ ചോളം, ചെറുപയർ സംഭരണം നിർത്തി കർഷകരുടെ പ്രതികരണം ഒന്ന് അളന്നുനോക്കി, വരും വർഷങ്ങളിൽ ഗോതമ്പ്, നെല്ല് സംഭരണം നിർത്താനും കേന്ദ്രം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, കർഷകർ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന മൂന്നു നിയമങ്ങൾ എന്താണ്, അവ എങ്ങനെ രാജ്യത്തിന്റെ കാർഷികവൃത്തിയെ തകിടം മറിക്കുന്നു എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

നവംബർ 27ന് ദൽഹിയിലേക്ക് നടന്ന കർഷകരുടെ മാർച്ചിൽ നിന്ന്/Photo:wikipedia

1). ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്- 2020: ഇതിനു കീഴിൽ "ഒരു രാജ്യം, ഒരു കാർഷിക വിപണി' സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. നിലവിൽ കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നത് മണ്ടി എന്ന പേരിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികൾ വഴിയാണ്. ഈ കമ്മിറ്റികളാണ് ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നതും വിറ്റഴിച്ചിരുന്നതും. ഇവ മുഖേനയാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഭക്ഷ്യ സംസ്‌കരണം നടത്തുന്നത്. മിനിമം താങ്ങുവിലയിൽ കുറഞ്ഞ വിലയിൽ ഇവിടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ല. എന്നാൽ, പുതിയ നിയമത്തിലൂടെ ഏതൊരു വ്യക്തിക്കും കമ്പനിക്കും ഏത് സ്ഥലത്തും ഏത് കർഷകന്റെയും സാധനങ്ങൾ വാങ്ങാം. വാങ്ങുന്ന വ്യക്തിക്കും കമ്പനിക്കും ഐഡന്റിറ്റിയും പാൻ നമ്പറും വേണമെന്നുമാത്രം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കർഷകനും കമ്പനിയും തമ്മിൽ തർക്കമുണ്ടായാൽ, കർഷകനോ കമ്പനിയോ സിവിൽ കോടതിയിൽ പോകാൻ കഴിയില്ല.

എ.പി.എം.സി (Agricultural Produce Market Committee) ചന്തയിലൂടെ കാർഷിക വസ്തുക്കൾ വിൽക്കാനുള്ള വ്യവസ്ഥ നീക്കുകയാണ് ഈ നിയമത്തിലൂടെ. പ്രധാനമായും, എ.പി.എം.സി മാർക്കറ്റിന് പുറത്തുള്ള കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത് നികുതിയോ തീരുവയോ ആകർഷിക്കുകയില്ല. ഇതിനർത്ഥം എ.പി.എം.സി സമ്പ്രദായത്തിൽ നികുതികളും മറ്റ് ചാർജുകളും ഈടാക്കുന്നത് തുടരുന്നതിനാൽ എ.പി.എം.സി മാർക്കറ്റ് സിസ്റ്റം ക്രമേണ അവസാനിക്കും. ഈ ഓർഡിനൻസിനുകീഴിൽ, കർഷകരുടെ സാധനങ്ങൾ വാങ്ങുന്ന വ്യക്തിയോ കമ്പനിയോ മൂന്നു ദിവസത്തിനുള്ളിൽ കർഷകർക്ക് പണം നൽകേണ്ടിവരും. കമ്പനിയും കർഷകനും തമ്മിൽ തർക്കമുണ്ടെങ്കിൽ എസ്.ഡി.എം (Sub District Magistrate) തർക്കം പരിഹരിക്കും. ആദ്യം കർഷകന്റെയും ചരക്ക് വാങ്ങുന്ന കമ്പനിയുടെ ഉദ്യോഗസ്ഥന്റെയും കമ്മിറ്റി ഉണ്ടാക്കി പരസ്പര ചർച്ചകളിലൂടെ 30 ദിവസത്തേക്ക് അവധി നൽകും, തർക്കം ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കേസ് എസ്.ഡി.എം പരിഗണിക്കും. എസ്.ഡി.എം ഉത്തരവിനോട് കർഷകനോ കമ്പനിയോ വിയോജിക്കുന്നുവെങ്കിൽ, ജില്ലാ ഓഫീസർക്ക് അപ്പീൽ നൽകാം, ജില്ല ഓഫീസർ 30 ദിവസത്തിനുള്ളിൽ തർക്കം പരിഹരിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കർഷകനും കമ്പനിയും തമ്മിൽ തർക്കമുണ്ടായാൽ, കർഷകനോ കമ്പനിയോ സിവിൽ കോടതിയിൽ പോകാൻ കഴിയില്ല.

