Photos : Wikimedia Commons

നേരിടാം, വൈരുധ്യങ്ങളുടെ ഇന്ത്യയെ

ഇന്ത്യ ഇന്നനുഭവിക്കുന്ന മാന്ദ്യത്തിൽനിന്ന് കരകയറാനുള്ള ഏക വഴി, ഗ്രാമീണ മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ്; ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വൈരുദ്ധ്യാത്മക പ്രതിസന്ധികൾ വിശകലനം ചെയ്യപ്പെടുന്നു

രുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മഹാത്മാഗാന്ധി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നാണ്. ആ കാലത്ത് പത്തിൽ ഒൻപത് ഇന്ത്യക്കാരും ഗ്രാമീണരായിരുന്നു. ഒരു ചെറിയ ശതമാനത്തെ മാത്രമേ നഗരവാസികൾ എന്ന് വിളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, 2020ൽ ഇന്ത്യയുടെ മൊത്തം ജനതയുടെ മൂന്നിൽ രണ്ടുപേർ മാത്രമാണ് ഗ്രാമവാസികൾ. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കുള്ള പ്രയാണത്തിന്റെ തോത് ചില വർഷങ്ങളിൽ രണ്ട് ഡിജിറ്റിൽ ആയിരുന്നു. നഗര ജനസംഖ്യ 2001-2011 സെൻസസ് കാലത്ത് ഏകദേശം 32 ശതമാനം വർദ്ധിച്ചപ്പോൾ, ഗ്രാമീണ ജനസംഖ്യ വർദ്ധനവ് 12 ശതമാനം മാത്രമായിരുന്നു. ഗ്രാമത്തിന്റെ ആത്മാവ് നഗരത്തിലേക്ക് മാറിയതുകൊണ്ടാണോ ഗ്രാമങ്ങൾ പകർന്നു നൽകിയ കാൽപനികത നമ്മുടെ ജീവിതത്തിൽ നിന്ന് പതുക്കെ മാഞ്ഞതും, ഗ്രാമീണർ നഗരങ്ങളിലേക്ക് കൂട്ടം കൂട്ടമായി ചേക്കേറിയതും? എന്നാൽ ഒരു മഹാമാരി കാലത്ത് നഗരം കൈവിട്ടപ്പോൾ ഗ്രാമത്തിലേക്ക് കിലോമീറ്ററുകൾ നടന്ന് തിരികെയെത്തിയത് നിൽക്കക്കള്ളിയില്ലായ്മ കൊണ്ട് മാത്രമല്ലേ? കോവിഡ് കാലത്ത് പല ഘട്ടങ്ങളായി പ്രഖ്യാപിച്ച സാമ്പത്തിക ആശ്വാസ പാക്കേജുകൾ പ്രകാരം രണ്ടര ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മാറ്റിവച്ചിട്ടും, അതുകൊണ്ടൊന്നും ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്ന് വ്യവസായികളും, സാമ്പത്തിക വിദഗ്ധരും വീണ്ടും വീണ്ടും പറയുന്നത് എന്തുകൊണ്ട്? ചുരുക്കത്തിൽ ഗ്രാമം നന്മകളാൽ സമൃദ്ധം ഒന്നും അല്ലെങ്കിലും, ഇന്ത്യയുടെ വികസന എഞ്ചിനായ നഗരങ്ങളെ ഒരു പരിധി വരെ വളർത്തുന്നതും നിലനിറുത്തുന്നതും ഗ്രാമങ്ങളാണ്.

കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ

വേറൊന്ന്, കാർഷിക നിയമ ഭേദഗതികൾക്കെതിരെ 2020 നവംബർ 26 മുതൽ പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം, കർഷകരാൽ സമൃദ്ധമായ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ അല അടിക്കുന്നില്ല. പഞ്ചാബ്, ഹരിയാന കർഷകരെക്കാൾ ദുരിതം അനുഭവിക്കുന്നവരാണ് മറ്റ് സംസ്ഥാനങ്ങളിലെ കൃഷിക്കാരും ഗ്രാമീണ ജനതയും. എന്നിട്ടും എന്തുകൊണ്ടാണ് ഈ സമരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെയും കർഷകരുടെയും കാര്യമായ പ്രതികരണം ഇല്ലാത്തത്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ത്യൻ ഗ്രാമത്തിന്റെ ഘടനയിൽ തന്നെ ഉണ്ട്. അവിടത്തെ, സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളും അതിന്റെ ജൈവിക ആവാസ വ്യവസ്ഥയും മനസിലാക്കിയാൽ ഗ്രാമീണരുടെ തൊഴിൽ തേടിയുള്ള പ്രയാണത്തിന്റെ കാരണങ്ങളും, കോവിഡ് കാലത്തെ തിരിച്ചുള്ള പ്രയാണവും, കാർഷിക മേഖലയെ ബാധിക്കുന്ന, ഭക്ഷ്യസുരക്ഷയുടെ നിലനിൽപ്പ് ചോദ്യം ചെയ്യുന്ന നിയമ ഭേദഗതികളെ നിർവികാരതയോടെ കാണുന്നതിന്റെയൊക്കെ കാരണം കണ്ടെത്താൻ കഴിയും. ആ അന്വേഷണം ഇന്ത്യൻ ഗ്രാമങ്ങളുടെ പൊളിറ്റിക്കൽ ഇക്കണോമിയുടെ അന്തർധാരകളെയാണ് തുറന്നുകാണിക്കുന്നത്.

കൃഷി കൊണ്ടുമാത്രം ജീവിതം അസാധ്യം

2011 സെൻസസ് പ്രകാരം 68.2 ശതമാനം ജനം ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കുന്നു. 2017-18 ലെ ഇക്കണോമിക് സർവ്വേ പ്രകാരം ദേശിയ ഉൽപാദനത്തിന്റെ (നാഷണൽ ഡൊമസ്റ്റിക് പ്രോഡക്റ്റ്- NDP) 47 ശതമാനം ഗ്രാമീണ ഇന്ത്യയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതേ കാലയളവിലെ ലേബർ സർവേ അനുസരിച്ച് മൊത്തം തൊഴിലാളികളുടെ 70 ശതമാനം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ 2018 ൽ ഗ്രാമീണ ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ 58 ശതമാനവും, മൊത്തം ഉൽപാദനത്തിന്റെ 39 ശതമാനവും ഗ്രാമീണ മേഖലയാണ് പ്രദാനം ചെയ്തത്. പക്ഷെ, ഗ്രാമീണ ഇന്ത്യയിൽ തൊഴിൽ - ഉൽപാദന ആശ്രയത്വം വളരെയധികമാണ്. അതുകൊണ്ട് ഗ്രാമീണ ഇന്ത്യയിലെ ആളോഹരി വരുമാനം 40,928 രൂപ മാത്രമാണ്, നഗരങ്ങളിലാകട്ടെ അതിന്റെ ഇരട്ടിയിലും മുകളിൽ- 98,435 രൂപയും (2015-16). ഉൽപ്പാദന ശേഷിയിലെ കുറവ് മാത്രമല്ല, മറക്കപ്പെട്ട തൊഴിലില്ലായ്മയുടെ (disguised unemployment) സാന്നിധ്യം ഗ്രാമീണ മേഖലയിൽ, പ്രത്യേകിച്ച് കാർഷിക മേഖലയിൽ കൂടുതലാണ്. ഇതിന് ഒരു കാരണം, മൊത്തം ഇന്ത്യൻ തൊഴിലാളികളുടെ 42 ശതമാനം ഗ്രാമങ്ങളെ അടിസ്ഥാനമാക്കിയ കാർഷിക മേഖലയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇത്രമാത്രം തൊഴിൽ ആശ്രയത്വം ഉള്ള കാർഷിക മേഖലയുടെ ജി.ഡി.പി ഓഹരി 16-17 ശതമാനം മാത്രമാണ് (NSSO 2018). കാർഷിക മേഖലയിൽ സ്വയംതൊഴിൽ ചെയ്യുന്ന 20 ശതമാനം ഗ്രാമീണ കുടുംബങ്ങൾ ദാരിദ്ര്യരേഖയിലുള്ളവരൊപ്പമാണ് അവരുടെ വരുമാനം.

ഒരു ഇന്ത്യൻ കാർഷകന്റെ ഉൽപാദന ശേഷി എത്ര കുറവാണെന്ന് മനസ്സിലാക്കാൻ ചില താരതമ്യക്കണക്കുകൾ നല്ലതാണ് - ഒരു ചൈനീസ് കർഷകന്റെ മൂന്നിൽ ഒന്നും, അമേരിക്കൻ കർഷകന്റെ ഒരു ശതമാനവും മാത്രമാണ് ഒരു ഇന്ത്യൻ കർഷകന്റെ ഉൽപ്പാദന ശേഷി.

ഇന്ത്യയുടെ വികസന എഞ്ചിനായ നഗരങ്ങളെ ഒരു പരിധി വരെ വളർത്തുന്നതും നിലനിറുത്തുന്നതും ഗ്രാമങ്ങളാണ്.

ഈ കണക്കുകൾ വളരെ വ്യക്തമായി പറയുന്നു, കൃഷി കൊണ്ടുമാത്രം മിനിമം ജീവനം നടത്താൻ ഒരു ശരാശരി ഇന്ത്യൻ കർഷകനാവില്ല എന്ന്. ഒരു പ്രധാന കാരണം - ചെറുകിട കർഷകരുടെ ആധിപത്യമാണ്. പത്താം കാർഷിക സെൻസസ് പ്രകാരം (2015-16) 69 ശതമാനം കൃഷിക്കാർക്കും ഒരു ഹെക്ടറിൽ താഴെ മാത്രമേ കൃഷിഭൂമിയുള്ളു. 18 ശതമാനത്തിന് ഒരു ഹെക്ടറിനും, രണ്ട് ഹെക്ടറിനും ഇടക്ക് ഭൂമിയാണുള്ളത്. വെറും 4 ശതമാനത്തിന് മാത്രമാണ് നാല് ഹെക്ടറോ അതിലും മുകളിലുള്ള കൃഷിഭൂമിയുള്ളത്. ചെറിയ കഷ്ണം ഭൂമിയിൽ ഉൽപ്പാദനച്ചെലവ് ഏറും, ഉൽപ്പാദനത്തിനും നിയന്ത്രണങ്ങളുണ്ടാവും. രണ്ടാമത്തെ കാരണം, ആളോഹരി കൃഷിഭൂമിയുടെ വലുപ്പത്തിൽ രേഖപ്പെടുത്തിയ കുറവാണ്. 1975 ൽ ശരാശരി കൃഷിഭൂമിയുടെ വലുപ്പം 7.5 ഹെക്ടർ ആയിരുന്നത് ചുരുങ്ങിച്ചുരുങ്ങി, 2015-16 ൽ 2.5 ഹെക്ടർ ആയി. കൃഷിഭൂമിയുടെ വലുപ്പം കുറയുന്നതിനനുസരിച്ച് ഉൽപ്പാദന ചെലവ് കൂടുകയും അതിൽ നിന്നുള്ള വരുമാനവും കുറയുകയും ചെയ്യും. ഈ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 20 ലക്ഷത്തിനടുത്ത് കൃഷിക്കാർ കാർഷികവൃത്തി വിട്ടു എന്നതാണ് അനുമാനം (ഡൗൺടു എർത്ത്, 2018). ഇതേ കാലയളവിൽ കാർഷികവൃത്തി മൂലമുണ്ടായ കടക്കെണിയിൽ ആത്മഹത്യാ ചെയ്ത കർഷകർ മൂന്നുലക്ഷത്തിന് മുകളിലാണ്. കാലാവസ്ഥയെയും കീടങ്ങളെയും പലിശക്കാരെയും പയറ്റി ഉൽപ്പാദനം നടത്തി, ചന്തയിലെത്തുമ്പോൾ, തങ്ങളുടെ വിയർപ്പിന്റെ വില പോലും കണക്കാക്കാതെ തരത്തിൽ വിപണി വിലയിടുമ്പോൾ ആത്മാഭിമാനത്തിന് വിലയിടാൻ തയ്യാറാവാത്ത കർഷകൻ മരണത്തിന്റെ വഴി തേടുന്നു.

തുറന്ന വിപണി വ്യവസ്ഥയിൽ നിസ്സഹായനായ ഇന്ത്യൻ കർഷകൻ

2004 മുതൽ ഒരുപിടി കമ്മിറ്റികളും കമീഷനുകളും പഠനങ്ങൾ നടത്തി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും കർഷകന് വിപണി വ്യവസ്ഥയിൽ നിലനിൽക്കാനും അത് നൽകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള അടിസ്ഥാന സൗകര്യ-സേവന സൗകര്യങ്ങൾ ഒരുക്കേണ്ട രീതിയിൽ നിക്ഷേപം സർക്കാർ നടത്തണമെന്ന നിർദ്ദേശങ്ങൾ. ഇവ നടപ്പിലാക്കാൻ രാഷ്ട്രീയ ആർജ്ജവവും ഉത്തരവാദിത്ത്വമുള്ള ഭരണ- ഉദ്യോഗസ്ഥ വൃന്ദത്തിനാവും. എന്നാൽ ഇതുവരെ ഇത്തരത്തിൽ കാര്യമായ പൊതുനിക്ഷേപം ഉണ്ടായിട്ടില്ല, പകരം, സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. 2020 ഡിസംബറിൽ തുടങ്ങിയ സമരത്തിൽ ഉയർന്നുനിൽക്കുന്ന ഒരു വലിയ ആശങ്ക സ്വകാര്യ നിക്ഷേപകർ, തങ്ങൾക്ക് കാർഷിക അടിസ്ഥാന സൗകര്യ- സേവനത്തിലുള്ള മേൽക്കോയ്മ ഉപയോഗിച്ച് കാർഷിക മേഖലയുടെ പ്രതിസന്ധികളെ തീരാദുരിതക്കടലിൽ എത്തിക്കുമോന്നാണ്.

ഗ്രാമം വിട്ട്, നഗരത്തിലേക്ക് പലായനം ചെയ്ത ഒരു വലിയ വിഭാഗത്തിന് തിരിച്ചുപോകാനുള്ള ഒരു പാസ്പോർട്ടായാണ് ഇലക്ഷൻ പ്രചാരണങ്ങൾ പിന്നീട് പ്രവർത്തിച്ചത്. വേറൊരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ ദുരിതങ്ങൾക്ക് വിലയിട്ടാണ് മോദി സർക്കാർ ഉണ്ടായത്.

വ്യക്തമായി പറഞ്ഞാൽ വിലപേശലില്ലാതെ തുറന്ന വിപണിയിൽ നിന്ന് വിത്തും, വളവും, പണവും, തൊഴിലാളികളേയും സംഘടിപ്പിച്ച് നഷ്ടം സഹിച്ചും പല സാഹസങ്ങളും നടത്തിയും വിളവുണ്ടാക്കിയാൽ, അത് തുറന്ന വിപണിയിൽ വൻ വിലപേശലിനു ശേഷം മാത്രമാണ് കർഷകന് വിൽക്കാൻ സാധിക്കുക. വിളവ് വയലിൽ നിന്ന് ഭക്ഷണ പാത്രത്തിൽ വേഗം എത്തിയില്ലെങ്കിൽ അത് ചീഞ്ഞഴുക്കാൻ അധിക സമയം വേണ്ട എന്ന സത്യം വിപണിക്കും കർഷകനും അറിയാം. ആ അറിവ് കർഷകന്റെ പരാജയമാക്കി മാറ്റുന്നതിൽ വിപണി എന്നും വിജയിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ തുറന്ന വിപണി വ്യവസ്ഥയിൽ ഇന്ത്യൻ കർഷകൻ നിരാലംബനും നിസ്സഹായനുമാണ്. അതുതന്നെയാണ് കാർഷിക വിപണി വ്യവസ്ഥയുടെ വിജയവും പരാജയവും. ഗ്രാമീണ മേഖലയുടെ ദുരവസ്ഥയുടെ കാതലായ പ്രശ്‌നവും ഇതാണ് - കാർഷികവൃത്തിയിലുള്ള അതിരുകടന്ന ആശ്രയത്വവും, വിപണി കേന്ദ്രീകൃതമായ കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും.

വിലപേശലില്ലാതെ തുറന്ന വിപണിയിൽ നിന്ന് വിത്തും, വളവും, പണവും, തൊഴിലാളികളേയും സംഘടിപ്പിച്ച് നഷ്ടം സഹിച്ചും പല സാഹസങ്ങളും നടത്തിയും വിളവുണ്ടാക്കിയാൽ, അത് തുറന്ന വിപണിയിൽ വൻ വിലപേശലിനു ശേഷം മാത്രമാണ് കർഷകന് വിൽക്കാൻ സാധിക്കുക.

ഇത് പരിഹരിക്കാൻ കാർഷികജന്യ തൊഴിലുകൾ വർദ്ധിപ്പിക്കാനുതകുന്ന നയങ്ങളും, പരിപാടികളും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ കൊണ്ടുവന്നെങ്കിലും, അതൊക്കെ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. അതിന് പ്രധാന കാരണം, ഗ്രാമീണ ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിയിലൂന്നിയ വർണ വ്യവസ്ഥയാണ്. ഉദാഹരണത്തിന്, കേരളത്തിൽ കുടുംബശ്രീ പ്രോഗ്രാം വിജയമായിരുന്നെങ്കിൽ, അതുപോലത്തെ സ്ത്രീ ശാക്തീകരണത്തിലൂന്നിയ ഗ്രാമീണ തൊഴിൽ വർദ്ധന പരിപാടികൾ മറ്റ് സംസ്ഥാനങ്ങളിൽ വേണ്ടത്ര വിജയിച്ചില്ല. ഒരു ഗ്രാമം എന്നത്, പല സംസ്ഥാനങ്ങളിലും ജാതീയമായി വേർതിരിച്ച ചേരികളുടെ അല്ലെങ്കിൽ കരകളുടെ ഒരു കൂട്ടം ആണ്. ജാതീയ വേർതിരിവ് സ്ത്രീകളുടെ കൂട്ടായ്മയിലും തുടർന്നു. താഴെക്കിടയിൽ ഇത്തരം പരിപാടികളുടെ വിജയമായി വരേണ്ട സാമൂഹിക ബഹുസ്വരത, നിലവിലുള്ള ജാതീയ വേർതിരിവ് കാരണം ഉരുത്തിരിഞ്ഞു വന്നില്ല. ഒപ്പം ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരായ ഉദ്യോഗസ്ഥവൃന്ദവും നിലവിലെ സാമൂഹ്യഘടനയെ പ്രമാണീകരിക്കുക മാത്രമാണ് ചെയ്തത്. അതിനാൽ ഗ്രാമീണ മേഖലയുടെ ഉന്നമനം ലാക്കാക്കിയ പല പദ്ധതികളും പരിപാടികളും ഉദ്ദേശ്യ ലക്ഷ്യത്തിന്റെ അടുത്ത് എത്താത്ത അവസ്ഥയാണ് ഉണ്ടായത്, അതങ്ങനെ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.

സ്വകാര്യവൽക്കരണത്തിനായി വാദിക്കുന്നവരോട്...

കർഷക കുടുംബങ്ങൾ ഒരു പരിധി വരെ തങ്ങളുടെ ജീവനം (livelihood) നിലനിർത്തുന്നത്, കാർഷികജന്യ തൊഴിലുകളിലൂടെയാണ്.

ഒരു ശരാശരി ഇന്ത്യൻ കർഷക കുടുംബത്തിന്റെ വരുമാനത്തിൽ 40-45 ശതമാനം കൃഷിയിൽ നിന്നും, 20-30 ശതമാനം കാർഷികജന്യ തൊഴിലുകളിൽ നിന്നും (പ്രവാസി തൊഴിലാളികളുടെ വരുമാനവും ഉൾപ്പെടും), പിന്നെ മറ്റ് സ്രോതസുകളിൽ നിന്നും ആണ്. പ്രത്യേകിച്ചും കോഴി- ആട്- കന്നുകാലി വളർത്തൽ തൊഴിലുകളിലൂടെ. പാലും മുട്ടയും ഉൽപ്പാദിപ്പിക്കുന്നതുകൂടാതെ, അത്യാവശ്യ സമയത്ത് പണത്തിന് വിൽക്കാനുള്ള ആസ്തി കൂടിയാണ് കോഴിയും, കന്നുകാലികളും. 2014 നുശേഷം വന്ന ഗോവധ നിരോധന നിയമങ്ങളും അതിനെ ചൊല്ലിയുണ്ടായ ഹിംസാത്മക ചർച്ചകളും, കൃഷിക്കാരന് ആട് അടക്കമുള്ള കന്നുകാലികൾ, ബാധ്യതയായി വരുന്ന അവസ്ഥയാണ് പല ഇടങ്ങളിലും സംജാതമായിരിക്കുന്നത്. കാളകളും, പോത്തും പാലുൽപാദനം കഴിഞ്ഞ പശുക്കളും, എരുമകളും മാംസോൽപന്നങ്ങളായി മാറുകയാണ് പൊതുവെ ചെയ്തിരുന്നത്. അത് ഒരു അഡിഷണൽ വരുമാനം ആണ്. കന്നുകാലികളുടെ തോലും, എല്ലും, രക്തവും, ആന്തരിക അവയവങ്ങളും വ്യവസായങ്ങൾക്കാവശ്യമായ വസ്തുക്കളാണ്. ഗോവധ നിരോധനത്തിലൂടെ, പശുക്കളെ മാത്രമല്ല, മറ്റ് നാൽക്കാലികളെ വിൽക്കുന്നതും മാംസാഹാരത്തിന് വധിക്കുന്നതും ഇന്ത്യയിൽ പലയിടത്തും ജീവൻ പോകുന്ന പ്രവൃത്തിയായി കഴിഞ്ഞു. ഇത്, പല കാർഷിക കുടുംബങ്ങളുടെയും സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്നതാണ്. അതുപോലെ, അടുത്ത കാലത്തായി ഉയർന്നുവരുന്ന സസ്യാഹാര പ്രീണനം മുട്ടയടക്കമുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണത്തിന്റെ ഉപഭോഗത്തിൽ കുറവുണ്ടാക്കിയേക്കാം. ആ വരുമാനത്തിലും കുറവ് വന്നാൽ, കൃഷി തീർത്തും നഷ്ടം മാത്രം ഉണ്ടാക്കുന്ന ഏർപ്പാടാകാൻ അധികം സമയം വേണ്ട. കർഷകർ ഈ സാഹചര്യത്തിൽ കാർഷികവൃത്തി പൂർണമായും ഉപേക്ഷിച്ചാൽ, അവരെ കുറ്റം പറയാൻ സാധിക്കില്ല. ആ സാഹചര്യത്തിൽ ഉയർന്നുവരാവുന്ന ഭക്ഷ്യക്ഷാമ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ഉറക്കെ ചിന്തിക്കേണ്ടതാണ്. ഇന്ത്യക്ക് 140 കോടി വയറുകളുടെ വിശപ്പ് അകറ്റേണ്ടതുണ്ട്. കർഷകനെ തള്ളി ഉയർന്നുവരുന്ന കോർപ്പറേറ്റുകൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് കാർഷിക മേഖല പൂർണമായും സ്വകാര്യവത്കരണത്തിനായി വാദിക്കുന്നവർ മറുപടി പറയേണ്ട ചോദ്യം ആണ്.

ഗ്രാമങ്ങളിൽ നിന്നുള്ള പലായനത്തിന്റെ കാരണങ്ങൾ

തൊഴിൽ തേടി ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ജനം പലായനം ചെയ്യുന്നതിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഹരിത വിപ്ലവത്തെ തുടർന്ന്, ഉദാഹരണത്തിന് പഞ്ചാബിലും, ഹരിയാനയിലും ഉത്തർപ്രദേശിലും ഉള്ള കൃഷിയിടങ്ങളിലേക്ക് ബിഹാറിൽ നിന്ന് കർഷക തൊഴിലാളികൾ പോകുന്നത് സർവ സാധാരണമായിരുന്നു. 1970 കളിൽ ഗ്രാമീണ ബിഹാറിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലേക്ക് തൊഴിലാളികൾ സീസണിൽ യാത്ര ചെയ്തു. ഇത്തരം പലായനം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും, പല സംസ്ഥാനങ്ങൾക്കകത്തും നടന്നിരുന്നു. എന്നാൽ, 1980-90 കളോടെ ഈ തൊഴിലാളികളിൽ കുറെപേർ ചെറിയ ടൗണുകൾ കേന്ദ്രീകരിച്ച MSME വ്യവസായ ശാലകളിലേക്ക് നീങ്ങി. 1990 കളുടെ അവസാനത്തോടെയാണ് മഹാ നഗരങ്ങളിലേക്ക് വൻ പലായനങ്ങൾ തുടങ്ങിയത്. നഗരങ്ങൾ വികസിക്കാൻ തുടങ്ങിയപ്പോൾ, അവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഗ്രാമീണർ കൂട്ടമായി എത്തിയത്.

ബിഹാറിലെ പല ഗ്രാമങ്ങളിലും ഉയർന്ന അടച്ചുറപ്പുള്ള വീടുകൾക്കും, ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും പ്രധാന കാരണം ഗ്രാമീണ മേഖലയിൽ നിന്നുള്ള പലായനമാണ്.

ഗ്രാമീണ ഇന്ത്യയിലെ കുടുംബങ്ങളിൽ പ്രവാസി തൊഴിലാളികൾ അയച്ച പണം പ്രധാന വരുമാന മാർഗം ആയി. 2008-09 ൽ ഈ ലേഖിക നടത്തിയ ഒരു പഠന പ്രകാരം, ബിഹാറിലെ പല ഗ്രാമങ്ങളിലും ഉയർന്ന അടച്ചുറപ്പുള്ള വീടുകൾക്കും, ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും പ്രധാന കാരണം ഗ്രാമീണ മേഖലയിൽ നിന്നുള്ള പലായനമാണ്. ഭേദപ്പെട്ട വരുമാനമുള്ള സ്ഥിര തൊഴിലുകാർ തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിപ്പിക്കാനും, നഗരങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായും കൊണ്ടുപോയി. മാനുഷിക വികസന കാര്യങ്ങളിൽ ഈ പലായനം കുറച്ചൊക്കെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിന്റെ താഴെക്കിടയിൽ വളരെ കൃത്യമായി ഒരു പരിധിവരെ എത്തിച്ചേർന്നു. അതുപോലെ നഗരത്തിലെ സൗകര്യങ്ങളുടെ ചില അംശങ്ങളെങ്കിലും തങ്ങളുടെ ഗ്രാമത്തിൽ വേണമെന്ന് പ്രവാസികൾ ചിന്തിക്കാൻ തുടങ്ങി. ഈ മാറ്റത്തെ ഭംഗിയായും ബുദ്ധിപൂർവവും ഉപയോഗിച്ചാണ് നരേന്ദ്ര മോദി 2014 ലെ ഇലക്ഷൻ പ്രചാരണം നടത്തിയത്; ‘വികസനത്തിനായി വോട്ട്' എന്നതായിരുന്നു ഇലക്ഷൻ മുദ്രവാക്യം തന്നെ, "ഇനി വികസനത്തിന്റെ നാളുകൾ' എന്ന അർഥത്തിൽ. വാരണാസിയെ ക്യോട്ടോ ആക്കും, ഇന്ത്യയിലെ ചെറിയ പട്ടണങ്ങൾക്ക് മഹാനഗരങ്ങളുടെ സൗകര്യങ്ങളും സാഹചര്യങ്ങളും ഉണ്ടാവും എന്നൊക്കെയായിരിന്നു വാഗ്ദാനങ്ങൾ.

സാമൂഹ്യ- സാമ്പത്തിക ഉന്നതി സ്വപ്നം കണ്ട ഒരു ജനതയെ, മയക്കാൻ പറ്റിയ സ്വപ്നങ്ങളായിരുന്നു നരേന്ദ്ര മോദി നൽകിയ വാഗ്ദാനങ്ങൾ. ഗ്രാമം വിട്ട്, നഗരത്തിലേക്ക് പലായനം ചെയ്ത ഒരു വലിയ വിഭാഗത്തിന് തിരിച്ചുപോകാനുള്ള ഒരു പാസ്പോർട്ടായാണ് ഇലക്ഷൻ പ്രചാരണങ്ങൾ പിന്നീട് പ്രവർത്തിച്ചത്. വേറൊരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ ദുരിതങ്ങൾക്ക് വിലയിട്ടാണ് മോദി സർക്കാർ ഉണ്ടായത്.

ഡ്രൈവിംഗ് അറിയാമെങ്കിലും, ഒരു ദളിതൻ ഡ്രൈവർ ആകാൻ സാധ്യത കുറവാണ്, അവന് കിട്ടുക തോട്ടക്കാരന്റെ പണിയായിരിക്കും. ഇത് നമുക്കുചുറ്റിലും കാണുന്ന യാഥാർഥ്യങ്ങളാണ്. ഈ വേർതിരിവിൽ പോരാടിയാണ് പല പ്രവാസികളും ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്നത്.

ഈ പലായനത്തിന് വേറൊരു വശം കൂടിയുണ്ട്- ഗ്രാമീണ ഇന്ത്യയിൽ കലാകാലങ്ങളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥ. ഒന്ന്, ദളിതർ അടക്കമുള്ളവർ ഗ്രാമത്തിലെ ജാതി ഹിന്ദുക്കളുടെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാൻ നഗരത്തിലേക്ക് പോകുന്നു. ഇവരിൽ നല്ലൊരു ശതമാനവും സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരാണ്. ഇവർ പൊതുവെ എത്തിപ്പെടുന്നത് തീർത്തും നൈപുണ്യം ആവശ്യപ്പെടാത്ത തൊഴിലുകളിലും നഗരത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട ചേരികൾ അടക്കമുള്ള ഇടങ്ങളിലുമാണ്. രണ്ടാമത്തെ കൂട്ടർ ജാതിഹിന്ദുക്കളിലെ സാമ്പത്തിക പരാധീനതയുള്ളവരും തഴമ്പിനപ്പുറം പ്രത്യേക തൊഴിൽ നൈപുണ്യം ഒന്നും അവകാശപ്പെടാനില്ലാത്തവരുമാണ്. ജാതി തന്നെയാണ് അവരുടെ പലായനത്തിനും കാരണം. മേൽജാതിക്കാരൻ ആയതിനാൽ ഗ്രാമത്തിൽ കൂലിപ്പണി ചെയ്ത് ജീവിക്കാനുള്ള മടി. നഗരങ്ങളിൽ എന്തുതരം തൊഴിൽ ചെയ്താലും ആരും അറിയില്ല എന്ന വിശ്വാസം. കൃത്യമായ സോഷ്യൽ നെറ്റ്‌വർക്കിന്റെ ബലത്തിലാണ് അവരുടെ പലായനം. കുറിയർ, സെക്യൂരിറ്റി ഗാർഡ്, കച്ചവട സ്ഥാപനങ്ങളിൽ ഒക്കെ ഇവർ എത്തും. കർഷക കുടുംബങ്ങളിലെ പ്രതിനിധികളായ ഇവർക്ക് തിരിച്ച് ഗ്രാമത്തിൽ പോകാനുള്ള സാധ്യതകളും കൂടുതലാണ്. കാരണം അവർക്ക് സ്വന്തമായി ഭൂമി ഉണ്ടാവും. ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ തേടിയുള്ള പലായനത്തിലെ ജാതിയുടെ പ്രിവിലേജുകൾ നിലനിൽക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങൾ മുമ്പിലുണ്ട്. ഒരു ദളിത് സ്ത്രീയ്ക്ക് വീട്ടുജോലിക്കാരിയായി തൊഴിൽ കിട്ടാനുള്ള സാധ്യത, മേൽജാതിക്കാരേക്കാളും കുറവാണ്. ഡ്രൈവിംഗ് അറിയാമെങ്കിലും, ഒരു ദളിതൻ ഡ്രൈവർ ആകാൻ സാധ്യത കുറവാണ്, അവന് കിട്ടുക തോട്ടക്കാരന്റെ പണിയായിരിക്കും. ഇത് നമുക്കുചുറ്റിലും കാണുന്ന യാഥാർഥ്യങ്ങളാണ്. ഈ വേർതിരിവിൽ പോരാടിയാണ് പല പ്രവാസികളും ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്നത്.

തിരിച്ചുള്ള പലായനത്തിൽ, അല്ലെങ്കിൽ പ്രവാസജീവിതം തുടങ്ങിയ ഒരു ഗ്രാമീണൻ തിരിച്ചുപോകാനുള്ള സാധ്യത; അവരുടെ കുടുംബം ഗ്രാമത്തിലാണെങ്കിൽ, സ്വന്തമായി ഭൂമിയുണ്ടെങ്കിൽ കൂടും. ഈ കാരണം കൊണ്ടുതന്നെ ഒരു പ്രവാസി ഗ്രാമീണൻ ആദ്യം നിക്ഷേപിക്കുന്നതും ഭൂമിയിലായിരിക്കും. ഈ പാറ്റേൺ കേരളത്തിന് സുപരിചിതമാണ്. ആദ്യം കിടപ്പാടം, പിന്നെ കൃഷിഭൂമി എന്ന രീതിയിലാണ് നിക്ഷേപം നടക്കുക. അതുകൊണ്ടുതന്നെയാണ് ആളോഹരി കൃഷിഭൂമിയുടെ വലുപ്പം കുറയുന്നതും. ഇത്തരത്തിൽ ഗ്രാമീണ ഇന്ത്യയിൽ കഴിഞ്ഞ രണ്ട് ദശകത്തിലുണ്ടായ പ്രത്യാശകൾക്ക് പ്രധാന കാരണം പ്രവാസം/ പലായനം ആണ്. കേരളത്തിലെ അതിഥി/ പ്രവാസി തൊഴിലാളികൾ ഇതിന് ഉത്തമ ഉദാഹരണമാണ്. അവരുടെ വരുമാനം കുടുംബങ്ങളിലേക്ക് പോവുകയാണ്.

ഒട്ടുമിക്ക വ്യാവസായിക ഉൽപ്പാദകരും തങ്ങളുടെ ഉൽപ്പാദനം കുറച്ചു, തൊഴിലാളികളെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് കോവിഡ് പടരുന്നതും, ഇന്ത്യ യാതൊരു പ്ലാനിങ്ങും ദീർഘവീക്ഷണവും ഇല്ലാതെ 40 ദിവസം നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും.

ഇന്ത്യൻ നഗരങ്ങളിലെ തൊഴിൽ കുറയുകയും, നിർമാണ പ്രവൃത്തികൾ നിലയ്ക്കുകയും ചെയ്യുമ്പോൾ, പ്രവാസത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാം എന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്. 2016 ലെ നോട്ടുനിരോധനം ആയിരുന്നു ആദ്യ അടി. നോട്ടുനിരോധനവും, 2017 ൽ വികലമായ രീതിയിൽ നടപ്പിലാക്കിയ ജി.എസ്.ടിയും കൂടി ആയപ്പോൾ പല ചെറുകിട-സൂക്ഷ്മ വ്യവസായ-കച്ചവട സ്ഥാപനങ്ങൾ പൂട്ടുകയോ, ഉൽപ്പാദനം കുറയ്ക്കുകയോ ചെയ്തു. അതേതുടർന്ന്, തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണ്. 2017-18ൽ ദേശീയ തൊഴിൽ സർവേ പ്രകാരം ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്മ അതിരൂക്ഷമായി. ഇതിന്റെ പ്രത്യാഘാതമായിരുന്നു ഗ്രാമീണ ഉപഭോഗത്തിലുണ്ടായ കാര്യമായ കുറവ്. പാർലെ ബിസ്‌ക്കറ്റ് മുതൽ, ഷാംപൂ-ക്രീം സാഷേകളുടെ (sachet) വരെ ആവശ്യക്കാർ കുറഞ്ഞു. അടുത്ത പടിയായി, ഇരുചക്ര വാഹനങ്ങളുടേയും, ട്രാക്ടറുകളുടേയും, പലവിധ ഗാർഹിക ഉപഭോഗ വസ്തുക്കളുടെയും ആവശ്യം കുറഞ്ഞു. ഒരു ചുഴിയിൽ വീണപോലെ, സേവന- ഉൽപ്പാദന മേഖലകൾ മാന്ദ്യത്തിലേക്ക് വീഴുന്ന കാഴ്ചയാണ് 2019-20ൽ കണ്ടത്. അതിന്റെ തുടർച്ചയായി, ബാങ്കിങ്/ നിക്ഷേപ മേഖലകളും പ്രതിസന്ധിയിലേക്ക് വീണു. ചുരുക്കത്തിൽ ഇന്ത്യൻ ഇക്കോണമി 2019 ജൂണോടെ അതിഭീകര മാന്ദ്യത്തിലേക്ക് വീണു. ഒട്ടുമിക്ക വ്യാവസായിക ഉൽപ്പാദകരും തങ്ങളുടെ ഉൽപ്പാദനം കുറച്ചു, തൊഴിലാളികളെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് കോവിഡ് പടരുന്നതും, ഇന്ത്യ യാതൊരു പ്ലാനിങ്ങും ദീർഘവീക്ഷണവും ഇല്ലാതെ 40 ദിവസം നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും. ഇതോടെ ഒട്ടു മിക്ക ഉൽപ്പാദന- വിതരണ സപ്ലൈ ശൃംഖലകലും നിർവീര്യവും നാശമാവുകയും ചെയ്തു.

ലോക്കഡൗണിൽ ഇന്ത്യയിൽ കർമ്മോത്സുകതയോടെ പ്രവർത്തിച്ച ഒരു മേഖല കാർഷിക മേഖലയാണ്. തങ്ങളുടെ പല വിളവുകളും വിപണിയില്ലാതെ നശിക്കുമെന്നറിഞ്ഞിട്ടും നിലമൊരുക്കാനും വിത്തിറക്കാനും കർഷകർ മടികാണിച്ചില്ല. നഗരങ്ങളിൽ ജനം വീടുകളിൽ ഒതുങ്ങിയിരുന്നപ്പോൾ കർഷകർ പാടത്തായിരുന്നു. അതുകൊണ്ട് കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലും വമ്പൻ വിളവിലൂടെ ആശ്വാസകരമായ വളർച്ച കാണിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വീഴ്ചയുടെ ആക്കം കുറച്ചത്, കാർഷിക മേഖലയാണ്. ഗ്രാമങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന അഞ്ച് മുതൽ എട്ട് വരെ കോടി ജനത്തിന്റെ ഏക ആശ്വാസം ഗ്രാമത്തിൽ ചെന്നാൽ ഒരുനേരത്തെയെങ്കിലും വിശപ്പടക്കാനാകും എന്നതായിരുന്നു. ഗ്രാമങ്ങൾ സ്വയം പര്യാപ്തമാണെങ്കിലും അല്ലെങ്കിലും തൊഴിലില്ലാതെ നഗരങ്ങളിൽ ജീവിക്കുന്ന ബുദ്ധിമുട്ട് ഗ്രാമത്തിലെ ആവാസവ്യവസ്ഥയിൽ ഉണ്ടാവില്ല എന്ന വിശ്വാസമാണ് അവരെ പ്രതിസന്ധി ഘട്ടത്തിൽ നഗരം വിടാൻ പ്രേരിപ്പിച്ചത്.

മാന്ദ്യത്തിനുകാരണം ഡിമാന്റ് ക്രൈസിസ്

ഇന്ത്യ ഇന്നനുഭവിക്കുന്ന മാന്ദ്യത്തിൽനിന്ന് കരകയറാനുള്ള ഏക വഴി, ഗ്രാമീണ മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ്. മൊത്തം ഉപഭോഗത്തിന്റെ 70 ശതമാനം ഗ്രാമങ്ങളിലാണ്. ഗ്രാമീണ മേഖലയുടെ വികസനത്തിനും വളർച്ചക്കും ആവശ്യം ആയ അടിസ്ഥാന സൗകര്യ-സേവന നിർമിതിയിൽ നിക്ഷേപം നടത്തിയാൽ, ഗ്രാമങ്ങളിൽ വികസനം എത്തും, തൊഴിലും ജനങ്ങളുടെ വരുമാനവും വ്യവസായ ഉത്പാദനവും വർദ്ധിക്കും, നഗരങ്ങളിലെ തൊഴിലും തിരക്കും പതിവുപോലെയാകും. ചുരുക്കത്തിൽ ഇന്ത്യ ഇന്ന് അനുഭവിക്കുന്ന മാന്ദ്യം ഡിമാൻഡ് ക്രൈസിസ് മൂലമാണ്. അത് നേരിടാൻ ദീർഘവീക്ഷണമുള്ള ഒരു ഭരണകൂടത്തിന് അവസരമൊരുക്കുകയാണ് ഗ്രാമങ്ങൾ.
2016 ലെ നോട്ട് നിരോധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ അഡ്രസ് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതിസന്ധികൾ ഉടലെടുക്കുന്നത്. നോട്ട് നിരോധനം ഉൽപ്പാദനത്തിന്റെ നിലയിലുള്ള ശൃംഖലകളെ നശിപ്പിക്കുകയോ, നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്. അതിനൊന്നും പരിഹാരം കാണാതെ ആ മുറിവുകളിൽ ഉപ്പ് പുരട്ടുന്ന രീതിയിലാണ് ഭരണകൂടം ഇപ്പോൾ പെരുമാറുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അടുത്ത മൂന്ന് വർഷമെങ്കിലും വലിയ മാന്ദ്യം ഇല്ലാതെ പോയാലേ, പാളം തെറ്റിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പഴയ ട്രാക്കിലെത്താനാകൂ. പക്ഷേ അപ്പോഴേക്കും ഭക്ഷ്യവസ്തുക്കളുടെയും തൊഴിലിന്റെയുമൊക്കെ ആവശ്യം അധികരിച്ചിരിക്കും.

ഇന്ത്യൻ നഗരങ്ങളിലെ തൊഴിൽ കുറയുകയും, നിർമാണ പ്രവൃത്തികൾ നിലയ്ക്കുകയും ചെയ്യുമ്പോൾ, പ്രവാസത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാം എന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്

ഇന്ത്യൻ ഗ്രാമങ്ങൾ ഇന്ന് വട്ടിപ്പലിശക്കാരുടെ ചക്രവ്യൂഹത്തിലാണ്. പഴയ ചെറുകിട പലിശക്കാരെക്കളും കടക്കാരെ വലക്കുന്നത് ഇൻസ്റ്റിറ്റിയൂഷണലൈസ്ഡ് പലിശക്കാരാണ്. NBFC കളും, മൈക്രോ ഫിനാൻസുകാരും ന്യൂ ജനറേഷൻ ബാങ്കുകളും ഒക്കെ ഇതിൽ പെടും. ഈ ദുരിതം കുറക്കാനുള്ള വഴി നിർദ്ദേശിക്കാതെ എന്തുചെയ്താലും അത് കടലിൽ കായം കലക്കുന്ന പ്രക്രിയയേ ആകൂ. കർഷകന് ഉൽപാദനത്തിനുവേണ്ട സാമഗ്രികൾ കുറഞ്ഞ വിലയിലും കുറഞ്ഞ പലിശയിലും കിട്ടാനും വിളവിന് നല്ല വില ലഭിക്കാനുമുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയാൽ കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനാകും. കാർഷിക വിളവുകളെ മൂല്യവർധിത വസ്തുക്കളാക്കാൻ പഞ്ചായത്ത് തലത്തിൽ ശ്രമങ്ങളുണ്ടാകണം. ഒപ്പം, അതിനെ പുറത്തെ വിപണികളുമായി ബന്ധിപ്പിക്കാനുള്ള ഗതാഗത സൗകര്യവും സാങ്കേതിക വിദ്യയും ഉണ്ടായാൽ കാർഷിക ജന്യ - കാർഷികേതര ജീവനോപാധികൾ ഗ്രാമങ്ങളിൽ ക്രിയാത്മകമാകും, മോദി 2014ൽ വാഗ്ദാനം ചെയ്ത പോലെ ഇന്ത്യൻ കർഷകരുടെ വരുമാനം ഇരട്ടിയാവും.

ഗ്രാമങ്ങളുടെ പ്രതിസന്ധി ഇവിടെ തുടങ്ങുന്നു

തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിളവുപോലെ തന്നെയാണ് കർഷകരും, അവരുടെ പ്രശ്‌നങ്ങളും. 1991ൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് മിക്ക വിളകളും പ്രാദേശിക, ദേശീയ, അന്തർദേശീയ വിപണികളിലെ ഏറ്റക്കുറച്ചിൽ കൊണ്ട് വശംവദരാണ്. ഇന്ത്യൻ ഗ്രാമങ്ങളുടെ വികസന പ്രതിസന്ധിയും വൈരുദ്ധ്യവും തുടങ്ങുന്നതിവിടെയാണ്. ചെറിയ വിപണികളും, കുറച്ച് ഉൽപ്പന്നങ്ങളുമായി ജീവിക്കുന്നവരാണ് ഇന്ത്യൻ കർഷകർ. മാത്രമല്ല, ഉപഭോഗത്തിനുശേഷം ധാന്യം- പരിപ്പ്- പയർ കർഷകന് വിൽപ്പനക്ക് വളരെ കുറച്ചേ കാണു. കടവും ആത്മഹത്യയും ഉണ്ടായിരുന്നെങ്കിലും, പഞ്ചാബ്- ഹരിയാന കർഷകർ APMC പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ / സർക്കാർ ഇടപെടലിനെ മുൻനിറുത്തി വിപണിയുടെ സാധ്യതകളെ തങ്ങളുടെ വിലപേശലിന് ശക്തി പകരാൻ ഉപയോഗിച്ചിരുന്നു. അത് ഇല്ലാതാകുന്നതോടെ, തങ്ങളുടെ വിലപേശലിന്റെ ശക്തി ഇല്ലാതാവും എന്ന യാഥാർഥ്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്. നേരത്ത തമിഴ്നാട് കർഷകരും മറ്റും, തലയോട്ടിയും ചുമന്ന് നഗ്‌നരായി സമരം ചെയ്തപ്പോൾ നിശ്ശബ്ദരായിരുന്നവർ ഉണരാൻ കാരണം, 2020 സെപ്റ്റംബറിൽ വന്ന കാർഷിക നിയമങ്ങൾ, തങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്നതിനാൽ മാത്രമാണ്. ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന, പശ്ചിമ ബംഗാളും, ആന്ധ്രയും, ഗോതമ്പ് ഉൽപാദിപ്പിക്കുന്ന ഉത്തർപ്രദേശും ബിഹാറും മധ്യപ്രദേശും ഒക്കെ APMC സഹായമോ താങ്ങുവിലയോ ഒന്നും ഇല്ലാതെ തങ്ങളുടെ മുണ്ട് വലിച്ചുമുറുക്കി കൃഷി ചെയ്യുന്നവരും, കലാകാലങ്ങളായി, വിളവുമായി ചന്തയിൽ പോയി, കണ്ണീരുമായി തിരിച്ചുവരുന്നവരാണ്. അവർക്ക് ഈ നിയമങ്ങൾ കൊണ്ട് ലാഭമില്ലെങ്കിലും പ്രത്യേകിച്ച് നഷ്ടം ഒന്നും ഇല്ല.

കടവും ആത്മഹത്യയും ഉണ്ടായിരുന്നെങ്കിലും, പഞ്ചാബ്- ഹരിയാന കർഷകർ APMC പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ / സർക്കാർ ഇടപെടലിനെ മുൻനിറുത്തി വിപണിയുടെ സാധ്യതകളെ തങ്ങളുടെ വിലപേശലിന് ശക്തി പകരാൻ ഉപയോഗിച്ചിരുന്നു

ഒരു ഇന്ത്യ- ഒരു വിപണി എന്ന മുദ്രാവാക്യം കാർഷിക മേഖലയിലും നടപ്പിലാക്കുമ്പോൾ, പഞ്ചാബ്- ഹരിയാന ഗ്രാമക്കാരേയും മറ്റ് ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ദുരിതക്കടലിൽ വീഴ്ത്തുന്ന സാഹചര്യമാണുണ്ടാകുക. കൂടാതെ, ബസുമതി അരി ഉൽപാദിപ്പിക്കുന്ന കർഷകന്റെ വരുമാനം, സാധാരണ അരി ഉൽപാദകനുണ്ടാവില്ല. വിളവിന്റെ വൈരുദ്ധ്യം, കൃഷിഭൂമിയുടെ വലുപ്പം, മണ്ണിന്റെ /കാലാവസ്ഥയുടെ പ്രത്യേകത, വെള്ളത്തിന്റെ ലഭ്യത, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ ഒക്കെ വ്യത്യസ്തമാണ്, ഇവയെല്ലാം ഓരോ ഗ്രാമത്തിന്റെയും ഘടനയെ ബാധിക്കും. ആ തിരിച്ചറിവുള്ള ഒരു രാഷ്ട്രീയക്കാരന്, ഒരു രാജ്യം- ഒരു വിപണി എന്നൊക്കെ ഉപദേശിക്കുന്നവരെ നിലക്കുനിർത്താവുന്നതേയുള്ളു. ആ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ, ഇന്ത്യ എന്ന ആശയം മാത്രമല്ല, യാഥാർഥ്യവും എന്താണെന്ന് മനസ്സിലാക്കാനുള്ള വിവരവും വിവേകവും ഉള്ളവർ രാഷ്ട്രീയക്കാരും, ഉപദേശികളും ആയി ഉണ്ടാവണം.

ഇവിടെ ഒരു കാര്യം ഓർക്കണം. 2014ൽ നരേന്ദ്ര മോദി ഭരണത്തിൽ വന്നപ്പോൾ കോർപ്പറേറ്റുകളോട് ഗ്രാമങ്ങളെ ദത്തെടുത്ത് വികസിപ്പിക്കാൻ ആവശ്യപ്പെടുകയും കോർപ്പറേറ്റ് ഇന്ത്യ അത് കൈയടിച്ച് പാസ്സാക്കുകയും ചെയ്തിരുന്നു. അതുപോലെ, പല എം.പിമാരും, തങ്ങളുടെ നിയോജക മണ്ഡലത്തിലെ ഗ്രാമങ്ങൾ ദത്തെടുത്ത് വികസിപ്പിക്കുന്നുണ്ടായിരുന്നു. ആറുകൊല്ലം കൊണ്ട് ദത്തുഗ്രാമങ്ങളിലെ വികസനം എവിടെ വരെ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
കാലാവസ്ഥയോടും കീടങ്ങളോടും മണ്ണിനോടും വിത്തിനോടും നിരന്തരം പോരാടിനിൽക്കുന്ന ഗ്രാമീണന് ചെറിയ സൗകര്യങ്ങൾ ചെയ്തുകൊടുത്താൽ വിപണി വ്യവസ്ഥയിൽ ഭയക്കാതെ ഇടപെടലുകൾ നടത്താനാവും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഗ്രാമങ്ങൾ ഉണർന്നാൽ മാത്രം മതി. ധനമന്ത്രിമാർ ഈ യാഥാർഥ്യം മനസ്സിലാക്കി നയങ്ങളും അത് നടപ്പിലാക്കാനുള്ള സാമ്പത്തിക നീക്കിയിരിപ്പും നടത്തുമെന്ന് പ്രത്യാശിക്കാം.▮


ഡോ. രശ്മി പി. ഭാസ്‌കരൻ

ഡവലപ്​മെൻറ്​ ഇക്കണോമിസ്​റ്റ്​, പോളിസി അനലിസ്​റ്റ്​. വിദ്യാഭ്യാസം, മൈഗ്രേഷൻ, ലേബർ മാർക്കറ്റ്​, ഫിനാൻഷ്യൽ ഇൻക്ലൂഷൻ, അർബനൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. വിവിധ യു.എൻ ഏജൻസികൾക്കും അന്താരാഷ്​ട്ര ഡവലപ്​മെൻറ്​ ഏജൻസികൾക്കും കൺസൽട്ടൻറ്​ ആയും​ പ്രവർത്തിക്കുന്നു

Comments