Photo : pexels.com

ഉരുളക്കിഴങ്ങേ, നീയൊരു ലോകസഞ്ചാരിയാണ്​

അടിസ്ഥാന ഭക്ഷണങ്ങൾക്ക് ലോകമെങ്ങും അടിസ്ഥാന സ്വഭാവങ്ങൾ കൂടിയുണ്ട്​. ഗുജറാത്ത്, ഒറീസ, ബംഗാൾ എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളിൽ മീൻ കറിയിലും ഉരുളക്കിഴങ്ങ് കഷണങ്ങൾ കാണാം. ഇറച്ചിക്കറിയിലിടുന്നതു പോലെത്തന്നെ. പുഴുങ്ങിയ കപ്പ പച്ച മുളക്​ ചമ്മന്തി കൂട്ടിത്തിന്നുന്നതുപോലെ ഉരുളക്കിഴങ്ങ്​ വേവിച്ചുകഴിച്ച ഒരു സൗദി കാലവുമുണ്ട്​. ലോകസഞ്ചാരത്തിലെ ചില ഉരുളക്കിഴങ്ങനുഭവങ്ങൾ.

ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലതാറിന്റെ ‘ദി ടൂറിൻ ഹോഴ്‌സി'ലാണ് അടുത്ത കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്ന അച്ഛനെയും മകളെയും കണ്ടത്. പ്രകൃതിയുടെ വന്യതയിൽ, വരൾച്ചയിലും പൊടിക്കാറ്റിലും ഒറ്റപ്പെട്ടുപോയ അച്ഛനും മകൾക്കും പുഴുങ്ങിയ ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും ഭക്ഷിക്കാനില്ല. അതിൽ വിതറാൻ കുറച്ച് ഉപ്പ്, ചിലപ്പോൾ വീട്ടിൽ തന്നെ വാറ്റിയ മദ്യം. ആ ചിത്രം ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയിൽ പനാജിയിലെ ഐനോക്‌സ് തീയേറ്ററിലെ ഇരുട്ടിൽ കണ്ടുകൊണ്ടിരുന്നപ്പോൾ സ്വാഭാവികമായും വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന വിഖ്യാത പെയിന്റിങ്ങും ഓർമയിലേയ്ക്കു കടന്നുവന്നു. യൂറോപ്പിനെ സംബന്ധിച്ച് എക്കാലത്തും ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കലയിലും സാഹിത്യത്തിലും സിനിമയിലും ജീവനുള്ള ഒരു കഥാപാത്രമായി/കലാവസ്തുവായി ഈ കിഴങ്ങ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അരിയും ചോറും നമ്മുടെ കലയിൽ പ്രത്യക്ഷപ്പെടുന്നതിന് സമാനമാണത്. വാൻഗോഗ് ചിത്രത്തിലും ബേലാതാറിന്റെ സിനിമയിലും പട്ടിണിയെ അതിജീവിക്കാൻ മനുഷ്യരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉരുളക്കിഴങ്ങ് പ്രവർത്തിക്കുന്നു.

കോളനി വിത്തുകൾ

അയർലണ്ടിൽ 1845-49 കാലത്തുണ്ടായ ഭക്ഷ്യക്ഷാമം (മാർക്‌സ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ) ഉരുളക്കിഴങ്ങ് ചെടിയിലും വേരുകളിലും പ്രത്യക്ഷപ്പെട്ട ഫംഗസ് (പൂപ്പൽ) ബാധ മൂലമായിരുന്നു. ഉരുളക്കിഴങ്ങ് മഹാക്ഷാമം, കൊടിയ കഠിനകാലം എന്നാണ് ആ ഭക്ഷ്യക്ഷാമം ചരിത്രത്തിൽ വിശേഷിക്കപ്പെടുന്നത്. നാലു വർഷക്കാലവും രോഗം മൂലം ഉരുളക്കിഴങ്ങ് വിള നശിക്കുകയായിരുന്നു. അയർലണ്ട് അതിന്റെ ചരിത്രത്തിൽ അനുഭവിച്ച ഏറ്റവും വലിയ മഹാപ്രതിസന്ധികളിലൊന്നായിരുന്നു ഇത്. 168 വർഷങ്ങൾക്കു ശേഷം 2013ലാണ് അയർലണ്ടിലെ ഉരുളക്കിഴങ്ങിനെ ബാധിച്ച ഫംഗസിനെ പൂർണമായും മനസ്സിലാക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചത്.

വാൻഗോഗ് ചിത്രത്തിലും ബേലാതാറിന്റെ സിനിമയിലും പട്ടിണിയെ അതിജീവിക്കാൻ മനുഷ്യരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉരുളക്കിഴങ്ങ് പ്രവർത്തിക്കുന്നു. ‘ദി ടൂറിൻ ഹോഴ്‌സി' എന്ന സിനിമയിൽ നിന്ന്

ഇന്ത്യയിൽ ഇത് കൃഷി ചെയ്യാൻ തുടങ്ങുന്നത് 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയും 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയുമാണ്. കൊളോണിയിൽ വിത്തുകളിൽ ഒന്നായാണ് ഉരുളക്കിഴങ്ങ് ഇന്ത്യയിലെത്തുന്നത്. പോർച്ചുഗീസുകാർ ഇതിനായി ആദ്യം ശ്രമിച്ചു. പക്ഷെ അവർക്കതിൽ വിജയിക്കാനായില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി 18-ാം നൂറ്റാണ്ടിൽ കൊൽക്കത്തയിലേക്ക് ഉരുളക്കിഴങ്ങ് വിത്തുകൾ കൊണ്ടുവന്നു. കർഷകരോട് കൃഷി ചെയ്യാനാവശ്യപ്പെട്ടു. അങ്ങനെ ഉരുളക്കിഴങ്ങ് ഇവിടേക്ക് പ്രവേശിച്ചു. 18-ാം നൂറ്റാണ്ടിനു മുമ്പുള്ള കാര്യങ്ങൾ പരാമർശിക്കുന്ന ചരിത്ര രേഖകളിലൊന്നും ഈ കൃഷിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണില്ല. മലബാർ കുരുമുളക് യൂറോപ്പിലേക്ക് കടത്തിയവർ അവരുടെ ഭക്ഷണശീലത്തിലെ പ്രധാന ഇനമായ ഉരുളക്കിഴങ്ങിന്റെ വിത്തുകൾ ഇവിടേക്ക് കൊണ്ടുവന്നു. കാലം ചെന്നതോടെ അതും ഒരിന്ത്യൻ അടിസ്ഥാന ഭക്ഷണമായി പരിവർത്തിപ്പിക്കപ്പെട്ടു.

ആഗ്രയിലെ കർഷകന്റെ ആത്മഹത്യ

2019ൽ പാക്കിസ്ഥാനിലെ ഉരുളക്കിഴങ്ങ് മേഖല എന്നറിയപ്പെടുന്ന കസൂർ, പാക്പട്ടാൻ, സാഹിവാൾ ജില്ലകളിൽ ഉരുളക്കിഴങ്ങ് വൻ തോതിൽ വിലത്തകർച്ച നേരിടുകയും ആ പ്രദേശങ്ങളിൽ വലിയ തോതിലുള്ള കർഷക പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. സമരത്തിന്റെ തുടക്കനാളുകളിൽ ഡൽഹിയിൽ കർകർ നടത്തിയ സമരം പോലെ തന്നെയായിരുന്നു ഇതും. എന്നാൽ സർക്കാർ പ്രക്ഷോഭത്തെ പൂർണമായും അവഗണിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ പാക്കിസ്ഥാനോളം നീണ്ടു കിടക്കുന്ന ഉരുളക്കിഴങ്ങ് പാടങ്ങൾ യാഥാർഥ്യമാക്കുന്നതിൽ കൊളോണിയൽ ഭരണകൂടം വിജയിച്ചു എന്നു കൂടി ‘ഉരുളക്കിഴങ്ങ് സോൺ' എന്ന പ്രയോഗത്തിൽ നിന്ന്​ ഇന്ന് മനസ്സിലാക്കാം. തെക്കേ ഇന്ത്യയെ വലിയ തോതിൽ ഈ കൃഷിയിലേക്കു നയിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല.

പരുത്തിക്കൃഷിക്കാരെപ്പോലെ ഉരുളക്കിഴങ്ങ് കർഷകരും കൊടിയ കടങ്ങൾ മൂലം ജീവിതം അവസാനിപ്പിക്കുന്നു എന്ന യാഥാർഥ്യം പതിവുപോലെ ഭരണകൂടങ്ങളെ തെല്ലും അലോസരപ്പെടുത്തിയില്ല.

ഉറുദുവിൽ പ്രത്യക്ഷപ്പെട്ട ഉരുളക്കിഴങ്ങ്​

അതു കൊണ്ടായിരിക്കണം ഇന്ത്യൻ സാഹിത്യത്തിൽ (പിന്നീട് പാക്കിസ്ഥാൻ സാഹിത്യത്തിലും) ഉരുളക്കിഴങ്ങ് പ്രത്യക്ഷപ്പെടാൻ കാരണം. തെന്നിന്ത്യൻ സാഹിത്യത്തിൽ ഇതിന് വലിയ പ്രാധാന്യം ലഭിക്കാതെ പോയതും. സാദൻ ഹസൻ മന്തോയുടെ ചില കഥകളിൽ ഉരുളക്കിഴങ്ങ് ഭക്ഷിക്കുന്നവരെ കാണാം. മലയാളത്തിൽ വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവരെ’ കേന്ദ്രീകരിച്ച് സുഭാഷ് ചന്ദ്രൻ രചിച്ച ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയുണ്ട്.
2018ൽ ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും (പഴയ ബ്രിട്ടീഷ് ഇന്ത്യയിൽ) ഉരുളക്കിഴങ്ങിന്റെ വില ഒരേ പോലെ തകർന്നു. ഉരുളക്കിഴങ്ങ് വൻ തോതിൽ ശേഖരിക്കുന്ന കോർപറേറ്റുകളാണ് മൂന്നിടങ്ങളിലും വിലത്തകർച്ചയുണ്ടാക്കിയത്. 2018 മേയിൽ ആഗ്രയിൽ ഒരു ഉരുളക്കിഴങ്ങ് കർഷകൻ ആത്മഹത്യ ചെയ്തു. അത്തരം ആത്മഹത്യകൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വീണ്ടും ആവർത്തിക്കപ്പെട്ടു. പരുത്തിക്കൃഷിക്കാരെപ്പോലെ ഉരുളക്കിഴങ്ങ് കർഷകരും കൊടിയ കടങ്ങൾ മൂലം ജീവിതം അവസാനിപ്പിക്കുന്നു എന്ന യാഥാർഥ്യം പതിവുപോലെ ഭരണകൂടങ്ങളെ തെല്ലും അലോസരപ്പെടുത്തിയില്ല.

ഉരുളക്കിഴങ്ങ് മുതലാളിമാരുടെ മക്കളുടെ കാൻവാസുകൾ

ഒരിക്കൽ ബറോഡയിൽ പോയപ്പോഴാണ് ഈ കഥ കേട്ടത്. അവിടെ എം. എസ്. യൂണിവേഴ്‌സിറ്റിയിൽ ചിത്രകല പഠിക്കാൻ വരുന്നവരിൽ അതിസമ്പന്നരായ ഉരുളക്കിഴങ്ങ് കർഷകരുടെ മക്കളുണ്ടെന്നും അവർ തങ്ങൾക്ക് വരക്കാനുള്ള കാൻവാസുകൾ അട്ടിയട്ടിയായി ട്രാക്ടറുകളിലാണ് കൊണ്ടുവരിക എന്നതുമായിരുന്നു കഥ. ചില ദിവസങ്ങൾ അന്ന് ബറോഡയിൽ താമസിച്ചിട്ടും എനിക്ക് ആ കാഴ്​ച കാണാനായില്ല. ഒരു പക്ഷെ അതൊരു കഥ മാത്രമായിരിക്കാം. ഉരുളക്കിഴങ്ങ് മുതലാളി തീർച്ചയായും കർഷകനായിരിക്കില്ല. സെമീന്ദാർ ആയിരിക്കും. അല്ലെങ്കിൽ കൂറ്റൻ ഗോഡൗണുകളിൽ ഉരുളക്കിഴങ്ങ് കർഷകരിൽ നിന്ന്​ ശേഖരിച്ച് വിൽക്കുന്ന കച്ചവടക്കാരായിരിക്കാം. എന്തായാലും ആ മുതലാളി ഒരിക്കലും സാധാരണ കർഷകനോ കർഷകത്തൊഴിലാളിയോ ആയിരിക്കില്ല. ഉരുളക്കിഴങ്ങ് കയറ്റുന്ന ട്രാക്ടറുകളിൽ തന്നെ കാൻവാസുകളും. ആ പ്രയോഗത്തിന് മണ്ണിന്റെ മണമുണ്ട്, അങ്ങിനെയൊരു ചിത്രം ആരെങ്കിലും വരച്ചിരിക്കുമോ എന്ന് ഇപ്പോഴും അന്വേഷിക്കാറുണ്ട്.

ഗുജറാത്തിലെ കർഷകർ നേടിയ വിജയം

2021 ഡിസംബർ നാലിന് ഒരു വാർത്ത പുറത്തു വന്നു; ലെയ്സിന്റെ കുത്തക ഗുജറാത്ത് കർഷകർ തകർത്തു; പെപ്​സികോയുടെ പേറ്റൻറ്​ റദ്ദാക്കി. ലെയ്സ്​പൊട്ടറ്റോ ചിപ്​സ്​ നിർമാണത്തിന് ഇന്ത്യയിൽ പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പെപ്​സികോ കമ്പനിക്ക് നഷ്ടമായി. കമ്പനിയുടെ പേറ്റൻറ്​ഇന്ത്യ റദ്ദാക്കിയതായി പ്രൊട്ടക്ഷൻ ഓഫ്​ പ്ലാൻറ്​വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്​ അതോറിറ്റിയുടെ (പി.പി.വി.എഫ്.ആർ) ഉത്തരവിൽ പറയുന്നു.
1989ലാണ് പെപ്​സികോ ഇന്ത്യയിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് ചിപ്​സ്​ ഫാക്ടറി സ്ഥാപിച്ചത്. ഒരു കൂട്ടം കർഷകർക്ക് അഞ്ച് വെറൈറ്റിയിൽ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ നൽകുകയും ഇത് നിശ്ചിത തുകക്ക് കമ്പനി തിരികെ വാങ്ങുകയുമാണ് ചെയ്​തിരുന്നത്. കമ്പനിയുടെ പേറ്റൻറ്​ ലംഘിച്ചതായി കാണിച്ച് 2019ൽ പെപ്​സിക്കോ ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പരാതി നൽകിയിരുന്നു. ലെയ്​സ്​ നിർമിക്കാൻ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്​തതിന് കർഷകരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്.

Photo: Jessica and Lon Binder, Flickr

പ്രത്യേകയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ കർഷകർക്ക് അവകാശമില്ലെന്നും പെപ്​സിക്കോക്ക്​ മാത്രമേ അനുമതിയുള്ളൂവെന്നുമാണ് കമ്പനി വാദിച്ചത്. പ്രത്യേക തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഒമ്പത് കർഷകർ 1.05 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. ഇതിനുപിന്നാലെ ലെയ്സ്​ ഉൾപ്പെടെയുള്ള മുഴുവൻ പെപ്​സികോ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. പെപ്​സികോയുടെ പേറ്റൻറ്​ റദ്ദ് ചെയ്യാനുള്ള ഉത്തരവ് ഇന്ത്യയിലെ കർഷകരുടെ വിജയമാണെന്നായിരുന്നു ഗുജറാത്തിലെ കർഷകരുടെ പ്രതികരണം. ബ്രിട്ടീഷ് കോളനി വിത്തിന് അമേരിക്കൻ കമ്പനി പേറ്റൻറ്​ നേടിയ സംഭവവും കർഷകർ അതിനെ പരാജയപ്പെടുത്തിയതും കോളനി അനന്തര ചരിത്രത്തിലെ പ്രധാന സംഭവമാണ്.

ദയാബായ് ഗജേറ പറയുന്നു, ഗുജറാത്ത് പേറ്റൻറ്​ കാനൂൺ ദേശമാണ്

ഗുജറാത്ത്​ കിസാൻ സഭ സംസ്​ഥാന പ്രസിഡൻറ്​ ദയാബായി ഗജേറയുമായി ഗുജറാത്ത്​ സെൻട്രൽ യൂണിവേഴ്​സിറ്റി ഗവേഷക വിദ്യാർഥി അനഘയുടെ സഹായത്തോടെ, ഈ ലേഖനത്തിനുവേണ്ടി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഗുജറാത്ത് ഒരു പേറ്റൻറ്​ കാനൂൺ (നിയമം) ദേശമാണ്. പരുത്തി കർഷകരും ഇതേ പ്രശ്നം അനുഭവിക്കുന്നു. പല വിത്തുകൾക്കും പേറ്റൻറ്​ പ്രശ്നമുണ്ട്. കോർപറേറ്റകളും മറ്റു വൻകിടക്കാരുമാണ് പേറ്റൻറ്​ കയ്യാളുന്നത്. ഉരുളക്കിഴങ്ങ് കർഷകർ ഈ പോരാട്ടത്തിൽ വിജയിച്ചു. എന്നാൽ മറ്റു പല വിളകളും ഇതേ പ്രശ്നം അനുഭവിക്കുന്നു. അതിനാൽ ഗുജറാത്തിലെ കർഷകർ സമഗ്രമായി ഈ പ്രശ്നം ഉന്നയിച്ചുള്ള സമരമാർഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. ഈ പ്രശ്നം 2018ൽ രൂക്ഷമായി. ഞങ്ങളന്ന്​ കർഷക സംഘടനകളുടെ ഒരു സംയുക്ത യോഗം അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠിൽ വിളിച്ചു ചേർത്തു. മഹാത്മാഗാന്ധി തുടക്കമിട്ട സ്ഥാപനം എന്ന നിലയിലാണ് ഇവിടെ യോഗം ചേർന്നത്. അന്ന് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് രാഷ്ട്രീയക്കാർ പറഞ്ഞു. കാരണം 2019ൽ തെരഞ്ഞെടുപ്പ് വരികയായിരുന്നല്ലോ. പക്ഷെ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. കർഷകർ നീതി തേടി പൊരുതി, വിജയിച്ചു. ഉരുളക്കിഴങ്ങ് നേരിടുന്ന വിലത്തകർച്ച ഭീതിദമാണ്.

ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമാകുന്നത് ഏത് സാമ്പത്തിക വിഭാഗത്തിനും ഉപയോഗിക്കാമെന്നുള്ളതുകൊണ്ടാണ്. കനലിൽ ചുട്ടും പുഴുങ്ങിയം കഴിക്കാം. എണ്ണ വാങ്ങാൻ കഴിയുന്നവർക്ക് പൊരിക്കാം. തനി വെജിറ്റേറിനായി ഉപയോഗിക്കാം. നോൺ വെജിൽ കൂട്ടുകഷണമായി ഇടാം. / Photo : pexels.com

ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമാകുന്നത് ഏത് സാമ്പത്തിക വിഭാഗത്തിനും ഉപയോഗിക്കാമെന്നുള്ളതുകൊണ്ടാണ്. കനലിൽ ചുട്ടും പുഴുങ്ങിയം കഴിക്കാം. എണ്ണ വാങ്ങാൻ കഴിയുന്നവർക്ക് പൊരിക്കാം. തനി വെജിറ്റേറിനായി ഉപയോഗിക്കാം. നോൺ വെജിൽ കൂട്ടുകഷണമായി ഇടാം. ഇങ്ങനെ പല തരത്തിലും ഉപയോഗിക്കാൻ കഴിയും. അതു കൊണ്ടാണ് ഇന്ത്യൻ ഭക്ഷണത്തിൽ ആലു (ഉരുളക്കിഴങ്ങ്) അടിസ്ഥാന ഘടകകമായി നിലനിൽക്കുന്നത്. ആലു കൃഷി ചെയ്യുന്നത് മറ്റു വിളകൾ പോലെ അത് എളുപ്പം നശിക്കില്ല എന്നതു കൊണ്ടു കൂടിയാണ്. അത് ​ഗോഡൗണിൽ/ സ്റ്റോറിൽ കേടുകൂടാതെ കുറച്ചുനാൾ ഇരിക്കും. തക്കാളി പോലെ വേഗം കേടുവരില്ല. എന്നാൽ സ്റ്റോർ ചെയ്യാൻ ഗുജറാത്തിൽ സൗകര്യം വളരെ കുറവാണ്. അതും ഞങ്ങളുടെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു. ഭൂമിയും സ്വന്തം ഗോഡൗണും ഉള്ളവർക്കേ ഉരുളക്കിഴങ്ങ് ശേഖരിച്ചു വെക്കാൻ കഴിയൂ. വാടകക്ക് ഗോഡൗൺ എടുക്കുന്നവർ വിളയില്ലാത്ത മാസങ്ങളിലും വാടക കൊടുക്കണം. ഇത് പലപ്പോഴും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. ഗുജറാത്തിലെ കർഷക സഹകരണ സംഘങ്ങൾ പ്രധാനമായും പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയെയാണ് കേന്ദ്രീകരിക്കുന്നത്. എന്നാലിപ്പോൾ ആലു ഗോഡൗണുകളുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സഹകരണ സംഘങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഗവൺമെൻറ്​ ഗോഡൗണുകൾ ഉണ്ടാക്കുകയോ അതിനായി കർഷകരെ സഹായിക്കുകയോ വേണം. ഗുജറാത്തിലെ ചൂടിൽ ഉരുളക്കിഴങ്ങ് ശേഖരിച്ചു വെക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകൾ തന്നെ വേണം. ഗുജറാത്തിലെ കർഷകരിൽ ആദിവാസികളൊഴിച്ചുള്ളവർ ആലു കൃഷി ചെയ്യുന്നവരാണ്. ആദിവാസി മേഖലകളിൽ ഈ കൃഷി കാണാൻ കഴിയില്ല. ദക്ഷിണ ഗുജറാത്തിലെ സാബർ ഘാട്ട, (സാബർ മതി നദീ തീരം) ബാനസ് ഘട്ട്​ (ബാനസ് നദീ തീരം) എന്നിവിടങ്ങളിലും മധ്യ ഗുജറാത്തിൽ ആനന്ദ്, ബറോഡ പ്രദേശങ്ങളിലുമാണ് ആലു കൃഷിയുള്ളത്. പേറ്റൻറ്​ കാനൂൺ ആണ് ഗുജറാത്ത് കർഷകരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മറ്റു പല പ്രശ്നങ്ങളെപ്പോലെ ഇതിനേയും ഞങ്ങൾ നേരിടും.’’

ഉരുളക്കിഴങ്ങ് കുട്ടി (കുട്ടിക്കഥ- ആഗ്നസ് ടൈലർ കെച്ചും, ഐഡ എം. ജോർജൻസെൻ)

ഒരിക്കൽ ഒരിടത്ത് നിർധനയായ ഒരു സ്ത്രീ ജീവിച്ചിരുന്നു. എല്ലാ ജോലികളും അവർ ഒറ്റക്കാണ് ചെയ്തിരുന്നത്. മുറി കഴുകി തുടച്ചു. പ്രാതലുണ്ടാക്കി. പാത്രങ്ങൾ കഴുകി വെച്ചു. കിടക്ക വിരിച്ചു. അതിപുലർച്ചെ ജോലി ചെയ്യാൻ തുടങ്ങും. അർധരാത്രിയിലും തുടരും. അവൾക്ക് ഒരു കൊച്ചു മകളുണ്ടായിരുന്നു. മകൾക്ക് അമ്മയെ ജീവനായിരുന്നു. മാഗിയെന്ന കൊച്ചു പെൺകുട്ടിക്ക് അമ്മയെ സഹായിക്കണം എന്ന് വലിയ ആഗ്രമഹമുണ്ട്.
ഒരു ദിവസം മാഗിയുടെ അമ്മ അത്താഴത്തിന് വേവിക്കാനായി ഉരുളക്കിഴങ്ങുകൾ തൊലി നീക്കി എടുക്കുകയായിരുന്നു. അമ്മ കളയുന്ന തൊലി മാഗി ഒരു ബക്കറ്റിലേക്ക് പെറുക്കി ഇട്ടു കൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന ഉരുളക്കിഴങ്ങ് തീർന്നു. അമ്മ മാഗിയോട് പറഞ്ഞു, ‘നിലവറയിൽ പോയി രണ്ടോ മൂന്നോ ഉരുളക്കിഴങ്ങുകൾ നിന്റെ ഏപ്രണിൽ ഇട്ടു കൊണ്ടുവരൂ.’
നിലവറിയിലേക്കുള്ള വഴി മാഗിക്കറിയാം. അവൾ ഏപ്രൺ കയ്യിലെടുത്ത് അതിവേഗം കലവറയിലേക്കുള്ള പടികളിറങ്ങി. മാഗിയുടെ അമ്മ ഏറെ കാത്തെങ്കിലും അവൾ ഉരുളക്കിഴങ്ങുകളുമായി വന്നില്ല. മകൾ കലവറയിലേക്കുള്ള പടികളിൽ തട്ടിത്തടഞ്ഞ് വീണു പോയിരിക്കുമോ?
അമ്മ വേഗം മാഗിയെ തിരഞ്ഞു ചെന്നു. അവിടെ അവർ കണ്ടതെന്താണെന്നറിയാമോ? മാഗി മൂലയിലുള്ള ഉരുളക്കിഴങ്ങ് കൂനയുടെ മുകളിലിരിക്കുന്നു. അവളുടെ കയ്യിൽ എന്തോ ഉണ്ട്. അത് ഏപ്രണിൽ പൊതിഞ്ഞിട്ടുണ്ട്. മാഗി പതുക്കെ പാട്ട് പാടുന്നുണ്ട്. തൊട്ടിലാട്ടും പോലെയാണ് അവളുടെ ഭാവം. അമ്മ അടുത്തു ചെന്നു. മകൾ അരുമയോടെ താലോലിക്കുന്നത് എന്താണെന്ന് നോക്കി. മനുഷ്യക്കുഞ്ഞുപോലുള്ള ഒരു ഉരുളക്കിഴങ്ങ് മാഗിയുടെ കയ്യിൽ.

ഗുജറാത്ത്, ഒറീസ, ബംഗാൾ എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളിൽ മീൻ കറിയിലും ഉരുളക്കിഴങ്ങ് കഷണങ്ങൾ കാണാം / Photo : pexels.com

അവൾ അമ്മയോട് ചുണ്ടുകൾക്കുമേൽ വിരൽ വെച്ച് ശബ്ദമുണ്ടാക്കരുതെന്നും എന്റെ ഉരുളക്കിഴങ്ങ് കുഞ്ഞിനെ ഉണർത്തരുതെന്നും ആംഗ്യം കാട്ടി. അപ്പോൾ അമ്മക്ക് മനസ്സിലായി, മകൾ എന്തു കൊണ്ട് വൈകി എന്ന്. മാഗി കുഞ്ഞുറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അമ്മ മാഗിയോട് കുഞ്ഞിനെ മുകളിലേക്ക് കൊണ്ടു വരാൻ പറഞ്ഞു. അവൾ പഴയ തുണികൾ കൊണ്ട് ഒരുടുപ്പുണ്ടാക്കി കുഞ്ഞിനെ അണിയിച്ചു. രാത്രി തന്റെ കിടക്കയിൽ തന്നെ കിടത്തി. ഉറക്കത്തിൽ അതിനു മുകളിലേക്ക് വീണ് നീ കുഞ്ഞിനെ നാശമാക്കുമെന്ന് അമ്മ പറഞ്ഞപ്പോൾ അവൾ ഉരുളക്കിഴങ്ങുകുഞ്ഞിന് പ്രത്യേക കിടക്കയുണ്ടാക്കി. എന്നിട്ട്​ ഏപ്രൺ കൊണ്ട് പുതപ്പിച്ചു. അവൾ മുട്ടു കുത്തി നിന്ന് പ്രാർഥിച്ചു. കുഞ്ഞിനെ ചുംബിച്ചു, അമ്മയെ ഉമ്മ വെച്ചു, കിടക്കയിലേക്ക് ചാടിക്കയറി. പിന്നെ അതിവേഗം ഉറങ്ങാൻ തുടങ്ങി.

വിശപ്പുമാറ്റുന്ന എല്ലാറ്റിലും മനുഷ്യാംശത്തെ കണ്ടെത്തുന്ന, അതിനെ ചങ്ങാതിയാക്കുന്ന രീതി നമുക്കുചുറ്റുമുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. ഈ കുട്ടിക്കഥ അക്കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

മീൻ കറിയിലും ആലു കഷണം

ഗുജറാത്ത്, ഒറീസ, ബംഗാൾ എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളിൽ മീൻ കറിയിലും ഉരുളക്കിഴങ്ങ് കഷണങ്ങൾ കാണാം. ഇറച്ചിക്കറിയിലിടുന്നതു പോലെത്തന്നെ. ആലു ഇറച്ചി മസാല ചേർത്തുണ്ടാക്കി ‘നോൺ' ആയിക്കഴിക്കുന്ന (വെജിറ്റബിൾ ബിരിയാണിയിലെ സോയാബീൻ കഷണം പോലെ) രീതിയുമുണ്ട്. പൊരിച്ചും മൊരിച്ചുമെടുത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ സോസിലും മയനൈസിലും മുക്കിത്തിന്നുന്നത് സൗദി ജീവിതത്തിൽ നിത്യക്കാഴ്​ചയായിരുന്നു. ഒരിക്കൽ അവിടെ ജിസാനിലിലെ ഒരുൾഗ്രാമത്തിൽ രാത്രി വളരെ വൈകി എത്തിച്ചേർന്നു. കടകളും ഭക്ഷണശാലകളെമെല്ലാം അടച്ചിരുന്നു. കയ്യിൽ ബ്രഡോ കുബ്ബൂസോ പോലുമില്ല. ഒടുവിൽ ആതിഥ്യം നൽകിയ സുഹൃത്ത് വഴിയുണ്ടാക്കാമെന്നു പറഞ്ഞ്, അടുത്ത മുറിയിലുള്ളവരെ വിളിച്ചുണർത്തി. ഒരു പാക്കിസ്ഥാനി പുറത്തു വന്നു. അയാൾ സുഹൃത്തിനോട് പറഞ്ഞു- അതിനെന്താ ആലു ഉണ്ടല്ലോ. അത് പുഴുങ്ങിയെടുക്കാം. പച്ച മുളകും കൂട്ടി കഴിക്കട്ടെ. അങ്ങനെ തന്നെ ചെയ്തു. പുഴുങ്ങിയ കപ്പ പച്ച മുളക്​ ചമ്മന്തി കൂട്ടിത്തിന്നുന്നതു പോലെ തന്നെയായിരുന്നു അത്. അടിസ്ഥാന ഭക്ഷണങ്ങൾക്ക് ലോകമെങ്ങും അടിസ്ഥാന സ്വഭാവങ്ങൾ കൂടിയുണ്ടെന്ന് അന്ന്​മനസ്സിലായി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments