60 കഴിഞ്ഞ ഒരാള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ കിട്ടണമെങ്കില്‍, അതിന് മുമ്പ് അയാള്‍ക്ക് 20,000 ശമ്പളമോ കൂലിയോ ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയും ഇങ്ങനെയൊരു ഡിമാന്റ് ഉന്നയിക്കുന്നവരുടെതാണ്. എങ്കില്‍, അവര്‍ ആദ്യം ചെയ്യേണ്ടത് തൊഴിലാളി സംഘടനകള്‍ ഒന്നിച്ചാവശ്യപ്പെടുന്ന 20,000 രൂപ മിനിമം ശമ്പളമെന്ന ആവശ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണ്- 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' കാമ്പയിനുപുറകിലെ യഥാര്‍ഥ രാഷ്ട്രീയം തുറന്നുകാട്ടുകയാണ് ലേഖകന്
26 Sep 2020, 11:19 AM
ആര്‍ക്കാണെതിര്‍ക്കാനാവുക, 60 വയസ്സ് കഴിഞ്ഞ് നിരാലംബരായ മനുഷ്യര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടതാണ് എന്ന കാര്യത്തില്‍? പണിയെടുക്കുന്നവര്‍ പണിയെടുക്കാനാവാതെ വരുന്ന കാലത്ത് ഡിസ്‌പോസിബിള്‍ ഐറ്റം പോലെ വലിച്ചെറിയപ്പെടേണ്ടതാണ് എന്ന ധാരണ നാട്ടില്‍ പണ്ടേ വ്യാപകമാണ്. അതുകൊണ്ടാണ്, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 60 വയസ്സ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പോകുന്നു എന്ന് കേട്ടയുടന്‍ അതിനെതിരെ ഏറെ പുക്കാറുണ്ടായത്. അന്ന് ഉയര്‍ന്ന ഒരു ചോദ്യം അറുപതു കഴിഞ്ഞ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര്‍ക്ക് എന്ത് പെന്‍ഷന്‍ എന്നായിരുന്നു. പ്രായമേറിയവരുടെ കാര്യമാണല്ലോ, അതുകൊണ്ടാവാം, പെന്‍ഷന്‍ പ്രത്യുല്‍പാദനപരമല്ല എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാദാപുരം ഭാഗത്തെ കര്‍ഷക തൊഴിലാളികള്‍ കഞ്ഞിയില്‍ വറ്റ് വേണമെന്നും ചെക്കന്‍ വിളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലിറങ്ങിയത്. നായനാര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കാന്‍ പോകുന്നു എന്ന് കേട്ട് ശുണ്ഠി പിടിച്ചവര്‍ നാദാപുരം - വിലങ്ങാട് ഭാഗത്തെ കര്‍ഷക തൊഴിലാളി സമരത്തെയും കുറച്ചൊന്നുമായിരുന്നില്ല ആക്ഷേപിച്ചത്.

അന്നങ്ങനെയൊരു നിലപാടെടുത്തവര്‍ക്കൊപ്പം നിന്നവരില്‍ച്ചിലരും അവരുടെ പിന്മുറക്കാരായ കുറേപ്പേരും, പക്ഷേ പെട്ടെന്ന് ഇപ്പോള്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരോട് പുതിയ സ്‌നേഹവും കരുതലും കാട്ടിത്തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ വ്യത്യാസം- 60 കഴിഞ്ഞ എല്ലാവര്‍ക്കും, എന്നു വെച്ചാല്‍, മുകേഷ് അംബാനിയും നരേന്ദ്ര മോദിയും മുതല്‍ ചാത്തന്‍ പുലയനും സാവിത്രി അന്തര്‍ജനവുമടക്കം സകലമാന ഇന്ത്യക്കാര്‍ക്കും 10,000 രൂപ കിട്ടണം. ജാതിയില്ല, മതമില്ല, രാഷ്ട്രീയവുമില്ല. വയസ്സാന്‍ കാലത്ത് എല്ലാവര്‍ക്കും ഇങ്ങനെ ഒരേ പോലെ 10,000 കിട്ടുന്നതല്ലേ സോഷ്യലിസം എന്നും ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. ഇപ്പറയുന്ന സോഷ്യലിസവും സാമ്യവാദവും ഒന്നാണോ എന്ന് അവരോടൊന്ന് ചോദിച്ചുനോക്കൂ, മിക്കവര്‍ക്കും അതിന് ഉത്തരമുണ്ടാവില്ല.
സാമൂഹിക നീതി നടപ്പാക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണത്രെ, അവര്‍ ഇപ്പോള്‍ നടപ്പുള്ള കടുത്ത ഒരസമത്വത്തെക്കുറിച്ച് എറെ വാചാലരാണ്. കനത്ത ശമ്പളവും അതും കഴിഞ്ഞ് വന്‍തുക പെന്‍ഷനും വാങ്ങി അലസജീവിതം കഴിച്ച് പണിയൊന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്ന സര്‍ക്കാര്‍ ജീവനക്കാരെ ചൂണ്ടിക്കാട്ടിയാണ് അസമത്വത്തിന്റെ ഗൗരവാവസ്ഥ ഇക്കൂട്ടര്‍ ബോദ്ധ്യപ്പെടുത്തുക.
അസമത്വത്തെപ്പറ്റി പഠിച്ചവര്‍ പറയുന്നത്
ഫോര്‍ബ്‌സ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച്, 90 കളുടെ മദ്ധ്യത്തില്‍ വെറും രണ്ടേ രണ്ടു പേരും 2004ല്‍ 12 പേരുമാണ് ഇന്ത്യയില്‍ ശത കോടീശ്വരന്മാരായി ഉണ്ടായിരുന്നത്. 2012 ല്‍ അത് വര്‍ദ്ധിച്ച് 34 പേരായി. പിന്നീടുള്ള അഞ്ചു വര്‍ഷം കൊണ്ട് വീണ്ടും കുതിച്ചുയര്‍ന്ന് 101 പേരായി. ഇപ്പോള്‍ ഇന്ത്യയില്‍ 119 ആണ് ശതകോടീശ്വരന്മാരുടെ എണ്ണം. (രൂപയിലല്ല ശതകോടി. 100 കോടി ഡോളറെങ്കിലും സമ്പാദ്യമുള്ളവരേ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പെടൂ.) ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സമ്പാദ്യം ഒരു ദശകത്തിനുള്ളില്‍ 10 മടങ്ങാണ് വര്‍ദ്ധിച്ചതെന്ന് ഇന്ത്യ അസമത്വ റിപ്പോര്‍ട്ട്- 2018 ചൂണ്ടിക്കാട്ടുന്നു. 2005 ല്‍ ഇക്കൂട്ടരുടെ സമ്പാദ്യം ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) വെറും അഞ്ചു ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. ജി.ഡി.പിയുടെ 15 ശതമാനമാണ് അവരുടെ സമ്പാദ്യം. ക്രെഡിറ്റ് സൂയിസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മേലേപ്പാളിസമ്പന്നരായ ഒരു ശതമാനം പേര്‍ ആകെ സമ്പത്തിന്റെ 53 ശതമാനത്തിന്റെ ഉടമകളാണ്. അതിസമ്പന്നരായ അഞ്ചു ശതമാനത്തിന്റെ വരുതിയിലുള്ളത് 68.6 ശതമാനമാണ്. എന്നാല്‍ പരമദരിദ്രരായ ജനസംഖ്യയില്‍ പാതി വരുന്നവര്‍ക്കുള്ള സ്വത്ത് വെറും 4.1 ശതമാനവും!. ഇന്ത്യയിലെ അതീവ സമ്പന്നരില്‍ മുമ്പനായ അംബാനി ഇപ്പോള്‍ ആഗോള സമ്പന്ന പട്ടികയില്‍ നാലാം റാങ്കിലാണ്. 8,060 കോടി ഡോളറാണ് ആസ്തി. ഏതാണ്ട് ആറു ലക്ഷം കോടി രൂപക്ക് തുല്യമാണ് ഈ തുക.
പുതിയ സാമ്യവാദികള്‍ പറയുന്നത്
ഇപ്പറഞ്ഞ അസമത്വമൊന്നും കാണാന്‍ മാത്രം കണ്ണ് വലുതാവാത്ത ഒരു കൂട്ടരാണ്, ഒരു ട്രസ്റ്റുണ്ടാക്കി സാമ്യവാദികളായി പ്രത്യക്ഷപ്പെട്ട് വൃദ്ധജന സംരക്ഷകരായി നിരന്നുനിന്ന് കേഴുന്നത്. വന്‍തുക ശമ്പളവും പെന്‍ഷനും വാങ്ങിക്കൂട്ടുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അതിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് 60 കഴിഞ്ഞതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യണം എന്നാണ് അവര്‍ പറയുന്നത്. 60 വയസ്സിന് മുമ്പുള്ളവരുടെ ദുരിതം ഒരു ദുരിതമേയല്ലത്രെ! 60 കഴിഞ്ഞാല്‍ അംബാനിക്കും ദുരിതം എന്നത്രേ ഈ ദുരിത നിവാരണി സംഘത്തിന്റെ അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്നതിന് ഒരു കനത്ത ന്യായവും ഉയര്‍ത്തുന്നുണ്ട് ഈ ഒറ്റയിന്ത്യാവൃദ്ധപക്ഷവാദികള്‍. റവന്യൂ വരുമാനത്തിന്റെ അറുപതു ശതമാനവും ഇവരെ തീറ്റിപ്പോറ്റാനാണ് എന്നതാണത്. അവര്‍ക്ക് കിട്ടുന്ന ഭാരിച്ച ശമ്പളത്തെക്കുറിച്ചാണ് ഏറ്റവും വലിയ ഒച്ചപ്പാട്.
എന്തിനാണീ പാഴ്‌ച്ചെലവ്?
ചോദ്യം ലളിതമാണ്, ഉത്തരമത്രക്ക് ലളിതമല്ല താനും. ആരാണീ സര്‍ക്കാര്‍ ജീവനക്കാര്‍? ആര്‍ക്കു വേണ്ടിയാണ് ഇവരെ തീറ്റിപ്പോറ്റുന്നത്? നിങ്ങളുടെ വീടിന് തീപിടിച്ചാല്‍ അത് കെടുത്താന്‍ ഓടിയെത്തേണ്ട ഫയര്‍ സര്‍വീസ്, നമ്മുടെ നാട്ടിലെ കലാപങ്ങള്‍ തടയേണ്ട പൊലീസ്, നമ്മുടെ മക്കളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, നീതിന്യായം ഉറപ്പാക്കേണ്ട കോടതികള്‍, കോവിഡ് കാലത്തും സേവന സന്നദ്ധരായി ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. എന്നുവെച്ചാല്‍ നമ്മുടെ സ്വൈര്യജീവിതവും ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും ആരോഗ്യ സംവിധാനവും നിലനിര്‍ത്താന്‍ പണിയെടുക്കുന്നവര്‍. അതിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കൊടുക്കുന്ന ശമ്പളവും പെന്‍ഷനുമാണ് പാവപ്പെട്ടവരും അല്ലാത്തവരുമായ വൃദ്ധജനങ്ങളുടെ ക്ഷേമത്തിന് തടസ്സം നില്‍ക്കുന്നത് എന്നാണ് വാദം. അവരില്‍ പലരും വൃദ്ധസദനത്തിലേക്കെത്തുന്നതിനുകാരണം പോലും ഈ അധികശമ്പളവും അമിത പെന്‍ഷനുമാണത്രെ.
എത്രയാണ് കൊടുക്കുന്നത്?
അധികശമ്പളത്തിന്റെ കണക്കറിയാന്‍ വളരെയൊന്നും മിനക്കെടേണ്ട. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ ശമ്പളവും സ്വകാര്യ ആശുപത്രിയിലെ ഒരു സാദാ ഡോക്ടറുടെ ശമ്പളവും തമ്മില്‍ താരതമ്യം ചെയ്താല്‍ മതി. സ്വകാര്യ മേഖലയിലെ ശമ്പളം സര്‍ക്കാര്‍ മേഖലയില്‍ കൊടുക്കാനാവാത്തത്, അവര്‍ക്ക് പെന്‍ഷനുവേണ്ടി ഒരു സംഖ്യ മാറ്റി വെക്കേണ്ടതുള്ളതുകൊണ്ടാണ് എന്ന് ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. മാറ്റിവെക്കപ്പെട്ട വേതനമാണ് പെന്‍ഷന്‍ എന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുമുണ്ട്.
ഒരു സാദാസര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പള ബില്ല് വെറുതെയൊന്ന് പരിശോധിക്കാം. ഏറ്റവും താഴെക്കിടയിലുള്ളതും വളരെ മേലെയുള്ളതും ഒഴിവാക്കി ഒരിടത്തരം ജീവനക്കാരന്റെ ശമ്പളക്കണക്കൊന്ന് നോക്കാം. അടിസ്ഥാന ശമ്പളം 19,000 രൂപ. പുറമെ, വിലക്കയറ്റത്തിനനുസരിച്ച് കിട്ടുന്ന ക്ഷാമബത്തയുണ്ട്. ഇന്നത്തെ കണക്കില്‍ അത് 3800 വരും. രണ്ടും കൂട്ടിയാല്‍ 22,800. ഇതിന്റെ പത്തു ശതമാനം പെന്‍ഷന്‍ഫണ്ടിലേക്ക് പോവും. റിട്ടയര്‍ ചെയ്തശേഷം മാത്രം കിട്ടുന്ന പെന്‍ഷനുവേണ്ടി ഇപ്പോഴേ ഉള്ള സമ്പാദ്യം എന്നുവേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ 2,280 രൂപ ഒരു മാസം പോയിക്കിട്ടും. അത് കഴിച്ചുള്ള സംഖ്യ 20,520 ആണല്ലോ. ദോഷം പറയരുതല്ലോ, 1500 രൂപ വീട്ടുവാടകയും കിട്ടും. (അതിന്റെ അഞ്ച് ഇരട്ടിയെങ്കിലും കൊടുത്താലേ താമസിക്കാനൊരു വീടുകിട്ടൂ എന്നത് തല്‍ക്കാലം മറക്കാം.) അതുംകൂടി കൂട്ടിയാല്‍ 22,020 രൂപയാകും. ഇനിയാണ് ജി.പി.എഫിലേക്കുള്ള 1,140 രൂപയുടെയും ഗ്രൂപ്പ് ഇന്‍ഷുറന്‍സിനുള്ള 1000 രൂപയുടെയും പിടുത്തം. അതുകഴിച്ചാല്‍ കൈയ്യില്‍ കിട്ടുക 19,880 രൂപ. സംസ്ഥാനത്ത് എവിടെയും ജോലി ചെയ്യാന്‍ ബാദ്ധ്യസ്ഥനാണയാള്‍. അതുകൊണ്ട് വീടുവാടക 7500 ഇതില്‍ നിന്നുവേണം കൊടുക്കാന്‍. അതുകൂടി കുറച്ചാല്‍ വീട്ടിലേക്കെത്തുന്ന ശമ്പളം 12,380 രൂപ. എന്നു വെച്ചാല്‍ ദിവസത്തേക്ക് 413 രൂപ തികയില്ല. ചിലര്‍ക്കെങ്കിലും വീട്ടിനടുത്ത് ജോലി കിട്ടുമല്ലോ. അവര്‍ക്കാണെങ്കില്‍ 663 രൂപ കിട്ടും നിത്യക്കൂലി. ഇതാണ് മുല്ലപ്പൂവിപ്ലവക്കാരുടെ ‘കനത്ത ശമ്പളം'.
അപ്പോള്‍ ‘ഭാരിച്ച' പെന്‍ഷനോ?
കനത്ത പെന്‍ഷന്‍ വെട്ടിച്ചുരുക്കി, അതെടുത്ത്, 60 വയസ്സ് കഴിഞ്ഞതുകൊണ്ട് ‘പാവപ്പെട്ട'വരായിത്തീരുന്ന അംബാനി മുതല്‍ അദാനി വരെയുള്ളവര്‍ക്ക് വീതിച്ചു കൊടുക്കണം എന്നാണ് ആവശ്യം. ഇതിനിടെ, ‘രാഷ്ട്രീയ നിരീക്ഷകനായ' ഒരു പഴയ സര്‍വ്വകലാശാലാ അദ്ധ്യാപകന്‍ തനിക്ക് കിട്ടുന്ന പെന്‍ഷന്റെ ഭാരം വളരെ കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ് ഇതിന്റെ വക്താവായി മാറിയിരുന്നു. ‘നിഷ്പക്ഷ നിരീക്ഷക’ന്റെ വീഡിയോകള്‍ ‘ഒറ്റപ്പെന്‍ഷന്റെ 'പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പൈട്ടു. തനിക്ക് കിട്ടുന്ന പെന്‍ഷന്‍ വളരെ കൂടുതലാണ്, പക്ഷേ അത് സര്‍ക്കാറിലേക്ക് തിരിച്ചടച്ചാല്‍ പാവപ്പെട്ടവര്‍ക്ക് തന്നെ ചെല്ലും എന്ന ഒരുറപ്പുമില്ലാത്തതിനാല്‍ തല്‍ക്കാലം താന്‍ തന്നെ കൈവശം വെക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആ കാശ് വല്ല റോഡുപണിക്കോ മറ്റോ ഉപയോഗിച്ചാല്‍ ആ വഴിയേ പണക്കാര്‍ കൂടി സഞ്ചരിച്ചു കളയില്ലേ എന്ന ലളിതയുക്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് തല്‍ക്കാലം പെന്‍ഷന്‍കാശ് മുഴുവന്‍ താന്‍ തന്നെ കൈയ്യില്‍ വെക്കുന്നത്! എന്താെരാദര്‍ശ വാദം! അത്തരമൊയൊരാളെയാണ് ഒരവതാരമായി മുല്ലപ്പൂ വിപ്ലവക്കാര്‍ കൊണ്ടാടുന്നത്. പാവങ്ങള്‍ക്ക് കൊടുക്കാനായി തനിക്ക് കിട്ടുന്ന അമിതപ്പെന്‍ഷന്‍ മാറ്റിവെക്കുന്ന അഭിനവ ഗാന്ധിയായി അദ്ദേഹം പ്രകീര്‍ത്തിക്കപ്പെട്ടു. (പക്ഷേ ഒറ്റപ്പെന്‍ഷന്‍ വാദികളുടെ പോക്കത്ര ശരിയല്ല എന്നു തോന്നിയതോടെ മുഖ്യ താരമായിരുന്ന പ്രൊഫസറും പ്രൊഫസറെപ്പോലെയുള്ള മറ്റനേകം പേരും ആ പ്രസ്ഥാനത്തോട് വിട പറഞ്ഞു. മാത്രവുമല്ല, പ്രസ്ഥാനക്കാര്‍ തമ്മില്‍ തല്ലായി, പണപ്പിരിവിന്റെ കാര്യത്തില്‍ പരസ്പരം ആക്ഷേപങ്ങളായി, നാട്ടാര്‍ക്ക് പലര്‍ക്കും കാര്യം വ്യക്തമാവുകയും ചെയ്തു.)
പ്രൊഫസറുടെ പെന്‍ഷന്‍ കനത്തതാണെന്ന് പ്രൊഫസര്‍ക്ക് തോന്നുന്നുണ്ടാവാം. എഴുത്തുവഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും കാശ് കിട്ടാനുള്ള ആര്‍ക്കും തോന്നാവുന്നതാണത്. പക്ഷേ എല്ലാവരുടെ കാര്യവും അങ്ങനെയല്ലല്ലോ. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയിലേറെയും വാങ്ങിക്കുന്ന പെന്‍ഷന്‍ 10,000 രൂപയില്‍ താഴെയാണ്. എന്നിരിക്കെ, അതു കവര്‍ന്നെടുത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീതിച്ചു കൊടുക്കണം എന്നു പറഞ്ഞാല്‍ അത് സാമാന്യ ബോധത്തിന് നിരക്കുന്ന യുക്തിയല്ലല്ലോ. പ്രൊഫസറെപ്പോലെ ‘കനത്ത’പെന്‍ഷനുള്ള ഏതാനും ചിലരുടെ അമിതസംഖ്യ പിടിച്ചെടുത്താലും തികയുമോ നാട്ടാര്‍ക്കാകെ പെന്‍ഷന്‍ കൊടുക്കാന്‍? അതിനിതൊന്നും തികയില്ലെങ്കില്‍ പിന്നെ എവിടെച്ചെന്നെടുക്കും?
വണ്‍ ഇന്ത്യയോ വണ്‍ കേരളയോ?
ഇങ്ങനെയൊരു സുപ്രധാന ആവശ്യം ഉന്നയിച്ച് രംഗത്തു വന്ന ഒരു മൂവര്‍ സംഘ വാട്ടസ്ആപ് കൂട്ടായ്മ പിന്നീട് ട്രസ്റ്റായി മാറിത്തീര്‍ന്ന് ജനങ്ങളെയാകെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തുകയാണത്രെ. സകലമാന രാഷ്ട്രീയ കക്ഷികളിലും വിശ്വാസം നഷ്ടപ്പെട്ട ഇക്കൂട്ടര്‍ ട്രെയ്ഡ് യൂനിയനുകളോടും യുദ്ധപ്രഖ്യാപനം നടത്തുന്നുണ്ട്. ഇന്ത്യയിലാകമാനമുള്ള വൃദ്ധജന മോക്ഷത്തിനായി അവതരിച്ച ഇക്കൂട്ടരുടെ പ്രവര്‍ത്തനമേഖല കേരളം മാത്രമാണ്. ഇത്ര ഹൃദയവിശാലതയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ കുറവായതുകൊണ്ടല്ല, ഇവിടെയാണ് സാമൂഹികക്ഷേമപദ്ധതികള്‍ ഇത്രക്ക് വ്യാപകവും സാര്‍വത്രികവുമായി ഉള്ളത് എന്നതുകൊണ്ടാണത്. അത്തരമൊരിടത്തേ ഇത്തരമൊരു ആവശ്യത്തിന് വേരോട്ടമുണ്ടാക്കാനാവൂ എന്നതാണ് കാര്യം. ഈ സാമൂഹിക സുരക്ഷാ പദ്ധതികള്‍ തന്നെ കേരളത്തിലെ ഇടതുപക്ഷം പൊരുതി നേടിയതുമാണ്. കേരളത്തിലും ഇന്ത്യയിലും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് വേണ്ടി പോരാടിയവരെ, അവരുടെ വീരസ്മരണകളെ തമസ്‌കരിച്ചു കൊണ്ട് പാവപ്പെട്ട മനുഷ്യരെ വഴിതെറ്റിക്കുക മാത്രമാണ് ഈ അഭിനവ സാമ്യവാദികള്‍ ചെയ്യുന്നത്..
60 കഴിഞ്ഞാല്‍ പെന്‍ഷന്‍, അതുവരെ ജീവിക്കാന്‍?
60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍ വേണം എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. അപ്പോള്‍ അതിനു മുമ്പുള്ള കാലത്തെ ജീവിതമോ? 60 വയസ്സ് വരെ ജീവന്‍ നിലനിര്‍ത്തിയിട്ട് വേണ്ടേ 10,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാന്‍? അതിനൊരു തൊഴില്‍വേണ്ടേ? അതിന് മാന്യമായ കൂലി വേണ്ടേ? അതൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല എന്നതാണ് ‘ഒരേയൊരു പെന്‍ഷന്‍ 'കാരുടെ മട്ട്.
10,000 രൂപ പെന്‍ഷന്‍ കിട്ടണമെങ്കില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പിരിയുമ്പോള്‍ 20,000 രൂപയെങ്കിലും ശമ്പളം പറ്റിയിരിക്കണം. അപ്പോള്‍, 60 കഴിഞ്ഞ ഒരാള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ കിട്ടണമെങ്കില്‍, അതിന് മുമ്പ് അയാള്‍ക്ക് 20,000 ശമ്പളമോ കൂലിയോ ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയും ഇങ്ങനെയൊരു ഡിമാന്റ് ഉന്നയിക്കുന്നവരുടെതാണ്. എങ്കില്‍, അവര്‍ ആദ്യം ചെയ്യേണ്ടത് ഇന്ന് രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒന്നിച്ചാവശ്യപ്പെടുന്ന 20,000 രൂപ മിനിമം ശമ്പളമെന്ന ആവശ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണ്. ഒപ്പം ഐക്യസമര പ്രസ്ഥാനം ഉന്നയിക്കുന്ന തൊഴിലില്ലായ്മാ പ്രശ്‌നം കൂടി ഇതിന്റെ ഭാഗമായി അവര്‍ ഏറ്റെടുക്കേണ്ടി വരും. പണിയുണ്ടെങ്കിലല്ലേ പെന്‍ഷന്‍ ചോദിച്ചു വാങ്ങാനാവൂ. അപ്പോള്‍ എല്ലാവര്‍ക്കും തൊഴില്‍ എന്ന ആവശ്യം കൂടി അവര്‍ ഉയര്‍ത്തണം. ഇങ്ങനെ ചെയ്താല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പിന്തുണയും ഉറപ്പാക്കാനാവുമല്ലോ. പക്ഷേ അതൊന്നും തങ്ങള്‍ക്ക് വിഷയമല്ല എന്നതാണ് ഒറ്റപ്പെന്‍ഷന്‍കാരുടെ നിലപാട്.
കൂടുതല്‍ തൊഴിലാളികളെ അസ്ഥിരപ്പെടുത്തി ലാഭവിഹിതം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഉടമവര്‍ഗത്തോട് ഇന്ത്യന്‍ തൊഴിലാളികള്‍ ഒന്നിച്ചാവശ്യപ്പെടുന്നത് തൊഴിലവസരം വെട്ടിച്ചുരുക്കരുത് എന്നാണ്, സ്ഥിരം തസ്തികകളില്‍ നിയോഗിക്കപ്പെടുന്ന കരാര്‍തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം നല്‍കണമെന്നാണ്, പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാണ്, ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ 6,000 രൂപയെങ്കിലും ആയി ഉയര്‍ത്തുകയും അതിനെ വില സൂചികയുമായി ബന്ധിപ്പിക്കുകുകയും ചെയ്യണമെന്നാണ്. ഏഴ് കൊല്ലം മുമ്പുന്നയിച്ച 6,000 രൂപ എന്ന ആവശ്യം ഇന്നത്തെ വിലനിലവാരമനുസരിച്ച് 10,000 രൂപയെങ്കിലുമാവണം. അതോടൊപ്പം കേരളത്തില്‍ നടപ്പാക്കിപ്പോരുന്ന തരത്തിലുള്ള സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യന്‍ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനുനേരെ പതഞ്ഞുയരുന്ന ജനരോഷം വഴി തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ജീവനക്കാരാണ് ശത്രുക്കള്‍ എന്ന പ്രചാരണവുമായി മാരീചവേഷക്കാര്‍ ഇങ്ങനെ അരങ്ങ് തകര്‍ക്കുന്നത്.
എവിടെ നിന്നുയരുന്നു ഈ ന്യായം?
ചിലരെങ്കിലും ധരിക്കുന്നത് പെന്‍ഷനെതിരെയുള്ള ഈ കടന്നാക്രമണം ഈ മുല്ലപ്പൂവിപ്ലവത്തില്‍ നിന്നാണ് തുടങ്ങുന്നത് എന്നാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വളരെ മുമ്പേ ഈ ആക്രമണത്തിന് ഇരയായവരാണ്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ കവര്‍ന്നെടുത്തുകഴിഞ്ഞു. പക്ഷേ അതിനും രണ്ട് ദശകം മുമ്പ് തുടങ്ങിയതാണ്, ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കൊടുത്ത് കൊടുത്ത് സര്‍ക്കാരുകളും മുതലാളികളും ക്ഷീണിക്കുകയാണ് എന്ന വര്‍ത്തമാനം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കുശേഷം ഇനിയെന്ത് പെന്‍ഷന്‍, ഇനിയെന്ത് സാമൂഹിക സുരക്ഷ എന്ന് പച്ചക്ക് ചോദിച്ചത് ക്ലിന്റന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ലസ്റ്റര്‍ ഥറോ ആണ്. അതിനും മുമ്പെ ലോകബാങ്ക് ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതിനും മുമ്പ് ഇതവതരിപ്പിച്ചത് ആഗോള മൂലധനനാഥന്മാരുടെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ഫൈനാന്‍സ് മാസികയാണ്. അന്താരാഷ്ട്ര നിലവാരമുള്ള വന്‍കിട ബാങ്കര്‍മാരും ധനമേഖലാ വ്യവസായികളും കൈകാര്യം ചെയ്യുന്ന ഒരു മാസികയാണത്. വളരെ ഹര കരമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ടാണ് മുതലാളിമാരുടെ മാസിക പെന്‍ഷനെതിരെ ആക്രമണമുയര്‍ത്തിയത്.
ഫുലാ ഡി സില്‍വയുടെ കഥ
മെക്‌സിക്കോവിലെ ഒരു പോലീസ് കേഡറ്റായി 18-ാം വയസ്സില്‍ ജോലിക്ക് ചേരുന്ന ഫുലാ ഡി സില്‍വയുടെ കഥയാണ് ഗ്ലോബല്‍ ഫിനാന്‍സ് 1991 ല്‍ പ്രസിദ്ധപ്പെടുത്തിയത്. സോവിയറ്റ് യൂനിയന്‍ തകര്‍ന്നു കിട്ടിയ സന്തോഷത്തില്‍ മതിമറന്ന്, തൊഴിലാളി വര്‍ഗത്തിന് ഊന്നാനുണ്ടായിരുന്ന ഊന്നുവടി നെടുകേ പിളര്‍ന്നു പോയി എന്ന് ആക്രോശിക്കുന്നതിന്റെ കൂട്ടത്തിലാണ് ഇക്കഥ വിവരിക്കുന്നത്.
18-ാം വയസ്സില്‍ വെറും മെട്രിക്കുലേറ്റായി ജോലിക്ക് കയറിയ ഫുലാ ഡി സില്‍വ പിരിയുമ്പോള്‍ കേണല്‍ പദവിയില്‍ എത്തിയിരിക്കുമത്രെ. പിരിഞ്ഞാല്‍ പാതി ശമ്പളം പെന്‍ഷന്‍ കിട്ടും. അയാള്‍ മരിച്ചാല്‍ ഭാര്യക്കും കിട്ടും പെന്‍ഷന്‍. ഭാര്യ മരിച്ചാല്‍ അവരുടെ അവിവാഹിതയായ (അവര്‍ കല്യാണം കഴിക്കില്ലെന്ന് ലേഖകന് നല്ല ഉറപ്പുണ്ട് ) മകള്‍ക്ക് അവര്‍ മരിക്കുന്നതുവരെയും പെന്‍ഷന്‍! 68 വയസ്സാണ് മെക്‌സിക്കോവിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യമെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍, ഒരൊറ്റക്കാശും ചെലവാക്കാതെ ഇതെത്ര കാലം ഇങ്ങനെ വെറുതെ തിന്നാന്‍ കൊടുക്കും? പെന്‍ഷന്‍ ഏസ് യൂ ഗോ എന്ന നിലക്ക് ഇങ്ങനെ കൊടുക്കാനാവുമോ എന്നാണ് മുതലാളിമാരുടെ പത്രം ചോദിച്ച ചോദ്യം.
വെറുതെ കാലും നീട്ടി ഇതെത്ര കാലം?
ഒരു പണിയും ചെയ്യാതെ വെറുതെ തിന്ന് കുരുവാക്കി ദേശീയ വരുമാനത്തിന്റെ ഗണ്യമായൊരംശം തട്ടിപ്പറിച്ചെടുത്തുകൊണ്ട് അലസ വിശ്രമജീവിതം നയിക്കുന്ന ഈ വൃദ്ധ ജനവിഭാഗത്തെ എത്ര കാലം ഇങ്ങനെ പോറ്റാനാവും എന്നാണ് നമ്മുടെ ‘ഒരേയൊരു പെന്‍ഷന്‍' വിപ്ലവകാരികളെപ്പോലെ ക്ലിന്റന്റെ ഉപദേഷ്ടാവായ ലസ്റ്റര്‍ഥറോയും ചോദിച്ചത്. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര് ‘മുതലാളിത്തത്തിന്റെ ഭാവി' എന്നാണ്. (Future of capitalism). അദ്ദേഹം അവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല. ഇനിയങ്ങോട്ടുള്ള കാലത്ത് വര്‍ഗസമരമെന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലല്ല, പെന്‍ഷന്‍ കിട്ടുന്നവരും ജോലിയേ ഇല്ലാത്തവരും തമ്മിലായിരിക്കും എന്നാണ് മൂപ്പരുടെ വിലയിരുത്തല്‍. എന്നുവെച്ചാല്‍ സോവിയറ്റനന്തര കാലത്ത് തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികളൊക്കെ അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. അത് പക്ഷേ ഒറ്റയടിക്ക് നടപ്പാക്കാനാവാത്തതിന് ഒരു കാരണവും കണ്ടെത്തുന്നുണ്ട് ലസ്റ്റര്‍ ഥറൊ. പെന്‍ഷനര്‍മാര്‍ ‘വണ്‍ ഇഷ്യൂ വോട്ടര്‍മാരാ'ണ് എന്നതാണത്രെ കാരണം. എന്നു വെച്ചാല്‍ അവര്‍ ഒറ്റ പ്രശ്‌നത്തില്‍ വോട്ട് മാറ്റി ചെയ്‌തേക്കാവുന്ന ഒരൊറ്റ ഗ്രൂപ്പാണ് എന്നുതന്നെ. നോക്കണേ മുതലാളിമാരുടെ കണക്കുകൂട്ടല്‍!
നമ്മുടെ അഭിനവ ‘സോഷ്യലിസ്റ്റുകള്‍' എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ എന്ന അസാദ്ധ്യവും കപടവുമായ മുദ്രാവാക്യം ഉയര്‍ത്തുന്നത് ഇത്തരം ആശയങ്ങളില്‍നിന്ന് ഊര്‍ജം വലിച്ചുകൊണ്ടാണ്. പെന്‍ഷന്‍ എന്നത് മാറ്റിവെക്കപ്പെട്ട വേതനമാണ് എന്ന് കോടതി പറഞ്ഞത് മനസ്സിലാവാത്തതുകൊണ്ടല്ല, അത് അനാവശ്യമായ പാഴ്‌ച്ചെലവാണ് എന്ന നിയോലിബറല്‍ ആശയങ്ങള്‍ക്ക് തല പണയപ്പെടുത്തിയതുകൊണ്ടാണ് പ്രൊഫസര്‍മാരും അല്ലാത്തവരും പെന്‍ഷന്‍കാരുടെ പിടലിക്കാണ് പിടിക്കേണ്ടത് എന്ന് പറയുന്നത്.
പിന്നെ എവിടെനിന്ന് കിട്ടും കാശ്?
പാവപ്പെട്ട നിര്‍മ്മാണത്തൊഴിലാളികളെയും കര്‍ഷക തൊഴിലാളികളെയും അവര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ സ്മരണകളില്‍ നിന്നകറ്റി, പൈഡ് പൈപ്പറെപ്പോലെ അവരെ അഗാധ സമുദ്രത്തിലേക്ക് നയിക്കുന്നത് 10,000 രൂപ പെന്‍ഷന്റെ പെട്ടിപ്പാട്ടും പാടിയാണ്. അതിനുള്ള ഏക മാര്‍ഗം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിച്ചുരുക്കുകയാണ് എന്നാണ് മസ്തിഷ്‌ക പ്രക്ഷാളനം. പതിനായിരമല്ല, അതില്‍ക്കൂടുതല്‍ കിട്ടാന്‍ അര്‍ഹതയുള്ളവരാണ്, നമുക്കുവേണ്ടി രമ്യഹര്‍മ്യങ്ങള്‍ പണിതവര്‍, നമുക്കായി രാജപാത വെട്ടിത്തെളിച്ചവര്‍, നമുക്കുള്ള ഭക്ഷ്യഷ്യധാന്യങ്ങള്‍ എത്തിച്ചു തന്നവര്‍. അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഉറപ്പാക്കാനായത്, നിലവില്‍ ഒരു പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ളതുകൊണ്ടാണ്. അതില്ലാതായാല്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആ നിമിഷം അസ്തമിക്കും. ക്ഷേമപദ്ധതികള്‍ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ ഐക്യസമര പ്രസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന് പുറംതിരിഞ്ഞു നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്. ചെലവാക്കാന്‍ കാശില്ല എന്നാണ് അവര്‍ പറയുന്ന ന്യായം. പക്ഷേ വാര്‍ദ്ധക്യകാലത്ത് അശരണരായിത്തീരുന്ന കോടിക്കണക്കിന് വൃദ്ധജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ മാര്‍ഗമുണ്ട്. എളുപ്പം നടപ്പാക്കാവുന്നതേയുള്ളൂ. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകള്‍ പ്രകാരം അവര്‍ കൊടുക്കേണ്ട നികുതികളില്‍ സര്‍ക്കാര്‍ ഇളവ് ചെയത് കൊടുത്തത് 42 ലക്ഷം കോടി രൂപയാണ്, കഴിഞ്ഞ ഒരു ദശക ക്കാലത്ത് മാത്രം. അത് തിരിച്ചുപിടിക്കുക, അവര്‍ക്ക് ഒരര ശതമാനം അധിക നികുതി (അധിക നികുതി എന്നു പറയേണ്ടതില്ല, കുറച്ചു കൊടുത്ത നികുതി സ്വല്‍പ്പം കൂട്ടുക മാത്രം ചെയ്യുക) ചുമത്തുക, ഇതിന് പുറമെ, മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ നേരിയൊരംശം കൂടി ഇതിനോട് കൂട്ടുക - പതിനായിരമല്ല, അതിലും കൂടുതല്‍ കൊടുക്കാനാവും.
വണ്‍ കേരള, വന്‍ പെന്‍ഷന്‍?
ഇതറിയാഞ്ഞല്ല നമ്മുടെ ഒരേയൊരു പെന്‍ഷന്‍കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കഴുത്തിന് പിടിക്കണം എന്ന് പറയുന്നത്. തൊഴിലാളി വിരുദ്ധരും വന്‍കിട മുതലാളിമാരുടെ കാര്യസ്ഥരുമായ ഏതാനും ചില ട്രസ്റ്റികള്‍ ഇറങ്ങിപ്പുറപ്പെട്ടത് ഇടതുപക്ഷ വിരുദ്ധമായ ഒരാശയ പരിസരം ഈ തെരഞ്ഞെടുപ്പിനുമുമ്പ് സൃഷ്ടിച്ചെടുക്കാനാണ്.
കേരളത്തിലാണ്, കേരളത്തില്‍ മാത്രമാണ്, ഇത്രക്ക് സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കിപ്പോരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അസംഘടിതമേഖലയില്‍ പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ട്രെയ്ഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ കേരളത്തെയാണ് മാതൃകയായി ചൂണ്ടിക്കാട്ടിയത്. ഒടുക്കം സര്‍ക്കാര്‍ വഴങ്ങിയപ്പോള്‍, കേരള മാതൃകയിലുള്ള നിയമമാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അങ്ങനെയുള്ള കേരളത്തില്‍ ഇന്നു ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ചത്, പെന്‍ഷന്‍ തുക ഇരട്ടിയാക്കും എന്നാണ്. പക്ഷേ 500 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ ആയിരമായല്ല വര്‍ദ്ധിച്ചത്, അത് മൂന്നിരട്ടിയോടടുക്കുകയാണ്. അത്തരമൊരു നിലപാടിന്റെ ശോഭ കെടുത്തിക്കളയാനാണ്, നിങ്ങള്‍ക്ക് 1400 അല്ല 10,000 ആണ് ലഭിക്കേണ്ടത്, അത് നല്‍കാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെറുതെ തിന്നാന്‍ കൊടുക്കുകയാണ് കേരള ഗവണ്‍മെന്റ് എന്ന് നിഷ്‌കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ‘വണ്‍ കേരള, വന്‍പെന്‍ഷന്‍ ' എന്നതാണ് ഒറ്റപ്പെന്‍ഷന്‍ വാദികളുടെ പ്രചാരണം. അതിന് തടസ്സം നില്‍ക്കുന്നത് സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും എത്ര ലളിതമാണ് യുക്തി!
വേരുകള്‍ വേറെയും
പരസ്പരം സാമ്പത്തിക ക്രമക്കേടിന്റെ ആരോപണമുന്നയിച്ച് കലഹിക്കുന്ന ഒരാള്‍ക്കൂട്ടമാണ് ഒറ്റപ്പെന്‍ഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്. അവര്‍ക്കതാവാം. അവരുടെ ലക്ഷ്യം വളരെ പരിമിതമാണ്. അടുത്ത തെരഞ്ഞെടുപ്പാണ് നോട്ടം. അരാഷ്ട്രീയവാദികളായ ഒട്ടനവധി ഇടതുപക്ഷ വിരുദ്ധര്‍ വേറെയുമുണ്ട് മാരീചവേഷത്തില്‍. കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുകിട്ടുന്ന എല്ലിന്‍കൊട്ട് കാട്ടി ഗ്രാമതല വികസനത്തിന്റെ സങ്കീര്‍ത്തനം മുഴക്കുന്നവര്‍! കേരളത്തെ രാഷ്ട്രീയ വിമുക്തരാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍. അവര്‍ക്കൊപ്പം മറ്റൊരു കൂട്ടരുമുണ്ട് കാണാമറയത്ത്. നിശ്ശബ്ദ ഭൂരിപക്ഷം എന്ന രാഷ്ടീയ സംഘടന. സംഘടിത ന്യൂനപക്ഷത്തിന്റെ ആക്രമണത്തില്‍നിന്ന് അസംഘടിതരെ രക്ഷിക്കാന്‍ ‘സംഘടിപ്പിക്കപ്പെട്ട' രാഷ്ട്രീയ കക്ഷി. മുത്തൂറ്റ് മുതലാളിയാണ് മുന്നില്‍. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒന്നാം നമ്പറായി പ്രത്യക്ഷപ്പെടുന്നത് പണിമുടക്കങ്ങള്‍ നിരോധിക്കും എന്നാണ്. രണ്ടാമത്തെ വാഗ്ദാനം പൊതുനിരത്തുകളിലൂടെയുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കും എന്നാണ്.
ഇവരുടെ വായിലേക്ക് കേരളത്തെ വെച്ചു നീട്ടുന്നതിനാണ് ഒറ്റപ്പെന്‍ഷന്‍ വാദികള്‍ മാരീചവേഷം പൂണ്ട് വൃദ്ധാഭിമുഖ്യം കാട്ടി കണ്ണീരും ചൊരിഞ്ഞ് നില്‍ക്കുന്നത്! അവരുടെ പിടിയില്‍ പെട്ടു പോവുന്ന സാധാരണ മനുഷ്യര്‍ ഏറെയാണ്. കാര്യം മനസ്സിലാക്കി കാരശ്ശേരി പിന്മാറിയിട്ടുണ്ട്. പക്ഷേ പൈഡ് പൈപ്പര്‍ കൂടെ കൂട്ടിക്കൊണ്ടുപോയി കടലില്‍ മുക്കാന്‍ ശ്രമിക്കുന്ന പാവം ജനങ്ങളോ? അവരെ ക്ഷമാപൂര്‍വ്വം കാര്യം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെതാണ്. മുഴുവന്‍ ഇടതു പക്ഷത്തിന്റെതുമാണ്.
ബെഫി മുന്‍ അഖിലേന്ത്യ പ്രസിഡന്റാണ് ലേഖകന്‍
എൻ.കെ സലീം
15 Nov 2020, 03:46 PM
സത്യം തുറന്ന് കാട്ടുന്ന ലേഖനം
Thampi
15 Nov 2020, 03:08 PM
ഈ ആശയം കെണി അല്ല. അവകാശമാണ്. തുറന്ന കമ്പോളവും ആഗോളവൽക്കരണവും ഒക്കെ നടപ്പിലാക്കിയപ്പോൾ മൻമോഹൻസിംഗ് സർക്കാർ തീർച്ചയായും ഉറപ്പാക്കേണ്ടിയിരുന്ന ഒരു മൗലികാവകാശം. വികസിതരാജ്യങ്ങളിൽ Tier -1 പെൻഷൻ എന്നാണ് ഇത് അറിയപ്പെടുന്നത് . 18 - 65 വയസ്സുള്ളവർ എല്ലാം ഈ പെൻഷനിലേക്കു പണം അടയ്ക്കാൻ നിര്ബന്ധിതരാണ്. 65 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും Tier -1 പെൻഷൻ ലഭ്യമാക്കണം. ഇന്ത്യയിൽ അത് നടപ്പിലാക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും മൻമോഹൻ സിംഗ് സർക്കാർ വിദഗ്ദമായി ഒഴിഞ്ഞുമാറി. തൊഴിൽദാതാവിൽ നിന്നും ലഭിക്കുന്ന പെൻഷൻ Tier -2 പെൻഷൻ ആണ്. അതും എല്ലാവര്ക്കും അവകാശമുള്ള Tier -1 പെൻഷനുമായി കൂട്ടികുഴയ്ക്കരുത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ മുപ്പതും നാല്പതും വർഷം ജോലിചെയ്തവരെ പോലും നയാപൈസ പെൻഷനോ മെഡിക്കൽ അനുകൂല്യമോ നൽകാതെ ഇറക്കിവിട്ട സാമൂഹ്യവിരുദ്ധർ ആണ് നമ്മുടെ മുഖ്യധാരാരാഷ്ട്രീയപാർട്ടികളെ നയിക്കുന്നത്. സ്വകാര്യ കമ്പനികളുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ. ഇതേ രാഷ്ട്രീയക്കാർ ആണ് മന്ത്രിമാരുടെ പെട്ടികൾ പിടിച്ച ആശ്രിതർക്ക് ആജീവനന്തപെൻഷനും ഫാമിലി പെൻഷനും നടപ്പിലാക്കിയത്. ഇന്ത്യയിലെ തൊഴിലാളിവർഗ സംഘടനകൾ അവരെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു. OIOP എന്ന സംഘടനയെക്കുറിച്ചും അവരുടെ ലക്ഷ്യങ്ങളെ കുറിച്ചും ഉദ്ദേശശുദ്ധിയെക്കുറിച്ചും ഒന്നുമറിയില്ല. അത് തീർച്ചയായും അന്വേഷിക്കേണ്ടതാണ്.
P R Ravikumaran
28 Sep 2020, 01:24 PM
You rightly said.I get pension from pension fund in which I invested since I became permanent central govt employee.For 39 years I contributed.Those against govt pensioners are anti india.They dont like well being of the pensioner depended familiesI am sure they will target against military, police etc.I ask are these people or their wards to serve nation without pension.now tell and get into military service to prove your honesty.
Raphael kootungal
27 Sep 2020, 08:54 AM
അഭിനന്ദനങ്ങൾ.
Dr Santhosh Thomas
26 Sep 2020, 07:45 PM
നന്നായിരിക്കുന്നു ,വളരെ നന്നായിരിക്കുന്നു .ഒരുപാട് സംശയങ്ങൾക്ക് ഉത്തരം തരുന്ന ഒരു ലേഖനം .വിശദമായി തന്നെ എഴുതിയിരിക്കുന്നു
രാജു M
26 Sep 2020, 01:02 PM
തെറ്റിദ്ധരിക്കപ്പെട്ട് OIOP യുടെ കൂടെ നിൽക്കുന്നവർക് കാര്യങ്ങൾ മനസ്സിലാക്കാൻ സഹായയാകരം.
Jacob Thomas
26 Sep 2020, 12:07 PM
കെണി മനസ്സിലായില്ല.
പ്രമോദ് പുഴങ്കര
Jan 30, 2021
8 Minutes Read
കെ.ആർ. ഷിയാസ്
Jan 04, 2021
10 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
എ.കെ. രമേശ്
Dec 06, 2020
6 Minutes Read
എ.കെ. രമേശ്
Nov 26, 2020
9 Minutes Read
ഡോ. തോമസ് ഐസക്
Nov 19, 2020
4 Minutes Read
ജോസഫ് കെ. ജോബ്
Nov 08, 2020
32 Minutes Read
Mohammed Sherief
15 Nov 2020, 04:55 PM
Good