truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 23 April 2021

truecoppy
Truecopy Logo
Readers are Thinkers

Friday, 23 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Ambani Adani 4

Farmers' Protest

അംബാനിയെയും അദാനിയെയും
എന്തുകൊണ്ട് കര്‍ഷകര്‍
ബഹിഷ്‌കരിക്കുന്നു?

അംബാനിയെയും അദാനിയെയും എന്തുകൊണ്ട് കര്‍ഷകര്‍ ബഹിഷ്‌കരിക്കുന്നു?

സര്‍ക്കാരിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ പിടിപാടുള്ള, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും കോര്‍പ്പറേറ്റുകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കര്‍ഷകരുടെ വിജയം എളുപ്പമായിരിക്കുകയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലും, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും അതിന്റെ മര്‍മ സ്ഥാനത്തുതന്നെ ആക്രമിക്കാനും തീരുമാനിച്ചതിലൂടെ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വലിയ ദിശാബോധമാണ് ഇന്ത്യന്‍ കര്‍ഷകര്‍ നല്‍കിയിരിക്കുന്നത്

12 Dec 2020, 05:26 PM

കെ. സഹദേവന്‍

കര്‍ഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കര്‍ഷക സംഘടനകളുമായി കൂടിയാലോചിക്കാതെ നടപ്പാക്കിയ നിയമ ഭേദഗതികളില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ചര്‍ച്ച കൊണ്ട് കൂടുതലൊന്നും നേടാനില്ലെന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങുകയാണ്.

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ഡല്‍ഹിയിലേക്കുളള പ്രധാന പാതകള്‍ ഉപരോധിക്കാനും നിശ്ചയിച്ചതോടൊപ്പം മര്‍മ പ്രധാനമായ മറ്റൊരു സമരാഹ്വാനവും കര്‍ഷക സംഘടനകള്‍ കൂട്ടായി നടത്തിയിരിക്കുന്നു- ഇന്ത്യയിലെ രണ്ട് പ്രധാന വ്യവസായ ഗ്രൂപ്പുകളായ അംബാനി- അദാനി ദ്വയങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കും. റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നിറയ്ക്കരുതെന്നും, അവരുടെ ഇന്റര്‍നെറ്റ് - മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കരുതെന്നും അദാനി- അംബാനി മാളുകള്‍, കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിക്കരുതെന്നും ആഹ്വാനം ചെയ്യുന്നതോടൊപ്പം രണ്ട് കോര്‍പ്പറേറ്റുകളുടെയും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണസംഘടിപ്പിക്കുവാനും അവര്‍ നിശ്ചയിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ബഹിഷ്‌കരണാഹ്വാനത്തിന് വിപുല അര്‍ത്ഥതലങ്ങളുണ്ട്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ഷക സംഘടനകളുടെ ഈ ബഹിഷ്‌കരണാഹ്വാനത്തെ പിന്തുണയ്ക്കാന്‍ എത്രകണ്ട് സാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.

എന്തുകൊണ്ട് അംബാനി-അദാനി?

ബി.ജെ.പിയുടെ അധികാര പ്രവേശനത്തെയും തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പ് വിജയത്തെയും സൂക്ഷ്മമായി വിലയിരുത്തുന്ന ആര്‍ക്കും ഇതിന് ഉത്തരം എളുപ്പം കണ്ടെത്താം. 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര അദാനിയെന്ന വ്യവസായിയുടെ സ്വകാര്യ വിമാനത്തിലായിരുന്നു എന്നത് പരസ്യമായ സംഗതിയാണ്. തുടര്‍ന്നുള്ള ആറ് വര്‍ഷക്കാലത്തിനകത്ത് ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ അദാനി- അംബാനി ദ്വയങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നില്‍ വഹിച്ച പങ്ക് ചില്ലറയല്ല.

ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ നല്‍കുന്നതിനിടയില്‍ ഒരു രാജ്യത്തെയും പ്രധാനമന്ത്രി ചെയ്യാത്ത കാര്യം കൂടി നരേന്ദ്രമോദി ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ‘പോസ്റ്റര്‍ ബോയ്' എന്ന നിലയിലേക്ക് സ്വയം തരംതാഴ്ത്തുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറത്തേക്ക് ആരാണ് രാഷ്ട്രീയക്കാരന്‍, ആരാണ് വ്യവസായി എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയുന്നത് ഇന്ത്യന്‍ ജനത ഈ കാലയളവില്‍ നോക്കിക്കാണുകയായിരുന്നു. 

രാജ്യത്തിന് മൈനസ് വളര്‍ച്ച, കുത്തകകള്‍ക്ക് ഭീമമായ വളര്‍ച്ച

80കളുടെ അവസാനം വരെ അഹമ്മദാബാദ് നഗരത്തില്‍ ബജാജ് സ്‌കൂട്ടര്‍ ഓടിച്ചു നടന്ന ഗൗതം അദാനിയെന്ന ഒരു ചെറുകിട വ്യവസായി, ഇന്ത്യയിലെ ഏറ്റവും ശക്തനായ ബിസിനസ് ഗ്രൂപ്പിന്റെ ഉടമയായി മാറുന്നത് വളരെ ചെറിയ കാലയളവുകൊണ്ടാണ്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ സഹായത്തോടെ തന്റെ വ്യവസായം വിപുലമാക്കിയ ഗൗതം അദാനിക്ക് 2013ല്‍ ഇന്ത്യയൊട്ടാകെയായി ഉണ്ടായിരുന്നത് 44 പദ്ധതികള്‍ മാത്രമായിരുന്നു. എന്നാല്‍ 2018 ആകുമ്പോഴേക്കും അത് 99 ആയി ഉയര്‍ന്നു.

കല്‍ക്കരി, ഷിപ്പിംഗ്, എയര്‍പോര്‍ട്ട്, വൈദ്യുതി-ഗ്യാസ് വിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലേക്ക്, ഉറ്റ ചങ്ങാതിമാരായ നരേന്ദ്ര മോദി-അമിത് ഷ ദ്വയങ്ങളുടെ ആശീര്‍വ്വാദത്തോടെ, ബിസിനസ് സാമ്രാജ്യം വിപുലമാക്കാന്‍ അദാനിക്ക് സാധിച്ചു. ഇന്ത്യയിലെ വിവിധ തുറമുഖ, വിമാനത്താവള പദ്ധതികള്‍ ഏറ്റവും എളുപ്പത്തില്‍ കൈവശപ്പെടുത്താന്‍ അദാനിക്ക് സാധിച്ചു. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മേല്‍സൂചിപ്പിച്ച രണ്ട് വ്യവസായ പ്രമുഖരുടെയും സമ്പത്തിന്റെ വളര്‍ച്ച അതിഭീമമായ തോതിലാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ -23%ത്തിലേക്ക് താഴ്ന്ന അവസ്ഥ ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പ്പാദനം രണ്ടാം പാദത്തിലും -7.5% ആയി തുടരുകയാണ്. 

എന്നാല്‍ രാജ്യം അതിഗുരുതരമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ്. രാജ്യം ലോക്ക്ഡൗണ്‍ ദുരിതങ്ങളിലൂടെ കടന്നുപോയ 2020 ജൂണ്‍ തൊട്ടുള്ള കാലയളവില്‍ അദാനിയുടെ സമ്പത്തില്‍ 3.5 മടങ്ങും, അംബാനിയുടെ സമ്പത്തില്‍ 1.3 മടങ്ങുമാണ് വര്‍ദ്ധനവ്. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട 2014 മുതല്‍ ഇതുവരെ അദാനി-അംബാനിമാരുടെ സമ്പത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. സര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ സ്വാധീനം ചെലുത്തി തങ്ങളുടെ ബിസിനസ് താല്‍പര്യം സംരക്ഷിക്കുവാന്‍ ഇരു വ്യവസായ ഭീമന്മാര്‍ക്കും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ബന്ധത്തിലൂടെ സാധിക്കുന്നുവെന്നത് വസ്തുതയാണ്.

പ്രമുഖ പത്രപ്രവര്‍ത്തകനും ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി പത്രാധിപരും ആയിരുന്ന പരഞ്‌ജോയ് ഗുഹാ ഠാകുര്‍ദ, നരേന്ദ്ര മോദി ഭരണത്തില്‍ അദാനി ഗ്രൂപ്പിന് നല്‍കിയ നികുതിയിളവുകള്‍ തൊട്ട്, ഇക്കാലയളവിലെ അദാനി ഗ്രൂപ്പിന്റെ അമിത വളര്‍ച്ച വരെയുള്ള കാര്യങ്ങള്‍ സ്ഥിതിവിവര കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രാധിപ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത് ഓര്‍മിക്കുന്നത് നന്നായിരിക്കും. 

കുത്തകകളുടെ നയം, സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം

കാര്‍ഷിക മേഖലയില്‍ വന്‍ പരിവര്‍ത്തനം ഉദ്ദേശിച്ചുകൊണ്ടുള്ള നിയമ ഭേദഗതികള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന അതേ കാലയളവില്‍ തങ്ങളുടെ വ്യവസായ സാമ്രാജ്യം കാര്‍ഷിക മേഖലയില്‍ വിപുലമാക്കാനുള്ള നടപടി അദാനി- അബാനി ഗ്രൂപ്പുകള്‍ നടത്തുകയുണ്ടായി. 2007ല്‍ ആരംഭിച്ച, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (Adani Agri Logistics Limited- AALL), വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കമ്പനികളാണ് അടുത്ത കാലങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്.

ഭക്ഷ്യ ധാന്യ സംഭരണത്തിനും വിതരണത്തിനും രാജ്യത്താകമാനം വന്‍തോതില്‍ സംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം നേരത്തെ ഈ കമ്പനികള്‍ ആരംഭിച്ചിരുന്നു. അവശ്യ സാധന നിയമം (എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്) ഭേദഗതി ചെയ്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനം നേരത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വ്യവസായ വിപുലീകരണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്. 1999ല്‍ സംയുക്ത സംരംഭം എന്ന നിലയില്‍ ആരംഭിച്ച അദാനി വില്‍മാര്‍ ലിമിറ്റഡ് (Adani Wilmar Limited) കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചത് 2015നുശേഷമായിരുന്നു. ഇന്ത്യയിലെമ്പാടും 40ഓളം യൂനിറ്റുകള്‍ അദാനി വില്‍മാറിന്റേതായി ഇന്നുണ്ട്. ഇതിന്റെ പ്രതിദിന സംസ്‌കരണ ശേഷി 16000 ടണ്ണോളം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള പശ്ചാത്തല സൗകര്യ നിര്‍മ്മാണം അദാനി ആഗ്രോലോജിസ്റ്റിക്‌സിന്റെയും അദാനി വില്‍മാറിന്റെയും ഉടമസ്ഥതയില്‍ നടന്നുവരുന്നുണ്ട്.  ഹരിയാനയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി ആധുനിക സംഭരണ കേന്ദ്രങ്ങള്‍ (Silos) നിര്‍മിക്കുവാനുള്ള കരാര്‍ നേടിയെടുക്കാനും അതിന് ഭൂവിനിയോഗ നിയമം മറികടന്ന് അനുമതി നേടിയെടുക്കാനും അദാനിക്ക് സാധിച്ചു.  ബി.ജെ.പി സര്‍ക്കാരിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയില്‍ വരുത്താനിരിക്കുന്ന നയപരിഷ്‌കരങ്ങള്‍ ലക്ഷ്യമിട്ട് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ലൈവ്മിന്റ് 2015ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ സര്‍വശക്തരായ രണ്ട് വ്യക്തികളുമായുള്ള അടുത്ത സൗഹൃദം തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയുക്തമാക്കാന്‍ കഴിഞ്ഞ മറ്റൊരു വ്യവസായ ഭീമനാണ് അംബാനി. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍സ്ട്രീസ് ലിമിറ്റഡിന്റെ ആറ് വര്‍ഷത്തെ സമ്പത്തിലെ വര്‍ദ്ധനവ് ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യമാകും. 2014ല്‍ 1,986 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2020 ആകുമ്പോഴേക്കും 3757 കോടിയായി വര്‍ദ്ധിച്ചതിന് പിന്നില്‍ പെട്രോളിയം, ഗ്യാസ്, വാര്‍ത്താവിനിമയം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ നയവ്യതിയാനങ്ങള്‍ക്ക് കൂടി പങ്കുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വന്ന റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കടലാസ് കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ പ്രതിരോധ ഇടപാടില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതടക്കം അംബാനി കുടുംബത്തോടുള്ള ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ കൂറ് വ്യക്തമാക്കുന്നതാണ്. 

ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണി ലക്ഷ്യമിട്ട് 2006ല്‍ ആരംഭിച്ച റിലയന്‍സ് റീട്ടെയ്ല്‍ അതിന്റെ സബ്‌സിഡിയറിയായ റിലയന്‍സ് ഫ്രഷ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം ചെയ്യാന്‍ ആരംഭിച്ച ഒന്നായിരുന്നു. ഇന്ത്യയിലെമ്പാടും 625ഓളം റിലയന്‍സ് ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 500 ടണ്ണിലധികം പഴം-പച്ചക്കറി സാധനങ്ങളാണ് പ്രതിദിനം ഈ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നത്. ഈ മേഖലയില്‍ വിപുലമായ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സ്വകാര്യ വിപണിയെ ഇപ്പോള്‍ത്തന്നെ ആശ്രയിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക്  റിലയന്‍സ് ഫ്രഷ് നല്‍കുന്ന വിലയെന്താണെന്നും അതേ ഉല്‍പന്നം റിലയന്‍സ് മാളുകളില്‍ വില്‍ക്കുന്നത് എത്ര ഇരട്ടി വിലകൂട്ടിയാണെന്നും വെറുതെയൊന്ന് അന്വേഷിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കും.

കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതോടെ കരാര്‍ കൃഷി, വിപണി എന്നിവ ലക്ഷ്യമിട്ട് തങ്ങളുടെ മൊബൈല്‍ നെറ്റ്‌വര്‍ക് സംവിധാനത്തിലൂടെ വിശാലമായ വിപണി പിടിച്ചടക്കാമെന്ന് അംബാനി സ്വപ്നം കാണുന്നുണ്ട്. 2020 ഏപ്രിലില്‍ തന്നെ തന്റെ പദ്ധതികളെക്കുറിച്ച് അംബാനി വിശദീകരിക്കുന്നു. (2020 ജൂണ്‍ 5നാണ് കാര്‍ഷിക നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭയുടെ മേശപ്പുറത്ത് എത്തുന്നതെന്ന് ഓര്‍ക്കുക) ജിയോ മാര്‍ട്ട് എന്ന നെറ്റ്‌വര്‍ക് സംവിധാനത്തിലൂടെ 12 കോടി കര്‍ഷകരെയും 6 കോടി ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും 3 കോടി ചെറുകിട വ്യാപാരികളെയും ലക്ഷ്യമിട്ട് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതേ വിപണി ലക്ഷ്യമിട്ട് ജിയോ മാര്‍ട്ടിന്റെ പുതിയ സംരംഭത്തില്‍ 43000 കോടിയിലധികം രൂപ നിക്ഷേപിക്കാന്‍ ഏപ്രിലില്‍ തന്നെ ഫേസ്ബുക് ഉടമ സുക്കര്‍ബെര്‍ഗും തയ്യാറായതും നാം കണ്ടു.

ചങ്ങാത്ത മുതലാളിത്തത്തിനുമേല്‍ കര്‍ഷക പ്രഹരം 

കാര്‍ഷിക മേഖലയിലെ നിയമ ഭേദഗതികള്‍ക്ക് പിന്നില്‍ ഇന്ത്യയിലെ ഏതാനും വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ കരങ്ങളാണെന്നും അതില്‍ സുപ്രധാന ശക്തികളായി ഇന്ന് നിലകൊള്ളുന്നത് അദാനി-അംബാനി ഗ്രൂപ്പുകളാണെന്നും തിരിച്ചറിയാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നുവെന്നതാണ് ഈ ബഹിഷ്‌കരണ പ്രഖ്യാപനത്തിലൂടെ മനസ്സിലാകുന്നത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൊന്നും കാണാത്ത വിധത്തിലുള്ള കര്‍ഷക രോഷം പുതിയ നിയമനിര്‍മ്മാണത്തിനെതിരായി ഉയര്‍ന്നു കഴിഞ്ഞിട്ടും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അകാലിദള്‍ സംഖ്യം ഉപേക്ഷിച്ചിട്ടും ജെ.ജെ.പിയെപ്പോലുള്ള പാര്‍ട്ടികള്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും  നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിന് പിന്നില്‍  കാര്‍ഷിക മേഖലയിലെ വരാനിരിക്കുന്ന പരിഷ്‌കരണങ്ങള്‍ ലക്ഷ്യമിട്ട് അംബാനി- അദാനിമാരുടെ വന്‍നിക്ഷേപങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നതുതന്നെയാണ്.

അതുകൊണ്ടുതന്നെ, അഴിമതി കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കുകയും, നിരന്തര ചൂഷണത്തിന് കര്‍ഷകരെയും ജനങ്ങളെയും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നിലെറിഞ്ഞുകൊടുക്കുകയും ചെയ്യുന്ന തരത്തില്‍ നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെ നേരിട്ട് ആക്രമിക്കുന്ന സമരമുറയ്ക്കാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറെ പിടിപാടുള്ള, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും കോര്‍പ്പറേറ്റുകള്‍ക്കെതിരായ ഈ പ്രക്ഷോഭത്തില്‍ കര്‍ഷകരുടെ വിജയം എളുപ്പമായിരിക്കുകയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

എന്നാലും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും അതിന്റെ മര്‍മ സ്ഥാനത്തുതന്നെ ആക്രമിക്കാനും തീരുമാനിച്ചതിലൂടെ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വലയ ദിശാബോധമാണ് ഇന്ത്യന്‍ കര്‍ഷകര്‍ നല്‍കിയിരിക്കുന്നത്.

  • Tags
  • #Farmers' Protest
  • #Farm Bills
  • #Mukesh Ambani
  • #Gautam Adani
  • #K. Sahadevan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Bee Tee Puthiyedam

16 Dec 2020, 05:59 AM

മോഡി ഇന്ത്യ മഹാരാജ്യം ഭരിക്കുന്നത്‌ അടുത്ത സുഹൃത്തുക്കളായ പത്തോളം കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നുള്ളതു പരസ്യമായ രഹസ്യം മാത്രം.. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷത്തിനെയും പത്ര മാധ്യമങ്ങളെയും ഇവർ വിലക്കെടുത്തിരിക്കുന്നു. അത്ര പെട്ടെന്ന് വിജയിക്കാൻ കർഷകർക്ക് സാധിക്കുമെന്ന് പ്രതീക്ഷയില്ല...

Mohanan Pk,

12 Dec 2020, 10:20 PM

ഇൻഡ്യയിലെ ഏതു നേതാക്കളേയും വിലക്കു വാങ്ങാമെന്നിരിക്കെ , കർഷകനേ താക്കളിലെ ഈ ഐക്യം എത്ര കാലം പ്രതീക്ഷിക്കാം ?

Cuban fArming 2

Podcast

കെ. സഹദേവന്‍

നമുക്കിനി കൃഷി ചെയ്‌തേ പറ്റൂ, മാതൃക ക്യൂബയിലുണ്ട്‌

Mar 18, 2021

17 Minutes Listening

farmers protest

Farmers' Protest

ഡോ. സ്മിത പി. കുമാര്‍

നൂറു ദിനങ്ങൾ​ കൊണ്ട്​ കർഷകർ രാജ്യത്തെ പഠിപ്പിച്ചത്​

Mar 05, 2021

4 Minutes Read

disha ravi

Opinion

പ്രമോദ് പുഴങ്കര

ദിശ രവിയുടെ ജാമ്യം: സമരം ചെയ്​ത്​ വാങ്ങേണ്ട നീതി

Feb 26, 2021

10 Minutes Read

Disha Ravi

GRAFFITI

ശ്രീജിത്ത് ദിവാകരന്‍

ഇതാണ് ദിശ രവി, ഇതാണ് ദിശ രവി ചെയ്ത തെറ്റ്

Feb 15, 2021

2 Minutes Read

2

Truecopy Webzine

Truecopy Webzine

ആ നൂറു സീറ്റുകള്‍ നഷ്ടപ്പെട്ടാലും കര്‍ഷകരെ അനുകൂലിക്കേണ്ടെന്നത് ബി.ജെ.പി നയം

Feb 08, 2021

1 minute read

nirmala seetharaman

Union Budget 2021

കെ. സഹദേവന്‍

ബജറ്റിലും കര്‍ഷകരോട് യുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Feb 01, 2021

7 Minutes Read

Sasi Tharoor Vinod K Jose Rajdeep Sardesai 2

Opinion

പ്രമോദ് പുഴങ്കര

ശശി തരൂരും രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും രാജ്യദ്രോഹികളോ?

Jan 30, 2021

8 Minutes Read

k sahadevan

Farmers' Protest

കെ. സഹദേവന്‍

കര്‍ഷക സമരത്തിന്റെ ദിശ ഇനി എവിടേക്ക്​?

Jan 27, 2021

15 Minutes Watch

Next Article

മനുഷ്യത്തീനികളുടെ വീട്: കുട്ടികള്‍ക്കൊരു കഥ ​​​​​​​

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster