പണ്ട് കൊട്ടാക്കമ്പൂർ വില്ലേജിൽ മുറുക്കുന്നത്തയ്ക്ക് സർക്കാർ, ഭൂമി പതിച്ചു നല്കിയിരുന്നു എന്നൊരു കഥ ചെറുപ്പം മുതൽ കേട്ടിരുന്നു. പല കഥകളും യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളാണെന്ന് ഞങ്ങൾ കുട്ടികൾ മാത്രമാണ് വിശ്വസിച്ചത്. മുതിർന്നവരുടെ കണ്ണിൽ അവിശ്വാസം നിഴലിച്ചിരുന്നു.
യുദ്ധം ചെയ്യാൻ ബസ്രയിൽ പോയ കുഞ്ഞപ്പു അത്ഭുതകരമായി പലപ്പോഴും മരണത്തിൽ നിന്ന് രക്ഷപെട്ട കഥ അയൽക്കാരോട് പറയുന്നുണ്ട്- ഒരു ദേശത്തിന്റെ കഥയിൽ കുഞ്ഞപ്പു തന്നെ. അതുപോലെ അത്ഭുതകഥകൾ ഒരുപാട് പറയുമായിരുന്നു മുറുക്കുന്നത്ത. ഒന്നാമത്തേത് കുലത്തൊഴിലായ മന്ത്രവാദ ചികിത്സയെക്കുറിച്ചാണ്. രണ്ടാമത്തേത് പൊലീസിൽ സി. ഐ. ഡിയിൽ ജോലി ചെയ്യുമ്പോൾ കുറ്റം തെളിയിക്കാൻ വേഷം മാറി നടന്നപ്പോഴുള്ള കഥകളാണ്. രണ്ടിലേതായാലും സാധാരണത്വമല്ലാത്ത ചിലതുണ്ട്. അതു യാഥാർത്ഥ്യമാണെന്ന് മുതിർന്നവർക്ക് തോന്നണ്ടേ... അതുകൊണ്ടാണ് കഥയെന്ന് പറഞ്ഞുതുടങ്ങുന്നത്.
കൊട്ടാക്കമ്പൂരിൽ ഏക്കറുകണക്കിന് ഭൂമി കിട്ടിയിട്ട് വേണ്ടെന്ന് വെയ്ക്കുക, തുടർന്ന് മറയൂരിൽ എടുത്തോളൂ എന്ന് സർക്കാർ പറയുക. അതും വേണ്ടെന്നു വെയ്ക്കുക. ഇതൊക്കെ കേൾക്കുമ്പോൾ സർക്കാരിന് വേറെ പണിയൊന്നുമില്ലല്ലോ എന്നായിരുന്നു ചിലരുടെയെങ്കിലും ന്യായം.
‘ചുമ്മാ വെടി' - മുറുക്കുന്നത്ത കേൾക്കാതെ ചിലരങ്ങനെ പറഞ്ഞു.
ഞങ്ങളതുകേട്ട് അമ്പരന്നു. ഏത് വിശ്വസിക്കും?
മുറുക്കുന്നത്തായുടെ മരണശേഷം പഴയ കടലാസുകൾക്കിടയിൽ നിന്ന് പച്ചയായ തെളിവുകൾ ലഭിക്കും വരെ ഞാൻ പോലും സന്ദേഹിച്ചിരുന്നു - നേരേത് എന്ന്.
കൊട്ടാക്കമ്പൂരിലെ ഭൂമി വേണ്ടെന്ന് വെച്ചതിന് കാരണം പറഞ്ഞത് രസകരമായിരുന്നു; ഉരുളുക്കിഴങ്ങും ഉള്ളിയും മാത്രമേ ഉണ്ടാകൂ എന്ന്.
ഉരുളക്കിഴങ്ങിനെപ്പറ്റി പറയുമ്പോഴൊക്കെ ഒരു സാധാരണ മലയാളിയുടെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഉരുളക്കിഴങ്ങുകൃഷിയെപ്പറ്റി ആലോചിച്ചിട്ടുണ്ട്.
ഇപ്പോഴോർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു. ഉരുളക്കിഴങ്ങു പാടത്തിലൂടെ ഓടിക്കളിക്കേണ്ടവളായിരുന്നില്ലേ ഞാൻ! എല്ലാം നഷ്ടം, നഷ്ടം...
മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ ദൂരെയാണ് കൊട്ടാക്കമ്പൂർ.
1960 കളിൽ അങ്ങോട്ട് കാളവണ്ടി മാത്രമാണ് വാഹനം. അല്ലെങ്കിൽ കാൽനട. മഴനിഴൽ പ്രദേശം. തണുപ്പ്. അതിനിടയിൽ ഉരുളക്കിഴങ്ങും ഉള്ളിയും...
ഉരുളക്കിഴങ്ങുപാടം ഞാൻ ആദ്യമായി കണ്ടതും കൊട്ടാക്കമ്പൂരിലായിരുന്നു!
ഇരുപത് വർഷം മുമ്പുവരെ മലയാളിയുടെ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങിന് വലിയ പ്രാധാന്യമില്ലായിരുന്നു. ലോകത്ത് അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ് എങ്കിലും. സദ്യയിൽ സാമ്പാറിൽ മാത്രമാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. മലബാറിലെ സദ്യയിൽ മാത്രം കണ്ടു വരുന്ന മസാലക്കറിയിൽ ഉരുളക്കിഴങ്ങ് കണ്ടിട്ടുണ്ട് - അതും വൈകി മാത്രം കണ്ടുതുടങ്ങിയത്.
കുട്ടിക്കാലത്ത് വീട്ടിൽ ഉരുളക്കിഴങ്ങിന് രാജകീയ സ്ഥാനമാണുണ്ടായിരുന്നത്. ഇടുക്കിയിലെ ഒരുൾഗ്രാമത്തിലാണ് വീടെന്നുള്ളതുകൊണ്ട് അവിചാരിതമായെത്തുന്ന അതിഥിക്കുവേണ്ടി ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിച്ചിരുന്നു. ഇറച്ചിയും മീനുമൊന്നും ഇന്നത്തെപ്പോലെ സുലഭമല്ല.
ഐഷാബീവി അമ്മച്ചിയുടെ വറുത്തരച്ച (ഇറച്ചിക്കൂട്ടുകൾ തന്നെ) ഉരുളക്കിഴങ്ങ് കറിയോളം രുചിയുള്ളതൊന്നും ഓർമയിലില്ല. എല്ലാം കിറുകൃത്യം, പാകം.
ഉണക്കമീൻ, ഉരുളക്കിഴങ്ങ്, സവോള, ചെറിയുള്ളി എന്നിവയാണ് എപ്പോഴും സ്റ്റോക്കുള്ള കറിസാധനങ്ങൾ.
മുതിർന്ന് വീടുവിട്ട് പലയിടങ്ങളിൽ സഞ്ചരിച്ച് പലതും രുചിച്ചിട്ടും ഒരിക്കലും വറുത്തരച്ച അതേ രുചിയുള്ള ഉരുളക്കിഴങ്ങു കറി കിട്ടിയിട്ടില്ല.
കോഴിക്കോട് ബാങ്കിൽ ജോലി ചെയ്യും കാലം.
സഹപ്രവർത്തക സുനജേച്ചി ഒരു അത്ഭുതക്കറിപോലെ വറുത്തരച്ച കറിപ്പാത്രം തുറന്നു. അന്നത്തെ സന്തോഷത്തിനതിരില്ല. ഐഷാബീവി അമ്മച്ചി, ഇളംതീയിൽ തേങ്ങയും മല്ലിയും മുളകും മസാലകളും വറുത്തെടുത്ത് കല്ലിൽ അരച്ചുണ്ടാക്കിയ കറിയുടെ പത്തയൽവക്കത്തേക്കെത്തിയിട്ടില്ല, എത്ര വട്ടം വെച്ച് നോക്കിയിട്ടും എന്റെ കറി. അതുകൊണ്ടിപ്പോൾ ആ പരിപാടി നിർത്തിയിരിക്കുകയാണ്. അക്കാലത്ത് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും രാജകീയസ്ഥാനമായിരുന്നു ഉരുളക്കിഴങ്ങിന്. കൂട്ടുകളിൽ വ്യത്യാസമുണ്ടെന്നു മാത്രം. വിവാഹം കഴിഞ്ഞ് വയനാട്ടിലെത്തിയപ്പോൾ പച്ചത്തേങ്ങയരച്ച ഉരുളക്കിഴങ്ങു കറിയാണ് കണ്ടത്. അമ്മായിയുടെ ഹോട്ടലിൽ അതിരാവിലെ തന്നെ തൊലിയോടെ പുഴുങ്ങിയിട്ട ഉരുളക്കിഴങ്ങ് കണ്ടതോർക്കുന്നു. തൊലി പൊളിക്കുമ്പോൾ ഹാ! പ്രത്യേക ഗന്ധം. ഹോട്ടലിൽ കറികളിലല്ലാതെ പലഹാരമൊന്നും ഉരുളക്കിഴങ്ങു കൊണ്ടുണ്ടായിരുന്നില്ല.
ബാജിയാണ് ഉരുളക്കിഴങ്ങു കൊണ്ടുള്ള രാവിലത്തെ കറികളിലൊന്ന്. വടക്കുനിന്ന് കേരളത്തിലെത്തിയത്. പിന്നെ സ്റ്റൂ - പലവിധ ചേരുവകളോടെ.
ഗ്രീൻപീസ് കറിയിൽ, വെജിറ്റബിൾ കുറുമയിൽ, അങ്ങനെ തോന്നിയ എന്തിലും കേറിക്കൂടി രുചിയുടെ മാന്ത്രികത അനുഭവിക്കുന്നു ഈ പെറു സ്വദേശി.
ഇലയും കിഴങ്ങും കണ്ടാൽ ഡാലിയയോടാണ് സാമ്യം. പക്ഷേ, രണ്ടും തമ്മിൽ സാമ്യമൊന്നുമില്ലാത്ത രണ്ടു കുടുംബക്കാരാണ് സസ്യ വർഗീകരണത്തിൽ. എന്നാൽ, പൂവുകൊണ്ട് സാദൃശ്യമുള്ള തക്കാളി, വഴുതന, ചുണ്ട തുടങ്ങിവയുടെ Solanaceae കുടുംബത്തിൽ പിറന്നയാളാണ് ഉരുളക്കിഴങ്ങ്. ലോകത്ത് 7500 ൽ പരം ഉരുളക്കിഴങ്ങുകളുണ്ടത്രേ! അതിൽ നാലിലൊന്ന് കാട്ടുജാതികളും. എണ്ണായിരം വർഷം മുമ്പ് തെക്കേ അമേരിക്കയിലെ ഏതോ കാട്ടുതടാകത്തീരത്തു നിന്ന് കണ്ടെത്തി മെരുക്കിയെടുത്ത ഭക്ഷ്യ വിഭവം ഇന്ന് ലോകം മുഴുവൻ പ്രിയപ്പെട്ടതാകുന്നു. കേരളീയർ ‘പൊട്ടറ്റോ'യേക്കാൾ ഇഷ്ടപ്പെട്ടതും കൃഷി ചെയ്തതും ‘ചൈനീസ് പൊട്ടറ്റോ' എന്ന കൂർക്കയാണ്.
കുറച്ച് മുതിർന്നതിൽ പിന്നെയാണ് പൊട്ടറ്റോ ചിപ്‌സും സമൂസയും കട്‌ലറ്റുമൊക്കെ പരിചിതമാകുന്നത്. ഫ്രഞ്ച് ഫ്രൈസ് വളരെ അടുത്ത കാലത്തും. കോഴിക്കോടു നിന്നാണ് ഉരുളക്കിഴങ്ങ് ബോണ്ട പരിചയപ്പെട്ടത്. ഇടുക്കിയിൽ ബോണ്ടയെന്ന് പറയുന്നത് ഉണ്ടംപൊരി, ഉണ്ടംകാ എന്നൊക്കെ അറിയപ്പെടുന്ന പലഹാരത്തിനാണ്.
വട്ടത്തിൽ, നീളത്തിൽ, ചതുരത്തിലുമൊക്കെ കഷ്ണിച്ച് മസാല പുരട്ടി വറുത്തെടുക്കുന്ന പണിയൊക്കെ അടുത്ത കാലത്ത് തുടങ്ങിയതാണ്. തേങ്ങ ചേർത്ത് തോരൻ അപൂർവമായി കഴിച്ചിട്ടുണ്ട്. മുളകും ഉള്ളിയും ഇടിച്ച് മൂപ്പിച്ച് ചേർത്ത് ഉലർത്തിയും മസാലപ്പൊടി മൂപ്പിച്ച് ചേർത്ത് മെഴുക്കുപുരട്ടിയും കുരുമുളക് പൊടി മൂപ്പിച്ച് ചേർത്ത് ഉലർത്തിയുമൊക്കെ പരീക്ഷണങ്ങൾ പലതും നടത്താറുണ്ട്. ചോറിന് കഴിക്കാവുന്നത് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. മസാല ദോശയാണ് മറ്റൊരു വിഭവം.
ചിലർ ഉരുളക്കിഴങ്ങിൽ ഒരുപാട് തക്കാളിചേർക്കും. തക്കാളി അധികമായാൽ യഥാർത്ഥ രുചി കിട്ടില്ലെന്ന് തോന്നാറുണ്ട്. ഓരോരുത്തരുടേയും രുചി വ്യത്യസ്തവുമാണ്, എങ്കിലും. ഒരുപാട് അംഗങ്ങളുള്ള വീടുകളിൽ, ദരിദ്രരുടെ വീടുകളിൽ ഇറച്ചിക്കറി വെയ്ക്കുന്നത് ഉരുളക്കിഴങ്ങ് ചേർത്താണ്. പാവപ്പെട്ടവരുടെ വീടുകളിലും മറ്റും ആഘോഷ പരിപാടികളിൽ അടുത്ത കാലം വരെ ഉരുളക്കിഴങ്ങിട്ട് നീട്ടിയ ഇറച്ചിക്കറിയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഉരുളക്കിഴങ്ങിൽ നേരിയ തോതിൽ Glycoalkaloids എന്ന വിഷ തന്മാത്രകൾ അടങ്ങിയിട്ടുണ്ട്. Alpha - Solanine, Alpha - Chachonine എന്നിവയാണ് പ്രധാനമായത്. ചെടിയിൽ മൊത്തത്തിൽ ഇവയുണ്ടെങ്കിലും പൂവിലും കിഴങ്ങിന്റെ തൊലിയിലും മുളയിലും കുറച്ച് കൂടുതലായുണ്ട്. അപൂർവമായി വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊലികളയാതെ ഉപയോഗിക്കുന്നത് നല്ലതല്ല. അതേപോലെ മുള വന്ന കിഴങ്ങുപയോഗിക്കുന്നതും ചിലപ്പോൾ അപകടമാവാം. മലയാളികൾ പൊതുവേ മുളവന്ന കിഴങ്ങ് വാങ്ങാറില്ല. അപകടത്തെപ്പറ്റി ബോധമുണ്ട്. ഒരിക്കൽ ഒരു കടയിൽ മുള പൊട്ടിയ കിഴങ്ങു കണ്ടപ്പോൾ ‘ഇത് വില്ക്കാൻ വെച്ചതാണോ' എന്നു ചോദിച്ചപ്പോൾ ‘കുറഞ്ഞ വിലയ്ക്ക് ഭായിമാർ വാങ്ങിക്കോളും' എന്നാണ് മറുപടി കിട്ടിയത്.
പി.എസ്.സി പരീക്ഷയ്ക്ക് ആത്മാർത്ഥമായി പഠിച്ചു തുടങ്ങിയ കാലം. ലാസ്റ്റ് ഗ്രേഡ് സെർവെൻറ് തസ്തികയിലേക്കുള്ള പരീക്ഷ എഴുതാൻ പോയി. എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ. ഭൂകാണ്ഡത്തിന് ഉദാഹരണം എഴുതാനായിരുന്നു ഒരു ചോദ്യം. അതെന്നെ കുഴക്കി. മരച്ചീനി, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയൊക്കെയാണ് ഓപ്ഷൻ നൽകിയിരുന്നത്. അഞ്ചാം ക്ലാസ്സിൽ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. പക്ഷേ, ഏതാണെന്ന് മറന്നുപോയി. ഉരുളക്കിഴങ്ങ് മനസ്സിൽ വന്നതേയില്ല. തെറ്റി മാർക്കു ചെയ്തു. പിന്നീടാണ് മനസ്സിലായത് ഉരുളക്കിഴങ്ങ് വേരല്ല, കാണ്ഡമാണെന്ന്. ഭൂമിക്കടിയിൽ വളരുന്ന കാണ്ഡങ്ങളാണിവ. അവയുടെ നിലനിൽപ്പിനും പുനരുൽപാദനത്തിനും പോഷകങ്ങൾ സംഭരിക്കാൻ കിഴങ്ങ് ഭൂമിക്കടിയിൽ വളരുന്നു. ഉരുളക്കിഴങ്ങിൽ പ്രധാനമായും 79% ജലം, 17% അന്നജം, 2% പ്രോട്ടീൻ എന്നിവയാണുള്ളത്. ഭക്ഷിച്ചാൽ ചിലർക്ക് വായു കോപം, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ എന്നിവയുണ്ടാകുന്നു.
എട്ടൊമ്പത് കൊല്ലം മുമ്പ് തൃശൂരിൽ പോയതാണ്. കെ. എസ്. ആർ. ടി. സി സ്റ്റാന്റിൽ ബസിറങ്ങുമ്പോൾ കടകളൊക്കെ അടച്ചിരുന്നു. പ്രാദേശികമായ എന്തോ പ്രശ്‌നം. ഭക്ഷണം കഴിക്കാൻ എന്തു ചെയ്യുമെന്നോർത്ത് നടക്കുകയാണ്. കുറച്ചപ്പുറത്ത് ഉള്ളിലേക്ക് മാറി നോർത്ത് ഇന്ത്യൻ റെസ്റ്റോറൻറ്...
നോർത്ത് ഇന്ത്യൻ എന്നത് കടയുടെ പേരാണെന്നായിരുന്നു വിചാരം. ശരിക്കും നോർത്തിന്ത്യൻ തന്നെ. അവിടുണ്ടായിരുന്നവർക്ക് ഹിന്ദിയല്ലാതൊന്നും അറിയുകയുമില്ല. മുറി ഹിന്ദിയിൽ കഴിക്കാനെന്തുണ്ടെന്നു ചോദിച്ചപ്പോൾ എന്തിന്റെയൊക്കെ പേര് അതിവേഗത്തിൽ ഒരാൾ പറഞ്ഞു. ആകെ തിരിഞ്ഞത് ആലു പറാത്ത എന്നു മാത്രം. ആലു ഉരുളക്കിഴങ്ങാണെന്നറിയാം. പറാത്ത പൊറോട്ടയാവും എന്നു കരുതി അതിന് ഓർഡർ ചെയ്ത് കാത്തിരിപ്പായി. ഉരുളക്കിഴങ്ങു കറിയും പൊറോട്ടയുമാണ് പ്രതീക്ഷ. വിശക്കുന്നതിന് എന്തെങ്കിലും കഴിക്കുക എന്നല്ലാതെ ഭക്ഷണപ്രിയയല്ല. വ്യത്യസ്ത വിഭവങ്ങൾ തേടിപ്പിടിച്ച് കഴിക്കുന്ന പതിവില്ല. അതുകൊണ്ടൊക്കെയാവണം ചൈനീസ്, നോർത്തിന്ത്യൻ വിഭവങ്ങളെപ്പറ്റിയൊന്നും ധാരണയില്ലാത്തത്. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ.
അരമണിക്കൂറോളം കാത്തിരുന്നപ്പോൾ പ്ലെയ്റ്റ് നിറഞ്ഞ ചപ്പാത്തിയും മാങ്ങാ അച്ചാറും വിനാഗിരിയിലിട്ട മുളകും കുറച്ച് തൈരും വന്നു. കറി കിട്ടിയിട്ട് വേണം കഴിച്ചു തുടങ്ങാൻ എന്ന് കരുതി ഇരിക്കുകയാണ്. കുറച്ചിരുന്നിട്ടും പിന്നെയൊന്നും വന്നില്ല. കഴിക്കാത്തത് കണ്ടിട്ടോ എന്തോ വെയ്റ്റർ പിന്നെയും അച്ചാറോ ഉപ്പിലിട്ടതോ കൊണ്ടുവന്ന് തന്നു. എന്തായാലും അച്ചാറും തൈരും കൂട്ടി ചപ്പാത്തി കഴിക്കുക തന്നെ. കഴിച്ചു തുടങ്ങിയപ്പോഴാണ് ചപ്പാത്തിക്കുള്ളിൽ ആലു. എങ്ങനെ ഇങ്ങനെ ഉരുളക്കിഴങ്ങിനെ ഉള്ളിലൊതുക്കി? അപാര രുചിയും!
പിന്നെ വീട്ടിൽ ചെന്ന് പല പണി ചെയ്ത് ഏകദേശം ഒപ്പിച്ച് സംതൃപ്തിയണഞ്ഞു.
മലയാളിയുടെ ഭക്ഷണ സംസ്‌ക്കാരത്തെപ്പറ്റി കാര്യമായി ആലോചിക്കാറുണ്ട്. സ്ത്രീകളെ പുറത്തിറക്കാതെ അടുക്കളയിൽ തന്നെ വെച്ചും കഴുകിയുമിരിക്കാനുള്ളതാക്കുന്നവർ. വീട്, സമൂഹം, അവരവർ തന്നെ ഉത്തരവാദിയാണ്. കൈപ്പുണ്യത്തെപ്പറ്റിയൊക്കെ പറയുമ്പോൾ അങ്ങ് വീണു പോവുകയാണ്. കേരളാവസ്ഥയിൽ നാലുനേരം നാലു രീതിയിൽ വെച്ചുണ്ടാക്കി വിളമ്പേണ്ട ബാധ്യത ഇന്നും സ്ത്രീക്കാണ്. കൈപ്പുണ്യത്തിന്റെ പേര് മറയാക്കി അമ്മയെ ഭാര്യയെ, പെങ്ങളെ, മകളെ പാട്ടിലാക്കുന്നു. അതിൽ വീണുപോകുന്ന പെണ്ണുങ്ങൾ താൻ അടുക്കളയിൽ കയറിയില്ലെങ്കിൽ ആകാശമിടിഞ്ഞു വീഴുമെന്ന് കരുതുന്നു. അരയ്ക്കാനും അലക്കാനും വെള്ളം വലിക്കാനും യന്ത്രങ്ങൾ കൂടിയില്ലായിരുന്നെങ്കിൽ നമ്മുടെ സ്ത്രീകൾ ഇന്നത്തേക്കാലത്ത് ജോലിയ്ക്കു പോകുന്നതുകൂടി നടക്കാതെ പോയേനേ. സഹായിക്കുന്ന പുരുഷന്മാരുണ്ട്. ഉണ്ടാവാം. പക്ഷേ, എത്രമാത്രം എന്ന ചോദ്യമുണ്ട്. അവിടെയും സഹായമാണ്, പങ്കിടലല്ല.
നാളെ രാവിലെ കഴിക്കേണ്ട ഇഡ്ഢലിക്കും ദോശയ്ക്കും വേണ്ടി 24 മണിക്കൂർ മുമ്പേ അരിയുമുഴുന്നും വെള്ളത്തിലിടുന്നു. ഉച്ച തിരിയുമ്പോൾ ആട്ടി വെയ്ക്കുന്നു. പുളിച്ച് പൊങ്ങിയാൽ മാത്രം നന്നാവുന്ന ഭക്ഷണം. ഒരു നേരത്തെ ഭക്ഷണം അടുത്ത നേരത്തേക്ക് നമുക്ക് പറ്റുകയുമില്ല. നാലു നേരം നാലു രീതിയിലുള്ള ഭക്ഷണം. എല്ലാം വയറുനിറച്ചു കഴിക്കുക എന്നതാണ് കണക്ക്.
മറ്റു സംസ്ഥാനങ്ങളിലെ, രാജ്യങ്ങളിലെ ഭക്ഷണത്തെ സ്വാഗതം ചെയ്യുകയാണ് നമ്മൾ. അമിതഭക്ഷണപ്രിയരാകുന്നു. ലോക്ക്ഡൗൺ കാലത്ത് സ്‌കൂൾ വിദ്യാർത്ഥിനികൾ മുതൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അറിയുന്നവരും അറിയാത്തവരുമടക്കം പാചകത്തിൽ യൂട്യൂബ് തുടങ്ങിയവരാണ് കേരളത്തിലുള്ളത്. പാചകത്തിലെ അമിത പ്രാധാന്യം സ്ത്രീകളെ ഒന്നുകൂടി അടുക്കളയിലേക്കൊതുക്കുന്നുവെന്നറിയാതെ പോകുന്നു. സർഗ്ഗാത്മകത മുഴുവൻ പാചകത്തിലും വൃത്തിയാക്കലിലുമാണ്.
സ്ത്രീകളെ സ്വതന്ത്രരാക്കുന്നതിൽ അടുക്കളയ്ക്ക് വലിയ പങ്കുണ്ട്. ചപ്പാത്തിയും ദാലും അല്ലെങ്കിൽ ആലു ഇത്രയുമാണ് വടക്കേ ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണം. അതേ, ആലു എന്ന പൊട്ടറ്റോ എന്ന ഉരുളക്കിഴങ്ങിന് വലിയ പ്രാധാന്യമുണ്ട് ഇന്ത്യയ്ക്ക്. കൃഷിക്കാർക്ക് പ്രാധാന്യമുണ്ട്. അവർ പറയുന്ന രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉരുളക്കിഴങ്ങിനും അതിന്റെ ഉത്പാദകർക്കും രാഷ്ട്രീയമുണ്ട്. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം, അത് വിളിച്ചു പറയുന്ന അരികുവത്ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് വാൻഗോഗിന്റെ ‘The Potato Eaters' എന്ന ചിത്രമാണ്.
നവോത്ഥാന ചിത്രകലയുടെ കാലത്ത് ഭൂരിപക്ഷവും വരച്ചത് ഉപരിവർഗ ജീവിതമായിരുന്നു. മിനുസമുള്ള ശരീരങ്ങളും അഴകളവുകളുമുള്ളവരുടെ ജീവിതം. സമ്പത്തുള്ളവരെ പ്രീണിപ്പിച്ചു നിർത്തേണ്ടത് ചിത്രകാർക്ക് ആവശ്യവുമായിരുന്നു. എന്നാൽ വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന ചിത്രം അതുവരെയുള്ള ചിത്രങ്ങളുടെ മറുവശമായിരുന്നു. അരണ്ട വെളിച്ചത്തിൽ എല്ലുന്തിയ കവിളുകളും വരണ്ട മുഖങ്ങളുമുള്ള കർഷക കുടുംബം ഉരുളക്കിഴങ്ങ് ഭക്ഷിക്കുന്നതായിരുന്നു ആ ചിത്രം. ഉരുളക്കിഴങ്ങിന്റെ തൊലി നിറത്തിലുള്ള ഈ ചിത്രം വാൻഗോഗിന്റെ മാസ്റ്റർപീസാണ്. കർഷകരുടെ അധ്വാനത്തിന്റെ ഫലം അന്നുവരെ കാര്യമായി ചിത്രകാരുടെ മുന്നിൽ വന്നിരുന്നില്ല. ‘ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ ഉരുളക്കിഴങ്ങുകൾ കഴിക്കുന്ന ഈ ആളുകൾ, പാത്രത്തിൽ തൊടുന്ന ഈ കൈകൊണ്ട് മണ്ണിൽ സ്വയം കൃഷി ചെയ്തു എന്ന ആശയം ആളുകൾക്ക് ലഭിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു. ഇത് ശാരീരികാധ്വാനത്തെക്കുറിച്ചും അവർ സത്യസന്ധമായി തങ്ങളുടെ ഭക്ഷണം സമ്പാദിച്ചതിനെക്കുറിച്ചും പറയുന്നു. നമ്മുടെ പരിഷ്‌കൃതരായ ആളുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതിയെക്കുറിച്ചുള്ള ആശയം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു’- ഈ ചിത്രത്തെപ്പറ്റി വാൻഗോഗ് സഹോദരൻ തിയോയ്ക്ക് ഇങ്ങനെ എഴുതിയിട്ടുണ്ട്.
സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ ശാരീരികാധ്വാനത്തെക്കുറിച്ചും സത്യസന്ധമായി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ഓർമപ്പെടുത്തുകയായിരുന്നു വാൻഗോഗ് ഉരുളക്കിഴങ്ങ് തിന്നുന്നവരിലൂടെ. ഈ ഓർമപ്പെടുത്തൽ ഇടയ്ക്കിടയ്ക്ക് വേണ്ടി വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. കർഷകരാണോ കോർപറേറ്റുകളാണോ ഉത്പാദകർ എന്ന വ്യാജച്ചോദ്യം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഉരുളക്കിഴങ്ങിന്റെ (മറ്റു പലതിന്റെയും) പേറ്റൻറ് കോർപ്പറേറ്റ് നേടിക്കൊണ്ടിരിക്കുന്ന കാലമാണ്. അന്തകവിത്തുകൾ,വളം, കീടനാശിനികൾ.... എല്ലാം കോർപറേറ്റുകൾ തീരുമാനിക്കുന്നു. സർവ്വനാശത്തിന്റെ വിത്തുകൾ വിതച്ച് കടക്കെണിയിലാകുന്ന കർഷകർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത് കാണേണ്ടി വരുന്നു. അപ്പോഴും
വിത്തും കൊയ്ത്തും ഞങ്ങളുടേതാവണമെന്ന് കോർപറേറ്റുകൾ വാശി പിടിക്കുന്നു. കോർപറേറ്റുകളുടെ താളത്തിനുസരിച്ച് നിയമങ്ങൾ പരിഷ്‌ക്കരിക്കുന്ന ഭരണകൂടം. ഇവിടെ കർഷകർക്ക് ദീർഘകാലം തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നു. അപ്പോഴും ഒന്നും കാണുന്നില്ലെന്ന് നടിക്കുന്ന മറുവശം.
കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തിൽ എന്നോ സ്വന്തമായിരുന്ന ഉരുളക്കിഴങ്ങു പാടത്തിലൂടെ.... ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.