ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തില്‍ പെരുമാറുന്നത്? ലൈംഗികതയില്‍ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങള്‍ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?
25 Jul 2021, 03:27 PM
ഒരു ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തില്‍ പെരുമാറുന്നത്? ലൈംഗികതയില്‍ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങള്‍ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?- ലൈംഗിക തൊഴിലിനെയും ലൈംഗിക തൊഴിലാളികളെയും കുറിച്ചുള്ള പൊതുബോധത്തെ നിശിത വിചാരണ ചെയ്യുകയാണ് ലൈംഗികത്തൊഴിലാളികളുടെ സംഘാടനത്തിൽ നേതൃപരമായ പങ്ക് വഹിച്ച, കണ്ണൂര്‍ മെഡിക്കലെ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ, ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതുന്ന ‘എഴുകോണ്‍' എന്ന ആത്മകഥയില്‍.
വിശാഖപട്ടണത്തിനടുത്തുള്ള രാജമന്ദ്രിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവമാണ് ഡോ. ജയശ്രീ പങ്കിടുന്നത്.
പുറത്തുപോകുമ്പോള്‍ ‘മാന്യവനിത'കളെ പോലെ സാരിയും കുങ്കുമവും അണിയേണ്ടതുണ്ട്. കഴിയുന്നതും വീട്ടില്‍ വസിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും വേണം. കുറഞ്ഞ എണ്ണത്തില്‍, യോഗ്യരായ ക്ലയന്റുകളെ മാത്രം തെരഞ്ഞെടുക്കണം. സഹപ്രവര്‍ത്തകരോടുള്ള ധാര്‍മികത നിലനിര്‍ത്താന്‍, ക്ലയന്റിന് വേണ്ടി അവരുമായി വഴക്കടിക്കാതിരിക്കണം. മര്യാദ വിട്ട് മത്സരിക്കുകയും അരുത്- ഇതൊക്കെയാണ് വാണിജ്യക്കാരിയായ സ്ത്രീക്ക് ആവശ്യമായ ഗുണഗണങ്ങളായി അവര്‍ കണ്ടത്. ഇതില്‍ സ്വന്തം ശരീരത്തിന്റെ ആനന്ദത്തേക്കാള്‍ പണം തരുന്ന ആളിന് പ്രാധാന്യം നല്‍കണം. ഇത് ഏറെക്കുറെ അങ്ങനെ തന്നെയാണ് സ്ഥിരപങ്കാളിയുമായും വിവാഹ ജീവിതത്തിലും നടക്കുന്നതെന്നത് കൗതുകകരമാണ്. ഭാര്യമാരായ സ്ത്രീകളും പലപ്പോഴും ലൈംഗികേതരമായ കുടുംബ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ അവഗണിക്കുകയാണ് പതിവ്.
മിക്ക സ്ത്രീകള്‍ക്കും സ്ഥിരമല്ലാത്തതെങ്കിലും ഒരു പങ്കാളി ഉണ്ടാവും. അവര്‍ ചിലപ്പോള്‍ മറ്റൊരു കുടുംബമുള്ളവരാകും. എങ്കിലും അവരെ സ്വന്തമായി കരുതുകയും ‘ലവര്‍' എന്ന് വിളിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രോജക്ട് ഭാഷയില്‍ അവര്‍ ‘താല്‍ക്കാലിക ഭര്‍ത്താക്ക'ന്മാരാണ് (Temporary husband). ലൈംഗികാഹ്ലാദം നന്നായി അനുഭവിക്കുന്നത് ഇവരുമായുള്ള ബന്ധത്തിലൂടെയാണെന്ന് ഈ സ്ത്രീകള്‍ പറയുന്നുണ്ട്. ലൈംഗികമായ ആനന്ദത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ ക്ലയന്റുകളേക്കാള്‍ വാചാലരായത് താല്‍ക്കാലികരെങ്കിലും പങ്കാളികളെയോ കാമുകന്മാരെയോ കുറിച്ചാണ്. ക്ലയന്റുകളുടെ പോക്കറ്റുകളിലേക്കാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഒരുമിച്ചുള്ള കുളി മുതല്‍ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവര്‍ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ അവര്‍ക്ക് ആദ്യം മടിയുണ്ടായിരുന്നു. അത് സ്വകാര്യമാണെന്നു കരുതുന്നതോടൊപ്പം കലാവിരുതുകള്‍ മറ്റുള്ളവരുമായി പങ്കുവച്ചാല്‍ സ്വന്തം കഴിവ് മറ്റുള്ളവര്‍ കവര്‍ന്നെടുക്കുമോ എന്ന ഭയവും പലര്‍ക്കും ഉണ്ടായിരുന്നു.
പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതല്‍ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതല്‍ ആനന്ദം നല്‍കുന്നതെന്ന് ആശങ്കപ്പെടുന്ന പുരുഷന്മാരുടെ ചിന്തകള്‍ അവരും പങ്കുവച്ചു. പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം നല്‍കുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകള്‍ സന്ദേഹിച്ചു. എന്നാല്‍, പ്രായം കുറഞ്ഞ, പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ പലപ്പോഴും വേദന കടിച്ചുപിടിച്ച് സ്വന്തം നിലനില്‍പ്പിനു വേണ്ടി യത്‌നിക്കുകയായിരിക്കും.
പൊതുവേയുള്ള പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകള്‍ അവര്‍ക്കുകഴിയുന്ന രീതിയില്‍ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്നു. അങ്ങനെ വരുമ്പോള്‍ യോനി, ശക്തിയുടെ ഇരിപ്പിടമായി അവര്‍ കരുതുകയും ചെയ്യുന്നുണ്ട്. സംയോഗത്തില്‍, സ്ത്രീയുടെ പൊസിഷനും പ്രാധാന്യമുള്ളതാണ്. സ്ത്രീകള്‍ മുകളിലായിരിക്കുന്നത് പുരുഷന് ആനന്ദം വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അധികാരവും നിയന്ത്രണവും നല്‍കുന്നു. പുരുഷന് ആനന്ദം നല്‍കുന്നതോടൊപ്പം സ്വയം ശക്തി ആര്‍ജ്ജിക്കുന്നതായും അവര്‍ അനുഭവിക്കുന്നു. സ്വന്തം നിയന്ത്രണത്തിലുള്ള ബന്ധത്തിനുശേഷം ചിലപ്പോള്‍ ഞങ്ങള്‍ അവരെ തൊഴിക്കുക പോലും ചെയ്യാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി. പരസ്പരധാരണയോടെയുള്ള ബന്ധത്തില്‍ ഒരാള്‍ ക്ഷീണിക്കുമ്പോള്‍ മറ്റെയാള്‍ താങ്ങായി അതേറ്റെടുക്കുന്നു. മുകള്‍നില സ്ത്രീകള്‍ക്ക് ശക്തി നല്കുന്നുവെങ്കിലും ദീര്‍ഘ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ബിസിനസില്‍ അത് സമയനഷ്ടമുണ്ടാക്കുന്നതായും അവര്‍ കണ്ടു.
എഞ്ചിനീയര്‍മാര്‍, ഭരണാധികാരികള്‍, കൂലിത്തല്ലുകാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ ക്ലയന്റുകളായി എത്താറുണ്ട്. ബിസിനസിലാണെങ്കിലും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
ശരീരത്തിന് വേദനയുണ്ടാക്കുന്ന നിലകളെ കുറിച്ചും സ്ത്രീകള്‍ക്ക് നല്ല ധാരണയുണ്ട്. ചില പുരുഷന്‍മാര്‍ സ്ത്രീകളുടെ ശരീരത്തിന്റെ മൃദുലതയോ, അസ്വാസ്ഥ്യമോ ക്ഷീണമോ ഒന്നും പരിഗണിക്കാതെ വേദനിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം രണ്ടുപേര്‍ക്കും സുഖപ്രദമാണെങ്കിലും അമിത മദ്യപന്മാരായ പുരുഷന്മാര്‍ സമയം ദീര്‍ഘിപ്പിച്ച് ബുദ്ധിമുട്ടിക്കാറുണ്ട്. യോനീബന്ധമാണ് ശ്രേഷ്ഠമെന്ന് അവര്‍ മനസ്സിലാക്കി വച്ചിരിക്കുന്നു എങ്കിലും അനുഭവത്തില്‍ മുലകള്‍, കക്ഷം, തുടകള്‍ എന്നിവ പുരുഷന്മാര്‍ ഉപയോഗിക്കുന്നതാണ് വേദന ഇല്ലാതിരിക്കാന്‍ നല്ലതെന്നും അവര്‍ തിരിച്ചറിയുന്നു.
ലിംഗവും, ലിംഗത്തെ തഴുകുന്നതും തലോടുന്നതും ലൈംഗിക രസാനുഭൂതിയുടെ കേന്ദ്രമായാണ് കണക്കാക്കി പോരുന്നത്. ലൈംഗികത എന്ന വാക്കുതന്നെ അതില്‍ നിന്ന് രൂപപ്പെട്ടതാണല്ലോ. ലിംഗമില്ലായ്മ സ്ത്രീകള്‍ക്ക് ഒരു കുറവല്ലെന്നും, ഏതൊരവയവത്തിനുമുള്ള ധര്‍മത്തിനപ്പുറം അസൂയപ്പെടാനായുള്ള മേന്മയൊന്നും ലിംഗത്തിനില്ലെന്നും ഫെമിനിസ്റ്റുകള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്. ശംഖുപുഷ്പം പോലെ മനോഹരവും ആനന്ദദായകവുമായ സ്ത്രീയുടെ ഇന്ദ്രിയത്തെ മുറിച്ച് വികൃതമാക്കുന്ന ഭീകരത നില നില്‍ക്കുന്നുമുണ്ട്.
ഐസ്ഫ്രൂട്ട് എന്ന് പേരിട്ടു വിളിക്കുന്ന, പുരുഷന്മാര്‍ക്കായുള്ള വദനസുരതത്തെക്കുറിച്ച് അവര്‍ വ്യത്യസ്ത അനുഭവങ്ങള്‍ പങ്കിട്ടു. ചില സ്ത്രീകള്‍ അതാസ്വദിക്കുകയും മറ്റു ചിലര്‍ വെറുക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കാനുള്ള വായ കൊണ്ട് ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കായുള്ള വദനസുരതം എല്ലാവരും ആസ്വദിക്കുകയും ഏറ്റവും ഉയര്‍ന്ന രസാനുഭൂതിയായി തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികത ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്നതായി അവര്‍ കാണുന്നു. പങ്കാളികളും കാമുകന്മാരും മാത്രമല്ല, ക്ലയന്റുകളും അവരെ ആനന്ദിപ്പിക്കാറുണ്ടെന്ന് മിക്ക സ്ത്രീകളും പറഞ്ഞു. ചിലര്‍ വിരലുകളോ വഴുതനങ്ങയോ ഒക്കെ ഉപയോഗിച്ച് സംയോഗത്തിനു മുന്‍പ് അവരെ രതിമൂര്‍ച്ഛയിലെത്തിക്കുന്നു. ഇതൊക്കെ കാണിക്കുന്നത്, മറ്റുള്ളവര്‍ കരുതും പോലെ ബിസിനസ് സെക്‌സില്‍ പീഡനം മാത്രമല്ല ഉള്ളതെന്നാണ്. എങ്കിലും സ്ത്രീകള്‍ അവരുടെ സമയനഷ്ടത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുമെന്നതും വാസ്തവമാണ്. ഇതിനിടയില്‍ ഏതു സമയത്തും ഉണ്ടാകാവുന്ന പൊലീസ് ഇടപെടലും അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കും.
മുലകള്‍, സൗന്ദര്യം കൊണ്ടും രസമുകുളങ്ങളുടെ ബഹുലത കൊണ്ടും മധുരതരമായ അനുഭൂതി നല്‍കുന്ന ഉടലിടമാണ്. കുഞ്ഞിന് മുല നല്‍കുന്നതില്‍ ആനന്ദത്തോടൊപ്പം ഭാവിയിലേക്കുള്ള പ്രത്യാശ കൂടി നില കൊള്ളുന്നു. അതിനേക്കാള്‍ തീവ്രമായ രസാനുഭൂതിയാണ് പരസ്പരം കരുതലുള്ള രതിയോടുചേര്‍ന്ന് അവ നല്‍കുന്നത്.
താല്‍ക്കാലിക നായകന്മാരാണെങ്കിലും പങ്കാളികളും കാമുകന്മാരുമായുള്ള ബന്ധത്തിന് അവര്‍ കൂടുതല്‍ മൂല്യം നല്‍കുന്നു. ചുംബനം, അത്തരം ബന്ധങ്ങളുടെ മുദ്രയായി അവര്‍ പരിഗണിക്കുന്നുണ്ട്. അത് നെറ്റിയിലാകുമ്പോള്‍ ബന്ധത്തിന്റെ തീവ്രതയും ആഴവും അവര്‍ക്ക് സാന്ത്വനവും പ്രത്യാശയും നല്‍കുന്നു. ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനം സ്‌നേഹവും കരുതലും ഉള്ളപ്പോഴാണ് സംഭവിക്കുക. അത് ആനന്ദകരമായ ഇണ ചേരലിലേക്ക് നയിക്കുന്നു. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്. ക്ലയന്റുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. ആലിംഗനത്തില്‍ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്. പ്രണയിക്കുന്ന പുരുഷന്മാരാണ് അതിന് തയാറാകുന്നത്.
ധനസമ്പാദനമാണ് ഏറ്റവും വലിയ ആനന്ദമെന്ന് കരുതുന്നവരുമുണ്ട്. സ്വന്തം സുഖം മറച്ചുവച്ച് ക്ലയന്റിന്റെ താത്പര്യങ്ങള്‍ മാനിക്കുന്നതാണ് ധാര്‍മികമെന്ന് വിചാരിക്കുന്നവരും, പണം വാങ്ങിയ ശേഷം എങ്ങനെ സെക്‌സ് ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്നവരും സ്വന്തം വീടുകളില്‍ അതിഥികളെ സ്വീകരിക്കുന്നവരും കൂടുതല്‍ കാല്‍പ്പനികഭാവമുള്ളവരാണ്. നിലാവത്ത് ചേര്‍ന്നിരിക്കാനും ആലിംഗനങ്ങളില്‍ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.
മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്കുണ്ട്. നിയമപരമായ വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ കുറവാണ്. അതേസമയം മിക്ക പേര്‍ക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷന്‍ എന്നൊരു സങ്കല്‍പം അവര്‍ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവര്‍ സ്വന്തം ഇഷ്ടങ്ങള്‍ ആവശ്യപ്പെടുന്നു. അവരോടൊത്ത് കൂടുതല്‍ സമയം ചെലവിടാനും തീവ്രമായ വൈകാരികത നിലനിര്‍ത്താനും ആഗ്രഹിക്കുന്നു.
പ്രണയബന്ധവും വാണിജ്യബന്ധവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. എല്ലാ ബന്ധങ്ങളിലും രസാനുഭൂതി വ്യത്യസ്ത അളവിലും ചേരുവയിലും കുടി കൊള്ളുന്നു. അവരുടെ വിശ്വാസവും സ്‌നേഹവും മുഴുവന്‍ കാമുകരില്‍ അര്‍പ്പിച്ചിട്ടുള്ളതിനാല്‍ അന്നേരം സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറില്ല. എച്ച്.ഐ.വി പകരുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. വേദനകള്‍ക്കിടയിലും ഉടലിന്റെ ഉത്സവങ്ങള്‍ കെടുത്തി കളയാതെ, നീണ്ടുനില്‍ക്കുന്ന ഒരു ബന്ധത്തില്‍ അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നു.
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
ടിക്കാറാം മീണ
Apr 30, 2022
17 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
V.P Kochumon
26 Jul 2021, 09:46 PM
Very good writing.fine