കർഷകർക്കാണോ വ്യവസായികൾക്കാണോ വിത്തിൻമേൽ അവകാശം?
കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ ചോദ്യം ലോകത്ത് വലിയ തോതിൽ ഉയർന്നുവരികയും ശക്തമായ ആഗോളചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത കർഷകരെ സംബന്ധിച്ച് വിത്തെന്നത് കൈമാറി വളർത്താനും സൂക്ഷിക്കാനുമുള്ളതാണ്. ആ കൈമാറ്റത്തിലൂടെയാണ് വിത്തുകൾ വിദൂരസ്ഥലങ്ങളിലേയ്ക്ക് എത്തിയതും അവിടുത്തെ ഭക്ഷണരീതികളെ സ്വാധീനിച്ചതും. എന്നാൽ എൺപതുകൾ മുതൽ വിത്തിന്റെമേലുള്ള അവകാശത്തെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുകയുണ്ടായി. ഇത് ഹൈബ്രിഡ് വിത്തുകളുടെയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും വികസനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതാണ്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നിയമം ഉണ്ടാക്കുമ്പോൾ ഇതേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ആയിരക്കണക്കിന് വർഷങ്ങളായി കർഷകർ വികസിപ്പിച്ചെടുത്തു കൊണ്ടുവന്ന വിത്തുകൾക്കുമേൽ വിത്തുകമ്പനികൾ അവകാശം സ്ഥാപിച്ചുകൂടാ എന്നും ഇത് എക്കാലത്തും പൊതുമേഖലയിൽ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ നിലനിൽക്കണമെന്നും ഈ ചർച്ചകളിൽ ധാരണയായെങ്കിലും പുതിയ വിത്തുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർക്കും കമ്പനികൾക്കും അവകാശം കൊടുക്കാൻ തീരുമാനമായി. ഇതിനെ ബൗദ്ധിക സ്വത്തവകാശം എന്ന് പറയുന്നു. അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി ഇതുമായി ബന്ധപ്പെട്ട ഒരു നിയമം PPVFR (Plant Variety Protection and Farmers Right Act 2001) ഉണ്ടാകുന്നത്.
വിത്തുകളുടെ ഇനങ്ങൾ സംരക്ഷിക്കുന്നതിനും കർഷകർക്കും വിത്തുകൾ വികസിപ്പിക്കുന്നവർക്കും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പ്രോത്സാഹനം നൽകുന്നതിനും വേണ്ട സംവിധാനങ്ങൾ രാജ്യത്ത് ഉണ്ടാക്കിയെടുക്കാൻ പാസ്സാക്കിയ നിയമമാണിത്. ഈ നിയമം ഉപയോഗിച്ചാണ് പെപ്‌സികോ എന്ന കമ്പനി അവർ വികസിപ്പിച്ചെടുത്ത ഒരു ഉരുളക്കിഴങ്ങ് ഇനത്തിനുമേൽ അവകാശം നേടിയെടുത്തത്. പെപ്‌സികോയുടെ ഒരു പ്രധാന ഉത്പന്നമായ ‘ലെയ്‌സ്' എന്ന ചിപ്‌സ് ഉണ്ടാക്കാനായി വികസിപ്പിച്ചെടുത്ത ഒരു ഇനമാണിത്. FC 5 എന്നാണിതിന്റെ പേര്. സാധാരണ ഉരുളക്കിഴങ്ങിൽ ഉള്ളതിനേക്കാൾ അഞ്ച് ശരമാനം ഈർപ്പം ഇതിൽ കുറവായതിനാൽ ചിപ്‌സ് ഉണ്ടാക്കാൻ പറ്റിയ ഇനമാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് പേറ്റന്റുകൾ എടുത്തിട്ടുള്ള ഡോ. റോബർട്ട് ഹൂപ്‌സ് ആണ് ഈ ഇനം ആദ്യമായി കൃഷിചെയ്തത്. 1987-ൽ പെപ്‌സികോയുടെ ഒരു അമേരിക്കൻ ഉപസ്ഥാപനമായ ഫ്രിറ്റ്‌ലെ കമ്പനിയുടെ ഗവേഷണസ്ഥാപനത്തിൽ ഇദ്ദേഹം പ്രിൻസിപ്പൽ സയന്റിസ്റ്റായി ചേർന്നു. അമേരിക്കയിൽ വിത്തുകൾക്കുമേൽ പേറ്റന്റെടുക്കാൻ കമ്പനികൾക്ക് നിയമം അനുവദിക്കുന്നു. ഇന്ത്യയടക്കമുള്ള ഒരുപാട് രാജ്യങ്ങൾ ഇത്തരം പേറ്റന്റുകൾ അനുവദിച്ചിട്ടില്ല. ഡോ. റോബർട്ട് ഹൂപ്‌സ് പെപ്‌സികോയ്ക്കുവേണ്ടി ഒട്ടേറെ ഉരുളക്കിഴങ്ങ് ഇനങ്ങൾ വികസിപ്പിച്ചെടുത്തു. അതിലൊന്നാണ് FL 2027 (ഇന്ത്യയിൽ ഇത് FC 5 എന്ന പേരിലാണ് വന്നത്). ഇത് 2005-ൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്യുകയും 2009-ൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ കർഷകർക്ക് നൽകുകയും ചെയ്തു.
പഞ്ചാബിലെ കർഷകർക്ക് ‘ബൈബാക്ക്’ (വിത്ത് നൽകുന്നു, ഉത്പന്നം തിരികെ വാങ്ങുന്നു) എന്ന സമ്പ്രദായത്തിൽ ഇവ വളർത്താൻ പെപ്‌സികോ ലൈസൻസ് നൽകി. മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് കമ്പനികൾ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമെന്നാണ് കരാർ. 2011-ൽ പെപ്‌സികോ ഈയിനത്തിന്റെ രജിസ്‌ട്രേഷനുവേണ്ടി PPVFR അതോറിറ്റിയെ സമീപിച്ചു. 2016-ൽ ഇവർക്ക് രജിസ്‌ട്രേഷൻ ലഭിക്കുകയും ചെയ്തു.
2019-ലാണ് ഇതിന്റെ പേരിൽ പെപ്‌സികോ ഗുജറാത്തിലെ കർഷകർക്കെതിരെ കേസ് കൊടുത്തത്. എന്തായിരുന്നു പെപ്‌സികോയുടെ ആരോപണം? ഗുജറാത്തിലെ കുറച്ചു കർഷകർ തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിച്ചു എന്നായിരുന്നു ആരോപണം. അവരുടെ അനുമതിയില്ലാതെ FC 5 കൃഷിചെയ്തതിന്റെ പേരിൽ ഒമ്പത് കർഷകർക്കെതിരെയായിരുന്നു കേസ്. ഓരോ കർഷകരിൽ നിന്നും ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസ്. എന്നാലിതിന് നല്ല തിരിച്ചടി അവർക്ക് നേരിടേണ്ടിവന്നു.
ദേശീയ കൂട്ടായ്മയായ ആഷ- കിസാൻ സ്വരാജിന്റെ കൺവീനറായ കവിത കുറുഗന്ധി 2019 ജൂണിൽ പെപ്‌സികോയ്ക്ക് നൽകിയ രജിസ്‌ട്രേഷൻ അസാധുവാക്കാൻ അപക്ഷ നൽകി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ അപേക്ഷ നൽകിയത്. കർഷകരുടെ ഉപജീവനത്തെക്കുറിച്ചുള്ള ആശങ്കയാണ് കവിത കുറുഗന്ധിയെ ഇതിനായി പ്രേരിപ്പിച്ചത്. ഇന്ത്യയിൽ വിത്തിനുമേൽ പേറ്റന്റെടുക്കാൻ ആരെയും നിയമം അനുവദിക്കുന്നില്ലെന്നും അവർ അപേക്ഷയിൽ പറഞ്ഞു. ഈ അപേക്ഷ ശരിവെച്ചുകൊണ്ടാണിപ്പോൾ PPVFR അതോറിറ്റി പെപ്‌സികോയ്ക്ക് നൽകിയ രജിസ്‌ട്രേഷൻ അസാധുവാക്കിയത്. ഇതൊരു വലിയ വിജയമാണെന്ന് ഗുജറാത്തിലെ കർഷകനായ ബിപിൻ പട്ടേൽ രേഖപ്പെടുത്തുന്നു.
ഇന്ത്യയിൽ ഹരിതവിപ്ലവത്തോടെയാണ് പരമ്പരാഗത വിത്തിനങ്ങളിൽ നിന്ന് കർഷകർ മാറിത്തുടങ്ങിയത്. പരമ്പരാഗത വിത്തുകൾ വൈവിധ്യമാർന്നതും വ്യത്യസ്ത പ്രദേശങ്ങൾക്ക് അനുയോജ്യമായതുമായ വിത്തുകളാണ്. അവയെ കേന്ദ്രീകരിച്ച് ഒരു പ്രത്യേക പാക്കേജിലൂടെ വിളവ് വർധിപ്പിക്കാൻ ശ്രമം നേരത്തെ ഉണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി നിർമിക്കപ്പെട്ട ഉയർന്ന ഉത്പാദനക്ഷമതയുള്ള വിത്തുകൾ നൽകാനുള്ള നയങ്ങളാണ് ഹരിതവിപ്ലവത്തിലൂടെ നടപ്പായത്. ആദ്യകാലങ്ങളിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗവേഷണസ്ഥാനങ്ങളാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ എൺപതുകളോടെ പ്രൈവറ്റ് വിത്തുകമ്പനികൾ ഇന്ത്യയിൽ വ്യാപകമാകാൻ തുടങ്ങി. സങ്കരയിനം വിത്തുകളുടെ വ്യാപനവും കീടാക്രമണങ്ങളുടെ വർധനയും കീടനാശിനികളുടെ വ്യാപകമായ ഉപയോഗവും എല്ലാം ഈ സമയത്താണ് ഉണ്ടാകുന്നത്. കർഷകർ കടക്കെണിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടതും കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളായതും അതിനുശേഷമുണ്ടായ ചരിത്രം.
കാർഷിക വിദഗ്ധരുടെയും സംഘടനകളുടെയും എല്ലാം ഇടപെടൽ മൂലം വിത്ത് കമ്പനികൾക്ക് അനുകൂലമായ നയങ്ങൾ വളരെ വേഗത്തിൽ നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. കർഷക സംഘടനകളും വിത്ത് കമ്പനികൾക്കെതിരെ പതുക്കെ തിരിഞ്ഞു. എങ്കിലും അവരിപ്പോഴും വിത്ത് കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സർക്കാർ കാർഷിക ഗവേഷണസ്ഥാപനങ്ങൾ കർഷകർക്കുവേണ്ട നല്ല വിത്തുകൾ ഉണ്ടാക്കിനൽകുന്നതിൽ നിന്ന് പുറകോട്ടുപോയി. ഹൈബ്രിഡ് വിത്തുകൾ കർഷകർക്ക് സൂക്ഷിച്ചുവെച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുകയുമില്ല. അതിനാൽ വലിയൊരു കെണിയിലാണ് ഇന്ത്യയിലെ കർഷകർ. വിത്ത് കൈമാറുകയെന്നത് കർഷകർ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ്. അങ്ങനെയാണ് ബി.ടി. പരുത്തി വിത്തുകൾ ആദ്യം കൈമാറ്റം ചെയ്യപ്പെട്ടത്. സർക്കാരിന്റെ അനുമതിയില്ലാതെയാണ് അന്ന് മഹികോ എന്ന വിത്ത് കമ്പനി ഈ വിത്തുകൾ കുറച്ച് കർഷകർക്ക് നൽകിയത്. പിന്നീട് കർഷകർ കുറ്റാരോപിതരായി. ഇപ്പോൾ ഈ ഉരുളക്കിഴങ്ങ് വിത്തുകളും ലൈസൻസോടെ കുറേ കർഷകർക്ക് പെപ്‌സികോ നൽകി. എന്നാൽ ഇവരിൽ നിന്ന് മറ്റു കർഷകരിലേയ്ക്കും വിത്തുകളെത്തി. ലൈസൻസുള്ളതറിയാതെ അവരത് കൃഷിചെയ്തു. അത് കണ്ടെത്തിയപ്പോഴാണ് കമ്പനി ഈ കർഷകർക്കെതിരെ കോടതിയിലേയ്ക്ക് പോയത്.
വിത്തിനുമേൽ ആർക്കും കുത്തകാവകാശം ഉണ്ടാകാൻ പാടില്ലെന്നത് ആഷ-കിസാൻ സ്വരാജ് പോലുള്ള കർഷക കൂട്ടായ്മകളും കാർഷിക വിദഗ്ധരും പറയുന്ന കാര്യമാണ്. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.എസ്. സ്വാമിനാഥൻ കഴിഞ്ഞ 10-15 വർഷമായി പറയുന്നത് ഗ്രാമീണതലത്തിൽ കർഷകരുടെ നേതൃത്വത്തിൽ വിത്ത് ബാങ്കുകൾ ഉണ്ടാകണമെന്നാണ്. കാലാവസ്ഥാ തീവ്രത ഏറിവരുന്ന ഇക്കാലത്ത് കർഷകർ കൂടുതൽ സ്വയം പര്യാപ്തസമൂഹങ്ങളായി മാറേണ്ടത് വളരെ പ്രധാനമാണ്. ധാന്യങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ചും നെല്ലിന്റെയും ചെറുധാന്യങ്ങളുടെയും കാര്യത്തിൽ അങ്ങനെയൊരു മൂവ്‌മെൻറ് ഇന്ത്യയിൽ ശക്തമായി വരുന്നുണ്ട്. ഇത് മറ്റു വിളകളിലും ഉണ്ടായിവരേണ്ടതുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.