നൂറു ദിനങ്ങൾ​ കൊണ്ട്​ കർഷകർ രാജ്യത്തെ പഠിപ്പിച്ചത്​

നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വിളകൊയ്യുന്ന കർഷകരുടെ ക്ഷമയും സ്ഥൈര്യവും മനസ്സിലാക്കാൻ സാമ്പ്രദായിക സമര നാടകങ്ങൾ മാത്രം കണ്ടുശീലിച്ച രാഷ്ട്രീയ പാർട്ടികളും മാധ്യമ വിശാരദന്മാരും ഏറെ പണിപ്പെടേണ്ടിവരും- ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന്​ നൂറുദിനം തികയുന്ന സന്ദർഭത്തിൽ, സമരത്തി​ന്റെ വർത്തമാനും ഭാവിയും വിലയിരുത്തുകയാണ്​ ലേഖിക.

ൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം മാർച്ച് അഞ്ചിന് നൂറ് ദിവസം പിന്നിടുകയാണ്. ഇന്ത്യയുടെ ലിഖിത ചരിത്രത്തിൽ, ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത, ഇത്രയും സുദീർഘമായ സത്യാഗ്രഹ സമരം മറ്റൊന്നുണ്ടാകാൻ വഴിയില്ല. അക്രമങ്ങളേയും, അവമതിപ്പുകളേയും, അറസ്റ്റുകളേയും അനിതരസാധാരണമായ ക്ഷമയും സഹനവും കൊണ്ട് നേരിടുന്ന കർഷക സമൂഹം രാജ്യത്തെ ജനാധിപത്യത്തിന് നൽകുന്ന സംഭാവന എത്രയെന്ന് ഭാവിതലമുറ വിലയിരുത്തുക തന്നെ ചെയ്യും.

പ്രക്ഷോഭം തകർക്കാൻ പലതരം തന്ത്രങ്ങളും പയറ്റിയ കേന്ദ്ര സർക്കാർ, അവയൊന്നും കർഷകരുടെ നിശ്ചയദാർഢ്യത്തെ ഉലയ്ക്കാൻ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ്, മൗനത്തിലൂടെയും അവഗണനയിലൂടെയും സമരത്തെ ദുർബലപ്പെടുത്താമെന്ന് നിശ്ചയിച്ചിരിക്കുകയാണ്.

മുഖ്യധാരാ മാധ്യമങ്ങളും സർക്കാരിന്റെ കൂട്ടിനുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പ്രക്ഷോഭം അവഗണിക്കാനും തമസ്‌കരിക്കാനും ശ്രമിച്ച് പരാജയപ്പെട്ട ദേശീയ മാധ്യമങ്ങൾക്ക് ഒടുവിൽ അവ റിപ്പോർട്ട് ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ നാളുകൾ കഴിയുമ്പോൾ സമരം നിർവ്വീര്യമാകുമെന്നും പതുക്കെ പതുക്കെ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാക്കിക്കൊണ്ട് ഭരണകൂട സേവ തുടരാമെന്നും അവർ കരുതുന്നു.

ട്രാക്ടർ റാലിക്കുശേഷം എന്ത് സംഭവിച്ചു?

ജനുവരി 26 ലെ ട്രാക്ടർ റാലിയിൽ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കാനും രാജ്യദ്രോഹ പ്രവർത്തനമാണ് പ്രക്ഷോഭകാരികൾ നടത്തുന്നതെന്ന്​വരുത്തിത്തീർക്കാനുള്ള സർക്കാർ നീക്കങ്ങളെ, ആദ്യത്തെ അങ്കലാപ്പിന് ശേഷം, തിരിച്ചറിയാനും പ്രക്ഷോഭത്തോടൊപ്പം കർഷകരെ ഉറപ്പിച്ചുനിർത്താനും സംഘടനാ നേതാക്കൾക്ക് സാധിച്ചു. സമരത്തിൽ കുഴപ്പങ്ങളുണ്ടാക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെട്ടതോടെയാണ് മാധ്യമങ്ങളിൽ നിന്ന് പ്രക്ഷോഭവാർത്തകൾ അപ്രത്യക്ഷമായത്. എന്നാൽ, തുടർന്നുള്ള നാളുകളിൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കപ്പെട്ട കിസാൻ മഹാപഞ്ചായത്തുകൾ ജനലക്ഷങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ദിശ രവി
ദിശ രവി

ഉത്തർപ്രദേശിലെ, സിസൗലി, ഭാഗ്പത്, ശ്യാംലി, രാജസ്ഥാനിലെ ഡൗസ, പഞ്ചാബിലെ ബർണാല, ഉത്തരാഖണ്ഡിലെ റൂർക്കി, രുദ്രാപൂർ, ഹരിയാനയിലെ ചൗപടാ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ലക്ഷക്കണക്കിന് കർഷകരുടെ പങ്കാളിത്തത്തോടെ മഹാ സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

ഫെബ്രുവരി 6ന് ദേശവ്യാപകമായി നടന്ന ദേശീയപാത ഉപരോധത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ലോറി ഉടമകളുടെ സംഘടനയായ ആൾ ഇന്ത്യാ ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഓണേഴ്സ്​ അസോസിയേഷന്റെ പിന്തുണ കൂടി കർഷകർക്ക് ലഭിച്ചു. ഇന്ത്യയിലെ 400ഓളം കേന്ദ്രങ്ങളിൽ ഉപരോധങ്ങൾ അരങ്ങേറി.

കേന്ദ്രം മെനഞ്ഞെടുത്ത ടൂൾകിറ്റ് വിവാദങ്ങളും, സമരത്തോടുള്ള മാധ്യമ അവഗണനകളും കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അപ്രസക്തമാകുന്ന കാഴ്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുക്കുന്നത്. ടൂൾ കിറ്റ് വിഷയത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട യുവ ക്ലൈമറ്റ് ആക്ടിവിസ്റ്റ് ദിശ രവിക്ക് ജാമ്യം അനുവദിച്ച്​, കോടതി നടത്തിയ പരാമർശം കേന്ദ്ര സർക്കാരിന് കിട്ടിയ പ്രഹരമായിരുന്നു. കർഷക സമരത്തെ പിന്തുണച്ചതിന്​ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നവ്ദീപ് കൗറിനും ഒന്നരമാസക്കാലത്തിന് ശേഷം ജാമ്യം ലഭിച്ചു.

പഞ്ചാബിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിലംപരിശാക്കാൻ കർഷകർക്ക് സാധിച്ചു. വോട്ട് തേടി ഗ്രാമങ്ങളിലേക്ക് ചെല്ലാൻ പോലും ബി.ജെ.പി നേതാക്കളെ കർഷകർ അനുവദിച്ചില്ല. ആർ.എസ്.എസിനെയും ബി.ജെ.പിയെയും മുഖ്യശത്രുവായി തിരിച്ചറിഞ്ഞ്​, അവർക്കെതിരെ രാജ്യത്തെവിടെയും പ്രചാരണത്തിനിറങ്ങുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിക്കഴിഞ്ഞു.

കർഷക സംഘടനാ നേതാക്കൾ ഫെബ്രുവരി പാതിയോടെ സംസ്ഥാനങ്ങൾ സന്ദർശിച്ച്​ സമരത്തിന്​ പിന്തുണ ശക്തമാക്കുകയാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് മഹാരാഷ്ട്ര, തെലങ്കാന, കർണ്ണാടക തുടങ്ങി അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിക്കുകയും കർഷക സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുകയുമാണ് ഇപ്പോൾ. ഗുർണാം ചദുനി ഉത്തരാഖണ്ഡിലും, ബൽബീർസിംഗ് രജേവാൾ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കർഷകരെ അഭിസംബോധ ചെയ്യും. മാർച്ച് 15ന് ആലപ്പുഴയിലെ രാമങ്കരിയിൽ കേരള കർഷക മഹാപഞ്ചായത്തിൽ രജേവാളിന് പുറമെ സംയുക്ത കിസാൻ മോർച്ച അംഗം മേധാ പട്കറും സംബന്ധിക്കുന്നുണ്ട്.
ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹാൻ വിഭാഗം) പഞ്ചാബിലെ കർഷക-കർഷക തൊഴിലാളികളെ സംഘടിപ്പിച്ച്​ പ്രക്ഷോഭത്തിന് പുതിയ മുഖം നൽകാനുള്ള പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ്. ബർണാലയിൽ ഫെബ്രുവരി 28ന് നടന്ന കർഷക മഹാ സമ്മേളനത്തിലെ പങ്കാളിത്തം ഈയൊരു ആശയത്തിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു.

രാകേഷ് ടികായത്
രാകേഷ് ടികായത്

ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിക്ക് കർഷക പ്രക്ഷോഭം ഏൽപ്പിക്കാൻ പോകുന്ന മുറിവ് ആഴത്തിലുള്ളതായിരിക്കും. ഈ പ്രക്ഷോഭം ആരംഭിച്ച നാൾതൊട്ട് ഭരണമുന്നണിയായ എൻ.ഡി.എയിലെ ദീർഘകാല സുഹൃത്തുക്കളായ അകാലിദളിനെ നഷ്ടമായതു മുതൽ ഏറ്റവും ഒടുവിൽ അസമിലെ ബി.ജെ.പി മുന്നണിയിൽ നിന്ന് ബോഡോലാൻറ്​ പീപ്പ്ൾസ് ഫ്രണ്ട് പുറത്തുവന്നതുവരെയുള്ള രാഷ്ട്രീയ മാറ്റങ്ങൾ വിരൽചൂണ്ടുന്നത് ഈ യാഥാർത്ഥ്യത്തിലേക്കാണ്. അസ്സമിലെ കൊക്രെജാറിലും യു.പിയിലെ മുസഫർനഗറിലും അടക്കം വർഗീയ വിത്തുകൾ വാരിയെറിഞ്ഞ് നേടിയെടുത്ത രാഷ്ട്രീയ ബന്ധങ്ങൾ ഒന്നൊന്നായി ബി.ജെ.പിയെ കയ്യൊഴിയുകയാണ്. മുസഫർനഗറിൽ ബി.ജെ.പിയുടെ കയ്യാളായി പ്രവർത്തിച്ച നരേഷ് ടികായത്, ബി.ജെ.പി കർഷകരെ വഞ്ചിച്ചുവെന്നും അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും തുറന്നുപറഞ്ഞിരിക്കുന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതിന്റെ സഹോദരനാണ് നരേഷ് ടികായത്.

പ്രക്ഷോഭ വേലിയേറ്റങ്ങൾക്കിടയിലെ ശാന്തതയെ, സമരത്തിന്റെ ദൗർബല്യമായി ചിത്രീകരിക്കുന്നവർ, കർഷകരുടെ തന്ത്രങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തവരാണ്. അല്ലെങ്കിൽ യാഥാർത്ഥ്യത്തിന് മുന്നിൽ കണ്ണടക്കുന്നവർ. കർഷക പ്രക്ഷോഭം വളരുക തന്നെയാണ്. തികച്ചും ജൈവീകമായ രീതിയിൽ. നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വിളകൊയ്യുന്ന കർഷകരുടെ ക്ഷമയും സ്ഥൈര്യവും മനസ്സിലാക്കാൻ സാമ്പ്രദായിക സമര നാടകങ്ങൾ മാത്രം കണ്ടുശീലിച്ച രാഷ്ട്രീയ പാർട്ടികളും മാധ്യമ വിശാരദന്മാരും ഏറെ പണിപ്പെടേണ്ടിവരും.


Summary: നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വിളകൊയ്യുന്ന കർഷകരുടെ ക്ഷമയും സ്ഥൈര്യവും മനസ്സിലാക്കാൻ സാമ്പ്രദായിക സമര നാടകങ്ങൾ മാത്രം കണ്ടുശീലിച്ച രാഷ്ട്രീയ പാർട്ടികളും മാധ്യമ വിശാരദന്മാരും ഏറെ പണിപ്പെടേണ്ടിവരും- ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന്​ നൂറുദിനം തികയുന്ന സന്ദർഭത്തിൽ, സമരത്തി​ന്റെ വർത്തമാനും ഭാവിയും വിലയിരുത്തുകയാണ്​ ലേഖിക.


Comments