മോദി സർക്കാരിൻെറ കാർഷിക ഡിജിറ്റലൈസേഷൻ പദ്ധതി എന്തുകൊണ്ട് എതിർക്കപ്പെടണം?

“വിവാദമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്, ക്രൂരമായി നടപ്പാക്കാൻ ശ്രമിച്ച കർഷകനിയമങ്ങൾ തുടങ്ങിയവയിലെല്ലാം മോദി ഭരണത്തിന്റെ കോർപ്പറേറ്റ് അനുകൂല, കർഷകവിരുദ്ധ നയങ്ങൾ പ്രകടമായിരുന്നു” - കേന്ദ്രസർക്കാരിന്റെ അഗ്രികൾച്ചറൽ ഡിജിറ്റലൈസേഷൻ പദ്ധതിയെ എതിർക്കുമെന്ന് ഓൾ ഇന്ത്യാ കിസാൻ സഭ.

News Desk

ഡിജിറ്റൽ അഗ്രികൾച്ചറൽ മിഷന്റെ (Digital Agriculture Mission) പിന്തുണയോടെ കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 14,000 കോടി രൂപ ചെലവഴിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കാർഷിക മേഖലയെ കോർപ്പറേറ്റ് വത്കരിക്കാനുള്ള ഗൂഡനീക്കമാണെന്ന് ഓൾ ഇന്ത്യാ കിസാൻ സഭ (All India Kisan Sabha). ഇന്ത്യൻ കർഷകരിൽ വലിയൊരു ഭാഗവും ചെറുകിട കർഷകരോ, ഭൂരഹിതരോ കുടിയേറ്റക്കാരോ ആണ്. കോർപ്പറേറ്റുകളാൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഈ അഗ്രികൾച്ചറൽ ഡിജിറ്റലൈസേഷൻ (Agriculture Digitization) പദ്ധതിയിൽ ഒരിക്കൽ അകപ്പെട്ടുപോയാൽ, മുഴുവൻ കാർഷിക വിളകളുടെയും അവകാശം കർഷകരിൽ നിന്ന് തട്ടിയെടുക്കാനും അങ്ങനെ കർഷകരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കാനും കോർപ്പറേറ്റുകൾക്ക് സാധിക്കുമെന്ന സ്ഥിതി വരുമെന്നും എ.ഐ.കെ.എസ് വ്യക്തമാക്കി.

“കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുപ്രസിദ്ധ നുണയുടെ പൊരുൾ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോൾ കർഷകരുടെ വരുമാനം വീണ്ടും വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം നൽകിക്കൊണ്ടാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ അഗ്രികൾച്ചറൽ മിഷൻ, ക്രോപ്പ് സയൻസ്, അഗ്രികൾച്ചറൽ റിസർച്ച്, ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ഹോർട്ടികൾച്ചർ, സോയിൽ ഹെൽത്ത് മാനേജ്‌മെന്റ് എന്നിങ്ങനെ കാർഷികരംഗത്തെ ഡിജിറ്റലൈസ് ചെയ്യുമെന്ന് അവകാശപ്പെടുന്ന ഈ പദ്ധതികളെല്ലാം തന്നെ കർഷകരോഷം തണുപ്പിക്കാനുള്ള സർക്കാരിന്റെ അടവുകൾ മാത്രമാണ്.

പ്രധാനമന്ത്രി  നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി സർക്കാരിന്റെ കാർഷിക നയങ്ങൾ സ്വതന്ത്ര കമ്പോള പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മോശം മാതൃകകളാൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളതാണ്. വിവാദമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്, ക്രൂരമായി നടപ്പാക്കാൻ ശ്രമിച്ച കർഷകനിയമങ്ങൾ തുടങ്ങിയവയിലെല്ലാം മോദി ഭരണത്തിന്റെ കോർപ്പറേറ്റ് അനുകൂല - കർഷകവിരുദ്ധ നയങ്ങൾ പ്രകടമായിരുന്നു. കർഷകരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ ഈ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായെങ്കിലും. സമ്പൂർണ കോർപ്പറേറ്റ് -വത്കരണത്തിനായുള്ള കേന്ദ്രസർക്കാർ അജണ്ടക്ക് മുന്നിൽ കർഷകർ കീഴടങ്ങില്ലെന്ന് മനസിലാക്കിയിട്ടും യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ മുതിരാതെ ഇത്തരം 'സ്വപ്ന പദ്ധതികൾ' പ്രഖ്യാപിക്കാനാണ് സർക്കാരിന് താത്പര്യം. കോർപ്പറേറ്റ് നേട്ടങ്ങൾക്ക് വേണ്ടിയും മറ്റ് സ്ഥാപിത താത്പര്യങ്ങൾ നടപ്പാക്കുന്നതിനുമുള്ള 'ഇൻബിൽറ്റ് മെക്കാനിസം' ഈ പദ്ധതികളിൽ തന്നെ ഉണ്ടെന്നതാണ് ഇതിലെ കുയുക്തി. പദ്ധതികൾ ഒട്ടും സുതാര്യമല്ലെന്നത് ഇതിനുള്ള അനുകൂല സാഹചര്യവും സൃഷ്ടിക്കുന്നു. കർഷകർക്കായുള്ള മോദിയുടെ പി.എം ആശ പദ്ധതി ഇതിന്റെ ഉദാഹരണമാണ്. റിപ്പോർട്ടേഴ്സ് കളക്ടീവ് അടുത്തിടെ നടത്തിയ ഒരു അന്വേഷണത്തിൽ, അഴിമതിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടു തന്നെ കർഷകർക്കായി വിലനിയന്ത്രണ പദ്ധതി അവതരിപ്പിച്ചതും മധ്യപ്രദേശിൽ ഇത് വലിയ അഴിമതിക്ക് കാരണമായതും ഉദാഹരണങ്ങളാണ്,” കിസാൻ സഭയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

“കാർഷിക മേഖലയുടെ ഡിജിറ്റലൈസേഷൻ എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഡിജിറ്റലൈസേഷൻ പദ്ധതി, അന്താരാഷ്ട്ര ധനമൂലധന ശക്തികളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവർത്തിച്ചു പറയുന്നു. ‘വാട്ട്‌സ് കുക്കിംഗ്: ഡിജിറ്റൽ ട്രാൻസഫർമേഷൻ ഓഫ് അഗ്രിഫുഡ്’ എന്ന ലോകബാങ്ക് റിപ്പോർട്ടാണ് കേന്ദ്രസർക്കാരിന്റെ വീക്ഷണത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. കർഷകരുടെ വിവരങ്ങൾ നേടിയെടുക്കുന്നതിലൂടെ ഡിജിറ്റൽ കോർപ്പറേഷനുകളുടെ വിപണി സ്വാധീനമാണ് ലോകബാങ്ക് വിഭാവനം ചെയ്യുന്നത്.

കാർഷിക ഗവേഷണത്തെ ആധുനികവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതി ഫ്രീ മാർക്കറ്റിനോടുള്ള സർക്കാറിന്റെ അമിതതാൽപര്യം വ്യക്തമാക്കുന്നതാണ്. നവലിബറൽ വിദ്യാഭ്യാസ നയങ്ങളിലൂടെ കാർഷിക ഗവേഷണത്തെ പരിഷ്കരിക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള പുതിയ നയങ്ങൾ നടപ്പിലാക്കുന്നതുവഴി, കാർഷിക വിദ്യാഭ്യാസത്തിലെ പൊതു നിക്ഷേപം കുറയുകയും പകരം ഡിജിറ്റൽ, സ്വകാര്യ താൽപര്യങ്ങളുടെ സ്വാധീനം വർധിക്കുകയും ചെയ്യും.

ബേയർ, സിൻജെന്റ, ആമസോൺ എന്നിവയടക്കമുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചുമായി ഒപ്പുവെക്കുന്നതുവഴി ഈ മേഖലയിലേക്ക് ബഹുരാഷ്ട കുത്തകകൾ വൻതോതിലുള്ള കടന്നുകയറ്റം നടത്തിയിട്ടുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്,”- ഓൾ ഇന്ത്യാ കിസാൻ സഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.

കാർഷികരംഗത്തെ കോർപറേറ്റ് വൽക്കരിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ പദ്ധതികളിന്മേൽ ജാഗ്രത പാലിക്കണമെന്ന് കർഷകർക്ക് എ.ഐ.കെ.എസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കോർപറേറ്റ് നയത്തിനെതിരെ രാജ്യത്തുടനീളമുള്ള കർഷകരുടെ വലിയ ഐക്യം രൂപപ്പെടുത്തി തൊഴിലാളികളെയും ജനങ്ങളെയും അണിനിരത്തിക്കൊണ്ട് പോരാടാനും ആഹ്വാനം ചെയ്യുന്നതായി ഓൾ ഇന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പ്രസിഡണ്ട് അശോക് ധാവ്ലെയും പറഞ്ഞു. കാർഷികമേഖലയിലെ പൊതുനിക്ഷേപം യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വർധിപ്പിക്കണമെന്നും, എംഎസ്പി@സി2+50% ഉറപ്പുനൽകണമെന്നും, എല്ലാ കാർഷികോത്പന്നങ്ങളുടെയും ജിഎസ്ടി പിൻവലിച്ച് ഉൽപ്പാദനച്ചെലവ് കുറയ്ക്കണമെന്നും ചെറുകിട കർഷകരുടെ കടഭാരം ഒഴിവാക്കണമെന്നും എ.ഐ.കെ.എസ് ആവശ്യപ്പെട്ടു.

Comments