പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും വെള്ളത്തൂവലിലെ ആദ്യകാല നാടക പ്രവര്‍ത്തകനുമായിരുന്ന മാങ്ങാട്ട് എം.കെ. ഫക്രുദ്ദീന്‍ കഴിഞ്ഞ ശനിയാഴ്ച (12-11-2022) അന്തരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അജയ് പി. മാങ്ങാട്ട്.
18 Nov 2022, 02:08 PM
എന്റെ മനസ്സിലെ ഏറ്റവും പഴയ ചിത്രങ്ങളിലൊന്ന് വെള്ളത്തൂവലിലെ ഞങ്ങളുടെ വീട്ടില്‍ ജനാലയോടു ചേര്‍ന്നു തീന്‍മേശയ്ക്കു മുന്നില്‍ പപ്പ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്നതാണ്. എല്ലാ നേരവും ഭക്ഷണം കഴിക്കുമ്പോഴും ചായ കുടിക്കുമ്പോഴും സിഗരറ്റ് വലിക്കുമ്പോഴും പപ്പ തനിച്ചിരുന്നു. അക്കാലത്ത് സിഗരറ്റ് തീർന്നിട്ട് രാത്രി ഞങ്ങളുടെ തന്നെ കട തുറന്ന് ഞാന്‍ സിഗരറ്റ് എടുത്തുകൊണ്ടു പോയി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം പുകവലി പൂര്‍ണമായി ഉപേക്ഷിച്ചു.
ഞാന്‍ എന്റെ മുപ്പത്തിയേഴാം വയസ്സിലാണ് പുകവലി നിർത്തിയത്. ഒരിക്കല്‍ എന്നോടു ചോദിച്ചു, വലി നിര്‍ത്താൻ എന്താണു കാരണം? ഞാന്‍ ആ തീയതി പറഞ്ഞു, കോഴിക്കോട്ടെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് അവസാന സിഗരറ്റ് വലിക്കുമ്പോള്‍ തെങ്ങിന്റെ ഓലയില്‍ കഴുത്തില്‍ കടുനിറമുള്ള ഒരു പക്ഷി വന്നിരുന്നത്. അദ്ദേഹം എന്റെ കണ്ണുകളിൽ നോക്കി, നീ സത്യം മറച്ചുവയ്ക്കുന്നു എന്നു പറഞ്ഞു.
അകലെയുള്ള പട്ടണങ്ങളില്‍ തനിച്ചു കഴിക്കാനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോഴെല്ലാം ഞാന്‍ ഫോണില്‍ പപ്പയെ വിളിച്ചു. ഞാനെഴുതിയ നോവലുകളിലെ പല സംഭവങ്ങളുടെയും Prototype പപ്പയിൽനിന്ന് കിട്ടിയതാണ്. ഉദാഹരണത്തിന്, മൂന്നുകല്ലുകളിലെ ഇരുട്ടുകാനം. എന്നാല്‍ ഞാൻ എഴുത്തിൽ മായം ചേര്‍ക്കുന്നു എന്ന് അദ്ദേഹത്തിനു പലപ്പോഴും തോന്നി. "മൂന്നു കല്ലുകളിലെ ' കാക്കായും ഇമാം ഹുസൈനും ഒരേ മനുഷ്യന്റെ രണ്ട് ആവിഷ്‌കാരമായിരുന്നു. രണ്ടും ഒരാള്‍ തന്നെ. നോവലില്‍ ആ മനുഷ്യനെ രണ്ടു കഥാപാത്രമാക്കിയത് പപ്പയ്ക്ക് പിടിച്ചില്ല. ഞാന്‍ ആ കഥാപാത്രത്തിലെ സത്യത്തെ ഇല്ലാതാക്കിയതായി അദ്ദേഹം കരുതി. "സൂസന്ന ' യിൽ മഴക്കാലത്ത് പറമ്പിൽ വെളിക്കിറങ്ങുന്നത് വിവരിച്ചത് അനുചിതമായെന്നും പപ്പ വിശ്വസിച്ചു.

ഏകാന്തത, ദുഃഖം സന്തോഷം തുടങ്ങിയ വികാരങ്ങളിലൂടെ മറ്റു മനുഷ്യര്‍ കടന്നുപോയ കഥകള്‍ അദ്ദേഹം വിസ്തരിക്കുമ്പോഴും സ്വന്തം ജീവിതത്തിലെ അതേ സന്ദര്‍ഭങ്ങളെ എന്നിൽനിന്ന് മറച്ചുപിടിച്ചു. ഒരു വാശിക്ക് ഞാനും അതുതന്നെ തിരിച്ചുചെയ്തു. എന്നെ, ഉദാസീനനായ ഒരു മനുഷ്യൻ എന്നാണ് പപ്പ വിലയിരുത്തിയത്.
ഇനി എഴുതാൻ പോകുന്ന രണ്ടു നോവലുകളുടെയും അന്തരീഷം ഞാന്‍ സംസാരിച്ചിരുന്നു. രണ്ടിലും basic metaphor പപ്പ ഒരിക്കല്‍ പറഞ്ഞ സംഭവങ്ങളില്‍നിന്നും ഞാന്‍ അടര്‍ത്തിയെടുത്തതായിരുന്നു. അത് പപ്പയ്ക്കു മനസ്സിലായി. ഞാന്‍ അതെല്ലാം മാറ്റിമറിച്ച് മറ്റൊന്നാക്കി മാറ്റും എന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
രണ്ടാമത്തെ നോവലിന്
"മൂന്നു കല്ലുകള്‍' എന്നു പേരിട്ടശേഷം ഞാന്‍ വിളിച്ചു. എന്താണ് ഈ മൂന്നുകല്ലുകള്‍, മീസാന്‍ കല്ലുകളാണെങ്കില്‍ രണ്ടെണ്ണം പോരേ എന്ന് എന്നോടു ചോദിച്ചു.
ഞാന്‍ പറഞ്ഞു , ഇതു മീസാൻ കല്ലുകളല്ല, എന്നാല്‍ മീസാന്‍ കല്ലുകള്‍ പോലെ ഒരു ചിഹ്നമാണ്. നിത്യമായ ഓര്‍മ.

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പപ്പ യാത്രയായി. ഞാനും എന്റെ
സഹോദരിയും സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ഐസിയുവില്‍ നിന്നു. നാട്ടിലേക്കുള്ള മടക്ക യാത്ര മൂന്നു മണിക്കൂറോളം നീണ്ടു. പിറ്റേന്ന് ഉച്ചയ്ക്കു മുൻപ് ശല്യാംപാറയിലെ കബറിടത്തില്‍ മീസാന്‍ കല്ലുകള്‍ അടയാളം വച്ച മണ്ണില്‍ ആ യാത്ര അവസാനിച്ചു.
അഭിവാദ്യം, പപ്പാ..
എന്റെ പിതാവ് എം.കെ. ഫക്രൂദീന്റെ വിയോഗം അറിഞ്ഞ് വളരെ ദൂരെനിന്നുവരെ വീട്ടിലും പള്ളിയിലും എത്തിയവരോടും സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണിലൂടെയും അനുശോചനം അറിയിച്ചവരോടും ഉള്ള കൃതജ്ഞതയും സ്‌നേഹവും ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
എഴുത്തുകാരന്‍
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Nov 02, 2022
8 Minutes Read
കെ.കെ. രമ
Oct 20, 2022
6 Minutes Read