എ.കെ.ജി സെന്റര്‍ എന്ന
സംവാദകേന്ദ്രം
എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം
അംബേദ്കറെ നമ്മള്‍ മുന്‍ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കര്‍ എന്നു പറഞ്ഞാല്‍ മതി, നെഹ്‌റു എന്നു പറഞ്ഞാല്‍ മതി. കേരളത്തില്‍, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓര്‍മിക്കില്ല. ദര്‍ശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓര്‍മിക്കപ്പെടുന്നത്
7 Jan 2023, 04:58 PM
കേരള യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാന്‍ ഓര്‍ക്കുകയാണ്. അക്കാലത്ത് ഞാന്‍ എ.കെ.ജി സെന്റര്‍ എന്ന യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും കേരള യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാര്‍ഥമായി പറഞ്ഞ കാര്യമാണ്.
അന്ന് എ.കെ.ജി സെന്റര്‍ ഒരു പാര്‍ട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസര്‍ച്ച് സെന്ററായിരുന്നു. അവിടെ പ്രഗല്‍ഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വിമര്‍ശനാത്മകമായും എങ്ങനെ സമീപിക്കണം? ഇത്തരത്തിലൊരു പഠനക്കളരിയായാണ് ഞാനതിനെ കണ്ടിരുന്നത്. അന്നത്തെ അക്കാദമിക ചര്‍ച്ചകളില്‍ പാര്‍ട്ടി കാര്യങ്ങള്‍ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്. വളരെ ഉയര്‍ന്ന തലത്തിലുള്ള ഒരു സ്‌പെയ്‌സ് എനിക്ക് അവിടെ ലഭിച്ചിരുന്നു. വളരെ ഉയര്‍ന്ന തലത്തില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം കിട്ടി. സമൂഹത്തില്‍ ഒരു പദവി കിട്ടുക എന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നില്ല, പകരം പഠിക്കാനും ചിന്തിക്കാനും നമ്മളെയും സമൂഹത്തെയും മനസ്സിലാക്കാനും ഒരു അവസരം കിട്ടുന്നു എന്നതാണ് പ്രധാനം. സാമൂഹികശാസ്ത്രപരമായ സമീപനത്തിന്റെ അന്തഃസ്സത്ത അതാണ്. അതിനുള്ള സ്‌പെയ്‌സ് അവിടെയുണ്ടായിരുന്നു. കേരള സ്‌റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്‌നായിക് ചെയര്‍മാനായി രൂപീകരിച്ച "കമീഷന്‍ ഫോര്‍ റീ സ്ട്രക്ചറിങ് ഹയര്‍ എഡ്യുക്കേഷന്‍' എന്ന സമിതിയില്‍ ഡോ. മൈക്കിള്‍ തരകനും ഞാനുമൊക്കെ അംഗങ്ങളായിരുന്ന കാര്യം ഇപ്പോള്‍ ഓര്‍ക്കുന്നു.

ഇത്തരത്തില്‍ അക്കാദമിക് കാര്യങ്ങളെ സമീപിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കേ കഴിയൂ. അത് അവര്‍ക്കുമാത്രം ഉണ്ടായിരുന്ന കഴിവാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ വെറും രാഷ്ട്രീയമാണ് നോക്കുക. അന്നത്തെ നേതൃത്വവും ബുദ്ധിപരമായി വളരെ ഉയര്‍ന്ന തരത്തിലുള്ളതായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവരോടൊക്കെ ആളുകള്‍ക്ക് പ്രത്യേക രീതിയില്‍ മതിപ്പുണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ചിലരില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്നാല്‍ അവരെയൊന്നും ‘ദൈവിക'മായി കണ്ടിട്ടില്ല. കാരണം, മേലാളന്മാരെ വലിയ ആളുകളായി കാണുന്ന മനസ്ഥിതി എന്നെപ്പോലുള്ളവര്‍ക്ക് വലിയ അപകടം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ആ അപകടം പാടില്ല എന്നത് എനിക്ക് നിര്‍ബന്ധമാണ്. നമ്മള്‍ അവരെ അംഗീകരിച്ചിരുന്നു എന്നു പറയുമ്പോള്‍ അവരെ ആരാധിച്ചിരുന്നു എന്നല്ല അര്‍ഥം. ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമര്‍ശകരിലൂടെയും തളരുന്നത് അതിന്റെ ആരാധകരിലൂടെയുമാണ്. ആരാധകര്‍ ഒരു പ്രത്യയശാസ്ത്രത്തെ വളര്‍ത്താന്‍ സഹായിക്കുന്നില്ല. ചരിത്രത്തില്‍, സാമൂഹികശാസ്ത്രത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെടുന്ന ചിന്തകന്‍ മാര്‍ക്‌സ് ആണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രാധാന്യവും. മാര്‍ക്‌സിന് ഭക്തരെയല്ല ആവശ്യം. ആരാധകരും ഭക്തരും വേണ്ടത് മതത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ്. ഒരു പ്രക്രിയയെ മുന്നോട്ടുനയിക്കുന്നത് വിമര്‍ശകരാണ്. മതത്തില്‍ വിമര്‍ശനം പാടില്ല. ഒന്നുകില്‍ വിശ്വാസി, അല്ലെങ്കില്‍ വിശ്വാസയല്ലാതിരിക്കുക- ഇതിനിടയില്‍ മതത്തില്‍ ഒരു സ്‌പെയ്‌സ് ഇല്ല. പാര്‍ട്ടികളിലും വിയോജിക്കുന്നവര്‍ പുറത്താണ്. ചിന്താപദ്ധതിയുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നത്.
ഉയര്‍ന്ന നിലവാരത്തിലുള്ള ചര്‍ച്ചയുടെ അന്തരീക്ഷം പിന്നീട് മാറിപ്പോയതായി തോന്നിയിട്ടുണ്ട്. അത് പുനഃസൃഷ്ടിക്കാന്‍ എം.എ. ബേബി ശ്രമിച്ചിരുന്നു. ‘റീ സ്ട്രക്ചറിംഗ് സോഷ്യല്‍ സയന്‍സസ്' എന്നൊരു ഇനീഷിയേറ്റീവ് എടുത്തു. റൊമില ഥാപ്പറായിരുന്നു ആ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍, ഞാന്‍ അംഗമായിരുന്നു. ഇപ്പോള്‍ അതിന് സ്‌പെയ്‌സുണ്ടോ എന്ന് സംശയമാണ്. കാരണം, ചിന്താപരമായോ ദാര്‍ശനികമായോ സൈദ്ധാന്തികമായോ ദൈനംദിന രാഷ്ട്രീയത്തിന് ഉയരാന്‍ കഴിയുന്നില്ല. ഉദാഹരണത്തിന് ന്യൂസ് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഒരു മടുപ്പാണ് തോന്നുക. പരസ്പരം കുറ്റപ്പെടുത്തല്‍, കുറ്റകൃത്യങ്ങളേറുന്നു, സമൂഹത്തിലെ ദുര്‍ബലരായ ആളുകള്‍ക്കെതിരായ ശക്തിപ്രകടനം... സമരം ചെയ്യേണ്ടത് ശക്തരോടായിരിക്കണം. ശക്തി, ശക്തരോട് കാണിക്കേണ്ടതാണ്, അശക്തരോട് കാണിക്കേണ്ടതല്ല. ശക്തി അശക്തരോട് കാണിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അത് എന്നെപ്പോലുള്ളവരെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഞാനതിനെ വൈകാരികമായി കാണാന്‍ ഇഷ്ടപ്പെടുന്നില്ല, വൈരുധ്യാത്മകമായേ കാണുന്നുള്ളൂ. കാരണം, സമൂഹത്തിലെ പ്രോസസ് ആണത്. സാമൂഹികമാറ്റമുണ്ടാകുന്നത് വൈരുധ്യാത്മകമായ ശക്തികളുണ്ടാകുമ്പോഴാണ്. സഹകരണത്തിലൂടെയല്ല സാമൂഹിക മാറ്റമുണ്ടാകുന്നത്. വൈരുധ്യാത്മകമായി സാമൂഹികശക്തികള്‍ സംഘര്‍ഷത്തിലേര്‍പ്പെടുമ്പോഴും വിയോജിക്കുമ്പോഴുമാണ്. അത് മൗലികമായ ഹെഗേലിയന്‍, മാര്‍ക്‌സിയന്‍ തത്വചിന്തയാണ്.

എന്നാല്‍, ഇന്ന് സമന്വയത്തെക്കുറിച്ചാണ് കൂടുതല്‍ കേള്‍ക്കുന്നത്. സംഘര്‍ഷം എന്നത് ഒരു ചീത്ത വാക്കായി ഉച്ചരിക്കപ്പെടുന്നു. സമന്വയത്തിലൂടെ പുതിയൊരു പ്രക്രിയ ഉണ്ടാകില്ല. മേലാള വിഭാഗത്തിലുള്ള പലരും പുരോഗമന വാദികളും വിപ്ലവകാരികളുമാണ്. പക്ഷെ, ഈ പുരോഗനമന ചിന്താഗതിക്കാരും വിപ്ലവകാരികളും എന്നുണ്ടായി, എന്തിനുണ്ടായി - ഈ രണ്ടു ചോദ്യങ്ങള്‍ സാമൂഹികമായി ഉയര്‍ത്തപ്പെടേണ്ടതുണ്ട്. കാരണം, അവര്‍ വ്യത്യസ്ത റോളുകളില്‍ വരികയാണിപ്പോള്‍. ഇപ്പോള്‍ ലക്ഷ്യം സമൂഹത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരലല്ല, അധികാരം പിടിച്ചെടുക്കലാണ്. അധികാരത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തില്‍ സമന്വയത്തിന്റെ ആവശ്യം വരുന്നത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാവരുടെയും പാര്‍ട്ടിയല്ല, അത് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയാണ്. അവര്‍ എല്ലാവരുടെയും പാര്‍ട്ടിയായി മാറിയിട്ടുണ്ടെങ്കില്‍ വര്‍ഗപരമായ അവരുടെ സ്വത്വം നഷ്ടപ്പെട്ടു എന്നാണര്‍ഥം. അത്തരമൊരു പാര്‍ട്ടിയെ ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗത്തിന് വിശ്വസിക്കാനും കഴിയില്ല. അതാണ് ഇവിടെ സംഭവിക്കുന്നത്.
തെരഞ്ഞെടുപ്പുരാഷ്ട്രീയം സമൂല രാഷ്ട്രീയത്തിന്റെ മീതെ വരുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. സമന്വയം ആവശ്യമായി വരുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്ത്രങ്ങളുണ്ടാക്കേണ്ടിവരുമ്പോഴാണ്. അപ്പോഴാണ് ഒരു ക്ലാസ് പാര്‍ട്ടിക്ക് മാസ് പാര്‍ട്ടിയാകേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സൃഷ്ടിക്കുന്ന നിര്‍ബന്ധിത സാഹചര്യമാണിത്. വര്‍ഗരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിന്റെ പേരില്‍ വിലയിരുത്താനാകില്ല. രാഷ്ട്രീയം സമൂലമാണ്, തെരഞ്ഞെടുപ്പുവിജയം ഒരു തന്ത്രത്തിന്റെ വിജയമാണ്. സമന്വയ രാഷ്ട്രീയം എന്നതുതന്നെ ഒരു രാഷ്ട്രീയമല്ല, അത് മേലേയുള്ള വ്യവസ്ഥിതിയെ നിലനിര്‍ത്താനും സ്ഥിരപ്പെടുത്താനും സ്വാംശീകരിക്കാനുമുള്ള ഒരു അടവാണ്. അവിടെയാണ് ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. അതുകൊണ്ട് ഭരണത്തുടര്‍ച്ച എന്നത് പുതിയ കാര്യമല്ല. മറ്റൊരു മുന്നണി വന്നാലും ഇതേ ഭരണം തന്നെയാണ് നടക്കുക. ഭരണത്തുടര്‍ച്ചയേ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമല്ല, നിലവിലെ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്ന ഒരു തുടര്‍ച്ചയാണ്, ഭരണവ്യവസ്ഥയാണ് ഇവിടെയുണ്ടാകുന്നത്. അവിടെയാണ് സമന്വയത്തിന്റെ ആവശ്യം വരുന്നത്.

ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിപ്ലവപാര്‍ട്ടിയാകാന്‍ കഴിയില്ല, ഭരണത്തിലിരിക്കുന്ന ഒരു മുന്നണിക്ക് വിപ്ലവമുന്നണിയാകാന്‍ കഴിയില്ല. ഒരു ഭരണാധികാരിക്ക് ഒരു വിപ്ലവകാരിയാകാന്‍ കഴിയില്ല. വിപ്ലവകാരി എന്നാല്‍, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരും വേറൊരു വ്യവസ്ഥിതിയെ ദര്‍ശനം കാണുന്നവരുമാണ്. അവര്‍ അധികാരം ഉപയോഗിക്കുന്നവരല്ല. നമ്മുടെ സമൂഹത്തില്‍, ധാരാളം ഭരണാധികാരികള്‍ സൃഷ്ടിക്കപ്പെട്ടു, എന്നാല്‍ എടുത്തുപറയാവുന്ന നേതാക്കളില്ല. അംബേദ്കറെ നമ്മള്‍ മുന്‍ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കര്‍ എന്നു പറഞ്ഞാല്‍ മതി, നെഹ്‌റു എന്നു പറഞ്ഞാല്‍ മതി. കേരളത്തില്‍, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓര്‍മിക്കില്ല. ദര്‍ശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓര്‍മിക്കപ്പെടുന്നത്.
അന്ന് എ.കെ. ജി സെന്റര്‍ ഒരു പാര്‍ട്ടി ഓഫീസായിരുന്നില്ല - ട്രൂകോപ്പി വെബ്സീനില്‍ എഴുതിയ ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം
സോഷ്യല്‍ സയിന്റിസ്റ്റ്
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch