ഡൽഹിയിൽ കാർഷിക ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ, പൊലീസ് ബാരിക്കേഡുകളിലും റോഡിലും മെഴുകുതിരികൾ കത്തിച്ചാണ് ഗുരുനാനാക് ജയന്തി ആഘോഷിച്ചത്‌

ലഖ്‌വീർ സിങ് (28); ജിതേന്ദ്ര പ്രധാൻ (82);
പുതിയ ചില സമരനന്മകളെക്കുറിച്ച്

കൃഷിപ്പണി സാഹോദര്യത്തിലൂടെ ഇന്ത്യൻ ഗ്രാമങ്ങൾ തീർക്കുന്നത്​ പുതിയ പ്രതിരോധം

ഖ്‌വീർ സിങ്ങിന് വയസ്സ് 28; ജിതേന്ദ്ര പ്രധാൻ ചൗധരിക്ക് 82 ആയി. ചെറുപ്പക്കാരൻ പഞ്ചാബിലെ മോഗ ജില്ലയിലെ ബഡ്നി കലാൻ ഗ്രാമത്തിൽ നിന്നാണ്. പശ്ചിമ ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബചോട് ഗ്രാമത്തിൽ ഏറെക്കാലം പ്രധാൻ ആയിരുന്നു ചൗധരി സാബ്. അഞ്ഞൂറ് കിലോമീറ്ററോളം അകലമുള്ള ഈ രണ്ടു ഗ്രാമങ്ങളിലും രണ്ടര മാസമായി കൊടും ശൈത്യമാണ്. ഇടക്കിടെ വീശിയടിക്കുന്ന പേമാരിയും രണ്ടിടത്തും ഉണ്ടാക്കുന്ന അലോസരവും ചെറുതല്ല. പ്രത്യേകിച്ചും ഇവിടങ്ങളിലേ കർഷകർക്ക്. ജാട്ട് സർദാർ കർഷകനായ ലഖ് വീറിനും ജാട്ട് ഹിന്ദു കർഷകനായ ചൗധരിക്കും ഈ കാലാവസ്ഥാകോപങ്ങൾ തങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന അതിഭീകരമായ പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അതുകൊണ്ടുതന്നെ കാലാവസ്ഥ സംബന്ധിച്ച ഉത്കണ്ഠ അവർ പങ്കുവെക്കുന്നുണ്ട്.

ലഖ്‌വീർ സിങ്ങ്
ലഖ്‌വീർ സിങ്ങ്

പക്ഷെ കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ ഇതുമാത്രമല്ല പ്രായത്തിൽ വലിയ വ്യത്യാസമുള്ള ഈ രണ്ടു കർഷകരും പങ്കുവെക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളെ മറികടക്കുന്നതിനേക്കാൾ തീഷ്ണമായ ഒരു അതിജീവന സമരത്തിൽ ഒരേ ഊർജ്ജത്തോടെ ഒന്നിച്ചു നിൽക്കുകയാണ് 500 കിലോമീറ്ററുകൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് ഇവർ രണ്ടുപേരും. വയോധികനായ ചൗധരി ചിലപ്പോൾ വാക്കിംഗ് സ്റ്റിക്കും മറ്റുചിലപ്പോൾ പശുവിനെ തെളിക്കാനുള്ള ഉപകരണവും പിന്നെ ചിലപ്പോൾ അടി ആയുധവുമായി മാറുന്ന നീളൻ ലാത്തിയും എടുത്ത് തലസ്ഥാനനഗരിയായ ഡൽഹിക്കുചുറ്റും കർഷകർ ഒരുക്കിയിട്ടുള്ള ഉപരോധത്തിൽ, മഞ്ഞിനെയും മഴയെയും വകവെക്കാതെ ഉറച്ചുനിൽക്കുകയാണ്. ഇടയ്ക്കു ചില ദിവസങ്ങളിൽ ബാഗ്പത്തിൽ പോകും. എങ്കിലും ഒന്നരമാസമായി ഈ 82കാരൻ മിക്കവാറും സമയങ്ങളിൽ ഡൽഹിയിലെ സമരമുഖത്ത് തന്നെയാണ്.

ലഖ്‌വീർ ഇതുവരെ ഡൽഹി സമര വേദികളിൽ എത്തിയിട്ടില്ല. പക്ഷേ, ഡൽഹിയിൽ പതിനായിരക്കണക്കിന് കർഷകർ അണിനിരന്ന് പ്രദർശിപ്പിക്കുന്ന പോരാട്ടവീറിന് ഒപ്പം നിൽക്കുന്ന കർമവീര്യവുമായാണ് ആ ചെറുപ്പക്കാരൻ സ്വന്തം ഗ്രാമമായ ബഡ്‌നി കലാനിൽ നിൽക്കുന്നത്. അത്ഭുതകരമായ സമരസാഹോദര്യത്തിന്റെ നിദർശനം തന്നെയാണ് ആ കർമവീര്യം. മാസങ്ങളായി ഡൽഹിയിലെ സമരവേദികളിൽ നിരന്തരമായി നിലയുറപ്പിച്ചിട്ടുള്ള ഗ്രാമത്തിലെ കർഷകരുടെ ഭൂമിയിൽ കൃഷിപ്പണി മുടങ്ങാതിരിക്കാൻ അവിടെ ഈ സമയത്ത് എന്താണോ ചെയ്യേണ്ടത് അത് മുടക്കമില്ലാതെ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് ലഖ്‌വീർ അടക്കമുള്ള ചെറുപ്പക്കാരുടെ നിര. ""ഗ്രാമത്തിലെ ഒരു കർഷകന്റെയും ഭൂമിയിൽ പണി നടക്കാതെ ഇരിക്കില്ല. ഒരുപക്ഷേ അവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവോ അതിനെക്കാൾ ഒരുപടി മുകളിൽ നിന്ന്, കൂടുതൽ മെച്ചമായി കാര്യങ്ങൾ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം.''

ബഡ്‌നി കലാൻ ഗ്രാമത്തിലെ ബ്രദർഹുഡ് ഫാമിങ്‌
ബഡ്‌നി കലാൻ ഗ്രാമത്തിലെ ബ്രദർഹുഡ് ഫാമിങ്‌

ലഖ്‌വീർ അടക്കമുള്ള യുവ കർഷകരുടെ നിരയ്ക്ക് വഴികാട്ടാനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും എഴുപതുകാരനായ ഇഖ്ബാൽ സിംഗും സർദൂൽ സിംഗും ഒക്കെയുണ്ട്.

ഗോതമ്പും പലതരം ധാന്യങ്ങളും ദശാബ്ദങ്ങളായി വ്യാപകമായി കൃഷിചെയ്യുന്ന ബഡ്‌നി കലാന്റെ മറ്റൊരു സവിശേഷ പാരമ്പര്യം സൈനികസേവനവുമായി ബന്ധപ്പെട്ടതാണ്. ഗ്രാമത്തിലെ കുടുംബങ്ങളിൽ നിന്ന് സൈന്യത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് കടന്നുപോയവർ നൂറുകണക്കിന് വരും. പട്ടാളത്തിൽ കേണലായി വിരമിച്ച ബൽജിത്ത് സിങ്ങ് ആ കൂട്ടത്തിൽ ഒരാളാണ്. സമരത്തിനുപോയ ഒരു കർഷകന്റെ കൃഷിപ്പണി മുടങ്ങാതെ നോക്കുന്ന ഉദ്യമവും ഗ്രാമത്തിന്റെ ദീർഘകാല പാരമ്പര്യത്തിൽ പെട്ടത് തന്നെയാണ് എന്ന് ബൽജിത്ത് എന്നോട് പറഞ്ഞു. ""ബ്രിട്ടീഷ് രാജിനെതിരായ സ്വാതന്ത്ര്യ സമരക്കാലത്ത് ഗ്രാമത്തിൽ തുടങ്ങിയ പാരമ്പര്യമാണിത്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം എന്റെ ഗ്രാമം ഈ പാരമ്പര്യം തിരിച്ചുപിടിക്കുമ്പോൾ അതിന്റെ അർത്ഥവും വ്യാപ്തിയും വളരെ വലുതാണ്. ഇങ്ങനെ ഈ പാരമ്പര്യം തിരിച്ചുപിടിച്ച ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇന്ന് പഞ്ചാബിലുണ്ട്. സംഘടിതമായി ഈ ഗ്രാമങ്ങളും അതിലെ കർഷകനും ഈ പ്രവൃത്തി ചെയ്യുമ്പോൾ അതിലൂടെ ഉയർന്നുവരുന്ന മറ്റൊരു സന്ദേശമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് രാജിനെ കണ്ടതുപോലെ തന്നെയാണ്, അത്രമാത്രം അവിശ്വാസത്തോടെയാണ് ഞങ്ങൾ കർഷകർ മോദി സർക്കാരിനെ കാണുന്നത് എന്നുതന്നെയാണ് അത്.''

സമരം ചെയ്യുന്ന കർഷകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന യുവാക്കൾ.
സമരം ചെയ്യുന്ന കർഷകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന യുവാക്കൾ.

കേണൽ ബൽജിത്തിന്റെ ഈ അവിശ്വാസപ്രഖ്യാപനം ബഡാനി കലാനിലെ ചെറുപ്പക്കാരും അവരെ നയിക്കുന്ന മുതിർന്നവരും ഒരുപോലെ ഏറ്റെടുക്കുന്നു. ബാഗ്പത്തിൽ നിന്ന് ഇടയ്ക്കിടെ ഡൽഹിയിലെ സമര വേദികളിലത്തി തന്റെ 82ന്റെ ചെറുപ്പം ലോകത്തിനു കാഴ്ചവെക്കുന്ന ചൗധരി സാബും ആവർത്തിച്ചു പറയുന്നത് ഈ അവിശ്വാസത്തെ പറ്റി തന്നെയാണ്. ഈ ലേഖകനോട് ഫോണിൽ സംസാരിക്കവെ ചൗധരി പറഞ്ഞത് ഈ അവിശ്വാസം മോദി സർക്കാരിൽ മാത്രമല്ല എന്നാണ്. "സ്വാതന്ത്ര്യസമര കാലം പോലെ തന്നെ കർഷകന് ഇപ്പോൾ ഒരു അധികാര സ്ഥാപനത്തെയും വിശ്വാസമില്ല. അത് കോടതിയാവട്ടെ, ബ്യൂറോക്രസി അടക്കമുള്ള ഭരണനിർവഹണ സംവിധാനങ്ങളാകട്ടെ, പ്രതിപക്ഷ കക്ഷികളാകട്ടെ, ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങളാകട്ടെ... ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന് ഈ കാലം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ സമരത്തിൽ ഒത്തുതീർപ്പുകളില്ല എന്ന് ഞങ്ങൾ പറയുന്നത്. ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. സ്വയം ഒരു രാഷ്ട്രീയസ്വത്വം ആയി മാറിക്കഴിഞ്ഞിരിക്കുന്ന കർഷകരുടെ പ്രഖ്യാപനമാണിത്.'

ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. സ്വയം ഒരു രാഷ്ട്രീയസ്വത്വം ആയി മാറിക്കഴിഞ്ഞിരിക്കുന്ന കർഷകരുടെ പ്രഖ്യാപനമാണിത്.
ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. സ്വയം ഒരു രാഷ്ട്രീയസ്വത്വം ആയി മാറിക്കഴിഞ്ഞിരിക്കുന്ന കർഷകരുടെ പ്രഖ്യാപനമാണിത്.

2019 ലോകസഭാ തെരെഞ്ഞെടുപ്പ് വരെ ചൗധരി സാബും ലഖ് വീറും കടുത്ത മോദി സപ്പോർട്ടർമാരായിരുന്നു. ബഡ്നി കലാനിലെയും ബചോടിലെയും ഭൂരിപക്ഷം കർഷകരും അങ്ങനെയായിരുന്നു. ""ഇന്ന് അവരിൽ ഒരാൾ പോലും മോദിക്കൊപ്പമില്ല'' എന്ന് പറയുന്നു ചൗധരി സാബ് . ""എന്തിനധികം, ബഡ്നി കലാനും ബചോടും പോലുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ബി.ജെ.പിയാണ്, ബി.ജെ.പിക്കൊപ്പമാണ് എന്നുപറഞ്ഞ് കടക്കാൻ പോലും ഒരുത്തനും പറ്റില്ല. മഹാനായ കർഷക നേതാവ് ദേവിലാലിന്റെ കൊച്ചു മകന് ദുഷ്യന്ത് ചൗത്താലയുടെ പോലും സ്ഥിതി ഇതാണ്. ഹരിയാനയിലെ ബി.ജെ.പി മുന്നണി സർക്കാരിൽ ഉപമുഖ്യമന്ത്രിയായ ആ ചെറുക്കൻ കർഷകരെ ഒറ്റയടിക്ക് കൊല്ലാൻ നോക്കുന്ന മോദിക്കും അയാളുടെ കോർപറേറ്റ് ചങ്ങാതിമാരായ അദാനിയുടെയും അംബാനിയുടെയും തോളിൽ കയ്യിട്ട് എത്രനാൾ നടക്കുമെന്നു നോക്കാം.'' ഒരു വലിയ കേൾവി ചൗധരിക്കൂട്ടത്തെ മുൻനിർത്തി കത്തിക്കയറുന്ന ചൗധരി സാബ് ഹിന്ദി ചാനലുകളിലും യൂ ട്യൂബ് വീഡിയോകളിലും വൈറലായിക്കൊണ്ടിരിക്കുന്നു.

ഒരു 82 കാരൻ സൃഷ്ടിക്കുന്ന ഈ വൈറാലിറ്റിയെ ഏറ്റുപിടിക്കുന്നത് 28 കാരും അതിൽ താഴെ പ്രായമുള്ളവരും 82 നും 28 നും ഇടയിൽ ഉള്ളവരും ആണെന്ന് ബൽജിത് ചൂണ്ടിക്കാട്ടുന്നു. ""ഇതൊരു പുതിയ പ്രതിഭാസമാണ്. പക്ഷെ, പഞ്ചാബിലെ ആയിരക്കണക്കിന് ഗ്രാമഗ്രാമങ്ങളിൽ ഇപ്പോൾ കാണുന്ന കൃഷിപ്പണി സാഹോദര്യം പോലെ പഴയതിന്റെ സമരനന്മകൾ ഉള്ളിൽ ചേർത്ത പുതിയ പ്രതിഭാസം. പുതിയ ബഡ്നീ കാലാനുകൾ ഹരിയാനയിലും ഉത്തർപ്രാദേശിലും വളർന്നുവരുന്നുണ്ട് എന്ന് ഞാൻ കേൾക്കുന്നു. ഗ്രാമങ്ങളിൽ നിന്നുയരുന്ന ഈ നവഊർജം ഇന്ത്യയെയും പുതുതാക്കാൻ പര്യാപ്തമാണ്.'' ഒരേ സമയം സൈനികനും കൃഷിക്കാരനുമായ ബൽജിത്തിന് ഇത് പുതിയ ജയ് ജവാൻ, ജയ് കിസാൻ കാലം. ▮


വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

Comments