തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള വേളൂക്കര ഗ്രാമത്തിലെ അവിട്ടത്തൂരിൽ പ്ലാവിന്റെ പേരിൽ അറിയപ്പെടുന്ന ഒരു മനുഷ്യനുണ്ട്. പ്ലാവ് ജയൻ. കെ.ആർ. ജയൻ എന്നാണ് ശരിക്കുമുള്ള പേര്. പ്ലാവ് ഒരു കല്പവൃക്ഷമാണ്. ജയൻ, പ്ലാവിന്റെ നാവായ മനുഷ്യനും.
ജയനിപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത മുരിയാട് ഗ്രാമത്തിൽ മൂന്നരയേക്കർ തരിശുഭൂമിയിൽ പ്ലാവുകളുടെ ഒരു ഗ്രാമം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്ലാവ് ഗ്രാമമെന്നും പ്ലാവ് കൃഷിയെന്നുമൊക്കെ കേൾക്കുമ്പോൾ അതെന്തിന് അതെങ്ങനെയെന്നൊക്കെ സംശയം തോന്നും. അവയ്ക്കൊക്കെയുള്ള ഉത്തരം ജയന്റെ ജീവിതവും പ്രവർത്തനങ്ങളും തന്നെയാണ്.
പ്ലാവുകളും പ്ലാവിൻ തൈകളും ചക്കകളുമായുള്ള ജയന്റെ സഹവാസം തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ഒരു കാലത്ത് നിരത്തു വക്കുകളിൽ തൈ നട്ടും ചക്കക്കുരു കുഴിച്ചിട്ടും ആയിരക്കണക്കിന് പ്ലാവുകൾ വളർത്തിയെടുത്ത ചരിത്രമുണ്ട് ജയന്. റോഡ് സൈഡിലെ പ്ലാവുകൾക്ക് വെള്ളമൊഴിച്ചു കൊടുത്ത് അലഞ്ഞു നടന്ന പ്ലാവ് ജയനെ അക്കാലത്താളുകൾ ഭ്രാന്തനെന്നും വിളിച്ചു.
ചക്ക കൊണ്ട് പട്ടിണിയെ ജയിച്ച, പ്ലാവിലകൾ കൊണ്ട് ആടിനെപ്പോറ്റിയ ഒരു നാടിന്റെ, വീടിന്റെ ബാല്യകാല ഓർമയിലാണ് ജയന്റെ പ്ലാവ് പ്രേമം തുടങ്ങുന്നത്. സ്കൂൾ മുറ്റത്ത് നടാൻ ചെടികൾ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞ ഒരു സേവനവാരക്കാലത്ത് വീട്ടുമുറ്റത്ത് മുളച്ചു നിന്നിരുന്ന പ്ലാവിൻ തൈ ജയൻ പറിച്ചു കൊണ്ടുപോയി. അന്ന് കൂട്ടുകാർ വിളിച്ച പേരാണ് പ്ലാവ് ജയൻ. പിന്നീടത് നാട് ഏറ്റു വിളിച്ചു.
സ്കൂൾ കാലത്തിന് ശേഷം ഒരു പാട് പണികൾ ചെയ്തു ജയൻ. ഇടയ്ക്കിടയ്ക്ക് നാട് വിട്ടു പോയി ബോംബെയിലും ബാംഗ്ലൂരിലും അലഞ്ഞു. രണ്ട് തവണ ഗൾഫിൽ പോയി. പത്രം ഏജന്റായിരുന്ന അച്ഛന്റെ കൂടെയും സർബത്തും അച്ചാറുമൊക്കെ വിൽക്കുന്ന സഹോദരൻമാരുടെ കടയിലും കുറച്ച് കാലം കൂടി. കുടുംബശ്രീ ഉത്പന്നങ്ങൾ വണ്ടിയിൽ കൊണ്ടു നടന്ന് വിൽക്കുന്ന ജോലി സ്വന്തമായി ചെയ്തു. ഇക്കാലത്താണ് വഴിയരികിൽ പ്ലാവ് നടാൻ തുടങ്ങിയത്.
ജയനിപ്പോൾ ഒരു പ്രൊഫഷണൽ പ്ലാവ് കർഷകനാണ്. ജയന് സ്വന്തമായി വളരെക്കുറച്ച് ഭൂമിയേയുള്ളൂ. അതിൽ നിറയെ പ്ലാവുകളുമുണ്ട്. പക്ഷേ ജയൻ കൃഷി ചെയ്യുന്നത് സ്വന്തം ഭൂമിയിലല്ല. തരിശ് ഭൂമികളിൽ, നോക്കാനാളില്ലാതെ കിടക്കുന്ന പറമ്പുകളിൽ, ആവശ്യപ്പെടുന്നവർക്ക് നാട്ടു ഫലവൃക്ഷങ്ങളുടെ കാടൊരുക്കിക്കൊടുക്കും പ്ലാവ് ജയൻ. ചാലക്കുടിപ്പുഴയോരത്ത് അന്നനാട് ഗ്രാമത്തിൽ ഒന്നരയേക്കർ തരിശ് ഭൂമിയിൽ പ്ലാവുകളുടെ മറ്റൊരു കുഞ്ഞു ഗ്രാമം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയൻ.
പ്ലാവിന്റെ എൻസൈക്ലോപീഡിയയാണ് ജയൻ. പ്ലാവിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള എഴുത്തുകാരൻ, വിത്ത് ചക്ക തേടി നാടു മുഴുവൻ സഞ്ചരിക്കുന്ന യാത്രികൻ. ജീവിക്കാനുള്ളത് മതിയെന്നും ബിസിനസ്സിലെ ലാഭം വേണ്ടെന്നും ആത്മാർത്ഥമായും കരുതുന്ന ഒരു പ്ലാവ് മനുഷ്യൻ. കഥയും കവിതയും നോവലുകളും വായിക്കാനിഷ്ടപ്പെടുന്ന വായനക്കാരൻ. പ്ലാവിന്റെ ജീവിതചക്രത്തെക്കുറിച്ച് തന്നെ കാണാൻ വരുന്ന സ്കൂൾ കുട്ടികളോട് സംവദിക്കുന്ന അധ്യാപകൻ. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിരവധി പുരസ്കാരങ്ങൾ നേടിയ പ്ലാവ് കർഷകൻ, ഒരുപാടിനം പ്ലാവുകളുടെ ശേഖരമുണ്ട് ജയന്റെ കയ്യിൽ. അവയിൽ അപൂർവ്വമായതുപലതുമുണ്ട്.
ചക്കയിപ്പോൾ ഭക്ഷ്യ വിപണിയിലെ താരമാണ്. പല തരം മൂല്യവർധിത ഉത്പന്നങ്ങൾ, ചക്ക മേളകൾ, ഉത്സവങ്ങൾ, തുടങ്ങി ചക്ക, മാർക്കറ്റിലെ താരമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുന്നേ ചക്ക എന്ന ലോകത്തെ ഏറ്റവും വലിയ പഴത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വർത്തമാനകാലത്തേയും ഭാവിയിലേയും ഉപയുക്തതയും ജയൻ തിരിച്ചറിഞ്ഞിരുന്നു. പ്ലാവെന്ന ഫലവൃക്ഷത്തിന്റെ തടിയ്ക്കും ചക്കയെന്ന പഴത്തിന്റെ തോലിനും മിനുസമൊന്നുമില്ല. പക്ഷേ പ്ലാവ് ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യരുടെയും ഒരുപാട് ജീവജാലങ്ങളുടേയും പലതരം ആവശ്യങ്ങളെ പൂരിപ്പിക്കുന്ന ജീവൽശൃംഖലയിലെ പ്രധാനപ്പെട്ട കണ്ണി. പ്ലാവ് ജയനാകട്ടെ ആ കണ്ണിയുടെ കാവലാളും.