സബ് ഡിവിഷണൽ & ഡിസ്ട്രിക്റ്റ് ഓഫീസർമാരെപ്പോലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ എല്ലായ്പ്പോഴും സർക്കാരിന്റെ സമ്മർദ്ദത്തിലാണ്, സർക്കാറാകട്ടെ, സദാ വ്യാപാരികൾക്കും കമ്പനികൾക്കും അനുകൂലമായിരിക്കും.
അതേസമയം, കോടതികൾ സർക്കാരിനു കീഴിലല്ല, ഓരോ ഇന്ത്യക്കാരനും നീതിക്കായി കോടതിയിൽ പോകാൻ അവകാശമുണ്ട്. എന്നാൽ പുതിയ ഓർഡിനൻസ്, കർഷകർക്ക് നീതി ലഭിക്കാനുള്ള സാധ്യത വിരളമാക്കിയിരിക്കുന്നു. വ്യക്തികളും കമ്പനികളും സാധനങ്ങൾ വാങ്ങുന്നത് മിനിമം താങ്ങുവിലയിലോ അതിന് മുകളിലോ ആയിരിക്കും എന്നതിന് കേന്ദ്ര സർക്കാർ യാതൊരു ഉറപ്പും നൽകിയിട്ടില്ല. എം.എസ്.പിയെ മോഡൽ വിലയായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഈ നിയമത്തിലെ ഏറ്റവും വലിയ അപകടം ഇതാണ്: വിള തയ്യാറാകുമ്പോൾ വൻകിട കമ്പനികൾ കാർട്ടലുകൾ രൂപീകരിച്ച്​ കർഷകരുടെ ഉൽപ്പന്നങ്ങൾ മനഃപൂർവം വില കുറച്ച്, വളരെ കുറഞ്ഞ വിലക്ക് വാങ്ങി വലിയ അളവിൽ സൂക്ഷിക്കും, അത് പിന്നീട് ഉയർന്ന വിലക്ക് വിൽക്കും.

ഉൽപന്ന സംഭരണം ഉറപ്പുവരുത്തുന്നതിനും വ്യാപാരികളുടെ ദുരുപയോഗം തടയുന്നതിനും സംസ്ഥാന സർക്കാരുകളാണ് എ.പി.എം.സി നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച്, എ.പി.എം.സി മണ്ടി (ചന്ത) കൾ കർഷകരുടെ നിയന്ത്രണത്തിലായിരിക്കും, എന്നാൽ ഇവിടെയും വ്യാപാരികൾ കാർട്ടലുകൾ രൂപീകരിച്ച് കർഷകരെ കൊള്ളയടിക്കാൻ തുടങ്ങി. എ.പി.എം.സി നിയമത്തിൽ നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെങ്കിലും, അവയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, എ.പി.എം.സിയിൽ കർഷകന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായി മാറുന്നു എന്നതാണ്. മിനിമം താങ്ങുവിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാക്കാൻ പുതിയ നിയമത്തിലൂടെ സർക്കാർ ആഗ്രഹിക്കുന്നു.

ഡിസംബർ എട്ടിന് ദൽഹിയിലെ തിക്രി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌

നിയുക്ത സ്ഥലങ്ങളിൽ ഉൽപ്പന്നങ്ങൾ മിനിമം താങ്ങുവിലയിൽ വാങ്ങുന്നുണ്ടോ ഇല്ലയോ എന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. എ.പി.എം.സി നിയമത്തിൽ പരിഷ്‌കരണം ആവശ്യമാണെങ്കിലും അത് പരിഷ്‌കരിക്കുന്നതിനുപകരം സർക്കാർ എ.പി.എം.സി നിയമത്തെ മറികടക്കാൻ ശ്രമിക്കുകയാണ്, ഇത് കർഷകരുടെമേലുള്ള ചൂഷണം പതിന്മടങ്ങാക്കും. ഉദാഹരണത്തിന്, 2006 ൽ ബീഹാർ സർക്കാർ എ.പി.എം.സി നിയമം റദ്ദാക്കി, മിനിമം താങ്ങുവിലയിൽ ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി, ഇതാണ് ബീഹാറിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റത്തിന് കാരണമായത്. എ.പി.എം.സി നിയമം റദ്ദാക്കിയ ശേഷം, ബീഹാർ സർക്കാർ കാർഷികരംഗത്ത് വൻ സ്വകാര്യ നിക്ഷേപം വാഗ്ദാനം ചെയ്തു. പക്ഷെ, ഒന്നും സംഭവിച്ചില്ല. കർഷകർ ഇതുവരെ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെ ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നു.

2006 ൽ ബീഹാർ സർക്കാർ എ.പി.എം.സി നിയമം റദ്ദാക്കി, മിനിമം താങ്ങുവിലയിൽ ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി, ഇതാണ് ബീഹാറിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റത്തിന് കാരണമായത്.

2). The Farmers (Empowerment and Protection) Agreement on Price Assurance and Farm Service Act- "വില ഉറപ്പാക്കലി'നും കാർഷിക സേവനത്തിനുമുള്ള കർഷക ഉടമ്പടി എന്നാണ് പേരെങ്കിലും ഈ നിയമം കരാർ കൃഷി ഒളിച്ചുകടത്തുന്ന ഒന്നാണ്. അതായത്, വൻകിട കമ്പനികളായിരിക്കും കൃഷി ചെയ്യുക, കർഷകർ സ്വന്തം വയലിൽ തൊഴിലാളികളായി മാറും. കൃഷിയിറക്കുന്നതിന് മുമ്പേ കർഷകർക്കോ സ്പോൺസർക്കോ ട്രേഡർമാരുമായി വിൽപന കരാറുണ്ടാക്കാം. നിശ്ചിത ഗുണനിലവാരത്തോടെ ഉൽപാദിപ്പിച്ചുതന്നാൽ നിശ്ചിതവിലയ്ക്ക് എടുക്കാം എന്നായിരിക്കും കരാർ. വിത്ത്, വളം, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവ കരാറിൽ ഉൾപ്പെടുത്താം. സംസ്ഥാനങ്ങൾ കാർഷിക ഉൽപ്പന്നങ്ങളുടെ വാങ്ങലിനും വിൽപ്പനക്കും ഉണ്ടാക്കിയ നിയമങ്ങൾ ഇതോടെ ഇല്ലാതാകും.

ഈ നിയമം വഴി പാശ്ചാത്യ മാതൃകയിലുള്ള കാർഷികരീതി അടിച്ചേൽപ്പിക്കപ്പെടും. എന്നാൽ, നമ്മുടെ കർഷകരെ പാശ്ചാത്യ കർഷകരുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് സർക്കാർ മറക്കുന്നു, കാരണം നമ്മുടെ രാജ്യത്തെ ഭൂജനസംഖ്യാ അനുപാതം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിൽ കൃഷി ഉപജീവന മാർഗമാണ്, പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ബിസിനസാണ്. കരാർ കൃഷി കർഷകരെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നുവെന്ന് അനുഭവം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ കമ്പനി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരോട് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തു. നാല് കർഷകർ 1.05 കോടി രൂപ വീതം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

ഡൽഹിയിലെ തിക്രി അതിർത്തിയിലെ കർഷക പ്രതിഷേധത്തിൽ നിന്ന്‌

പെപ്സികോയുടെ ലെയ്സിൽ ഉപയോഗിക്കുന്നതരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നായിരുന്നു ആരോപണം. എഫ്.എൽ 2027 എന്ന സങ്കര ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങൾക്കാണെന്നാണ് കമ്പനി പറഞ്ഞത്. കർഷക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് കേസ് പിൻവലിച്ചു. കരാർ കൃഷിയിൽ, വിളകൾ വിതക്കുന്നതിനുമുമ്പ്, കമ്പനികൾ ഉൽപ്പന്നങ്ങൾ നിശ്ചിത വിലയ്ക്ക് വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുന്നു. വിള തയ്യാറാകുമ്പോൾ, കുറച്ച് സമയം കാത്തിരിക്കണമെന്ന് ഇവർ കർഷകരോട് പറയും. ഉൽപ്പന്നങ്ങൾ ചീത്തയാണെന്നും മറ്റും പറഞ്ഞ് നിരസിക്കുകയും ചെയ്യും- കരാർ കൃഷിയിൽ ഇത് വ്യാപകമാണ്.

3). അവശ്യ സാധന നിയമ (എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് ഭേദഗതി- 2020) ഭേദഗതി: ഒന്നും രണ്ടും നിയമങ്ങൾ സുഗമമാക്കുന്നതിനുള്ള ഭേദഗതിയാണിത്. കച്ചവടക്കാർ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ വിലക്ക് വാങ്ങുകയും അവരുടെ ഗോഡൗണുകളിൽ സൂക്ഷിച്ച് കരിഞ്ചന്ത നടത്തുകയും ചെയ്യുന്നത് തടയാനാണ്, 1955ലെ അവശ്യ സാധന നിയമപ്രകാരം, നിശ്ചിതപരിധിയേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത് നിരോധിച്ചത്. പുതിയ ഭേദഗതിയനുസരിച്ച് ഉരുളക്കിഴങ്ങ്, സവാള, പയറുവർഗം, എണ്ണക്കുരു, എണ്ണ എന്നിവ സംഭരിക്കുന്നതിനുള്ള വിലക്ക് നീക്കി. ഇത് കർഷകരെ സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും ചെറുകിട കർഷകരാണെന്നും അവർക്ക് സംഭരണ ശേഷിയില്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. വാസ്തവത്തിൽ, ഈ ഭേദഗതി വൻകിട കമ്പനികളുടെ സമ്മർദ്ദത്തിലാണ് സർക്കാർ കൊണ്ടുവന്നത്, ഇതിലൂടെ അവർക്ക് ഉൽപന്നങ്ങളുടെ കരിഞ്ചന്ത തുടരാം.

വൻകിട കമ്പനികളും സൂപ്പർമാർക്കറ്റുകളും ഉൽപന്നങ്ങൾ അവരുടെ വലിയ വെയർഹൗസുകളിൽ സംഭരിക്കും, പിന്നീട് ഉയർന്ന വിലക്ക് വിൽക്കും. പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമായ സംഭരണത്തിന് ഭേദഗതി ബാധകമല്ലെന്ന് നിയമം പറയുന്നുണ്ട്. അപ്പോൾ, ഫുഡ് കോർപറേഷനോ വെയർ ഹൗസിങ് കോർപറേഷനോ കൂടുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവക്കാനും കഴിയില്ല.

ഏതുതരം സ്വതന്ത്ര വിപണി?

മൂന്ന് നിയമങ്ങൾ കാർഷിക മേഖലയിൽ ഒരു സ്വതന്ത്ര വിപണി സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാറിന്റെ അവകാശവാദം. ഇതുസംബന്ധിച്ച നിഗമനത്തിലെത്തുന്നതിനുമുമ്പ്, കാർഷിക മേഖലയിലെ സ്വതന്ത്ര കമ്പോള നയങ്ങളെക്കുറിച്ച് യു.എസിലെയും യൂറോപ്പിലെയും കർഷകരുടെ അനുഭവം പഠിക്കണം. 1970 കളിലെ സ്വതന്ത്ര കമ്പോള നയങ്ങൾക്കുമുമ്പ്, യു.എസിലെ കർഷകർക്ക് കാർഷികോൽപ്പന്നങ്ങളുടെ അന്തിമ ചില്ലറ വിലയുടെ 40% ലഭിക്കുമായിരുന്നു. സ്വതന്ത്ര കമ്പോള നയം നടപ്പിലാക്കിയ ശേഷം, അവർക്ക് ലഭിക്കുന്നത് 15% മാത്രമാണ്. സ്വതന്ത്ര കമ്പോള നയം ഉണ്ടായിട്ടും യൂറോപ്പിലെ കർഷകർക്ക് കൃഷി നിലനിർത്തുന്നതിന് പ്രതിവർഷം ഏഴു ലക്ഷം കോടി രൂപ സർക്കാർ സഹായം ലഭിക്കുന്നു. സ്വതന്ത്ര കമ്പോള നയങ്ങൾ കർഷകരെ ഉപദ്രവിക്കാനും വൻകിട കമ്പനികളും സൂപ്പർ മാർക്കറ്റുകളും തഴച്ചുവളരാനും മാത്രമേ ഇടവരുത്തൂ എന്ന് യു.എസിലെയും യൂറോപ്പിലെയും അനുഭവം സൂചിപ്പിക്കുന്നു.

കൃഷിക്കാർക്ക് പ്രയോജനം ലഭിക്കണമെങ്കിൽ, കേന്ദ്രസർക്കാർ എ.പി.എം.സി നിയമം പരിഷ്‌കരിക്കുകയും തമിഴ്നാട്ടിലേതുപോലുള്ള "ഉഴവർ സന്തായ്' പദ്ധതി നടപ്പാക്കുകയുമാണ് വേണ്ടത്. 1999 ൽ തമിഴ്നാട്ടിൽ നടപ്പാക്കിയ ഉഴവർ സന്തായ് പദ്ധതി പ്രകാരം, കർഷകരും ഉപഭോക്താക്കളും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിന് ഉഴവർ സന്തായ് മാർക്കറ്റുകൾ ആരംഭിച്ചു. ഓപൺ മാർക്കറ്റിലേതിനേക്കാൾ 20% കൂടുതൽ വില കർഷകർക്ക് ലഭിച്ചു, ഉപഭോക്താക്കൾക്ക് 15% കുറഞ്ഞ വിലക്ക് സാധനങ്ങളും വാങ്ങാനായി.

കർഷകസമരത്തിനിടെ മരിച്ച കർഷകരോടുള്ള ആദരസൂചകമായി ദൽഹി തിക്രി അതിർത്തിയിൽ ഡിസംബർ എട്ടിലെ ഭാരതബന്ദ്​ ദിനത്തിൽ മൗനം ആചരിച്ചപ്പോൾ/ ഫോട്ടോ:CPIML

കർഷകന് മാത്രമേ അവരുടെ സാധനങ്ങൾ വിൽക്കാൻ കഴിയൂ, ഒരു വ്യാപാരിയേയും വിപണിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ശരിയായ ഡോക്യുമെന്റേഷനും പരിശോധനക്കും ശേഷമേ കർഷകർക്ക് ചരക്കുകൾ ഈ വിപണിയിൽ വിൽക്കാൻ കഴിയൂ. കർഷകരിൽ നിന്ന് വാടക ഈടാക്കുന്നില്ല, കൂടാതെ കർഷകർക്ക് സൗജന്യ കോൾഡ് സ്റ്റോറേജ് സൗകര്യവും ഒരുക്കുന്നു. ഇതിനൊപ്പം "ഉഴവാർ സന്തായ്' മാർക്കറ്റുമായി ബന്ധമുള്ള കർഷകർക്ക് അവരുടെ സാധനങ്ങൾ എത്തിക്കുന്നതിന് സർക്കാർ ബസുകളിൽ സൗജന്യ യാത്രാസൗകര്യവും ലഭിക്കും.

കൃഷിക്കാർക്ക് പ്രയോജനം ലഭിക്കണമെങ്കിൽ, കേന്ദ്രസർക്കാർ എ.പി.എം.സി നിയമം പരിഷ്‌കരിക്കുകയും തമിഴ്നാട്ടിലേതുപോലുള്ള "ഉഴവർ സന്തായ്' പദ്ധതി നടപ്പാക്കുകയുമാണ് വേണ്ടത്.

സംസ്ഥാന തലങ്ങളിലുള്ള ഇത്തരം പരീക്ഷണങ്ങളെയും ബദലുകളെയും ഇല്ലാതാക്കി, കൃഷിക്കാരനെയും കൃഷിഭൂമിയെയും കോർപറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന മൂന്ന് നിയമങ്ങൾ കർഷകരുടെ നിലനിൽപ് തന്നെ ഇല്ലാതാക്കും. അതുകൊണ്ടുതന്നെ, കർഷക പ്രക്ഷോഭം ഭാവി സംരക്ഷിക്കുന്നതിനുള്ള നിർണായക പോരാട്ടമാണ്. രാജ്യത്തെ കർഷക സംഘടനകളെല്ലാം വൈരുദ്ധ്യങ്ങൾ മറന്ന് ഒത്തുചേർന്നിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.▮


കെ.വി. ബിജു

രാഷ്​ട്രീയ കിസാൻ മഹാസംഘ്​ ദേശീയ കോർഡിനേറ്റർ

Comments