തൊഴിലാളികളും കർഷകരും ഇതാ, ഇന്ത്യയുടെ സമരനായകരായി മാറുകയാണ്

1991 നുശേഷം നടക്കുന്ന 20ാമത് ദേശീയ പണിമുടക്കാണ് ഇന്നത്തേത്, ഈ വർഷത്തെ രണ്ടാം സമരം. തൊഴിലാളികൾ കൊടിയടയാളം മറന്ന് ഒന്നിച്ച് പണിമുടക്കുമ്പോൾ കക്ഷിരാഷ്ട്രീയാതീതമായി 200 ലേറെ കർഷക സംഘടനകൾ കൂടി അതിൽ അണിചേരുകയാണ്. അതീവ സമ്പന്നരായ ഒരു ചെറു ന്യൂനപക്ഷമൊഴികെയുള്ള മുഴുവൻ ജനങ്ങളുടെയും ഡിമാന്റുകളാണിവ. കക്ഷിരാഷ്ടീയാതീതമായി പണിയെടുക്കുന്ന തൊഴിലാളികളും കർഷക സംഘടനകളും ഒന്നിച്ച് നിന്ന് ഒന്നായി ആവശ്യപ്പെടുന്ന ഈ ഡിമാന്റുകൾ മുഴുവൻ ഇന്ത്യക്കാരുടെതുമായി മാറുകയാണ്

ണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും കർഷകരുടെ 200 ലേറെ സംഘടനകളും ഒന്നിച്ചുനിന്ന് കക്ഷിരാഷ്ടീയാതീതമായി ചില ഡിമാൻറുകൾ മുന്നോട്ടുവെച്ച്​ ഇന്ന്​ ദേശീയ പണിമുടക്ക്​ നടത്തുകയാണ്​. ഈ ഡിമാന്റുകൾ മുഴുവൻ ഇന്ത്യക്കാരുടെതുമായി മാറുന്നത്​ എങ്ങനെയാ​ണെന്ന്​ പരിശോധിക്കാം.

7500 രൂപ സഹായധനം

ആദായ നികുതി പരിധിയിൽ പെടാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നൽകണം എന്നതാണ് ആദ്യ ഡിമാന്റ്. കോവിഡ് കാരണം കോടിക്കണക്കിന് സാധാരണ മനുഷ്യർക്ക് തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽക്കഴിവ് കുറഞ്ഞുവരികയാണ്. അതു കാരണം ഉൽപ്പന്നങ്ങൾ പലതും വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുകയാണ്. ഫാക്ടറികൾ അടച്ചു പൂട്ടപ്പെടുകയാണ്.

അത് വീണ്ടും തൊഴിലവസരങ്ങൾ തകർത്തെറിയുകയും ജനങ്ങളുടെ വാങ്ങൽക്കഴിവ് ഞെരിച്ചു കളയുകയും ചെയ്യുന്നു. ഇതിൽനിന്ന് നാടിനെ രക്ഷിക്കാനുള്ള ഏക മാർഗം ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുക എന്നതാണ്. പട്ടിണി മരണങ്ങളിൽ നിന്ന് കോടിക്കണക്കിന് ഇന്ത്യക്കാരെയും മഹാമാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെയും വിമുക്തമാക്കാൻ പറ്റുമെങ്കിലും, ഇതിന് ഭീമമായ കാശ് ചെലവാകില്ലേ എന്നതാണ് ഇതിനെതിരെ ഉയരുന്ന ചോദ്യം.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 42 ലക്ഷം കോടി രൂപയാണ് കോർപറേറ്റുകൾ കൊടുക്കാനുള്ള നികുതിപ്പണത്തിൽ സർക്കാർ നൽകിയ ഇളവ്. അങ്ങനെയിരിക്കെ, ഒരു നാടിനെത്തന്നെ രക്ഷിക്കാൻ ഇത്രയും കാശ് അനായാസം കണ്ടെത്താവുന്നതേയുള്ളൂ. അത് ചെയ്യണം എന്നാണ് കോടിക്കണക്കിന് തൊഴിലാളികൾ ഒന്നിച്ചാവശ്യപ്പെടുന്നത്.

പശ്ചിമ ബംഗാളിൽ സമരാനുകൂലികൾ ബസ് തടയുന്നു

ആവശ്യക്കാർക്ക് ഭക്ഷ്യധാന്യം

ആവശ്യക്കാർക്ക് ഒരാൾക്ക് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകണം എന്നതാണ് രണ്ടാമത്തെ ആവശ്യം. 119 ശതകോടീശ്വരന്മാരുള്ള ഒരു നാട്ടിൽ പട്ടിണി മരണം നിത്യസംഭവമാകാതിരിക്കാനാണ്, ഇങ്ങനെയൊരാവശ്യം. കോടിക്കണക്കിന് കുടിയേറ്റ ത്തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും, കൂലിയും ജീവനോപാധികളും നഷ്ടപ്പെട്ട് മുഴുപ്പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു കാലത്ത് ഇത്തരമൊരാവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കാൻ കരുണയറ്റ ഒരു ഭരണ സംവിധാനത്തിനേ കഴിയൂ.

മാന്ദ്യത്തിനെതിരെ തൊഴിലുറപ്പും

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 ദിവസത്തെ തൊഴിലെങ്കിലും നൽകണമെന്നും അതിനുള്ള കൂലി വർദ്ധിപ്പിക്കണമെന്നും അത് പട്ടണപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം എന്നുമാണ് മൂന്നാമത്തെ ഡിമാന്റ്. പാഴായിപ്പോവുന്ന മനുഷ്യാധ്വാനം മണ്ണിൽ പ്രയോഗിക്കപ്പെട്ടാൽ അത് കനകം വിളയിക്കുക തന്നെ ചെയ്യും. മുഴുപ്പട്ടിണിക്കാരായ അനേകലക്ഷങ്ങളെ പട്ടിണി മരണങ്ങളിൽനിന്ന് മോചിപ്പിക്കാനും അതിനു കഴിയും. അവരുടെ വാങ്ങൽക്കഴിവ് ഏറുന്നത് കമ്പോളത്തെയും തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, കുറേ പേർക്ക് പണി നൽകുന്നതിനപ്പുറം വലിയ സാമൂഹിക സാമ്പത്തിക മാനങ്ങളുള്ള ഒരാവശ്യമാണ് ഇതെന്ന് കാണാനാവും.

തൊഴിലാളി - കർഷകദ്രോഹ നിയമങ്ങൾ വേണ്ട

രാജ്യത്ത് വലിയ തോതിൽ രൂപപ്പെട്ടുവരുന്ന തൊഴിലാളി - കർഷക ഐക്യത്തിന് പ്രേരകമായിത്തീർന്നത് കേന്ദ്ര സർക്കാർ പിന്തുടരുന്ന കുത്തകാനുകൂല നയങ്ങളാണ്. ഏതാനും കുത്തക മുതലാളിമാരെ ബഹുരാഷ്ട്ര കുത്തകകളാക്കി മാറ്റുന്നതിന് വഴിതെളിയിച്ച ആ നയങ്ങൾ കർഷകർക്കും തൊഴിലാളികൾക്കും കുത്തകേതര വിഭാഗങ്ങൾക്കാകെയും എതിരാണ്.

സമീപകാലത്ത് ഇന്ത്യൻ പാർലമെന്റ് തലേന്നും പിറ്റേന്നുമായി പാസ്സാക്കിയെടുത്ത മുമ്മൂന്ന് ബില്ലുകൾ കാർഷിക മേഖലയെയും തൊഴിൽ മേഖലയെയും ഒരേ പോലെ കോർപറേറ്റുകൾക്കിണങ്ങിയ രീതിയിൽ മാറ്റിത്തീർക്കുകയാണ്. കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടവതരിപ്പിച്ച ബില്ലുകൾ യഥാർത്ഥത്തിൽ അവരെ അടിമകളാക്കി മാറ്റുന്നതിന് തയാറാക്കിയതാണ്. അഗ്രികൾച്ചറിനെ അഗ്രിബിസിനസ്സാക്കി മാറ്റി വൻകിട കുത്തക മുതലാളിമാർക്ക് ലാഭം കൊയ്യാനുള്ള ഇടമാക്കാനുള്ള ഒളിപ്രയോഗങ്ങളാണ് ആ ചതിയൻ നിയമങ്ങളിലുടനീളം.

ഒഡീഷയിൽ പണിമുടക്കിന്റെ ഭാഗമായി ട്രെയിൻ തടയുന്ന സമരാനുകൂലി

അവശ്യവസ്തുനിയമമടക്കം ഭേദഗതി ചെയ്ത് പൂഴ്ത്തിവെപ്പിനുള്ള അസുലഭ സന്ദർഭമാണ് മുതലാളിമാർക്ക് ഒരുക്കിക്കടുത്തിരിക്കുന്നത്. യുദ്ധമോ ക്ഷാമമോ ഉണ്ടായായാൽ പോലും, കയറ്റുമതി ഓർഡർ ഉള്ള ഒരു മുതലാളിയുടെ സ്റ്റോക്ക് പിടിച്ചെടുക്കാൻ സർക്കാറിന് കഴിയാത്ത വിധമാണ് ഭേദഗതി വരുത്തിവെച്ചത്. ഉൽപാദകരായ കർഷകർക്ക് ന്യായവില കിട്ടില്ല എന്നു മാത്രമല്ല, ഉപഭോക്താക്കളായ ഇന്ത്യക്കാരെയാകെ പിഴിഞ്ഞൂറ്റാൻ ഈ ഭേദഗതി വലിയ മുതലാളിമാർക്ക് അവസരമൊരുക്കിക്കൊടുക്കുന്നുണ്ട്. കർഷക ശാക്തീകരണം എന്ന പേരിട്ടാണ് ഇമ്മാതിരി കൊടും ചതി നടത്തിയിരിക്കുന്നത്.

കാർഷിക മേഖലയിലെ ഈ മൂന്നു നിയമങ്ങളും വോട്ടിനിടാൻ പോലും തയാറാവാതെ, പാർലമെന്ററി ചട്ടവട്ടങ്ങളാകെ കാറ്റിൽപ്പറത്തി ഒച്ചവെച്ച് ബില്ല് പാസ്സാക്കിയെടുക്കുകയായിരുന്നു ഭരണകക്ഷി. അതിൽ പ്രതിഷേധിച്ചതിനാണ് ഇടതുപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്തത്. പാർലമെന്ററി സംവിധാനത്തെത്തന്നെ തകിടം മറിക്കുന്ന ഈ അമിതാധികാര പ്രവണതയിൽ പ്രതിപക്ഷമാകെ പ്രതിഷേധിച്ച തഞ്ചം നോക്കി തിരക്കിട്ട് പാസ്സാക്കിയെടുത്ത മൂന്ന് തൊഴിൽ നിയമങ്ങളും വൻകിട മുതലാളിമാർക്ക് വേണ്ടിത്തന്നെ തയാർ ചെയ്തതാണ്. നാട്ടിൽ നടപ്പുള്ള 44 നിയമങ്ങൾ കെട്ടിക്കൂട്ടി നാല് കോഡുകളാക്കുകയാണ് എന്നാണ് നേരത്തേ സർക്കാർ പ്രഖ്യാപിച്ചത്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യൻ തൊഴിലാളികൾ പൊരുതി നേടിയെടുത്ത അവകാശങ്ങളാണ് ഇതുവഴി റദ്ദാക്കിക്കളഞ്ഞത്. ഇതിൽ ഒരു കോഡ് 2019 ൽ പാസ്സാക്കിയെടുത്തതാണ്- വേജ് കോഡ്. മറ്റ് മൂന്ന് കോഡുകളാണ് ഇപ്പോൾ ഒന്നിച്ച് നിയമമാക്കിയെടുത്തത്. പണിമുടക്കാനുള്ള അവകാശം തന്നെ നിഷേധിക്കുന്നതും തൊഴിലാളികളെ പിരിച്ചുവിടാൻ മുതലാളിമാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതുമാണ് ഈ മൂന്നു തൊഴിൽ നിയമങ്ങൾ. 8 മണിക്കൂർ ജോലി എന്നത് ലോകത്ത് പല രാജ്യങ്ങളിലും 7 മണിക്കൂർ, 5 ദിവസമായി ചുരുക്കി വരുമ്പോൾ, അതിന്റെ ഇരട്ടിയിലേറെ നേരം ഇന്ത്യൻ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാനായാണ് പുതിയ കോഡുകൾ അവതരിപ്പിക്കപ്പെടുന്നത്.

അന്താരാഷ്ട്ര സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനും സർക്കാരുകളെത്തന്നെ അസ്ഥിരീകരിക്കാനും ശേഷിയുള്ള വൻകിട ബഹുരാഷ്ട്ര കുത്തകക്കമ്പനികൾ അവർക്ക് പറ്റിയ രീതിയിൽ ലോകക്രമമാകെ മാറ്റിമറിക്കുകയാണ്. അതിനിണങ്ങിയ രീതിയിൽ ലോകബാങ്ക് പ്രസിദ്ധപ്പെടുത്തുന്ന ആഗോള സൂചികകളാണ് ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സും’ ‘എനാബ്ലിങ്ങ് ബിസിനസ് ഓഫ് അഗ്രിക്കൾച്ചറും’. ഈ സൂചികകളിൽ മത്സരിച്ചു കയറാനായി രാജ്യങ്ങൾ പലതും മൂലധനശക്തികൾക്കിണങ്ങിയ രീതിയിൽ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.

പാർലമെന്ററി നടപടിക്രമങ്ങളെത്തന്നെ അട്ടിമറിച്ച് മോദി സർക്കാർ പാസ്സാക്കിയെടുത്ത നിയമ ഭേദഗതികളും ഈ ഗണത്തിൽ പെട്ടതാണ്. അത് ഒരേസമയം തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും ജനവിരുദ്ധവുമാണ്. ഇന്ത്യൻ ജനതയിൽ അതീവ ന്യൂനപക്ഷമായ ഒരു ചെറുവിഭാഗമൊഴികെ മഹാഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ ഒറ്റയടിക്ക് സംഹരിച്ചു കളയുന്ന ഈ ബില്ലുകൾ അതു കൊണ്ടു തന്നെ ഒരു പുതിയ പ്രതിരോധ നിരക്കും വഴിവെക്കുന്നുണ്ട്.

തൊഴിലാളികൾ നടത്തിയ മുൻ പണിമുടക്കുകളിൽ കർഷകർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നെങ്കിൽ, ഇപ്പോഴത് യഥാർത്ഥ തൊഴിലാളി- കർഷക ഐക്യസമരമായി മാറുകയാണ്. ഒന്നിച്ചുള്ള ഡിമാന്റുകൾ, ഒന്നിച്ചുള്ള പ്രക്ഷോഭം എന്ന നിലയിലേക്ക് വളരുകയാണ് സമരരൂപം.

പൊതുമേഖലയെ തകർക്കരുത്

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മൂലധനത്തിന് പതിച്ചുകൊടുക്കരുത് എന്നതാണ് അഞ്ചാമത്തെ ഡിമാന്റ്. ഒറ്റനോട്ടത്തിൽ ഇത് പൊതുമേഖലാ ജീവനക്കാരുടെ ആവശ്യമാണെന്നു തോന്നാം. അങ്ങനെയാണ് വിഷയത്തെ കുത്തക മാധ്യമങ്ങൾ പരിചരിച്ചു പോന്നതും. യഥാർത്ഥത്തിൽ ദേശസ്‌നേഹ പ്രേരിതമായ ഈ ഡിമാന്റ് വേണ്ടുംവിധം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനായാൽ രാജ്യം ഭരിക്കുന്ന കപട ദേശീയതാവാദികളുടെ വഞ്ചന തുറന്നു കാട്ടപ്പെടും.

പണിമുടക്കിന് പിന്തുണ അറിയിച്ച് കൊൽക്കത്തയിൽ സിപിഐഎം പ്രവർത്തകർ ട്രെയിൻ തടയുന്നു

മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ നിജസ്ഥിതി മറച്ചുവെക്കാൻ തറവാടുകളുടെ മൂലക്കല്ലിളക്കി വിൽക്കുന്ന ധൂർത്തുപുത്രന്മാരെപ്പോലെ പൊതുമുതൽ തൂക്കി വിറ്റ് നിത്യനിദാന ചെലവിനുള്ള വക കണ്ടെത്തുകയാണ് സർക്കാർ. വൻ ലാഭം കൊയ്യുന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥത കുറേശ്ശെ കുറേശ്ശെ വിൽക്കുകയാണ്. അങ്ങനെയവസാനം എല്ലാം വിറ്റ് തീർന്നാൽ പിന്നെയാണ് ധൂർത്തുപുത്രന്മാർ തള്ളമാരുടെ താലിമാല പൊട്ടിച്ചു വിൽക്കുക. അപ്പോഴാണ് സർക്കാർ വൻകിടക്കാരൊഴികെയുള്ളവരുടെ നികുതിഭാരം കുത്തനെ വർദ്ധിപ്പിക്കുക.

സർക്കാർ ഉടമസ്ഥതയെന്നത് അശ്ലീലമായി പ്രചരിപ്പിച്ചു പോന്ന താച്ചറുടെ നാട്ടിൽ സ്വകാര്യവൽക്കരണമാകെ പാളിയതോടെ വീണ്ടും ദേശസാൽക്കരണം നടക്കുകയാണ് പല മേഖലകളിലും. ആരോഗ്യമേഖലയാകെ സ്വകാര്യവൽക്കരിച്ച സ്‌പെയിൻ കൊറോണക്കാലത്താണ് അതിന്റെ ആപത്ത് തിരിച്ചറിഞ്ഞ് ആരോഗ്യമേഖല ദേശസാൽക്കരിച്ചത്. ബിസിനസ് ഓഫ് ദ ഗവൺമെന്റ് ഈസ് നോട്ട് ഡൂയിങ്ങ് ബിസിനസ്സ് എന്നു പറയുന്നത് വൻകിട ബിസിനസ്സുകാരെ സന്തോഷിപ്പിക്കാനാണ് എന്ന് ഇന്ന് ലോകം തിരിച്ചറിയുകയാണ്.

അത്തരമൊരു കാലത്ത് 90 കളുടെ തുടക്കം മുതൽക്കേ ആവശ്യപ്പെട്ടുപോന്ന കാര്യം ആവർത്തിച്ചുറപ്പിച്ച് പറയാൻ തൊഴിലാളികളെ അനുഭവം പഠിപ്പിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തെറിഞ്ഞ് സ്വകാര്യ മേഖലയെ വഴിവിട്ട് സഹായിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് ബി.എസ്.എൻ.എല്ലിൽ കാണുന്നത്. വർഷാവർഷം സർക്കാറിന് അനേകായിരം കോടി ലാഭമെത്തിച്ചു കൊടുക്കുന്ന എണ്ണക്കമ്പനികൾ തൂക്കി വിൽക്കുന്നത് റിലയൻസിനെപ്പോലുള്ള കമ്പനികളെ സഹായിക്കാനാണ് എന്ന കാര്യം ഇന്ന് നാട്ടിൽ പട്ടാണ്.

കോവിഡ് കാലത്ത്, ഇമ്മാതിരിയൊരവസരം ഇനിയൊരിക്കലും കിട്ടില്ല എന്ന് പരസ്യ പ്രസ്താവന നടത്തിക്കൊണ്ടാണ് നിതി ആയോഗ് തലവൻ അവശിഷ്ട പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വിറ്റ് കാശാക്കാൻ നേരമായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. നിർമല സീതാരാമന്റെ 20 ലക്ഷം കോടിയുടെ ആത്മ നിർഭർ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. വിദേശ മൂലധനം ആശ്രയിച്ചുള്ള സ്വാശ്രയത്വം! അതുകൊണ്ടു തന്നെ ഈ ആവശ്യം ദേശസ്‌നേഹപ്രേരിതമായ ഒന്നാണ്. ഇത് ജനങ്ങൾക്കിടയിൽ വേണ്ട പോലെ പ്രചരിപ്പിക്കപ്പെടേണ്ട ഒന്നാണ് താനും.

പിരിച്ചയക്കരുത്, നിർബന്ധിച്ച്

സർക്കാർ ജീവനക്കാരെയും പൊതുമേഖലാ ജീവനക്കാരെയും പെൻഷൻ പ്രായമാവുന്നതിന് മുമ്പ് പിരിഞ്ഞു പോകാൻ നിർബന്ധിക്കുന്ന ഏർപ്പാടവസാനിപ്പിക്കണം എന്നതാണ് അടുത്ത ഡിമാന്റ്.

നിശ്ചിത കാല നിയമനം, കരാർ നിയമനം, അപ്രന്റീസ് നിയമനം എന്നിവ വഴി സ്ഥിരം തൊഴിൽ എന്നത് ഇല്ലായ്മ ചെയ്യാനാണ് സർക്കർ ഉദ്ദേശിക്കുന്നത്. അങ്ങനെ വന്നാൽ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഊബറൈസേഷൻ നടപ്പാവും. ഊബർ എന്ന കമ്പനിക്ക് ഒറ്റ വാഹനവുമില്ല, ജീവനക്കാരനുമില്ല. അത് ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം മാത്രമാണ്. ഗിഗ് തൊഴിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനൗപചാരിക തൊഴിൽ വ്യാപകമാവും. ഉടമയാരെന്നോ, മേലുദ്യോഗസ്ഥൻ ആരെന്നോ, കൂലി എത്രനാളേക്ക് എത്ര കിട്ടുമെന്നോ അറിയാനാവാത്ത കൂലിഅടിമകളുടെ ഒരു മഹാനിര! അവകാശങ്ങളില്ല, ആനുകൂല്യങ്ങളില്ല, സേവനത്തുടർച്ചയുമില്ല. ഡിസ്‌പോസിബിൾ ഗ്ലാസ് പോലെ എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരുരുപ്പടിയാവും തൊഴിലാളികളും ജീവനക്കാരും! യഥാർത്ഥ ഹയർ ആന്റ് ഫയർ! ആത്മാഭിമാനമുള്ള ഒരു തൊഴിലാളിക്കും വകവെച്ചു കൊടുക്കാനാവില്ല ഈ അതിനീച നീക്കങ്ങൾ.

കോൺഗ്രസിൻറെയും സിപിഐഎമ്മിൻറെയും പ്രവർത്തകർ ചേർന്ന് പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുന്നു

മാറ്റിവെക്കപ്പെട്ട വേതനമാണ് പെൻഷൻ

എല്ലാവർക്കും പെൻഷൻ, ന്യൂ പെൻഷൻ സ്‌കീം എന്ന തട്ടിപ്പ് ഉപേക്ഷിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഇ.പി.എഫ് പെൻഷൻ പരിഷ്‌കരിക്കുക എന്നതാണ് ഏഴാമത്തെ ഡിമാന്റ്.

പെൻഷൻ എന്നത് മാറ്റിവെക്കപ്പെട്ട വേതനമാണ് എന്ന് സുപ്രീംകോടതി തന്നെ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, അത് നിഷേധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം ലോകത്ത് പലേടത്തുമായി ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കാൻ ആരംഭിച്ചിരുന്നു. ഇനിയുള്ള കാലത്ത് വർഗസമരമെന്നത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലല്ല, ഒരു പണിയും ചെയ്യാതെ പെൻഷൻ തട്ടിപ്പറിച്ചെടുക്കുന്ന വൃദ്ധജനങ്ങളും പണിയേ ഇല്ലാത്ത യുവാക്കളും തമ്മിലായിരിക്കും എന്നു വരെ വ്യാഖ്യാനിച്ചുറപ്പിച്ചവരുണ്ട്.

പെൻഷൻ നിഷേധത്തിന്റെ അടിവേര് കിടക്കുന്നത്, തൊഴിലാളികളെ ഈസിലി ഡിസ്‌പോസിബിൾ ഘടകമാക്കണം എന്ന മുതലാളിത്ത ദുരയിലാണ്. അർഹതയുള്ളതിന് മാത്രം അതിജീവന സാദ്ധ്യതയുള്ള ദയാരഹിതമായ ഒരു സാമൂഹിക ക്രമത്തിന് സാമൂഹിക സുരക്ഷാ പദ്ധതികളുമായി ഒത്തുപോവാനാവില്ല. അതുകൊണ്ടുതന്നെ അത്തരം സുരക്ഷാപദ്ധതികൾ നിലനിർത്താനായുള്ള പ്രക്ഷോഭം മുതലാളിത്ത ലോകത്ത് അനിവാര്യമായി വരും.

പെൻഷൻ എന്നത് മാറ്റിവെക്കപ്പെട്ട വേതനമാണ് എന്ന കാര്യത്തിന് അടിവരയിട്ടുകൊണ്ടാണ്, എല്ലാ തൊഴിലാളികൾക്കും പെൻഷൻ എന്ന ഡിമാന്റ് ഉയർത്തുന്നത്. ഇന്ന് പെൻഷൻ കിട്ടാത്തവർക്ക് കൂടി അതിന് അർഹതയുണ്ടൈന്നാണ് ഈ ഡിമാന്റ് വഴി തൊഴിലാളികൾ പ്രഖ്യാപിക്കുന്നത്. ‘പെൻഷൻ ഏസ് യു ഗോ’ എന്ന് തെറ്റായി വിശേഷിപ്പിച്ചു കൊണ്ടാണ് നിലവിലുണ്ടായിരുന്ന ഡിഫൈൻഡ് പെൻഷൻ സ്‌കീമിനെ അട്ടിമറിച്ച് ന്യൂപെൻഷൻ സ്‌കീം അടിച്ചേൽപ്പിച്ചത്. കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ എൻ.പി.എസ് ആക്കി മാറ്റുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്, പുതിയ പദ്ധതി നടപ്പാക്കുമ്പോൾ സർക്കാറിന് ചെലവ് കൂടുകയാണ് എന്നാണ്. സർക്കാറിന് ചെലവ് കൂടുതൽ, ജീവനക്കാരാകെ അതിനെതിരും. പിന്നെ ആർക്കുവേണ്ടിയാണ് അത് നടപ്പാക്കിയത്? ഉത്തരം ലളിതം. ഫണ്ട് മാനേജർമാരായി കടന്നു വരാൻ കാത്തിരിക്കുന്ന ആഗോള ധനമൂലധന നാഥന്മാർക്കുവേണ്ടി, അവരുടെ ലാഭം ഉറപ്പാക്കുന്നതിനുവേണ്ടി. അതിന്റെ സമ്മർദ്ദം കാരണമാണ് സർക്കാറിന് അധികച്ചെലവ് വന്നിട്ടു കൂടി അത് നടപ്പാക്കാൻ അന്നത്തെ സർക്കാർ നിർബന്ധിതമായത്. ഇപ്പോൾ ഈ പണിമുടക്കിലൂടെ തൊഴിലാളികൾ ഒന്നിച്ചാവശ്യപ്പെടുന്നത് അത് തിരിച്ചിടാനാണ്. സർക്കാറിന് അധികച്ചെലവും ജീവനക്കാർക്ക് തീരാനഷ്ടവുമായ എൻ.പി.എസ് എന്ന പെൻഷൻ സമ്പാദ്യ പദ്ധതി അവസാനിപ്പിക്കണമെന്നാണ്.

അതേപോലെയുള്ള മറ്റൊരു ചൂഷണമാണ് ഇ.പി.എഫ് പെൻഷൻ സ്‌കീം. തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത കാശിന് തുച്ഛവും നാമമാത്രവുമായ പെൻഷൻ നൽകുന്ന വഞ്ചന അവസാനിപ്പിക്കണം എന്നാണ് ഡിമാന്റ്. കേന്ദ്ര ഗവൺമെന്റിന്റെ ഉടമാനുകൂല നയങ്ങൾ തങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്നത് എങ്ങനെയാണ് എന്ന് തിരിച്ചറിയുന്ന തൊഴിലാളികൾ ആ തട്ടിപ്പ് അവസാനിപ്പിക്കണം എന്ന് ഒന്നിച്ചാവശ്യപ്പെടുകയാണ്.

ദിശാമാറ്റത്തിന് തിരുകുറ്റി

ഇങ്ങനെ അതിലളിതമായ ഏഴു ഡിമാന്റുകളാണ് സമരത്തിനാധാരം. പക്ഷേ അതിന്റെ രാഷ്ട്രീയ വിവക്ഷ പ്രധാനമാണ്. സംഘപരിവാർ സംഘടനകളടക്കം പണിയെടുക്കുന്നവരാകെ ഉയർത്തിയ 12 ഡിമാന്റുകൾക്കൊപ്പമാണ് ഈ ഏഴ് ആവശ്യങ്ങൾ കൂടി ചേരുന്നത്.

സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

തൊഴിലാളികളും കർഷകരും വർഗാടിസ്ഥാനത്തിൽ ഒന്നിച്ച് മതാതീതമായും കക്ഷിരാഷ്ട്രീയാതീതമായും ഉയർത്തുന്ന ഈ ഡിമാന്റുകൾ നമ്മുടെ സെക്യുലർ ഫാബ്രിക്കിനെ ശക്തിപ്പെടുത്തും, ജനകീയാവശ്യങ്ങൾ അവരെ വർഗാടിസ്ഥാനത്തിൽ ഐക്യപ്പെടുത്തും. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ചെറുതല്ല. ഉത്തരേന്ത്യൻ കർഷക പ്രക്ഷോഭം, ഭരണമുന്നണി ഉപേക്ഷിച്ച് രാജിവെച്ചൊഴിയാൻ കേന്ദ്ര മന്ത്രിയെ പ്രേരിപ്പിച്ചത് സമീപകാലാനുഭവം. വാജ്‌പേയ് സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ എ.ഐ.എ.ഡി.എം.ക നിർബന്ധിതമായത് തൊഴിലാളികളുടെ ഐക്യസമരത്തിന്റെ മൂർദ്ധന്യത്തിലാണ്.

മഹാഭൂരിപക്ഷം സാധാരണ മനുഷ്യരുടെ ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന ഈ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ദിശാമാറ്റങ്ങൾക്കുള്ള തിരുകുറ്റിയായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

Comments