നിലമുഴുതുമറിക്കുന്ന കർഷകൻ, പശ്ചിമബംഗാളിലെ ബ്രഹംപൂരിലെ കാഡ്മാടി ഗ്രാമത്തിൽ നിന്നുള്ള കാഴ്ച / Photos: Wikimedia Commons

ഇന്ത്യൻ ഗ്രാമങ്ങളുടെയും കൃഷിയുടെയും
​അനുഭവം മറ്റൊന്നാണ്

ൽഹിയിൽ നടക്കുന്ന കർഷക സമരം ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ ഡയസ്‌പോറയും സമരത്തോട് പ്രതികരിച്ചിട്ടുണ്ട്. അത് സ്വഭാവികമാണ്. ഈ പ്രശ്‌നങ്ങളെ സാമ്പത്തിക ദേശീയതയുടെ അടിസ്ഥാനത്തിൽ കാണുന്നതിൽ കാര്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ, ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിന് മൊത്തത്തിൽ താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ കർഷക സമരത്തെയും ഒരു പ്രത്യേക രാജ്യത്തിന്റെ പ്രശ്‌നമായി കാണാൻ കഴിയില്ല. അത്തരമൊരു ലോകത്തിലല്ല നാം ജീവിക്കുന്നത്. ആഗോളവൽകൃതമായ ഒരു ലോകക്രമത്തിന്റെ കാഴ്ചപ്പാടിൽ പ്രശ്‌നങ്ങളെ വിപുലമായി സമീപിക്കേണ്ടതുമുണ്ട്.

പ്രശ്‌നങ്ങൾ വിദഗ്ധരല്ല പരിശോധിക്കേണ്ടത്

കാർഷിക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇന്ത്യൻ കാർഷിക മേഖലയുടെ ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത് കർഷകരുടെ പ്രശ്‌നം മാത്രമായി കാണാൻ പറ്റില്ല. കാർഷിക മേഖലയുടെയും കാർഷിക സമൂഹത്തിന്റെയും പ്രശ്‌നങ്ങളായിട്ടേ കാണാനാകൂ. കർഷകർ ഉയർത്തുന്ന പ്രശ്‌നങ്ങൾ യാഥാർഥ്യമുള്ളതാണ്. സുപ്രീംകോടതി ഇടപെടലിൽ ഒരു പ്രശ്‌നമുണ്ട്, കാരണം, ഇത് നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രശ്‌നമല്ല. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളാണ് കർഷകർ ഉയർത്തുന്നത്. ഇവ കുറെ വിദഗ്ധർ പരിശോധിക്കേണ്ടതല്ല. പ്രശ്‌നങ്ങൾ മൗലികമാണ്, രാഷ്ട്രീയമായും സാമൂഹികമായും പരിഹാരം കാണേണ്ടതുമാണ്.

ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്, ഹരിത വിപ്ലവം മറ്റു പ്രദേശങ്ങളിലേക്കും മറ്റു വിളകളിലേക്കും വ്യാപിപ്പിക്കുകയാണെങ്കിൽ ഇന്ത്യക്ക് തെക്കനേഷ്യൻ രാജ്യങ്ങളിലുള്ള മൊത്തം ഭക്ഷ്യധാന്യആവശ്യം നിറവേറ്റാൻ കഴിയുംവിധമുള്ള ഉൽപാദനം നടത്താൻ കഴിയും എന്നാണ്.

ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു, അതിന് ധാരാളം പണം ചെലവഴിച്ചിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യാനന്തരം ഭക്ഷ്യധാന്യങ്ങൾക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നതിലൂടെ ഒരു ആശ്രിതത്വവും നിലവിൽ വന്നു. അന്നത്തെ ഒരു പ്രയോഗം Ship- to Mouth existence എന്നാണ്. കപ്പലുകൾ ഭക്ഷണവുമായി വന്നാലേ നമുക്ക് നിലനിൽക്കാനാകൂ എന്നർഥം. ഇത് മാറിയത് ഹരിത വിപ്ലവത്തിലൂടെയാണ്. ഹരിത വിപ്ലവത്തിലൂടെ ഇന്ത്യക്ക് പത്തുപന്ത്രണ്ടു വർഷത്തിനകം സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞു. ഭക്ഷ്യധാന്യ ഇറക്കുമതി പൂർണമായും അവസാനിച്ചു, മാത്രമല്ല, ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഒരു സർപ്ലസ് രാജ്യമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ ഹരിത വിപ്ലവത്തിന്റെ ചരിത്രം സമാനതകളില്ലാത്ത ഒന്നാണ്. ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ യു.പി പ്രദേശങ്ങളിൽ ഹരിത വിപ്ലവം ഒതുങ്ങിനിന്നു, അതുതന്നെ ഗോതമ്പിലും നെല്ലിലും.

കൃഷിക്കായി ജലസേചന സൗകര്യങ്ങൾ വലിയ തോതിൽ ഉപയോഗിച്ചത് ഹരിതവിപ്ലവത്തിൽ പങ്കുവഹിച്ചു.

പക്ഷെ, ഈ ചെറിയ പ്രദേശങ്ങളിൽ ഒതുങ്ങിനിന്ന ഒരു കാർഷിക പുരോഗതിക്ക് രാജ്യത്തിന്റെ മൊത്തം ഭക്ഷ്യപ്രശ്‌നം പരിഹരിക്കാൻ സാധിച്ചു, ഒരു ചെറിയ കാലയളവിൽ. ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്, ഹരിത വിപ്ലവം മറ്റു പ്രദേശങ്ങളിലേക്കും മറ്റു വിളകളിലേക്കും വ്യാപിപ്പിക്കുകയാണെങ്കിൽ ഇന്ത്യക്ക് തെക്കനേഷ്യൻ രാജ്യങ്ങളിലുള്ള മൊത്തം ഭക്ഷ്യധാന്യ ആവശ്യം നിറവേറ്റാൻ കഴിയുംവിധമുള്ള ഉൽപാദനം നടത്താൻ കഴിയും എന്നാണ്.

ഭക്ഷ്യധാന്യത്തിന്റെ കാര്യത്തിൽ നാം കൈവരിച്ച പുരോഗതിയെതുടർന്ന് ഇറക്കുമതി അവസാനിപ്പിക്കാനും ധാരാളം വിദേശനാണ്യം ലാഭിക്കാനും കഴിഞ്ഞു. ഈ പണം വികസന- ക്ഷേമ രംഗങ്ങളിൽ വിനിയോഗിക്കാൻ കഴിഞ്ഞു. എന്നാൽ, ഉൽപാദനരംഗത്തുണ്ടായ പുരോഗതി ദാരിദ്ര്യനിർമാർജനത്തിന് ഉപയുക്തമായില്ല. ഉൽപാദനവും ദാരിദ്ര്യവും ഒരേപോലെ വർധിക്കുന്ന അവസ്ഥയാണുണ്ടായത്. സ്വയംപര്യാപ്തത, കുടുംബതലത്തിലുള്ള സ്വയംപര്യാപ്തതയിൽ എത്തിയില്ല. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടില്ല. പുതിയൊരു വൈരുധ്യമാണ് ഇതുവഴിയുണ്ടായത്. രണ്ടുമൂന്നു കാര്യങ്ങളാണ് ഇവിടെ കാണേണ്ടത്: ഒന്ന്; ദാരിദ്ര്യം ഒരു സാമൂഹിക പ്രശ്‌നമാണ്, അതിന് സാങ്കേതികമായ പരിഹാരമില്ല. രാഷ്ട്രീയപരമായ പരിഹാരമാണ് വേണ്ടത്. ഇവിടെ സംഭവിച്ചതെന്താണ്? ഉൽപാദനം കൂടി, അതിന്റെ ഭാഗമായി ലഭ്യത കൂടി, ഇത് എല്ലാവർക്കും കിട്ടിയില്ല. ഉൽപാദന വർധനവിലൂടെ ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടില്ല. മറിച്ച്, പ്രത്യേകമായ രണ്ട് നയപരിപാടികളിലൂടെയാണ്- ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ്- ഇന്ത്യയിൽ ദാരിദ്ര്യം കുറയാൻ തുടങ്ങിയത്. എന്നാൽ, തൊഴിലുറപ്പുപദ്ധതി നോക്കിയാൽ മനസ്സിലാകും, ഈ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ എപ്പോഴും കായികാധ്വാനത്തെക്കുറിച്ചുമാത്രമേ ചിന്തിക്കുന്നുള്ളൂ.

ഉൽപാദനരംഗത്തുണ്ടായ പുരോഗതി ദാരിദ്ര്യനിർമാർജനത്തിന് ഉപയുക്തമായില്ല. ഉൽപാദനവും ദാരിദ്ര്യവും ഒരേപോലെ വർധിക്കുന്ന അവസ്ഥയാണുണ്ടായത്. സ്വയംപര്യാപ്തത, കുടുംബതലത്തിലുള്ള സ്വയംപര്യാപ്തതയിൽ എത്തിയില്ല.

അവർ മറ്റു മേഖലകളിലേക്ക് പോകണം എന്ന് വിഭാവനം ചെയ്യുന്നില്ല, അതിനനുസൃതമായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നില്ല. ചുരുക്കത്തിൽ, കാർഷിക ഗ്രാമീണ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ പങ്കാളികളാകാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കഴിഞ്ഞില്ല.

കർഷക മുതലാളിമാരുണ്ടാകുന്നു

ഇതിന് കാരണം അന്വേഷിക്കുമ്പോൾ, ഇന്ത്യയിലെ ഭൂപരിഷ്‌കരണത്തെക്കുറിച്ച് പറയേണ്ടിവരും. ഒരു ബൂർഷ്വാ ഭൂപരിഷ്‌കരണമാണ് ഇന്ത്യയിൽ നടന്നത്. ഡി.ഡി. കോംസാബി Exasperating Essays എന്ന പുസ്തകത്തിൽ ഇക്കാര്യം വിശകലനം ചെയ്യുന്നുണ്ട്. ധാരാളം കൃഷിഭൂമിയുള്ള രാജ്യമാണ് ഇന്ത്യ. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോഴുണ്ടായിരുന്ന ലക്ഷ്യങ്ങൾ ഇവയായിരുന്നു:

ഫ്യൂഡൽ ഭൂജന്മിത്വം അവസാനിപ്പിച്ചു. പാട്ടക്കാർക്ക് ഉടമസ്ഥാവകാശം ലഭിച്ചു.

ഡി.ഡി. കോസാംബി

അവർ ഭൂവുടമകളായി. ജാത്യാധിഷ്ഠിതമായ ഒരു ശ്രേണീബദ്ധത കുറയാൻ തുടങ്ങി. അതായത്, ഒരു സമുദായം മറ്റൊരു സമുദായത്തെ അടിച്ചമർത്തുന്നത് കുറഞ്ഞു. സമുദായങ്ങൾ അടിച്ചമർത്തലിന് വിധേയമാകുന്നതിലും അടിച്ചമർത്തുന്നതിലും

മാറ്റം വന്നു. ജാതി വിവേചനം അല്ല കുറയുന്നതെന്ന് പ്രത്യേകം ഓർക്കണം.
ഭൂവുടമാവകാശം ലഭിച്ച പഴയ പാട്ടക്കാർ പുതിയ സാങ്കേതിക വിദ്യയൊക്കെ ഉപയോഗിച്ച് മുതലാളിത്ത രീതിയിൽ കൃഷി സംഘടിപ്പിച്ച് മുതലാളിമാരാകാൻ തുടങ്ങി. അവർക്ക് അനുകൂലമായ രീതിയിലാണ് മറ്റു മാറ്റങ്ങളുണ്ടായത്. ഉദാഹരണത്തിന്, ബാങ്കിംഗ് ഫിനാൻസിന്റെ ഏകദേശം 40 ശതമാനവും കൃഷി അടക്കമുള്ള മുൻഗണനാ മേഖലകളിലേക്കാണ് പോയത്. അതിൽ വലിയൊരു ഭാഗം ഈ കർഷക മുതലാളിമാർക്കാണ് ലഭിച്ചത്. ഇങ്ങനെ മുതലാളിമാരായവർ സംസ്ഥാന തലത്തിൽ ഉയർന്നുവന്നു, ശക്തരായി, അവർ അവരുടേതായ രാഷ്ട്രീയ പാർട്ടികളുണ്ടാക്കി. സംസ്ഥാനത്തിന്റെ ആസൂത്രണവും ബജറ്റുണ്ടാക്കലും അവരുടെ നിയന്ത്രണത്തിലായി. ഇതോടെ, സ്വാതന്ത്ര്യാനന്തരമുണ്ടായിരുന്ന ശക്തമായ കേന്ദ്രം, അശക്തമായ സംസ്ഥാനങ്ങൾ എന്ന നിലവിട്ട് ശക്തമായ സംസ്ഥാനങ്ങളും അശക്തമായ കേന്ദ്രവും എന്ന നില വന്നു. ഭരണഘടനയുടെ 356ാം വകുപ്പുപയോഗിച്ച് ഏതെങ്കിലും സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുക എന്നത് ഇന്ന് കേന്ദ്രത്തിന് എളുപ്പമല്ലാതായിരിക്കുന്നു.

കർഷക മുതലാളിമാരുടെ വരവോടെ വിപണിയുടെ ഇന്റർലോക്കിംഗും സംഭവിച്ചു. അങ്ങനെ ഒരു ടോട്ടൽ കൺട്രോൾ ഇന്ത്യയിലെ സമ്പന്ന കർഷകർക്ക് കൈവന്നിട്ടുണ്ട്

ഭൂമിയുടെ വിനിയോഗം ഈ സമ്പന്ന കർഷകരുടെ നിയന്ത്രണത്തിലാണ്. ഭൂമി നിയന്ത്രിക്കുന്നവരാണ് ഇന്ത്യയിൽ വെള്ളവും നിയന്ത്രിക്കുന്നത്. ട്രാക്റ്റർ അവരാണ് നിയന്ത്രിക്കുന്നത്. പണം അവരാണ് കൊടുക്കുന്നത്, ചെറുകിട-നാമമാത്ര കർഷകർ എന്ത് ഉൽപാദിപ്പിക്കണം, എന്തുവിലയ്ക്ക് വിൽക്കണം എന്നൊക്കെ സമ്പന്ന കർഷകർ തീരുമാനിക്കുന്നു. മുൻകൂട്ടി വില നിശ്ചയിക്കുകയാണ്. മുന്നാക്ക- പിന്നാക്ക സമ്പന്ന കർഷകരാണ് വിവിധ വിപണികൾ നിയന്ത്രിക്കുന്നത്. അതായത്, കർഷക മുതലാളിമാരുടെ വരവോടെ വിപണിയുടെ ഇന്റർലോക്കിംഗും സംഭവിച്ചു. അങ്ങനെ ഒരു ടോട്ടൽ കൺട്രോൾ ഇന്ത്യയിലെ സമ്പന്ന കർഷകർക്ക് കൈവന്നിട്ടുണ്ട്.

പീക്ക് സീസണുകളിൽ നിലം ഉഴാനും, വിത്ത് വിതയ്ക്കാനും, കൊയ്യാനും ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പല സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലിക്ക് പണം കടം കൊടുത്ത് ഇവർ തൊഴിലാളികളെ ബോണ്ടഡ് ലേബറിൽ കുരുക്കുന്നു. അതുകൊണ്ട് കൂടുതൽ പണിയുള്ള സീസണുകളിൽ തൊഴിലാളികൾക്ക് കൂടുതൽ കൂലി ആവശ്യപ്പെടാൻ കഴിയില്ല. പല സംസ്ഥാനങ്ങളിലും ബോണ്ടഡ് ലേബർ നിലനിൽക്കുന്നു. ദളിത്, ആദിവാസി വിഭാഗക്കാരാണ് ബോണ്ടഡ് തൊഴിലാളികൾ.

ജാതിവ്യവസ്ഥ ഒരു ഭൂപ്രശ്‌നമാണ്. അതുകൊണ്ടാണ്, ബി.ആർ. അംബേദ്കർ, ജാതി ഉന്മൂലനം ചെയ്യുന്നതിന് മൗലികമായ ഒരു ഭൂപരിഷ്‌കരണം ആവശ്യമാണെന്നു പറഞ്ഞത്. അതായത്, മൊത്തം കൃഷിഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് കർഷക കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചുകൊടുക്കണം.

അവരെ അടിച്ചമർത്തി നിലനിർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, ഇന്ന് ഉന്നയിക്കപ്പെടുന്ന കാർഷിക പ്രശ്‌നങ്ങളെ വർഗനിരപേക്ഷമായി കാണാനാകില്ല. മൊത്തത്തിൽ കർഷകർ ഉയർത്തുന്ന പ്രശ്‌നമായി കാണാനാകില്ല. ഇതിന്റെ വർഗസ്വഭാവം കണക്കിലെടുക്കേണ്ടതുണ്ട്. കാർഷിക മേഖലക്ക് കൂടുതൽ ആനുകൂല്യം കൊടുക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കാർഷിക പുരോഗതിയുണ്ടാകണം. ഇത് കാർഷിക സാമൂഹിക വിഭാഗങ്ങൾക്കെല്ലാം ഷെയർ ചെയ്യപ്പെടണം. അതൊരു ചെറിയ വിഭാഗത്തിനായി ഒതുക്കാൻ പാടില്ല.

ജാതിവ്യവസ്ഥ ഒരു ഭൂപ്രശ്‌നമാണ്

ചരിത്രപരമായി ഇന്ത്യയിൽ ഭൂമി ഉൽപാദന ഘടകമായിരുന്നു; കൂടാതെ അത് സ്വത്തും ആയിരുന്നു. ഭൂമിയുടെ നിയന്ത്രണമാണ് ഒരാളുടെ സാമൂഹിക പദവി നിർണയിച്ചിരുന്നതും സാമൂഹിക നിയന്ത്രണത്തിന്റെ അടിസ്ഥാനമായിരുന്നതും. ഭൂമിയുടെ ലഭ്യതയാണ് തൊഴിൽ വിഭജനമുണ്ടാക്കിയത്. ഇന്ത്യയിൽ ജാതിയും ഭൂമിയുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ജാതിവ്യവസ്ഥ ഒരു ഭൂപ്രശ്‌നമാണ്. അതുകൊണ്ടാണ്, ബി.ആർ. അംബേദ്കർ, ജാതി ഉന്മൂലനം ചെയ്യുന്നതിന് മൗലികമായ ഒരു ഭൂപരിഷ്‌കരണം ആവശ്യമാണെന്നു പറഞ്ഞത്. അതായത്, മൊത്തം കൃഷിഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് കർഷക കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചുകൊടുക്കണം. അപ്പോഴേ ജാതി ഉന്മൂലനം ചെയ്യപ്പെടൂ. എന്നാൽ, ഭൂപരിഷ്‌കരണത്തിൽ സംഭവിച്ചത് അങ്ങനെയല്ല, ഭൂപരിധിയാണ് നിശ്ചയിച്ചത്. ഭൂപരിധി നിശ്ചയിച്ച് നടപ്പാക്കിയപ്പോൾ കാർഷികേതരമായ രീതികളിലൂടെ പ്രധാനമായും വരുമാനം നേടിയിരുന്ന ആളുകൾക്കാണ് ഭൂമി ലഭിച്ചത്. കൃഷിഭൂമി ശരിക്കും അവർക്കല്ല കിട്ടേണ്ടത്. കേരളത്തിലടക്കം ഭൂപരിഷ്‌കരണത്തിന് സ്വീകരിച്ച മാനദണ്ഡം വികലമായിരുന്നു, സാമൂഹികമായി അയഥാർഥമായിരുന്നു. യഥാർഥത്തിൽ കണക്കിലെടുക്കേണ്ട മാനദണ്ഡങ്ങൾ തൊഴിലും വരുമാനവുമാണ്.

പ്രധാന കാർഷിക സംസ്ഥാനങ്ങളിലെല്ലാം കുടിയേറ്റ തൊഴിലാളികളുണ്ട്, പാടത്ത് പണിയെടുക്കാൻ. അവിടെ അവർക്ക് കൂലി വർധന ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സാമ്പത്തികമായ അന്തരം കൂടുകയും ഇത് സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഭൂപരിഷ്‌കരണം നടപ്പാക്കിയത് കാർഷികേതര മേഖലകൾ വളരെ വികസിച്ച കാലഘട്ടത്തിലായിരുന്നു. കാർഷികേതര മേഖലകൾ വികസിച്ചിട്ടുള്ള ഒരു രാജ്യത്ത് കൃഷിഭൂമി മാത്രം മാനദണ്ഡമായെടുത്തത് ചരിത്രപരമായി അയഥാർഥമായിരുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തികമായ അന്തരം വർധിച്ചു. പ്രധാന കാർഷിക മേഖലകളിലേക്ക് തൊഴിലാളികളുടെ വൻതോതിലുള്ള കുടിയേറ്റമുണ്ടായി. പഞ്ചാബിലും ഹരിയാനയിലും ധാരാളം കുടിയേറ്റ തൊഴിലാളികളുണ്ടായി. പ്രധാന കാർഷിക സംസ്ഥാനങ്ങളിലെല്ലാം കുടിയേറ്റ തൊഴിലാളികളുണ്ട്, പാടത്ത് പണിയെടുക്കാൻ. അവിടെ അവർക്ക് കൂലി വർധന ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സാമ്പത്തികമായ അന്തരം കൂടുകയും ഇത് സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിൽ നടക്കുന്ന ദളിത് മർദ്ദനങ്ങളെ ഭൂമിയുമായിട്ടാണ് ബന്ധപ്പെടുത്തേണ്ടത്. ദളിതർക്കെതിരായ അതിക്രമം കൂടി വരികയാണ് ഇന്ത്യയിൽ. അവർക്കുതന്നെ പ്രാതിനിധ്യമുള്ള ഭരണകൂടം അവരെ സംരക്ഷിക്കുന്നില്ല.

ഇന്ന് എല്ലാവർക്കും ഭൂമി ഒരു ഉൽപാദക ഘടകം മാത്രമല്ല, ഒരു അസറ്റ് കൂടിയാണ്. അസറ്റ് എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം ഉപയോഗിച്ച് ബാങ്കുകളെ സമീപിക്കാം, ബാങ്ക് ഫൈനാൻസ് ഉപയോഗിച്ചാണ് ബിസിനസ് സംരംഭകരും ഉൽപാദന സംരംഭകരും ഉണ്ടാകുന്നത്. ഭൂമിയൂടെ ഉടമസ്ഥാവകാശമുള്ള കുടുംബങ്ങളിൽനിന്നും സാമൂഹിക വിഭാഗങ്ങളിൽനിന്നുമാണ് സംരംഭകരുണ്ടായത്. ഭൂമി ഇല്ലാത്തവർക്കിടയിൽനിന്ന് സംരംഭകർ ഉയർന്നുവന്നില്ല.

ഭൂമിയുടെ രാഷ്ട്രീയം

ഹരിത വിപ്ലവവും ഭൂപരിഷ്‌കരണവുമാണ് കാർഷിക മുതലാളിമാർക്ക് ജന്മം നൽകിയത്. പാട്ടക്കാരായിരുന്ന പിന്നാക്കക്കാർക്കാണ് ഭൂപരിഷ്‌കരണം കൊണ്ട് ഭൂമി ലഭിച്ചത്. രേഖകളിൽ നടത്തിയ കൃത്രിമങ്ങളെതുടർന്ന് ആകെ കൃഷിഭൂമിയുടെ ഒരു ശതമാനം മാത്രമാണ് മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതുതന്നെ ഭൂരഹിതർക്കിടയിൽ വിതരണം ചെയ്യാൻ ലഭ്യമായില്ല. ഭൂവുടമകൾ തന്നെ മിച്ചഭൂമി നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായി. പഴയ ഭൂജന്മിമാരിൽനിന്നുള്ളവർ കർഷക തൊഴിലാളികളായില്ല, ഭൂരഹിത കർഷക തൊഴിലാളികൾ ഭൂമി ലഭിച്ച്‌ സ്വതന്ത്ര കർഷകരുമായില്ല. അങ്ങനെയൊരു വൈരുധ്യം നിറഞ്ഞ സാമൂഹികാവസ്ഥയാണ് നിലവിൽ വന്നത്. ഇതിൽനിന്നുതന്നെ സമ്പന്നരായ കർഷക മുതലാളിമാർ ഉയർന്നുവരികയാണ്. ഭൂവുടമകൾ മുതലാളിമാരായപ്പോൾ അതിജീവനോപാധിയെന്ന നിലവിട്ട് കൃഷിയെ, വിപണിക്കനുസൃതമായി ലാഭത്തിലധിഷ്ഠിതമായ രീതിയിൽ പുനസംഘടിപ്പിക്കാൻ തുടങ്ങി.

ഭൂമിയൂടെ ഉടമസ്ഥാവകാശമുള്ള കുടുംബങ്ങളിൽനിന്നും സാമൂഹിക വിഭാഗങ്ങളിൽനിന്നുമാണ് സംരംഭകരുണ്ടായത്. ഭൂമി ഇല്ലാത്തവർക്കിടയിൽനിന്ന് സംരംഭകർ ഉയർന്നുവന്നില്ല.

സ്വാതന്ത്ര്യാനന്തരമുള്ള സംഭവവികാസങ്ങളുടെ ഭാഗമായി ആവിർഭവിച്ച ഈ കാർഷിക മുതലാളിത്തം ശക്തരായ നേതാക്കളെയുണ്ടാക്കി, ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തിക ഘടനയും സാമൂഹികവസ്ഥയും മാറി. ഒരു പുതിയ രാഷ്ട്രീയം, ഭൂമിയുടെ രാഷ്ട്രീയമാണ് ഇന്ത്യയിൽ ഉയർന്നുവന്നത്. മൊത്തത്തിലുള്ള ബാങ്ക് ഫൈനാൻസിന്റെ വലിയൊരു ഭാഗം ഇവർക്ക് ലഭിക്കുകയാണ്. ഇവർ ബിസിനസ് പോലെ കാർഷികേതര മേഖലകളിലേക്ക് നീങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിൽ വിദ്യാഭ്യാസത്തിനുപോയി. തിരിച്ചുവന്ന് ബ്യൂറോക്രസിയിൽ, അക്കാദമിയയിൽ, മാധ്യമങ്ങളിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പ്രധാന പദവികളിലേക്ക് വരികയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിർണായക സ്ഥാനങ്ങളിൽ അവർ എത്തുകയാണ്.
ഭൂപരിഷ്‌കരണത്തിന്റെ സ്വഭാവം തന്നെ പഴയ ബ്രാഹ്മണിക്കൽ വിഭാഗങ്ങളിൽനിന്ന് പിന്നാക്ക വിഭാഗങ്ങളിലേക്ക് സാമൂഹികനിയന്ത്രണം മാറ്റപ്പെടുന്നതാണ്. പിന്നാക്ക സാമൂഹിക വിഭാഗങ്ങൾ കൃഷിഭൂമിയുടെ ഉടമസ്ഥരാകുകയും ശക്തരായി മാറുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ ജാതി വ്യവസ്ഥ ക്ഷയിച്ചില്ല. ഭൂരഹിത കർഷക തൊഴിലാളികൾ ഭൂരഹിതരായി, തൊഴിലാളികളായി തന്നെ നിലനിന്നു. ഇവരിൽ ആശ്രിതത്വം കൂടി.

വേണം, രണ്ടാം ഭൂപരിഷ്‌കരണം

കാർഷിക ഗ്രാമീണ മേഖലയിൽ തുടക്കത്തിൽ സൂചിപ്പിച്ച കുതിച്ചുചാട്ടത്തിന്റെ നേട്ടങ്ങൾ പുനർവിതരണം ചെയ്യപ്പെടണമെങ്കിൽ ഒരു രണ്ടാം ഭൂപരിഷ്‌കരണം അത്യന്താപേക്ഷിതമാണ്. ഈ ഭൂപരിഷ്‌കരണത്തിന് സ്വീകരിക്കേണ്ട രണ്ടു മാനദണ്ഡങ്ങൾ തൊഴിലും വരുമാന മാർഗവുമാണ്. കാർഷികേതര ജോലി ചെയ്യുന്നവർക്കും അത്തരം വരുമാനമുള്ളവർക്കും കൃഷിഭൂമി നൽകരുത്. കാർഷിക വിഭാഗങ്ങൾക്കുമാത്രമായി ഭൂമി വിതരണം ചെയ്യണം. കൃഷിയിൽ താൽപര്യമുള്ളവർക്ക് കൃഷിഭൂമി തുല്യമായി വിതരണം ചെയ്യുമ്പോൾ പുതിയ സാങ്കേതിക വിദ്യയുടെയും വിപണിയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കും. ഇത്തരമൊരു ഭൂപരിഷ്‌കരണം അത്യന്താപേക്ഷിതമാണ്. ഇതിന് ഒരു കേന്ദ്ര നിയമം കൊണ്ടുവരണം- കൃഷിഭൂമി കർഷക കുടുംബങ്ങൾക്ക് തുല്യമായി വീതിക്കുന്നതിന് ആവശ്യമായ ഒരു കേന്ദ്ര നിയമം.

ഈ ഭൂപരിഷ്‌കരണത്തിന് സ്വീകരിക്കേണ്ട രണ്ടു മാനദണ്ഡങ്ങൾ തൊഴിലും വരുമാന മാർഗവുമാണ്. കാർഷികേതര ജോലി ചെയ്യുന്നവർക്കും അത്തരം വരുമാനമുള്ളവർക്കും കൃഷിഭൂമി നൽകരുത്. കാർഷിക വിഭാഗങ്ങൾക്കുമാത്രമായി ഭൂമി വിതരണം ചെയ്യണം.

ഭൂപരിഷ്‌കരണം സംസ്ഥാനതലത്തിലാകരുത്. കാരണം, സംസ്ഥാന തലത്തിലായാൽ സംസ്ഥാനതലത്തിലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകൾ കൈയാളുന്നവർ അതിനെ തുരങ്കം വെക്കും. അതാണ് നമ്മുടെ അനുഭവം. കൃഷി സംസ്ഥാന പരിപാടിയാകാം. എന്നാൽ, ഭൂപരിഷ്‌കരണം കേന്ദ്ര ലിസ്റ്റിലായിരിക്കണം. കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഭൂപ്രശ്‌നം കൂടി അതിന്റെ ഭാഗമായി കാണേണ്ടതുണ്ട്. എങ്കിൽ മാത്രമേ കാർഷിക മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ ഗുണഭോക്താക്കളാകാൻ എല്ലാ കാർഷിക സാമൂഹിക വിഭാഗങ്ങൾക്കും കഴിയുകയുള്ളൂ. എന്നാൽ, ഇപ്പോൾ നേട്ടങ്ങൾ ലഭ്യമാകുന്നത് സമ്പന്ന കർഷകർക്കും അർബൻ കൺസ്യൂമർമാർ പോലുള്ള കാർഷികേതര സാമൂഹിക വിഭാഗങ്ങൾക്കുമാണ്. ഭക്ഷ്യധാന്യ വിതരണത്തിൽ, സബ്‌സിഡിയുടെയൊക്കെ ഫലമായി അർബൻ കൺസ്യൂമർമാർക്ക് വില കുറച്ച് കിട്ടുന്നു.

വിപണിയുടെയും സാങ്കേതിക വിദ്യയുടെയും ഗുണഭോക്താക്കളാകാൻ എല്ലാവർക്കും കഴിയണം. ഇന്ത്യയിൽ മിക്ക രാഷ്ട്രീയപാർട്ടികൾക്കും അധികാരത്തിലേറാൻ കഴിഞ്ഞിട്ടുണ്ട്. ദരിദ്രർക്ക് അനുകൂലമായ രീതിയിൽ സാമ്പത്തിക നയങ്ങളും പരിപാടികളും കൊണ്ടുവരാൻ അവർക്ക് അവസരം കിട്ടിയിട്ടുണ്ട്. അവർ അത് ചെയ്തില്ല. അങ്ങനെ ചെയ്യാതിരുന്നവർ സമൂഹത്തിലെ ദരിദ്രരെക്കുറിച്ച് കണ്ണീർവാർക്കുന്നതിൽ അർഥമില്ല. പാവപ്പെട്ടവർക്ക് മാസം 6000 രൂപ കൊടുക്കും എന്നൊക്കെ ഇപ്പോൾ ചിലർ പറയുന്നുണ്ടല്ലോ. ഇത് നയപരമായ സമീപനമല്ല. ജീവകാരുണ്യപ്രവർത്തനമാണ്, അത് രാഷ്ട്രീയ പരിപാടികൾക്കുള്ള ബദൽ അല്ല. നെയ്യാറ്റിൻകരയിലും കഴക്കൂട്ടത്തുമൊക്കെ, പുറമ്പോക്ക് ഭൂമിയിൽനിന്ന് ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായല്ലോ. നെയ്യാറ്റിൻകരയിലെ കുട്ടികളോട് ഒരു ബിസിനസുകാരൻ പറഞ്ഞത്, അവർക്ക് ഭൂമിയും വീടും കൊടുക്കാം എന്ന്. ഇതുതന്നെയാണ് സർക്കാറും പറയുന്നത്, ഇതുതന്നെയാണ് ഡി.വൈ.എഫ്.ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കൾ പറയുന്നത്. എന്നാൽ, പ്രശ്‌നം വീട് കൊടുത്താൽ തീരുന്നതല്ല. പുറമ്പോക്ക് നിവാസികൾക്ക് അനുകൂലമായ ഒരു നയമാണ് ഉണ്ടാകേണ്ടത്. ബിസിനസുകാരനായാലും രാഷ്ട്രീയക്കാരായാലും ഭരണകൂടമായാലും സംസാരിക്കുന്നത് സമ്പന്നന്റെ ഭാഷയാണ്.

പാവപ്പെട്ടവർക്ക് മാസം 6000 രൂപ കൊടുക്കും എന്നൊക്കെ ഇപ്പോൾ ചിലർ പറയുന്നുണ്ടല്ലോ. ഇത് നയപരമായ സമീപനമല്ല. ജീവകാരുണ്യപ്രവർത്തനമാണ്, അത് രാഷ്ട്രീയ പരിപാടികൾക്കുള്ള ബദൽ അല്ല.

ഏതെങ്കിലും കുടുംബത്തിന് ഒരു പ്രശ്‌നം വരുമ്പോൾ അവരെ സഹായിക്കുക എന്നത് ഒരു നയമല്ല, ജീവകാരുണ്യപ്രവർത്തനമാണ്. ജീവകാരുണ്യപ്രവർത്തനം സഹതാപത്തിൽനിന്ന് വരുന്നതാണ്. അത് രാഷ്ട്രീയ പരിപാടിക്കുള്ള ബദലല്ല. പത്തു രൂപ ഒരു ഭിക്ഷാടകന് നൽകുമ്പോൾ, അതിന്റെ മാനസികമായ സന്തോഷം നമുക്കാണ് കിട്ടുന്നത്. എന്നാൽ, ഈ ഭിക്ഷാടകൻ നാളെയും ഭിക്ഷാടകനാണ്. ഭിക്ഷാടനം ആവശ്യമില്ലാത്ത ഒരു സാമൂഹിക സ്ഥിതി സൃഷ്ടിക്കുന്ന നയവും രാഷ്ട്രീയവുമാണ് ആവശ്യം. അതുകൊണ്ടുതന്നെ ജീവകാരുണ്യപ്രവർത്തനം രാഷ്ട്രീയ പരിപാടിക്കുള്ള ബദലല്ല. നയപരമായ പരിപാടിയെന്നു പറയുന്നത്, വിഭവങ്ങളുടെ വിതരണം നടക്കണം. അത്യന്താധുനിക സാങ്കേതിക വിദ്യ എല്ലാവർക്കും ഉറപ്പാക്കണം. അതുകൊണ്ട്, കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമ്പോൾ, ഇത്തരമൊരു ഭൂപരിഷ്‌കരണം കൂടി കാണേണ്ടതുണ്ട്.

ഡൽഹിയിലെ കർഷക സമരം ഇത്രയും ദിവസം നിലനിന്നതും തുടരുന്നതും അവർ സമ്പന്നരായതുകൊണ്ടുതന്നെയാണ്. ട്രാക്ടറുകളും ഭക്ഷണസാധനങ്ങളും പഞ്ചാബിൽനിന്ന് കൊണ്ടുവരികയാണ്. മറിച്ച്, ഭൂരഹിത കർഷക തൊഴിലാളികളായിരുന്നു സമരം ചെയ്തിരുന്നത് എങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

കാർഷിക മേഖലയിൽ പുതിയ രീതിയിലുള്ള ചില സംഘർഷങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂരഹിത തൊഴിലാളികൾ ഭൂമിക്കുവേണ്ടി സമരം നടത്തിയാൽ സംസ്ഥാന തലങ്ങളിൽ അടിച്ചമർത്തപ്പെടും. രാഷ്ട്രീയ പാർട്ടികൾ അതിനെ അതിക്രൂരമായി അടിച്ചമർത്തും, മാധ്യമങ്ങൾ തമസ്‌കരിക്കും. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഭൂരഹിതർക്ക് ഭൂമി കൊടുക്കണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ല. കാരണം, ഇവർക്കെല്ലാം വർഗതാൽപര്യങ്ങളുണ്ട്. ഭൂരഹിതർക്ക് അവരുടെ അവകാശം ഉന്നയിക്കാൻ പോലും കഴിയുന്നില്ല, സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നു. അവരെ പുറമ്പോക്കിലേക്കും ചേരികളിലേക്കും തള്ളിവിടുന്ന അവസ്ഥയുണ്ട്. ഈ അവസ്ഥ നിലനിർത്തുന്നത് സംസ്ഥാനതലത്തിലെ പാർട്ടികളും ഭരണകൂടങ്ങളുമാണ്, കാരണം അവർക്ക് പൊലീസിനെയും പാർട്ടി കേഡറിനെയും ബ്യൂറോക്രസിയെയും കോടതിയെയുമെല്ലാം ഉപയോഗിക്കാം. അങ്ങനെ മൊത്തത്തിലുള്ള അവരുടെ നിയന്ത്രണം ഉപയോഗിച്ച് സംസ്ഥാന തലങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളെ ക്രൂരമായി അടിച്ചൊതുക്കുകയാണ്.

ഡൽഹിയിലെ കർഷക സമരം 54 ദിവസം പിന്നിട്ടു. അത് ഇത്രയും ദിവസം നിലനിന്നതും തുടരുന്നതും അവർ സമ്പന്നരായതുകൊണ്ടുതന്നെയാണ്. ട്രാക്ടറുകളും ഭക്ഷണസാധനങ്ങളും പഞ്ചാബിൽനിന്ന് കൊണ്ടുവരികയാണ്. നേരെ മറിച്ച്, ഭൂരഹിത കർഷക തൊഴിലാളികളായിരുന്നു സമരം ചെയ്തിരുന്നത് എങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. ഭൂരഹിത കർഷക തൊഴിലാളികൾ സമരത്തെ പിന്തുണക്കുന്നുണ്ട് എങ്കിലും ഈ സമരത്തിൽ ഇത്തരമൊരു ഇൻക്ലൂസീവ്‌നെസ് ഇല്ല. തങ്ങൾക്ക് നീതി ലഭിക്കും എന്നതിന്റെ അടിസ്ഥാനത്തിലല്ല, തങ്ങളുടെ മുതലാളിമാർക്ക് ലഭിക്കുന്ന ഗുണം തങ്ങൾക്കും ലഭിക്കും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികളുടെ പിന്തുണ.

നേരെ മറിച്ച്, ഭൂരഹിത കർഷക തൊഴിലാളികൾ ഭൂമിക്കുവേണ്ടി സമരം ചെയ്യുകയാണ് എന്നിരിക്കട്ടെ, കർഷകർ അവരെ പിന്തുണക്കില്ല. ഭൂമി അവരുടെ കൈവശത്തിലായതുകൊണ്ട്, അത്തരം സമരങ്ങളെ കർഷകർ എതിർക്കും.
കാർഷിക മേഖല അഭിമുഖീകരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണിത്, വർഗപ്രശ്‌നമാണിത്. ഇതൊരു വർഗ രൂപീകരണത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട്, സാമൂഹികമായ ഒരു പുനഃസംഘാടനമാണ് ആവശ്യം.
മൗലികമായി ഇവിടെ വേണ്ടത് കാർഷിക സാമൂഹിക മേഖലയുടെ പുനഃസംവിധാനമാണ്. അത് നീതിയിലും തുല്യതയിലും അധിഷ്ഠിതമായിരിക്കണം. അത് ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ട്, കേന്ദ്ര നിയന്ത്രണത്തിലുള്ള ഒരു ഭൂപരിഷ്‌കരണം കൊണ്ടുവന്നാലേ സാമൂഹിക നീതിയും സാമ്പത്തിക സമത്വവും കൊണ്ടുവരാൻ കഴിയൂ. അങ്ങനെയായാൽ കാർഷിക മേഖലയിലെ വിപണിയുടെയും അത്യന്താധുനിക സാങ്കേതിക വിദ്യയുടെയും ഗുണഭോക്താക്കളാകാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കഴിയും. അല്ലാത്തപക്ഷം, ഈ വിഭാഗങ്ങൾക്കെതിരായ അതിക്രമം വർധിക്കും. ചേരികളിലേക്കും പുറമ്പോക്കുകളിലേക്കുമുള്ള അവരുടെ പ്രാന്തവൽക്കരണം ശക്തമാകും. ഇൻക്ലൂസീവാക്കണമെങ്കിൽ, നീതിയിലധിഷ്ഠിതമാക്കണമെങ്കിൽ ഇത്തരം ഒരു ഭൂപരിഷ്‌കരണം അത്യന്താപേക്ഷിതമാണ്. ഭരണഘടനയുടെ ചട്ടക്കൂടിൽനിന്നുകൊണ്ടുതന്നെ ഇത്തരമൊരു പരിപാടിക്ക് രൂപം നൽകണം.

കോർപറേറ്റുവൽക്കരണം നേരിടാൻ

കാർഷിക പ്രശ്‌നങ്ങൾ പരിഗണിക്കുമ്പോൾ ഭൂപ്രശ്‌നവും പരിഗണിക്കപ്പെടണം. അല്ലാത്തപക്ഷം, ഇപ്പോഴത്തെ കാർഷിക നിയമങ്ങൾ പിൻവലിച്ചുകഴിഞ്ഞാലും അടിസ്ഥാന പ്രശ്‌നങ്ങൾ നിലനിൽക്കും. ഉൽപാദന വൈവിധ്യവൽക്കരണത്തിലൂടെയും ഉൽപാദന സംരംഭകത്വത്തിലൂടെയും മാത്രമേ കോർപറേറ്റുകളെ നേരിടാൻ കഴിയൂ. ഉൽപാദനക്ഷമത കൂട്ടണം. കാർഷിക വിളകൾ കർഷകർ തന്നെ പ്രോസസ് ചെയ്യണം, പ്രോസസിംഗ് കാർഷിക മേഖലക്കുപുറത്ത് നടക്കരുത്. അതുമായി ബന്ധപ്പെട്ട ബിസിനസ് സംരംഭകർ അവരിൽനിന്നുതന്നെയുണ്ടാകണം. ഉദാഹരണത്തിന്, കർഷകർ പഴ വർഗങ്ങളുണ്ടാക്കുന്നു. ജ്യൂസും ജാമും ഉണ്ടാക്കുന്നത് കോർപറേറ്റുകളാണ്.

വൻ ഭൂരിപക്ഷം ജനാധിപത്യത്തെ സംബന്ധിച്ച് അഭികാമ്യമായ ഒന്നല്ല. അത് സ്വേച്ഛാധിപത്യത്തിന് തുല്യമായ സാഹചര്യമുണ്ടാക്കും. മൃഗീയ ഭൂരിപക്ഷം നൽകുന്ന അഹങ്കാരം ജനാധിപത്യത്തിന്റെ നിരാകരണത്തിലേക്കാണ് നയിക്കുക.

ഇവയെല്ലാം കർഷകർ തന്നെ ഉൽപാദിപ്പിക്കണം. അതിനുള്ള കഴിവും അറിവും കാർഷിക കുടുംബങ്ങളിലെ ചെറുപ്പക്കാർക്കുണ്ട്. പുതിയ ഉൽപാദന- വിപണന മാർഗങ്ങൾ കണ്ടുപിടിക്കണം. കാർഷിക മേഖലയിൽ വൈവിധ്യവൽക്കരണം നടക്കണം. ഹൈ വാല്യൂ വിളകൾ കൃഷി ചെയ്യണം. അങ്ങനെ കാർഷിക കുടുംബങ്ങളുടെ വരുമാനം കൂട്ടണം, അപ്പോൾ അവരുടെ സ്റ്റാറ്റസും ഉയരും. അതിന് ആ കുടുംബങ്ങളിൽ നിന്നുതന്നെ സംരംഭകരുണ്ടാകണം.

കാർഷിക വിളകൾ കർഷകർ തന്നെ പ്രോസസ് ചെയ്യണം, പ്രോസസിംഗ് കാർഷിക മേഖലക്കുപുറത്ത് നടക്കരുത്. അതുമായി ബന്ധപ്പെട്ട ബിസിനസ് സംരംഭകർ അവരിൽനിന്നുതന്നെയുണ്ടാകണം.

പുതിയ കാഴ്ചപ്പാടുകളിലൂടെയും പുതിയ സാങ്കേതിക വിജ്ഞാനം ഉപയോഗിച്ചും കൊണ്ടേ കോർപറേറ്റുകളുടെ ശക്തിയെ പ്രതിരോധിക്കാൻ കഴിയൂ.

എന്നാൽ, കർഷക സമരത്തിന് ആധാരമായ നിയമങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? നിയമങ്ങൾ ഉണ്ടാക്കിയപ്പോൾ കേന്ദ്ര സർക്കാർ കാർഷിക മേഖലയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുമായി ചർച്ച ചെയ്തില്ല, അവരെ ബോധ്യപ്പെടുത്തിയില്ല, അത് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ തെറ്റാണ്. മാത്രമല്ല, നിയമങ്ങൾ കൊണ്ടുവന്ന രീതി, പ്രത്യേകിച്ച് രാജ്യസഭയിൽ അത് പാസാക്കിയെടുത്ത രീതി വിവാദമുണ്ടാക്കി. ലോക്‌സഭയിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് സാങ്കേതികത്വത്തിലൂന്നി ഒരു സാമൂഹിക പ്രശ്‌നത്തെ കൈകാര്യം ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. വൻ ഭൂരിപക്ഷം ജനാധിപത്യത്തെ സംബന്ധിച്ച് അഭികാമ്യമായ ഒന്നല്ല. അത് സ്വേച്ഛാധിപത്യത്തിന് തുല്യമായ സാഹചര്യമുണ്ടാക്കും. മൃഗീയ ഭൂരിപക്ഷം നൽകുന്ന അഹങ്കാരം ജനാധിപത്യത്തിന്റെ നിരാകരണത്തിലേക്കാണ് നയിക്കുക. അതാണ് ഇപ്പോൾ കാണുന്നത്. നിയമങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന വാശി, കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്കൊപ്പമാണെന്ന് വിശ്വാസം ജനങ്ങളിലുണ്ടാക്കിയിരിക്കുന്നു. മൂന്ന് നിയമങ്ങളും അടിയന്തരമായി പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പിന്നീട്, കർഷക സംഘടനകളുമായും പൊതുസമൂഹവുമായും ചർച്ച ചെയ്തും അവരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയും പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടത്.▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments