Photo : Pixabay

ഉരുളക്കിഴങ്ങിന് ഒരു സ്തുതിഗീതം

എല്ലാ അധിനിവേശങ്ങളും നമ്മുടെ മേൽ ഒരു ഭക്ഷണ രീതിയും അടിച്ചേൽപ്പിക്കുന്നു. പട്ടിണി മാറ്റുന്നതിന്റെയും പകർച്ച വ്യാധി പോക്കുന്നതിന്റെയും പേരിൽ ജനതയുടെ കീഴടക്കലും. ഉരുളക്കിഴങ്ങ് നമുക്ക് ഒരു പടിഞ്ഞാറൻ പരിഹാരമായിരുന്നു. നമ്മെ ഗാസ് ചേമ്പറിൽ അടക്കാൻ പോന്ന ഭരണകൂടങ്ങളുടെ വികസന ഭ്രാന്ത്.

ക്കാളിക്ക് സ്തുതിഗീതമെഴുതിയ പാബ്ലോ നെരൂദ പൂർവവംശം ഒന്നായ ഉരുളക്കിഴങ്ങിനെ എന്തേ വിട്ടുകളഞ്ഞത്? ചിലിയുടെ ഡിസംബർ തെരുവുകളിൽ തക്കാളി തീർക്കുന്ന വേനലും വെളിച്ചവും പിടിച്ചെടുത്ത കവിത, ഇൻക സംസ്‌കൃതി പുലർന്ന ഉരുളക്കിഴങ്ങിനെ വിട്ടുപോയതെന്തേ? മാച്ചുപിച്ചുവിന്റെ ഉയരങ്ങൾ തേടിപ്പോയ കവിക്ക്, ഈ പാതാള വർഗം എഴുതിയ മാനവമോചന കവിത കളഞ്ഞു പോയതെങ്ങനെ?

കഴിഞ്ഞ പതിനായിരം വർഷത്തെ മനുഷ്യനാഗരികതയുടെ ഊർജ്ജത്തിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനമായി ഭവിച്ച ഈ കനിയ്ക്ക്, എന്തെ കവികൾ കാവ്യനീതി നൽകാതെ പോയത്? പടിഞ്ഞാറിന് ആധുനിക കാലത്ത് അറേബ്യൻ പെട്രോളിയം പോലെ, യൂറോപ്യൻ തൊഴിലാളിവർഗത്തിനെ, അതുവഴി കൊളോണിയൽ വികാസപ്രക്രിയയാകെ സാധ്യമാക്കിയ ഉരുളക്കിഴങ്ങിനെ നരൂദയും ബ്രെഹ്റ്റും ബ്ലേക്കും മയക്കോവ്‌സ്‌ക്കിയും എന്തേ കാണാതെ പോയത്?

‘തക്കാളികൾ ഭൂമിയുടെ നക്ഷത്രങ്ങൾ’ എന്നു വിശേഷിപ്പിച്ച കവിയ്ക്ക്, ഉരുക്കിഴങ്ങ് തീർത്ത അണ്ടർഗ്രൗണ്ട് വിപ്ലവത്തിന്റെ ഗുഹാവെളിച്ചത്തെ പിടിച്ചെടുക്കാനായില്ല. അന്ത്യത്തിൽ പാർലമെന്ററി വ്യാമോഹം ബാധിച്ച കവിയുടെ കാഴ്ചയുടെ ഉപരിപ്ലവത, അപകടസ്ഥലികളിൽ ഉരുക്കിഴങ്ങു വളർത്തി പട്ടാളത്തിന്റെ കണ്ണുവെട്ടിച്ചു പുലർന്ന ഗറില്ല വാർഫെയർ എപ്പിസോഡുകൾ വിട്ടുകളഞ്ഞു. ഒരുപക്ഷേ തങ്ങളെ കീഴടക്കിയ ഇൻക തൊട്ട് സ്പാനിയാർഡ് മുതൽ അമേരിക്ക വരയുള്ള അധിനിവേശകരെ പോറ്റിവളർത്തിയ പൊട്ടച്ചെടി എന്ന് ബോധപൂർവം അവഗണിച്ചതാകുമോ?

പടിഞ്ഞാറിന് ആധുനിക കാലത്ത് അറേബ്യൻ പെട്രോളിയം പോലെ, യൂറോപ്യൻ തൊഴിലാളി വർഗത്തിനെ, അതുവഴി കൊളോണിയൽ വികാസ പ്രക്രിയയാകെ സാധ്യമാക്കിയ ഉരുളക്കിഴങ്ങിനെ നരൂദയും ബ്രെഹ്റ്റും ബ്ലേക്കും മയക്കോവ്‌സ്‌ക്കിയും എന്തേ കാണാതെ പോയത്?/Photo : Unsplash
പടിഞ്ഞാറിന് ആധുനിക കാലത്ത് അറേബ്യൻ പെട്രോളിയം പോലെ, യൂറോപ്യൻ തൊഴിലാളി വർഗത്തിനെ, അതുവഴി കൊളോണിയൽ വികാസ പ്രക്രിയയാകെ സാധ്യമാക്കിയ ഉരുളക്കിഴങ്ങിനെ നരൂദയും ബ്രെഹ്റ്റും ബ്ലേക്കും മയക്കോവ്‌സ്‌ക്കിയും എന്തേ കാണാതെ പോയത്?/Photo : Unsplash

എന്നാൽ പൂർവവംശം ഒന്നായ തക്കാളിയ്ക്കും ഉരുളക്കിഴങ്ങിനും വേറിട്ട കാവ്യജീവിതമുണ്ട്. അതോ ഉരുളക്കിഴങ്ങിനെപ്പറ്റി പറഞ്ഞുവെന്നാൽ യു.എ.പി.എ. ചുമത്തും എന്ന് ഭയന്നിട്ടാവുമോ കവി തക്കാളിയുടെ കോഡ് ഭാഷ ഉപയോഗിച്ച് ഉരുളക്കിഴങ്ങിനെക്കുറിച്ച് എഴുതിയത്? തക്കാളിയും ഉരുളക്കിഴങ്ങും നമ്മുടെ താഹയും അലനുമാണോ? അലന്റെ തക്കാളിച്ചന്തം. താഹയുടെ ഉരുളക്കിഴങ്ങിന്റെ പൗരാണികഭാവം. ഒന്ന് തെളിവിലും മറ്റേത് ഒളിവിലും എന്നാണോ? കമ്യൂണിസം എന്ന ഒരേ വിഷച്ചെടിയുടെ (ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും പൂർവികൻ ഒരു വിഷച്ചെടിയാണ്) സന്താനപരമ്പര എന്ന നിലയിൽ ഒന്ന് പാർലിമെന്ററി പാതയും മറ്റേത് വിപ്ലവമാർഗത്തിലും യാഥാക്രമം വലത് - ഇടത് വ്യതിയാനങ്ങൾക്ക് വഴിപ്പെട്ടതാണോ? ദലിതരുടെ മാർക്‌സിസത്തിൽ ദലിതരെ കാണാത്തതുപോലെ, ഒളിവിടമൊരുക്കിയ കോരനും വേലനും ചരിത്രത്തിൽ കാണാതെപോയതുപോലെ, തക്കാളി നടത്തിയത് ഒരു സവർണ അട്ടിമറിയാണോ?

വാൻഗോഗ് ആണ് അധഃകൃതരായ ഉരുളക്കിഴങ്ങിന് ഒരു കാൻവാസ് കൊടുത്തത്. അതിന് ചിത്രകാരന് ഒരു ജീവിതം തന്നെ പകരം കൊടുക്കേണ്ടിവന്നു. തൊഴിലാളികളോടും മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുമുള്ള തന്റെ താദാത്മ്യത്തിന്റെ നിദർശനമായാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന ചിത്രത്തെ അദ്ദേഹം സ്വയം കണ്ടത്. അതേ കാലത്താണ് മാർക്‌സ് മാനിഫെസ്റ്റോയും എഴുതുന്നത്. കത്തിയും മുള്ളും എന്നതിനുപകരം പരുക്കൻ കൈകൾ കൊണ്ട് ഉരുളക്കിഴങ്ങു തിന്നുന്ന മനുഷ്യരുടെ ശില്പസമാനമായ മുഖങ്ങളും പ്രേമം തിളങ്ങുന്ന കണ്ണുകളും ശരറാന്തലിന്റെ മുനിഞ്ഞുകത്തുന്ന ഗുഹാവെളിച്ചത്തിൽ വിൻസെൻറ്​ ആവിഷ്‌കരിച്ചത്, അക്കാലത്ത് വാങ്ങാനാളില്ലാത്ത പെയിന്റിങ് ആയിരുന്നു എന്ന് അനിയൻ തിയോയുടെ സാക്ഷ്യമുണ്ട്. മാർക്‌സിന്റെ ശവമടക്കിന് പതിനൊന്നുപേർ എന്ന കണക്ക് നോക്കുമ്പോൾ, വാൻഗോഗിന് യൂറോപ്യൻമാർ നൽകിയ സ്വീകാര്യതയെ മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മനഷ്ടത്തെക്കുറിച്ച് ബിബ്ലിക്കൽ ഭാഷ മാർക്‌സ് മാനിഫെസ്റ്റോയിൽ പ്രയോഗിക്കുംപോലെ, വാൻഗോഗും ഹേഗ് സ്‌കൂളിന്റെ സ്വാധീനത്തിൽ തന്റെ ക്യാൻവാസിന്റെ കമ്പോസിഷനിൽ ഒരു റിലീജിയസ് അണ്ടർടോൺ നിലനിർത്തിയിരുന്നു. അവസാന അത്താഴത്തിന്റെ ക്രിസ്തുസ്മൃതി. യൂറോപ്പിൽ തൊഴിലാളിവർഗങ്ങൾ ഒരു സ്വാധീനശക്തിയായി മാറുന്നതിന്റെ സൂചകങ്ങളായിരുന്നു അവർക്ക് മാർക്‌സിനെപ്പോലെ ഒരു തത്വചിന്തകനെയും വാൻഗോഗിനെപ്പോലെ ഒരു ചിത്രകാരനെയും കിട്ടിയത്. ഇരുവരും തങ്ങളുടെ വികാരവിക്ഷുബ്ധതകൊണ്ട് കുപ്രസിദ്ധരാണല്ലോ.

ബി.സി 8000 മുതൽ മനുഷ്യന്റെ ആഹാരവസ്തുവായി ഉരുളക്കിഴങ്ങ് ഉപയോഗിച്ചു പോന്ന ചിലിയ്ക്കും ബൊളീവിയ്ക്കും ഇടയിലെ ആൻഡൻ കുന്നുകളിൽ നിന്നാണ്, പടിഞ്ഞാറൻ ലോകത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിച്ചുകൊണ്ട്, പടിഞ്ഞാറിനെ പടിഞ്ഞാറാക്കിയ ഉരുളക്കിഴങ്ങിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ചിലിയിലെ ഇൻക സംസ്‌കൃതി പുലർന്നതും ഈ മൂലദ്രവ്യം കൊണ്ടത്രേ. കൊളംബസിന്റെ യാത്രകൾ തൊട്ട് ലോകം ഈ കിഴങ്ങുവർഗത്തിന്റെ സാധാരണത്വത്തിലെ അസാധാരണത്വം കണ്ടെത്തുകയുണ്ടായി. തുടർന്ന് ഇൻകയെ സ്പൈനാർഡ്‌സ് കീഴടക്കിയതോടെയാണ്, ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഇതര ഭൂവിഭാഗങ്ങളിലേക്ക് ഉരുളക്കിഴങ്ങ് വ്യാപകമായി ചെന്നെത്തിയത്. ആദ്യം സൈനികർക്ക്, പിന്നീട് സിവിലിയൻസിന്. ആദ്യം സ്‌പെയിനിൽ, പിന്നെ അയർലണ്ടിൽ. തുടർന്ന് ഇംഗ്‌ളണ്ടിലും. 1600 ഓടെ ഫ്രാൻസിൽ. പിൽക്കാലത്ത് ജന്മനാട്ടിന് അയല്പക്കത്ത് വടക്കൻ അമേരിക്കയിലും.

പട്ടിണി മാറ്റി പടിഞ്ഞാറിനെ ഒരു വികസനശക്തിയാക്കി ചരിത്രത്തിൽ അടയാളപ്പെടുത്തിയത് ഉരുളക്കിഴങ്ങാണ് എന്ന് പറയുന്നത് വിപ്ലവ നിയമ നിഷേധമാകുമോ, വാസ്തവമതാണെങ്കിലും? വികസനശക്തി ഒരു അധിനിവേശ ശക്തിയായി വികസിച്ചു. സ്പാനിഷ് അധിനിവേശങ്ങളാണല്ലോ ഇതിനെയെല്ലാം പ്രോദ്ഘാടനം ചെയ്തത്. യൂറോപ്യൻ കൊളോണിയലിസത്തിന്റെ വ്യാപനത്തോടെ ഉരുളക്കിഴങ്ങ് മൂന്നാംലോക രാജ്യങ്ങളുടെയും ദാരിദ്ര്യനിർമാർജന ശക്തിയായിത്തീർന്നു.

എല്ലാ അധിനിവേശങ്ങളും ഇങ്ങനെ നമ്മുടെമേൽ ഒരു ഭക്ഷണരീതിയും അടിച്ചേൽപ്പിക്കുന്നു. പട്ടിണി മാറ്റുന്നതിന്റെയും പകർച്ചവ്യാധി പോക്കുന്നതിന്റെയും പേരിൽ ജനതയുടെ കീഴടക്കലും. നമ്പൂതിരിമാർ അരിഭക്ഷണം കൊണ്ടുവന്ന് നമ്മെ പ്രമേഹരോഗികളാക്കിയപോലെ. വറ്റൽമുളക് കൊണ്ട് പോർച്ചുഗീസുകാർ നടത്തിയ ക്രൂരതകൾ പോലെ. ഉരുളക്കിഴങ്ങ് അത്തരത്തിൽ നമുക്ക് ഒരു പടിഞ്ഞാറൻ പരിഹാരമായിരുന്നു. നമ്മെ ഗാസ് ചേമ്പറിൽ അടക്കാൻ പോന്ന ഭരണകൂടങ്ങളുടെ വികസനഭ്രാന്ത്.

തെക്കേ അമേരിക്കക്കാരുടെ ഈ വിഭവത്തിന് ഒരല്പം കൂടി കവിഞ്ഞ പുരാവസ്തുമൂല്യമുണ്ട്. മനുഷ്യൻ പുനം കൃഷിയിൽ നിന്ന് ആസൂത്രിത കൃഷിയിലേക്ക് പ്രവേശിച്ചതിന്റെ ചരിത്രം കൂടിയാണ് ഉരുളക്കിഴങ്ങിന്റേത്. ഫാമിങ്ങിലേക്കുള്ള ഈ പരിവർത്തനമാകണം പിൽക്കാലത്ത് ചിലിയൻ പർവതപ്രദേശത്ത് ഇൻക സംസ്‌കൃതിയെ സാധ്യമാക്കിയത്. യൂറോപ്യൻ മുതലാളിത്തത്തിനും അതിന്റെ നട്ടെല്ലായി വർത്തിച്ച തൊഴിലാളിവർഗങ്ങൾക്കും പിൽക്കാലത്ത് നടന്ന കൊളോണിയൽ വികസനപ്രക്രിയയ്ക്കുമാകെ മനുഷ്യോർജം നൽകിയത് ഉരുളക്കിഴങ്ങിന്റെ ആൻഡൻ കുന്നുകളാണ് എന്നു വരുമ്പോൾ, മനുഷ്യരല്ല അവരുടെ ചരിത്രം രചിക്കുന്നത് എന്ന് വരില്ലേ? മാർക്‌സിനു തെറ്റുപറ്റിയോ?

അംബാനിയുടെ കാർ കമ്പനിയുടെ ആധുനികതക്ക് ഉരുളക്കിഴങ്ങ് പാടങ്ങൾ തീറെഴുതി.  ‘എല്ലാ കാലവും ഉരുളക്കിഴങ്ങു കൊണ്ട് അതിജീവിക്കാനാവില്ല' എന്ന ബുദ്ധദേബ് മാനിഫെസ്റ്റോയും ഉണ്ടായി. /Photo : Wikimedia Commons
അംബാനിയുടെ കാർ കമ്പനിയുടെ ആധുനികതക്ക് ഉരുളക്കിഴങ്ങ് പാടങ്ങൾ തീറെഴുതി. ‘എല്ലാ കാലവും ഉരുളക്കിഴങ്ങു കൊണ്ട് അതിജീവിക്കാനാവില്ല' എന്ന ബുദ്ധദേബ് മാനിഫെസ്റ്റോയും ഉണ്ടായി. /Photo : Wikimedia Commons

പിൽക്കാല കൊളോണിയൽ പ്രക്രിയയിൽ ഡച്ചുകാർ വഴി മലബാറിലാണ് ഇന്ത്യയിൽ ആദ്യമായി ഉരുളക്കിഴങ്ങ്​ വന്നത്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി കൊൽക്കത്ത ആസ്ഥാനമാക്കിയപ്പോൾ, ബംഗാളിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കി. ഉരുളക്കിഴങ്ങ് കർഷകരുടെ ഒരു വലിയ പാരമ്പര്യം തന്നെ ബംഗാളിൽ ഉണ്ടായിവന്നു. മുസാഫർ അഹമ്മദിന്റെ കാലത്തെ ബംഗാളിലെ ഉരുക്കിഴങ്ങുപാടങ്ങൾ കമ്യൂണിസത്തോടൊപ്പം നിന്നു. ആധുനികകാലം വരെ തുടർന്ന ആ ലാറ്റിനമേരിക്കൻ സ്മൃതിബോധത്തെ കമ്യൂണിസ്റ്റുകാർ തന്നെ തല്ലിക്കെടുത്തി. അതിന് ബുദ്ധദേബ് ഭട്ടാചര്യ അവതാരമെടുത്തു. അംബാനിയുടെ കാർ കമ്പനിയുടെ ആധുനികതയ്ക്ക് ഉരുളക്കിഴങ്ങുപാടങ്ങൾ തീറെഴുതി. ‘എല്ലാ കാലവും ഉരുളക്കിഴങ്ങു കൊണ്ട് അതിജീവിക്കാനാവില്ല' എന്ന ബുദ്ധദേബ് മാനിഫെസ്റ്റോയും ഉണ്ടായി. അയാൾ പതുക്കെ പൊളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാതെയായി. അങ്ങനെ മനുഷ്യരാശി തന്നെ പുലർന്നത് ഉരുളക്കിഴങ്ങുപോലുള്ള ചില അധഃകൃത വർഗത്തിന്റെ ജീവിതം കൊണ്ടാണെന്ന മൂലധന ജ്ഞാനം പുതുതായെത്തിയവരുടെ ആനന്ദവാദത്തിന് അന്യമായി. അങ്ങനെ ഉരുളക്കിഴങ്ങു കർഷകർക്കൊപ്പം ബംഗാളിന്റെ ചുവന്ന സിന്ദൂരക്കുറി മാഞ്ഞു. പകരം മമതയുടെ ‘വൈധവ്യത്തിന്റെ വേപഥു' ചാർത്തിയ ഒഴിഞ്ഞ നെറ്റിത്തടം. കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ വിഡ്ഢിത്തങ്ങളുടെ ബാക്കിപത്രമാണ് സംഘം കൈയാളിയ ഇന്ത്യ. സിങ്കൂർ, നന്ദിഗ്രാം... കമ്യൂണിസ്റ്റുകാർ തീർത്ത ഗുജറാത്ത്. സ്വയം കുരുതിനൽകുന്ന വികസനസ്വപ്നങ്ങൾ. അതിവേഗം അത് നമ്മെ തേടിവരും. പാതകളും റോഡുകളും തീവണ്ടികളും ക്വാറികളുമായി. പിണറായിയിൽ തുടങ്ങിയത് പിണറായിയിൽ ഒടുങ്ങുമെന്ന വലതുപക്ഷ വ്യാമോഹത്തോട് ഒപ്പം ചേരണോ? ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments