ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 58-ന്റെ കവറിന് സൈനുൽ ആബിദിന്റെ ഡിസൈൻ.

ഉരുളക്കിഴങ്ങിന്റെ സാംസ്‌കാരിക ചരിത്രം

ഉരുളക്കിഴങ്ങിന്റെ സാംസ്‌കാരിക ചരിത്രം

രുളക്കിഴങ്ങിന്റെ സാംസ്‌കാരിക ചരിത്രം രസാവഹമാണ്. ഒരുകാലത്ത് സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന രാജകീയ ഭോജ്യമായിരുന്നത്രേ ഈ പുതിയ കിഴങ്ങ്. 1780 നോടടുത്ത് അന്നത്തെ ബംഗാൾ ഗവർണറായിരുന്ന വാറെൻ ഹെസ്റ്റിങ്സിന് ഒരു കുട്ട ഉരുളക്കിഴങ്ങ് സമ്മാനമായി ലഭിച്ചതും തന്റെ കൗൺസിൽ അംഗങ്ങളെ ക്ഷണിച്ചുവരുത്തി രാജകീയ വിരുന്ന് നടത്തി, സുഹൃത്തുക്കൾക്ക് മിച്ചം വന്ന ഉരുളക്കിഴങ്ങ് നൽകുകയും ചെയ്ത കഥ കെ. ടി. അചയ തന്റെ "Indian Food- A Historical Companion' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. 1830 ആയപ്പോഴേയ്ക്കും ഡെറാഡൂൺ മലത്തട്ടുകളിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായിരുന്നത്രെ. ബ്രിട്ടീഷുകാരുടെ വൻ താൽപര്യം ഇതിനു പിന്നിലുണ്ടായിരുന്നു. മുസ്സൂറിയിലും ലാണ്ഡോറിലും Captain Youns ഉം Mr. Shore ഉം ഇതേസമയം ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കിയ ചരിത്രം പ്രസിദ്ധ ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരൻ റസ്‌കിൻ ബോണ്ട് വിവരിച്ചിട്ടുണ്ട്. 1760 ആയപ്പൊഴേക്കും അയർലണ്ടിലെ പ്രധാന ആഹാരം ഉരുളക്കിഴങ്ങ് ആയതിന് രാഷ്ട്രീയ / സാമൂഹ്യകാരണങ്ങളുണ്ട്. 1845 മുതൽ 1852 വരെ നടമാടിയ രൂക്ഷമായ ക്ഷാമത്തിൽ മില്ല്യൺ കണക്കിന് ആൾക്കാരാണ് മരിച്ചത്. ഇത്രമാത്രം ജനങ്ങളുടെ മരണത്തിനെ സ്വാധീനിക്കാൻ കെൽപ്പുണ്ടായ മറ്റൊരു പച്ചക്കറി ലോക ചരിത്രത്തിൽ ഇല്ല തന്നെ. അക്കാലത്ത് ഒരേ ഒരു ജെനെറ്റിക് വെറൈറ്റി ഉരുളക്കിഴങ്ങേ ഉണ്ടായിരുന്നുള്ളു, പൂപ്പൽ ബാധ കൊണ്ട് അയർലണ്ടിലെ മൊത്തം ഉരുളക്കിഴങ്ങ് കൃഷിയും നശിക്കുകയായിരുന്നു. പ്രതിരോധശക്തിയുള്ള ജനിതക വൈവിധ്യമിയന്നവ പിന്നീടാണ് എത്തിയത്.

ഉത്തരാഖണ്ഡിലെ ഒസ്ല ഗ്രാമത്തിലെ ഉരുളക്കിഴങ്ങ് കർഷകർ / Photo: A.J. Joji

യൂറോപ്യൻസ് ഉരുളക്കിഴങ്ങ് ആദ്യം കാണുന്നത് 1537 ൽ സൗത്ത് അമേരിക്കയിലാണ്. 1570ൽ ഒരു സ്പാനിഷ് കപ്പലാണ് നടാടെ യൂറോപ്പിൽ ഉരുളക്കിഴങ്ങ് കൊണ്ടിറക്കിയത്. 1597 ൽ ജോൺ ജെറാർഡ് എന്നൊരാൾ ഇംഗ്ളീഷിൽ ഇതിനെ വിവരിച്ചത് "ബടാറ്റാ' എന്ന പേരിലാണ്. സൗത്ത് അമേരിക്കയിൽ മധുരക്കിഴങ്ങിന്റെ ഈ പേര് തെറ്റിദ്ധരിച്ച് ഇട്ടതാണ്. പോർച്ചുഗീസുകാർ "ബടാറ്റ' എന്ന പേർ സ്ഥിരപ്പെടുത്തി. പിന്നീട് ഇത് "പൊട്ടറ്റൊ' എന്നായി മാറി ഇംഗ്ളീഷിൽ. മധുരക്കിഴങ്ങും യൂറോപ്യൻ സായിപ്പിനു പുതിയ ആഹാരവസ്തു ആയിരുന്നു.

പോർച്ചുഗീസ്‌കാരാണ് ഇന്ത്യയിൽ പൊട്ടറ്റോ അവതരിപ്പിച്ചതെങ്കിലും ഡച്ചുകാരാണ് ഒരു "ഉരുളക്കിഴങ്ങ് സംസ്‌കാരം' ഇവിടെ പ്രചലിതമാക്കിയത്. സായിപ്പിന്റെ വിശിഷ്ടഭോജ്യം ആയിരുന്നെങ്കിലും നാട്ടുകാരുടെ അടുക്കളയിലെത്താൻ ഉരുളക്കിഴങ്ങ് താമസിച്ചുപോയി. ബ്രാഹ്‌മണർ പൊട്ടറ്റോയും റ്റൊമാറ്റോയും തീരെ വർജ്ജിച്ചു. അമ്പലങ്ങളിൽ സമർപ്പിക്കപ്പെടുന്ന കായ്കനി/പച്ചക്കറികളിൽ മധുരക്കിഴങ്ങ് പണ്ടേ സ്ഥാനം പിടിച്ചിരുന്നു എങ്കിലും ഉരുളക്കിഴങ്ങ് അതിനു യോജ്യമല്ല എന്നായിരുന്നു തീരുമാനം, ഇന്നും. കേരളത്തിൽ 1965 കഴിഞ്ഞപ്പോഴേക്കുമാണ് ചെറിയ പട്ടണങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിത്തുടങ്ങിയത്. ഇന്ന് സാമ്പാറിലെ പ്രധാന കഷണം ഉരുളക്കിഴങ്ങാണ്. കൂടുതൽ വായനയ്ക്ക്: Achaya K. T. Indian Food-A Historical Companion. Oxford University Press. 1994. Upadhya M. N. "Potato' in Diversity and Change in the Indian Subcontinent. J. B. Hutchinons (ed). Cambridge University Press, 1974.Pushkarnath M. The Potato in India. Indian Council of Agricultural Research, New Delhi, 1964.എതിരൻ കതിരവൻ,ചിക്കാഗോ.


ഉരുളക്കിഴങ്ങ്, കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടഭോജ്യം

രുളക്കിഴങ്ങിന്റെ രാഷ്ട്രീയ ജീവചരിത്രം ഗംഭീരമായി. ഉരുളക്കിഴങ്ങ് ഒരേസമയം, പാവപ്പെട്ടവരുടെ ഭക്ഷ്യവസ്തുവും ഇന്ത്യൻ പൗരജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാഷ്ട്രീയ ഉൽപ്പന്നവുമാണ്. വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ "ആലുവിന്റെ അത്ഭുതലോകങ്ങൾ' (പാക്കറ്റ് 58) എന്ന ലേഖനത്തിൽ ഉരുളക്കിഴങ്ങ് എങ്ങനെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ രുചിക്കൂട്ടുകളെ നിർണിയിക്കുന്നു എന്നതിന്റെ സൂചനകളുണ്ട്. സാധാരണക്കാരന്റെ ഇമേജുള്ള രാഷ്ട്രീയനേതാവായ ലാലു പ്രസാദ് യാദവിന്റെ ഉരുളക്കിഴങ്ങുമായുള്ള സമീകരണം ഒന്നാന്തരം ഉദാഹരണം. വോട്ടർമാരുടെ അകത്തേക്ക് കയറിച്ചെല്ലാൻ എല്ലാ പാർട്ടികളും നേതാക്കളും പയറ്റുന്ന ഒരു തന്ത്രം- "സമൂസമയിൽ ആലു ഉള്ള കാലത്തോളം ലാലുവും ഉണ്ടാകും' എന്ന മട്ടിലുള്ള പ്രയോഗങ്ങൾ.

വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലും ഉരുളക്കിഴങ്ങ് ഒരു നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനകൾ ഇപ്പോഴേയുണ്ട്. യു.പിയിൽനിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലുങ്കാന നിരോധിച്ചതാണ് ഒരു പ്രശ്നം. 50 കിലോയുള്ള 500 ചാക്ക് ഉരുളക്കിഴങ്ങുമായി 100 ട്രക്കുകളാണ് ദിവസവും തെലുങ്കാനയിലേക്ക് യു.പിയിൽനിന്ന് പോകാറ്. പഴയ സ്റ്റോക്കാണ് എന്നു പറഞ്ഞാണ് തെലങ്കാന ഇറക്കുമതി നിർത്തിയത്. ഗ്രാമീണ കർഷകരുടെ ജീവിതത്തിൽ എന്നും തിളച്ചുകൊണ്ടിരിക്കുന്ന, എന്നാൽ ഒരിക്കലും വേവാത്ത ഒരു പ്രശ്നം കൂടിയാണ് ഉരുളക്കിഴങ്ങിന്റേത്. അത്, കക്ഷിരാഷ്ട്രീയത്തിന്റെ ഇഷ്ടഭോജ്യമാകുന്നതിൽ അതുകൊണ്ടുതന്നെ വിസ്മയമില്ല.
ഈയിടെ, ഐ.എം.എഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ്, ഉരുളക്കിഴങ്ങ് വേവിച്ചതും സവോളയും പുളിവെള്ളവുമൊക്കെ ചേർത്ത് തയാറാക്കുന്ന പാനിപൂരി കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു, പുതുവർഷത്തിന്. അസ്സൽ പാനിപൂരി കഴിക്കാൻ ഇന്ത്യൻ തെരുവുകളിൽ പോകൂ എന്നായിരുന്നു അതിന് ലഭിച്ച ഒരു കമന്റ്. അതേ, ഇന്ത്യയുടെ തെരുവുകളിലാണ് ഉരുളക്കിഴങ്ങിന്റെ സ്ഥാനവും അതിന്റെ രുചിയും. ജീവൻ രാജ്, ന്യൂഡൽഹി.


വ്യത്യസ്തമായ ഒരു ഉരുളക്കിഴങ്ങ് പാക്കറ്റ്

ന്ത്യൻ ഭക്ഷണത്തിലെ ഒരു പ്രിയ വിഭവത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്തിയ ഒരു ഇഷ്യുവായിരുന്നു വെബ്സീനിന്റെ 58ാം പാക്കറ്റ്. ഒരു കാർഷിക വവിഭവമെന്ന നിലയ്ക്കും സാധാരണക്കാരുടെ ഭക്ഷണം എന്ന നിലയ്ക്കും മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് ചെലുത്തുന്ന സ്വാധീനവും കൂടിച്ചേർന്നപ്പോൾ, ഉരുളക്കിഴങ്ങ് പാക്കറ്റ് വ്യത്യസ്തമാണ്.

കാലത്തിനൊത്ത് സഞ്ചരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ് എന്നുതോന്നിയിട്ടുണ്ട്. അതുകൊണ്ടാണ്, വി. മുസഫർ അഹമ്മദ് എഴുതിയതുപോലെ, അത് ഇന്ത്യയിലും ഗൾഫിലുമെല്ലാം വെജിറ്റേറിയന്മാരുടെയും നോൺ വെജിറ്റേറിയന്മാരുടെയുമെല്ലാം കൂട്ടായി മാറിയത്. ചിക്കൻ കഴിക്കുകയാണെന്ന ഒരു തൃപ്തിയോടെ, എന്നും ചിക്കൻ വാങ്ങാൻ കഴിയാത്ത, ഗൾഫിൽ ഒരു കാലത്തുണ്ടായിരുന്ന ഉത്തരേന്ത്യൻ സഹപ്രവർത്തകർ ഉരുളക്കിഴങ്ങുകറി കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഏതു രുചിക്കും ഇണങ്ങുംവിധമുള്ള രൂപങ്ങളിലേക്ക് മാറാനുള്ള കഴിവാണ് ഉരുളക്കിഴങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പോൾ അത് ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെയായി വിപുലപ്പെട്ടു എന്നു മാത്രം. ഒരുപക്ഷെ, ഇന്ത്യൻ ഗ്രാമങ്ങളിലെ പോഷകാഹാരക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാകാം ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങും പാലും ചേർന്നാൽ സമീകൃതാഹാരമായി എന്ന് വിഗ്ധർ പറയുന്നുണ്ട്. കന്നുകാലികൾക്കുള്ള തീറ്റയായിരുന്ന ഉരുളക്കിഴങ്ങ് യൂറോപ്യൻ രാജ്യങ്ങളിലെത്തിയിട്ടും വർഷങ്ങളോളം അത് ഒരു വിഷഭക്ഷണമായിട്ടാണ് പരിഗണിക്കപ്പെട്ടത്. പിശാചിന്റെ വിള എന്നൊക്കെ പറഞ്ഞ് അതിനുനേരെ മതപൗരോഹിത്യത്തിന്റെ ആക്രമണവുമുണ്ടായിരുന്നു. വ്യവസായ വിപ്ലവവും ജനസംഖ്യയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഉരുളക്കിഴങ്ങിനെ ജനകീയമാക്കിയത്. ഫാക്ടി തൊഴിലാളികളുടെ ഇഷ്ടഭോജ്യമായിരുന്നു ഉരുളക്കിഴങ്ങ്. ഇങ്ങനെ, നമ്മുടെ രുചികളിൽ മാത്രമല്ല, ചരിത്രത്തിലും അതിനെ രൂപപ്പെടുത്തിയ രാഷ്ട്രീയത്തിലുമൊക്കെ വെന്തും വേവാതെയും കിടക്കുന്ന ഒരു വിഭവത്തെ വെബ്സീൻ കണ്ടെടുത്ത വിധം അഭിനന്ദനീയമാണ്.
ഫസീല അമൻ, ബർക്ക, ഒമാൻ.


അടിസ്ഥാനവർഗത്തിന്റേതാണ് ഉരുളക്കിഴങ്ങനുഭവങ്ങൾ

ന്ദഗോപാൽ ആർ. മേനോൻ എഴുതിയ ഉരുളക്കിഴങ്ങനുഭവങ്ങൾ (പാക്കറ്റ് 58) വായിച്ചു. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥക്കും മനുഷ്യരുടെ രുചിഭേദങ്ങൾക്കും വിപണിനിലവാരത്തിനുമെല്ലാമൊപ്പിച്ച് തരംപോലെ രൂപം മാറാനുള്ള വിദ്യ ഉരുളക്കിഴങ്ങിനെപ്പോലെ മറ്റൊരു ഭക്ഷ്യവസ്തുവിനും ഇല്ല എന്നാണ് ഈ ലേഖനം വായിച്ചപ്പോൾ തോന്നിയത്. കഴിഞ്ഞ ദിവസം ഒരു വാർത്ത വായിച്ചു, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തീൻമേശയിൽനിന്ന് ഉരുളക്കിഴങ്ങ് ഒഴിവാക്കിയെന്ന്. യൂറോപ്യൻ വരേണ്യത എല്ലാ കാലത്തും ഉരുളക്കിഴങ്ങിനോട് ഒരുതരം വിവേചനം പുലർത്തിയിരുന്നതായി കാണാം.

ഡച്ച് സൂപ്പർമാർക്കറ്റിൽ ലഭ്യമായ ഉരുളക്കിഴങ്ങിന്റെ വകഭേദങ്ങളിൽ ചിലത്‌

കാരണം, അത് ഏതു കാലത്തും ഏതിടത്തും അടിസ്ഥാനവർഗത്തിന്റെ ഭക്ഷണമായിരുന്നുവല്ലോ. പഴയ റഷ്യൻ കുട്ടിക്കഥകളിലെ നായകൻ ഉരുളക്കിഴങ്ങായിരുന്നുവല്ലോ. ഇന്ത്യയിലും ഇപ്പോൾ ഏറ്റവും ജനപ്രിയമായ തെരുവുഭക്ഷണം വേവിച്ച ഉരുളക്കിഴങ്ങും വെള്ളക്കടലയുമൊക്കെ ചേർത്ത് തയാറാക്കുന്ന പാനിപൂരിയാണ്. കുത്തകകൾ പാനിപൂരിയെ പലതരത്തിൽ വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റോഡരികിലെ തട്ടുകട ഭക്ഷണമെന്ന നിലയ്ക്കാണ് ഇന്നും പാനിപൂരിക്ക് പ്രിയമുള്ളത്. കാരണം, അതിന്റെ വില തന്നെ. ഡൽഹി അതിർത്തിയിൽ നടന്ന കർഷക സമരത്തിൽ, അവരുടെ വിശപ്പ് പിടിച്ചുനിർത്തിയത് ഉരുളക്കിഴങ്ങാണ്. അടിസ്ഥാന വർഗത്തിന്റെ വിശപ്പും സമ്പത്തും നിർണയിക്കുന്ന ഒരു വിഭവമായി അങ്ങനെ ഉരുളക്കിഴങ്ങ് മാറുന്നു.കെ.ടി. മുസ്തഫ, തിരൂരങ്ങാടി, മലപ്പുറം.


വിത്തിന്റെ അവകാശം കർഷകർക്കുതന്നെയാണ്

വിത്തിനുമേൽ ആർക്കാണ് അവകാശം എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യമാണ്. (ഉരുളക്കിഴങ്ങിന്റെ അവകാശികൾ, ഉഷ എസ്, പാക്കറ്റ് 58). ലോകമാകെ കൃഷി നിലനിൽപുഭീഷണി നേരിടുകയും ഈ മേഖലയിലേക്ക് കോർപറേറ്റ് അധിനിവേശം രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഈ ചോദ്യം ആവർത്തിച്ച് ഉന്നയിക്കപ്പെടണം. കർഷക സമരത്തിന്റെ വിജയവും ഉരുളക്കിഴങ്ങ് വിത്തിന്മേലുള്ള പെപ്സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയും ഈ ദിശയിലുള്ള കർഷക മുന്നേറ്റത്തിന് ബലം പകരുന്നതാണ്. പെപ്സിക്കെതിരായ വിധി, വിത്ത് കൈവശപ്പെടുത്തുന്ന കോർപറേറ്റ് ആക്രമണങ്ങൾക്കെതിരായ സുപ്രധാന നീക്കം കൂടിയാണ്. കാലങ്ങളായി ഇവിടെ കൃഷി ചെയ്തുവരുന്ന ഒരു വിത്തിന്മേൽ അവകാശമുന്നയിച്ച് ഒരു കുത്തക കമ്പനി കർഷകരുമായി ഒരു കരാറുണ്ടാക്കുകയും അതിന്റെ പേരിൽ, കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകരെ കോടതി കയറ്റുകയും ചെയ്ത നടപടി ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.

ഉഷ എസ്.

തൊണ്ണൂറുകൾക്കുശേഷം ഇന്ത്യൻ ഭരണകൂടങ്ങൾ കാർഷിക മേഖലയിൽ നടപ്പാക്കിയ കോർപറേറ്റ് അനുകൂല നയങ്ങളുടെ ഒരു പ്രത്യാഘാതം കൂടിയായിരുന്നു പെപ്സി കമ്പനിയുടെ ഈ അധിനിവേശം എന്നും ഓർക്കേണ്ടതുണ്ട്. കർഷക സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും ചെറുത്തുനിൽപ്പുണ്ടായിരുന്നില്ലെങ്കിൽ പെപ്സി തന്നെ ഇന്നും കുത്തകയായി തുടരുമായിരുന്നു. സമ്മർദം ശക്തമായപ്പോൾ, നഷ്ടപരിഹാരം വേണ്ടെന്നും മേലിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തങ്ങളുടെ ഉപാധി അനുസരിച്ചാകണമെന്നുമുള്ള വ്യവസ്ഥ മുന്നോട്ടുവക്കുകയാണ് കമ്പനി ചെയ്തത്. എന്നാൽ, ഇത് അംഗീകരിക്കാതെ, കേസുമായി മുന്നോട്ടുപോകുകയായിരുന്നു കർഷക സംഘടനകൾ. വിളയുടെ വകഭേദങ്ങളും കർഷകർക്കുള്ള അവകാശങ്ങളും സംരക്ഷിക്കുന്ന നിയമം നിലവിലുള്ള ഒരു രാജ്യത്താണ്, കർഷകർക്കെതിരെ നഷ്ടപരിഹാരക്കേസ് കൊടുക്കാൻ ഒരു കുത്തക കമ്പനിക്ക് ധൈര്യം വന്നത് എന്നുകൂടി ഓർക്കണം. തീർച്ചയായും, ഇന്ത്യൻ ഭരണവർഗത്തിന്റെ കോർപറേറ്റ് അനുകൂല നിലപാടുകളാണ് അവർക്ക് ഈ ധൈര്യം നൽകിയത്. കാർഷിക വിളകൾ മാത്രമല്ല, വിഭവങ്ങൾ കൂടി കുത്തകവൽക്കരിക്കാനും പാട്ടവ്യവസ്ഥയിലേക്ക് കൊണ്ടുപോകാനുമുള്ള നീക്കമായിരുന്നുവല്ലോ, മൂന്ന് കർഷക വിരുദ്ധ നിയമങ്ങളിലൂടെ കേന്ദ്ര സർക്കാർ നടത്തിയത്. ഇന്ത്യയെപ്പോലൊരു രാജ്യത്ത്, കാർഷിക മേഖലയാണ് ഭാവിയിലെ സാമ്പത്തിക വിഭവസ്രോതസ്സ് എന്ന് മനസ്സിലാക്കി തന്നെ, കുത്തകകളുടെ അടുക്കളയിൽ വേവിക്കപ്പെട്ടതായിരുന്നു ഈ നിയമങ്ങൾ. നിയമം നടപ്പാകുമെന്ന പ്രതീക്ഷയിൽ റിലയൻസ് അടക്കമുള്ളവർ വൻതോതിൽ ഒരുക്കങ്ങളും നടത്തിയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ജീവിക്കുന്ന മണ്ണ് നഷ്ടമാകുന്നുവെന്ന തിരിച്ചറിവ് ഇന്ത്യൻ കർഷകർക്കുണ്ടായി എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയ വശം. 540 കർഷക സംഘടനകളാണ് സമരത്തിനായി ഒത്തുചേർന്നത്. ഇന്ത്യയിലെ ഏറ്റവും വിപുലമായ കർഷക പ്ലാറ്റ്ഫോമായി അത് മാറി. ഒരുപക്ഷേ, ഭാവിയിലെ ഏതു ഭരണകൂടവും ഇത്തരം കോർപറേറ്റ് അനുകൂല നയങ്ങൾക്കായി ചെറുചുവടെങ്കിലും വക്കുമ്പോൾ, അവർക്കുമുന്നിൽ ഈ കർഷക പ്രക്ഷോഭം വലിയൊരു പാഠമായി അവശേഷിക്കും. ദിലീപ്കുമാർ ആർ., വൈപ്പിൻ, എറണാകുളം.


അതിർത്തികൾ ഭേദിക്കുന്നു, എൻ. സുകുമാരന്റെ തമിഴ് കഥകൾ

കേരളവും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ച് ഈയിടെ വെബ്സീനിൽ ജയമോഹനുമായി ഒരു അഭിമുഖം വന്നിരുന്നുവല്ലോ. അത് ഏറെ താൽപര്യത്തോടെയാണ് വായിച്ചത്. കാരണം, ഭാഷാടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളായെങ്കിലും ഭൂപ്രകൃതിയുടെയും ജൈവബന്ധങ്ങളുടെയും കാര്യത്തിൽ വിഭജിക്കപ്പെടാതെ കിടക്കുകയാണ് ഇന്നും ഈ രണ്ട് പ്രദേശങ്ങളും. പ്രത്യേകിച്ച്, "അതിർത്തി'കളിൽ. ജയമോഹൻ എന്ന, രണ്ടു ദേശങ്ങളുള്ള എഴുത്തുകാരനെ രൂപപ്പെടുത്തിയ ഈ സാംസ്‌കാരിക സമ്പർക്കങ്ങളുടെ ഒരു തുടർച്ചയായി തോന്നി, വെബ്സീനിൽ തുടങ്ങിയ എൻ. സുകുമാരന്റെ തമിഴ് കഥകൾ എന്ന പരമ്പര. പുതിയ ദേശരാഷ്ട്ര രൂപീകരണങ്ങൾക്കും അതിർത്തിനിർണയങ്ങൾക്കും അപ്പുറത്ത്, എങ്ങനെയാണ് മനുഷ്യരും വിശ്വാസങ്ങളും തമ്മിൽ ഇടകലരുന്നത് എന്ന, നരവംശശാസ്ത്രപരമായ ഒരു ആഖ്യാനമാണ് സുകുമാരന്റെ ആദ്യ ലേഖനത്തിലുള്ളത്. കീഴടങ്ങി ജീവിക്കാൻ മടിയുള്ളവരുടെ ധീരമായ പലായനങ്ങളും കുടിയേറ്റങ്ങളും ഒരു പുതിയ ഭൂഭാഗത്തെ തന്നെയാണ് പുനസൃഷ്ടിക്കുന്നത്. അവർക്കൊപ്പം അവരുടെ ദേവതകളും വിശ്വാസങ്ങളും കൃഷിയും വിളകളും മണ്ണുമൊക്കെ സഞ്ചരിക്കുന്നു. അവരും ഈ മനുഷ്യർക്കൊപ്പം കുടിയേറുകയാണ്.

എൻ. സുകുമാരൻ

തങ്ങൾ സൃഷ്ടിച്ച ഒരു ദേശത്തെയാണ് അവർ അകമേ ആവാഹിക്കുന്നത്. ഒ.വി. വിജയൻ സ്മാരകത്തിനുമുന്നിലെ കടയിലുള്ള ആ സ്ത്രീയോട് തസ്രാക്കിൽ നിന്ന് പാലക്കാട്ടേക്ക് എത്ര ദൂരം എന്നുചോദിച്ചപ്പോൾ, ഇത് ഖസാക്കാണ് എന്ന് മറുപടി പറഞ്ഞത്, അവരുടെ ബോധതലത്തിൽ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക പരിസരമാകണം. "തനത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കാരങ്ങളുടെ അസ്തിവാരത്തിലേക്കാണ് ഇത്തരം അനുഭവങ്ങൾ ചെന്നെത്തുന്നത്.ഷമീർ ബാബു, കന്യാകുമാരി.


സംഘ്പരിവാറിന്റെ സാംസ്‌കാരിക ആക്രമണങ്ങൾ

വിമതവും വ്യത്യസ്തവുമായ സാംസ്‌കാരിക ധാരകളിലേക്കുള്ള സംഘ്പരിവാറിന്റെ ഹിംസാത്മകമായ കടന്നുകയറ്റത്തിന്റെ പാശ്ചാത്തലത്തിൽ, അത്തരം വിമതത്വങ്ങളെ രേഖപ്പെടുത്തുക എന്നത് ഒരു രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. വെബ്സീനിൽ ലിംഗായത ദർശനത്തെയും ബസവണ്ണയുടെ ദാർശനിക ഇടപെടലുകളെയും കുറിച്ച് കെ.വി. മനോജ് എഴുതിയ ലേഖനപരമ്പര ആ നിലയ്ക്ക് ഏറെ കാലിക പ്രസക്തിയുള്ളതാണ്. വൈദിക ബ്രാഹ്‌മണ്യത്തിനെതിരായ ചെറുത്തുനിൽപ്പാണ്, സമകാലികമായിപ്പോലും സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കാനുള്ള ഏക വഴിയെന്നു വരുന്നു. പുതിയ വിഗ്രഹവൽക്കരണത്തിന്റെയും ചരിത്രനിർമിതികളുടെയും ഈ കാലത്ത്, യഥാർഥ ഇന്ത്യ എന്നത് ഹൈന്ദവേതരമായ ബഹുസ്വരതയാൽ സമ്പന്നമായിരുന്ന ഒരു ജീവിതപദ്ധതിയായിരുന്നുവെന്ന് സ്ഥാപിക്കപ്പെടേണ്ടതുണ്ട്.

തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഈ വൈവിധ്യങ്ങളുടെയും പലതരം ഉപ സംസ്‌കാരികതകളുടെയും വിളഭൂമിയാണ്. അതിനെയാണ്, സംഘ്പരിവാർ ഏകതാനമായ ഒരു ഐഡന്റിറ്റിയിലേക്ക് വിളക്കിച്ചേർക്കാൻ പദ്ധതി തയാറാക്കുന്നത്. ഈ പദ്ധതി തുറന്നുകാട്ടാൻ കെൽപ്പുള്ള ബൗദ്ധികസ്രോതസ്സുകളെ കൊന്നുകളഞ്ഞും ആ സമൂഹങ്ങളെ ധൃതരാഷ്ട്രാലിംഗനത്തിന് വിധേയമാക്കിയുമാണ് സംഘ്പരിവാർ, ഇവിടങ്ങളിലേക്ക് കടന്നുകയറുന്നത്. യഥാർഥത്തിൽ, ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിൽ നിർവഹിക്കുന്ന, സ്വേച്ഛാധിപത്യപരമായ ഭരണകൂട ഇടപെടലുകളേക്കാൾ എത്രയോ ഗുരുതരമാണ് സംഘ്പരിവാർ, ഇന്ത്യയിലെ ബദൽ സാംസ്‌കാരികതകൾക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ എന്ന് വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല. ഇത്തരം പഠനങ്ങൾ ആ വഴിക്കുള്ള അന്വേഷണങ്ങളാകട്ടെ.സെൽമ ഇംത്യാസ്, മലാപ്പറമ്പ്, കോഴിക്കോട്


സർവകാലശാല, രാഷ്ട്രീയം, ബോധനശാസ്ത്രത്തിന്റെ അരാഷ്ട്രീയവൽക്കരണം

കേരള യൂണിവേസിറ്റി ക്യാമ്പസിൽ എം.എ മുതൽ പിഎച്ച്.ഡി വരെ പഠിക്കുകയും പത്തുവർഷത്തോളം കാമ്പസിനെ ചുറ്റി ജീവിക്കുകയും പിന്നീട് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനകനായും ജോലി ചെയ്യുന്ന ഒരാൾ എന്ന നിലക്ക് കേരളത്തിലെ സർവകാലശാലകളെ ഗൗരവമായി തന്നെ കാണണം എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകൻ (പാക്കറ്റ് 57). രാഷ്ട്രീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ പ്രത്യേകത. ജനാധിപത്യ സമൂഹത്തിൽ അക്കാദമിക് മേഖലയെ പൂർണമായും രാഷ്ട്രീയമുക്തമാകാൻ കഴിയില്ല. ജനാധിപത്യത്തിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുണ്ടാകും. കേരളം പോലെ കക്ഷി രാഷ്ട്രീയ മേധാവിത്തമുള്ള ഒരു സമൂഹത്തിൽ ഒരു സർവകലാശാല മാത്രം മാറിനിൽക്കില്ല.

ഇടതുരാഷ്ട്രീയ പാർട്ടിക്കാണ് കേരളത്തിലെ സർവകലാശകളിൽ വലിയ തോതിൽ സ്വാധീനമുള്ളത് എന്നാലും കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള അധികാര പാർട്ടികൾക്കും അധ്യാപക നിയമത്തിലും വൈസ് ചാൻസലർ നിയമനത്തിലും ഊഴമനുസരിച്ച് അവസരം കിട്ടുന്നുണ്ട്. അതിൽ തന്നെ, വലിയ തോതിൽ രാഷ്ട്രീയ സ്വാധീനമുള്ള ഇടതു പാർട്ടികൾക്ക് കേരളത്തിലെ സർവകലാശാലകളിലെ പഠനരീതിയുടെയും ജ്ഞാനോൽപാദനത്തിന്റെയും കാര്യത്തിൽ നവ നിബറൽ കാലത്തുണ്ടാകേണ്ട വൈജ്ഞാനിക പ്രതിരോധം ഉണ്ടാകുന്നില്ല എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്.

ഇന്നത്തെ നവലിബറൽ കാലഘട്ടത്തിൽ, കേരളം പോലെ രാഷ്ട്രീയ നിയന്ത്രിത സർവകലാശാലകളുള്ളിടത്ത്, പ്രത്യകിച്ചും സാമൂഹികശാസ്ത്ര മേഖലകളിൽ വലിയ വൈജ്ഞാനിക പ്രതിരോധ ബോധനശാസ്ത്രങ്ങൾ ഉണ്ടാകേണ്ടതാണ്. ഒരു അഭിപ്രായ പ്രകടനത്തിനപ്പുറം ചർച്ച ചെയ്യേണ്ടതാണ് ഈ വിഷയം. ഇത്തരം പരിശോധനക്കുള്ള മാനദണ്ഡം ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് പ്രസിദ്ധീകരണങ്ങളുമാണ്. കേരളത്തിൽ സാമൂഹിക ശാസ്ത്ര ഗവേഷണം കേവലം അഭിപ്രായപ്രകടനത്തിനപ്പുറം ഒന്നും തന്നെ മുന്നോട്ട് വെക്കുന്നില്ല. കേരള മോഡൽ വികസനം, തീരദേശ സമൂഹങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പരിസ്ഥിതി, നിയോ-ഹിന്ദുത്വ, മതരാഷ്ട വാദം എന്നീ സാമൂഹിക പ്രശ്നങ്ങൾ കേരളത്തിൽ എങ്ങനെയാണ് അക്കാദമിക് ഗവേഷണ വിഷയമാകുന്നത് എന്ന് ഗൗരവമായി പഠിച്ചാൽ ഇത് മനസിലാകും.

കേരള വികസന മാതൃക, ഭൂപരിഷകരണം എന്നീ വിഷയങ്ങൽ കേരളത്തിലെ സർവകാലശാലകളിൽ എങ്ങനെയാണ് ഗവേഷണ വിധേയമാകുന്നത് എന്നതിനെ കുറിച്ച് മനസിലാക്കാൻ ശ്രമിച്ചപ്പോഴാണ് കക്ഷിരാഷ്ട്രീയം കേരളത്തിലെ സാമൂഹിക ശാസ്ത്ര ഗവേഷണ മേഖലയെ എത്രത്തോളം പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് മനസിലാകുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത രാഷ്ട്രീയ നേട്ടങ്ങളെയും ആഖ്യാനങ്ങളേയും ചോദ്യം ചെയ്യാതെ പിന്തുണക്കുക എന്നതിനപ്പുറം അക്കാദമിക് ഗവേഷണങ്ങൾ പോകുന്നില്ല എന്നത് ഗൗരവമായ ഒരു വസ്തുതയാണ്. ഇതിന്റെ മറുവശം, വിദേശ ഗവേഷകർ കേരളത്തിൽ നടത്തുന്ന ഗവേഷണങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതാണ്. നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, ഉദാഹരണമായി, അനാ ലിൻബെർഗ് എന്ന ഗവേഷക കേരളത്തിലെ കശുവണ്ടി തൊഴിലാളികളെ കുറിച്ചു നടത്തിയ, "Experience and Identity. A Historical Account of Class, Caste and Gender among the Cashew Workers of Kerala' എന്ന ഗവേഷണം. രാഷ്ട്രീയ മുൻവിധികളില്ലാത്തതുകൊണ്ടാകാം കേരളത്തിലെ കശുവണ്ടി തൊഴിൽ എങ്ങനെ ജാതീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ ചൂണ്ടിക്കാട്ടിയത്, കേരളത്തിൽ ഒരു പുതിയ അറിവായിരുന്നില്ല എന്ന് വാദിക്കാം. പക്ഷെ കേരളത്തിലെ സാഹചര്യത്തിൽ തൊഴിൽ വിഭജനം എന്നത് ആദം സ്മിത്തിന്റെ തൊഴിൽ വിഭജന സിദ്ധാന്തം മാത്രമാണ്, എന്നാൽ കേരളത്തിൽ വർത്തമാന കാലത്തും കശുവണ്ടി തൊഴിൽ ജാതീയമായും ലിംഗപരമായും വിഭജിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു അക്കാദമിക് ഗവേഷണ വിഷയമാകില്ല, പകരം തൊഴിലാളി സംഘടനകളുടെ ഇടപെടൽ മൂലമുണ്ടായ കൂലിവർധനവിനെക്കുറിച്ചും അതാത് രാഷ്ട്രീയ പാർട്ടികളുടെ നേട്ടങ്ങളെ കുറിച്ചും ആയിരിക്കുമെന്നുമാത്രം. ഗവേഷണ വിഷയത്തെ കക്ഷിരാഷ്ട്രീയവൽക്കരിച്ചതോടെ വലിയൊരു സാമൂഹിക പ്രശ്നം അവഗണിക്കപ്പെട്ടു. എന്തുകൊണ്ട് ഒരു വിദേശ ഗവേഷക ജാതിയെ കണ്ടു, വരുമാനം കണ്ടില്ല എന്ന ചോദ്യം ഉയരാം, വേണമെങ്കിൽ കേരളത്തിലെ നേട്ടങ്ങളെ അവഗണിക്കാനും ജാതിയെ സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുവച്ച് കേരളത്തെ കുറച്ചുകാണിക്കാനും വേണ്ടിയാണ് എന്നൊക്കെ വേണമെങ്കിൽ അഭിപ്രായം പറയാം. ഇതേ പ്രശ്നം തന്നെ തീരദേശത്തെ കുറിച്ചുള്ള പഠനങ്ങളിലും കാണാം. ഈ മേഖലയിലെ ആധുനികവൽക്കരണം ഉണ്ടാക്കിയ നേട്ടങ്ങളെ കുറിച്ച് നിരവധി പഠനങ്ങൾ കേരളത്തിലെ സർവകലാശാകളിൽ നിന്നുണ്ടാകുന്നുണ്ട്, എന്നാൽ തീരദേശത്തെ വികസനം മൂലം കുടിയിറക്കപ്പെടുന്നവരെ കുറിച്ചുള്ള പഠനങ്ങൾ തീരെയില്ല എന്നുതന്നെ പറയാം. ശാസ്ത്രമേഖലയിൽ തീരശോഷണത്തെ കുറിച്ചുള്ള ഒറ്റപ്പെട്ട ചില പഠനങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതുമാത്രമാണ് എടുത്തുപറയാൻ കഴിയുന്നത്.

"മർദ്ദിതന്റെ ബോധന ശാസ്ത്രം' എന്ന പൗലോ ഫ്രെയർ പുസ്തകം വലിയ രീതിയിൽ വായിക്കപ്പെട്ട കേരളത്തിലാണ് പണം കൊടുത്ത് അധ്യാപകരാകുന്നവരും രാഷ്ട്രീയ പാർട്ടികളുടെ നവ ലിബറൽ ആശയങ്ങളുടെ പ്രചാരകരുമായ ഒരു വലിയ സമൂഹമുള്ളത്. പ്രതിരോധ ബോധനശാസ്ത്രം എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് ഫ്രെയർ വ്യക്തമാക്കുന്നുണ്ട്. അതായാണ്, ആദ്യമായി അടിച്ചമർത്തപ്പെട്ടവർ ചൂഷണത്തെ തുറന്നു കാട്ടുകയും, തുടർന്ന് മർദ്ദിത ജനവിഭാഗത്തിന്റേതായ ഒരു ബോധന ശാസ്ത്രം രൂപപ്പെടുത്തുകയും ക്രമേണ ആ ബോധനശാസ്ത്രം പൊതു ബോധനശാസ്ത്രമാകുകയും ചെയ്യും. എന്നാൽ ഇന്ത്യ മഹാരാജ്യത്തെ ഉന്നത വിദ്യാഭാസം ഇന്നും അധികാരത്തിന്റെ ബോധനശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് തുറന്നുപറയേണ്ടിവരും. ഈ ലേഖകൻ അടക്കമുള്ള അധ്യാപക സമൂഹത്തിന്റെ ഇടപെടലുകൾ എല്ലാം നവലിബറൽ ആശയങ്ങളെ പിന്തുണക്കുന്നതാണ് എന്ന് തുറന്നു പറയേണ്ടിവരും.

ആദിവാസി ഭൂസമരം നടന്നപ്പോഴും കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെ ആദിവാസി ഭൂമി ഏറ്റെടുക്കാൻ ഇന്ത്യ കണ്ട പ്രഗൽഭനായ പ്രഡിഡന്റ് കെ. ആർ. നാരായണനെ അവഹേളിക്കുന്ന തരത്തിൽ ബിൽ പാസാക്കിയപ്പോൾ കേരളത്തിലെ അക്കാദമിക് സമൂഹം ഇടതു-വലതു രാഷ്ട്രീയത്തോടൊപ്പമായിരുന്നു. കേരളത്തിലെ സർവകലാശാലകൾ ഒരു തരത്തിൽ വരേണ്യബോധത്തോടൊപ്പമായിരുന്നു. കേരളത്തിൽ ഭൂപരിഷ്‌കരണം എന്നും ഒരു അക്കാദമിക് ഗവേഷണ വിഷയമല്ല, അതിനുകാരണം വരേണ്യ അക്കാദമിക് സമൂഹം ഭൂപരിഷ്‌കരണം മൂലം കേരത്തിലെ ഭൂരാഹിത്യം പരിഹരിച്ചു എന്ന് പ്രഖ്യാപിച്ചതുകൊണ്ടുകൂടിയാണ്. വരേണ്യ സാമൂഹിക വീക്ഷണത്തിലൂടെ കേരളത്തിലെ ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള അക്കാദമിക് നിലപാടുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഒരു വൈരുധ്യമാണ്. കേരത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഇന്നും കേരളം എന്നാൽ സമ്പൂർണ ഭൂപരിഷകരണം നടപ്പിലാക്കിയ സംസ്ഥാനമായിട്ടാണ് പഠിപ്പിച്ചുപോരുന്നത്. കാരണം കേരളത്തിലെ ഭൂപരിഷ്‌കരണത്തെകുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമായ അക്കാദമിക് പഠനങ്ങളെല്ലാം നേരത്തെ സൂചിപ്പിച്ച ഒരു വരേണ്യ ഇടതു- വലതു ഗവേഷകരുടേതായതുകൊണ്ടുകൂടിയാണ്.

Photo: Muhammed Fasil

രജനി എസ്. ആനന്ദ് എന്ന ദലിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യയോട് കേരളത്തിലെ അക്കാദമിക് സമൂഹം സ്വീകരിച്ച നിലപാടുകളും നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതി വിഷയങ്ങളിലും ഏറെക്കുറെ ഭരണകൂടത്തോടൊപ്പമാണ് കേരളത്തിലെ അക്കാദമിക് സമൂഹം. ഇതിനുദാഹരണമാണ് അനധികൃത പാറഖനനത്തെകുറിച്ചുള്ള ഡോ. ടി. എ. സജീവിന്റെ പഠനത്തെ അതിന്റെ ഗൗരവത്തിൽ കേരളീയ അക്കാദമിക് സമൂഹം പരിഗണിച്ചില്ല എന്നത്. കേരളത്തിലെ സാമൂഹിക മാധ്യമങ്ങളും പത്രങ്ങളും ഏറ്റവും കൂടുതൽ പരിഗണിച്ച ഒരു അക്കാദമിക് പഠനവും ഇതുതന്നെയാകും. എൻഡോസൾഫാൻ പ്രശ്നം കേരളത്തിലെ സർവകലാശകളിലെ സാമൂഹികശാസ്ത്ര വിഭാഗം ഇതുവരെ ഗൗരവമായ പഠനങ്ങൾക്ക് വിധേയമായിട്ടില്ല. അതിനുകാരണം ഇടതുപക്ഷം സ്വീകരിച്ച സങ്കുചിതമായ ശാസ്ത്ര യുക്തിയായിരുന്നു. പിന്നീട് വലിയ തോതിലുള്ള പ്രാദേശിക മുന്നേറ്റങ്ങൾ ഉണ്ടായപ്പോഴാണ് ഡി. വൈ.എഫ്.ഐ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നും കേരളത്തിലെ സർവകലാശകളിൽ എൻഡോസൾഫാൻ ഒരു സാമൂഹിക പ്രശ്നമോ ഗവേഷണ വിഷയമോഅല്ല. ചില പത്രങ്ങൾ മാത്രമാണ് ഈ വാർത്തകൾ ഇപ്പോഴും സജീവമാക്കി നിർത്തുന്നത്.

കീഴാള സമൂഹത്തെ കുറിച്ചുള്ള ഗൗരവകരമായ ഒരു പഠനകേന്ദ്രം കേരളത്തിൽ എന്തുകൊണ്ട് ഇല്ല എന്നത് പരിഗണിക്കേണ്ട വിഷയമാണ്. കീഴാള പഠനമെന്നാൽ കേരത്തിൽ സ്വത്വരാഷ്ട്രീയ പഠനം മാത്രമാണ്. സ്വത്വരാഷ്ട്രീയത്തെകുറിച്ചുള്ള സങ്കുചിതമായ ഒരു ഇടതുവായന കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരൻ നിലനിൽക്കുന്നത് വിവിധങ്ങളായ അവകാശങ്ങളുടെ പിൻബലത്തിലാണ്. അതുകൊണ്ടു തന്നെ ഭരണകൂടവും വ്യവസ്ഥിതിയും വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ നടത്തുന്ന ഏതൊരു ഇടപെടലിനെതിരെയും ആ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധമുണ്ടാകും. അതുതന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യേകതയും. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ മൂലം സംവരണം അട്ടിമറിക്കപ്പെടുന്നത് ഒരു സ്വത്വ രാഷ്ട്രീയ പ്രശ്നം കൂടിയാണ്. കാരണം സംവരണം എന്നത് ഭരണഘടന പിന്നാക്ക വിഭാഗത്തിന് നൽകുന്ന ഉറപ്പാണ്. ഈ അവകാശം അട്ടിമറിക്കുമ്പോൾ പൗരസമൂഹം ഒന്നാകെ പ്രതികരിക്കില്ല, പകരം അതാത് അവകാശം അനുഭവിക്കിക്കേണ്ട സമൂഹം മാത്രമേ പ്രതികരിക്കുകയുള്ളു. അതുതന്നെയാണ് സ്വത്വവാദത്തിന്റെ വർത്തമാനകാല വ്യാഖ്യാനവും. ഈ ചരിത്ര പാശ്ചാത്തലത്തിലാണ് 'ബ്ലാക്ക് മാർക്സിസം' പോലെയുള്ള പുസ്തകങ്ങൾ രചിക്കപ്പെടുന്നത്. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ചരിത്ര ബോധത്തിൽ നിന്നാണ്, അല്ലാതെ മാർക്സിന്റെ രചനകളെ സാങ്കേതികാർത്ഥത്തിൽ വായിച്ചതുകൊണ്ടല്ല. കേരളത്തിൽ ഒരു കീഴാള അക്കാദമിക- സാമൂഹിക പരിപ്രേഷ്യം ഇല്ല എന്ന എം. കുഞ്ഞാമന്റെ അഭിപ്രയം ഇതിനോട് ചേർത്തുവായിക്കണം.

സർവകാലശാലകളിലെ രാഷ്ട്രീയ ഇടപെടൽ എന്നത് നിയമനത്തിലെ സ്വജനപക്ഷപാതം മാത്രമല്ല പകരം ബോധനരീതിശാസ്ത്രത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതും കൂടിയാണ് എന്ന വസ്തുത കൂടി ഗൗരവമായി കാണണം.
എസ്. മുഹമ്മദ് ഇർഷാദ്. അസിസ്റ്റന്റ് പ്രൊഫസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ.


​​​​​​​TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments