truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
John P. Varkey

Memoir

ജോൺ പി. വർക്കി. ചിത്രം. എ.ജെ. ജോജി

നിലച്ച ഗിത്താർ - 
ജോൺ പി. വർക്കിയുടെ
ഓർമ്മ

നിലച്ച ഗിത്താർ -  ജോൺ പി. വർക്കിയുടെ ഓർമ്മ

കമ്മട്ടിപ്പാടം കാലത്ത് ഞങ്ങൾ - ഞാനും അവനും - ആഴ്ചകളോളം ഒന്നിച്ചു പാർത്ത് 'പറ പറ'യെന്ന ഹിറ്റ് ഗാനമുണ്ടാക്കിയെങ്കിലും, 'പുഴുപുലിക'ളുടെ  പ്രോഗ്രാമിങ്ങിലും പടത്തിന്റെ പശ്ചാത്തല സംഗീതത്തിലും സജീവമായി മുഴുകിയെങ്കിലും വ്യത്യസ്തമായ ബാന്റ് എന്ന സ്വപ്നം അവന്റെ ഉള്ളിൽ തകർന്ന് ചിതറിക്കിടക്കുന്നത് എനിക്ക് കാണാമായിരുന്നു. കമ്മട്ടിപ്പാടം റിലീസ് ചെയ്ത ദിവസം ഒന്നിച്ച് പടം കാണാനിരുന്നു. ഷോ കഴിഞ്ഞിറങ്ങിയ ആൾക്കൂട്ടത്തിൽ ജോൺ മറഞ്ഞു. റോക്ക് ഗിറ്റാറിസ്റ്റ് ജോൺ പി. വർക്കിയെ അന്‍വര്‍ അലി ഓര്‍മ്മിക്കുന്നു.

5 Feb 2023, 11:06 AM

അന്‍വര്‍ അലി

രണ്ടു കമ്പികളിൽ തൊട്ടുനോക്കി,
ഈണത്തിൽ നിന്ന്
എത്രത്തോളം തെറിച്ചകലാൻ രണ്ടു ജന്മങ്ങൾക്കാവും എന്നറിയാൻ.

പിന്നെ അതുപേക്ഷിച്ചു
അതിനു മേൽ രാത്രി വലിച്ചിട്ടു, ജോ
ഞാനതു മീട്ടിയാൽ നിന്റെ ഇടമുറിയാസ്വരമോ കടലോ ഇരമ്പുമെന്ന
പേടി കൊണ്ട്.

(വെൽഷ് കവി പോൾ ഹെൻട്രിയുടെ കറുത്ത ഗിത്താർ എന്ന കവിതയിൽ നിന്ന്)

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഒരു ബൈക്കിൽ ഒഴുകിയാണ് ജോൺ എന്നെക്കാണാൻ ആദ്യം വന്നത്. തിരുവനന്തപുരം വിമൻസ് കോളേജിനു മുന്നിലെ മാഗ്നറ്റ് ഹോട്ടലിൽ ചങ്ങാതിയായ സൗമ്യയ്ക്കൊപ്പം ചായ കുടിച്ചിരിക്കുകയായിരുന്നു ഞാൻ. ഒരു ബൈക്കിരമ്പം മാഗ്നെറ്റിന്റെ കുടുസ്സു പൂമുഖത്തു വന്നുനിന്നതും അതിൽ നിന്ന് നീണ്ട ചുരുൾമുടിയും കല്ലുമാലയും നിറചിരിയുമായി ആ കൃഷ്ണവർണ്ണസുന്ദരരൂപൻ ഇറങ്ങി ഞങ്ങളുടെ നേർക്ക് നടന്നുവരുന്നതും ഇന്നലെപ്പോലെ.... 

മുപ്പതു കൊല്ലത്തോളം മുമ്പാണ്. റോക്ക് ഗിറ്റാറിസ്റ്റും സ്കൂൾകാലം തൊട്ടേ തന്റെ സുഹൃത്തും ആയ ജോൺ പി. വർക്കിയെപ്പറ്റി സൗമ്യ, എപ്പോഴും പറയും. ബാംഗ്ളൂരിലെ വലിയ ഹോട്ടലുകളിൽ ഗിറ്റാർ മീട്ടിയ ശേഷം, രായ്ക്കുരാമാനം ബൈക്കോടിച്ച് തൃശൂരേക്കും തിരുവനന്തപുരത്തേക്കും ഒഴുകിയെത്തുന്ന ജോൺ, പാട്ടു കേട്ടിരിക്കാനായി കാസറ്റുകടകളിൽ ജോലിക്കു നിൽക്കുന്ന ജോൺ, ഒരിടത്തും ഇരിപ്പുറയ്ക്കാതെ ബാന്റുകളിൽ നിന്ന് ബാന്റുകളിലേക്ക് പറന്നു നടക്കുന്ന ജോൺ.... സൗമ്യ പറഞ്ഞുപറഞ്ഞ്, ആദ്യമായി കാണുമ്പോൾ തന്നെ ജോൺ എനിക്ക് ഒരു മിത്തായിരുന്നു. ഗിത്താർവീചിയായി ഒറ്റയ്ക്കലയുന്നൊരു മിത്ത്. 

ALSO READ

ദേശീയ അവാര്‍ഡിനായി തന്നോട് തന്നെ മത്സരിച്ച വാണി ജയറാം

പിന്നെ നീണ്ട നാൾ  ജോണിനെക്കുറിച്ച് കേൾവികൾ മാത്രം; സൗമ്യ പറഞ്ഞും മറ്റു ചില സംഗീതപ്രേമികൾ പറഞ്ഞും. ജോണും കൂട്ടരും ചേർന്ന് മലയാളം റോക്ക് ചരിത്രത്തിലെ നാഴികക്കല്ലായ അവിയൽ ബാന്റിന് രൂപംകൊടുക്കുകയും നാട്ടുമൊഴിത്താളത്തെ റോക്കിലേക്കാവാഹിക്കുകയും ചെയ്ത നാളുകളിൽ ഞങ്ങൾ വേറെ വേറെ തിണകളിലായിരുന്നു. ഞാൻ ദില്ലി താണ്ടി, പാലക്കാടു താണ്ടി, സർക്കാർ ജീവനക്കാരനും കുടുംബസ്ഥനുമായി തൃശൂരിൽ നങ്കൂരമിട്ട കാലത്ത് കേട്ടു, വൻകര താണ്ടിയുള്ള തന്റെ അലച്ചിലുകൾക്കു ശേഷം ജോണും ഇതേ പട്ടണത്തിലുണ്ടെന്ന്. എന്നിട്ടും കണ്ടില്ല. ജോണിലെ മെരുങ്ങാത്ത ഏകാകിയെപ്പറ്റി, വല്ലപ്പൊഴും പൊട്ടിത്തെറിക്കുന്ന അയാളിലെ വന്യഗിത്താറിനെപ്പറ്റി, വിദേശവാസത്തിന്റെ ബാക്കിപത്രമായി കിട്ടിയ ചില മുറിവുകളെ പറ്റി ഒക്കെ തൃശൂരിലെ പൊതുസുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. സൗമ്യയും ഇടയ്ക്കിടെ ഫോണിൽ അവനെപ്രതി വേദനിച്ചു. ഒടുവിൽ, 2014 ലായിരിക്കണം ഒരു നാൾ തൃശൂരിലെ പതിവു സമരമുഖങ്ങളിലൊന്നിലേക്ക് ജോൺ ഗിത്താറുമായി വന്നു. പണ്ടു കണ്ട നിറമുടിയും ചിരിയുമില്ല. മുതിർന്ന ഉറച്ച ഒരു ക്ലീൻ ഷേവ് മുഖം. ആരോ ഔപചാരികമായി പരിചയപ്പെടുത്തി. ആദ്യം തമ്മിലറിഞ്ഞില്ല. അറിഞ്ഞ നിമിഷം മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ പഴയ ആ കൗമാരം മുന്നിൽ ഒഴുകിയിറങ്ങി. ജോൺ പാടി, മീട്ടി, അന്ന് പാതിരാവോളം.

manushyasangamam
എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലെ മനുഷ്യസംഗമ വേദിയിൽ - 2015 (ചിത്രം. എ.ജെ. ജോജി)

ജിഗ്സോ പസിൽ എന്ന ബാനറിൽ

തൊണ്ണൂറുകളൊടുവിൽ തന്നെ മലയാളം റോക്ക് പരീക്ഷിച്ച അവാൻഗാദ് ആണ് ജോൺ പി. വർക്കി. "നട നട'യും "തീക്കനൽ വാരിയെറിഞ്ഞേ'യുമെല്ലാം പിന്നീട് അവിയൽ ബാന്റിലൂടെയാണ് പ്രശസ്തമായതെങ്കിലും ജോൺ തന്റെ ജന്മഗ്രാമത്തിലെ പാട്ടെഴുത്തുകാരായ പി. ബി. ഗിരീഷിനെയും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെയും കൂട്ടുപിടിച്ച് ഒറ്റയ്ക്ക് നടന്നുകയറിയ റോക്ക് പടവുകളായിരുന്നു, ബി. എം. ജി. ക്രെസെന്റോയുടെ ലേബലിൽ ഇറങ്ങിയ ജിഗ്സോ പസിൽ ആൽബങ്ങൾ. അവയാണ് കേരളീയ റോക്ക് സംഗീതചരിത്രത്തിലെ നാടത്തത്തിന്റെ ആദ്യനാഴികക്കല്ലുകൾ.

2014 മുതലാണ് ഞങ്ങളുടെ ഒന്നിച്ചുനടപ്പുകൾ തുടങ്ങുന്നത്. ജിഗ്സോ പസിൽ - അവിയൽ കാലത്തെ നാട്ടു മലയാളം റോക്കിന്റെ യൗവ്വനതീക്ഷ്ണമായ സംഘനാദത്തിൽ നിന്ന് നർമ്മവും നിർമ്മമതയും ഏകാന്തതയും മുഴങ്ങുന്ന റോക്കിലേക്കും ബ്ലൂസിലേക്കും ജോണിന്റെ വരികളും ഈണവും ശബ്ദവും ചേക്കേറിയ കാലം. ശാരീരികവും മാനസികവുമായ നിരവധി അസ്വസ്ഥതകളിൽ നിന്ന് തന്നിലെ ഗിത്താറിസ്റ്റിനെയും കമ്പോസറെയും ഗായകനെയും വീണ്ടെടുക്കാൻ ജോൺ സ്ഥിതപ്രജ്ഞനായി പോരാടുന്ന നാളുകളാണത്. ഞങ്ങൾ തൃശൂർ പട്ടണത്തിന്റെ ചില ഒഴിഞ്ഞിടങ്ങളിൽ ഒന്നിച്ചിരുന്നു - ജോണും ഞാനും നിത്യസംഗീതപ്രണയിയായ മുസ്തഫ ദേശമംഗലവും. കുറച്ചു മിണ്ടിയും കുറച്ചു പുകഞ്ഞും വെളുക്കോളം പാടിയും... "ഓരോരോ ചിന്തകൾ', "മരണം മാത്രം', "ആർത്തിരമ്പും കടൽ കടന്ന്', "ഹൃദയത്തിൻ താളം കേൾക്കുമ്പോൾ', "ഞാറുറച്ചാൽ ചോറുറച്ചു'...

എന്നിങ്ങനെ നീളും അവ. ആ ധ്വാനസ്ഥസോളോകൾ സ്ലോ പെഡ്ലേഴ്സ് ബാന്റിനൊപ്പം മാതൃഭൂമി കപ്പ ചാനലിനായി പിന്നീട് റെക്കോഡ് ചെയ്തത് യൂട്യൂബിലുണ്ട് (https://youtu.be/VKwQ3gQFSzo & https://youtu.be/vNFxmibkTlk). അപാരമാണ് ജോണിന്റെ ഉച്ചസ്ഥായി. "കേൾക്കണേ കേൾക്കണേ കേൾക്കണേ" എന്ന് ജോൺ താരസ്ഥായിയിൽ മുഴങ്ങുന്ന രാത്രികളിൽ ഏകാന്തതയാണ് ഏറ്റവും വലിയ ആൾക്കൂട്ടമെന്നു തോന്നും.

ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻ പദം 

Vorky
ജോൺ പി. വർക്കി. ചിത്രം. എ.ജെ. ജോജി

എന്ന് ഗുരുവിനെ ജോൺ റോക്കിലേക്ക് ആവാഹിക്കുമ്പോൾ 8 -ാമത്തെ ഒക്ടേവിൽ ഗിത്താറും ജോണും ചേർന്ന് ദൈവമേ കാത്തുകൊൾകെന്ന് ആകാശം തൊടും. പൗരസ്ത്യവും വേദാന്തവുമായ ഗുരുശ്ലോകങ്ങൾ പാശ്ചാത്യവും നാടോടിയുമായൊരു പദ്ധതിയിൽ ഇങ്ങനെ ഈണപ്പെടുന്നതെങ്ങനെയെന്ന് ഞങ്ങൾ കണ്ണുതള്ളിയിരിക്കും.

അങ്ങനെയുള്ള ഇരിപ്പുകളിലൊരിക്കൽ വള്ളിക്കാടൻ എന്നു ഞങ്ങൾ വിളിക്കുന്ന ശശിയും ഒപ്പം കൂടി. അന്നായിരിക്കണം, റോക്കും കവിതയും കലരുന്ന ലീവ്സ് ഒഫ് ഗ്രാസ് എന്ന പൊയട്രിബാന്റ് പരീക്ഷണത്തിലേക്ക് ഞങ്ങൾ കടന്നത്. കൊല്ലത്ത് അഷ്ടമുടിത്തീരത്ത് ശശിയുടെ കൂടി ഉത്സാഹത്തിൽ ചിത്രകാരൻ ഷിൻലേയും കൂട്ടരും ആയിടെ ആരംഭിച്ച 8 പോയിന്റ് കഫേയിലായിരുന്നു ഞങ്ങളുടെ ആദ്യ ഷോ. ഗായകൻ സുനിൽ മത്തായിയും സിക്താറിസ്റ്റ് അജീഷും ഒപ്പമുണ്ട്. ഷോയും ജാമിങ്ങുമായി രണ്ടു ദിവസം ഞങ്ങൾ അവിടെ തങ്ങി. റിഹേഴ്സലുൾപ്പെടെ സകലതും മുസ്തഫ ഷൂട്ട് ചെയ്തു. ഉത്സാഹക്കമ്മിറ്റിയായി ശശിക്കൊപ്പം, ഞങ്ങളെ ആദ്യം കൂട്ടിമുട്ടിച്ച പഴയ കൂട്ടുകാരി സൗമ്യയും അവളുടെ മക്കളും എത്തി. സംഗീതത്തോടൊപ്പം പാട്ടു കലർത്താതെ കവിത ചൊല്ലാൻ എനിക്കന്ന് ഏക ധൈര്യം ജോൺ ആയിരുന്നു. നമ്മുടെ തൊണ്ടയിൽ നിന്ന് തെറിക്കുന്ന ഏതു ചെത്തത്തിനു ചുറ്റും ഒരു ഗ്രൂ കൊണ്ട് നാദശിൽപ്പം കൊത്താൻ ജോണിനറിയാം. അവന്റെ  ഗിത്താർത്തണലിൽ ഞാൻ ചൊല്ലി - "കാറ്റ്', "മഴ', "കൊണ്ടോട്ടി എയർ പോർട്ടിൽ നിന്നും...' എല്ലാം വൃത്തമില്ലാക്കവിതകൾ. എന്റെ ഉള്ളിൽ ആധിയോടെ ഒളിച്ചു പാർത്തിരുന്ന അവതരണ കവിത (Performance Poetry)യെ ആ ഒറ്റ രാത്രി കൊണ്ട് ജോൺ വലിച്ചുപുറത്തിടുകയായിരുന്നു.

leaves-of-grass
ലീവ്സ് ഒഫ് ഗ്രാസിന്റെ 8 point cafe യിലെ ആദ്യ ഷോ (2014) ചിത്രം. എ.ജെ. ജോജി

അതോടെ, കൂടുതൽ ദിശാബോധത്തോടെ ഞങ്ങൾ ഒന്നിച്ചിരിക്കാൻ തുടങ്ങി. ദില്ലിയിൽ സംഘ പരിവാർ ഗവൺമെന്റ് പണി തുടങ്ങിയ കാലം. കെ.പി.ശശി ഇംഗ്ലീഷിലെഴുതിയ Cow എന്ന രാഷ്ട്രീയോപഹാസ കവിത ഞാൻ ഒരോളത്തിൽ കുത്തിയിരുന്ന് മലയാളപ്പാട്ടാക്കി. "പയ്യുപാട്ടെ'ന്നു പേരുമിട്ടു. എല്ലാവർക്കും ആവേശമായി. ജോൺ ഈണമിട്ട് രശ്മി സതീഷും പ്രഗ്യയും ചേർന്ന് പാടി. അതിന്റെ റെക്കോഡിങ്ങിനു തൊട്ടുമുമ്പ് എറണാകുളത്തെ മനുഷ്യസംഗമത്തിന്റെ വേദിയിൽ ഞങ്ങൾ പയ്യുപാട്ടും കൊണ്ടോട്ടിയും അവതരിപ്പിച്ചത് വലിയ ഓളമുണ്ടാക്കി. ഞങ്ങളുടെ പരീക്ഷണം വിജയിച്ചുതുടങ്ങുന്നു എന്നു തോന്നിച്ച നാളുകളായിരുന്നു, അത്. നാടകവും സംഗീതവും തിരതെറുത്തിരുന്ന പുത്തൻ തോപ്പ് എന്ന കടൽത്തീരഗ്രാമത്തിൽ നടൻ അലൻസിയറിന്റെ താൽപ്പര്യത്തിൽ വലിയ ഒരു ഷോയ്ക്ക് ഞങ്ങൾ മുതിർന്നു. കടപ്പുറത്തെ തുറസ്സിൽ, വമ്പിച്ച ആൾക്കൂട്ടത്തിനു മുന്നിൽ, പോപ് ഗാനങ്ങളും കവിതയും കലർത്തി സാമാന്യം മികച്ച സാങ്കേതിക സജ്ജീകരണങ്ങളോടെ നടത്തിയ ആ ഷോ വിജയിച്ചില്ല. ചെറിയ സദസ്സിനുമുന്നിലെ എക്സ്പിരിമെന്റൽ പൊയട്രി ബാന്റ് എന്ന പരിധിയിലേക്ക് ഒതുങ്ങാനും കൂടുതൽ കവികളെ ഒപ്പം കൂട്ടാനും ഞങ്ങൾ തീരുമാനിച്ചു. അക്കൊല്ലത്തെ ഇറ്റ്ഫോക്കിൽ തൃശൂർ റീജിയണൽ തിയേറ്ററിനു മുന്നിലെ തുറസ്സിൽ, ചെറിയ സദസ്സിനുമുന്നിൽ ജോണിന്റെ മലയാളം റോക്കിനൊപ്പം പി. രാമനും കെ.ആർ.ടോണിയും ഞാനും  കവിത ചൊല്ലി.

ലീവ്സ് ഓഫ് ഗ്രാസിന്റെ ഭാവിയെക്കുറിച്ച് ജോൺ വലിയ സ്വപ്നങ്ങൾ കണ്ടിരുന്നു. അതൊന്നും യാഥാർഥ്യത്തിന്റെ പരുക്കൻ ലോകവുമായി പെട്ടെന്ന് ഒത്തു പോകുന്നവയായിരുന്നില്ല. കേരള ചലച്ചിത്ര അക്കാദമി, നിലമ്പൂരിൽ നടത്തിയ ഒരു ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഞങ്ങൾക്കൊരു വേദി കിട്ടി. കവി ഒ.പി. സുരേഷ് പുതുതായി ഞങ്ങൾക്കൊപ്പം കൂടി. ഞങ്ങൾ പാടുന്നതും ചൊല്ലുന്നതും വിധ്വംസകമായെതെന്തോ ആണെന്ന് ധരിച്ച ചിലരായിരിക്കണം, അന്നാട്ടുകാരിയായ ഒരു പെൺകുട്ടി ജോണിന്റെ ഗിത്താറിനൊപ്പം ഇടശ്ശേരിയുടെ "മുഹമ്മദബ്ദുറഹ്മാൻ' ചൊല്ലിക്കൊണ്ടിരിക്കെ, ഞങ്ങളെ തടഞ്ഞു. ഞങ്ങളുടെ ശബ്ദയന്ത്രങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ജോൺ ഗിത്താർ മാറോട് ചേർത്ത് സ്റ്റേജിനു നടുക്ക് തറയിൽ ഇരുന്നു. ലീവ്സ് ഒഫ് ഗ്രാസ് അവിടെ അവസാനിക്കുകയായിരുന്നു. 2017ലെ ആ ഇരുണ്ട ദിവസത്തെക്കുറിച്ച് കൂടുതലെഴുതുന്നില്ല.

പതിവുപോലെ ജോൺ നീണ്ടകാല മൗനത്തിലേക്കു മടങ്ങി. കമ്മട്ടിപ്പാടം കാലത്ത് ഞങ്ങൾ - ഞാനും അവനും - ആഴ്ചകളോളം ഒന്നിച്ചു പാർത്ത് "പറ പറ'യെന്ന ഹിറ്റ് ഗാനമുണ്ടാക്കിയെങ്കിലും, "പുഴുപുലിക'ളുടെ  പ്രോഗ്രാമിങ്ങിലും പടത്തിന്റെ പശ്ചാത്തല സംഗീതത്തിലും സജീവമായി മുഴുകിയെങ്കിലും വ്യത്യസ്തമായ ബാന്റ് എന്ന സ്വപ്നം അവന്റെ ഉള്ളിൽ തകർന്ന് ചിതറിക്കിടക്കുന്നത് എനിക്ക് കാണാമായിരുന്നു.

കമ്മട്ടിപ്പാടം റിലീസ് ചെയ്ത ദിവസം ഒന്നിച്ച് പടം കാണാനിരുന്നു. ഷോ കഴിഞ്ഞിറങ്ങിയ ആൾക്കൂട്ടത്തിൽ ജോൺ മറഞ്ഞു. ഫോൺ ദീർഘകാലത്തേക്ക് വീണ്ടും ഓഫായി. "പറ പറ' എന്ന റാപ്പിൽ വശ്യരായി ജോണിനെ തേടിയിറങ്ങിയവർക്കൊന്നും ഒരു കൊല്ലത്തോളം അവനെ കിട്ടിയില്ല. ഒരുനാൾ ഞാനും മുസ്തഫയും വീട്ടിലേക്ക് ഇടിച്ചു കയറിച്ചെന്നു. വാതിൽ തുറക്കാതെ ഒരു കാരാഗൃഹത്തിലുള്ളിൽ നിന്നെന്നോണം ജോൺ ചോദിച്ചു: "ആരാ? എന്തു വേണം?'

ഈട സിനിമയിലെ പാട്ടു കഴിഞ്ഞും ജോൺ ഇടഞ്ഞു. ഇത്തവണ എന്റെ ക്ഷമയും പോയി. ഇനി ജോണിനെ തിരക്കി പോവില്ല, ഒന്നിച്ച് പാട്ടുണ്ടാക്കില്ല എന്നൊക്കെ സ്വയം മുരണ്ടു. പക്ഷേ പ്രജ്ഞയുടെ അധോലോകത്തുനിന്ന് തിരിച്ചെത്തിയ പോലെ നിനച്ചിരിക്കാതെ ഒരു ദിനം ജോണിന്റെ ഫോൺ വന്നു :

"അൻവർക്കാ, എന്നോടു ദേഷ്യം ണ്ടോ?'

*****

Remote video URL

ലോക് ഡൗൺ കൊടുമ്പിരിക്കൊണ്ടിരിക്കെ, ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് ഗ്രാമീണർ റെയിൽപ്പാളത്തിലൂടെ കാൽനടയായി മരണത്തിലേക്കു നടന്നുകൊണ്ടിരിക്കെ, ഞങ്ങളൊന്നിച്ച് ഒരു പാട്ടുണ്ടാക്കി - "ചാവുനടപ്പാട്ട്' . ഇത്തവണ ജോൺ ഗായകനും അഭിനേതാവുമായിരുന്നു. ഞാനെഴുതി. യുവസംഗീതകാരൻ ഡോൺ വിൻസെന്റ് ഈണമിട്ടു. ചലച്ചിത്രകാരൻ പ്രേംശങ്കർ ദൃശ്യാവിഷ്കാരം നടത്തി. പാട്ടും ഷൂട്ടും കഴിഞ്ഞ് സന്തതസഹചാരിയായ ഗിത്താർ കടവന്ത്രയിൽ പ്രേം ശങ്കറിന്റെ വീട്ടിൽ മറന്നുവച്ച് ജോൺ മടങ്ങി. നിലവിളി പോലുള്ള പാട്ടായിരുന്നു. ജോണിന്റെ തൊണ്ടയിലും കഴുത്തിലും നീർക്കെട്ടുണ്ടായി. എങ്കിലും പാട്ടിന്റെ ഊർജ്ജം അവനിൽ നിറഞ്ഞിരുന്നു. പക്ഷേ, ചാവുനടപ്പാട്ട് അപ് ലോഡ് ചെയ്ത ദിവസം, ടെലിഗ്രാഫ് പോലുള്ള ദേശീയ പത്രങ്ങളിൽ നിന്ന് ജോണിനെത്തേടി വിളികൾ വന്ന ദിവസം, പതിവു പോലെ അവൻ ഫോൺ ഓഫാക്കി. ഓരോ പാട്ടിനു ശേഷവും അവനിലെ ഓരോ ജോൺ മരണപ്പെട്ടിരുന്നോ? അവൻ എപ്പോഴും പാടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പാട്ട് മരണത്തെക്കുറിച്ചാണ്. പാബ്ളോ നെരൂദയുടെ "മരണം മാത്രം' എന്ന കവിതയുടെ ഗാനാവിഷ്കാരം. കെ.ജി.എസ്സിന്റെ മലയാളഗദ്യപാഠത്തിൽ നിന്ന് ജോൺ തന്റെ മലയാളബ്ലൂസിലേക്ക് ആവാഹിച്ചത് :

"മരണം കാലില്ലാത്തൊരു ചെരിപ്പാണ്.
ഉളളിൽ ആളില്ലാത്തൊരു കോട്ടാണ്.
വിരലില്ലാ മോതിരം കൊണ്ട്
അത് കതകിൽ മുട്ടുന്നു
അത് കതകിൽ മുട്ടുന്നു'

Remote video URL

അന്‍വര്‍ അലി  

കവി, ഗാനരചയിതാവ്
 

  • Tags
  • #Memoir
  • #John P. Varkey
  • #Kammattipaadam
  • #Music
  • #Anwar Ali
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 1_3.jpg

Memoir

വി.എം.ദേവദാസ്

എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

Mar 22, 2023

3 Minutes Read

Thuramukham-Nivin-Pauly

Film Review

മുഹമ്മദ് ജദീര്‍

ചാപ്പ എറിഞ്ഞ് തന്നവരില്‍ നിന്ന് തൊഴില്‍ പിടിച്ചെടുത്ത കഥ; Thuramukham Review

Mar 10, 2023

4 minutes Read

vimala b varma

Music

വിമല ബി. വർമ

മലയാളത്തിലെ ആദ്യ സിനിമാപ്പാട്ടുകാരി

Feb 25, 2023

29 Minutes Watch

Vimala B Varma

Music

സി.എസ്. മീനാക്ഷി

മലയാള സിനിമാപ്പാട്ടിന്റെ 75 വർഷങ്ങൾ, വിമല ബി. വർമയിലൂടെ

Feb 25, 2023

2 Minutes Read

vani jayaram

Music

വിപിന്‍ മോഹന്‍

ഓടിവരാനാവാതേതോ വാടിയിൽ നീ പാടുകയോ...

Feb 06, 2023

3 Minute Read

Vani Jairam

Memoir

സി.എസ്. മീനാക്ഷി

ദേശീയ അവാര്‍ഡിനായി തന്നോട് തന്നെ മത്സരിച്ച വാണി ജയറാം

Feb 04, 2023

6 Minutes Read

indian ocean

ITFOK 2023

മുസ്തഫ ദേശമംഗലം

ഇറ്റ്‌ഫോക്കിലേക്കു വരൂ, ‘ഇന്ത്യൻ ഓഷ്യനെ’ അനുഭവിക്കാം...

Jan 26, 2023

7 Minutes Read

NaatuNaatu.

Music

രശ്മി സതീഷ്

‘നാട്ട്​- നാട്ട്​’: പലതരം മനുഷ്യർ ഒത്തുവന്ന ഒരു മാജിക്ക്​

Jan 11, 2023

3 Minutes Read

Next Article

അമൃത കാലത്തെ ആരോഗ്യ നീക്കിയിരിപ്പുകള്‍, കേന്ദ്ര ബജറ്റ് വിശകലനം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster