കരിമ്പുകർഷകൻ / ഫോട്ടോ: അജീബ് കോമാച്ചി

ഈ പാടങ്ങൾ ഹരിബാബുമാരുടെ ശ്മശാനങ്ങളാണ്

ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളിലൂടെ സഞ്ചരിച്ച് കർഷകജീവിതം നേരിട്ടറിഞ്ഞ ഒരു മാധ്യമപ്രവർത്തക അന്വേഷിക്കുന്നു; ബ്യൂറോക്രസി മുതൽ ഭരണകൂടം വരെയുള്ള സംവിധാനങ്ങൾ എങ്ങനെയാണ് കർഷകരെ മരണത്തിലേക്ക്​ നയിക്കുന്നത്?

രിബാബു മരിച്ച് അഞ്ചാംദിവസമാണ് ഞാൻ അയാളുടെ വീട്ടിലെത്തുന്നത്. അപ്പോഴവിടെ അന്ത്യക്രിയകൾ നടക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വയസേ ഉണ്ടായിരുന്നുള്ളു ആ ചെറുപ്പക്കാരന്, കീടനാശിനി കുടിച്ച് ജീവനൊടുക്കുമ്പോൾ.

ആന്ധ്രാപ്രദേശിലെ പൂർവ ഗോദാവരി ജില്ലയിലെ താടിപർത്തി ഗ്രാമത്തിലാണ് ഹരിബാബുവിന്റെ വീട്. ഗൊല്ലപ്രൊലു എന്ന ബ്ലോക്കിന്റെ ഭാഗമാണ് ഈ ഗ്രാമം.
നീലം ചുഴലിക്കൊടുങ്കാറ്റിനെത്തുർന്നുണ്ടായ കർഷകരുടെ ആത്മഹത്യകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാൻ അവിടെ ചെല്ലുന്നത്. ദുരന്തം നടന്ന വീടുകൾ കാണിച്ചുതരാൻ അഖിലേന്ത്യാ കിസാൻ സഭയിലെ രണ്ടുപേർ കൂടെ വന്നിരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നീലം ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയുടെ കിഴക്കൻ തീരത്തടിച്ചത് 2012 ഒക്ടോബർ 31 നാണ്. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപം. ആ സമയത്ത് ആന്ധ്രയിലെ ചിറ്റൂർ, നെല്ലൂർ, പ്രകാശം, ഗുണ്ടൂർ എന്നീ തെക്കൻജില്ലകളിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവചനങ്ങൾ തെറ്റിച്ച് ഒരാഴ്ചയോളം പേമാരി തോരാതെ പെയ്തത് സംസ്ഥാനത്തിന്റെ പത്തായപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമ ഗോദാവരി, പൂർവ ഗോദാവരി, കൃഷ്ണ ജില്ലകളിലാണ്. സംസ്ഥാനത്ത് 25 പേർ

മരിച്ചു. അഞ്ചേകാൽ ലക്ഷം ഹെക്ടർ സ്ഥലത്ത് വിളനാശമുണ്ടായി.

കണക്കിലില്ലാത്ത ഹരിബാബുമാർ

നീലം വന്നുപോയ ശേഷമുള്ള ദിവസങ്ങളിൽ കർഷകരുടെ ആത്മഹത്യയെപ്പറ്റിയുള്ള വിവരങ്ങൾ തുള്ളിത്തുള്ളിയായി പലയിടങ്ങളിൽ നിന്ന് വരാൻ തുടങ്ങി. ഒറ്റപ്പെട്ട കർഷക ആത്മഹത്യകൾ ആന്ധ്രാപ്രദേശിൽ വാർത്തയേ അല്ല, ദിവസേനയെന്നോണം നടക്കുന്ന കാര്യമാണ്. മാധ്യമങ്ങളുടെ ഉൾപ്പേജിലെവിടെയെങ്കിലും ഒരു മൂലയിൽ ആ വാർത്ത വരും. ആരും ശ്രദ്ധിക്കാറില്ല. അത്ര സാധാരണമായിക്കഴിഞ്ഞു അവിടെ കർഷക ആത്മഹത്യകൾ.

റവന്യൂ രേഖകളിൽ ഇല്ലാത്തവരാണ് പാട്ടക്കൃഷിക്കാർ. ഏറെക്കുറെ എല്ലാ പാട്ടക്കർഷകരും കൊള്ളപ്പലിശക്കാരുടെ പിടിയിലാണ്‌

രാജ്യത്ത് കാർഷികമേഖലയിൽ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്. ആത്മഹത്യകളുടെ കാര്യത്തിൽ മഹാരാഷ്ട്രയ്ക്കും കർണാടകത്തിനും തൊട്ടുപിറകിൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995നും 2011 നുമിടക്ക് ( തെലങ്കാനയും ആന്ധ്രാപ്രദേശും വിഭജിക്കപ്പെടുന്നതിനു മുമ്പ്) 33329 കർഷകർ സംസ്ഥാനത്ത് ജീവനൊടുക്കിയിട്ടുണ്ട്. 2019 ൽ മാത്രം ആത്മഹത്യ ചെയ്തത് 1029 പേർ. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒന്നിച്ചെടുത്താൽ രാജ്യത്തെ കർഷക ആത്മഹത്യകളിൽ 66 ശതമാനമാകും.

നീലം വന്നശേഷം മൂന്നുനാലു മാസങ്ങളായപ്പോഴേക്കും സ്ഥിതിഗതി ഗുരുതരമായി. ഗോദാവരീ ജില്ലകളിൽ ആത്മഹത്യകൾ കൂടുന്നുവെന്ന വിവരം കിട്ടിയപ്പോഴാണ് അങ്ങോട്ടു പോയത്. ഞാൻ അപ്പോൾ ഹൈദരാബാദിലായിരുന്നു. ഡൗൺ റ്റു എർത്ത് മാസികയുടെ സ്പെഷ്യൽ കറസ്പോണ്ടന്റ് എന്ന നിലയിൽ ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് എഴുതുന്ന സമയം.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995നും 2011 നുമിടക്ക് 33329 കർഷകർ ആന്ധ്രാപ്രദേശിൽ ജീവനൊടുക്കിയിട്ടുണ്ട്. 2019 ൽ മാത്രം ആത്മഹത്യ ചെയ്തത് 1029 പേർ. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒന്നിച്ചെടുത്താൽ രാജ്യത്തെ കർഷക ആത്മഹത്യകളിൽ 66 ശതമാനമാകും.

പലവീടുകൾ കയറിയിറങ്ങിയശേഷമാണ് ഞങ്ങൾ ഹരിബാബുവിന്റെ വീട്ടിലെത്തുന്നത്. അഞ്ചുസെന്റ് പുരയിടത്തിൽ കൊച്ചുവീട്. മുൻവശത്തെ മുറിയിൽ അയാളുടെ ചില്ലിട്ട പടം തൂക്കിയിട്ടുണ്ട്. പടം കേടു വരാതിരിക്കാൻ പൊതിഞ്ഞിട്ടുള്ള പ്ലാസ്റ്റിക്കിന്റെ കവർ നീക്കിയിട്ടിട്ടില്ല. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കളുടെ മാല പടത്തിൽ ചാർത്തിയിട്ടുണ്ട്.
ക്രിയ കഴിഞ്ഞ് ആൾക്കൂട്ടം ഒഴിയുന്നതിനു വരെ ഞങ്ങൾ മുറ്റത്തു മാറിനിന്നു.
ചടങ്ങുകൾ അവസാനിച്ച് ബന്ധുക്കൾ പിരിഞ്ഞപ്പോൾ ഹരിബാബുവിന്റെ അച്ഛൻ വസന്തറായുഡുവും അമ്മ ലക്ഷ്മമ്മയും ഇറയത്തിട്ട ചൂടിക്കട്ടിലിൽ വന്നിരുന്ന് സംസാരിച്ചു.

പിന്നാക്കസമുദായത്തിൽപ്പെട്ട കുടുംബമാണ് റായുഡുവിന്റേത്. മുപ്പതു വർഷമായി നെൽകൃഷി ചെയ്യുന്നുണ്ട്. പക്ഷേ, ഒരു തുണ്ടു കൃഷിഭൂമി പോലും സ്വന്തമായിട്ടില്ല. ഭൂമി പാട്ടത്തിനെടുത്തതാണ് കൃഷി ചെയ്യുന്നത്. മൂന്നു വർഷമായി റായുഡു ക്ഷയരോഗിയാണ്. കഠിനാദ്ധ്വാനം വയ്യ. കൃഷി നോക്കിയിരുന്നത് ഹരിബാബുവാണ്. ഇളയ സഹോദരിയും സഹോദരനുമുണ്ട്. എല്ലാവരും പാടത്ത് പണിചെയ്യും.

പരുത്തി കർഷകർ / ഫോട്ടോ: എം. സുചിത്ര

ആ വർഷം മൂന്നേക്കർ വയലാണ് മൂന്നു വർഷത്തേയ്ക്ക് പാട്ടത്തിനെടുത്തത്. പാട്ടത്തുക വർഷത്തിൽ ഏക്കറിന് 15000 രൂപ. വിത്തിന്റെയും രാസവളങ്ങളുടെയും കീടനാശിനികളുടെയും വില ഓരോ വർഷവും കൂട്ടുകയാണ്. അഞ്ചുകൊല്ലത്തിനുള്ളിൽ കൃഷിച്ചെലവ് ഇരട്ടിയായിട്ടുണ്ട്. ഒരേക്കറിൽ കൃഷിയിറക്കാൻ 18000 രൂപ ചെലവ് വരുന്നുണ്ട്. വട്ടിപ്പലിശക്കാരനു 36 ശതമാനം നിരക്കിൽ ഒന്നരലക്ഷം രൂപയിലേറെ കൊടുക്കാനുണ്ട്. കൊയ്ത്ത് കഴിഞ്ഞാൽ കടം കുറച്ചെങ്കിലും വീട്ടാനാകും എന്ന പ്രത്യാശയിലായിരുന്നു അവരൊക്കെ.
പക്ഷേ, കൃഷിക്കാലം തുടങ്ങിയതു മുതലേ പ്രശ്‌നങ്ങളായിരുന്നു. ജൂണിൽ വിളവിറക്കേണ്ട സമയത്ത് മഴ പെയ്തില്ല. വരൾച്ച രണ്ടുമാസം നീണ്ടു. തോടുകളും പുഴകളും അരുവികളും റിസർവോയറുകളും വറ്റി. വെള്ളം കിട്ടാത്തതിനാൽ വിള മോശമായി. ഒക്ടോബർ അവസാനം കൊയ്ത്ത് തുടങ്ങാനിരിക്കെയാണ് ചുഴലിക്കൊടുങ്കാറ്റ് വന്നത്. കനത്ത മഴ ഒരാഴ്ച്ചയോളം നീണ്ടുനിന്നു. സ്വർണവർണത്തിൽ കതിരുകൾ വിളഞ്ഞു നിന്നിരുന്ന നെൽവയലുകൾ മുഴുവനും മുങ്ങി. കൊയ്യാൻ ബാക്കിയൊന്നുമുണ്ടായില്ല.

പാട്ടക്കൃഷിയുമായി ബന്ധപ്പെട്ട 1956 ലെ നിയമപ്രകാരം ഒരു വ്യക്തി ഒരേ കൃഷി ഭൂമിയിൽ പന്ത്രണ്ടു വർഷം പാട്ടക്കൃഷി ചെയ്യുന്നുവെങ്കിൽ അയാൾക്ക് ആ ഭൂമിയിൽ അവകാശമുണ്ടാകും. അതിനാൽ ഭൂവുടമകൾ രേഖാമൂലമുള്ള കരാറുകൾ ഒഴിവാക്കും

വിള മുഴുവൻ നശിച്ചിട്ടും കിട്ടേണ്ട പാട്ടത്തുകയുടെ കാര്യത്തിൽ വിട്ടുവീഴ്ചയൊന്നും കാണിച്ചില്ല ഭൂവുടമ. വട്ടിപ്പലിശക്കാരന്റെ നിരന്തരമായ വിളികൾ ഹരിബാബുവിന്റെ സ്വൈര്യം കെടുത്തി. ഒടുവിൽ, ഹതാശരായ ഒട്ടുമിക്ക കർഷകരും അവലംബിക്കുന്ന അവസാനത്തെ പോംവഴി ഹരിബാബുവും സ്വീകരിച്ചു.

‘‘വിള നഷ്ടപ്പെട്ട കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടിയില്ലേ?'' ഞാൻ ചോദിച്ചു.
റായുഡു ഇല്ലെന്ന് തലയാട്ടി.‘‘അതെന്താ?'' ‘‘ഭൂമി ആരുടെ പേരിലാണോ അവർക്കാണ് നഷ്ടപരിഹാവും ഇൻഷൂറൻസും സബ്സിഡികളും കിട്ടുക.'' ‘‘പാട്ടക്കൃഷിക്ക് ഭൂമിയെടുക്കുമ്പോൾ കരാർ എഴുതാറില്ലേ?'' ‘‘സംസാരിച്ചുറപ്പിക്കുകയാണ് പതിവ്. കരാർ എഴുതാൻ ഭൂവുടമ സമ്മതിക്കില്ല.''

അതെന്തുകൊണ്ടാണെന്നു പിന്നീട് മറ്റുള്ളവർ വിശദീകരിച്ചു തന്നു. പാട്ടക്കൃഷിയുമായി ബന്ധപ്പെട്ട 1956 ലെ നിയമപ്രകാരം (ഇത് 1974 ലും 1980 ലും ഭേദഗതി ചെയ്തു) ഒരു വ്യക്തി ഒരേ കൃഷി ഭൂമിയിൽ പന്ത്രണ്ടു വർഷം പാട്ടക്കൃഷി ചെയ്യുന്നുവെങ്കിൽ അയാൾക്ക് ആ ഭൂമിയിൽ അവകാശമുണ്ടാകും. അതിനാൽ ഭൂവുടമകൾ രേഖാമൂലമുള്ള കരാറുകൾ ഒഴിവാക്കും.

‘‘എന്തിനാണ് കൊള്ളപ്പലിശക്കാരിൽ നിന്ന് വായ്പ എടുക്കുന്നത്? ബാങ്കിൽ നിന്ന് വായ്പ കിട്ടില്ലേ?'' ‘‘ഭൂമിയില്ലാത്തതു കൊണ്ട് ബാങ്കുകാർ ഞങ്ങൾക്കു വായ്പ തരില്ല.''
വിളയ്ക്കുള്ള ഇൻഷൂറൻസും ബാങ്കുവഴി വായ്പയും കാർഷിക സബ്‌സിഡികളും
പാട്ടക്കൃഷിക്കാർക്ക് ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ എൻ. കിരൺ കുമാർ റെഡ്ഢിയുടെ കോൺഗ്രസ് സർക്കാർ The Andhra Pradesh Licensed Cultivators Act എന്ന പേരിൽ ഒരു നിയമ കൊണ്ടുവന്നിരുന്നു 2011 ൽ. വായ്പക്ക് അർഹരായ പാട്ടക്കൃഷിക്കാർക്ക് വിലേജ് ഓഫിസിൽ നിന്ന് യോഗ്യതാ കാർഡ് നൽകും. കാർഡുകാർക്ക് ബാങ്കുകൾ വായ്പ നൽകണം.

നീലം ചുഴലിക്കാറ്റിനുശേഷം ആന്ധ്രാപ്രദേശിലെ ഗോദാവരി ഡെൽറ്റയ്ക്കു സമീപമുള്ള കൃഷിഭൂമികളിൽ വെള്ളം കയറിയപ്പോൾ / Photo: Rishabh Tatiraju, Wikimedia Commons

ഞാൻ അതു ചോദിച്ചു റായുഡുവിനോട് ‘‘ഞങ്ങൾക്ക് അതിനെപ്പറ്റി അറിയില്ല.'' ‘‘ഹരിബാബുവിന്റെ മരണം പൊലീസിൽ അറിയിച്ചുവോ?'' ‘‘ഇല്ല. ഞങ്ങൾക്ക് പൊലീസും പോസ്റ്റ് മോർട്ടവുമൊക്കെ പേടിയാണ്.''
അയൽക്കാരിൽ ചിലർ അറിയിച്ചിരുന്നുവെങ്കിലും പൊലീസ് വന്നില്ല. ‘‘മരണമന്വേഷിക്കാൻ ഉദ്യോഗസ്ഥർ ആരെങ്കിലും വന്നുവോ?'' ‘‘ഇല്ല.'' ‘‘വില്ലേജ് ഓഫീസിൽ നിന്ന് ഇവിടെ ആരും വന്നില്ലേ?'' ‘‘ഇല്ല.''

അതായത്, ഹരിബാബു എന്ന പാട്ടക്കൃഷിക്കാരൻ കർഷക ആത്മഹത്യകളുടെ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് പുറത്താണ്.

നീലത്തിനു ശേഷം ഗൊല്ലപ്രൊലു ബ്ലോക്കിൽ ജീവനൊടുക്കിയ പതിമൂന്നാമത്തെയാളാണ് ഹരിബാബു. പൂർവ ഗോദാവരി ജില്ലയിൽ മാത്രം അമ്പതോളം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് കിസാൻ സഭയുടെ ജില്ലാ സെക്രട്ടറി ജി. അപ്പാ റെഡ്ഢി പറഞ്ഞത്. ഏറെക്കുറെ എല്ലാവരും പാട്ടക്കൃഷിക്കാരാണ്. ഭൂരിഭാഗവും ആദിവാസി- ദളിത് -പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർ. മിക്കവരും ഭൂരഹിതരോ അതല്ലെങ്കിൽ തുച്ഛമായ അളവിൽ ഭൂമിയുള്ളവരോ ആണ്.

പാട്ടക്കൃഷിക്കാരാണെന്ന് രേഖകളില്ലാത്തതിനാൽ മിക്ക ആത്മഹത്യകളും കർഷക ആത്മഹത്യകളായി കണക്കാക്കപ്പെടുന്നില്ല എന്നും റെഡ്ഢി പറഞ്ഞു.

പാട്ടക്കൃഷിക്കാരുടെ ജീവിതം

ദക്ഷിണഗംഗ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോദാവരീനദിയുടെ അവസാനഭാഗത്തുള്ള ജില്ലകളാണ് പശ്ചിമ ഗോദാവരിയും പൂർവ ഗോദാവരിയും. ഗംഗ കഴിഞ്ഞാൽ ഏറ്റവും വലിയ നദി. മഹാരാഷ്ടയിലെ നാസിക്കിനു സമീപം പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് കിഴക്കോട്ടു കുറേ ദൂരം ഒഴുകിയതിനു ശേഷം തെക്കുകിഴക്കൊഴുകി തെലങ്കാനയിലേക്കു കടന്ന് പിന്നീട് ആന്ധ്രയിലെത്തുന്ന വലിയ നദി. കടലിൽ ചേരുന്നതിനു മുമ്പ് നദി പല കൈവഴികളായി പിരിയും.
പശ്ചിമ ഗോദാവരിയിലെയും കിഴക്കൻ ഗോദാവരിയിലെയും കുറേ ഭാഗങ്ങൾ ഈ കൈവഴികൾക്കിടയിലെ ഡെൽറ്റയാണ്. താഴ്ന്ന പ്രദേശങ്ങൾ.

ആന്ധ്രാപ്രദേശിൽ 1.2 കോടി കർഷകരിൽ 40 ലക്ഷത്തോളം പാട്ടക്കൃഷിക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പാട്ടക്കൃഷിക്കാരുടെ കൃത്യമായ വിവരങ്ങൾ റവന്യു വകുപ്പ് രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് നിയമമുണ്ടെങ്കിലും അത് നടപ്പിലാകാറില്ല

1967 ൽ ഇന്ത്യയിൽ ഹരിതവിപ്ലവം തുടങ്ങിയ കാലത്തു തന്നെ IR 8 പോലുള്ള ഉല്പാദന ശേഷി കൂടിയ സങ്കരയിനം വിത്തുകളിലേക്ക് മാറിയവയാണ് ഗോദാവരി ജില്ലകളിലെ മിക്കഗ്രാമങ്ങളും. ആന്ധ്രയെ രാജ്യത്തെ പ്രധാന അരിയുൽപാദനകേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കുള്ള രണ്ടു ജില്ലകൾ. കേരളത്തെപ്പോലെ ഭക്ഷ്യക്കമ്മി സംസ്ഥാനമല്ല. മറിച്ച് മിച്ചസംസ്ഥാനമാണ്. ആവശ്യത്തിൽ കൂടുതൽ ഉൽപാദിപ്പിച്ച് സെൻട്രൽ പൂളിലേക്ക് അരി നൽകുന്ന സംസ്ഥാനം. ആന്ധ്രയെപ്പോലുള്ള സംസ്ഥാനങ്ങൾ ഏതു പ്രതിസന്ധിയിലും കൃഷി ചെയ്യുന്നതുകൊണ്ട് കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾ സുഭിക്ഷമായി ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു.

ഫലഭൂയിഷ്ടവും ജലസേചനസൗകര്യം കൂടുതലുള്ളമായ ജില്ലകളാണ് പശ്ചി ഗോദാവരിയും പൂർവഗോദാവരിയും. ഇരുജില്ലകളിലും ഏകദേശം 60 - 80 ശതമാനം പാടങ്ങൾ പാട്ടക്കൃഷിക്കു കീഴിലാണ്. പാട്ടക്കൃഷി നിയന്ത്രിക്കുന്നതിനുവേണ്ടി പല നിയമങ്ങളും ഉണ്ടെങ്കിലും ഭൂപരിഷ്‌കരണവും ഭൂവിതരണവും വേണ്ടവിധം നടന്നിട്ടില്ല ഇവിടെ.

‘‘ഉന്നതജാതിക്കാരായ'' ഭൂവുടമകളുടെ കൈവശമാണ് കൃഷിയിടങ്ങളുടെ വലിയൊരുഭാഗം. അവരൊക്കെ മന്ത്രിമാരോ വ്യവസായികളോ വ്യാപാരികളോ സർക്കാർ ജോലിക്കാരോ രാഷ്ട്രീയക്കാരോ അല്ലെങ്കിൽ വൻകിട കർഷകരോ ആയിരിക്കും. മിക്കവരും ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ വലിയ നഗരങ്ങളിലാവും ജീവിക്കുന്നത്. വിദേശ ഇന്ത്യക്കാരുമുണ്ട് ഈ മേഖലയിൽ നിരവധി. പുതിയ തലമുറയാണെങ്കിൽ ഐ.എ.എസുകാരോ ഡോക്ടർമാരോ എഞ്ചിനീയർമാരോ ഐ.ടി കമ്പനികളിൽ ജോലിചെയ്യുന്നവരോ ഒക്കെയായിരിക്കും. അത്തരം കുടുംബങ്ങളുടെ പാടങ്ങളിൽ നെല്ലു വിളയിക്കുന്നത് പാട്ടക്കൃഷിക്കാരാണ്. കൃഷിച്ചെലവ് കൂടിയതിനാൽ ചിലപ്പോൾ നാലഞ്ചേക്കർ മാത്രമുള്ള ചെറിയ കൃഷിക്കാരും ഭൂമി പാട്ടത്തിനു നൽകാറുണ്ട്.
ആന്ധ്രാപ്രദേശിൽ 1.2 കോടി കർഷകരിൽ 40 ലക്ഷത്തോളം പാട്ടക്കൃഷിക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പാട്ടക്കൃഷിക്കാരുടെ കൃത്യമായ വിവരങ്ങൾ റവന്യു വകുപ്പ് രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് നിയമമുണ്ടെങ്കിലും അത് നടപ്പിലാകാറില്ല, പാട്ടക്കരാറുകൾ രേഖകളിൽ ഇല്ലാത്തതിനാൽ.

പൂർവഗോദാവരിയിൽ രണ്ടര ലക്ഷവും പശ്ചിമഗോദാവരിയിൽ രണ്ടുലക്ഷവും പാട്ടക്കൃഷിക്കാരുണ്ട് എന്നാണ് സർക്കാരിന്റെ കണക്ക്. യഥാർത്ഥത്തിൽ അതിലും എത്രയോ കൂടുതൽ ഉണ്ടാകും

പൂർവഗോദാവരിയിൽ രണ്ടര ലക്ഷവും പശ്ചിമഗോദാവരിയിൽ രണ്ടുലക്ഷവും പാട്ടക്കൃഷിക്കാരുണ്ട് എന്നാണ് സർക്കാരിന്റെ കണക്ക്. യഥാർത്ഥത്തിൽ അതിലും എത്രയോ കൂടുതൽ ഉണ്ടാകും. അവരിൽ നല്ലൊരുഭാഗം സ്ത്രീകളാണ്.
പാട്ടക്കൃഷിക്കാർ, കർഷകത്തൊഴിലാളികൾ തന്നെയാണ്. കൂലി താരതമ്യേന കുറവായതിനാൽ (പുരുഷന്മാർക്ക് 250 രൂപ; സ്ത്രീകൾക്ക് 150 രൂപ) വരുമാനം അൽപമെങ്കിലും കൂട്ടാനാകുമെന്ന വ്യാമോഹത്തിൽ സമ്പന്നരിൽ നിന്നും ഇടത്തരക്കാരിൽ നിന്നും പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവർ. ഒരേസമയം കൂലിപ്പണി ചെയ്യുകയും ചെറിയ തോതിൽ കൃഷിയിൽ ഏർപ്പെടുകയും ചെയ്യും. പാട്ടം ഒന്നുകിൽ പണമായി നൽകണം. അല്ലെങ്കിൽ വിളയുടെ മൂന്നിലൊന്ന്. പലപ്പോഴും അതിലും കൂടുതൽ. ചിലയിടങ്ങളിൽ രണ്ടും കൂടിയാവാം.

ബാങ്കു വായ്പക്കും അർഹരല്ലാത്തവർ

കൃഷിഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിൽ നിലനിൽക്കുന്ന അസമത്വവും ഭൂവിതരണത്തിന്റെ അപര്യാപ്തതകളും പരിശോധിക്കുന്നതിനു വേണ്ടി സംസ്ഥാനസർക്കാർ 2004 ൽ അന്നത്തെ നഗരവികസന മന്ത്രി കൊണേരു രംഗറാവുവിന്റെ അധ്യക്ഷതയിൽ ഒരു കമീഷനെ നിയമിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് പാട്ടക്കൃഷി വർധിച്ചു വരികയാണെന്നും അതേസമയം പാട്ടക്കൃഷിക്കാരുടെ വിവരങ്ങൾ റവന്യൂ റെക്കോർഡുകളിൽ ഇല്ല എന്നും കമീഷൻ നിരീക്ഷിച്ചിരുന്നു. ഏറെക്കുറെ എല്ലാ പാട്ടക്കർഷകരും കൊള്ളപ്പലിശക്കാരുടെ പിടിയിലാണെന്നും അവർക്കു ബാങ്കുകളിൽ നിന്നും മറ്റു അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കമീഷൻ ശുപാർശ ചെയ്തിരുന്നു. ശുപാർശകർ പലതും വേറെയും ഉണ്ടായിരുന്നു.

ഫോട്ടോ: കെ. ആർ. വിനയൻ

ആറുവർഷത്തോളം കമീഷൻ റിപ്പോർട്ട് പൊടിപിടിച്ചുകിടന്നു. അഖിലേന്ത്യാ കിസാൻ സഭയുടെയും മറ്റും നേതൃത്വത്തിൽ പലപ്പോഴായി നടന്ന വലിയ പ്രക്ഷോഭങ്ങൾക്കു ശേഷമാണ് 2011 ൽ പാട്ടക്കൃഷിക്കാർക്കു യോഗ്യതാകാർഡ് നൽകുന്ന നേരത്തേ പറഞ്ഞ നിയമം സംസ്ഥാനസർക്കാർ കൊണ്ടുവന്നത്.
ഇതനുസരിച്ച് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിനുവേണ്ടി പാട്ടക്കൃഷി ചെയ്യുന്ന ഓരോ വ്യക്തിക്കും ഒരു യോഗ്യതാകാർഡ് നൽകും. യോഗ്യതാ കാർഡ് കിട്ടാൻ താൻ പാട്ടക്കൃഷിചെയ്യുന്ന വ്യക്തിയാണെന്ന ഒരു പ്രസ്താവന പാട്ടക്കൃഷിക്കാർ രേഖാമൂലം വില്ലേജ് ഓഫിസിൽ നൽകണം. ഇതോടൊപ്പം കാർഡിനുവേണ്ടിയുള്ള അപേക്ഷയും നൽകണം. വില്ലേജ് റവന്യൂ ഓഫിസർ ഇവ പരിശോധിക്കും. എന്നിട്ട് യോഗ്യതയുള്ളവർക്ക് കാർഡ് നൽകുകയും അവരുടെ ലിസ്റ്റ് ബാങ്കുകളിലേക്ക് അയക്കുകയും വേണം. ഭൂമിസംബന്ധമായ രേഖകളൊന്നും ആവശ്യപ്പെടാതെ കാർഡുള്ള എല്ലാവർക്കും ബാങ്കുകൾ വായ്പ ലഭ്യമാക്കണം. ഒരു ലക്ഷം രൂപവരെ പലിശയില്ലാത്ത വായ്പയാണ്. തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്ക് മൂന്നുലക്ഷം രൂപവരെ മൂന്നുശതമാനം പലിശാനിരക്കിൽ ലഭിക്കും.
കാർഡ് ഓരോ വർഷവും പുതുക്കണം.

‘‘പക്ഷേ, കാർഡ് കിട്ടണമെങ്കിൽ ആദ്യം അപേക്ഷ കൊടുക്കണമല്ലോ. പലർക്കും അതിനു കഴിയാറില്ല,'' പശ്ചിമ ഗോദാവരിയിലെ പൊത്തുന്നൂര് ഗ്രാമത്തിലെ പാട്ടക്കൃഷിക്കാരൻ ഗാംഗുല ജയരാജ് പറഞ്ഞു. എല്ലാവർഷവും ഒരേ ആളിൽനിന്നു തന്നെ അഞ്ചേക്കർ ഭൂമി പാട്ടത്തിനെടുക്കുന്നുണ്ട് ജയരാജ്. ‘‘എന്താ കാരണം?'' ‘‘ഭൂവുടമകൾ സമ്മതിക്കില്ല. എനിക്ക് അപേക്ഷിക്കണമെന്നുണ്ടായിരുന്നു. എന്നാൽ കാർഡിന് അപേക്ഷ കൊടുത്താൽ ഭൂമി പാട്ടത്തിനു തരില്ലെന്നും അത് മറ്റൊരാൾക്കു കൊടുക്കുമെന്നും ഭൂവുടമ തീർത്തു പറഞ്ഞു. അതുകൊണ്ട് എനിക്ക് അപേക്ഷിക്കാൻ പറ്റിയില്ല.''‘‘പാട്ടക്കൃഷി​ക്കാർ യോഗ്യതാകാർഡിനു അപേക്ഷിച്ചാൽ ഭൂവുടമകൾക്ക് എന്താണ് പ്രശ്‌നം?'' ‘‘ഭൂമിയുടെ സർവേ നമ്പർ വച്ചല്ലേ കാർഡ് കൊടുക്കുക? ഉടമസ്ഥാവകാശത്തിനു പിന്നീടെന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്നുള്ള പേടിയാണ്,'' ജയരാജ് പറഞ്ഞു. നീലം കൊടുങ്കാറ്റിൽ ജയരാജ് കൃഷി ചെയ്തുവന്ന ഭൂമി മുങ്ങിയപ്പോൾ ഇൻഷൂറൻസും സർക്കാരിന്റെ നഷ്ടപരിഹാരവും കിട്ടിയത് ഭൂവുടമയാക്കാണ് . ""സബ്‌സിഡികളും ഭൂവുടമയ്ക്കു തന്നെയാണ് കിട്ടാറുള്ളത്,'' ജയരാജ് പറഞ്ഞു.

അറുപതുദിവസമാണ് പശ്ചിമ ഗോദാവരിയിലെ കൊത്തൂരു ഗ്രാമത്തിലെ പെല്ലപ്പോത്തു റെഡ്ഢിയും മറ്റു കുറെ പാട്ടകർഷകരും ബാങ്കുകളുടെയും വില്ലേജ് ഓഫീസുകളുടെയും മുന്നിൽ കുത്തിയിരുപ്പു സമരംനടത്തിയത്. എന്നിട്ടാണ് കുറച്ചെങ്കിലും ആളുകൾക്ക് വായ്പ ലഭിച്ചത്.

ഇനി ഭൂവുടമകളുടെ ഭീഷണികൾക്കു വശം വദരാകാതെ ഏതുവിധേനയെങ്കിലും അപേക്ഷ വില്ലേജ് ഓഫീസിൽ കൊടുത്താലും വലിയ പ്രയോജനമൊന്നുമില്ല. ചിലപ്പോൾ വില്ലേജ് ഓഫീസറും ഭൂവുടമയും ഒരേ സമുദായത്തിപ്പെട്ടവരായിരിക്കും. ഭൂവുടമകൾ പറയുന്നത് വില്ലേജ് ഓഫീസർമാർ അനുസരിക്കും. അതല്ലെങ്കിൽ കൈക്കൂലി. അതോടെ പാട്ടക്കൃഷിക്കാരുടെ അപേക്ഷകൾ ചവറ്റുകൂട്ടയിലേക്ക് പോകും. കിഴക്കൻഗോദാവരിയിലെ ആവിടി ഗ്രാമത്തിലെ ആയിറെഡ്ഢി പുല്ലയ്യയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ. ഏഴേക്കർ പാട്ടത്തിനെടുത്തു. പക്ഷേ, കാർഡിനു അപേക്ഷിക്കാൻ പോലും കഴിഞ്ഞില്ല. അയാളുടെ ഏഴേക്കർകൃഷി മുങ്ങിയിരുന്നു.
എല്ലാ വില്ലേജ് ഓഫിസർമാരും സ്വന്തം സമുദായത്തോട് പക്ഷപാതമുള്ളവരോ കൈക്കൂലിവാങ്ങുന്നവരോ ആകണമെന്നില്ല. അവർ അപേക്ഷകൾ ശരിയായ രീതിയിൽ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് കാർഡ് കൊടുക്കുകയും അവരുടെ ലിസ്റ്റ് ബാങ്കുകളിലേക്ക് അയക്കുകയും ചെയ്‌തെന്നിരിക്കും. എന്നാലും പാട്ടക്കൃഷിക്കാർക്ക് വായ്പ കിട്ടണമെന്നില്ല. പോയവർഷം വർഷം കാർഡുള്ളവരിൽ വെറും പതിനഞ്ചു ശതമാനം പേർക്കാണ് വായ്പ കിട്ടിയത്. അതും ദിവസങ്ങളോളം പ്രക്ഷോഭം നടത്തിയതിനു ശേഷം.

അറുപതുദിവസമാണ് പശ്ചിമ ഗോദാവരിയിലെ കൊത്തൂരു ഗ്രാമത്തിലെ പെല്ലപ്പോത്തു റെഡ്ഢിയും മറ്റു കുറെ പാട്ടകർഷകരും ബാങ്കുകളുടെയും വില്ലേജ് ഓഫീസുകളുടെയും മുന്നിൽ കുത്തിയിരുപ്പു സമരംനടത്തിയത്. എന്നിട്ടാണ് കുറച്ചെങ്കിലും ആളുകൾക്ക് വായ്പ ലഭിച്ചത്. യോഗ്യതാകാർഡുകൾ കിട്ടിയവരാണ് അവരൊക്കെ. വായ്പകിട്ടാൻ യോഗ്യതയുള്ള കർഷകരുടെ ലിസ്റ്റ് വില്ലേജ് ഓഫീസിൽ നിന്ന് അയച്ചുകൊടുത്തതുമാണ്. പക്ഷേ, ഭൂവുടമകളുടെ സമ്മതപത്രം ഹാജരാക്കാൻ ബാങ്ക് ആവശ്യപ്പെട്ടു. അവസാനം റെഡ്ഢിക്കും വേറെ അഞ്ചു കർഷകർക്കും 1,25,000 രൂപ വച്ച് വായ്പ കിട്ടി. പക്ഷേ, ഒരു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയതിന്നു ശേഷം മാത്രം.

ഞാൻ ആന്ധ്രാബാങ്കിൽ ചെന്നു. അതാണ് രണ്ടുജില്ലകളുടെയും ലീഡ് ബാങ്ക്. മാനേജർ പറഞ്ഞത് ഇങ്ങനെയാണ്: പലപ്പോഴും കാർഡുടമകൾ എത്തുന്നതിനു മുമ്പുതന്നെ അവർക്കു ഭൂമി പാട്ടത്തിനു കൊടുത്തവർ കാർഷിക വായ്പക്ക് അപേക്ഷയുമായി ബാങ്കിലെത്തും. ആ ഭൂമിയുടെ മേൽ ബാങ്ക് വായ്പ നൽകുകയും ചെയ്യും. പിന്നീടായിരിക്കും ഇതേ ആവശ്യം ഉന്നയിച്ച് പാട്ടക്കൃഷിക്കാരെത്തുക. ഒരേഭൂമിയുടെ പേരിൽ രണ്ടുപേർക്ക് വായ്പ കൊടുക്കാനാവില്ല. വായ്പ തിരിച്ചടക്കാനുള്ള കാർഡുടമകളുടെ ശേഷിയെപ്പറ്റി ബാങ്കുകൾക്ക് പേടിയുണ്ട് എന്ന് മാനേജർ തുറന്നു പറഞ്ഞു.

കൊള്ളപ്പലിശക്കാരിൽ നിന്ന് കടം വാങ്ങി, വരൾച്ചയും കൊടുങ്കാറ്റും അതിവർഷവുമൊക്കെ വിതയ്ക്കുന്ന സകലനഷ്ടങ്ങളും ജാതീയവും വർഗീയവും ലിംഗപരവുമായ സകല വിവേചനങ്ങളും സഹിച്ച് ചെറുകിട കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില കിട്ടുന്നുണ്ടോ?

‘‘കാർഡ് ഇഷ്യു ചെയ്യുന്നതോടെ റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. പക്ഷേ, ലോൺറിക്കവറി നടത്തേണ്ടത് ഞങ്ങളല്ലേ. കൊടുത്ത ലോൺ തിരിച്ചു കിട്ടുമെന്ന് ഉറപ്പു വരുത്താതെ പറ്റില്ലല്ലോ'' അയാൾ പറഞ്ഞു. വൻകിട വ്യവസായികൾക്ക് കൊടുക്കുന്ന എത്ര കോടി എഴുതി തള്ളാറുണ്ട് ബാങ്കുകൾ എന്നു മനസിൽ തോന്നിയെങ്കിലും പറഞ്ഞില്ല.

ഹൈദരാബാദിൽ തിരിച്ചെത്തിയതിനുശേഷം ഞാൻ ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് കമീഷണറുടെ ഓഫീസിൽ ചെന്നു. യോഗ്യതാ കാർഡ് കൈവശമുള്ള പാട്ടകർഷകർക്ക് വായ്പ കിട്ടാത്തതിനെപ്പറ്റി ചോദിക്കാൻ. അവിടത്തെ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരമൊന്നുമില്ലായിരുന്നു. ""ലോൺ റിക്കവറിയുടെ കാര്യത്തിൽ സഹായിക്കാമെന്ന് ഞങ്ങൾ ബാങ്കുകാരോട് പറഞ്ഞിട്ടുണ്ട്,'' എന്ന എവിടെയും തൊടാത്ത ഒരു ഉത്തരമാണ് കിട്ടിയത്.
അങ്ങനെ ഹതാശരായി കാശിനു വേണ്ടി ഓടി നടക്കുന്ന ചെറുകിട കൃഷിക്കാർ ഒടുവിൽ വട്ടിപ്പിശക്കാരുടെ വലയിൽ വീഴും. കടക്കെണി ഓരോ വർഷം കഴിയുന്തോറും കൂടുതൽ മുറുകിവരും.

കൊള്ളപ്പലിശക്കാരിൽ നിന്ന് കടം വാങ്ങി, വരൾച്ചയും കൊടുങ്കാറ്റും അതിവർഷവുമൊക്കെ വിതയ്ക്കുന്ന സകലനഷ്ടങ്ങളും ജാതീയവും വർഗീയവും ലിംഗപരവുമായ സകല വിവേചനങ്ങളും സഹിച്ച് ചെറുകിട കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില കിട്ടുന്നുണ്ടോ? എല്ലാ വർഷവും കേന്ദ്ര കമീഷൻ മറ്റു 22 വിളകൾക്കൊപ്പം നെല്ലിനും താങ്ങുവില (Minimum Support Price) പ്രഖ്യാപിക്കാറുണ്ട്.

‘‘പക്ഷേ, ഞങ്ങൾക്ക് അതൊന്നും കിട്ടാറില്ല,'' പൂർവ്വഗോദാവരിയിലെ നല്ലചെരുവ് ഗ്രാമത്തിൽ മൂന്നേക്കറിൽ പാട്ടക്കൃഷി ചെയ്യുന്ന വാസംഷെട്ടി ലക്ഷ്മി പറഞ്ഞു. ‘‘മില്ലുടമകളാണ് നെല്ലു കൊണ്ടുപോവുക. പല കാരണങ്ങൾ പറഞ്ഞ് അവർ വില കുറയ്ക്കും. ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റില്ല. കിട്ടിയ വിലയ്ക്ക് കൊടുക്കും.'’
നെല്ലിന്റെ ഭൂരിഭാഗവും സംഭരിക്കുന്നതും സംസ്‌കരിക്കുന്നതും മില്ലുടമകളാണ്. സംസ്‌കരിച്ച അരിയുടെ 75 ശതമാനം മില്ലുടമകൾ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്കു നൽകും. ബാക്കി 25 ശതമാനം അവർ മാർക്കറ്റിൽ വിൽക്കും. കർഷകർക്ക് താങ്ങുവില നൽകിയതായി രേഖകൾ ഹാജരാക്കിയാൽനെല്ല് ശേഖരിക്കുന്നതിനും മില്ലിലേക്ക് കൊണ്ടുപോകുന്നതിനും സംസ്‌ക്കരിക്കുന്നതിനും ചിലവായ പണം സർക്കാർ മില്ലുടമകൾക്ക് തിരിച്ചു നൽകും. അതിനു വേണ്ടി മില്ലുടമകൾ വ്യാജരേഖകളുണ്ടാക്കും. കർഷകർക്ക് MSP കൊടുക്കയുമില്ല.

കർഷകവിരുദ്ധമാകാൻ മത്സരിക്കുന്ന സർക്കാറുകൾ

കാർഷികമേഖലയുടെ തളർച്ചയും കർഷകരുടെ ദുരിതങ്ങളും പഠിച്ച് പ്രശ്‌നപരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന്​ കേന്ദ്രസർക്കാർ 2006 ൽ എം.എസ്. സ്വാമിനാഥന്റെ അധ്യക്ഷതയിൽ ഒരു കർഷക ക്ഷേമ ക മീഷനെ നിയോഗിച്ചിരുന്നു. കർഷക ആത്മഹത്യകൾ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ അന്വേഷിക്കാൻ കമീഷനെ നിയമിച്ചത്. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വളരെ കുറവാണെന്നും അതു പോലും കർഷകർക്കു കിട്ടുന്നില്ല എന്നും കമീഷനും നിരീക്ഷിച്ചിരുന്നു. താങ്ങുവില കണക്കാക്കുമ്പോൾ കൃഷിച്ചെലവിലും ജീവിതച്ചെലവിലുമുണ്ടായ വർധന പരിഗണിക്കണമെന്നു കമീഷൻ പറഞ്ഞു. കൃഷിയിറക്കുന്നതിനു ചെലവാകുന്ന തുകക്കൊപ്പം അതിന്റെ അമ്പതു ശതമാനം കൂടി ചേർത്തിട്ടു വേണം MSP തീരുമാനിക്കേണ്ടത് എന്നായിരുന്നു കമീഷന്റെ നിർദ്ദേശങ്ങളിലൊന്ന്. അത് നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല, നിശ്ചയിക്കുന്ന താങ്ങുവില കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻപോലും മെനക്കെടാറില്ല കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾ.

ആന്ധ്രാപ്രദേശിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാൻ 2004 ൽ അന്നത്തെ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഒരു കമീഷനെ നിയോഗിച്ചിരുന്നു. പ്രശസ്ത വികസന സാമ്പത്തിക വിദഗ്ധ ജയതി ഘോഷായിരുന്നു കമീഷൻ അധ്യക്ഷ. ആന്ധ്രയിലെ കാർഷികമേഖല അപകടകരമായ വിധത്തിൽ തളർന്നിട്ടുണ്ടെന്നും കർഷകർ അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണെന്നും കമീഷൻ വിലയിരുത്തി. അതിനു കാരണം 1990 -2000 കാലത്ത് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരുന്ന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങളാണെന്നു കമീഷൻ വ്യക്തമായിത്തന്നെ പറഞ്ഞിരുന്നു. തൊണ്ണറുകളുടെ തുടക്കത്തിൽ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ആരംഭിച്ച
ആഗോളവത്കരണ- ഉദാരവത്കരണ- സ്വകാര്യവത്കരണ നയങ്ങളും പിന്നീട് ഒപ്പുവച്ച ലോക വ്യാപാര ഉടമ്പടികളുമൊക്കെ കർഷകർക്ക് നൽകിപ്പോന്നിരുന്ന സംരക്ഷണങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയായിരുന്നുവെന്നും കമീഷൻ നിരീക്ഷിച്ചു. കർഷകർക്ക് നിയമപരവും നയപരവുമായ സുരക്ഷിത്വം ഉറപ്പു വരുത്താതെ അവരെ വിപണിയുടെ അനിയന്ത്രിതമായ ഇടപെടലുകളിലേക്കു തള്ളിവിട്ടത് രാജ്യത്തിന്റെ കാർഷിക മേഖലയെ മുഴുവൻ ബാധിച്ചിട്ടുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കൊപ്പം സംസ്ഥാനത്ത് മാറി മാറി വന്ന സർക്കാരുകൾ ചുവടുവച്ചത് ആന്ധ്രാപ്രദേശിലെ കർഷകരുടെ, പ്രത്യേകിച്ചും ചെറുകിട കർഷകരുടെ നട്ടെല്ലൊടിച്ചിട്ടുണ്ടെന്നും കമീഷൻ പറഞ്ഞു. സർക്കാരിന്റെ കടുത്ത നയങ്ങൾക്കൊപ്പം സബ്‌സിഡികൾ കർഷകർക്കു ലഭിക്കാത്തതും സുസ്ഥിര കൃഷി രീതിയിൽ നിന്നുള്ള വ്യതിചലനവും പരുത്തി പോലുള്ള നാണ്യവിളകളുടെ വ്യാപനവും വിത്തുകൾ കുത്തക കമ്പനികളുടെ കൈവശമായതും വിത്തിന്റെയും രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വർധിക്കുന്നതും കാര്യക്ഷമമായ ശേഖരണ- സംഭരണ സംവിധാനങ്ങൾ ഇല്ലാത്തതും ഇടനിലക്കാരുടെ ശക്തമായ സാന്നിധ്യവും കർഷകരുടെ വരുമാനം വർഷം കഴിയുന്തോറും കുറയുന്നതും പ്രതികൂല കാലാവസ്ഥയും കർഷകരുടെ നിലനില്പിനെ ബാധിക്കുന്നുവെന്നും അവർക്ക് ആത്മഹത്യയല്ലാതെ ഗത്യന്തരമില്ലാതാവുന്നുവെന്നും കമീഷൻ നിരീക്ഷിച്ചു.

രാജ്യത്തും സംസ്ഥാനത്തും കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് കർഷക സൗഹൃദമായ പരിഷ്‌ക്കരണങ്ങളാണ് വേണ്ടത് എന്നും കമീഷൻ സംശയത്തിനിടയില്ലാത്ത വിധം പറഞ്ഞിരുന്നു. കാർഷികോല്പന്നങ്ങൾ ആവശ്യത്തിൽ കൂടുതൽ ഉൽപാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിനെപ്പോലുള്ള മിച്ച സംസ്ഥാനങ്ങളുടെ നില അതീവ ഗുരുതരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടലുകൾ ആവശ്യമാണെന്നും കമീഷൻ ശുപാർശ ചെയ്തു.

‘‘അതേ സ്ഥിതി തന്നെയാണിപ്പോഴും. ഒന്നുംമാറിയിട്ടില്ല '' ; അഖിലേന്ത്യ കിസാൻസഭയുടെ അന്നത്തെ സംസ്ഥാന പ്രസിഡണ്ട് എസ്. മല്ലാറെഡ്ഢി പറഞ്ഞു. 1997 ൽ മുഖ്യമന്ത്രിയായിരുന്ന തെലുഗുദേശം പാർട്ടിയുടെ എൻ. ചന്ദ്രബാബു നായിഡുവാണ് സംസ്ഥാനത്ത് കർഷക വിരുദ്ധനയങ്ങൾക്ക് തുടക്കം കുറിച്ചത്. ഇൻഫോർമേഷൻ സാങ്കേതിക വിദ്യക്കായിരുന്നു ചന്ദ്രബാബു നായിഡു പ്രാധാന്യം കൊടുത്തത്. ഐ ടി പാർക്കുകൾക്കും വൻകിട പ്രോജക്ടുകൾക്കും വേണ്ടി കൃഷി ഭൂമി തുച്ഛമായ വിലയ്ക്ക് ഏറ്റെടുത്തു. പലയിടങ്ങളിലും ഉയർന്നുവന്ന കർഷക പ്രക്ഷോഭങ്ങൾ പൊലീസിനെ വിട്ട് അടിച്ചൊതുക്കി. വെടിവെപ്പുകൾ വരെയുണ്ടായി. 2004 ലെ തിരഞ്ഞെടുപ്പിൽ നായിഡു തോറ്റു. കർഷക പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തിയ വൈ.എസ്.ആർ മുഖ്യമന്ത്രിയായി. പക്ഷേ, കർഷക വിരുദ്ധനയങ്ങൾക്ക് മാറ്റമൊന്നുമുണ്ടായില്ല. വലിയ ജലസേചന പദ്ധതികളോടായിരുന്നു രാജശേഖര റെഡ്ഢിയുടെ ആഭിമുഖ്യം. കിരൺകുമാർ റെഡ്ഢി സർക്കാരും അങ്ങനെത്തന്നെ. കോർപറേറ്റ് കമ്പനികളെ പ്രീണിപ്പിക്കാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.’’

2014 ൽ ആന്ധ്രപ്രദേശ് വിഭജിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കർഷകരോട് വികാരഭരിതനായി മാപ്പുചോദിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡു പ്രചാരണം തുടങ്ങിയത്. പുതിയ തെലങ്കാന സംസ്ഥാനത്തിനു വേണ്ടി വർഷങ്ങളോളം പ്രക്ഷോഭം നടത്തിയ തെലങ്കാന രാഷ്ട്രസമിതി എക്കാലവും ഉയർത്തിപ്പിടിച്ചിരുന്ന പ്രധാന വിഷയം തെലങ്കാനയുടെ കാർഷികമേഖലയുടെ പിന്നാക്കാവസ്ഥയായിരുന്നു. സംസ്ഥാനസർക്കാരുകൾ തീരദേശ ആന്ധ്രയോടും തെലങ്കാനയോടും കാണിച്ചു പോന്ന വിവേചനങ്ങൾ ടി.ആർ.എസ് ഉയർത്തിപ്പിടിച്ചു. തെലങ്കാന പുതിയ സംസ്ഥാനമായാൽ മാത്രമേ കർഷകരുടെ സ്ഥിതി മെച്ചപ്പെടുകയുള്ളു എന്ന് ആവർത്തിച്ചു. തെലങ്കാനാ മുദ്രാവാക്യങ്ങളിൽ കർഷകർ നിറഞ്ഞുനിന്നു.

2014 ലെ തിരഞ്ഞെടുപ്പിൽ ടി.ആർ. എസ്. നേതാവ് കെ. ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും പലവിധ വാഗ്ദാനങ്ങൾ കർഷകർക്ക് നൽകി. സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ റാവു തെലങ്കാനയുടെയും നായിഡു ആന്ധ്രയുടെയും മുഖ്യമന്ത്രിമാരായി.

പരുത്തി കർഷകർ

തെലങ്കാന രൂപീകൃതമായിക്കഴിഞ്ഞപ്പോൾ ചന്ദ്രശേഖര റാവു ആദ്യം തന്നെ ചെയ്തത് വ്യവസായികളുടെ യോഗം വിളിക്കുകയായിരുന്നു. പുതിയ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നയങ്ങൾ പ്രഖ്യാപിച്ചു. തെലങ്കാന ജനിച്ച് ആറുമാസത്തിനുള്ളിൽ നാന്നൂറിലേറെ കർഷക ആത്മഹത്യകൾ നടന്നുവെന്നാണ് ഹൈദരാബാദ് ആസ്ഥാനമാക്കി കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന റായ്തു സ്വരാജ്യ വേദിക എന്ന സംഘടന മാധ്യമങ്ങളിൽ നിന്നും ഗ്രാമങ്ങളിൽനിന്നും നേരിട്ടും ശേഖരിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായത്. മറുഭാഗത്തും സ്ഥിതി അങ്ങനെയൊക്കെത്തന്നെയായിരുന്നു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും റാവുവിനും നായിഡുവിനും അത് പാലിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ ലക്ഷ്യങൾ മുൻനിർത്തി നടത്തുന്ന ഇത്തരം വാഗ്ദാനങ്ങളെ റിസർവ് ബാങ്ക് കഠിനമായ ഭാഷയിൽ വിമർശിച്ചു. ഈ വാഗ്ദാനം കാരണം പല കർഷകരും ബാങ്കുകളിൽ വായ്പ തിരിച്ചടച്ചില്ല. അതിനാൽ ആ വർഷം വിളവിറക്കൽ സമയത്ത് അവർക്ക് പുതിയ വായ്പ കിട്ടിയതുമില്ല. സാധാരണഗതിയിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ കൊയ്ത്തുകാലത്താണ് ആത്മഹത്യ ഏറെയുമുണ്ടാവുക. അത് കൊടുങ്കാറ്റിന്റെ സമയം കൂടിയാണ്. എന്നാൽ 2014 ൽ വിളവിറക്കുന്നതിനു മുമ്പുതന്നെ കർഷകർ ജീവനൊടുക്കിത്തുടങ്ങിയിരുന്നു.

‘‘സത്യത്തിൽ കർഷകരുടെ ആത്മഹത്യ ആത്മഹത്യയല്ല. ഒരു തരത്തിൽ നോക്കിയാൽ കൊലപാതകമാണ്. തോക്കെടുത്തു നേരിട്ട് വെടിവയ്ക്കുന്നില്ല എന്നേ ഉള്ളു. ഭരണകൂട നയങ്ങൾ തോക്കുകൾക്കു തുല്യമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്നത് കർഷകവംശഹത്യയാണ്’’, മല്ലാ റെഡ്ഢി പറഞ്ഞു.

ബാഗമ്മക്ക് സംഭവിച്ചത്

പശ്ചിമാഗോദാവരിയിലെ കൊത്തൂരുഗ്രാമത്തിലെ ബാഗമ്മ ചില്ലിട്ട രണ്ട് ഫോട്ടോകളാണ് എന്നെ കൊണ്ടുവന്നുകാണിച്ചത്.
ഭർത്താവ് പെലഗാല ഗംഗാരാജുവിന്റെയും മകൻ വെങ്കിട്ടരമണയുടെയും. കഥകളൊക്കെ ഏറെക്കുറെ ഒന്നുതന്നെ. പാട്ടക്കൃഷി. കടക്കെണി. പക്ഷേ , അവർ ജീവനോടുക്കിയത് മൂന്നുവർഷം മുമ്പാണ്. നീലം കാരണമല്ല.
മുപ്പതുവർഷമായി പാട്ടത്തിനു നെൽകൃഷി ചെയ്തുവന്നിരുന്ന ഗംഗാരാജു ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ, താൻ മരിച്ചാൽ ബധിരനും മൂകനുമായ പതിനഞ്ചുവയസുകാരൻ മകന്റെ ഭാവി എന്താകുമെന്ന ചിന്തകൂടി അയാളെ ആകുലനാക്കിയിരുന്നു. ‘‘അതുകൊണ്ട് പോകുമ്പോൾ മോനെയും കൊണ്ടുപോയി,'' എന്നാണ് ബാഗമ്മ പറഞ്ഞത്. ‘‘ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം കിട്ടിയോ?'' ‘‘ഇല്ല.'' ‘‘എന്തുപറ്റി?'' ‘‘ഭർത്താവ് കർഷകനായിരുന്നുവെന്നു തെളിയിക്കാൻ കഴിഞ്ഞില്ല. പാട്ടക്കരാറിനു രേഖയുണ്ടായിരുന്നില്ല. വട്ടിപ്പലിശ കയ്യിൽനിന്ന് കടം വാങ്ങിയത് കൃഷിക്കു വേണ്ടിയായിരുന്നുവെന്നതിനും രേഖയുണ്ടായിരുന്നില്ല.''

അതുതന്നെയാണ് സർക്കാരിനും വേണ്ടത്.
കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അത് രേഖകളിൽ വരരുത്.

കൊത്തൂരുഗ്രാമത്തിലെ ബാഗമ്മ. ആത്മഹത്യ ചെയ്ത ഭർത്താവ് പെലഗാല ഗംഗാരാജുവിന്റെയും മകൻ വെങ്കിട്ടരമണന്റെയും ചിത്രങ്ങളാണ് കയ്യിൽ

കാർഷികമേഖല തളർന്നതിന്റെയും കർഷകർ ജീവനൊടുക്കുന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനുപകരം കർഷകരുടെ ആത്മഹത്യകൾ കാർഷിക കാരണങ്ങളാലല്ല എന്നു വരുത്തിതത്തീർക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. ഇതിനുവേണ്ടി ആത്മഹത്യകളെ രണ്ടായി തിരിക്കും. ശരിയായ ആത്മഹത്യയും അങ്ങനെയല്ലാത്ത ആത്മഹത്യയും.

ഒരു കർഷകയോ കർഷകനോ ജീവനൊടുക്കിയാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ചു രേഖകൾ കിട്ടണം. എഫ്.ഐ.ആർ, സാക്ഷി പത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട് (ഇതിന്റെ ചെലവ് മരിച്ച ആളുടെ കുടുംബം വഹിക്കണം), ഫോറൻസിക് റിപ്പോർട്ട്, പിന്നെ അന്തിമ റിപ്പോർട്ട് . ഇതിനു പുറമേ, വ്യക്തിയിൽ നിന്നോ ബാങ്കിൽ നിന്നോ വായ്പ എടുത്ത രേഖകൾ, ലാൻഡ് പാസ്ബുക്ക്​, റേഷൻ കാർഡ്, മൂന്നുവർഷത്തെ ഭൂനികുതി രേഖകൾ എന്നിവയും വേണം. കഴിഞ്ഞില്ല; ബ്ലോക്ക് റവന്യൂ ഓഫീസർ, പൊലീസ് സബ് ഇൻസ്പെക്ടർ, ബ്ലോക്ക് കൃഷി ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി വിലയിരുത്തിയതിന്റെ റിപ്പോർട്ട് വേണം. ഏറ്റവും ഒടുവിൽ ആർ.ഡി.ഒ, ഡി.വൈ.എസ്.പി, ജില്ല കൃഷി ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോർട്ടും വേണം. കർഷകരുടെ ആത്മഹത്യകൾ ആത്മഹത്യകൾ ആണെന്ന് സർക്കാർ അംഗീകരിക്കാൻ ഇത്രയും രേഖകൾ വേണം. ആർക്കാണ് ഇത്രയും രേഖകൾ കൊടുക്കാൻ കഴിയുക? അതുകൊണ്ട് പലപ്പോഴും സർക്കാരിന്റെ കണക്കിൽ ആത്മഹത്യകളുടെ എണ്ണം വളരെ കുറവായിരിക്കും.

ബാഗമ്മ എഫ്.ഐ.ആറും പോസ്റ്റുമോർട്ടം റിപ്പോർട്ടുമൊക്കെ ഹാജരാക്കി. അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല.
നാലുലക്ഷം രൂപയുടെ കടമായിരുന്നു ഉണ്ടായിരുന്നത്. ‘‘അത് വീട്ടിയോ?''
ബാഗമ്മ അതേ എന്ന് തലയാട്ടി. ‘‘എങ്ങനെ?'' ""ആടുകളെ വിറ്റു.''
മരിച്ചുപോയ മകനെപ്പറ്റി അവർ വീണ്ടും പറയാൻ തുടങ്ങി. ‘‘ഒരു മോനേയുള്ളൂ?''‘‘ഇളയ മോനാണ് പോയത്. മൂത്ത മൂന്നു ആൺമക്കൾ കൂടിയുണ്ട്.'' ‘‘അവരെന്തു ചെയ്യുന്നു?'' ‘‘പാട്ടക്കൃഷി.''
അച്ഛൻ കൃഷി ചെയ്തിരുന്ന അതെ ഭൂമിയിൽ അതേ പോലെ രേഖാമൂലമുള്ള കരാറില്ലാതെ.

റായലസീമ, ആദിലാബാദ്, വാറങ്കൽ, നൽഗൊണ്ട, ഖമ്മം...

നീലത്തിനു മുമ്പും അതിനു ശേഷം അതിനേക്കാൾ തീവ്രത കൂടിയ ലെഹറും ഫാലിനും ഹുദൂദുമൊക്കെ വന്നപ്പോഴും ഗോദാവരീ ജില്ലകളിൽ നടത്തിയ യാത്രകളെപ്പറ്റി പിന്നെയും ഓർക്കുകയാണ്; ദൽഹിയിൽ കർഷകപ്രക്ഷോഭം നടക്കുന്ന ഈ സമയത്ത്.

നെൽപ്പാടങ്ങളുടെ ഇളം പച്ചയിലൂടെ നടത്തിയ ആ യാത്രകൾ മാത്രമല്ല, അതുപോലെ പലതും. പരുത്തിയുടെ വെളുപ്പിലൂടെയും മുളകിന്റെ ചുവപ്പിലൂടെയും കടുകിന്റെ മഞ്ഞയിലൂടെയും സൂര്യകാന്തിപ്പാടങ്ങളുടെ സ്വർണ വർണത്തിലൂടെയും കരിമ്പിന്റെ കരിമ്പച്ചയിലൂടെയുമൊക്കെ നടത്തിയ യാത്രകൾ.

ആന്ധ്രയുടെ തീരത്ത് കൊടുങ്കാറ്റടിച്ചാൽ ഒരു തുള്ളി മഴകിട്ടുമല്ലോ എന്ന് ആശ്വസിക്കുന്ന റായലസീമാ മേഖലയിലുള്ള അനന്തപൂരിലെ കർഷകരെ കണ്ടു.

തുവരപ്പരിപ്പിൽ നിന്നും​ വൻ പയറിൽ നിന്നും ചാമയിൽ നിന്നും മുത്താറിയിൽ നിന്നും നെല്ലിൽ നിന്നും പരുത്തിയിലേക്കും പിന്നെ മരണത്തിലേക്കും പതറിയ കാൽ വെപ്പുകളോടെ നടന്നുനീങ്ങുന്ന ആദിലാബാദിലെ ആദിവാസികളെ കണ്ടു.

കുഴൽക്കിണറുകൾ കുഴിച്ചു കുഴിച്ച് ഒടുവിൽ സ്വയം കുഴിയിലാകുന്ന വരണ്ട വാറങ്കലിലെയും നൽഗൊണ്ടയിലും കർഷകരോട് സംസാരിച്ചു.

മൈക്രോ ഫൈനാൻസ് കമ്പനികളുടെ ഗുണ്ടകളുടെ ഭീഷണികൾക്കു മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ മരണത്തിലേക്ക് ഓടി രക്ഷപ്പെടുന്ന മെഹബൂബ് നഗറിലെ ദളിത്, മുസ്‌ലിം കുടുംബങ്ങളെ കണ്ടു.

പോലവാരം വലിയ അണക്കെട്ടു വന്നാൽ വെള്ളത്തിനടിയിലാകാൻ പോകുന്ന ഖമ്മം ജില്ലയിലെ നിരവധി ആദിവാസി-ദളിത് കർഷകരെ കണ്ടു.

പ്രത്യേക സാമ്പത്തിക. മേഖലകൾക്കും താപനിലയങ്ങൾക്കും ബോക്​സൈറ്റ്​ഖനനത്തിനുമെതിരെ പ്രക്ഷോഭം നടത്തുന്ന വിശാഖപട്ടണത്തിലെയും ശ്രീകാകുളത്തെയും കർഷകരെ കണ്ടു.

ഇരുവിളവെടുക്കുന്ന, സമ്പുഷ്ടമായി കിടക്കുന്ന നെൽവയലുകളിൽ ഉയർന്നുവരാൻ പോകുന്ന താപനിലയത്തിനെതിരെ നടത്തിയ സമരത്തിനു നേരെ വെടിവെപ്പുണ്ടായിട്ടും ഏഴു പേർ മരിച്ചിട്ടും ശ്രീകാകുളം ജില്ലയിലെ സോംപേട്ടയിൽ ചെറുത്തുനിൽപ് തുടർന്ന സ്ത്രീകളെ കണ്ടു. വലിയ വടിയുമായി കുനിഞ്ഞു നിൽക്കുന്ന തൊണ്ണുകാരി മുത്തശ്ശിയെ കണ്ടു. ‘കമനിക്കാർ വരട്ടെ, ഈ വടി കൊണ്ട് അടിച്ചോടിക്കുമെന്നു’ ഉറപ്പിച്ചു പറഞ്ഞ മുത്തശ്ശി. കമ്പനിക്ക് അനുകൂലമായി നിരന്തരം വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ കർഷകരെ കണ്ടു; അതേ ജില്ലയിൽ ആണവ നിലയത്തിനെതിരെ പൊരുതുന്ന കർഷകർ.

പോലവാരം അണക്കെട്ടുവന്നാൽ വെള്ളത്തിനടിയിലാകാൻ പോകുന്ന ഖമ്മം ജില്ലയിലെ ആദിവാസി കർഷക സ്ത്രീ

പെപ്‌സി - കൊക്കക്കോള തുടങ്ങിയ സോഫ്റ്റ് ഡ്രിങ്ക് വമ്പൻമാർക്ക് വൻതോതിൽ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നതിനിടയിൽ, വൻകിട മില്ലുകൾ തങ്ങളിൽ നിന്നു വാങ്ങുന്ന കരിമ്പിനു തരാനുള്ള പണം തരാത്തതു കൊണ്ട് കരിമ്പിൻ പാടം കത്തിച്ച് അതിലേക്ക് ചാടി ജീവനൊടുക്കിയ കർണാടകയിലെ മാണ്ഡ്യയിലുള്ള കർഷകരുടെ കുടുംബങ്ങളോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഈ പ്രക്ഷോഭം വിജയിക്കട്ടെ

കർഷകരുടെ യാഥാർത്ഥ്യങ്ങൾ പലതായിരിക്കാം. പക്ഷേ, മിക്കയിടങ്ങളിലും അവർ ദുരിത ജീവിതമാണ് നയിക്കുന്നത്. സഹിച്ചു സഹിച്ച് ഗതികെട്ടിട്ടാണ് അവർ രാജ്യതലസ്ഥാനമായ ഡൽഹി വളഞ്ഞിരിക്കുന്നത്. നവംബർ 27 നു തുടങ്ങിയ പ്രക്ഷോഭം ഇതെഴുതുമ്പോൾ 50 ദിവസം പിന്നിട്ടു കഴിഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് ആദ്യം എത്തിയത്; ട്രാക്ടറുകളും ട്രോളികളിലുമൊക്കെയായി. പിന്നെ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും രാജസ്ഥാനിലേയും കർഷകരെത്തി; കന്നുകാലികളെയും കൊണ്ട്.

അതിനുശേഷം തെക്കു നിന്നും കിഴക്കു നിന്നും പടിഞ്ഞാറുനിന്നും വടക്കുകിഴക്കു നിന്നും മധ്യേന്ത്യയിൽ നിന്നുമൊക്കെയെത്തി കർഷകസംഘങ്ങൾ.
അതിശൈത്യം വകവയ്ക്കാതെ തെരുവിൽ ഉപരോധം തീർത്തിരിക്കുകയാണ്.
കർഷകരെ ഇടനിലക്കാരിൽ നിന്ന് മോചിപ്പിക്കുന്നതാണ്​ പുതിയ നിയമങ്ങൾ എന്നാണ്​ സർക്കാരിന്റെ അവകാശവാദം. സ്വകാര്യകമ്പനികളുമായി നേരിട്ട് ഇടപെടാനും വിളകൾ എവിടെ വേണമെങ്കിലും ആർക്കുവേണമെങ്കിലും വിൽക്കാനും ആരുമായും ഉല്പാദന - വില്പന കരാറുകളിൽ ഏർപ്പെടാനും അതിലൂടെ വരുമാനം വർധിപ്പിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങൾ എന്ന് സർക്കാർ.

തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങൾ തങ്ങളോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ, ലോക്‌സഭയിലും രാജ്യസഭയിലും വേണ്ടവിധത്തിൽ ചർച്ച ചെയ്യാതെ, ജനാധിപത്യവിരുദ്ധമായി കൊണ്ടുവന്നത് തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് അംബാനിയെപ്പോലെയും അദാനിയെപ്പോലെയുമുള്ള വൻവ്യവസായികൾക്ക് വേണ്ടിയാണെന്ന് കർഷകർ. കർഷകരിൽ നിന്ന് വ്യാപാരികൾ വിളവു വാങ്ങുന്ന സർക്കാർ വക മാർക്കറ്റുകൾ ഈ നിയമങ്ങൾ നിലവിൽ വന്നാൽ ഇല്ലാതാകും എന്ന് കർഷകർക്ക് സ്വാഭാവികമായും പേടിയുണ്ട്.

വിപണിയുടെ നേരിട്ടുള്ള ഇടപെടലുകൾ കൊണ്ടുമാത്രം ഇന്നുവരെ ലോകത്ത് ഒരു രാജ്യത്തുപോലും കർഷകരുടെ വരുമാനം വർധിച്ചിട്ടില്ലെന്നും സമ്പന്ന രാജ്യങ്ങൾ വരെ വൻതോതിൽ സബ്സിഡികൾ നേരിട്ടു ലഭ്യമാക്കിക്കൊണ്ടാണ് കർഷകരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതെന്നും കാർഷികമേഖലയെ താങ്ങിനിർത്തുന്നതെന്നും ഓരോ രാജ്യത്തിന്റെയും സബ്സിഡികളുടെ കണക്ക് ഉദ്ധരിച്ച്​ കർഷക സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംഘടനകളും വാദിക്കുന്നു.

ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് വിജയവാഡയിലെ കർഷകരുടെ ട്രാക്ടർ റാലി

പ്രധാനമായും രണ്ട് ഡിമാന്റുകളാണ് കർഷക സംഘടനകൾ മുന്നോട്ടു വയ്ക്കുന്നത്: മൂന്നു നിയമങ്ങളും പിൻവലിക്കുക, എന്നിട്ട് താങ്ങുവില കർഷകരുടെ അവകാശമാക്കുന്ന പുതിയൊരു നിയമം പാസാക്കുക. വിള ആർക്കു വിറ്റാലും കർഷകർക്കു താങ്ങുവില ലഭിക്കണം.

നിയമങ്ങൾ ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് സർക്കാർ.
തങ്ങളുടെ ഡിമാന്റുകൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്തെ രാജ്​പഥിലേക്ക്​ മാർച്ച് ചെയ്യുമെന്നും റിപ്പബ്ലിക് ഡേയ്ക്ക് കിസാൻ പരേഡ് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ​, പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണനക്കെടുത്ത സുപ്രീംകോടതി, നിയമങ്ങൾ നടപ്പാക്കുന്നത്​ തൽക്കാലത്തേക്ക്​ നിർത്തിവെക്കുകയും വിഷയം പഠിക്കാനും ചർച്ച ചെയ്യാനും നാലംഗ സമിതിക്ക്​ രൂപം നൽകുകയും ചെയ്​തു. സമിതി റിപ്പോർട്ട്​ നൽകുക കോടതിക്കായിരിക്കും. ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ ഭൂപീന്ദൻ സിങ്​ മാൻ, ഷേത്​കാരി സംഘടനയുടെ അനിൽ ഘാൻവത്​, ഡോ. പ്രമോദ്​ ജോഷി, കാർഷിക സമ്പദ്​ശാസ്​ത്രജ്ഞൻ അശോക്​ ഗുലാത്തി എന്നിവരടങ്ങിയ കമ്മിറ്റിയാണ്​ കോടതി രൂപീകരിച്ചത്​. പുതിയ നിയമങ്ങൾക്ക്​ അനുകൂലമായ നിലപാടെടുത്തവരാണ്​ നാലുപേരും എന്ന്​ ചൂണ്ടിക്കാട്ടി സമിതിയുമായി സഹകരിക്കില്ലെന്ന്​ കർഷകർ വ്യക്​തമാക്കുകയും ചെയ്​തു. കോടതിയുമായല്ല, സർക്കാറുമായാണ്​ ചർച്ച വേണ്ടത്​ എന്ന കൃത്യമായ നിലപാടെടുക്കുകയും ചെയ്​തു അവർ. സമിതി രൂപീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഭൂപീന്ദൻ സിങ്​ മാൻ സമിതിയിൽനിന്ന്​ പിൻവാങ്ങുകയും ചെയ്​തു. പ്ര​ക്ഷോഭം വിട്ടുവീഴ്​ചയില്ലാതെ തുടരാനുള്ള തീരുമാനത്തിലാണ്​ കർഷകർ. കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന ബി.എം.എസ് ഒഴികെ രാജ്യത്തെ ഒട്ടുമുക്കാൽ കർഷകസംഘടനകളും പ്രക്ഷോഭത്തിലുണ്ട്.

രാജ്യത്ത് 25 വർഷത്തിനുള്ളിൽ 3.6 ലക്ഷം കർഷകർ ജീവനൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക്. കണക്കിൽപ്പെടാത്തവർ വേറെ. അവരെയും ജീവിച്ചിരിക്കുന്ന പാട്ടക്കൃഷിക്കാരെയും ചെറുകിട കർഷകരെയും കാർഷികമേഖലയിലെ ദുരിതങ്ങൾ കൊണ്ടുമാത്രം ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്ക് പോകേണ്ടിവന്നു ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളെയും സാധാരണക്കാരായ ഉപഭോക്താക്കളെയും മനസ്സിൽ കാണുമ്പോൾ പറയാൻ തോന്നുന്നത് ഇത്രമാത്രം: ഈ പ്രക്ഷോഭം വിജയിക്കട്ടെ.▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 08-ൽ പ്രസിദ്ധീകരിച്ചത്.


എം. സുചിത്ര

മാധ്യമപ്രവർത്തക. ഇന്ത്യ ടുഡേ, കൈരളി ടി.വി., ഇന്ത്യൻ എക്‌സ്പ്രസ്, ദി ക്വസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് ഫൂട്ടേജസ്, ഡൗൺ ടു എർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

Comments