‘ആകാശസുന്ദരീ, കോമളാംഗീ... അമ്പലപ്പുഴേ...

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

പുന്നപ്ര- വയലാർ സമരഭൂമി.
പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തവെച്ച വി.എസ്. അച്യുതനന്ദനെ തോൽവിയോടെ സ്വീകരിച്ച മണ്ഡലം. പുന്നപ്ര വയലാർ സമരനായകൻ പി.കെ. ചന്ദ്രാനന്ദൻ, സുശീല ഗോപാലൻ എന്നിവരെ നിയമസഭയിലെത്തിച്ച മണ്ഡലം. സി.പി.എമ്മിലെ വിഭാഗീയത അകമേ പുകഞ്ഞുകൊണ്ടിരിക്കുന്ന ആലപ്പുഴയിലെ ഇടതുകോട്ട.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ജി. സുധാകരനാണ് ജയം.
2016ൽ ഐക്യജനതാദൾ യുവനേതാവ് ഷേക്ക് പി. ഹാരിസിനെ 22,621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ലോക്താന്ത്രിക് ദളായി മാറിയ ഷേക്ക് പി. ഹാരിസ് ഇപ്പോൾ എൽ.ഡി.എഫിലാണ് എന്നത്​ കേരള രാഷ്​ട്രീയത്തിലെ വൈപരീത്യങ്ങളിലൊന്ന്​.

ഏഴുതവണ മൽസരിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത സുധാകരൻ ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന റിപ്പോർട്ടുണ്ടെങ്കിലും സുധാകരന് അമ്പലപ്പുഴയിൽ ഒരു ഊഴത്തിനുകൂടി താൽപര്യമുണ്ട്, തനിക്കതിനുള്ള ബാല്യവുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സുധാകരൻ മാറിയാൽ മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ മൽസരിച്ചേക്കുമെന്ന പ്രചാരണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസനയോടെയാണ് നേരിട്ടത്.

പി.കെ. ചന്ദ്രാനന്ദൻ / വര: ദേവപ്രകാശ്

സുധാകരനെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം, അതിനുമുമ്പേ താൽപര്യങ്ങളുടെ പേരിൽ ചില പേരുകൾ ഉയരുന്നതിൽ പാർട്ടി ജില്ല സെക്രട്ടറിയേറ്റിൽ പിണറായി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രിയെന്ന നിലക്ക് മികച്ച പ്രകടനം കാഴ്ചവെച്ച സുധാകരന് ഒരു അവസരം കൂടി നൽകുന്നതിൽ പാർട്ടിയിൽ പൊതുവേ എതിർപ്പില്ല. മാത്രമല്ല, സുധാകരൻ ഫേസ്ബുക്കിൽ സ്വന്തം മണ്ഡലത്തിനുവേണ്ടി പ്രചാരണം ഊർജിതമാക്കിയിരിക്കുകയുമാണ്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ നീർക്കുന്നം - എസ്.എൻ കവല - കഞ്ഞിപ്പാടം റോഡിന്റെ പുനർനിർമാണത്തിനുശേഷമുള്ള വ്യത്യാസം കാണിക്കുന്ന രണ്ട് ചിത്രങ്ങൾ അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്- ഒരു പഞ്ചായത്ത് റോഡിനുസമാനമായ ഒന്നും അതേ റോഡിന്റെ നവീകരിച്ച പടവും. മന്ത്രി കുറിക്കുന്നു: ‘‘14 കോടി രൂപ ചെലവിൽ വീതി കൂട്ടി ആധൂനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമാണം നമ്മൾ പൂർത്തീകരിച്ചിട്ടുള്ളത്. തിരുവല്ല, ചങ്ങനാശ്ശേരി അടക്കമുള്ള കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ദേശീയ പാതയിലേയ്ക്കും വണ്ടാനം മെഡിക്കൽ കോളേജിലേക്കും വളരെയെളുപ്പം എത്താൻ ഈ പാത സഹായകരമാണ്.

അതോടൊപ്പം തന്നെ പൊതുമരാമത്ത് വകുപ്പ് നിർണാണം പൂർത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച കഞ്ഞിപ്പാടം-വൈശ്യം ഭാഗം പാലം നാടിന് സമർപ്പിച്ചത് വഴിയും എ.സി.റോഡിനും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയ്ക്കും സമാന്തരമായി ഈ പാത ജനങ്ങൾക്ക് ഉപകാരപ്പെട്ടുകഴിഞ്ഞു...''.

ഒന്നും രണ്ടുമല്ല, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 13 റോഡുകളുടെ നിർമാണോദ്ഘാടനമാണ് കഴിഞ്ഞദിവസം ജി. സുധാകരൻ നടത്തിയത്. ഇത്തരത്തിലെല്ലാം സ്വന്തം മണ്ഡലത്തെ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഒരു ജനപ്രതിനിധിക്ക് അവിടം ഉപേക്ഷിച്ചുപോകാൻ മനസ്സുവരുന്നതെങ്ങനെ? അതുകൊണ്ടുതന്നെയാണ് താൻ കായംകുളത്തേക്ക് ഇല്ലെന്നും മൽസരിക്കുന്നുവെങ്കിൽ അമ്പലപ്പുഴയിൽ തന്നെയായിരിക്കുമെന്നുമുള്ള നിർബന്ധം ഇപ്പോഴേ പ്രഖ്യാപിക്കുന്നത്. ‘ഓടിയോടി തിമർക്കും ഗതാഗത വാഹനവ്യൂഹം / ഭവതി തൻ മേനിയിൽ / മേൽമേൽ ഉരസി ഉരസി രമിക്കവേ' എന്ന് വെൺമണി ശൈലിയിൽ കാലത്തിനുചേരാത്ത കവിതയൊക്കെ എഴുതുമെങ്കിലും കവിയെപ്പോലെയല്ല, സുധാകരനിലെ ജനപ്രതിനിധി; അദ്ദേഹം കാലത്തിനപ്പുറത്തേക്ക് മണ്ഡലത്തെ കൊണ്ടുപോകുന്നയാളാണ്.

കോൺഗ്രസ് മൽസരിക്കുന്ന മണ്ഡലത്തിൽ മുൻ എം.എൽ.എ എ.എ. ഷുക്കൂറിനാണ് സാധ്യത. എന്നാൽ, എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ കണ്ടെത്തൽ മറ്റൊരാളാണ്; ഡി. സുഗതൻ.
ആലപ്പുഴ നഗരസഭയിലെ 20 മുതൽ 44 വരെയുള്ള വാർഡുകൾക്കു പുറമെ അമ്പലപ്പുഴ നോർത്ത്- സൗത്ത്, പുന്നപ്ര നോർത്ത്- സൗത്ത്, പുറക്കാട് പഞ്ചായത്തുകളും മണ്ഡലത്തിലുൾപ്പെടുന്നു. നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണം. ജില്ല, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫിന്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ വിപ്ലവ സമരങ്ങളുടെ ഓർമ ഇന്നും അമ്പലപ്പുഴയെ മൂടിനിൽക്കുന്നു. 1946 ഒക്ടോബർ 22നായിരുന്നു അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളികളുടെ പണിമുടക്ക്. പിന്നീട് ഒരാഴ്ച രക്തരൂക്ഷിത പോരാട്ടം. ആദ്യ ഏറ്റുമുട്ടൽ ഒക്ടോബർ 24ന് പുന്നപ്രയിലായിരുന്നു. പൊലീസ് ക്യാമ്പിനെ ലക്ഷ്യംവെച്ച് ആയിരങ്ങളാണ് ചെങ്കൊടിയും വാരിക്കുന്തങ്ങളുമായി മാർച്ചു ചെയ്തത്. 'പുന്നപ്ര പോലീസ് ക്യാമ്പിനു നേരെയാണ് നമ്മൾ നീങ്ങുന്നത്. ക്യാപ്റ്റൻ മൂന്നു തവണ വിസിൽ അടിക്കും. മൂന്നാമത്തെ വിസിൽ കേൾക്കുമ്പോൾ എല്ലാവരും കമിഴ്ന്നുകിടന്ന് മുന്നോട്ട് നീങ്ങി ജനദ്രോഹികളായ പൊലീസ് സേനയെ കുന്തംകൊണ്ട് നേരിടണം'' എന്നായിരുന്നു സമരസഖാക്കൾക്ക് ലഭിച്ച നിർദേശം. ആ ഏറ്റുമുട്ടലിൽ 29 പേരാണ് മരിച്ചത്. ഇൻസ്പെക്ടർ വേലായുധൻ നാടാരും എട്ടു പൊലീസുകാരും സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. ദിവാൻ ഭരണത്തിനും രാജവാഴ്ചക്കും തൊഴിലവകാശങ്ങൾക്കും വേണ്ടി നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടം അമ്പലപ്പുഴയിലെ ജനവിധിയുടെ അടിയൊഴുക്കായി സദാ നിലകൊള്ളുന്നു.

016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

അമ്പലപ്പുഴയിൽ വീടുള്ള വി.എസ്. അച്യുതാനന്ദന്റെ പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള വരവ് അമ്പലപ്പുഴയിലൂടെയായിരുന്നു, 1965ൽ. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ വി.എസ് 2327 വോട്ടിന് കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് തോറ്റു. 1967ൽ കോൺഗ്രസിലെ എ. അച്യുതനെ 9515 വോട്ടിന് തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. പുന്നപ്ര- വയലാർ സമരത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന ചന്ദ്രാനന്ദൻ 1980ൽ ആറാമത് നിയമസഭയിലേക്ക് അമ്പലപ്പുഴയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം ഒളിവുജീവിതം നയിച്ചവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 1982ൽ വി. ദിനകരൻ ചന്ദ്രാനന്ദനെയും 1987ൽ ജി. സുധാകരനെയും തോൽപ്പിച്ചു. 1991ൽ സി.കെ. സദാശിവനും 1996ൽ സുശീല ഗോപാലനുമാണ് ജയിച്ചത്. 2006 മുതൽ 2016 വരെ ജി. സുധാകരൻ.

സി.പി.എമ്മിലെ വിഭാഗീയത ഏറിയും കുറഞ്ഞും നിലനിൽക്കുന്നതാണ് എൽ.ഡി.എഫിന്റെ പ്രതിസന്ധി. ഈയിടെ മുട്ടേൽ പാലം ഉദ്ഘാടനം സംബന്ധിച്ച് സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റർ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും അഭിവാദ്യമർപ്പിക്കുന്ന പോസ്റ്ററിൽ സ്ഥലം എം.എൽ.എ യു. പ്രതിഭയുടെ ചിത്രമുണ്ടായിരുന്നില്ല. ഇതേതുടർന്ന് പ്രതിഭയെ പിന്തുണക്കുന്നവർ പ്രതിഷേധിച്ചപ്പോൾ പഴയ പോസ്റ്റർ പിൻവലിച്ച് പ്രതിഭയെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് ഇത്തരം തർക്കങ്ങൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ ഗവ. സ്‌കൂളിലെ ബൂത്തിൽ വി.എസ്. അച്യുതാനന്ദൻ വോട്ട് ചെയ്യുന്നത് സ്ഥാനാർഥി കൂടിയായ ജി. സുധാകരൻ എത്തിനോക്കുന്ന ദൃശ്യം വിവാദമായിരുന്നു. സുധാകരന്റെ പ്രചാരണത്തിന് ആദ്യഘട്ടത്തിൽ വി.എസ് വന്നിരുന്നില്ല. പാർട്ടി നേതൃത്വത്തിന്റെ സമ്മർദത്തിനുവഴങ്ങി അവസാനഘട്ടത്തിലാണ് വി.എസ് എത്തിയത്.


Comments