ജോൺ ബ്രിട്ടാസിന്റെ ഡൽഹി ഷിനാസിന്റെ ഓർമയിൽ

ദേശീയ രാഷ്​ട്രീയം പഠിക്കുന്നതിൽ ബ്രിട്ടാസിനെ സഹായിച്ച സുപ്രധാനഘടകം, നേതാക്കൾ ആരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും അവരോട് ഇടപഴകുമ്പോൾ കണ്ണൂർ ജില്ലയിലെ നടുവിലിൽ നിന്ന് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ നടുത്തളത്തിൽ സാമാന്യേന ഇളംപ്രായത്തിൽ എത്തിയ അദ്ദേഹം പ്രകടിപ്പിച്ച കർമകുശലതയും നയചാതുര്യവും നേതാക്കളുടെ മനസ്സ് വായിക്കാനുള്ള പ്രത്യേക സാമർഥ്യവുമാണെന്ന് തോന്നിയിട്ടുണ്ട്- രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ ബ്രിട്ടാസിനെക്കുറിച്ച്​ ഒരു ആത്​മസുഹൃത്ത്​ എഴുതുന്നു

ജോൺ ബ്രിട്ടാസ് രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട വാർത്തയറിഞ്ഞപ്പോൾ മൂന്നുപതിറ്റാണ്ടു മുമ്പ്​ ഡൽഹി റഫി മാർഗിലെ വി.പി ഹൗസിൽ, ബ്രിട്ടാസിനെക്കുറിച്ചുള്ള പല ഓർമകളും ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ മിന്നിവന്നു. അവയിൽ ചിലത് മാത്രം പങ്കുവെക്കാം.

ബ്രിട്ടാസിനെപ്പറ്റി പറയുമ്പോൾ, 1988 നവംബറിലെ ഒരു ശൈത്യകാലത്ത് ദേശാഭിമാനി ഡൽഹി ലേഖകനായി ചേർന്നതു മുതൽ അദ്ദേഹം ഓടിച്ചിരുന്ന "ബജാജ് സൂപ്പർ' സ്‌കൂട്ടറാണ് ആദ്യം ഓർമയിലെത്തുന്നത്. അന്ന് ബ്രിട്ടാസിന് ആരബ്ധ യൗവനം. (ഇപ്പോഴും യൗവനത്തിന്റെ ചുറുചുറുക്കിന് ഒരു ചുരുക്കവുമില്ല) അതിന്റെ നമ്പർ DDN 6815 ആയിരുന്നു. പിന്നീട് ഹീറോ ഹോണ്ടയിലേക്ക് "സ്ഥാനക്കയറ്റം' നടത്തിയെങ്കിലും ആ ഹീറോ ഹോണ്ടയ്ക്ക് പിറകിലും ബജാജിന്റെ DDN 6815 എന്ന നമ്പർ, ആദ്യ ഇരുചക്രവാഹനത്തിന്റെ വിരഹപീഡ ശമിപ്പിക്കാനാണോ അതോ ഗതകാലസ്മരണ നിലനിർത്താനാണോ എന്നറിയില്ല, ചെറിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നുവെന്നാണ് ഓർമ.

ഈ ബജാജ് സൂപ്പറിലും പിന്നീട് ഹീറോ ഹോണ്ടയിലും ബ്രിട്ടാസിന്റെ പുറകിലിരുന്ന് ഡൽഹിയിൽ പലതവണ പല ദിക്കിലും 1989-95 കാലത്ത് കറങ്ങിയിട്ടുണ്ട്. സഭാവാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പാർലമെൻറിലേക്കും പച്ചക്കറി വാങ്ങാൻ പഹാഡ് ഗഞ്ചിലേക്കും വല്ലപ്പോഴും ബീഫോ മട്ടനോ വാങ്ങിക്കാൻ നിസാമുദ്ദീനിലേക്കും ഗവേഷണാർഥം ജെ.എൻ.യുവിലേക്കുമെല്ലാം ബ്രിട്ടാസ് പോയിരുന്നത് ഈ ഇരുചക്ര വാഹനങ്ങളിലായിരുന്നു. മിക്കപ്പോഴും പാർലമെന്റിലേക്ക് പോകുമ്പോൾ വണ്ടിയുടെ പിറകിൽ ഏതെങ്കിലും ഒരു എം.പിയുമുണ്ടാകും. മിക്കവാറും വി.പി ഹൗസിൽ താമസിക്കുന്നവർ തന്നെ. അവരിൽ പല സംസ്ഥാനങ്ങളിൽ നിന്നുള്ള, പല ഭാഷകൾ സംസാരിക്കുന്ന, പല പാർട്ടിക്കാർ ഉണ്ടാകുമായിരുന്നു.

‘ദേശാഭിമാനി’ ഡൽഹി ബ്യൂറോ- ഒരു പഴയ ചിത്രം

1989 സപ്തംബർ ആദ്യവാരത്തിലാണ് ബ്രിട്ടാസിനെയും സവാരിവണ്ടിയും "സന്തതസഹചാരി'-യുമായ ഈ ബജാജിനെയും ആദ്യമായി കാണുന്നത്. ഞാനന്ന് ബാപ്പയുടെ (ഹമീദ് ചേന്നമംഗലൂർ) കൂടെ സോവിയറ്റ് യൂനിയനിൽ മെഡിസിന് പ്രവേശനം നേടി മോസ്‌കോയിലേക്ക് വിമാനം കയറാൻ കോഴിക്കോട്ടു നിന്ന് ഡൽഹിയിലെത്തിയതായിരുന്നു. ബ്രിട്ടാസും ബജാജും റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ കാത്തുനിന്നിരുന്നു. ബാപ്പയും ഞങ്ങളുടെ പെട്ടിയും ബാഗുമൊക്കെ ഒരു ഓട്ടോയിലും ബ്രിട്ടാസിന്റെ വണ്ടിയുടെ പിറകിൽ ഞാനും വി.പി ഹൗസിലേക്ക് തിരിച്ചു. അവിടെയുള്ള 215ാം നമ്പർ ഒറ്റമുറി ഫ്‌ളാറ്റാണ് ദേശാഭിമാനി ഓഫീസ്. ഫ്‌ളാറ്റിനു പിറകിൽ തുറന്ന ഒരു കോലായയുണ്ട്. അവിടെയാണ് നാലഞ്ചു ദിവസം ഞാനും ബ്രിട്ടാസും ബാപ്പയും താമസിച്ചത്. ടെലിപ്രിന്റർ കൈകാര്യം ചെയ്യുന്ന വാസുവേട്ടനും (വാസുദേവൻ.കെ.എം) മിക്കപ്പോഴും അവിടെത്തന്നെയാണ് തലചായ്ക്കുക. പിന്നെ ഓഫീസ് സഹായിയായി ബിനോയ് കുറ്റുമുക്കും എത്തിച്ചേർന്നു.
ഓരോ വർഷവും രണ്ടോ ചിലപ്പോൾ മൂന്നോ പ്രാവശ്യം ഞാൻ സോവിയറ്റ് യൂനിയൻ തകരുന്നതുവരെയും തകർച്ചയ്ക്കുശേഷം വർഷത്തിലൊരു തവണയും നാട്ടിൽ വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഈ 215ാം ഫ്‌ളാറ്റിലായിരുന്നു.

ഡൽഹിയിൽ നിന്ന്​ കോഴിക്കോട്ടേക്കും അവിടെനിന്ന് ഡൽഹിയിലും എത്തുമ്പോൾ താമസം. ഇതിനിടയിൽ ഒരു കാര്യം ഞാൻ മനസ്സിലാക്കി. കേരളത്തിൽ നിന്ന് വരുന്ന പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും സിനിമയിലെ പ്രാരംഭ പ്രവർത്തകരുടെയും മറ്റു പല സാധാരണക്കാരുടെയും തലചായ്ക്കലിടമാണ് ആ കൊച്ചുഫ്‌ളാറ്റിലെ തുറന്ന കോലായ എന്ന്.

1990 ലെ ജനുവരി പുലർച്ചെ മോസ്‌കോയിൽ നിന്ന് അവധിക്കു വന്നപ്പോൾ നേരെ പോയത് വി.പി ഹൗസിലേക്കു തന്നെ. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് യു.എൻ.ഐ കാന്റീനിൽ പോയി ഞങ്ങൾ ഭക്ഷണം കഴിച്ചു. അപ്പോൾ അവിടെ പ്രകാശ് കാരാട്ടും നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. (വിലകുറഞ്ഞ, എന്നാൽ തരക്കേടില്ലാത്ത ഭക്ഷണം കിട്ടുന്ന യു.എൻ.ഐ കാൻറീനിൽ നിന്നു തിന്നുന്ന ഏർപ്പാടാണ്) വി.പി. ഹൗസിലെ എം.പിമാരും അല്ലാത്തവരുമായ താമസക്കാരിൽ പലരെയും അവിടെ കാണാം. പിറ്റേന്ന് നേരത്തെ എണീക്കണമെന്നും ഒരു സ്ഥലത്ത് പോകാനുണ്ടെന്നും ഭക്ഷണവേളയിൽ ബ്രിട്ടാസ് പറഞ്ഞു. ഡൽഹിയിലെ കൊടുംതണുപ്പിൽ കിടുകിടാ വിറച്ച്, കമ്പിളിപ്പുതപ്പിനുവേണ്ടി ഇടയ്ക്കിടെ പരസ്പരം മത്സരം നടത്തുന്ന നേരം, കൃത്യം അഞ്ചുമണിക്ക് ബ്രിട്ടാസ് എഴുന്നേറ്റു. "എഴുന്നേൽക്ക്. ബാത്ത്‌റൂമിൽ ചൂടുവെള്ളം ഉണ്ട്. കൃത്യം എട്ട് മണിക്ക് 14, അശോക റോഡിലെത്തണം.' ഇതിലേറെ തണുപ്പുള്ള റഷ്യയിൽ നിന്ന് വന്നിട്ടുപോലും മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റ് ഫ്രഷായി. പ്രഭാതഭക്ഷണശേഷം 14, അശോക റോഡിലെ ബംഗ്ലാവിലെത്തി. അതാണ് അന്നത്തെ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസ്. അവിടെ സാക്ഷാൽ ഇ.എം.എസ് ഇരിക്കുന്നു. ആദ്യമായാണ് അദ്ദേഹത്തെ നേരിൽ ഇത്ര അടുത്ത് കാണുന്നത്.

എം.എ. ബേബി, ബെറ്റി ലൂയിസ്​ ബേബി തുടങ്ങിയവർ ബ്രിട്ടാസിനും ഭാര്യ ഷേബക്കും ഒപ്പം

ചിന്തയിലേക്കും ദേശാഭിമാനിയിലേക്കുമുള്ള പംക്തികളും ലേഖനങ്ങളും എഴുതിയെടുക്കാനാണ് ബ്രിട്ടാസിന്റെ വരവ്. ഇ.എം.എസ് ഡിക്‌റ്റേറ്റ് ചെയ്യും. ബ്രിട്ടാസ് അതപ്പടിഎഴുതും. ഇ.എം.എസ്സിന്റെ ഡിക്‌റ്റേഷൻ കുത്തും കോമയുമൊക്കെ പറഞ്ഞ്, നിർത്താതെ പോകുന്ന ശൈലിയാണ്. അതുകഴിഞ്ഞ് ബ്രിട്ടാസിൽ നിന്ന് എഴുതിയത് വാങ്ങി വായിച്ചുനോക്കും. അവിടെയവിടെ ഏതാനും തിരുത്തുകൾ വരുത്തിയശേഷം തിരിച്ചുനൽകും. പലപ്പോഴും തിരുത്തുണ്ടാവുകയുമില്ല. അവയാണ് പിറ്റേന്നോ തൊട്ടടുത്ത ദിവസമോ ചിന്തയിലും ദേശാഭിമാനിയിലുമൊക്കെ വന്നിരുന്നത്. തൊണ്ണൂറുകളുടെ പ്രഥമാർധത്തിൽ ഇതേ ഡിക്‌റ്റേഷന്റെ തനിയാവർത്തം വി.പി ഹൗസിലെ ദേശാഭിമാനി ഓഫീസിലും നിത്യേന നടന്നിരുന്നു. ബ്രിട്ടാസ് പാർലമെന്റിൽ പോയി ചില കുറിപ്പുകളുമായി വരും. പാർലമെൻറ്​ വാർത്തകൾ അച്ചടിഭാഷയിൽ അനർഗളമായി ബ്രിട്ടാസ് പറയും. വാസുദേവൻ അത് ടെലിപ്രിന്ററിൽ തൽസമയം ടൈപ്പ് ചെയ്യും. ഈ സിദ്ധി ബ്രിട്ടാസ് വശപ്പെടുത്തിയത് പലപാട് ഇ.എം.എസ്സിന്റെ ഡിക്‌റ്റേഷന് അവസരം ലഭിച്ചതിനാലാകണം.

ദേശീയ രാഷ്ട്രീയം കലങ്ങിമറിഞ്ഞിരുന്ന 1988-89 കാലത്തായിരുന്നു ബ്രിട്ടാസിന്റെ രാജ്യതലസ്ഥാനത്തുള്ള രംഗപ്രവേശം. അന്ന് ഹർകിഷൻസിങ് സുർജിത്തും അദ്ദേഹത്തിന്റെ വീടുമായിരുന്നു മിക്ക ദേശീയ ചലനങ്ങളുടെയും നിർണായക ദേശീയ തീരുമാനങ്ങളുടെയും മർമസ്ഥാനങ്ങൾ. പ്രമുഖ ദേശീയ നേതാക്കളെല്ലാം സുർജിത്തിന്റെ വീട്ടിൽ ഇടതടവില്ലാതെ വന്നുപോയിരുന്നു. അക്കാലയളവിൽ ബ്രിട്ടാസും അവിടെ നിത്യസന്ദർശകനായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളെ അടുത്ത് പരിചയപ്പെടാൻ മാത്രമല്ല അവരുടെ മനസ്സിലിരിപ്പും കൈയിലിരിപ്പും രാഷ്ട്രീയമായി ഉൾക്കൊള്ളാനും, ഉത്തരേന്ത്യൻ രാജ്യതന്ത്രത്തിന്റെ സങ്കീർണതയും വ്യാമിശ്രാവസ്ഥയും ഹ്രസ്വസമയത്തിൽ തിരിച്ചറിയാനും ബിരുദ- ബിരുദാനന്തര തലത്തിൽ രാഷ്ട്രമീമാംസയിൽ ഒന്നാം റാങ്കോടെ വിജയം നേടിയ ബ്രിട്ടാസിന് അനായാസം സാധിച്ചു.

രാഷ്ട്രമീമാംസാ പഠനത്തേക്കാൾ ഇക്കാര്യത്തിൽ ബ്രിട്ടാസിനെ സഹായിച്ച സുപ്രധാനഘടകം, നേതാക്കൾ ആരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും അവരോട് ഇടപഴകുമ്പോൾ കണ്ണൂർ ജില്ലയിലെ നടുവിലിൽ നിന്ന് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ നടുത്തളത്തിൽ സാമാന്യേന ഇളംപ്രായത്തിൽ എത്തിയ അദ്ദേഹം പ്രകടിപ്പിച്ച കർമകുശലതയും നയചാതുര്യവും നേതാക്കളുടെ മനസ്സ് വായിക്കാനുള്ള പ്രത്യേക സാമർഥ്യവുമാണെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയമായി ബ്രിട്ടാസുമായി തീക്ഷ്ണ വൈജാത്യം പ്രകടിപ്പിക്കുന്നവർക്ക് പോലും വ്യക്തിപരമായി അദ്ദേഹത്തോട് വിദ്വേഷം പുലർത്തുക ഒരു കാലത്തും എളുപ്പമായിരുന്നില്ല.

മാധ്യമപ്രവർത്തനത്തോടൊപ്പം തന്നെ ജെ.എൻ.യു വിൽ എം.എഫിലും പി.എച്ച്ഡിയും ചെയ്യാൻ ബ്രിട്ടാസ് സമയം കണ്ടെത്തി. ജെ.എൻ.യു വിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ ആയിരുന്നു മാധ്യമപഠനവുമായി ബന്ധപ്പെട്ട ഗവേഷണം. മാധ്യമപ്രവർത്തനത്തിന്റെ നേരവും കാലവുമില്ലാത്ത തിരക്കിനിടയിൽ പി.എച്ച്ഡി പ്രബന്ധത്തിന്റെ ഡ്രാഫ്റ്റ് എഴുതിത്തീർത്ത ബ്രിട്ടാസിന് നിസ്സാരമായ ചില സാങ്കേതികതകളെ മുഴുമിപ്പിക്കാൻ കഴിയാതെ വന്നതിനാലാണ് തലനാരിഴയ്ക്ക് ഗവേഷണബിരുദം നേടാനാവാതെ പോയത്. ഇനിയിപ്പോൾ അത് പൂർവാധികം മികച്ച രീതിയിൽ സമർപ്പിക്കാവുന്നതേയുള്ളു.
അക്കാലത്ത് ദ പയനിയർ പത്രത്തിൽ സ്ഥിരമായും ദ ഇന്ത്യൻ എക്​സ്​പ്രസിൽ ഇടയ്ക്കിടെയും ബ്രിട്ടാസ് എഴുതാറുണ്ടായിരുന്നു. അവയിൽ പലതും വി.പി ഹൗസിൽ നിന്ന് ഞാൻ വായിച്ചിട്ടുണ്ട്. പയനിയറിന്റെ അന്നത്തെ പത്രാധിപർ വിനോദ് മേഹ്ത്ത ആയിരുന്നു. വളരെ ഗൗരവമുള്ള, മുൻനിര എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വിലോഭനീയമായ പത്രമായിരുന്നു അന്ന് പയനിയർ. മീഡിയ മേഖലയിലെ പ്രവണതകളെപ്പറ്റിയായിരുന്നു ബ്രിട്ടാസിന്റെ പല ലേഖനങ്ങളും. ആ മണ്ഡലത്തിലെ അശ്വമുഖത്തുനിന്നു കിട്ടുന്ന വിവരങ്ങൾ ചേർത്ത് വിമർശബുദ്ധ്യാ എഴുതപ്പെട്ട അത്തരം ലേഖനങ്ങൾക്ക് നല്ലൊരു വായനാവൃന്ദവുമുണ്ടായിരുന്നു.

ജോൺ ബ്രിട്ടാസ്, പിണറായി വിജയൻ, കമൽ ഹാസൻ

ആയിടയ്ക്കാണ്, ബിരുദ- ബിരുദാനന്തരതലങ്ങളിലെ വിദ്യാഭ്യാസ മികവിന്റെയും ജെ.എൻ.യു വിൽ നിന്നുള്ള എം.എഫിലിന്റെയും ഗവേഷണത്തിന്റെയും വ്യാഴവട്ടം പിന്നിട്ട ദേശീയതലത്തിലുള്ള മാധ്യമപ്രവർത്തന പരിചയത്തിന്റെയും പിൻബലത്തിൽ ബ്രിട്ടാസിന് പാർലമെൻറ്​ സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം ലഭിക്കുന്നത്. അത് ഒരു "ഒന്നൊന്നേമുക്കാൽ' പോസ്റ്റാണ്. പക്ഷേ ബ്രിട്ടാസ് ചേർന്നില്ല. മേൽവിലാസമായി കൊടുത്തിരുന്നത് "റഫി മാർഗ്, വി.പി. ഹൗസ്, ന്യൂഡൽഹി' എന്നായതിനാൽ പാർലമെന്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ വി.പി ഹൗസിലെ എം.പിമാരെ കാണുമ്പോഴൊക്കെ "വി.പി ഹൗസിലെ ആ മിടുക്കനായ അന്തേവാസി' എന്തുകൊണ്ടാണ് ജോലിയിൽ പ്രവേശിക്കാത്തതെന്ന് വിസ്മയഭരിതരായി ചോദിക്കുമായിരുന്നു. പയനിയറിൽ നിന്നും ഇന്ത്യൻ എക്​സ്​പ്രസിൽ നിന്നും ജോലിക്ക് ഓഫർ വന്നെങ്കിലും ബ്രിട്ടാസ് ദേശാഭിമാനി വിട്ടുപോയില്ല.

ദേശാഭിമാനിയിലും കൈരളിയിലും ബ്രിട്ടാസ് വാർത്താസ്ഥാനങ്ങളിൽ നേരിട്ടുപോയി കണ്ട് അവതരിപ്പിച്ച ശ്രദ്ധേയവും അനന്യവുമായ വാർത്തകളും ലേഖനങ്ങളും പരിപാടികളും ഒരുപിടിയുണ്ട്. അവയിൽ പലതും നമ്മുടെ മാധ്യമങ്ങളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. ബാബ്‌റി മസ്ജിദ് നിലംപരിശാക്കി ധൂളിയാക്കുന്നത് അഥവാ ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന ആശയം ചവിട്ടിയരക്കപ്പെടുന്നത് നേരിട്ടുകണ്ട ബ്രിട്ടാസിന്റെ കുറിപ്പുകളെപ്പറ്റി പലരും ഇതിനകം എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. മസ്ജിദ് ധ്വംസന മുന്നൊരുക്കത്തെപ്പറ്റിയും പൊളിക്കലിന്റെ രീതിക്രിയയെക്കുറിച്ചും ബ്രിട്ടാസ് അന്ന് എഴുതിയ നടുക്കുന്ന റിപ്പോർട്ടുകൾ വ്യാപക ശ്രദ്ധ പിടിച്ചുപറ്റി.

മലയാളത്തിലെ പ്രമുഖപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറും ഉൾപ്പെടെയുള്ള സംഘം വിലപിടിപ്പുള്ള ക്യാമറ അവർ താമസിച്ച വീട്ടിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി ജീവരക്ഷാർഥം അന്നുതന്നെ ഡൽഹിക്ക് വിമാനത്തിൽ മടങ്ങിയതിനെപ്പറ്റിയും ധ്വംസനാനന്തരം കർസേവകരെ കബളിപ്പിക്കാൻ കാവിവസ്ത്രം വാങ്ങിക്കീറി തന്റെയും മറ്റു പത്രപ്രവർത്തക സുഹൃത്തുക്കളുടെയും തലയിൽ ബാന്റായി കെട്ടി "ജയ് ശ്രീറാം' എന്ന് വിളിച്ച് നിർത്തിയിട്ടിരുന്ന വാഹനത്തിനടുത്തെത്തിയതുമെല്ലാം പിന്നീട് പലരും ഹൃദ്യമായി സ്മരിച്ചിട്ടുണ്ട്. മനോരമയുടെ ക്യാമറ (അന്ന് മനോരമയ്‌ക്കേ അത്തരം മികച്ച ക്യാമറകൾ ഉള്ളു) ബ്രിട്ടാസാണ് പല വീടുകളും തപ്പി ഫോട്ടോഗ്രാഫറായ പി. മുസ്തഫയ്ക്ക് ഡൽഹിയിൽ എത്തിച്ചുകൊടുക്കുന്നത്. മുസ്തഫ ഇക്കാര്യം മീഡിയാ വണിലെ ഒരു പരിപാടിയിൽ പറഞ്ഞതും ഓർക്കുന്നു. ഇതറിഞ്ഞ മനോരമ പത്രാധിപർ കെ.എം. മാത്യു ഹൃദയംഗമമായി നന്ദി അറിയിച്ച്​ ബ്രിട്ടാസിന് ഒരു കത്തെഴുതുകയുമുണ്ടായി.

മറ്റു ചില "ബ്രിട്ടാസിയൻ ടച്ചു'ള്ള വാർത്തകൾ വായനക്കാരോ പ്രേക്ഷകരോ ഏതാണ്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും മറന്നിട്ടുണ്ടാവില്ല. 2003 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്ത് ബാഗ്ദാദിലെത്തിയ ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനായിരുന്നു ബ്രിട്ടാസ്. പിന്നീടാണ് ദൂരദർശനുവേണ്ടി റിപ്പോർട്ട് ചെയ്യാൻ പ്രഗൽഭ പത്രപ്രവർത്തകനായ സയ്യിദ് നഖ്‌വി അവിടെയെത്തുന്നത്. പത്രദൃശ്യമാധ്യമങ്ങളിലേറെയും അമേരിക്കനധിനിവേശത്തെ "ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള യുദ്ധം' എന്ന വൈറ്റ്ഹൗസ് പല്ലവി വകതിരിവില്ലാതെ പകർത്തിയപ്പോൾ കൈരളി അസന്ദിഗ്ധമായി അധിനിവേശം എന്ന പച്ചപ്പരമാർഥത്തിന് അടിവര ചാർത്തി.

അക്കാലത്ത് കേരളത്തിലെ ചാനൽ പ്രേക്ഷകർ മുഴുവൻ കൈരളിക്കു മുൻപിലായിരുന്നു എന്നു പറഞ്ഞാൽ വലിയ അതിശയോക്തിയില്ല. ബ്രിട്ടാസ് ബാഗ്ദാദിലെത്തിയത് ആപത്കരവും സാഹസികവുമായ യാത്രാപഥങ്ങളിലൂടെയാണ്. ആദ്യം ദുബായിൽ. അവിടെനിന്ന് സിറിയൻ തലസ്ഥാനമായ ദമാസ്‌ക്കസിൽ. പിന്നെയാണ് ആരും മടിക്കുന്ന സാഹസത്തിന് മുതിർന്നത്. ഇറാഖിലെ വ്യോമനിരോധിത മേഖലയിലൂടെ കള്ളട്ടാക്‌സികളെപ്പോലെ ബാഗ്ദാദിലേക്ക് പറക്കുന്ന അപൂർവം ചില വിമാനങ്ങളുണ്ടായിരുന്നു. ഏറെക്കുറെ ഉപയോഗശൂന്യവും ഉപേക്ഷിക്കാൻ വെച്ചിരുന്നതുമായ പഴയ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തിയശേഷമാണ് അവ പറത്തിയിരുന്നത്. അത്തരത്തിലൊന്നിൽ കയറിയാണ് ബ്രിട്ടാസ് ബാഗ്ദാദിൽ ലാൻഡ് ചെയ്തത്.

ബ്രിട്ടാസും മറ്റു മാധ്യമപ്രവർത്തകരും ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പം

ഇറാഖ് അധിനിവേശത്തിന്റെ ക്രൗര്യത്തെക്കുറിച്ച് മാത്രമല്ല മെസപ്പോട്ടേമിയൻ നാഗരികതയുടെ നേരവകാശിയായ ഇറാഖ് സംസ്‌കാരത്തിന്റെ വിശിഷ്ട സ്വഭാവവിശേഷങ്ങളിലേക്ക് വെളിച്ചം വീശുന്ന, ഒരു സാംസ്‌കാരിക ചരിത്രഗവേഷകന്റെ ജിജ്ഞാസയും സൂക്ഷ്മതയും അലിഞ്ഞുചേർന്ന റിപ്പോർട്ടുകളും മലയാളി അന്ന് കണ്ടു. ബൈബിളിൽ പരാമർശിക്കുന്ന ബാബേൽ നഗര സ്ഥാനത്തും "ഹാങിങ് ഗാർഡൻ' ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ചരിത്രസ്ഥലിയിലും ബ്രിട്ടാസും കൈരളി ഫോട്ടോഗ്രാഫറും എത്തി.

എല്ലാ ഇറാഖി വീടുകളിലും കിളികളെ വളർത്തിയിരുന്നതിനെപ്പറ്റി ബ്രിട്ടാസ് അന്ന് കൈരളിയിൽ വിശദീകരിച്ചത് ഓർക്കുന്നു. രാസായുധപ്രയോഗം ആദ്യം തിരിച്ചറിയുന്ന ജീവിവർഗങ്ങളിൽ ഒന്നാണ് കിളികൾ. സെന്റ് തോമസ് കേരളത്തിലേക്ക് പുറപ്പെട്ടു എന്ന് കരുതപ്പെടുന്ന ബസ്‌റയിലെ തുറമുഖത്തെക്കുറിച്ചും യേശുക്രിസ്തു സംസാരിച്ചിരുന്ന അരമെയ്ക് ഭാഷയിൽ ഗവേഷണം നടത്തുന്ന വൈദികനെക്കുറിച്ചും ബ്രിട്ടാസിലൂടെ നാം അറിഞ്ഞു.

അക്കാലത്ത് ഇന്ത്യാ ടുഡേയിൽ ബ്രിട്ടാസ് എഴുതിയ ഹൃദയ ദ്രവീകരണക്ഷമതയുള്ള ഒരു റിപ്പോർട്ട്​ ഇന്നും മനസ്സിൽ നിൽക്കുന്നു. ഇറാഖിലെ ടൈഗ്രിസ് നദിക്കരയിൽ ബോംബ് വർഷത്തെ അതിജീവിച്ച് അമ്പതോളം ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന ഇന്ത്യക്കാരായ കന്യാസ്ത്രീകളെക്കുറിച്ചായിരുന്നു അത്. ഇന്ത്യാ ഗവൺമെൻറ്​ അവരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ആ കുട്ടികളെ ഉപേക്ഷിച്ചുവരാൻ അവർ കൂട്ടാക്കിയില്ല.

മുഷറഫിന്റെ പട്ടാളഭരണ കാലത്ത് പാക്കിസ്ഥാനിൽ ഹർകിഷൻ സുർജിത്തിന്റെ കൂടെ പോയി പത്തുദിവസം ചെലവഴിച്ചപ്പോൾ ബ്രിട്ടാസ് പുറത്തുകൊണ്ടുവന്ന വാർത്തകളും ശ്രദ്ധ പിടിച്ചുപറ്റി. പെർമിറ്റോ രേഖകളോ ഇല്ലാത്ത, കേരളത്തിലുള്ള ഉറ്റവരെ ദീർഘകാലം ഒരു നോക്കുപോലും കാണാൻ കഴിയാത്ത ഇരുപതോളം കറാച്ചി മലയാളികളുടെ ശോകാകുലാവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ട് ഹൃദയഭേദകമായിരുന്നു. പാക്കിസ്ഥാൻ പൗരൻമാരുടെ മനക്കൂട്ടിനെ അനാച്ഛാദനം ചെയ്യുന്ന റിപ്പോർട്ടുകളും അന്ന് പുറത്തുവന്നു. അവർ യുദ്ധം ആഗ്രഹിക്കുന്നേയില്ല. ഇന്ത്യയോട് ഒരു സാധാരണ പാകിസ്താൻകാരന് വൈരനിര്യാതനമനോഭാവവുമില്ല. നേപ്പാളിൽ രാജവാഴ്ചാനന്തരം അവിടെയുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവവും വളർച്ചയും സൂക്ഷ്മമായി വിലയിരുത്തുന്ന റിപ്പോർട്ടുകൾ കാഠ്മണ്ഡുവിൽ നിന്ന് ദേശാഭിമാനിക്കുവേണ്ടി ബ്രിട്ടാസ് എഴുതുകയുണ്ടായി.

ജോൺ ബ്രിട്ടാസ്​, പിണറായി വിജയൻ, മമ്മൂട്ടി

ഒരു സ്വകാര്യാനുഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സോവിയറ്റ് യൂനിയനിൽ 1989 ൽ വൈദ്യപഠനത്തിനുപോയ ഈ ലേഖകൻ സോവിയറ്റ് തകർച്ചയ്ക്കുശേഷം പഠനത്തിൽ "അസൂയാവഹ'മായി ഉഴപ്പുകയും മെഡിക്കൽ ബിരുദം നേടാതെ അതിദ്രുതം റഷ്യൻ വോഡ്കയിൽ കൂപ്പുകുത്തി ആ നിറമില്ലാത്ത ലഹരിപാനീയത്തിൽ "ഡിസ്റ്റിങ്ഷനോടെ ബിരുദവും ബിരുദാനന്തര ബിരുദവും' നേടുകയും ചെയ്തിരുന്നു. 1995 ൽ എന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പൂർണബോധ്യം വന്ന ബ്രിട്ടാസും ബാപ്പയും എന്നെ ഡൽഹിയിലെ എ.ഐ.ഐ.എം.എസ്സിലെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിരുന്നു. ഡോക്ടറെ കാണിച്ച് തിരിച്ചുവരാം എന്നാണ് പോകുമ്പോൾ പറഞ്ഞത്. അവിടെയെത്തിയപ്പോഴാണ് മനസ്സിലാവുന്നത് ഒരു മാസം ഡി അഡിക്ഷൻ സെന്ററിൽ കഴിയണം എന്ന കാര്യം. ഞാനിത് കേട്ടപ്പോൾ മർക്കടമുഷ്ടിയോടെ എതിർത്തു. ബ്രിട്ടാസ് എന്നെ മാറ്റിനിർത്തി ഇരുപത് മിനിറ്റോളം ബ്രിട്ടാസിയൻ ശൈലിയിൽ സംസാരിച്ച് അനുനയിപ്പിച്ച് അേവിടെ അഡ്മിറ്റാക്കി. വായിക്കാൻ എന്റെ അഭിരുചിക്കിണങ്ങിയ പുസ്തകങ്ങൾ അവിടെയുള്ള ഒരു മലയാളി നഴ്‌സ് വശം ആഴ്ചയിൽ രണ്ടുതവണ ബ്രിട്ടാസ് കൊടുത്തുവിടുമായിരുന്നു. ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം കൂട്ടിക്കൊണ്ടുപോകാൻ ഹീറോഹോണ്ടയിൽ ബ്രിട്ടാസ് വന്നു.

ഉണക്കച്ചപ്പാത്തിയും ദാലും മറ്റ് ഉത്തരേന്ത്യൻ വിഭവങ്ങളും കഴിച്ച് മടുത്ത എനിക്ക് വഴിമധ്യേ പഞ്ചാബി ലസ്സിയും അന്ന് സന്ധ്യയ്ക്ക് കബാബുൾപ്പെടെയുള്ള ഭക്ഷണവും ബ്രിട്ടാസ് വാങ്ങിച്ചു തന്നത് ഓർക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയിലും വിദേശത്തും അനുഭവ പരിചയമുള്ള, ദേശ- വിദേശ രാഷ്ട്രീയത്തിന്റെ നാഡിസ്പന്ദനമറിയുന്ന, ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യുന്ന, അന്തരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇപ്പോൾ സക്രിയവുമായ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അവയുടെ നേതാക്കളുടെയും ഉള്ളിലിരിപ്പും "പുറത്തിരിപ്പും' അറിയുന്ന ബ്രിട്ടാസിന് രാജ്യം ശ്രദ്ധിക്കുന്ന പാർലമെന്റേറിയനാവാനുള്ള നൈപുണ്യവും കാര്യക്ഷമതയും വിഷയങ്ങളെ ഇഴകീറി പരിശോധിക്കാനുള്ള കുശാഗ്രബുദ്ധിയും ധൈഷണികത്തഴക്കവുമുണ്ട്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും.


Comments