സുപ്രീംകോടതി ഇടപെടുന്നു, കർഷക സമരം ഇനി എങ്ങോട്ട്?

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി രാജ്പഥിലേക്ക് മാർച്ച് ചെയ്യുമെന്നും കിസാൻ പരേഡ് നടത്തി 'കിസാൻ റിപ്പബ്ലിക്' പ്രഖ്യാപിക്കുമെന്നും സമരം ചെയ്യുന്ന കർഷകർ മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ വേണം, കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം വിശകലനം ചെയ്യാൻ- രാഷ്ട്രീയ കിസാൻ മഹാ സംഘ്​ ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി. ജോൺ സംസാരിക്കുന്നു

കർഷക പ്രശ്‌നം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന രീതി അത്യന്തം നിരാശാജനകമാണ്. ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. മതിയായ കൂടിയാലോചനകളില്ലാതെയാണ് മൂന്ന് കാർഷിക നിയമങ്ങളും കൊണ്ടുവന്നത്. അതാണ് സമരത്തിനിടയാക്കിയത്. അതുകൊണ്ട് പ്രശ്‌നത്തിന് സർക്കാർ തന്നെ പരിഹാരം കാണണം. നിയമങ്ങൾ കേന്ദ്ര സർക്കാർ നിർത്തിവെച്ചില്ലെങ്കിൽ കോടതിക്ക് അത് ചെയ്യേണ്ടിവരും'- ലോകശ്രദ്ധയാകർഷിച്ച കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് പറഞ്ഞു.

50ാം ദിവസത്തിലേക്ക് കടക്കുന്ന കർഷക പ്രക്ഷോഭം, സുപ്രീംകോടതി ഇടപെടലോടെ വഴിത്തിരിവിലായിരിക്കുകയാണ്. ഇനി കേന്ദ്ര സർക്കാറിന് സമരത്തിനുനേരെ മുഖംതിരിക്കാനാകില്ല.

ഐതിഹാസികമായ ‘ദില്ലി ചലോ' കർഷക പ്രക്ഷോഭം, ലക്ഷ്യത്തിലെത്തുന്നതുവരെ പൊരുതാൻ ഒരുങ്ങിപ്പുറപ്പെട്ട കർഷകരുടെ മുന്നേറ്റമാണ്. ‘വിജയം അല്ലെങ്കിൽ മരണം' എന്ന ദൃഢമായ തീരുമാനമെടുത്ത കർഷകർ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി രാജ്പഥിലേക്ക് മാർച്ച് ചെയ്യുമെന്നും കിസാൻ പരേഡ് നടത്തി ‘കിസാൻ റിപ്പബ്ലിക്' പ്രഖ്യാപിക്കുമെന്നും അറിയിച്ച സാഹചര്യത്തിൽ വേണം, കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം വിശകലനം ചെയ്യാൻ.

ഒരു കമീഷനെ വെച്ച് ചർച്ച നടത്തി റിപ്പോർട്ട് പുറത്തുവരുന്നതുവരെ നിയമങ്ങൾ നിർത്തിവെക്കാനാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ, കോടതിക്കുതന്നെ നിയമങ്ങൾ സ്‌റ്റേ ചെയ്യേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡേ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. ‘എന്തെങ്കിലും സംഭവിച്ചാൽ അതിന് നാമെല്ലാം ഉത്തരവാദികളായിരിക്കും. ഞങ്ങളുടെ കൈകളിൽ അതിന്റെ രക്തക്കറയേൽക്കാൻ ആഗ്രഹിക്കുന്നില്ല'; ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘സമരം നീണ്ടുപോകുകയാണ്. ഈ കൊടുംശൈത്യത്തിലിരുന്ന് വയോധികരും സ്ത്രീകളുമെല്ലാം സമരം ചെയ്യുന്നു. ആത്മഹത്യകൾ നടക്കുന്നു. ഇവരുടെ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം ആരാണ് നോക്കുക? പ്രക്ഷോഭം നടത്തരുതെന്നാവശ്യപ്പെട്ട് ഉത്തരവിടാൻ കോടതിക്കു കഴിയില്ല'; കോടതി വ്യക്തമാക്കി. പല സംസ്ഥാനങ്ങളും നിയമത്തിനെതിരെ രംഗത്തുവരികയാണെന്നും നിയമങ്ങളുമായി ബന്ധപ്പെട്ട് എന്ത് കൂടിയാലോചനയാണ് നടന്നത് എന്നും കോടതി ചോദിച്ചു.

ഭരണകൂടവും ബി.ജെ.പി നേതൃത്വവും പ്രചരിപ്പിച്ച കള്ളക്കഥകളും നിയമങ്ങൾ കർഷകക്ഷേമത്തിനാണ് എന്ന അവകാശവാദവും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊളിഞ്ഞിരിക്കുകയാണ്. ജനക്ഷേമകരമാണെന്ന ഭാവേന കോർപറേറ്റ് കുത്തകകൾക്ക് ലാഭമുണ്ടാക്കാൻ നിയമങ്ങൾ നിർമിച്ചുനൽകുന്ന ഭരണകൂടങ്ങളെയാണ് ‘ബനാന' റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. മോദി ഗവൺമെന്റ് ഇന്ത്യയെ ‘ബനാന' റിപ്പബ്ലിക്കായി മാറ്റുന്നതിനെതിരായി ജനുവരി 26ന് ‘കിസാൻ റിപ്പബ്ലിക്' പ്രഖ്യാപിക്കുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനമായിരിക്കണം സുപ്രീംകോടതിയെക്കൊണ്ട് നിയമം മരവിപ്പിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചത്.

എല്ലാ ഭരണാധികാരികളും കർഷകരെ അവഗണിക്കുകയും കുത്തകകളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ തന്നെയാണ് തുടരുന്നത്. ഇതിനെതിരെ അസംഘടിതരായ ആദിവാസികളും ദളിതരും പിന്നാക്കസമുദായങ്ങളും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ കർഷകർക്കൊപ്പം കണ്ണിചേർത്ത് മുന്നോട്ടുപോകാനുള്ള നേതൃപരമായ പങ്ക് സംഘടിത തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Comments