മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ വിശ്വാസമർപ്പിച്ച് സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയാണ് കർഷക സംഘടനകൾ. ഡൽഹി അതിർത്തിയിൽനിന്ന് സമരം സംസ്ഥാനങ്ങളിലേക്ക് വിപുലമാക്കാനുള്ള പരിപാടികൾ സമരനേതാക്കൾ ട്രൂ കോപ്പി വെബ്‌സീനുമായി പങ്കുവെക്കുന്നു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയും നേതാക്കന്മാരെയും മാറ്റിനിർത്തി ലക്ഷ്യത്തിലെത്തിച്ച കർഷക സമരത്തിന്റെ രാഷ്ട്രീയവും വെബ്‌സീൻ ചർച്ചയാക്കുകയാണ്. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ- വിഭജന രാഷ്ട്രീയത്തിനും കോർപറേറ്റിസത്തിനും എതിരായ ഒരു പുതിയ വർഗരാഷ്ട്രീയമാണ് ഈ സമരത്തിലൂടെ ഉയർന്നുവന്നത് എന്ന വാദം ഒരു ഭാഗത്തും എന്നാൽ, പരമ്പരാഗത പാർട്ടികളെ മാറ്റിനിർത്തുകയും സമരത്തിന്റെ സ്ട്രാറ്റജി നേതൃത്വത്തിൽനിന്ന് ജനം ഏറ്റെടുക്കുകയും നേതൃത്വത്തെ ജനം ടാക്റ്റിക്കലായി തെരഞ്ഞെടുക്കുകയും ചെയ്യുന്ന വർഗധ്രുവീകരണമാണ് സംഭവിച്ചിരിക്കുന്നതെന്ന വാദം മറുവശത്തുമുണ്ട്.
ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ ഒന്ന് ലക്ഷ്യത്തിലേക്കു സഞ്ചരിച്ച വഴികൾ, അഭിമുഖീകരിച്ച ആക്രമണങ്ങളും പ്രതിസന്ധികളും, സമരത്തിന്റെ ഭാവി, ഇന്ത്യൻ രാഷ്ട്രീയത്തിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്നിവ സമഗ്രമായി വിലയിരുത്തപ്പെടുന്നു.
ഡോ. പി. സ്മിത: കർഷക പ്രക്ഷോഭങ്ങളിലെ അഭൂതപൂർവ്വമായ സ്ത്രീ പങ്കാളിത്തത്തെ, അത് മുന്നോട്ടുവെക്കുന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളാൻ പ്രക്ഷോഭ നേതൃത്വത്തിന് സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. പ്രക്ഷോഭത്തിന്റെ ഉയർന്ന നയരൂപീകരണ നേതൃത്വത്തിലടക്കം ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തക്കുറവ് ഈ ചോദ്യം പ്രസക്തമാക്കുന്നുണ്ട്. കർഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും, അവ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിലും, ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കുന്നതിലും, പ്രസംഗവേദികൾ പങ്കിടുന്നതിലും റാലികളിലെ മുൻനിരകളിലും സ്ത്രീകളുടെ സാന്നിദ്ധ്യം പരിമിതമാണ് എന്നത് തുറന്നുപറയേണ്ടതുണ്ട്.
കെ. സഹദേവൻ: ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുരുതരമാണ്. തൊലിപ്പുറ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒന്നല്ല അത്. രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി മാത്രമായി പാർലമെന്റ്? പ്രത്യേക സമ്മേളനം ചേരേണ്ടതുണ്ടെന്ന് കർഷകർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ആ ഒരു ആവശ്യത്തെ പിന്തുണയ്ക്കാനും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകേണ്ടതുണ്ട്.
ബി. രാജീവൻ: സോവിയറ്റ് മാർക്‌സിസത്തിന്റെ രാഷ്ട്രീയ സങ്കൽപമനുസരിച്ച് നോക്കിയാൽ, കർഷകരും മറ്റും ഒരു പിന്നണി വർഗമാണ്. വർഗബോധമുള്ള തൊഴിലാളിവർഗത്താൽ നയിക്കപ്പെടേണ്ട വർഗ്ഗബോധമില്ലാത്ത ഒരു വിഭാഗമാണ് കർഷകർ. അവരെ യഥാർഥത്തിൽ വിപ്ലവശക്തികൾ നയിക്കുകയാണ് ചെയ്യേണ്ടത്. കർഷകർ മാത്രമല്ല, ആദിവാസികളും ദലിതരും പിന്നാക്കക്കാരുമെല്ലാം നയിക്കപ്പെടേണ്ടവരാണ്. പഴയ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വർഗസമരത്തിന്റേതായ തന്ത്രം ഇതാണ്. എന്നാൽ പുതിയ വർഗധ്രുവീകരണം പാർട്ടികളെ മാറ്റിനിർത്തുന്നതോടൊപ്പം സ്ട്രാറ്റജി ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. അപ്പോൾ സ്ട്രാറ്റജിയും ടാക്റ്റിസും തമ്മിലുള്ള പഴയ മേൽകീഴ് ബന്ധം തലതിരിയുന്നു. വിപ്ലവത്തിന്റെ, സമരത്തിന്റെ സ്ട്രാറ്റജി നേതൃത്വത്തിൽനിന്ന് ജനം ഏറ്റെടുക്കുകയാണ്. നേതൃത്വത്തെ ജനങ്ങൾ ടാക്ടിക്കലായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. പുതിയ വർഗധ്രുവീകരണത്തിൽ സംഭവിക്കുന്നത് നേരെ മറിച്ചാണ് എന്നർഥം.
ഡോ. വി.ജി. പ്രദീപ്കുമാർ: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി കൃഷിയെയും, കർഷകരുടെയും കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളെ പറ്റി തുറന്ന ചർച്ചയ്ക്ക് വഴി തെളിച്ചുവെന്നതാണ് കർഷകസമരത്തിന്റെ പ്രധാന നേട്ടം. കൃഷി മെച്ചപ്പെടുത്തുകയും, കാർഷിക വിപണി ശക്തിപ്പെടുത്തുകയും വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങാകാൻ കാർഷിക മേഖലയ്ക്ക് കഴിയുമെന്ന വിശ്വാസം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, സർക്കാരിനുമുണ്ടാക്കിയെന്നതാണ് ഈ പ്രക്ഷോഭത്തിന്റെ മറ്റൊരു നേട്ടം.
വിജൂ കൃഷ്ണൻ: ഈ സമരത്തിൽ ഉന്നയിക്കപ്പെട്ട രാഷ്ട്രീയം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. മാധ്യമങ്ങളിലൊന്നും വന്നിട്ടില്ലാത്ത പല കാര്യങ്ങളുമുണ്ട്. സി.ഐ.ടി.യുവും കർഷക തൊഴിലാളി യൂണിയനും കർഷക സംഘവും ചേർന്ന് ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കോർപറേറ്റുകൾക്കെതിരെ വിപുലമായ ക്യാംപയിൻ നടത്തിയിരുന്നു. സമരത്തിന്റെ ആവശ്യങ്ങൾ താഴേത്തട്ടിൽ വരെ എത്തിക്കാൻ ശ്രമിച്ചു. ഉദാഹരണത്തിന് ആന്ധ്ര പ്രദേശിൽ 30 ലക്ഷം നോട്ടീസ് അച്ചടിച്ച് 12,000 ഗ്രാമങ്ങളിൽ യോജിച്ച പ്രചാരണം നടത്തി. വീണ്ടും വീണ്ടും പ്രധാനമന്ത്രി പറയുന്നത്, ഇത് പഞ്ചാബിൽ നിന്നുള്ള ചിലർ മാത്രം നടത്തുന്ന സമരമാണെന്നാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രഖ്യാപിച്ച പ്രസംഗത്തിലും പ്രധാനമന്ത്രി അത് തന്നെയാണ് പറഞ്ഞത്- കാർഷിക നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ച് ഒരു ചെറിയ വിഭാഗത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്ന്. അത്ര ചെറിയ വിഭാഗമാണെങ്കിൽ അവർ ഇത്ര ഭയക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ കാർഷിക നിയമങ്ങൾക്ക് അനുകൂലമായി കൂടുതൽ ജനങ്ങളെ അണിനിരത്താൻ അവർക്ക് കഴിയേണ്ടതല്ലേ?
എ.ആർ. സിന്ധു: സാമൂഹികമായി വളരെ പിന്നാക്കം നിൽക്കുന്ന, ഫ്യൂഡലും പാട്രിയാർക്കലുമായ ഹരിയാന പോലുള്ള സമൂഹങ്ങളിലുൾപ്പെടെ വലിയ തോതിലുള്ള ജനാധിപത്യവൽക്കരണ, രാഷ്ട്രീയവൽക്കരണ പ്രക്രിയ ഈ സമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ജാതീയ വേർതിരിവുകൾക്കുമുകളിൽ ചിന്തിക്കാനുള്ള ഒരു സാധ്യതയും ലിംഗ പദവിക്കതീതമായി പങ്കാളിത്തത്തിലേക്ക് വരുന്ന സ്ത്രീകളുടെ ഒരു മുന്നേറ്റവും ഉറപ്പുവരുത്താൻ ഈ സമരത്തിന് സാധിച്ചു. കിസാൻ സഭയുടേയും സി.ഐ. ടി. യു.വിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനകളുടെയും ബോധപൂർവ ഇടപെടലുകൾ ഇതിൽ നടന്നിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി സ്ത്രീകർഷകരെ, കർഷക കുടുംബങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് ഇതിൽ കൊണ്ടുവരാനും ഇങ്ങനെയൊരു സമരാന്തരീക്ഷത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞിട്ടുണ്ട്.
പി. കൃഷ്ണകുമാർ: അടിയന്തരമായി ചെയ്യേണ്ടത്, ഈ സമരത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോവുക എന്നതാണ്. എല്ലാ ജില്ലകളിലേക്കും, എല്ലാ പട്ടണങ്ങളിലേക്കും, എല്ലാ ഗ്രാമങ്ങളിക്കും വ്യാപിപ്പിക്കുക. സംയുക്ത കിസാൻ മോർച്ച തുടരുകയാണ് വേണ്ടത്. ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും സംയുക്ത കിസാൻ വേദിയും യോജിച്ച് പ്രവർത്തിക്കുകയാണ്. ആ ഐക്യം നിലനിൽക്കണം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംയുക്ത കിസാൻ മോർച്ചയുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്തവേദി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണം. ഇതോടെ, രാഷ്ട്രീയത്തിൽ കർഷക പ്രശ്നത്തെ, തൊഴിലാളികളുടെ അവകാശങ്ങളെ മുഖ്യ രാഷ്ട്രീയപ്രശ്നമായി ഉയർത്തിക്കൊണ്ടുവരാൻ കഴിയും. കാർഷിക പ്രശ്നത്തെ അവഗണിക്കുന്ന ഒരു രാഷ്ടീയ പാർട്ടിക്കും ഈ രാജ്യത്ത് നിലനിൽക്കാനോ വളരാനോ കരുത്ത് നേടാനോ കഴിയില്ല എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാൻ കഴിയും. അതിനുകഴിയുന്ന ബദൽ നയങ്ങൾ മുന്നോട്ട് വെക്കാനും നമുക്ക് സാധിക്കും. ആ ബദൽ നയങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന, കൂടുതൽ വിപുലമായ സമര രൂപങ്ങളായിരിക്കും ഇനി സ്വീകരിക്കാൻ പോകുന്നത്.
ഊരാളി മ്യൂസിക് ബാൻഡ്: കർഷകരോടൊത്ത് സമരത്തിലുണ്ടായിരുന്ന 12 ദിവസവും ഭക്ഷണത്തിന് മുട്ടുണ്ടായില്ല. സ്വന്തം കൃഷിയിടത്തിൽ നിന്ന് വിളയിച്ചെടുത്തവ, ഒരുക്കി, വച്ചു വിളമ്പി, ഊട്ടിക്കൊണ്ടുള്ള ജീവിത സമരം. സമര ജീവിതം. തെരുവിൽ ജീവിതകാലം മുഴുവൻ കഴിയാൻ വിധിക്കപ്പെട്ടവർക്കും കർഷകർ വിളമ്പുന്നത് പ്രതീക്ഷയാണ്. പുതിയ ഇന്ത്യയെന്ന പ്രതീക്ഷ.