കർഷക പോരാളികൾ എങ്ങനെയാണ് ഡൽഹിവരെ എത്തിയത്?

ഡൽഹിയിലേക്ക് 30-40 കിലോമീറ്റർ അകലെയുള്ള സിംഘു, തിക്രി എന്നീ അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ച് സമരം ചെയ്യുന്ന കർഷക പ്രക്ഷോഭകർ എങ്ങനെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടും വിധം തങ്ങളുടെ സമരത്തെ വികസിപ്പിച്ചത് എന്നത്, സമീപകാലത്തെ ഇന്ത്യയുടെ സമരചരിത്രത്തിലെ ആവേശകരമായ അധ്യായമാണ്. മയക്കത്തിലായിരുന്ന കർഷക സമൂഹം പെട്ടെന്ന് ഞെട്ടിയുണർന്നത് പോലെയാണ് പലർക്കും ഇത് അനുഭവപ്പെടുന്നത്. എന്നാൽ ഈ പ്രക്ഷോഭം യാദൃശ്ചികമായി ഉയർന്നുവന്നതല്ല. വിട്ടുവീഴ്ചയില്ലാത്ത ഒരു സമരത്തിലേക്ക് കർഷകർ നടന്നെത്തിയതിന്റെ നാൾവഴികൾ

യിരക്കണക്കിന് ട്രാക്ടറുകളും ലോറികളും ഡൽഹി- ഹരിയാന അതിർത്തികളിൽ തമ്പടിച്ചു നിൽക്കുകയാണ്. ഡൽഹിയിലേക്ക് 30-40 കിലോമീറ്റർ അകലെയുള്ള സിംഘു, തിക്രി എന്നീ അതിർത്തി പ്രദേശങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു.

ദേശീയ മാധ്യമങ്ങൾ ഏറെയും അവിടെയുണ്ട്. മാസങ്ങൾക്ക് മുമ്പ് കർഷക പ്രതിഷേധങ്ങളെ തിരിഞ്ഞുനോക്കാതിരുന്നവർ കർഷക സമരത്തിന്റെ ചൂടറിഞ്ഞ് കാര്യങ്ങൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ലേഖകന്മാരെ അവിടേക്ക് അയച്ചിരിക്കുന്നു. പതിനായിരങ്ങൾക്ക് മൂന്ന് നേരവും ഭക്ഷണമൊരുക്കുന്ന ഡസൻ കണക്കിന് ലംഗറുകൾ. ട്രാക്ടറുകളും തമ്പുകളും കൊണ്ട് പ്രക്ഷോഭകാരികൾക്ക് താമസമൊരുക്കിയിരിക്കുന്നു. പ്രക്ഷോഭം പതിനൊന്ന് ദിവസം പിന്നിടുമ്പോഴേക്കും സിംഘുവും തിക്രിയും തീർത്ഥാടന കേന്ദ്രം പോലെയായിരിക്കുന്നു. ഡൽഹിയിലും ചണ്ഡീഗഢിലുമുള്ള നഗരവാസികൾ കർഷക പ്രക്ഷോഭം നേരിൽ കാണാൻ അവിടേക്കൊഴുകിയെത്തുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും ജനകീയ പ്രക്ഷോഭ പ്രവർത്തകരും ഐക്യദാർഢ്യവുമായി കർഷകരോടൊപ്പമുണ്ട്. സമരം ദേശീയതലത്തിൽ നിന്ന് അന്തർദ്ദേശീയ തലത്തിലേക്ക് വളർന്നിരിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന, ബ്രിട്ടനിലെ 36ഓളം എം.പിമാർ ഒപ്പിട്ട നിവേദനം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ മാർച്ചുകൾ... അഖിലേന്ത്യാ ട്രക്ക് ഉടമസ്ഥസംഘം പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കർഷക നിയമത്തിനെതിരായി പഞ്ചാബിൽ കിസാൻ യൂണിയൻ നടത്തിയ ധർണ
കർഷക നിയമത്തിനെതിരായി പഞ്ചാബിൽ കിസാൻ യൂണിയൻ നടത്തിയ ധർണ

സുപ്രീംകോടതി ബാർ അസോസിയേഷൻ, അഖിലേന്ത്യാ തലത്തിൽ ഹോട്ടലുടമസ്ഥ സംഘം എന്നിവ തൊട്ട് ഏതാണ്ടെല്ലാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരവുമായി ഐക്യപ്പെടുന്നു. സംഗീതകാരന്മാർ, കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തങ്ങൾക്ക് ലഭിച്ച ദേശീയ അവാർഡുകൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിക്കുന്നു.

ഇത്ര ശ്രദ്ധപിടിച്ചു പറ്റിയ, ഇത്ര ജനപങ്കാളിത്തം നേടിയ മറ്റൊരു പ്രക്ഷോഭവും ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ കാണാൻ കഴിയില്ല. മയക്കത്തിലായിരുന്ന കർഷക സമൂഹം പെട്ടെന്ന് ഞെട്ടിയുണർന്നത് പോലെയാണ് പലർക്കും ഇത് അനുഭവപ്പെടുന്നത്. എന്നാൽ ഈ പ്രക്ഷോഭം യാദൃശ്ചികമായി ഉയർന്നുവന്നതാണോ? നവമ്പർ 26ന് കർഷക സംഘടനകൾ പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ചിന് ഇത്ര പിന്തുണ ലഭിച്ചതെങ്ങിനെ? കർഷക സമരത്തെ പല രീതിയിൽ അവമതിക്കാൻ ശ്രമിച്ച ഭരണകൂടത്തിന് മിണ്ടാട്ടം മുട്ടിപ്പോയ രീതിയിൽ ഈ സമരം വളർന്നതെങ്ങിനെ? ഒരു സുപ്രഭാതത്തിൽ വളർന്നുവന്നതാണോ ഈ കർഷക പ്രക്ഷോഭം? അതറിയണമെങ്കിൽ കർഷക പ്രക്ഷോഭങ്ങളുടെ നാൾവഴികളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.

ആറ് മാസമായി നടന്നുവരുന്ന തയ്യാറെടുപ്പുകളെക്കുറിച്ച്... അവ സൃഷ്ടിച്ച രാഷ്ട്രീയാവബോധങ്ങളെക്കുറിച്ച്... സമര മുഖങ്ങളിലെ വൈവിധ്യങ്ങളെക്കുറിച്ച്... വിത്തിറക്കി, കീടങ്ങളെയും വന്യമൃഗങ്ങളെയും തുരത്തി (ഇവിടെ കാര്യലാഭത്തിനായി പിന്തുണയുമായെത്തുന്ന കക്ഷിരാഷ്ട്രീയ നേതൃത്വത്തെ എന്ന് വായിക്കാം), വിളവിനായി കാത്തിരിക്കുന്ന കർഷകന്റെ സമാനതകളില്ലാത്ത ക്ഷമാശീലങ്ങളെക്കുറിച്ച്... മനസ്സിലാക്കേണ്ടതുണ്ട്.

500 ഗ്രാമങ്ങളിൽ ‘പുരപ്പുറ പ്രതിഷേധം’

2020 ജൂൺ 5നാണ് കാർഷിക മേഖലയുമായി മൂന്ന് ഓർഡിനൻസുകൾ (1. ഫാർമേർസ് എംപവർമെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറൻസ് ആന്റ് ഫാം സർവീസ് ബിൽ, 2. ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേർസ് പ്രൊമോഷൻ ആന്റ് ഫസിലിറ്റേഷൻ ബിൽ, 3. എസ്സൻഷ്യൽ കമ്മോഡിറ്റീസ് (അമെന്റ്‌മെൻഡ്) ബിൽ) കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. സെപ്തംബർ 14ന് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കുന്നതോടെ ഇത് ബില്ലായി മാറുകയും പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് പാർലമെന്റിലും, തൊട്ടടുത്ത ദിവസങ്ങളിൽ ചർച്ച പോലും കൂടാതെ രാജ്യസഭയിലും ബിൽ പാസാക്കുകയുണ്ടായി.

ജൂൺ 5ന് കേന്ദ്ര മന്ത്രിസഭ ഓർഡിനൻസ് ഇറക്കിയ തൊട്ടടുത്ത ദിവസം തന്നെ കർഷകർ, പ്രത്യേകിച്ചും പഞ്ചാബിലെ കർഷകർ പ്രതിഷേധം പ്രകടിപ്പിച്ചു. ജൂൺ ആറിന് കേന്ദ്ര ഭരണ മുന്നണിയായ എൻ.ഡി.എയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ജൂൺ 14ന് ഭാരതീയ കിസാൻ യൂണിയൻ കാർഷിക നിയമ ഭേദഗതികൾ കർഷകർക്കുള്ള മരണക്കെണിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭേഗഗതികൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അറിയിച്ചു. ‘കരാർ കൃഷി'യുടെ അപകടം തുറന്നുകാട്ടിയായിരുന്നു ആ പ്രസ്താവന. ജൂൺ 14- 30 വരെയുള്ള ദിവസങ്ങളിൽ തങ്ങളുടെ പുരപ്പുറത്ത് ഒരു മണിക്കൂർ നിലയുറപ്പിച്ചുകൊണ്ട് (രാവിലെ 9 മുതൽ 10 വരെ) കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു കർഷകരുടെ പ്രക്ഷോഭം. ആദ്യദിവസങ്ങളിൽ ഏതാനും ഗ്രാമങ്ങളിൽ മാത്രമായി ആരംഭിച്ച ‘പുരപ്പുറ പ്രതിേഷധം' അവസാന ദിനങ്ങളിൽ 500ലധികം ഗ്രാമങ്ങളിൽ അരങ്ങേറി. പഞ്ചാബിലെ സബ് മജിസട്രേറ്റ് ഓഫീസുകൾക്ക് മുന്നിൽ 50പേർ കൂടിച്ചേർന്നുള്ള ധർണകൾ നടക്കുകയും മെമ്മോറാണ്ടം കൈമാറുകയും ചെയ്തു ഈ നാളുകളിൽ.

ട്രാക്ടർ മാർച്ച്

ജൂലൈ 20ന് ഭാരതീയ കിസാൻ യൂണിയൻ, കൃതി കിസാൻ യൂണിയൻ, കുൽഹിന്ദ് കിസാൻ യൂണിയൻ തുടങ്ങി 11ഓളം കർഷക സംഘടനകൾ ചേർന്ന് പ്രതിഷേധ വ്യാപകമാക്കാൻ തീരുമാനിക്കുകയും 15 ജില്ലകളിൽ അകാലിദൾ- എൻ.ഡി.എ സംഖ്യത്തിന്റെ കോലം കത്തിക്കുന്ന പരിപാടികൾ നടത്തുകയും ചെയ്തു. കർഷക സംഘടനകൾ ഒരുമിച്ച് ചേർന്ന് ജൂലൈ 27ന് ട്രാക്ടർ മാർച്ച് നടത്താൻ തീരുമാനിച്ചു. 25000 ട്രാക്ടറുകളാണ് ഈ മാർച്ചിൽ പങ്കെടുത്തത്. യുവ കർഷകയായ, പതിനേഴുകാരി, ബൽദീപ് കൗർ ആയിരുന്നു ഈ ട്രാക്ടർ മാർച്ച് നയിച്ചത്.

പഞ്ചാബിലെ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ഈ ട്രാക്ടർ മാർച്ച് മെമ്മോറാണ്ടം നൽകുകയുണ്ടായി. ബൽദീപ് കൗർ നയിച്ച ട്രാക്ടർ മാർച്ച് സമാപിച്ചത് കേന്ദ്ര മന്ത്രിയും അകാലിദൾ നേതാവുമായ ഹർസിമ്രത് കൗറിന് നിവേദനം നൽകിക്കൊണ്ടായിരുന്നു. (തുടർന്ന് സെപ്തംബർ 17, 20 തീയ്യതികളിൽ ആം ആദ്മി പാർട്ടി, കോൺഗ്രസ്സ്, അകാലിദൾ എന്നിവയുടെ മുൻകൈയ്യിലും ട്രാക്ടർ റാലികൾ നടന്നു.)

ജൂലൈ 29ന് 11 കർഷക യൂണിയനുകൾ ചേർന്ന് പ്രധാനമന്ത്രി, പഞ്ചാബ് മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം അയച്ചു. ആഗസ്ത് മുഴുവനായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ കർഷക വിരുദ്ധ ഓർഡിനൻസിലെ ചതിക്കെണികൾ വിശദീകരിച്ച്​ യോഗങ്ങൾ സംഘടിപ്പിച്ച്​ജനങ്ങളെ ഈ നിയമത്തിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തി. കർഷക സംഘടനകൾ ചേർന്നുകൊണ്ടുള്ള ആൾ ഇന്ത്യാ കിസാൻ സംഘർഷ സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ഈ ബോധവൽക്കരണ പരിപാടിയിൽ സജീവ പങ്കാളികളായി. ഇതേ കാലയളവിൽ കർഷക പ്രക്ഷോഭം അഖിലേന്ത്യാ വ്യാപകമായി നടത്തുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും 20ഓളം സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം പടരുകയും ചെയ്തു. ആഗസ്ത് 19ന്​, പഞ്ചാബിലെ 31ഓളം കർഷക സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുവാനും ആൾ ഇന്ത്യാ കിസാൻ സംഘർഷ സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുമായി സഹകരിക്കുവാനും തീരുമാനിച്ചു.

ദില്ലി ചലോ മാർച്ചിന്​ ഒത്തുകൂടിയ പഞ്ചാബിലെ കർഷകർ
ദില്ലി ചലോ മാർച്ചിന്​ ഒത്തുകൂടിയ പഞ്ചാബിലെ കർഷകർ

"ദില്ലി ചലോ' മാർച്ചിലേക്ക്

ആഗസ്ത് 25ന് ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹാൻ വിഭാഗം) അകാലി ദൾ- എൻ.ഡി.എ നേതാക്കളെ ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് വില്ലേജ് കവാടങ്ങളിൽ ധർണ ആരംഭിച്ചു. സെപ്തംബർ 7-10 വരെയുള്ള തീയ്യതികളിൽ 31ഓളം കർഷക സംഘടനകളുടെ മുൻകൈയ്യിൽ ‘ജയിൽ നിറക്കൽ' സമരം നടത്തുകയും ആയിരക്കണക്കിന് കർഷകർ അറസ്റ്റ് വരിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ, ഐ.പി.സി 144 ആക്ട് എന്നിവ ലംഘിച്ചതിന്റെ പേരിൽ നിരവധി കർഷകരുടെ പേരിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയുണ്ടായി.

ട്രാക്​റ്ററിലും മറ്റു വാഹനങ്ങളിലുമായി കർഷകർ ’ദില്ലി ചലോ’ മാർച്ചിൽ
ട്രാക്​റ്ററിലും മറ്റു വാഹനങ്ങളിലുമായി കർഷകർ ’ദില്ലി ചലോ’ മാർച്ചിൽ

സെപ്തംബർ 11ന് പഞ്ചാബിലെ പിപ്‌ലി ഗ്രാമത്തിൽ കർഷകർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിനെതിരായി വലിയ പ്രതിഷേധം ഉയരുകയുണ്ടായി. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 12ന് ഹരികെ പഠാൻ, ബിയാസ് ബ്രിഡ്ജുകൾ തടഞ്ഞുകൊണ്ട് കർഷകർ പ്രതിഷേധിച്ചു. സെപ്തംബർ 12 തൊട്ട് ‘പക്കാ മോർച്ച' (ഉറച്ച മുന്നേറ്റം) ആരംഭിക്കുവാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കർഷക പ്രതിഷേധത്തിന്റെ തീവ്രത വർദ്ധിക്കുന്നതു തിരിച്ചറിഞ്ഞ പഞ്ചാബ് സർക്കാർ കർഷക പ്രക്ഷോഭകർക്കെതിരായി റജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ ഉത്തരവിടുകയുണ്ടായി. സെപ്തംബർ 17ന് അകാലിദൾ നേതാവും കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു അവരുടെ രാജി.

കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി അലയടിച്ചുകൊണ്ടിരുന്നപ്പോഴും പാർലമെന്റിൽ ചർച്ച പോലും നടത്താതെ പാസാക്കിയ മൂന്ന് നിയമങ്ങൾക്കും സെപ്തംബർ 27ന് രാഷ്ട്രപതി അംഗീകാരം നൽകുകയുണ്ടായി. ഇതേ ദിവസം തന്നെ 27 കൊല്ലത്തെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് അകാലിദൾ പുറത്തുവരികയും കർഷക പ്രക്ഷോഭത്തോട് തുറന്ന രീതിയിൽ ഐക്യപ്പെടുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഒക്‌ടോബർ 1 മുതൽ റെയിൽ തടയൽ സമരം നടത്താൻ പഞ്ചാബിലെ 31 കർഷക സംഘടനകൾ തീരുമാനിച്ചു. ഈ റെയിൽ തടയൽ സമരം ഒക്‌ടോബർ 21വരെ തുടർന്നു. പഞ്ചാബിലേക്കുള്ള തീവണ്ടികൾ കേന്ദ്ര സർക്കാർ നവമ്പർ 23വരെ നിർത്തിവെക്കുകയും ചെയ്തിരുന്നു. റെയിൽ തടയൽ സമരത്തോടൊപ്പം തന്നെ പാർലമെന്റ് അംഗങ്ങളുടെ വീടുകൾക്ക് മുന്നിലും പെട്രോൾ പമ്പ്, മാളുകൾ എന്നിവയ്ക്ക് മുന്നിലും കർഷകർ ധർണ്ണ നടത്തുകയുണ്ടായി.

ദിവസം കഴിയുന്തോറും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. നവമ്പർ 5ന് ദേശീയ തലത്തിൽ വഴിതടയൽ സമരം നടത്തിയത് സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ നവമ്പർ 26ന് ‘ദില്ലി ചലോ മാർച്ച്' സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ ഒരുമിച്ച് ചേർന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ആഭ്യന്തര വകുപ്പിനോടും ഇന്റലിജൻസിനാടും ‘നോ'

പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ നിന്ന് കർഷക നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കർഷക മാർച്ച് ദില്ലിയിലെത്താതിരിക്കുവാനുള്ള മുൻകരുതൽ എന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ സർക്കാർ മുൻകൈയ്യിൽ മാർഗതടസം സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ലക്ഷക്കണക്കായ കർഷകർക്ക് മുന്നിൽ ഇത്തരം പ്രതിരോധങ്ങൾ ഫലം ചെയ്യുകയില്ലെന്ന ബോദ്ധ്യം വളരെ പെട്ടെന്നുതന്നെ സർക്കാരുകൾക്ക് കൈവന്നു. മാർച്ച് ആരംഭിച്ച കർഷക മാർച്ചിനെ ഡൽഹിയിലെത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നവമ്പർ 26ന് വിവിധ സ്ഥലങ്ങളിൽ വെച്ച് മാർച്ച് തടഞ്ഞു.

അംബാലയിലും കർണാലിലും ഡോൽപൂരിലും കർഷക മാർച്ചിനെ തടഞ്ഞുവെങ്കിലും ഒടുവിൽ ഡൽഹി- ഹരിയാന അതിർത്തിയിലേക്ക് അവർ എത്തിപ്പെടുക തന്നെ ചെയ്തു. ഡൽഹി അതിർത്തിയിൽ എത്തിയ പ്രക്ഷോഭകാരികളെ ബുരാഡി മൈതാനത്തേക്ക് സ്വാഗതം ചെയ്​ത്​ കേന്ദ്രസർക്കാർ പ്രസ്താവന ഇറക്കിയെങ്കിലും കർഷക സംഘടനകൾ സർക്കാരിന്റെ അഭ്യർത്ഥന തള്ളിക്കളയുകയാണ് ചെയ്തത്.

കർഷക പ്രക്ഷോഭത്തിന് ദിനംപ്രതിയെന്നോണം വർദ്ധിച്ചുവരുന്ന പിന്തുണ കേന്ദ്ര സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതരുടെ നീക്കങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആദ്യഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്റലിജൻസ് വകുപ്പും കർഷകരുമായി ചർച്ച ചെയ്യാൻ മുൻകൈ എടുത്തുവെങ്കിലും ആഭ്യന്തര വകുപ്പും ഇന്റലിജൻസുമല്ല കേന്ദ്ര സർക്കാർ കൃത്യമായി നിയോഗിച്ച മന്ത്രിസഭാ സമിതിയുമായി മാത്രമേ തങ്ങൾ ചർച്ചക്ക് തയ്യാറുള്ളൂ എന്ന് കർഷക നേതൃത്വം സർക്കാരിനെ അറിയിച്ചു. സമരം ആരംഭിച്ചതിൽ പിന്നെ 5 തവണ കർഷക പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്ര ഗവൺമെന്റ് ശ്രമിച്ചു. എം.എസ്.പി നിലനിർത്തി നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ കർഷകർക്ക് ഉറപ്പുനൽകിയെങ്കിലും അവ സ്വീകരിക്കാൻ കർഷക പ്രതിനിധികൾ തയ്യാറായില്ല.

സർക്കാരിന്റെ ആതിഥേയത്വം പോലും സ്വീകരിക്കാതെ സ്വന്തം ഭക്ഷണവുമായി എത്തിയ കർഷക സംഘടനാ പ്രതിനിധികൾ ആത്മാഭിമാനത്തിന്റെ പുതിയൊരധ്യായം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മുന്നിൽ തുറന്നുവെച്ചു. ചർച്ചയിലുടനീളം തങ്ങളുടെ സുപ്രധാന ആവശ്യം അവർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് കാണാൻ കഴിയും. കർഷക വിരുദ്ധങ്ങളായി മൂന്ന് നിയമങ്ങളും പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അത്തരമൊരു ഉറപ്പ് ലഭിക്കുംവരെ ഇനിയങ്ങോട്ട് ചർച്ചയ്ക്കില്ലെന്നും അവർ ഭരണകൂടത്തിന് അന്ത്യശാസനം നൽകുകയും ചെയ്തു. ഡിസമ്പർ 5ന് നടന്ന അഞ്ചാം വട്ട ചർച്ചയ്ക്ക് മുന്നെ തന്നെ ഡിസമ്പർ 8ന്റെ ഭാരത ബന്ദ് കർഷക സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഇത് കോടിക്കണക്കിനുപേരുടെ സമരമാണ്...

ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ കർഷകർ ഉയർത്തിവിട്ട പ്രക്ഷോഭത്തിന്റെ അലകൾ ജനാധിപത്യ വിശ്വാസികൾക്കിടയിൽ പുതിയൊരു ആത്മവിശ്വാസം ജനിപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. നിരവധി ജനവിരുദ്ധ നിയമങ്ങളും ഓർഡിനൻസുകളും എല്ലാ എതിർപ്പുകളെയും മറികടന്ന്, ജനകീയ പ്രക്ഷോഭങ്ങളെ അവവമതിച്ചും അവഗണിച്ചും നടപ്പാക്കിക്കൊണ്ടിരുന്ന മോദി സർക്കാരിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതാണ് കർഷക പ്രക്ഷോഭം. ഇത് ഇന്ത്യയുടെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കൊന്നാകെ ഊർജ്ജം പകരുന്നതായിരിക്കും.

ഭാരത് ബന്ദിന് പിന്തുണയുമായി കർഷക സ്​ത്രീകൾ
ഭാരത് ബന്ദിന് പിന്തുണയുമായി കർഷക സ്​ത്രീകൾ

അതോടൊപ്പം സംഘപരിവാരത്തിന്റെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കേൽക്കുന്ന അതിശക്തമായ അടിയുമായിരിക്കും. ഒരു ഭാഗത്ത് അനുദിനം തടിച്ചുകൊഴുക്കുന്ന വമ്പൻ കോർപ്പറേറ്റുകളുടെ മടിശ്ശീലക്കനത്തിൽ രാജ്യഭരണം നടത്തുന്ന സംഘപരിവാരവും മറുഭാഗത്ത് ഇന്ത്യയിലെ കോടിക്കണക്കായ കർഷകരും ചേർന്നുള്ള സമരമാണിത്. സമരമല്ലാതെ മറ്റൊരു വഴിയും തങ്ങളുടെ മുന്നിൽ അവശേഷിക്കുന്നില്ലെന്ന് തിരിച്ചറിയുന്ന ഒരു ജനതക്കുമുന്നിൽ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരും എന്നത് നിസ്തകർക്കമാണ്.


കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ വായിക്കാം


Summary: ഡൽഹിയിലേക്ക് 30-40 കിലോമീറ്റർ അകലെയുള്ള സിംഘു, തിക്രി എന്നീ അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ച് സമരം ചെയ്യുന്ന കർഷക പ്രക്ഷോഭകർ എങ്ങനെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടും വിധം തങ്ങളുടെ സമരത്തെ വികസിപ്പിച്ചത് എന്നത്, സമീപകാലത്തെ ഇന്ത്യയുടെ സമരചരിത്രത്തിലെ ആവേശകരമായ അധ്യായമാണ്. മയക്കത്തിലായിരുന്ന കർഷക സമൂഹം പെട്ടെന്ന് ഞെട്ടിയുണർന്നത് പോലെയാണ് പലർക്കും ഇത് അനുഭവപ്പെടുന്നത്. എന്നാൽ ഈ പ്രക്ഷോഭം യാദൃശ്ചികമായി ഉയർന്നുവന്നതല്ല. വിട്ടുവീഴ്ചയില്ലാത്ത ഒരു സമരത്തിലേക്ക് കർഷകർ നടന്നെത്തിയതിന്റെ നാൾവഴികൾ


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments